Tuesday, June 30, 2020

സ്മരണിക - ഡാൻ പാജിസ് (ഇസ്രയേൽ 1930 - 1986)



എനിക്കു പത്തു വയസ്സുള്ളപ്പോൾ എൻ്റെ ജന്മനഗരം, *ബുക്കോവിനയിലെ ദൊവുത്സ്, എന്നെ പുറത്തേക്കെറിഞ്ഞു. അന്നേ ദിവസം അവളെന്നെ മറന്നു - ഞാൻ മരിച്ചാലെന്ന പോലെ. അവളെ ഞാനും മറന്നു.

നാല്പതു കൊല്ലം കഴിഞ്ഞ് പെട്ടെന്നൊരു ദിവസം അവൾ, എൻ്റെ ജന്മനഗരം, എനിക്കൊരു സ്മരണിക അയച്ചു. രക്തബന്ധമുള്ളതിനാൽ മാത്രം നമ്മെ ഇഷ്ടപ്പെടേണ്ടി വന്ന അസംതൃപ്തയായ ഒരമ്മായിയെപ്പോലെ.പുതുതായെടുത്തൊരു ഫോട്ടോയായിരുന്നു അത് ; അവളുടെ ഏറ്റവും പുതിയ തണുപ്പുകാല ഛായാചിത്രം. മുറ്റത്തു കാത്തു നിൽക്കുന്ന മൂടിക്കെട്ടിയൊരു കുതിരവണ്ടി. കുതിര തല ചെരിച്ച്, പടി ചാരുന്ന പ്രായം ചെന്ന മനുഷ്യൻ്റെ നേരെ ഇണക്കത്തോടെ നോക്കുന്നു. ഓ, ഒരു ശവമടക്കാണത്. കുഴിവെട്ടുകാരനും കുതിരയും മാത്രമുൾപ്പെട്ട ശവമടക്ക്.

ഉജ്വലമായിരുന്നു പക്ഷേ, ആ ശവസംസ്കാരച്ചടങ്ങ്.കനത്ത കാറ്റിൽ ആയിരക്കണക്കിനു മഞ്ഞുപാളികൾ അവിടെങ്ങും പരന്നു.തനതായ രൂപപ്പൊലിമയുള്ള സ്ഫടിക നക്ഷത്രമായിരുന്നു ഓരോ മഞ്ഞുപാളിയും. സവിശേഷമാകാനുള്ള ഒരേ വെമ്പൽ അവിടെ അപ്പോഴുമുണ്ടായിരുന്നു. അതേ മായിക ഭാവം.മഞ്ഞു നക്ഷത്രങ്ങൾക്കെല്ലാം ഒരേ ആകൃതിയാവുകയായി - ആറു മുനയുള്ള, ദാവീദിൻ്റെ നക്ഷത്രം, ശരിക്കും. ഒരു നിമിഷത്തിനകം അവയെല്ലാമുരുകി മഞ്ഞിൻ പരപ്പായി മാറാൻ തുടങ്ങും. അതിനു നടുവിൽ എൻ്റെ ജന്മനഗരം ഒരുക്കി വെച്ചിട്ടുണ്ട്, എനിക്കു കൂടി ഒരു കുഴിമാടം.



* വടക്കൻ റുമാനിയയിലെ ഒരു പ്രദേശം.

Sunday, June 28, 2020

വർലാം ഷാലമോവ് കവിതകൾ (റഷ്യ,1907-1982)



Beautiful Poems About Russian Winter :: Literature :: Culture ...


1
ജീവിക്കാനാവില്ലപ്പം കൊണ്ടുമാത്ര, മാകയാൽ
ഞാനാണ്ടുമുങ്ങീ,യാകാശപ്പുറംപാളിക്കുള്ളിൽ
മരവിപ്പിക്കും കൊടും പുലരിത്തണുപ്പിൽ, ഇ-
ങ്ങൊഴുകിയൊഴുകിപ്പോം അരുവിത്തെളിനീരിൽ



2
മഞ്ഞിൻ സ്വർണ്ണപ്പക്ഷി കണക്കേ
പാറുന്നുണ്ടൊരു ചന്ദ്രൻ
എൻ്റെ ജനാലയിലൂടെ, ച്ചുമരിൽ
നഖങ്ങൾ കോറുന്നു
എൻ തലയണതൻ മീതേ ചിറകുകൾ
കുടഞ്ഞു പാറുന്നു.

ഏട്ടി,ലതല്ലെന്നാകിൽ കൂട്ടിൽ
തടഞ്ഞുവെച്ചാലോ,
വീടില്ലാത്തെന്നോമന പേടി -
ച്ചിരിപ്പു പാതിരയിൽ



3
രാപ്പകൽ മഞ്ഞു പൊഴിയുന്നൂ
കൂടുതൽ കർക്കശക്കാരനായ് മാറിയോ -
രേതോ ദൈവം അടിച്ചുവാരി
തൻ്റെ സാമ്രാജ്യത്തിൽ നിന്നുതിർക്കുന്നു തൻ
കയ്യെഴുത്തോലപ്പഴഞ്ചുരുള്.
വീരപ്പഴങ്കഥപ്പാട്ടുകൾ, അർച്ചനാ-
ഗീതങ്ങൾ, ഗാനങ്ങൾ തുണ്ടു തുണ്ടായ്
അത്യുന്നതത്തിലെ മേഘങ്ങളിൽ നിന്നു
ദുർബലലോലം പൊഴിയുന്നു.
ഒക്കെയടിച്ചു കളഞ്ഞിട്ടവനിപ്പോൾ
പുത്തൻ പണിയിൽ മുഴുകുന്നു.


4
പകൽ നടുവിന്നിരുളിൽ
മെഴുതിരി വെട്ടത്തിൽ
സ്റ്റവ്വിൻ ചാരേ നിൻ വാക്കുക-
ളൂഷ്മളമാക്കും ഞാൻ, മഞ്ഞിൻ
കൊത്തേറ്റവയെല്ലാം.

മഞ്ഞിൻ വാക്കുകളില്ലാ മന്ത്രണ -
മൂമയാക്കുന്നൂ നിൻ
അക്ഷരങ്ങളെ, അവയുരുകുന്നൂ
കണ്ണീർ കിനിയുന്നൂ - എന്നെ
വീട്ടിലേക്കു വിളിക്കുന്നൂ.


5
പൊയ്ക്കൊണ്ടിരിക്കുന്നിതാ ഞാൻ,
മൃതിയുണ്ടരികത്തു തന്നെ,
ഒരു നീലക്കവറിലിട്ടെൻ്റെ
ജീവിതമെൻ കൂടെത്തന്നെ.

ഇനിയും ചെറുതാവാൻ വയ്യാ -
ത്തൊരു വാക്കു മാത്രമെഴുതി
പോയ ശരൽക്കാലം തൊട്ടാ-
ക്കത്തുണ്ടെൻ കയ്യിലയക്കാൻ.

അറിയുകില്ലിപ്പോഴുമെന്നാൽ
എവിടേക്കയക്കുമതെന്ന്.
മേൽവിലാസം കിട്ടിയെങ്കിൽ
ജീവിതം തീർന്നിരുന്നേനേ.


6
ഉഴുതുന്നില്ലാഴത്തിലെന്നവർ പറയുന്നു
വെറുതെ നാം തിരിയുന്നുവെന്ന്.
ആവില്ല നമ്മൾക്കു കിട്ടിയൊരീ മണ്ണി-
ലാഴത്തിൽ പൂട്ടിമറിയ്ക്കാൻ.

നാമുഴുതുന്നീ ശവപ്പറമ്പിൽ മെല്ലെ
മേൽമണ്ണു കിക്കിളിയാക്കി
മാറാം മൃതരുടെയെല്ലുകളായ് കൊഴു-
വോരോന്നുമെന്നു ഭയന്ന്.


7
പുറത്തിറങ്ങി നിന്നൂ ഞാൻ
തെളിവായുവിൽ, കണ്ണുകൾ
സ്വർഗ്ഗലോകത്തേക്കുയർത്തി
നക്ഷത്രങ്ങളറിഞ്ഞിടാൻ.
താരങ്ങൾ തൻ ജനുവരി -
ത്തിളക്കം നോക്കി നിൽക്കുവാൻ.

താക്കോൽ കണ്ടു പിടിച്ചൂ ഞാൻ
പ്രഹേളിക തുറക്കുവാൻ
പ്രാചീന ലിപി തൻ ഗൂഢ-
രഹസ്യങ്ങളറിഞ്ഞു ഞാൻ.
നക്ഷത്ര കവി തൻ കാവ്യം
പകർത്തീ മാതൃഭാഷയിൽ.

എഴുതാൻ കടലാസില്ലാ-
ഞ്ഞാ ജാനുവരി രാത്രിയിൽ
രേഖപ്പെടുത്തിയൊക്കേയും
മരമൊന്നിൻ്റെ കുറ്റിയിൽ
മരവിച്ചു കൊടുംമഞ്ഞ -
ത്തുറഞ്ഞോരു തൊലിക്കു മേൽ.

തുഴ - ലെവ് ഓസെറോവ് (റഷ്യ, 1914-1996)


CRAB LAB – The Digital Naturalism Conference




ഒരു തുഴ കിടക്കുന്നൂ മണലിലിപ്പോൾ
അതെന്നോടു പറയുന്നൂ സ്ഥലത്തെപ്പറ്റി
അതെന്നോടു പറയുന്നൂ ഗതിയെപ്പറ്റി
വരണ്ടൊരീക്കരയിലേക്കെടുത്തെറിഞ്ഞ
മഹാഘോരസമുദ്രത്തിൻ കഥയെക്കാളും.

- 1940

Saturday, June 27, 2020

ഹൊസേ എമിലിയോ പച്ചേക്കോ കവിതകൾ (മെക്സിക്കോ, സ്പാനിഷ്, 1939 - 2014)

1
ചരിത്രക്കുതിപ്പ്

ചില വാക്കുകൾ ഞാനെഴുതുന്നു.
ഞൊടിയിട കൊണ്ടവ
വ്യത്യസ്തമായ വേറെന്തോ
വ്യഞ്ജിപ്പിക്കുന്നു.
വ്യത്യസ്തമായൊരു ഗൂഢോദ്ദേശ്യം
സൂചിപ്പിക്കുന്നു.
കാർബൺ 14 പരിശോധനക്കു പാകത്തിൽ
മെരുങ്ങുന്നു, ഇപ്പോളവ.

ഒരതിവിദൂര ജനതയുടെ
പുരാലിഖിതങ്ങൾ
ഇരുട്ടിൽ തിരഞ്ഞുകൊണ്ടിരിക്കുന്നു
എഴുതപ്പെട്ട വാക്കിനെ.


2
കൊടിയ രാജ്യദ്രോഹം.

ഞാനെൻ്റെ രാജ്യത്തെ സ്നേഹിക്കുന്നില്ല
അതിൻ്റെ അമൂർത്തമായ തിളക്കം
എൻ്റെ കൈപ്പിടിയിലൊതുങ്ങാത്തതാണ്.
എന്നാൽ (കേൾക്കാൻ എത്ര മോശമാണെങ്കിലും)
ഇതിലെ പത്തു സ്ഥലങ്ങൾക്കായി
ഞാനെൻ്റെ ജീവൻ വെടിയും.
ചില മനുഷ്യർക്കായി,
തുറമുഖങ്ങൾ, പൈൻമരങ്ങൾ, കോട്ടകൾ,
ഇടിഞ്ഞു വീണൊരു നഗരം,
അതിൻ്റെ ചരിത്രത്തിൽ നിന്നുള്ള
നരച്ച വിചിത്ര രൂപങ്ങൾ
പർവതങ്ങൾ 
എന്നിവക്കായി.
(മൂന്നോ നാലോ നദികൾക്കും)

- 1969

തേനീച്ച - ജയമോഹൻ (തമിഴ് ചെറുകഥ)




India Travel | Pictures: Suchindram temple corridor



ശുചീന്ദ്രം ക്ഷേത്രത്തിനുള്ളിൽ കാശി വിശ്വനാഥ സന്നിധാനം ഒരു തനി ലോകം.ക്ഷേത്രക്കുളം, അതിനോടു ചേർന്നു പോകുന്ന പാതവക്കിൽ കടകൾ, മൂലം തിരുനാൾ മഹാരാജാവു കെട്ടിയ മുഖപ്പുഗോപുരം, നന്ദി, കൊൻറൈ വനനാഥർ സന്നിധാനം, കൊടിമരം, അർദ്ധമണ്ഡപം, ചെമ്പകരാമൻ മണ്ഡപം, ഹനുമാൻ സന്നിധാനം എന്നിങ്ങനെ എല്ലാടത്തും വെളിച്ചവും തിരക്കും തന്നെ. കാശി വിശ്വനാഥർ സന്നിധാനത്തിൽ ഒരൊറ്റ ബൾബു മാത്രം എരിയും.പുറത്തെ ചുറ്റുപ്രാകാരത്തിൽ നിന്നു മാറി ആനപ്പുറത്ത് അമ്പാരി പോലെ ഒറ്റപ്പാറമേൽ പണിത ചെറിയ കൽക്കോവിലിലേക്കു വെട്ടുപടികൾ കയറിച്ചെല്ലണം.

അത് ശുചീന്ദ്രം മഹാക്ഷേത്രത്തിൻ്റെ വയറ്റിനുള്ളിൽ ചുരുണ്ടുറങ്ങുന്ന ഗർഭസ്ഥ ശിശു പോലെ. അവിടെ ക്ഷേത്രസന്നിധിയിൽ ശിവലിംഗം ഒറ്റച്ചെരാതിൻ്റെ വെളിച്ചം മാത്രം തുണയായി എതിരേ നായ്ക്കുട്ടിയോളം പോന്ന നന്ദിയോടു കൂടി ഇരിക്കുന്നു.പൊതുവേ അന്തിമയങ്ങിയാൽ പിന്നെ അവിടെ ആരുമുണ്ടാവാറില്ല. അവിടെച്ചെന്നു തനിച്ചിരിക്കുന്നത് എനിക്കൊരു ധ്യാനം. ഒന്നും ചിന്തിക്കാതെ, അല്ല ചിന്തയിൽ വന്നതു മുഴുവൻ ഒഴുക്കിവിട്ടുകൊണ്ട് അവിടെ അമർന്നിരിക്കും. പിന്നെ, ഒരുപാടു നേരമായല്ലോ എന്നു മിഴിച്ചുകൊണ്ടു മടങ്ങിപ്പോരും. ഒരു ക്ഷേത്രത്തിൻ്റെ ഗർഭപാത്രത്തിൽ ചെന്നിരിക്കുന്നതു പോലെ വലിയ അനുഭവം വേറെന്തുണ്ട്?

അന്ന് അകത്തു കടന്നപ്പോഴാണ് ആ വയസ്സനെ കണ്ടത്.അങ്ങോർ എന്താണവിടെ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ആദ്യം എനിക്കു മനസ്സിലായില്ല. മനസ്സിലായപ്പോൾ ഞാൻ ഒരടി പിന്നാക്കം വെച്ചു. അവർ ആ തൂണുകളിലൊന്ന് നാവുകൊണ്ട് തൊട്ടു നോക്കുകയായിരുന്നു.

അറുപതിനു മേൽ പ്രായം കാണും. ഇരുനിറം. മുൻകഷണ്ടി. അരികിലൊരു തോൽസഞ്ചി ഇരിപ്പുണ്ട്. എന്തോ മനോവിഷമമുള്ളതുപോലെ തോന്നി. അങ്ങനെ ചിലർ അവിടെ വരാറുണ്ട്.

ഞാൻ ശ്രീകോവിൽ നോക്കി ഒന്നു കുമ്പിട്ട് അപ്പുറത്തെ വാതിൽ വഴി പുറത്തിറങ്ങി. പതിവുപോലെ ഹനുമൽ സന്നിധാനത്തു തിരക്ക്. എന്നാലും ക്ഷേത്രത്തിനകത്ത് പാതിയിരുളിൽ പുതഞ്ഞിരിക്കുന്ന ചില ഇടങ്ങളുണ്ട്.

ഞാൻ തിരിച്ചുവന്നു ചെരിപ്പിട്ടുകൊണ്ടിരിക്കുമ്പോൾ അരികേ നിന്ന ആൾ "സാറ് ഈ നാട്ടുകാരനാ?" എന്നു ചോദിച്ചു.

ഞാൻ നിവർന്നു നിന്നു നോക്കി. അയാൾ തന്നെ.

"അതെ'' ഒഴിവാക്കുന്ന മട്ടിൽ ഞാൻ പറഞ്ഞു.

"നമ്മള് ശെയ്തുങ്കനല്ലൂരാണ് സാർ..... ശുചീന്ദ്രത്തേക്ക് കൂടെക്കൂടെ വരും"

"ഓ" ചിരിച്ചുകൊണ്ടു ഞാൻ നടക്കുമ്പോൾ അങ്ങേരും കൂടെത്തന്നെയുണ്ട്.  സംസാരിക്കാൻ ആഗ്രഹിക്കുമ്പോലെ തോന്നി.ഒഴിവാക്കാനായി ഞാൻ വേഗം കൂട്ടുമ്പോൾ അയാളും വേഗം വരുന്നു.

"അമ്പത്തിമൂന്നില് ഇവിടെ തിരുവാവടുതുറ രാജരത്നംപിള്ള നാദസ്വരം വായിച്ചിട്ടുണ്ട് സാർ" അയാൾ പറഞ്ഞു.

അതെന്തൊരു വിചിത്രമായ തുടക്കം, ഞാൻ ശ്രദ്ധിച്ചു. അവർ ചിരിച്ചുകൊണ്ടു സംസാരിക്കാൻ തുടങ്ങി.

"അപ്പൊ എനിക്കാറു വയസ്സ്. എൻ്റൊരു അത്തയെ ഇവിടെ ഒശരവിളയിൽ കെട്ടിച്ചു കൊടുത്തിട്ടൊണ്ട്. അത്ത എന്നാ അപ്പൻ്റെ ചിറ്റപ്പൻ്റെ മകള്.ആ ചിറ്റപ്പൻ ചെറിയ വയസ്സിൽ മരിച്ചതിനാൽ എൻ്റെ അപ്പനാ അത്തേടെ കല്യാണമൊക്കെ നടത്തിച്ചത്.രണ്ടാം കെട്ടാണ്. എന്നാൽ അന്നത്തെക്കാലത്ത് അതൊന്നും വലിയ വിഷയമല്ല."

"അതെ" ഞാൻ പറഞ്ഞു. "എൻ്റമ്മേടേം രണ്ടാം കെട്ടാണ്."

"അന്നൊക്കെ ആണുങ്ങളുടെ ജീവിതം എന്താ സാർ? കുടുംബത്തിനു വേണ്ടി കഷ്ടപ്പെട്ടു കഷ്ടപ്പെട്ട് ചാകാനുള്ളതല്ലേ?" അവർ പറഞ്ഞു. ഉടനെ ഓർമ്മ വന്ന്, "നമ്മടെ പേര് ഷൺമുഖമണി...... നിങ്ങള് ?"

''നാരായണൻ" ഞാൻ പറഞ്ഞു.

ഞാൻ പുഞ്ചിരിച്ചു. അയാൾ പുഞ്ചിരിച്ചുകൊണ്ടെന്നെ ഉറ്റുനോക്കി. പിന്നെ "വെള്ളാമ്പിള്ളമാരാ ഈ ഏരിയയിൽ ജാസ്തി" എന്നു പറഞ്ഞു.

"അതെ'' ഞാൻ പറഞ്ഞു. പറയാതിരുന്നാൽ അയാൾ ചത്തുപോയാലോയെന്നു തോന്നി. "ഞങ്ങടാളുകളാ ഇവിടെ കൂടുതൽ"

അവർ ഉഷാറായി പറഞ്ഞു. "തട്ടാന്മാരും നിറയെപ്പേരുണ്ടു സാർ.ഞാൻ ഇടക്കിടെ വരാറുണ്ട്. തട്ടാത്തെരുവു തന്നെയുണ്ട്...... എന്താ പറഞ്ഞു വന്നത്? ങ്ഹാ, രാജരത്തിനംപിള്ളയുടെ വായനയെപ്പറ്റി."

"അതെ"

"എൻ്റെ അപ്പൻ്റെ അപ്പന് നാലനിയന്മാർ,മൂന്നു പെങ്ങന്മാർ. എൻ്റപ്പന് പതിനെട്ടു വയസ്സില് കുടുംബഭാരമെടുക്കേണ്ടി വന്ന് പണിയാലയിലിരുന്നപ്പോ അവരുടെ അപ്പൻ്റെ അനിയമ്മാരനിയത്തിമാരെല്ലാം മരിച്ചു പോയിരുന്നു. അന്നൊക്കെ ഒരു തരം വിഷപ്പനി ഉണ്ടായിരുന്നു. കാറ്റത്ത് ആയിരം വിളക്കണയുമ്പോലെ ഒരേരിയ പെട്ടെന്നിരുട്ടിലാവും."

"അപ്പന് സ്വന്തം അമ്മയില് നാലനിയമ്മാര്, മൂന്നു പെങ്ങമ്മാര്.ചിറ്റപ്പമ്മാരുടെ വകയില് പതിനേഴനിയമ്മാരും പതിമൂന്നു പെങ്ങമ്മാരും. ഇത്രേം പേരെ അവരൊറ്റക്കെന്തു ചെയ്യാനാ....അവര് കഷ്ടപ്പെട്ടു, സാർ.എൻ്റമ്മ പറയും, പൊലർച്ചെ നാലുമണിയ്ക്ക് പണിയാല തൊറന്നിരിക്കും. രാത്രി പതിനൊന്നു മണിക്കേ അടയ്ക്കൂ.മൂന്നു മണിക്കൂറേയുള്ളൂ ഒറക്കം."

"അങ്ങനെ മെനക്കെട്ടു പണിയെടുത്തിട്ടും തെകയുന്നില്ല. അത്രയും പേർക്ക് ചോറുണ്ണണ്ടേ? അന്നൊക്കെ ആസ്‌പത്രിച്ചെലവും മരുന്നു ചെലവുമില്ല. എന്നാലും തെകയില്ല. വെശപ്പും രോഗോം മരണോമായി ജീവിതമങ്ങു പോകും. അപ്പൻ മുറുക്കിപ്പിടിച്ചു ചെലവിട്ടു. കൊല്ലത്തിൽ രണ്ടു മുണ്ട്.ഒറ്റ ഷർട്ട്. പൊടി വലി പോലും ശീലമില്ല. ചായ കാപ്പി ഒന്നും പതിവില്ല.

ഓരോരുത്തരെയായി കരയേറ്റി.അത്തമാരെയെല്ലാം പൊന്നണിയിച്ചു കെട്ടിച്ചു കൊടുത്തു. അനിയന്മാരെ മുഴുവൻ ആലയിരുത്തി പണി പഠിപ്പിച്ചു.എല്ലാരെയും കല്യാണം കഴിപ്പിച്ചു. എൻ്റമ്മ, അമ്മ കൂടെ നിന്നു സാർ.ഒരു വാക്ക് മുഖം കറുപ്പിച്ചു പറയാതെ ഭർത്താവിൻ്റൊപ്പം നിന്നു. അങ്ങനത്തെ പെണ്ണുങ്ങൾ ഇപ്പൊ ഇല്ല.

താൻ എന്തിനിതെല്ലാം ചെയ്യണമെന്ന് ഒരു സെക്കൻ്റു പോലും ചിന്തിച്ചിരുന്നിട്ടില്ല. അങ്ങനൊരു മനസ്സേ ആയിരുന്നില്ല. പറഞ്ഞാലും അതൊന്നും ഉള്ളിലേക്കെടുക്കില്ല. ഇപ്പ ഉണ്ടെങ്കീ വയസ്സ് എമ്പതിനു മേൽ.ഉഴുന്നുവട വേണം ന്നു പറയും. വാങ്ങിക്കൊടുത്താ ഒരു പൊട്ടു വായിലിട്ടിട്ട് പേരക്കുട്ടികളെ ഊട്ടാൻ തുടങ്ങും. നിറഞ്ഞ ആൽമരം വീണാലും അങ്ങനെത്തന്നെ നിൽക്കും സാർ.

എനിക്കെന്തു കിട്ടിയെന്ന് ഒരാൾ കണക്കു നോക്കാൻ തുടങ്ങിയാൽ അതോടെ അവൻ്റെ കൈ കുറുതാകും. മനസ്സു മൂടും. അത്ര തന്നെ. പിന്നെ കൊടുക്കാൻ കഴിയില്ല. കൊടുക്കാത്തവൻ വിരിയൂല്ല. വിരിയാത്തവനു സന്തോഷം ന്ന് ഒന്നില്ല, എന്താ ഞാൻ പറഞ്ഞു വന്നത്?

എൻ്റെ അപ്പനുമമ്മയും ചിറ്റപ്പനും ചിറ്റമ്മയുമായിട്ട് ശെയ്തുങ്കനല്ലൂരീന്ന് ഒശരവിളയ്ക്ക് കാളവണ്ടീല് പോവുകയാ. അത്തയുടെ *വളകാപ്പു ചടങ്ങിനു പലഹാരവും കൊണ്ട്. അഞ്ചു ചെരുവത്തിൽ മുറുക്ക്, മുന്തിരിങ്ങ, അതിരസം, ചീട, കാരയപ്പം എല്ലാം ഉണ്ട്. അന്നൊക്കെ അഞ്ചു പലഹാരം കൊണ്ടു കൊടുക്കണം. പുതുമാപ്പിളക്ക് അരപ്പവൻ കൊണ്ടു മോതിരമുണ്ടാക്കിയിട്ടുണ്ട്.

ശെയ്തുങ്കനല്ലൂരിൽ നിന്നു ശുചീന്ദ്രം വഴി വന്നതെന്തിനെന്നറിയില്ല. വണ്ടിക്കാരന് ഒരു വഴിയുമറിയില്ല. വണ്ടിക്കാളക്കല്ലാതെ വേറെയാർക്കും അതിലേ വരാൻ വഴിയറിയില്ല എന്നു തോന്നുന്നു. അവിടവിടെ നിന്നു നെടുവീർപ്പുവിടും. അവൻ കുഞ്ഞിനെപ്പോലെ വളർത്തുന്ന കാള. അവനതിനെ അടിക്കുകേല. കോലുകൊണ്ടു മുതുകിൽ തടവി "പോ രാശാ, എൻ്റെ പൊന്നു രാശാ'' ന്നു പറയുമവൻ.

വഴിയിൽ വണ്ടി നിർത്തി ഞങ്ങൾ ഭക്ഷണം കഴിച്ചു.കാളയ്ക്ക് പുല്ലും വൈക്കോലും കൊടുത്തു. നോക്കുമ്പോഴുണ്ട് വണ്ടിക്കാരൻ കിടന്നുറങ്ങുന്നു. അവനെ തട്ടിയുണർത്തി കൈ പിടിച്ചു കെഞ്ചി വണ്ടിയെടുപ്പിച്ച് ഒരു വഴിക്ക് ശുചീന്ദ്രത്തെത്തുമ്പോ രാത്രി പന്ത്രണ്ടു മണി കഴിഞ്ഞിട്ടുണ്ടാകും.

ശുചീന്ദ്രത്ത് ഉത്സവം നടക്കുന്ന നല്ല സമയമാണത്. അതുകൊണ്ട് തെരുവുകളിൽ കുറച്ചാളും ആരവവുണ്ടായിരുന്നു. അങ്ങിങ്ങ് ഒന്നു രണ്ടു പേരോടു വഴി ചോദിച്ചറിഞ്ഞു.

പ്രായം ചെന്നൊരാള് തലേക്കെട്ടു കെട്ടി കയ്യിൽ വടിയുമായി നിന്നിരുന്നു."ഉത്സവല്ലേ നടക്കുന്ന്? ഈ വഴി പോയാൽ കൂട്ടത്തിൽപെട്ടു കുടുങ്ങിപ്പോകും. കച്ചേരി കേക്കാൻ നിറയെ ജനം വന്നിട്ടൊണ്ട്. വഴി മുഴുക്കെ വണ്ടികൾ നിറുത്തിയിരിക്കുകയാ.ഇതിലേ പോവിൻ.... ഇങ്ങനെ പോയാൽ റോട്ടീക്കേറാം."

ഞങ്ങൾ അതുവഴി ചുറ്റിപ്പോയി. ഞാൻ അതുവരെ നന്നായി ഉറങ്ങിയിരുന്നു. ആ തലേക്കെട്ടുകാരൻ ഉറക്കെ ഒച്ചയിട്ടു സംസാരിക്കുന്നയാള്.ശബ്ദം കേട്ടു ഞാൻ കണ്ണു മിഴിച്ചു. നോക്കിയപ്പോ ദൂരെ മാനത്തു നിന്ന് തീ പോലെ എന്തോ ചുവന്ന് മണ്ണിൽ എറങ്ങിനിൽക്കുന്നു.

"അപ്പാ, അവിടെ നോക്കൂ തീയ്" ഞാൻ പറഞ്ഞു.
"തീയല്ല. അത് ശുചീന്ദ്രം ക്ഷേത്രം..... അവിടെ ഉത്സവം നടക്കുകയാ. അത് പെട്രോമാക്സിൻ്റെ വെളിച്ചം." അപ്പൻ പറഞ്ഞു.

ഞാൻ അപ്പൻ്റെ കവിളു പിടിച്ച്, "അപ്പാ, മയിലു പാടുണു" എന്നു പറഞ്ഞു.

അപ്പൻ എന്നെ കെട്ടിപ്പിടിച്ചു.മാറോടു ചേർത്തണച്ചു. "ഇല്ല മക്കാ, ഇതു നാദസ്വരം.... തിരുവാവടുതുറ രാജരത്നംപിള്ള വായിക്കുകയാ'' എന്നു പറഞ്ഞു.

അതു കേട്ടുകൊണ്ടു ഞങ്ങൾ പോയി. ഒരിരുപതു നിമിഷം കാതിൽ വീണിട്ടുണ്ടാവും. പിന്നത് ദൂരത്തിൽ അലിഞ്ഞു പോയി.

അപ്പൻ്റെ ദേഹം പനി വന്ന പോലെ വിറക്കുന്നുണ്ടായിരുന്നു. ആകെയൊരു ചൂട്. എൻ്റെ തോളിൽ വെള്ളം വീണു. ഞാൻ തലയുയർത്തി അപ്പനെ നോക്കി.അപ്പൻ കരയുകയായിരുന്നു.

"അപ്പാ" ഞാൻ വിളിച്ചു. "എന്തിനാ കരയുന്നേ?"

"പാട്ടു കേട്ടില്ലേ മക്കാ"

"അതു ചീത്ത പാട്ടാ?"

"അയ്യോ, അല്ല മക്കാ..... അത് അമൃതു പോലെ മധുരോള്ള പാട്ട്. ദൈവങ്ങളൊക്കെ വന്നെറങ്ങി കേട്ടിരിക്കിണ പാട്ട്. പ്രേതവും മനസ്സലിഞ്ഞു കേക്കിണ പാട്ട്."

അപ്പൻ എന്നെ ചേർത്തു പിടിച്ചപ്പോൾ എൻ്റെ തോളെല്ലുകൾ നുറുങ്ങുമ്പോലെ തോന്നി.

"എന്നാല് ഈ പാപിക്ക് ഇരുന്നു കേക്കാൻ ഭാഗ്യമില്ല മക്കാ.... ഇരുന്നൊരു പാട്ടു കേക്കാൻ ഈ ജമ്മത്ത് യോഗമില്ല. വണ്ടിക്കാളയായാ ജനിച്ചത്.... ചാട്ടയുടെ ശബ്ദമില്ലാതെ വഴി നടക്കാനേ പറ്റാതായി!"

അപ്പൻ എന്നെ നെഞ്ഞോടണച്ചു. അവര് കരയുന്ന ശബ്ദം കേട്ടുകൊണ്ടിരുന്നു.പിറകിലെ ഇരുട്ടു നോക്കി ഇരിപ്പായിരുന്നു. വണ്ടിക്കുള്ളിലെല്ലാരും നല്ല ഉറക്കം. ഞാൻ അങ്ങനെ ഉറങ്ങിപ്പോയി.

അതിനു മൂന്നു കൊല്ലം കഴിഞ്ഞ് രാജരത്നം പിള്ള മരിച്ചു. ആയിരത്തിത്തൊള്ളായിരത്തി അമ്പത്തിനാലില്. അപ്പൊ അദ്ദേഹത്തിന് അമ്പത്തെട്ടു വയസ്സ്. മരിക്കാനുള്ള പ്രായമില്ല.

അപ്പൻ പണിയാലയിൽ തന്നെയാവുമെപ്പൊഴും. പെരുമാൾ നായിഡു പരിഭ്രമിച്ചോടി വന്ന്, "ആശാരി കേട്ടോ, പിള്ളയദ്ദേഹം പോയി" എന്നു പറഞ്ഞു.

അപ്പന് ഒന്നും മനസ്സിലായില്ല.''ആര്?"

"എന്താ പറയിണത്? നമക്ക് പിള്ളയദ്ദേഹം ന്നാ ഒരാളല്ലേയുള്ളൂ? നാദസ്വരചക്രവർത്തി തിരുവാവടുതുറ രാജരത്നംപിള്ള പോയെടോ..... രത്നമല്ലേ ഇദ്ദേഹം? രത്നങ്ങളിൽ വെച്ചു രാജാവാ! മരിച്ചു പോയെടോ.കൂടെ തോടിയും കൊണ്ടുപോയെടോ.... "

പെട്ടെന്ന് നായിഡു നെഞ്ഞത്ത് ഓങ്ങിയടിച്ച് അലറി. "പെരുമാളാണു സത്യം. ഇനി ഇക്കാതുകൊണ്ട് തോടി ഞാൻ കേക്കൂല്ല. സത്യം!"

നായിഡു തളർന്ന് പണിയാലയുടെ തിണ്ണയിൽ ഇരുന്നു. നെഞ്ഞത്തും തലയിലും അടിച്ചു കരഞ്ഞു. അവിടെ കിടപ്പായി.

എന്നാൽ അപ്പൻ ഒന്നും പറഞ്ഞില്ല. കയ്യിലെ കിടുക്കിയും കൊരടും ഒരു സെക്കൻ്റു പോലും താഴ്ത്തിയില്ല. പണി ചെയ്തു കൊണ്ടേയിരുന്നു.എന്നാൽ കണ്ണീര് തുളുമ്പുന്നുണ്ടായിരുന്നു.

ഒന്നും രണ്ടും ദെവസോല്ല. പറഞ്ഞാ ആരു വിശ്വസിക്കും? ഒരാഴ്ച, പത്തു ദെവസം, കണ്ണീര് നിക്കുന്നേയില്ല. പണി നടന്നു കൊണ്ടിരിക്കും. മാലമേലും കൊരടുകളുടെ മേലും കണ്ണീര് വീണോണ്ടിരിക്കും.

ഉണ്ടാക്കുന്നതു താലിമാല. കണ്ണീരോടെ പണി ചെയ്യണതു കണ്ടാല് എന്താ വിചാരിക്കുക? ചിറ്റപ്പന്മാർ രണ്ടു പേരും അവരെ അപ്പുറമിരുത്തി ഒരു ചാക്കുതുണികൊണ്ടു കെട്ടിമറച്ചു.

സംസാരമൊക്കെ ചിറ്റപ്പനാണ്. അപ്പൻ പറയൂല്ല. അപ്പൻ കരകൗശലം തെകഞ്ഞാള്.അതുകൊണ്ട് ഇവരുതന്നെ ചെയ്യണം ന്നു പറഞ്ഞു നിൽക്കും ആളുകൾ.അപ്പൻ പണി ചെയ്തോണ്ടേയിരിക്കും. കൂടു വെയ്ക്കണ പ്രാണികളേപ്പോലെ, തേനീച്ചയുണ്ടല്ലോ അതുപോലെ. അപ്പൻ്റെ കൈ രണ്ടും രണ്ടു തേനീച്ചകളാ. പൂ തോറും സൂക്ഷ്മമായി ചെന്നോണ്ടിരിക്കും.

എന്നാല് അപ്പൻ്റെ രണ്ടു കണ്ണിനും മനസ്സിനും അതറിയൂല്ല. കണ്ണീന്നു കണ്ണീരൊഴുകിക്കൊണ്ടേയിരിക്കും. മനസ്സിലെന്തെന്നാർക്കറിയാം?

ഒരാഴ്ച. അതിൽ പിന്നെ അപ്പനു മിണ്ടാട്ടമില്ല. അവരെപ്പൊഴും അങ്ങനെയാ.സംസാരം കുറവ്. അമ്മയോടു പോലും അധികം സംസാരിക്കില്ല. മുഖത്തു നോക്കി ആരെങ്കിലും അടിച്ചാൽ പോലും കണ്ണിലൊരു ഉണർവുണ്ടാവില്ല. അതൊരു ജന്മം,ഇവിടെ വന്നു,പോയി അത്ര തന്നെ.

എന്നാൽ ആയിരം രണ്ടായിരം കഴുത്തിലും കാതിലും അവരുടെ കൈ തൊട്ടാൽ മതി കല വിടരാൻ. തങ്കത്തില് പൂവ് വിരിയിച്ചു വെച്ചയാളാ! അവരുണ്ടാക്കിയ ചോറ് തിന്നു വളർന്ന കുടുംബം ഒന്നും രണ്ടുമല്ല സാർ, നാപ്പത്തി രണ്ട്. അതെ, ഇന്നുവരേക്കും നാപ്പത്തിരണ്ടു കുടുംബം.

എനിക്കെന്തറിയാം അവരെപ്പറ്റി? ഒന്നും അറിയൂല്ല. പിന്നിടു പെരുമാൾ നായിഡുവിനോടു ചോദിച്ചറിഞ്ഞതാ എല്ലാം. ഞാനായതോണ്ട് അതു മനസ്സിലാക്കി. മറ്റുള്ളോർക്ക് അവരൊരു ദൈവം.ശ്രീകോവിലിനകത്ത് ഇരുട്ടിലിരിക്കുമത്.

എന്നാല് അവരു മനുഷ്യനാണെന്ന് എനിക്കു മനസ്സിലായിട്ടൊണ്ട്.ഞാൻ അവരെ വിചാരിച്ചു വിചാരിച്ച് ഉരുകിപ്പോകയാ.സാർ, മാസത്തിലൊരിയ്ക്കേ ഇവിടെ വരിണത് അതുകൊണ്ടാ. അവരെ വിചാരിച്ചങ്ങനെയിരുന്നു പോകാൻ വേണ്ടിത്തന്നെയാ.

പെരുമാൾ നായിഡു തന്നെയാ പറഞ്ഞത്. അവര്ക്ക് സംഗീതമെന്നു വെച്ചാ പ്രാന്താ. ചില കാര്യങ്ങൾക്കായി നമ്മള് ചങ്കറുത്തു ചത്തു വിഴൂല്ലേ, അതുപോലത്തെ കിറുക്ക്.ഒരു പാട്ട് അവരെക്കൊണ്ടു പാടാൻ പറ്റൂല്ല. നെഞ്ഞു വെറച്ച് ചങ്കുരുകി കണ്ണീരു വരും. അങ്ങനെയൊരു പ്രേമം.

പ്രേമം! എന്തൊരോമനത്തമുള്ള വാക്ക്. എന്തുകൊണ്ടാ സാർ? പ്രേമം. അതു തന്നെ. കൃഷ്ണൻ്റെ മീതെ രാധക്കുണ്ടായിരുന്നത് ഇതു തന്നെ. പരമാത്മാവിൻ്റെ മീതെ ജീവാത്മാവിനുള്ളത്. തേനിനു മേലേ തേനീച്ചക്കുള്ളത്.

പ്രേമമെന്നാ ആഗ്രഹമല്ല. അത് വേറെ. എന്നെക്കൊണ്ടാവൂല്ല പറയാൻ. ഇതു മാത്രം പറയാം. പ്രേമമെന്നാ നമുക്ക് സ്വന്തമാക്കണമെന്നേ തോന്നാത്ത ഒരു ഭാവം.എന്നാല് അതിനായി നമ്മളെ നമ്മളങ്ങു സമർപ്പിക്കും.... സാർ. അതാണ് പ്രേമം.

വലിയ പാട്ടുകാരുടെ പാട്ടൊന്നും അപ്പൻ കേട്ടിട്ടില്ല. ചൊരിമുത്തയ്യൻ സ്വാമിയാണേ സത്യം. അതെ, സാർ, അവര് പാട്ടേ കേട്ടിട്ടില്ല.
അവരു കേട്ട പാട്ടെല്ലാം പെരുമാൾ നായിഡുവും പണിയാലക്കടുത്ത് ഹോട്ടൽ നടത്തിയിരുന്ന ശങ്കരയ്യരും മൂളുന്നതു മാത്രം.

അവർക്കെവിടെ നേരം? പണിയാലയിലിരുന്ന് എണീക്കുന്നയാളല്ല. മൂന്നാം വയസ്സിൽ അവിടെ ചെന്നിരുന്നതാണ്. പഠിപ്പുണ്ടായില്ല. കണക്കും വായനയുമെല്ലാം പണിയാലയിൽ അപ്പൻ്റേം ചിറ്റപ്പമ്മാരുടേം അടുത്തുന്നു തന്നെ. മുറ്റത്തെ വെയിലേ കണ്ടിട്ടില്ലാന്ന് അമ്മ പറയും.

ആ സ്ഥിതിയില് എങ്ങനെയാ കച്ചേരി കേക്കുക? റേഡിയോപ്പാട്ടു കേക്കാം. എന്നാല് അതു കേട്ടോണ്ടിരുന്നാപ്പിന്നെ ജോലി ചെയ്യാനാവൂല്ല.മനസ്സ് ഉരുകും. അതോടെ പണിയും നിൽക്കും. അവരു കേട്ട റേഡിയോപ്പാട്ടെല്ലാം വളരെ ദൂരേന്ന് എവിടുന്നെങ്കിലും വരിണത്.അമ്പതുകളില് റേഡിയോയും പ്ലേറ്റുമൊക്കെ അപൂർവമാ. എങ്ങനെയെങ്കിലും ഏതെങ്കിലും പാട്ട് കാതിൽ വീണാലായി.

ഒന്നു പറയാം സാർ. എപ്പൊ നമ്മള് പാട്ടു തേടിപ്പോകാതെ പാട്ട് നമ്മളെത്തേടി വരാൻ തൊടങ്ങിയോ അപ്പൊ സംഗീതം വെളറിപ്പോയി. എൻ്റപ്പനൊന്നും സംഗീതം കേട്ടു ജീവിച്ചോരല്ല, സംഗീതത്തെപ്പറ്റി വിചാരിച്ചു വിചാരിച്ചു തപസ്സു ചെയ്തു ജീവിച്ചവരാ.

അതെ സാർ, തപസ്സു തന്നെ. അപ്പൻ പാട്ടു കേട്ടത് ഏറെ കമ്മി. എന്നാൽ മനസ്സിനുള്ളില് പാട്ടൊഴുകിക്കൊണ്ടേയിരിക്കും ന്ന് പെരുമാൾ നായിഡു പറയാറുണ്ട്. "മുഖം കണ്ടാലറിയാം. സംഗീത ഗന്ധർവനെപ്പോലെ വിടർന്നിരിക്കും. തിരുനെൽവേലി ക്ഷേത്രത്തിൽ പോയി ഗന്ധർവ്വൻ്റെ വിഗ്രഹം കാണൂ.അതാണ് നിൻ്റെ അപ്പൻ്റെ മുഖം. കണ്ണ് അതേ പോലെ വിടർന്നിരിക്കും. ഞാൻ കണ്ടിട്ടു പറയും, ഏതു രാഗമാ ഇപ്പൊ മനസ്സിലെന്ന്.എന്താ കാനഡയോ എന്നു ചോദിക്കും. ഒരു പുഞ്ചിരി. ചെറുന്നനെ."

പെരുമാൾ നായിഡു എൻ്റപ്പനെപ്പറ്റി പറഞ്ഞാൽ പറഞ്ഞു കൊണ്ടേയിരിക്കും. "ഈ പണിയാലയുടെ വാതുക്കല് ചെതറിക്കെടക്കിണ തരിതരിയായ തങ്കമില്ലേ.ഉറമെഴുകു വെച്ച് ഒപ്പിയെടുക്കിണ തങ്കപ്പൊടിയുടെ തരി. അതേ മാതിരിയാ നിൻ്റപ്പൻ്റെ ചിരി. അതേടോ ഉറമെഴുകു വെച്ച് ഒപ്പിയെടുക്കണം...."

"ഹൊ! അങ്ങനെ മനുഷ്യന് ചിരിക്കാൻ പറ്റ്വോ?പല്ലോ ചുണ്ടോ ഇല്ലാതെ. കണ്ണു കൂടിയില്ലാതെ ആത്മാവു മാത്രം കണ്ണിനുള്ളിലൂടെ വന്ന് നോക്കി നിന്ന് തല അകത്തേക്കു വലിക്കും.ചമഞ്ഞൊരുങ്ങിയ പെൺകുട്ടിയെപ്പോലെ.... അങ്ങനൊരു ചിരി. പാവം, എന്തിനു ജനിച്ചോ! ആഗ്രഹിച്ചതിനായി തപസ്സു ചെയ്തു ചെയ്തങ്ങു പോയി." പെരുമാൾ നായിഡു മരിക്കണ വരേക്കും എൻ്റപ്പനെപ്പറ്റി പറഞ്ഞോണ്ടേയിരുന്നു.

അക്കാലത്ത് സംഗീതപ്രാന്തന്മാർക്കെല്ലാം രാജരത്നം പിള്ളാന്നു വെച്ചാ ജീവനാ. സ്വത്തു വിറ്റ് ഭാര്യേം മക്കളേം പട്ടിണിക്കിട്ട് കച്ചേരി കേക്കാൻ പോകും.അവര് മരുതയില് വായിച്ചാൽ അവിടെ കേക്കാൻ പോകും.പിന്നെയവര് തിരുനെൽവേലിയില് വായിക്കാൻ വരുമ്പോ ഇയാളും അവിടെയെത്തും.മാടു പോണേടത്തേക്ക് ഈച്ച പോണ പോലെ."

പെരുമാൾ നായിഡു കഴുകുമലയിലും ശങ്കരൻകോയിലിലും ശ്രീവൈകുണ്ഠത്തിലും നേരിൽ പോയി പിള്ളയദ്ദേഹത്തിൻ്റെ വായന കേട്ടു വന്നതാണ്. അവര് കഥകഥയായി പറയും. പാടിക്കാട്ടും.പാട്ടിനൊപ്പം കരയും. നെഞ്ചിൽ പിടിച്ച് അമർത്തും. വലിവ് വരും.

തിരുവാവടുതുറ രാജരത്നം പിള്ളയുടെ വായന അപ്പൻ കേട്ടിട്ടേയില്ല. പ്ലേറ്റിൽ പോലും.റേഡിയോവിൽ പോലും. എല്ലാം നായിഡു പറഞ്ഞതു വെച്ച് ഭാവന ചെയ്തതാ. ആ ഒറ്റത്തവണ മാത്രമാണ് ശുചീന്ദ്രത്തുവെച്ച് നേരിൽ കേൾക്കാനൊത്തത്. നേരിൽ എന്നുവെച്ചാ ഒരു ഫർലോങ് ഇപ്പുറം നിന്ന്.മൈക്കുമില്ല. കാളവണ്ടിക്കുള്ളിലിരുന്ന് നേരെ. കാറ്റിലൂടെ വന്ന് അപ്പൻ്റെ കാതില് വീണു.കാരുണ്യമുള്ള കാറ്റ്, അയ്യാ,അമ്മ മനസ്സുപോലുള്ള കാറ്റല്ലേ അത്?

പിന്നീട് പെരുമാൾ നായിഡു പറഞ്ഞു. ഒരു തവണയെങ്കിലും രാജരത്നംപിള്ള വായിക്കുന്നതു കേൾക്കാൻ അപ്പൻ ആശിച്ചിരുന്നു."ഒരു തവണ, ഒറ്റത്തവണ, കേട്ടിട്ട് മരിക്കണം." എന്നെപ്പോഴും പറഞ്ഞു കൊണ്ടിരുന്നു. അതിൽ പിന്നെ പിള്ളയദ്ദേഹം ചുറ്റുവട്ടത്ത് ഏഴിടങ്ങളില് വായിച്ചിട്ടൊണ്ട്. എന്നാ അപ്പന് എണീക്കാനേ വയ്യ. പെരുമാൾ നായിഡു പോയിട്ടു വന്നു പറയിണത് കണ്ണു വിടർത്തി കേട്ടോണ്ടേ ഇരുന്നു.

അപ്പൻ ആഭരണപ്പണി നിറുത്തിയേയില്ല. പണി വാങ്ങി വാങ്ങി വെച്ച് തലക്കു മേലേ കുമിഞ്ഞു. ഞെണ്ടിനെപ്പോലെ എട്ടു കൈ കൊണ്ടു പണിയെടുത്താലും തീരില്ല. അങ്ങനെ പണിയെടുത്തു സമ്പാദിച്ചാലും കടം വീട്ടിത്തീരില്ല. പതിനേഴു പെമ്പിള്ളേർക്കുള്ളതു കൊടുക്കണം. പണി ചെയ്താലും ചെയ്താലും തീരില്ല. നെറയില്ല. അത് ഒരു തപസ്സ്.എവിടുന്നോ വാരിവാരിയെടുത്തു.ഈ ജമ്മത്തീത്തന്നെ കൊടുത്തു കൊടുത്തു തീർത്തു.

അങ്ങനെ പോയി അവരുടെ ജീവിതം. ഞാൻ തലമുതിർന്നു. അത്തമാർക്കും ചിത്തിമാർക്കും മക്കളായി.അപ്പന് ഒന്നു കൈയ്യൊഴിഞ്ഞു വിശ്രമിക്കാമെന്നായി. അതെങ്ങനെ, കണക്ക് കണക്കായിട്ടിരിക്കയല്ലേ അവൻ്റെ ഏട്ടിൽ? അപ്പനു പക്ഷാഘാതം വന്നു. അധികം കിടന്നില്ല. ഏഴെട്ടു മാസം. പൂ പോലെ ഉതിർന്നു പോയി.

മെലിഞ്ഞ ശരീരമാ.ഇരുന്നിരുന്ന് കൂന്നു പോയ മുതുക്.നല്ല ഇരുണ്ട നെറം. ചെമപ്പു കല്ലുകടുക്കനിട്ട കാത്.നെറ്റിയിൽ എപ്പോഴുമുണ്ടാവും ഭസ്മക്കുറി. കുടുമ വെച്ചിട്ടൊണ്ട്. ചെറിയ വായ, ചെറിയ മൂക്ക്. കണ്ണു മാത്രം വലുത്. ഞാൻ തന്നെയാ കുളിപ്പിച്ചത്, ദേഹത്തു പൗഡറിട്ടത്, ഊട്ടിയത്, എല്ലാം.

എന്നോടു പറഞ്ഞു "ഷൺമുഖം, എന്നെ ശുചീന്ദ്രത്തേക്ക് കൂട്ടിക്കൊണ്ടു പോ"

"ശരി അപ്പാ" ഞാൻ പറഞ്ഞു.

"പിള്ളയദ്ദേഹം വായിക്കിണതു കേക്കണം"

ഞാൻ എന്തോ മാതിരിയായി. പിള്ളയദ്ദേഹം പോയിട്ട് അപ്പൊ വർഷം പതിനെട്ടായിട്ടുണ്ട്. എങ്ങനെ പറയും? പക്ഷവാതം വന്ന് മനസ്സു ഭ്രമിച്ചു പോയി എന്നു ഞാൻ കരുതി.

എന്നാൽ അപ്പൻ തന്നെ പറഞ്ഞു. "അവര് പോയി, ല്ലേ, അറിയാം എന്നാല് ആ തോടി അങ്ങനെ പോകുമോ? അവിടെത്തന്നെ കാണും.... പോയി നോക്കാം."

എനിക്ക് അപ്പൊഴും പിടിത്തം കിട്ടിയില്ല. "ശരി അപ്പാ" എന്നു പറഞ്ഞു.

"നാളും നേരോം ഒന്നും നോക്കണ്ട. ചുമ്മാ പോകാം" അവരു പറഞ്ഞു. "ഇപ്പൊത്തന്നെ പോകാം. 'നാളൈയെൻറാൽ യാരേ കണ്ടാർ?' എന്നല്ലേ പാട്ട്?"

ഞാൻ അവരെ കൂട്ടിപ്പോയി. ഒരു കാറു പിടിച്ചു പിൻസീറ്റിൽ ചായ്ച്ചു കിടത്തി. ഞാനും അപ്പനും മാത്രം. എവിടെപ്പോകുന്നെന്ന് ആരോടും പറഞ്ഞില്ല.

ശുചീന്ദ്രത്തെത്തിയപ്പോൾ വൈകുന്നേരം അഞ്ചരമണി.വലിയ തിരക്കില്ല. വിശേഷ ദിവസമല്ല അത്.

"ഉള്ളിൽ പോയി തൊഴുതു വരാം" അപ്പൻ പറഞ്ഞു.

ഉള്ളിൽ ചെന്ന് ഞങ്ങൾ എല്ലാടത്തും തൊഴുതു. അപ്പൻ ശെയ്തുങ്കനല്ലൂർ ക്ഷേത്രമല്ലാതെ വേറൊരു ക്ഷേത്രവും കണ്ടിട്ടില്ല. ശെയ്തുങ്കനല്ലൂർ ക്ഷേത്രത്തിലേക്കു തന്നെ നാലഞ്ചു തവണ കൂടി പോയിട്ടില്ല.

കൈ കൂപ്പിത്തൊഴാൻ കഴിയില്ല. ഒരു കൈ ഞാൻ പിടിച്ചുയർത്തണം. മറ്റേ കൈ അപ്പൻ കൊണ്ടുവന്നു ചേർത്തു വയ്ക്കും. അർച്ചനയും പൂജയുമൊന്നും വേണ്ടെന്നു പറഞ്ഞു. ഒന്നിനും വേണ്ടിയല്ല. ചുമ്മാ നോക്കി ഇരുന്നു.

അപ്പൊഴാണ് ഞാൻ ആദ്യമായി അവിടത്തെ കാശിവിശ്വനാഥ സന്നിധാനത്തേക്കു പോയത്. അവിടെ ആരുമില്ല. അന്നേരം കരണ്ടു വെളക്കും ഇല്ല. ഉള്ളിൽ ഒരു നെയ് വിളക്കു മാത്രം. അപ്പനും ഞാനും അവിടെയിരുന്നു.

അപ്പൻ ചുമ്മാ കൽച്ചുമരിൽ ചാഞ്ഞ് കാലു മടക്കി ഇരുന്നു. നല്ല പോലെ വളഞ്ഞ ദേഹം. വായിൽ നിന്ന് ഏത്തായ ഒഴുകി മടിയിൽ വീണത് ഞാൻ തുടച്ചു കളഞ്ഞു.

അമ്മ പറഞ്ഞത് ഞാനോർത്തു. ഞാൻ കൊച്ചു കുഞ്ഞായിരുന്നപ്പോ വായിൽ നിന്നെപ്പൊഴും നീരൊലിക്കും. അപ്പൻ അതു വിരലുകൊണ്ടു തുടച്ച് "തേൻ തന്നെയാ! തേനാ!" എന്നും പറഞ്ഞ് വായിൽ വെച്ചു കുടിക്കും.

"നോക്ക്, പിള്ളയദ്ദേഹത്തിൻ്റെ വായന ഇവിടെയൊക്കെ ഒണ്ടാവും,ല്ലേ?" അപ്പൻ ചോദിച്ചു.

"ഉവ്വ്."

"ഈ കല്ലിലും തൂണിലും ണ്ട് ല്ലേ"

"ഉവ്വ്"

"ഇവിടെയിരുന്നാ ഞാൻ കേട്ടത്" അപ്പൻ പറഞ്ഞു.

എന്താണു പറഞ്ഞതെന്നു വ്യക്തമായില്ല.ഞാൻ ചുമ്മാ നോക്കിയിരുന്നു.

"കേക്കണൊണ്ട്!"

എനിക്കു രോമാഞ്ചം വന്നു സാർ.പെരുമാൾ നായിഡു പറഞ്ഞ അതേ മൊഖം. സാർ, സത്യമായും അവരു പാട്ടു കേട്ടോണ്ടിരുന്നു.

അതെ സാർ, മുഴുവൻ കച്ചേരിയും. ഇടക്കിടെ തലയാട്ടി. മുഖം വിടർത്തി ചിരിച്ചു. എന്നോട് "അഠാണാ" എന്നു രാഗപ്പേരു പറഞ്ഞു.

കച്ചേരി കഴിഞ്ഞതും "പോകാം ഡാ" എന്നു പറഞ്ഞു. ഞാൻ എടുത്തു കൊണ്ടുവന്നു കാറിൽ കയറ്റി.

മടങ്ങുമ്പോൾ തിരിഞ്ഞു നോക്കി "എന്തൊരു കച്ചേരി..... എന്താ വായന....എല്ലാം രത്നം..... എന്നാലാ തോടിയുണ്ടല്ലോ അതു രാജരത്നം!" എന്നു പറഞ്ഞു.

അതു തന്നെ ഓർത്തോർത്തു ചിരിച്ചുകൊണ്ടിരുന്നു. അതിനെക്കുറിച്ചു തന്നെ പറഞ്ഞു കൊണ്ടിരുന്നു.കൊച്ചു കുഞ്ഞിനെപ്പോലെ പല വാക്കുകളിൽ അതു തന്നെ പറഞ്ഞു. ഇങ്ങനെ സംസാരിച്ച് ഞാൻ കേട്ടിട്ടില്ല. ശെയ്തുങ്കനല്ലൂരുവരെ ഒരേ സംസാരം തന്നെ. പിള്ളയദ്ദേഹത്തെപ്പറ്റി, കച്ചേരിയെപ്പറ്റി, ഓരോ പാട്ടിനെയും പറ്റി, തോടിയെപ്പറ്റി.

വീട്ടിൽ കൊണ്ടു ചെന്നു കിടത്തി.പിറ്റേന്ന് അവരെണീറ്റില്ല. എൻ്റെ സുകൃതഫലം അത്രയേയുള്ളൂ.

രാജരത്നംപിള്ള ഇവിടെ ഇരിക്കണൊണ്ട് എന്നു കരുതിയ അപ്പനും ഇവിടുണ്ട്. ഇടക്കിടെ ഞാനിവിടെ വരും."

ഷൺമുഖമണി പറഞ്ഞു നിർത്തി.

"ഇന്ന് അവരുടെ ആണ്ടാണോ?"

"ഏയ്, അതൊന്നുമല്ല. ചുമ്മാ തോന്നുമ്പോ വരും, അത്ര തന്നെ. ചില ദിവസം മനസ്സിലെന്തോ ഒരു തണുപ്പു തോന്നും. ഒരു മധുരം.... പിന്നെ കാലു നിക്കൂല്ല.ഇങ്ങു പോരും."

"കാണാം" ഞാൻ പറഞ്ഞു.

"കാണാം സാർ, ആരോ നിങ്ങൾ, നിങ്ങളോടിതെല്ലാം പറയണമെന്നുണ്ടാവും" അയാൾ പറഞ്ഞു.



* ആദ്യത്തെ പ്രസവത്തിനു മുമ്പ്  ഗർഭിണിക്കു നടത്തുന്ന വളയിടീൽ ചടങ്ങ്.

ടി.എൻ.രാജരത്നംപിള്ള(1898-1956)യുടെ തോടി ആലാപനം ഈ ലിങ്കിൽ കേൾക്കാം :

Friday, June 26, 2020

ബന്ധപ്പെട്ടവരുടെ മുഖദാവിലേക്ക് - ആൻഡ്ര്യൂ മെഹ്ഷൻ (യു.കെ, ജനനം: 1952)


ഐസ്ക്രീമിനെക്കുറിച്ചുള്ളീക്കവിതയ്ക്ക്
ഗവൺമെന്റുമായൊരിടപാടുമില്ല.
കലാപവുമായോ
ഏതെങ്കിലും രാഷ്ട്രീയ ധാരയുമായോ.

ഐസ് ക്രീമിനെക്കുറിച്ചുള്ള
കവിതയിത്, കേട്ടോ.
ഒരു കടയിലേക്കു നിങ്ങൾ കയറി
ഒരു സ്ട്രോബറി, ഒരു മിവ്വി
എങ്ങനെയാണു ചോദിക്കുന്നതെന്നതിനെക്കുറിച്ച്.

ഞാനെന്തെങ്കിലും പറഞ്ഞോ?
ആരും മരിക്കില്ല.
നക്കുന്ന നാവുകൾ
മെഴുകുതിരി പോലുരുകില്ല.
ഇത് ഐസ്ക്രീമിനെക്കുറിച്ചുള്ള കവിതയാണ്,കരയണ്ട.

ശബരിനാഥൻ കവിതകൾ (തമിഴ്,ജനനം: 1989)


1.

ആരോഗ്യമാതാ ദേവാലയം


എനിക്കിഷ്ടം ഗ്രാമത്തിലെ ദേവാലയങ്ങൾ.

മുറ്റത്തു കോഴിക്കുഞ്ഞുങ്ങൾ തത്തിത്തിരിയുന്ന,
പടികളിൽ പെൺപിള്ളേർ പേൻ നോക്കി നേരം കൊല്ലുന്ന,
ഉണക്കാനിട്ട ചോരച്ചുവപ്പു കൊണ്ടാട്ടങ്ങളുടെ തിരുമുന്നിൽ
മിക്ക നേരവുമടഞ്ഞേ കിടക്കുന്ന ദേവാലയങ്ങൾ.

വാടിയുണങ്ങി വാതുക്കൽ തൂങ്ങുന്ന കുരുത്തോലത്തോരണം
ഓടിൻ വിടവിലെ കൂടിൽ തിരുകുന്ന
പോക്കിരി അണ്ണാന്മാർ
നീലപ്പുള്ളികൾ ചിതറിയ മഞ്ഞ നക്ഷത്രം നോക്കി മൂരി നിവരുന്നു
പോയ കൊല്ലത്തെപ്പുൽക്കൂട്ടിൽ കുഞ്ഞുങ്ങളെ ഭദ്രമാക്കിയ വെള്ളപ്പൂച്ച.
വിൽമാടം, അലങ്കാര വിളക്കുകൾ, സിംഹാസനം ഒന്നുമില്ല
കുളിർച്ചെങ്കൽ തളത്തിൽ അങ്ങിങ്ങൊഴുകി നടക്കും
വെളിച്ച ദ്വീപുകൾ മാത്രം.

പഴയ ഓടുകൾ മാറ്റണം, ആഴ്ചയിലൊരിക്കലടിച്ചു വാരണം.
കറണ്ടു പോയ രാത്രികളിൽ
എല്ലാ വീടുകളിലും പോലെ അവിടെയും
ഒരു കുഞ്ഞു മെഴുതിരി ഒളിവീശിക്കൊണ്ടിരിക്കും.
അവിടെയാരുമെഴുന്നള്ളുന്നില്ല.
അപ്പന്റെ വീട്ടിൽ
ജോലിയില്ലാത്ത ബിരുദധാരിയെപ്പോലെ
അപ്പപ്പോളോരോരോ പണികളിലേർപ്പെട്ട്,
കെട്ടുപ്രായം തികഞ്ഞ പെങ്ങന്മാരോടൊപ്പം
അവിടെ താമസിച്ചു വരുന്നു,യേശു.
പണി കഴിഞ്ഞെത്തിയ മറിയം കുളിച്ചു വന്ന്
തീക്കനലു വാങ്ങാൻ പോവുകയാണ്.
മഴ വരുംപോലെയുണ്ട്.




2.

ഒളി


മഴക്കാലത്തൊരു കരിങ്കൽ മണ്ഡപത്തിൽ
ഉറക്കം വിട്ടെണീറ്റ അന്ധവൃദ്ധൻ
തന്റെ റേഡിയോപ്പെട്ടിയ്ക്കായി പരതുന്നു
ഈ ഇരുട്ടിൽ എനിക്കറിയില്ല അതിന്റെ നിറം.
മെലിഞ്ഞ വിരലുകളാൽ അതിന്റെ തിരികട്ട തിരിയ്ക്കുന്നു
ഇടത്തു നിന്നു വലത്തോട്ട്, വലത്തു നിന്നിടത്തോട്ട്.
ഒരേ കരകരപ്പ്, പെട്ടെന്നൊരു സ്റ്റേഷൻ കിട്ടി.
അപ്പൊൻനിമിഷം തന്നെ
അയാളതു കേൾക്കുകയും ചെയ്തു.
എപ്പോഴും ഇങ്ങനെത്തന്നെ
മെല്ലെ മെല്ലെ നേരം പുലരുന്നു.




3.

ബോധമുദിച്ച കത്തി.


ദിനപത്രത്തിൽ പൊതിഞ്ഞെടുത്തു കൊണ്ടുപോയ കത്തിയ്ക്ക്
താഴെ വീണനേരം ആത്മബോധമുണ്ടായി.
അതിപ്പോൾ ആർക്കും തൊടാൻ വയ്യാത്ത വിശന്ന ഒരു പുലി.

അതിനിനി ഒന്നും ആവശ്യമില്ല.
തനിക്കു വേണ്ട പഴങ്ങൾ താനേ നുറുക്കിക്കൊള്ളും
തണുന്നനെ കത്തിയുറയിൽ
കുനിഞ്ഞു ചെന്നുറങ്ങും.

പൊടുന്നനെയുണർന്ന ബോധം, പൊടുന്നനെയുണർന്ന കരുണ:
കൈവിളക്കായ് മിന്നലുയർത്തിപ്പിടിച്ച്
ആൾമറയില്ലാത്ത തന്റെയിരുണ്ട കിണറിന്
രാത്രി മുഴുവൻ കാവൽ നിൽക്കണം.

തീയിലും കല്ലിലുമുരസിയുരസി
നന്നായിപ്പോയ അതിനെ
മഴനിലച്ച മൂടിക്കെട്ടിയ മൂവന്തികളിൽ
നടന്നു ചെൽകെക്കാണാം,
കാവിയുടുത്ത സന്യാസിയെപ്പോലെ
കട്ടൻ ചായയ്ക്കായി .

Thursday, June 25, 2020

എം.യുവൻ കവിതകൾ (തമിഴ്, ജനനം: 1961)

1
ഇലപ്പേച്ച്

മര ഉയരം വിട്ട്
കാറ്റിൽ പാറി വരും
പഴുത്ത ഇലയെ
നിറുത്തിക്കേൾക്കൂ:
ചില വർത്തമാനങ്ങളുണ്ട്
അതിന്റെ പക്കൽ.
നീ മനസ്സുവെച്ചു കേൾക്കൂ.

ജനന രഹസ്യത്തെപ്പറ്റി.
മാറി മാറി വരുന്ന നിറങ്ങളെപ്പറ്റി.
ഉടലിന്റെ രഹസ്യ തടങ്ങളിൽ
ഊറുന്ന നീരിനെപ്പറ്റി.
രാപ്പകലില്ലാതെ ചില്ലകളിൽ നൃത്തം ചെയ്തിട്ടും
വേരോടു ചേർന്ന സ്നേഹത്തെപ്പറ്റി.
ഉഷ്ണത്തിൻ ഉപ്പുരുചിയെപ്പറ്റി.
പിറകേ വരുന്ന ഇലകളോടുള്ള
മൗനത്തുടർച്ചയുടെ ഭാഷയെപ്പറ്റി
കൂട്ടു വാഴ് വിന്റെ മഹത്വത്തെപ്പറ്റി.
അടർന്ന് ഊർന്നു പോകുന്നതിന്റെ മഹിമയെപ്പറ്റി.
തൊലിയുടെ ചുക്കിച്ചുളിവായ്
അടയാളം കാട്ടും മരണത്തെപ്പറ്റി.

നീ ഇനിയും ശ്രദ്ധിച്ചു കേട്ടാൽ
ആഹാരം ചമച്ചു ചമച്ചേ
നരച്ചു പോകുന്ന
ഒരു പെണ്ണിന്റെ ജീവിതത്തെപ്പറ്റിയും
അതു പറയും.



2
8-6-2002-മാംഗളൂർ മെയിൽ - രാവിലെ 6.30


കൂടുതലൊന്നും സംഭവിച്ചിട്ടില്ല.
ഒരു പ്രപഞ്ചം ഉരുവായതല്ലാതെ
കാമത്തിന്റേയും അതിക്രമത്തിന്റേയും
വാർത്തയറിയിച്ചു കൊണ്ട്
നൂറു നൂറാണ്ടുകൾ കടന്നു പോരുന്ന
കാറ്റും മഴയും മരണവും.

കൂന് നിവർന്ന് രോമം ഉതിർന്ന നാൾ മുതൽ
ബന്ധം നിലനിർത്താനും ഇല്ലാതാക്കാനും
പുതു പുതു വാക്കുകൾ
കണ്ടു പിടിച്ചു കൊണ്ടേയിരിക്കുന്ന
മനുഷ്യക്കുരങ്ങുകൾ.

അസ്തിവാരം അറ്റ്
അന്ധകാരത്തിൽ തൂങ്ങും
പടിക്കെട്ടുകളിൽ കേറിയിറങ്ങി
കേറിയിറങ്ങി
ഞാൻ വന്നു ചേർന്ന പുകവണ്ടി
പട്ടാമ്പിയിലെത്തുന്നു.

തോപ്പുകൾക്കും കെട്ടിടങ്ങൾക്കുമിടയിലൂടെ
മറഞ്ഞും വെളിപ്പെട്ടും
എതിരേ വരുന്ന ഭാരതപ്പുഴ-
തന്റെ പെരുത്ത മുലകൾ
ഒരു നിമിഷം കാട്ടിക്കൊതിപ്പിച്ച്
ബ്ലൗസിനുള്ളിൽ ഇറുക്കിപ്പൊതിയുന്ന
കറുത്ത പെണ്ണിനെപ്പോലെ.



3
ചുരുൾ

ഓർമ്മയുടെ നിലവറയിൽ
ചിതറിക്കിടക്കും ധാന്യമണികൾ
നിൻ്റേതുമല്ല
എൻ്റേതുമല്ല.

               തൻ്റേതുമല്ലാത്ത
ധാന്യം കൊത്തിയുയരുന്ന
പക്ഷിയുടെ നിഴൽ
ആകാശത്തിൽ പടരുന്നു.

                  ആകാശം
വിത്തിനെ പൊതിഞ്ഞ ഉറയ്ക്കും
ഇറുകിയ തോടിനുമിടയിൽ
ചുരുണ്ടു കിടക്കുന്നു.

പൂമ്പാറ്റ - പാവേൽ ഫ്രൈഡ്മാൻ (1921-1944)



അവസാനത്തെ പൂമ്പാറ്റയായിരുന്നു അത്.
ശരിക്കും അവസാനത്തെ.
കണ്ണു മഞ്ഞളിപ്പിക്കുന്ന കടുംമഞ്ഞ.
കല്ലിന്മേൽ തൂവിയ
സൂര്യന്റെ കണ്ണീരു പോലെ.
എത്രയെളുപ്പമാണവൻ കയറിപ്പോയത്,
അങ്ങുയരത്തിലേക്ക്.
എന്റെ ലോകത്തിന്റെ അറ്റത്തെ
ചുംബിക്കാനാഗ്രഹിച്ചു കൊണ്ട്.

ഏഴാഴ്ചയായി ഞാനിവിടെയുണ്ട്.
ഈ ജൂത കോളനിക്കെണിയിൽ, 'ഘെറ്റോ'യിൽ.
എന്നെ സ്നേഹിച്ചവർ എന്നെ കണ്ടെത്തി.
ഡെയ്സിപ്പൂക്കൾ എന്നെ വിളിക്കുന്നു.
മുറ്റത്തെ വെള്ള ചെസ്റ്റ് നട്ട് മരത്തിന്റെ
ചില്ലകളും വിളിക്കുന്നു.
പക്ഷേ ഒരു പൂമ്പാറ്റയെ
ഞാനിവിടെങ്ങും കണ്ടിട്ടില്ല
അവസാനമായിക്കണ്ട പൂമ്പാറ്റ
അവസാനത്തേതായിരുന്നു.
                          - തെരേസിൻ സ്റ്റോട്ട്
                              1942 ജൂൺ 4


( ഈയൊരൊറ്റ കവിത കൊണ്ട് ലോകമറിഞ്ഞ കവിയാണ് പാവേൽ ഫ്രൈഡ്മാൻ. തെരേസിൻ സ്റ്റോട്ടിൽ ഹിറ്റ്ലർ നടത്തിവന്ന കുപ്രസിദ്ധമായ ഫാക്റ്റിയിലെ അന്തേവാസിയായിരുന്നു പാവേൽ. ഇരുപത്തൊന്നാം വയസ്സിലാണ് അവിടെയെത്തിയത്. അവിടെ വച്ച് വെടിയുണ്ടക്കിരയാകും മുമ്പ് എഴുതിയ കവിതകളിൽ ഒന്നാണിത്.യുദ്ധാനന്തരം ഇതു കണ്ടെടുത്തു.)

സ്വർഗ്ഗത്തിലേക്കുള്ള ഗോവണി- മരിൻ സൊരസ്ക്യു.(റൊമാനിയ,1936 - 1996)



ഒരെട്ടുകാലിയുടെ മൃദുനൂല്
തട്ടിന്മേൽ നിന്നു താണിറങ്ങുന്നു
എൻ്റെ കിടക്കക്കു തൊട്ടു മേലെ.

ഓരോ ദിവസവും
അതു കൂടുതൽ താണു വരുന്നത്
ഞാൻ ശ്രദ്ധിക്കുന്നു.
'എനിക്കു കേറിപ്പോകാൻ
സ്വർഗ്ഗത്തു നിന്നയച്ച കോണിയാണ് '
ഞാൻ സ്വയം പറയുന്നു.

ഞാനിപ്പോൾ കനം കുറഞ്ഞ്
എല്ലും തോലുമായി
എൻ്റെ തന്നെ പ്രേതം.
എന്നിട്ടും വിചാരിക്കുന്നു,
കനം കൂടുതലാണ്, ദേഹത്തിന്
മൃദുവായ ഈ ഗോവണിയേറാൻ.

ആകയാൽ എൻ്റെയാത്മാവേ,
ആദ്യം കയറിപ്പോകൂ
കയറിക്കയറിപ്പോകൂ.



കവിയുടെ അവസാന കവിതകളിലൊന്നാണിത്. അവസാന നാളുകളിൽ ആശുപത്രിക്കിടക്കയിൽ കിടന്ന് മരണം എന്ന അനുഭവത്തെ തൊട്ടു മുന്നിൽ കണ്ടു കൊണ്ട് എഴുതിയ കവിതകളിലൊന്ന്. ആ കവിതകളുടെ സമാഹാരമാണ് 'The Bridge'

Wednesday, June 24, 2020

പന്തടി - പി.രാമൻ


(നെന്മാറയിലെ കായികാദ്ധ്യാപകൻ സുബ്രഹ്മണ്യൻ മാഷിൻ്റെ ഓർമ്മക്ക്)



പന്തടിക്കുന്ന ശബ്ദം 
മഴച്ചാറലായി 
പെരുമഴയായി 
പകർന്നു പരന്ന 
അതിരില്ലാത്ത കളിസ്ഥലത്തിലൂടെ 
കൈ പിന്നിൽ കെട്ടി 
കഷണ്ടിത്തലയുയർത്തിപ്പിടിച്ച് 
കണ്ണുചുരുക്കി,
വീഴുന്ന ഓരോ തുളളിക്കു ചുറ്റും 
നോട്ടത്തിൻ്റെ വെള്ളിവെളിച്ചം പായിച്ച്, 
നനയാതെ സാവധാനം നടന്നടുക്കുന്ന ഈ മനുഷ്യൻ 
എനിക്കു മറ്റാരാണ്!

ഇയാൾ അരികത്തെത്തും വരെ 
എനിക്കിതു മഴ. മഴയൊച്ച. 
അരികത്തെത്തുംതോറും ഉയർന്നു താഴുന്ന പന്ത്. 
പന്തടി ശബ്ദം. 
ഞാൻ വിളിക്കുന്നു: മാഷേ....

സ്കൂൾ കെട്ടിടങ്ങൾക്കിടയിൽ 
മിന്നി മാഞ്ഞു പോകുന്ന ഒരു പന്ത് 
മാഷ് കൈ ചൂണ്ടി നിറുത്തുന്നു.
സങ്കടങ്ങൾ ചോദിച്ചറിയുന്നു.
ഞാൻ വിളിക്കുന്നു: സുബ്രഹ്മണ്യൻ മാഷേ.....

തൊട്ടരികെ 
രണ്ടു കൈപ്പത്തികളും ചേർത്തു പിണച്ച് 
ഇടിച്ചു കുത്തിപ്പൊന്തുന്ന ഒരു പന്ത്.
പൊന്തി മാഞ്ഞു പോകുന്നു അത്. 
ഞൊടിയിൽ ഒപ്പം ഉയർന്നു മായുന്നു 
പന്തിടിച്ചുയർത്തിയ മുഷ്ടികൾ.

ഇപ്പോൾ ശബ്ദത്തുള്ളികൾ മാത്രം: 
"ആ എകരം കൂടിയ കളിക്കാരൻ 
പട്ടാളത്തിൽ നിന്ന് ഇന്നലെ ലീവിൽ വന്നതാണ്. 
എൻ്റെ പഴയൊരു ശിഷ്യൻ.പരിചയപ്പെടാം."

കടലാസ് പോരാളി - ബുലാത് ഒകുദ്ഷവ (റഷ്യ, 1924 - 1997)



ഒരിടത്തൊരിടത്തുണ്ടായ്
കൊച്ചു സൈനികനൊരുവൻ
അവനൊരു ധീരൻ, പക്ഷേ
കടലാസ് കൊണ്ടൊരു പാവ.

എല്ലാം മാറ്റിമറിക്കാൻ
ലോകം കാക്കാൻ മോഹം.
എന്നാൽ ചരടിൽ തൂങ്ങും
ഭടനൊരു കടലാസ് പാവ.

തീപ്പുകയിൽ പോയ് ജീവൻ
വെടിയും നിങ്ങൾക്കായി.
എങ്കിലുമൊരു കോമാളി
കടലാസ് പോരാളി.

നമ്പില്ലവനെയൊരാളും
കൈമാറില്ല രഹസ്യം
കാരണമെന്താണെന്നോ
കടലാസാലവനുണ്ടായ്

തീയെബ്ഭയമില്ലവന്
കീറും തന്നത്താനേ
ഒരു നാൾ ചാവും ചുമ്മാ
വെറുമൊരു കടലാസ് കീറ്!

- 1959

ഒരു കവിത - ഹുദ ഫക്രിദ്ദീൻ (യു.എസ്.എ, ഇംഗ്ലീഷ് - അറബിക്)



Narrow path in Rosary Cemetery © Evelyn Simak cc-by-sa/2.0 ...



പടിഞ്ഞാറേ ഫിലാഡെൽഫിയായിലെ ഞങ്ങളുടെ അയൽപക്കത്ത് ഒരു സെമിത്തേരിയുണ്ട്.ഒരു കന്മതിൽ കൊണ്ടു വളച്ചുകെട്ടിയത്. അതിൻ്റെ ഇരുമ്പു ഗേറ്റ് എപ്പോഴും തുറന്നു കിടക്കും. ചില ദിവസം സൂര്യൻ ഉദിച്ചാലുടനെ ഞാനെൻ്റെ ഷൂ ലേസ് കെട്ടി ഓടാനായി സെമിത്തേരിയിലേക്കു പുറപ്പെടും. അപ്പോഴും ഇരുട്ടു മൂടിക്കിടക്കുന്ന പാതകളിലൂടെ വേഗം കൂട്ടി, ആ കുഴിമാടങ്ങൾക്കിടയിലൂടെ നയിക്കുന്ന അഴുക്കുവഴികളിലൂടെ ഓടാനായി ഇരുമ്പു ഗേറ്റു കടന്നു ഞാൻ പോകും.ഇവിടെ ഞാനൊരാൾ മാത്രമല്ല ഉള്ളത്. എന്നെപ്പോലെ ഈ കുഴിമാടങ്ങൾക്കിടയിലൂടെ ഓടാനായി വരുന്ന പലരുമുണ്ട്. എല്ലാത്തിനും പുറമേ, ഒരു സെമിത്തേരി എന്നത് പച്ചപ്പുള്ള മറ്റേതൊരിടം പോലെയും തന്നെ. മരങ്ങൾ, പുല്ലുകൾ, പിന്നെ ശ്വസിക്കുന്ന മണ്ണ്.

ഞാൻ വേഗത്തിലോടുന്നു. എന്തിനേയോ പിന്തുടരാനോ അതോ എന്തിൽ നിന്നോ രക്ഷപ്പെടാനോ എന്നുറപ്പില്ലാതെ. രണ്ടു വശത്തും കുഴിമാടക്കല്ലുകൾ ഞാൻ വേഗത്തിൽ പിന്നിടുന്നു: പിതാക്കൾ, പുത്രന്മാർ, അമ്മമാർ, പേരക്കുട്ടികൾ, കൂട്ടുകാർ...... വാക്കുകൾ, സംഖ്യകൾ, സമ്പൂർണ്ണ ജീവിതങ്ങൾ എല്ലാം പിളർപ്പുകൾക്കിടയിലേക്കു പതിക്കുന്നു.

സൂര്യൻ ഉദിച്ചു പൊങ്ങി. ഇപ്പോഴും വേഗം കൂട്ടി ഞാനോടുന്നു. സെമിത്തേരിക്കവാടത്തിലൂടെ പുറത്തു കടന്ന് നഗരത്തിനു നേർക്ക്, ഉറക്കം വിട്ടുണർന്ന്. മരിച്ചവരുടെ അലമുറകളാൽ പിന്തുടരപ്പെട്ട് മടങ്ങിയെത്തുന്നു വീട്ടിൽ.

(2019-ൽ പ്രസിദ്ധീകരിച്ച 'വ്യത്യസ്തമൊരു സൂര്യനു കീഴെ അല്പസമയം ' എന്ന സമാഹാരത്തിൽ നിന്ന്)

Tuesday, June 23, 2020

ഇരട്ടവാലൻ - പി.രാമൻ



Antics of the Greater Racket-Tailed Drongo | RoundGlass | Sustain



കുയിലിൻ്റെ കൂവലാണെന്നു തോന്നി
നോക്കിയപ്പോളുണ്ടിരട്ടവാലൻ
മൈനച്ചിലപ്പാണെന്നു തോന്നി
നോക്കിയപ്പോളുണ്ടിരട്ടവാലൻ
പൂച്ചക്കരച്ചിലാണെന്നു തോന്നി
നോക്കിയപ്പോളുണ്ടിരട്ടവാലൻ
എൻ ശബ്ദമായ് നിങ്ങൾ കേട്ടതെല്ലാം
ഇന്നേവരേക്കുമിരട്ടവാലൻ.

Monday, June 22, 2020

കൊട്ടാരം - പി.രാമൻ



What Do You See Photograph by Udo Wuchner



ചില്ലു പേപ്പർവെയ്റ്റിനകത്തെ
സ്വപ്നലോകത്തു നിന്ന്
കഷ്ടപ്പെട്ടു പൊട്ടിച്ചു പുറത്തെടുത്തപ്പോൾ
കുഞ്ഞു കൊട്ടാരത്തിൻ്റെ
മുഖം മങ്ങി.
എല്ലാ വീടും പോലെ
താനും ഇനി
പൊടിയിൽ കുളിക്കും എന്നോർത്ത്.
ഏയ്,
ഈ കുഞ്ഞിക്കൈയ്യിലിരിക്കേ
നീയെങ്ങനെ പൊടിപിടിക്കാനാണ്!
പോരെങ്കിൽ
ഈ കുഞ്ഞിക്കൈ
ഒരു പച്ചമരത്തിൻ്റെ ചിത്രം 
വരക്കാൻ പോവുകയാണ്.
അതിൻ്റെ കാപ്പിനിറത്തടിയിൽ
കടും കാപ്പി നിറത്തിൽ
ഒരു പൊത്തുണ്ടാവും.
ആ പൊത്തിലാണ്
നിന്നെ വയ്ക്കുക
കിളിക്കുഞ്ഞുങ്ങൾ
കൊട്ടാരത്തിൽ
രാജകുമാരന്മാരും രാജകുമാരിമാരുമായി
വളർന്നു പറക്കട്ടെ.

Sunday, June 21, 2020

ഈ വാൾ സമ്മാനമായ് സ്വീകരിക്കൂ - കണ്ടരാതിത്തൻ (തമിഴ്, ജനനം: 1972)



Collections | Museum of Fine Arts, Boston



കൈപ്പിടിയിൽ രത്നക്കല്ലു പതിച്ച ഈ വാൾ
ഞാൻ നിനക്കു സമ്മാനിക്കുന്നു.

നീ മഹാവീരനായതുകൊണ്ടോ
ഭീരുവിൻ്റെ രക്ഷയ്ക്കായോ അല്ല.

ഇതിൻ്റെ മൂർച്ച പരിശോധിക്കാൻ
നിനക്കൊരു ശത്രുവിനെയും
ഞാൻ സമ്മാനിക്കുന്നില്ല.

ഈ വാൾ 
അമൂല്യവസ്തുക്കൾ ശേഖരിക്കുന്നവർക്കു
വിറ്റുകളയാമെന്നോ

വീട്ടിനുമ്മറത്ത്
അലങ്കാരമായ് വെയ്ക്കാമെന്നോ
കരുതേണ്ട.

ഇതിൻ്റെ ചന്തം നോക്കാനായി
ഒഴിഞ്ഞിടത്തു പോലും നിന്നു
ചുഴറ്റാൻ പാടില്ല.

പറഞ്ഞു വരുന്നത്,
നീയിതു ചുഴറ്റാനേ പാടില്ല.

ആരും കാണാത്ത നേരം നോക്കി
വാൾ എവിടെയെങ്കിലും വെച്ച്
മടങ്ങിപ്പോകാനും ശ്രമിക്കരുത്.

ഇത്രയും നിബന്ധനകൾ വെച്ച്
ഈ വാൾ കൈക്കൊള്ളാൻ ഇഷ്ടമില്ലെങ്കിൽ
നിനക്കു പോകാം, തടസ്സമില്ല.

പിന്നീടൊരിക്കലും
വാൾ എന്ന വസ്തു നീ കണ്ടാലോ
കേട്ടാലോ
ഈ വാൾ
നിൻ്റെയോർമ്മയിലേ
വരരുത്.
വന്നാൽ
നേരെയെത്തി
നിൻ്റെ ശിരസ്സു ഞാനെടുക്കും,
സമ്മതമാണോ?

മർവൻ അലി കവിതകൾ (സിറിയ, ഇപ്പോൾ ഹോളണ്ടിൽ.ജനനം: 1968)


1. 

തെരുവ്


നീ നടക്കുന്ന തെരുവിന്
അതിന്റെ ആനന്ദം
മറച്ചു വക്കാനാവുന്നില്ല.




2. 

ഋതു

നിന്റെയഭാവത്തിൽ വരാൻ
വസന്തത്തിനെങ്ങനെ കഴിഞ്ഞു,
നാണമില്ലാതായോ
ഇപ്പോൾ ഋതുക്കൾക്കു പോലും!




നോട്ടം

നിൻ മരത്തിന്റെ ചോട്ടിൽ ഞാൻ നിന്നു
നിന്റെ ബാൽക്കണിച്ചോട്ടിലായ് നിന്നു.
ഞാനതൊന്നു പിടിച്ചുകുലുക്കി
ആകയാൽ നിൻ പഴയൊരാ നോട്ടം
എന്റെ മേൽ വീണു ധന്യനാകും ഞാൻ




തീവണ്ടി

നിന്റെ വീടിന്നരികിലൂടെ
കടന്നുപോകുമ്പോഴെല്ലാം
തീവണ്ടി
പിന്നിലേക്കു തിരിഞ്ഞു നോക്കുന്നു.
നീണ്ട യാത്രയുടെ മുഷിവിലും
അതാണ്
യാത്രികരുടെ ആഹ്ലാദത്തിന്റെ രഹസ്യം

ഗൃഹപാഠം - സൈമൺ ആർമിറ്റാഷ് (യു.കെ., ജനനം: 1963)



അന്നും സന്ധ്യ കഴിഞ്ഞു.
ഞാൻ ഇടവഴിയിലേക്കിറങ്ങി.
ചുവന്നൊരു പേന കൊണ്ട്
ചന്ദ്രൻ്റെ മുഖത്ത്
താടിയും മീശയും വരച്ചു വെച്ചു.

കുന്നിനപ്പുറം
എൻ്റെയൊരു പഴയ ടീച്ചർ
കണ്ണടയെടുത്തു മാറ്റി
തൂവാലകൊണ്ടു ചില്ലു തുടച്ചു.
അവർക്കു വിശ്വാസം വരുന്നില്ല
എന്താ ഈ കാണുന്നതെന്ന്.

ചക്രവാളം - ടെൻസിൻ സുൻഡ്യു (ടിബറ്റ്)



വീട്ടിൽ നിന്നെത്തി നിങ്ങൾ
ഈച്ചക്രവാളത്തി,ലിവിടെ.
ഇവിടെ നിന്നും മറ്റൊരിവിടേ -
യ്ക്കിവിടെനിന്നിനി നിങ്ങൾ പോകൂ

അവിടന്നു തൊട്ടപ്പുറത്തേ-
യ്ക്കവിടന്നടുത്തതിലേയ്ക്കും.
ചക്രവാളം തൊട്ടു ചക്രവാളം വരെ
ഓരോ ചുവടുമൊരു ചക്രവാളം.

ഓരോ ചവിട്ടടിയുമെണ്ണൂ
എണ്ണം മനസ്സിൽ സൂക്ഷിക്കൂ.

വെള്ളാരങ്കല്ലുകൾ പെറുക്കൂ
ഇലകൾ വിചിത്രം പെറുക്കൂ
വളവുകൾ നോക്കി വെയ്ക്കൂ - മാമല -
ന്തൂക്കുകളടയാളം വെയ്ക്കൂ
നിങ്ങൾക്കുപകരിച്ചേക്കാം
വീട്ടിൽ മടങ്ങി വരുവാൻ

മുഹമ്മദ് അർബി കവിതകൾ ( അറബിക്,ടുണീഷ്യ,ജനനം: 1985)

1
എഴുത്ത്

വെളിച്ചം കടന്നു വരാൻ
ചുമരു തുളയ്ക്കും പോലെ
ഞാനെഴുതുന്നു.
ഇരുണ്ട ചിന്തകൾ ചുറ്റിക.
ആണികൾ 
ചോരവിരലുകൾ മാംസവിരലുകൾ.
തടവുപുള്ളി ഒരു സ്പൂൺകൊണ്ടു
രക്ഷപ്പെടാൻ തുരക്കുംപോലെ
എഴുതുന്നു ഞാൻ.
അവസാനിക്കാത്ത ചുമരുകൾക്കപ്പുറം,
ജീവിതം അടച്ചു കെട്ടാൻ നാൾതോറുമുയരുന്ന
വേലികൾക്കപ്പുറം,
തിളങ്ങുന്ന അതേ വെളിച്ചത്തെപ്പറ്റി ചിന്തിച്ച്.



2
ഒരാഗ്രഹം

ചില സന്തോഷങ്ങളെക്കുറിച്ചെഴുതാൻ
ഞാനാഗ്രഹിക്കുന്നു.
അവയെത്ര ചെറുതുമാവട്ടെ.
അതിനോടൊപ്പം 
ഞാനെൻ്റെ മേശയ്ക്കലിരുന്ന്
അതിന് ഒരു സ്ട്രോബറി ജ്യൂസ്
ഓർഡർ ചെയ്യും.
പുതിയ മായക്കാഴ്ച്ചകളൊന്നും
എൻ്റെ വാതിലിൽ മുട്ടിവിളിക്കാത്ത നേരം
ഞാനൊറ്റക്കാകുമ്പോൾ
എൻ്റെ സന്തോഷത്തിനോടു
ഞാൻ സംസാരിക്കും.
അതിൻ്റെ ശോഷിച്ച പിൻപുറത്തു തട്ടും.
തുടുകവിളുകളിലേക്ക് ഉറ്റുനോക്കും.
എൻ്റെ കണ്ണുകൾ നിറഞ്ഞു കവിയും വരെ.



3
കവികൾ

കവികളെത്ര ദയനീയർ!
ചടുലമൊരു നോട്ടമെങ്ങനെ
അവരുടെ ജീവിതം
തകിടം മറിക്കുന്നുവെന്നറിയില്ലേ?
പരുക്കനൊരു വാക്ക്
മറുവാക്കില്ലാതെ
അടയാളമേതുമില്ലാതെ
അവരെ എന്നെന്നേക്കുമായ്
അപ്രത്യക്ഷരാക്കുന്നതെങ്ങനെ എന്ന്?

Saturday, June 20, 2020

ആദ്യത്തെ പേര് - പി.രാമൻ



ലോകത്തിലെ സകല ഭാഷകളിലും വെച്ച്
ആദ്യമുണ്ടായ പേരിലാണ്
ഏറ്റവും പുതിയ കാർ
ഇന്നു നിരത്തിലിറങ്ങിയത്.
ലോകത്തിൽ ആദ്യം വിളിക്കപ്പെട്ട പേര്
എനിക്കെങ്ങനെ അറിയാം എന്നല്ലേ ?
ഈ കാറ് കണ്ടയുടൻ
എനിക്കതു തീർച്ചയായി, അത്ര തന്നെ.
മുന്നിലിറങ്ങി നിന്ന് 
ഞാനാപ്പേരു വിളിച്ചു.
അതു നീട്ടി ഹോണടിച്ചു.
ലോകത്തിലെ സകല ഭാഷകളിലും വെച്ച്
ആദ്യത്തെ പേരുള്ള കാറേ, ഞാൻ മാറില്ല.

കുളി - പി.രാമൻ



എൻ്റെ ശരീരം നുണഞ്ഞു
മിഠായി മണമുള്ള സോപ്പ്.

ക്ലോറിൻ ചുവയുള്ള
വെള്ളമാണെങ്കിലും.

തലകീഴായ് ഉറങ്ങുന്ന രാത്രി - പി.രാമൻ

തലകീഴായുറങ്ങുന്ന രാത്രി


മരക്കൊമ്പുകൾ പൊട്ടി -
പ്പിളരും ശബ്ദത്തിൻ്റെ
ബാക്കിക്കു കാതോർത്തു ഞാൻ,
ഇല്ലവ വീഴുന്നില്ല
വീഴുന്ന ശബ്ദമില്ല.

താഴെ വീഴാതെത്തൂങ്ങി
നിൽക്കുകയാവാമവ
വീടിന്നു ചുറ്റുമുള്ള
രാ മരങ്ങളിലെല്ലാം.

ചിറകൊച്ചയുമില്ല.

തലകീഴായിത്തൂങ്ങും
കൊമ്പായ കൊമ്പിൻ പൊത്തിൽ
തലകീഴായിഗ്ഗാഢ -
നിദ്രയിലാണെല്ലാരും

പിഹി - മാസ്ക കാലേക്കോ (ജർമ്മൻ)


വായിച്ചിട്ടുണ്ടു ഞാൻ ദൂരെയേതോ നാട്ടിൽ
വാഴുമാപ്പക്ഷിയെപ്പറ്റി.
ഒറ്റച്ചിറകുള്ളൊരാപ്പിഹിപ്പക്ഷിയെ-
പ്പറ്റി,യതു പറക്കുന്നൂ
മാനത്തു ജോഡിയായ്, ജോഡിയായേ നിലം
വിട്ടവ പൊന്തുമാറുള്ളൂ.
ഒറ്റയായാൽ നിലം പറ്റിക്കഴിയുക -
യല്ലാതതിന്നൊന്നുമാകാ.
ആപ്പിഹിപ്പക്ഷിയെപ്പോലെൻ ഹൃദന്ത, മീ-
ക്കൂടു വിട്ടീടാനശക്തം
എന്നെ നീ വിട്ടു പോകുന്ന നേരം നിലം -
പറ്റി നിൽക്കുന്നു നിസ്തബ്ധം.

ആലിംഗനം - ദൽസ് മരിയ ലോയിനാസ് (ക്യൂബ)


അനുഭവിച്ചു ഞാനെൻ കൈകളിൽ നദി
മുഴുവനായിന്ന്, ജീവനോടേ, കൊടും -
വിറ വിറച്ച്, ഒരു പച്ച മനുഷ്യന്റെ -
യുടലുപോലെ നദിയെന്റെ കൈകളിൽ...

ഈ പ്രഭാതത്തിലെന്റെയായ് നദി, പുരാ-
തന നദീതടത്തിൽ നിന്നുയർത്തി ഞാൻ
ചേർത്തു ഹൃത്തി, ലെന്തോരു കനം, ആകെ
വേദനിച്ച്.......വലിച്ചു പറിക്കയാൽ
പിട പിടച്ച്.......

നദി...... ജലത്തിൻ തണുത്ത പനി: സ്നേഹ -
മൃതികൾ തൻ കയ്പു ശേഷിപ്പു വായയിൽ

മരണപ്പെട്ട പ്രിയർക്ക് - ഏണസ്റ്റോ കാർദെനൽ (നിക്കരാഗ്വ, ജനനം: 1925)



സ്ഥാനക്കയറ്റം ലഭിച്ചാൽ, താങ്കൾക്കു
സ്ഥാനമാനങ്ങൾ കിടച്ചാൽ
വമ്പനവാർഡു ലഭിച്ചാൽ
ചിന്തിയ്ക്ക മൃതരെക്കുറിച്ച്.

താങ്കൾ വരവേൽക്കപ്പെടുമ്പോൾ,
പ്രതിനിധി സംഘാംഗമായിരിക്കുമ്പോൾ
ചിന്തിയ്ക്ക മൃതരെക്കുറിച്ച്.

വോട്ടെടുപ്പിൽ ജയിക്കുമ്പോൾ, ജനം
ഹർഷാരവം മുഴക്കുമ്പോൾ
ചിന്തിയ്ക്ക മൃതരെക്കുറിച്ച്

പിന്നെ പ്രസംഗപീഠത്തിൽ
നേതാക്കളോടൊത്തു കേറി
സന്തുഷ്ടനാകുന്ന നേരം
ചിന്തിയ്ക്ക മൃതരെക്കുറിച്ച്.

വൻ പട്ടണത്തിലെ വിമാന -
ത്താവളത്തിൽ നിങ്ങളെത്തേ
ചിന്തിയ്ക്ക മൃതരെക്കുറിച്ച്

മൈക്കിന്നു മുന്നിലായ് നിന്ന്
നേരേ നിവർന്നു പറയാൻ
താങ്കൾതന്നൂഴമെത്തുമ്പോൾ
ചിന്തിയ്ക്ക മൃതരെക്കുറിച്ച്

ചാനലിൻ കണ്ണുകളെല്ലാം
താങ്കളെയൊപ്പി നിൽക്കുമ്പോൾ
ചിന്തിയ്ക്ക മൃതരെക്കുറിച്ച്

ഉത്തരവിറക്കാൻ അനുവാദമേകാൻ
സർട്ടിഫിക്കറ്റുകൾ നൽകാൻ
അധികാരി താങ്കളാകുമ്പോൾ
ചിന്തിയ്ക്ക മൃതരെക്കുറിച്ച്

കൂനിപ്പിടിച്ചൊരു വൃദ്ധ
താങ്കൾക്കരികത്തു വന്ന്
ഒരു തുണ്ടു മണ്ണിനെച്ചൊല്ലി
ആവലാതിപ്പെടുംനേരം
ചിന്തിയ്ക്ക മൃതരെക്കുറിച്ച്.

ചിന്തിയ്ക്ക മൃതരെക്കുറിച്ച് - കാണൂ
കുപ്പായമില്ലാതവരെ
വലിച്ചിഴയ്ക്കപ്പെട്ട്, ചോര ചീറ്റിക്കൊണ്ട്
തല മൂടി, തുണ്ടു തുണ്ടായി,

വെള്ളത്തിൽ മുങ്ങി,ക്കറന്റടിയേറ്റ്, കൺ
ചൂഴ്ന്നെടുത്ത്, കഴുത്തറ്റ്
വെടിയുണ്ട കീറിപ്പൊളിച്ച്, പാത -
വക്കത്തു കൊണ്ടിടപ്പെട്ട്,

അവർ തീർത്ത കുഴികളിൽത്തന്നെ
ഒന്നിച്ചടക്കി മണ്ണിട്ട്,
അല്ലെങ്കിൽ കാട്ടുചെടികൾ
ആർത്തു തഴച്ചു വളരാൻ
പുഷ്ടിയേറ്റും വിധം മണ്ണിൽ
ചുമ്മാ കിടക്കുന്നതായി.

മരണമടഞ്ഞോരവർതൻ
പ്രതിനിധിയാണിന്നു താങ്കൾ
ചുമതലയേൽപ്പിച്ചിരിക്കു-
ന്നവർ താങ്കളെയതിന്നായി.

കടലിനെ പ്രാകുന്ന മനുഷ്യൻ - മിറോസ്ലാവ് ഹോലുബ് ( ചെക്ക്, 1923 - 1998)


ഒരുത്തൻ
പാറക്കെട്ടുകൾക്കു മേലേ കേറി നിന്ന്
കടലിനെ പ്രാകാൻ തുടങ്ങി:

പൊട്ട വെള്ളമേ, പൊട്ട കെർപ്പ വെള്ളമേ,
ആകാശത്തിന്റെ ക്ഷുദ്രപ്പകർപ്പേ,
സൂര്യനും ചന്ദ്രനുമിടയിൽ
പമ്മിപ്പമ്മിക്കറങ്ങുന്ന അസത്തേ,
കക്കകൾ എണ്ണിപ്പെറുക്കി വെക്കുന്ന കണക്കപ്പിള്ളേ,
വഴുവഴാ മുക്രവായൻ കാളേ,
ഏതു മുനമ്പിൻമേലും വെട്ടിക്കീറുന്ന
സ്വയംകൊല്ലി വാളേ,
രാത്രിയെ തുണ്ടു തുണ്ടാക്കുന്ന,
നിശ്ശബ്ദതയുടെ ഉപ്പുമേഘങ്ങൾ
മൂക്കിൽ വലിച്ചു കേറ്റുന്ന,
ചുമ്മാ ചുമ്മാ കൊഴുകൊഴാ ചിറകുകൾ വിരിക്കുന്ന
കൂട്ടത്തലയൻ പാമ്പേ,
തന്നെത്താൻ തീനി സത്വമേ,

വെള്ളത്തിന്റെ കാച്ചികീച്ചികൂച്ചിപ്പരപ്പൻ
തലയോട്ടി വെള്ളമേ ---

അങ്ങനെ കുറച്ചു നേരമയാൾ
കടലിനെ പ്രാകി
കടലോ, മുറിവേറ്റ നായയെപ്പോലെ
മണലിലെ അയാളുടെ കാൽപ്പാടുകൾ നക്കി

പിന്നയാൾ താഴത്തിറങ്ങി വന്ന്
കടലിന്റെ
ചെറിയ ബൃഹത്തായ ഇളകിമറിയുന്ന കണ്ണാടിമേൽ
തല്ലി.

ദാ, ബടെ, വെള്ളമേ, അയാൾ പറഞ്ഞു
എന്നിട്ടയാളുടെ പാട്ടിനു പോയി.

Friday, June 19, 2020

ആത്മാനാം കവിതകൾ (തമിഴ്,1951-1984)



A Tamil poem with a 'non-existent' title by Atmanam |




(ആധുനിക തമിഴ് കവിതയിൽ എഴുപതുകൾക്കൊടുവിൽ ഉയർന്നു വന്ന തലമുറയിലെ പ്രധാന ശബ്ദങ്ങളിലൊന്നാണ് ആത്മാനാമിൻ്റേത്.കവി, പത്രാധിപർ, പരിഭാഷകൻ എന്നീ നിലകളിൽ അറിയപ്പെട്ടു. മുപ്പത്തിമൂന്നാം വയസ്സിൽ സ്വയം ജീവിതം അവസാനിപ്പിച്ചു.)


1
എൻ്റെ റോസാത്തൈകൾ

എൻ്റെ രണ്ടു റോസാത്തൈകളെ
ഇന്നു സന്ധ്യക്കു കാണാൻ ചെന്നു.
ഞാൻ വരുന്നത് അവക്കറിയാം.
മെല്ലെ കാറ്റിലാടുന്ന ചില്ലകളാൽ
എന്നെ വരവേൽക്കാനവയൊരുങ്ങുന്നത്
മനസ്സിലായി.
ഞാൻ മെല്ലെ പടി കയറിച്ചെന്നു.
ചങ്ങാത്തത്തോടെ അവയെന്നെ നോക്കി.
പുഞ്ചിരിച്ചു ഞാൻ മുറിയിലേക്കു കയറി.
ചെരുപ്പഴിച്ചു മുഖം കഴുകി
പൂത്തൂവാലകൊണ്ടു തുടച്ച്
കണ്ണാടികൊണ്ട് എന്നെ നോക്കി
പുറത്തിറങ്ങി.
ഒരു മൊന്ത വെള്ളം കയ്യിലെടുത്ത്
എൻ്റെ റോസാച്ചെടികൾക്കൊഴിച്ചു.
ഞാൻ ഒഴിക്കുന്ന വെള്ളത്തേക്കാൾ
ഞാൻ തന്നെയാണവക്കു മുഖ്യം.
മെല്ലെ എന്നോടു ചോദിച്ചു,
ഇന്നെന്തു ചെയ്തു എന്ന്.
നിങ്ങളെത്തന്നെ വിചാരിച്ചുകൊണ്ടിരുന്നു
എന്നു കള്ളം പറയാൻ മനസ്സില്ലാതെ
ചെയ്ത കാര്യങ്ങൾ ഞാൻ പറഞ്ഞു.
അവയെ ഓർമ്മവന്ന നിമിഷത്തെപ്പറ്റി പറഞ്ഞു.
ചിരിച്ചുകൊണ്ട്, രാവിലെക്കാണാം
പോയുറങ്ങൂ എന്നവ.
വീണ്ടുമൊരു തവണ ഞാനവയെ നോക്കി.
കതകു ചാരി കിടക്കയിൽ കിടന്നു
രാവിലെയാവുന്നതു ചിന്തിച്ചുകൊണ്ട്.



2
തുമ്പി

എൻ്റെ ഹെലിക്കോപ്റ്ററുകൾ
പറക്കാൻ വിട്ടു.
എങ്ങും തുമ്പികൾ.
എൻ്റെ തുമ്പികളെ
പറക്കാൻ വിട്ടു.
എങ്ങും യുദ്ധവിമാനങ്ങൾ.
എൻ്റെ യുദ്ധവിമാനങ്ങളെ
പറക്കാൻ വിട്ടു.
എങ്ങും ശാന്തത.
എൻ്റെ ശാന്തതയെ
പറക്കാൻ വിട്ടു.
എങ്ങും താങ്ങാനാവാത്ത അപായം.



3
കളയൽ

എന്നെക്കളഞ്ഞു.
എൻ്റെ ഉടൽ ബാക്കി.
എൻ്റെയുടൽ കളഞ്ഞു.
ഞാൻ ബാക്കി,
ഞാനിനെക്കളഞ്ഞു.
ആ ഒഴിവിൽ
ശൂന്യസ്ഥലം ബാക്കി.
ശൂന്യസ്ഥലത്തെ കളഞ്ഞു.
ഒന്നുമേയില്ല.




4
തെരുവ്

തെരുവിനെ നോക്കെടാ നീണ്ട
തെരുവിനെ നോക്കെടാ
നിൻ്റെ ദുഃഖങ്ങളെ
അഴകാക്കി മാറ്റുമിരുവശമുള്ള തെരുവ്.
മരങ്ങൾ നോക്ക്
സർക്കാർ അവയെ
സ്വന്തം മരങ്ങളാക്കിയിട്ടുണ്ടാവാം
എങ്കിലുമവക്കിഷ്ടം
നിന്നെത്തന്നെ.
ആക്രിസ്സാധനങ്ങൾ കയറ്റിപ്പോകുന്ന
ലോറി നോക്ക്
വൈക്കോൽ തുറു കൊണ്ടുപോകുന്ന
കാളവണ്ടി നോക്ക്.
ഒത്ത നടുക്ക്
മനുഷ്യർ ജീവിക്കുന്നിടങ്ങളിലെ
നേതാക്കന്മാരുടെ പ്രതിമ നോക്ക്.
നിന്നനിലയിൽ നിങ്ങുന്ന
തെരുവിൻ്റെ തന്മ നോക്ക്.
ഞാൻ ഇതിൻ്റെ ഒരു മൂലയിലുണ്ടെങ്കിൽ
നീ ഇതിൻ്റെ മറ്റൊരു മൂലയിലുണ്ട്.
നാം തെരുവിൽത്തന്നെയാണ്.
തെരുവ് നമ്മെ ഇണക്കുന്നു.
മരങ്ങൾ നമ്മോടിഷ്ടം കാണിക്കുന്നു.
യാത്ര ആനന്ദകരം.
വലിച്ചെറിയ് നിൻ്റെ കവിതാ പുസ്തകം.




5
ഭിക്ഷ

നീയൊരു പിച്ചക്കാരനായിപ്പോ.
ഭിക്ഷ ഭിക്ഷ എന്നലറ്.
നിൻ്റെ വിളി
തെരുവിനറ്റം വരെയല്ല
അതിരില്ലാത്ത വെളിമ്പരപ്പു കടക്കണം.
നിൻ്റെ വിശപ്പിനുള്ള അന്നം
കുറച്ചരിമണികളിലില്ല.
നിൻ്റെ കയ്യിലൊന്നുമില്ല
ചില ചെങ്കൽക്കട്ടകളല്ലാതെ.
നിനക്കു ഭിക്ഷ തരാനും ഒരാളുമില്ല,
നീയല്ലാതെ.
ഇതു പറയുന്നത്
ഞാനല്ല നീ തന്നെ.




6
സാധന

സാക്ഷാൽക്കരിച്ചുവോ നീ
എന്നതൊരു ചോദ്യം.
എൻ്റെ കയ്യിലിപ്പോൾ
മറുപടിയില്ല.
എൻ്റെയുടൽ മരിച്ച ശേഷം
ഉയരും കൽത്തൂണിനു
മുന്നിൽ നിന്നു ചോദിക്കൂ.




7
ഒടുവിൽ

ഒരു പഴയ തുരുമ്പുപിടിച്ച
ഇരുമ്പുപെട്ടിക്കുള്ളിൽ
എന്നെ
ഇരുത്തി
ബലമുള്ളൊരു പൂട്ടുകൊണ്ടു പൂട്ടി
മൂന്നു ദിവസം
മൂന്നു മണിക്കൂർ
മൂന്നു നിമിഷം
മൂന്നു മാത്ര
കഴിഞ്ഞു വിളിച്ചാലും
ഞാൻ
ഇരുന്നപടി തന്നെ
തുരുമ്പുപിടിക്കാത്ത ഇരുമ്പു സത്തോടെ
പുറത്തുവരും.





8
ജീവിതക്കിണറ്റിൽ

ജീവിതക്കിണറ്റിൻ
മോഹ നീരിൽ
ഇടിച്ചിറങ്ങുന്ന
ബക്കറ്റ് ഞാൻ.
നെടും കയറാൽ
മടക്കിട്ടു
വലിക്കുന്ന
ദൂതൻ ആര്?





9
നാളെ നമ്മൾക്കും

പൊരികടല
പശി തീർക്കും.
ചെറു കാശ്
സുഖം ചേർക്കും.
പൂവിതളുകൾ
വഴികാട്ടും.





10
കട്ട

ഈ മനുഷ്യക്കട്ടയെരിക്കാൻ
മരക്കട്ട അടുക്കുന്നതെന്തിന്?
അതു ചെയ്ത പാപമെന്ത്?



11
ദർശനം

ദൈവത്തെക്കണ്ടു ഞാൻ
ഒന്നും ചോദിക്കാൻ തോന്നിയില്ല.
അവരും പുഞ്ചിരിച്ചു
പൊയ്ക്കളഞ്ഞു.
എന്നിട്ടും
മനസ്സിലൊരു സമാധാനം.


12
ചുറ്റി

ആൽമരത്തെ ചുറ്റി
പിറന്ന കുട്ടി ഒരാൾ
വേപ്പുമരത്തെ ചുറ്റി
പിറന്ന കുട്ടി ഒരാൾ
ഏതു മരത്തെ ചുറ്റി
പിറന്ന കുട്ടി ഇവൻ?
ഏതെങ്കിലും തറുതലമരമായിരിക്കുമോ?

യി ഷാ കവിതകൾ (ചൈന, ജനനം: 1966)


1
നന്ദിയുള്ള കുടിയൻ


ഒരു കുടിയൻ
വാളു വയ്ക്കുകയായിരുന്നു
നഗരത്തിൽ.
നഗരച്ചാലിന്റെ പാലത്തിന്മേൽ,
അസ്തമയ സൂര്യന്റെ തീക്ഷ്ണപ്രഭയിൽ.
ഒരവസാനവുമുണ്ടായിരുന്നില്ലതിന്.
ശ്വാസകോശത്തിന്റെ മുകളറ്റം കൊണ്ടു
പാട്ടു പാടുന്ന പോലെ തോന്നിച്ചു, അയാൾ.
തിന്നതൊക്കെ പുറത്താക്കി,
പിത്തരസം പോലും.
പണി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോൾ
ഞാനതിൽ കുരുങ്ങി നിന്നു.
ഉള്ളിലൊരാന്തലോടെ പെട്ടെന്നെനിക്കു ബോധ്യമായ്
ജീവിതത്തോടു നന്ദി പ്രകാശിപ്പിക്കാൻ
ഓരോരുത്തർക്കും അനന്യമായ സ്വന്തം വഴിയുണ്ടെന്ന്.



2
മൃഗശാലയിൽ


ഈ മൃഗശാല ഞാൻ സന്ദർശിച്ചിട്ടു 18 കൊല്ലമായി.
ഇന്നിവിടെ വരുമ്പോൾ
ഇളയ മകനുമുണ്ടു കൂടെ.
നമ്മൾ മനുഷ്യർക്കു പുറമേ ഈ ഭൂമിയിൽ
മറ്റു ജീവജാലങ്ങളുമുള്ളതു കണ്ടറിയാൻ.
പുലിക്കൂട്ടിൽ
ഇപ്പോഴുള്ള പുലി
18 കൊല്ലം മുമ്പു ഞാൻ കണ്ടതല്ല.
അത് ഇതിൻ്റെ അമ്മ.
പത്തുകൊല്ലം മുമ്പൊരു വേനലിൽ
അതു ചത്തു.
അതല്ല പ്രധാനം.
ഇതൊരു പുലിയാണെന്ന്
എൻ്റെ മകനറിയലാണ്.
അതു മുരളുമ്പോൾ
എൻ്റെ മകൻ അലറിക്കരയാൻ തുടങ്ങുന്നു.
അപ്പോൾ ഞാനവനെ
പുള്ളിമാനുകളെ കാണിക്കാൻ കൊണ്ടുപോയി.
ഒരു പിടി പുല്ലു കാട്ടി ഞാനിണക്കിയപ്പോൾ
അതടുത്തു വന്ന്
കൂടിൻ്റെ അഴിമേൽ മസിലിട്ടുരച്ചു.
അപ്പോൾ പേടി മാറിയ എൻ്റെ മകൻ
കുഞ്ഞു വിരലുകൾ കൊണ്ട്
അതിൻ്റെ തല പിടിച്ച്
കണ്ണിലൊറ്റക്കുത്ത്.



3
തെറ്റിച്ചെഴുതിയൊരു ചൈനീസ് അക്ഷരം ഞാൻ


ഏതോ ഗ്രാമീണ വിദ്യാലയത്തിലെ കറുത്ത ബോർഡിൽ
തെറ്റിച്ചെഴുതിയൊരു ചൈനീസ് അക്ഷരം ഞാൻ.
ഏതു കയ്യെന്നെയെഴുതിയെന്നോ
കൃത്യം ഏതു കൊല്ലത്തിലെന്നോ
എനിക്കോർക്കാനാവുന്നില്ല.
ഉറച്ച വിശ്വാസത്തോടെ എന്നെത്തന്നെ നോക്കിയിരിക്കുന്ന
ആ കുഞ്ഞുങ്ങളെ
ഞാൻ ഉൽക്കണ്ഠയോടെ നോക്കുന്നു.
തെറ്റിച്ചെഴുതിയൊരു ചൈനീസ് അക്ഷരം
കൊച്ചു കുഞ്ഞുങ്ങളുടെ തലമുറകളെ
വഴിതെറ്റിക്കാം.
ഒരു കൊല്ലം - ഏതെന്നു ഞാനോർക്കുന്നില്ല,
എവിടുന്നോ വന്നൊരു ടീച്ചർ
മൃദുവായ കൈകൾ കൊണ്ടെന്നെ
മായ്ച്ചു കളഞ്ഞു.
സൂര്യവെളിച്ചം നിറഞ്ഞ
അവളുടെ ശ്വാസകോശത്തിനുള്ളിൽ
ചോക്കുപൊടിയായ് ഞാനടിഞ്ഞു

Thursday, June 18, 2020

ഗൈറോയിർ ഏലിയാസ്സൻ കവിതകൾ (ഐസ് ലാൻ്റ്, ജനനം: 1961)




I
മലകയറ്റം

ചൊവ്വയിലെ ഏറ്റവും ഉയരം കൂടിയ
പർവതത്തിന്
24 കി.മീ. ഉയരം.
എന്റെ സ്വപ്നങ്ങളിൽ
ഞാനതിൽ കേറിയിട്ടുണ്ട്.

ഓർക്കുന്നു
കൊടുമുടിയിൽ നിന്നുള്ള കാഴ്ച:
പ്രൗഢഗംഭീരം
അന്തി വെളിച്ചത്തുടുപ്പിൽ
നീലഗ്രഹം നീന്തുന്നു.

ഓർമ്മ വരുന്നു
ലൂയി ആംസ്ട്രോങ്ങുമുണ്ടായിരുന്നു
എന്റെ കൂടെ.
അല്ല. ലാൻസ് ആംസ്ട്രോങ്.
അല്ലല്ല, നീൽ ആംസ്ട്രോങ്ങിനെയാണ്
ഞാനുദ്ദേശിച്ചത്.

ഉണർന്നപ്പോൾ
കാലിൽ അതേ ബൂട്ട്.
ചുവന്ന കളിമണ്ണു പുതഞ്ഞ്.
ഞാനതുരച്ചെടുത്ത്
ഒരു കൊച്ചു ചന്ദ്രനിൽ തിരുകി സൂക്ഷിച്ചു.



2
സൂര്യവെളിച്ചം വീഴുന്നിടം,


രണ്ടു സൂര്യന്മാരും
കറുത്ത ചെടികളുമുള്ള ഗ്രഹങ്ങളുണ്ട്.

രണ്ടു സൂര്യന്മാരും
രാക്കറുപ്പു ചെടികളുമുണ്ടെങ്കിലും
അവിടെ യുദ്ധമില്ല.

ഇവിടെ
ഒറ്റസ്സൂര്യൻ
ചെടിയെല്ലാം പച്ച
എന്നിട്ടും സമാധാനമില്ല.

രണ്ടു സൂര്യന്മാരുള്ള ഗ്രഹത്തിൽ
വെളുത്ത കുട്ടിക്കുതിരകൾ
കാട്ടുചെടികൾക്കിടയിലൂടോടുന്നു.

എടുത്തു മാറ്റാൻ പറ്റാത്ത
ഒരേയൊരു സൂര്യൻ മാത്രമുള്ള ഇവിടെ
ടാങ്കുകൾ
കാടുമുറിച്ചു കടന്നു പോകുന്നു.

ഒരൊച്ച്, രണ്ടു കവിതകൾ (മലാവി, ചീനക്കവിതകൾ)

1
ഒച്ചിൻ്റെ വിലാപം

ആൽബർട് കലിംബകാഥ (മലാവി, ആഫ്രിക്ക, ജനനം: 1967)


നുറുങ്ങിച്ചാവുന്നു ഞാൻ
ചതഞ്ഞു ചാവുന്നു ഞാൻ
പുറത്തിരുട്ടിൽ

നുറുങ്ങിച്ചാവുന്നു ഞാൻ
ചതഞ്ഞു ചാവുന്നു ഞാൻ
പുറമഴയിൽ

നുറുങ്ങിച്ചാവുന്നു ഞാൻ
ചതഞ്ഞു ചാവുന്നു ഞാൻ
പച്ചപ്പുല്ലുമേട്ടിലെ
വീട്ടീന്നകലെ.

നുറുങ്ങിച്ചാവുന്നു ഞാൻ
ചതഞ്ഞു ചാവുന്നു ഞാൻ
ചേറ്റു പാതകളിൽ.

നുറുങ്ങിച്ചാവുന്നു ഞാൻ
ചതഞ്ഞു ചാവുന്നു ഞാൻ
പാവത്തത്തിൽ.

നുറുങ്ങിച്ചാവുന്നു ഞാൻ
ചതഞ്ഞു ചാവുന്നു ഞാൻ
മനുഷ്യൻ്റെ കാലിന്നടിയിൽ.



2
ഹ്വാലിയനിലെ രാത്രി

ഷെൻ ഹാവോബോ (ചൈന, ജനനം: 1976)


കടൽക്കാറ്റു വീശുന്ന
നിശ്ശബ്ദരാത്രി.

ഒഴിഞ്ഞു പരന്ന
ഹൈവേ

ഒരൊച്ച്
മെല്ലെയിഴഞ്ഞു നീങ്ങുന്നു.

ഒരു മോട്ടോർബൈക്ക്
കടന്നു പോകുന്നു.

അതിന്നിരമ്പത്തിൽ
നിങ്ങൾക്കിപ്പോഴും കേൾക്കാം
ഒരു ക്രാക്ക്.

Wednesday, June 17, 2020

മുന്നിൽ നീ - പി.രാമൻ




Shocking! Giant wheel crash kills 10-year-old girl in Andhra ...



വട്ടം കറങ്ങി മുകളിലെത്തി
താഴേക്കിറങ്ങുമ്പോൾ
യന്ത്ര ഊഞ്ഞാലിലിരിക്കുന്നവൻ്റെ
അടിവയറ്റിൽ നിന്നു പൊന്തുന്ന പോലെ

ഒരാന്തല്.

തണുത്ത കാറ്റടിച്ചപ്പോൾ.

താഴെ നോക്കിയാൽ ആൾക്കൂട്ടത്തിൽ
നിന്നെ മാത്രം കാണുന്നു.
നിന്നെ നോക്കി വിളിക്കുന്നു: ഒന്നു നിർത്തൂ.
ഉയരെ കറങ്ങുന്നവരിൽ ഞാനെവിടെ
എന്നു മുഖമുയർത്തി നോക്കുകയാണു നീ.

ഒരു യന്ത്രയൂഞ്ഞാലു കണ്ടിട്ടു തന്നെ
എത്ര കാലമായി!

ടിക്കറ്റുകൊടുത്ത് ആളെക്കേറ്റി
ഊഞ്ഞാലു കറക്കി വിടുന്ന
പണിക്കാരൻ്റെ മട്ടുണ്ട്
ടെറസിനോടു ചേർന്ന ഈ ഒറ്റമരത്തിന്.

....

താഴേക്കിറങ്ങുന്ന ഒരെസ്കലേറ്ററിൽ
കാലെടുത്തു വെയ്ക്കേ
അടിതെറ്റി
കൈയിലുള്ള പെട്ടിയോടു കൂടി
മൂക്കുകുത്തിയുരുണ്ടിറങ്ങി
മുഖമുയർത്തി നോക്കുമ്പോൾ
മുന്നിൽ നീ നിൽക്കുന്നതാണ്
ഞാനൊരിക്കലും കാണാത്ത
എപ്പോഴും കണ്ടു കൊണ്ടിരിക്കുന്ന
സ്വപ്നം.

ദേവദേവൻ കവിതകൾ (തമിഴ്)

1
തെങ്ങുകളും പനകളും

എല്ലാ സ്ഥാവരങ്ങളും വെള്ളം വേണ്ടവ തന്നെ.
നീർത്തടങ്ങൾക്കരികേ ഇടം കിട്ടിയതിനാൽ
നെട്ടനെ വളർന്നുപൊങ്ങി, ഇവൾ.
അല്പം വളഞ്ഞ് ചന്തം കാട്ടി നിൽക്കുന്നു.
എപ്പോഴും
അപ്പോൾ കുളിച്ചു വന്നവളെപ്പോലെ
വിരിച്ചിട്ട
നീളമേറിയ മുടിയിഴകൾ കാറ്റിൽ കോതിയപടി
മാനത്തു പറത്തി നിൽക്കുന്നു.
മുല മുലയായ് കായ്ച്ചു കായ്ച്ച്
തന്റെ കാമുകനെ നോക്കി കണ്ണടിച്ച്
മേനിയഴകോടവൾ നിൽക്കുന്നു.

എല്ലാ സ്ഥാവരങ്ങളും വെള്ളം വേണ്ടവ തന്നെ.
നീർത്തടങ്ങൾക്കരികെ ജീവിക്കാനാവാതെ
തുരത്തപ്പെട്ടതിനാൽ
ഊഷരഭൂമിയിൽ പോയി നിന്നു, ഇവൾ.
പിടിവാശിയോടെ കറു കറുത്തു വളർന്നു.
ഉടലിലെമ്പാടും പരുക്കൻ പാടുകളുമായ്
കറുത്ത കൽത്തൂണായ്
കൂർത്തു കൂർത്തു നിൽക്കുന്ന തലമുടിയോടെ
കടുപ്പം പൂണ്ടവളൾ നിവർന്നു പൊങ്ങി.
ഇവൾക്കുമുണ്ട് പ്രണയം
ആ പ്രണയം.....




2
മഹാകാര്യം മഹാകാവ്യം


മഴ പെയ്തു
നീല വിളഞ്ഞ
വിണ്ണിൻ കീഴേ
മഴ പെയ്തു
പച്ച വിരിഞ്ഞ
മണ്ണിൻമേലേ
പുള്ളിപ്പുള്ളി
രക്തത്തുള്ളികളായ്
ധൃതിയിൽ മിന്നുന്നൂ
പൂമ്പാറ്റകൾ
എവിടെയോ ഏതോ
ഒരു സൗന്ദര്യ ശാസ്ത്ര പ്രശ്നം
തിരക്കിട്ടു തീർക്കാനായി.




3
കരിമ്പുള്ളി


മനുഷ്യൻ്റെ മുഖത്തൊരു
കരിമ്പുള്ളി വന്നതെന്ത്?

ജീവൻ്റെയാനന്ദമായ്
വിരിഞ്ഞാടിക്കൊണ്ടിരിക്കും
കുഞ്ഞിനറിയില്ല
തൻ പട്ടു കവിളത്ത്
അമ്മ കുത്തിയ
കറുത്ത പൊട്ടെന്തിനെന്ന്?

അറിഞ്ഞിട്ടുമറിയാത്തവളായ്
അവനോടു സന്തോഷിച്ചു
ചിരിക്കുന്നതെന്തവൻ്റെ
ചെറുപ്പക്കാരിയാം അമ്മ!




4
അതുവരെയുമില്ലാത്ത കരുതൽ


അതുവരെയുമില്ലാത്ത
കരുതലോടെ
ശ്രദ്ധിച്ചു കൊണ്ടുനടക്കുന്നു
വഴിയേ പോകുന്ന കൊച്ചുകുട്ടിയെ
അതിനേക്കാൾ അല്പം വലിയ കുട്ടി.




5
രാധേ


രാധേ! നിൻ പൗർണ്ണമിയുടലിൻ
പ്രകൃതിപ്പരപ്പുകളിൽ
ആടുമേയ്ക്കും പയ്യൻ ഞാൻ.

നോക്കൂ രാധേ!
ഈ ആൽമരത്തണലും കുളവും ഞാനുമല്ലേ
ചുട്ടെരിക്കുന്ന വേനൽപ്പകലിനെ
നിലാവെളിച്ചമായ് മാറ്റിക്കൊണ്ടിരിക്കുന്നത്!

എൻ്റെ പുല്ലാങ്കുഴൽപ്പാട്ടിന്നമൃതിനു വേണ്ടി
എൻ മുഴങ്കാലിൽ കവിൾ ചേർത്ത്
എന്നെത്തന്നെയുറ്റുനോക്കിയിരിക്കും
പ്രേമ സൗന്ദര്യമേ, രാധേ!
എപ്പോഴും സ്വന്തമഴകിനെപ്പറ്റിത്തന്നെ
വർണ്ണിക്കുന്നതു കേട്ടു സന്തോഷിക്കും
നിന്നാത്മപ്രേമത്തിൻ
കളിപ്പാവ മാത്രമല്ലേ ഞാൻ,
എൻ്റെ പ്രണയമേ!




6
ആ കൈ


പ്രാണൻ നടുങ്ങുന്ന വേദനയിൽ
ഹൃദയം അലറുമ്പോൾ
എൻ്റെ പുണ്ണുകൾ കഴുകി മരുന്നിടുന്ന
ഒരു കരസ്പർശത്തിൽ
ഞാൻ പിറന്നു.
ജന്മം മുഴുക്കേ അതു തേടിയലഞ്ഞ്
രോഗിയുമായി.

ഒടുക്കം മരണക്കിടക്കയിൽ
വീണ്ടും ആ കൈ
എന്നെ സ്പർശിക്കുന്നതറിഞ്ഞു.
ചക്രശ്വാസങ്ങൾക്കു മീതേ
അമൃതമഴ പെയ്തു.

എൻ്റെ യാത്ര ഒടുങ്ങിയത്
അപ്പോഴാണ്.
എന്നാലും അവസാനിച്ചതേയില്ല
ആറാത്ത പുണ്ണും അമൃതമഴയും.




7
പുൽമേട്ടിൽ ഒരു കല്ല്.


പുൽമേട്ടിൽ ചെറുകുരുവി
വന്നിറങ്ങിത്തത്തിയ കാഴ്ച
മാഞ്ഞ്
പുൽമേട്ടിലൊരു കല്ല്, ഇപ്പോൾ.
മനുഷ്യച്ചെറുക്കനൊരുത്തൻ
ആ പക്ഷിയെ നോക്കി
എറിഞ്ഞ കല്ലായിരിക്കാം, അത്.

ഇപ്പോൾ പുൽമേടിൻ ഹൃദയം
തുടി തുടിക്കുന്നു.
കൂടുതൽ ശാന്തതയാൽ
കൂടുതൽ അഴകാൽ.




8
സ്കേറ്റിങ്


പോകുന്നേ പോകുന്നേ പോകുന്നേ
മേലേ മേലേ മേലേ
ഒറ്റക്കാൽ സത്യത്തിൽ
മറ്റേക്കാൽ മായയിൽ
വിചിത്രവാഹനത്തിലൊന്നിലേറി ഞാൻ
പോകുന്നേ പോകുന്നേ പോകുന്നേ
അറ്റമില്ലാ അറ്റമില്ലാ അറ്റമില്ലാപ്പാത
എത്തുന്നേ എത്തുന്നേ എത്തുന്നേ മറുവശം.




9
ചോല


മരുക്കാട്ടിൽ യാത്ര ചെയ്യുന്നവന്
കൈവശമുള്ള നീർക്കലം തന്നെ
ചോല.





10
യേശുവും സമരിയാക്കാരിയും


നീണ്ട യാത്രാവരൾമണ്ണിൽ
വറുത്തെടുക്കും വെയിലണിഞ്ഞ്
ദാഹിച്ചു വലഞ്ഞ ഉടലുമായി
ഇറങ്ങിക്കുടിക്കാൻ പ്രയാസമായ
ആഴക്കിണറ്റിനരികേ വന്നയാൾ
കണ്ടു,

ദൂരത്തു നിന്ന് കുടങ്ങളും
നീണ്ട കയറുമായി വന്നുകൊണ്ടിരുന്ന
ഒരു പെണ്ണിനെ,
ദേവതയെ!

തീരാത്ത ഈ ദാഹവും ദർശനവുമോ
ഭൂ ജീവിതത്തിൻ്റെ സാരം?

അകലെ വൻനഗരങ്ങളിൽ
മനുഷ്യരെ
നിർത്താതെ ഉന്തിക്കൊണ്ടിരിക്കുന്ന
ആശകളും ഈ ദാഹവും ഒന്നോ?

അത്ഭുതവും തെളിച്ചവും ദുഃഖവും തങ്ങിയ
അവൻ്റെ മുഖമാകുമോ
അവൾക്കവനെ
ദേവദൂതനാക്കിയത്?




11
രാത്രി


പച്ചകൾ കറുക്കുമ്പോൾ
നദി, എൻ രതി,
വൈരമായ് മിന്നിക്കാട്ടും.