Tuesday, April 29, 2025

യുഫ്രാസേ കെസിലാഹബി (ടാൻസാനിയ,ഭാഷ സ്വാഹിലി,1944 - 2020)

കുടിയൻ്റെ പാട്ട്

യുഫ്രാസേ കെസിലാഹബി (ടാൻസാനിയ,ഭാഷ സ്വാഹിലി,1944 - 2020)


ദൈവം ആളുകളോട് അവർ ജനിക്കും മുമ്പ്
ആരാവാനാണ് ഇഷ്ടം എന്നു ചോദിച്ചെന്നിരിക്കട്ടെ
അതാവും കഠിന ജീവിത ചോദ്യം.
സ്വന്തം തെരഞ്ഞെടുപ്പിൽ പശ്ചാത്തപിക്കാനായി
എല്ലാവരും ജീവിക്കും.
ഭർത്താവായിരിക്കുന്നതിനെച്ചൊല്ലി
വിലപിക്കും ഭർത്താവ്
ഭാര്യയായിരിക്കാൻ ആഗ്രഹിക്കില്ല ഭാര്യ
ഭരണാധികാരിയും സാധാരണക്കാരനും
ഉയരമുള്ളവനും ഉയരം കുറഞ്ഞവനും
കറുത്തവനും പയറുമണിത്തവിടനും
മെലിഞ്ഞവനും തടിച്ചവനുമെല്ലാം
ഇപ്പോൾ എന്താണോ അതിനു വിപരീതമാവാൻ
ആഗ്രഹിക്കും.
എനിക്കറിയില്ലേ, ആരാരായിത്തീരുമെന്ന്.
എന്നാൽ എനിക്ക്,
ഈ കുടിയന്,
ആരായിത്തീരാനും സന്തോഷമേയുള്ളൂ
കുടിക്കാൻ അനുവാദമുള്ള ആരായിത്തീരാനും.

ഹലോ, മടാക്കയുടെ വീടല്ലേ അത് - സുഖം തന്നെയല്ലേ
ഈ രാത്രി ഞാനെൻ്റെ വഴിക്കു പോവുകയാണേ

ജെറാൾഡോ ബെസ്സാ വിക്ടർ (അംഗോള,പോർച്ചുഗീസ്, 1917- 1985)

ചന്തയിൽ നിന്നൊരു കുറിപ്പ്

ജെറാൾഡോ ബെസ്സാ വിക്ടർ (അംഗോള,പോർച്ചുഗീസ്, 1917- 1985)


ലുവാണ്ടയിൽ സാവോ പോളോ ചന്തയിലെ കടയിൽ
ഒരു കറുത്ത കുട്ടി സർബത്ത് കുടിക്കുന്നു
ഒരു വെളുത്ത കുട്ടി പാസ്ത കഴിക്കുന്നു.
രണ്ടാളും ചിരിക്കുന്നു രണ്ടാളും പാടുന്നു
"മരിയാ കാൻഡിംബാ" "പോർച്ചുഗലിലെ ഏപ്രിൽ"

എൻ കവിഹൃദയം, ദേശവിദേശക്കലർപ്പു ഹൃദയം
വെളുത്ത കുട്ടിയുടെയാംഗ്യചലനങ്ങളിൽ
ആഫ്രിക്കൻ മുദ്രകൾ തിരിച്ചറിയുന്നു
കറുത്ത കുട്ടിയുടെ നോട്ടത്തിൽ
യൂറോപ്യൻ ദർശനം തിരിച്ചറിയുന്നു

Monday, April 28, 2025

മസീസി കുനേനെ (സൗത്ത് ആഫ്രിക്ക, ഭാഷ സുളു, 1930 -2006)

മറ്റുള്ളവർ


മസീസി കുനേനെ (സൗത്ത് ആഫ്രിക്ക, ഭാഷ സുളു, 1930 -2006)


എൻ്റെ ആഗ്രഹങ്ങൾ നിറവേറിക്കഴിയുമ്പോൾ
ഈ ധാന്യക്കൊട്ടകൾ എടുക്കാനെന്നെയനുവദിക്കൂ

മറ്റുള്ളവരുടെ ആഗ്രഹങ്ങൾ കൊണ്ടിവ നിറക്കാനും.
എങ്കിൽ മരുഭൂമി താണ്ടുന്നവർ ഒരിക്കലും പട്ടിണിയാവില്ല

ജോവോ പെദ്രോ (അംഗോള, പോർച്ചുഗീസ് ജനനം: 1948)

മടങ്ങിവരവ്


ജോവോ പെദ്രോ (അംഗോള, പോർച്ചുഗീസ് ജനനം: 1948)


കാമറാഡ തൻ്റെ ഗ്രാമത്തിലെത്തി
(യുദ്ധം കഴിഞ്ഞിരുന്നു)
കാമറാഡ തൻ്റെ ഗ്രാമത്തിൽ തിരിച്ചെത്തി
യുദ്ധത്തിനും ചെറുത്തുനില്പിനും ശേഷം
തളർന്ന്

അക്രമത്തിൻ്റെ നാളുകളോർക്കുമ്പോൾ
അയാൾക്ക് വായിലൊരുപ്പു ചുവ
അയാൾ സംസാരിക്കാൻ ആഗ്രഹിച്ചു
എന്നാൽ മൗനം മാത്രം

യുദ്ധത്തിനിടയിലെ ഇത്തിരിശ്ശാന്തതയിൽ
പുൽപ്പരപ്പിൽ വിശ്രമിക്കുമ്പോൾ
സ്വപ്നം കാണാറുണ്ടായിരുന്ന
തൻ്റെ ഗ്രാമമായിരുന്നില്ല
ഇപ്പോൾ അയാൾ കാണുന്ന തൻ്റെ ഗ്രാമം
- ഇത് തൻ്റെ ഗ്രാമം മാത്രം, മറ്റൊന്നുമല്ല

ബസ്സിൽ വീട്ടിലേക്കു വരുമ്പോൾ
ചുറ്റുമുള്ള ആണുങ്ങളുടെ കണ്ണുകളിലയാൾ നോക്കി
ചുറ്റുമുള്ള പെണ്ണുങ്ങളുടെ മുഖങ്ങളിലയാൾ നോക്കി
അയാൾ വിങ്ങിച്ചുമച്ചു
ടിക്കറ്റെടുത്തു

മറ്റെല്ലാവരെയും പോലെത്തന്നെയായിരുന്നു
കാമറാഡ
ആരുമയാളെ തിരിച്ചറിഞ്ഞില്ല
ആരുമയാളെ ശ്രദ്ധിച്ചില്ല

കാമറാഡ വീട്ടിലെത്തി
വാതിൽമുട്ടി
കാത്തുനിന്നു
("ഇതാവരുന്നു, ഒരു നിമിഷം.... കാമറാഡാ ...")
കുടുംബത്തെ കണ്ടു
കരഞ്ഞു അയാൾ

വായിലൊരു ഉപ്പു ചുവ
യുദ്ധം കഴിഞ്ഞയാൾ വീട്ടിലെത്തിയിരിക്കുന്നു
അയാൾ മരിച്ചിട്ടുണ്ടായിരുന്നില്ല

"ഞാൻ വീട്ടിലെത്തി"
അത്രയേ പറഞ്ഞുള്ളൂ
കാമറാഡ തളർന്ന്
കിടക്കയിൽ കിടപ്പായി
യുദ്ധം കഴിഞ്ഞിരുന്നില്ല.


Sunday, April 27, 2025

ആർലിൻ്റോ ബാർബീറ്റോസ് (അംഗോള, പോർച്ചുഗീസ്, 1940- 2021)


ആർലിൻ്റോ ബാർബീറ്റോസ് (അംഗോള, പോർച്ചുഗീസ്, 1940- 2021)


1

മഴമനുഷ്യൻ


മഴമനുഷ്യൻ മരിച്ചു കിടക്കുന്നു
ജീർണ്ണിച്ച ഇലനിലത്ത്

മേഘവീടുകളുടെ അവശിഷ്ടങ്ങളിൽ
കൂടുകെട്ടാൻ വരുന്ന കിളികൾ മാത്രമാവണം
അതു ശ്രദ്ധിച്ചിട്ടുണ്ടാവുക

ജീർണ്ണിച്ച ഇലനിലത്ത് മരിച്ചു കിടക്കുന്നു
മഴമനുഷ്യൻ


2

മേഘം ഒരാനയെ ഉണ്ടാക്കി


മേഘം ഒരാനയെ ഉണ്ടാക്കി
ആന ഒരു മുയലിനെയുണ്ടാക്കി
മുയലിൻ്റെ ചെവികളിൽ നിന്നു പർവ്വതങ്ങൾ വന്നു
പർവ്വതങ്ങൾ ഒരു ഗർഭിണിക്കൊടിച്ചിയുടെ മുലക്കണ്ണുകളായി
ഗർഭിണിക്കൊടിച്ചിയുടെ മുലക്കണ്ണുകളിൽ നിന്നു മഴ പെയ്തു.


3

നിൻ്റെ കണ്ണുകളുടെ കാട്ടിൽ


നിൻ്റെ കണ്ണുകളുടെ കാട്ടിൽ
രാത്രി മാത്രം കാണുന്നു

പുള്ളിപ്പുലിയുടെ രാത്രിയിൽ
കണ്ണുകൾ മാത്രം കാണുന്നു

രാത്രിയുടെ ഉദയത്തിൽ നിൻ്റെ
കണ്ണുകൾ മാത്രം കാണുന്നു.

നിൻ്റെ പുള്ളിപ്പുലിക്കണ്ണുകളിലോ
കാടു മാത്രം കാണുന്നു.

അൻ്റോണിയോ ജാസിൻ്റോ (അംഗോള,പോർച്ചുഗീസ്, 1924 - 1991)

പറയടിത്താളം


അൻ്റോണിയോ ജാസിൻ്റോ (അംഗോള,പോർച്ചുഗീസ്, 1924 - 1991)


പറയടിയുടെ താളമെൻ്റെ ചോരയിലല്ല
എൻ്റെ തൊലിയിലുമല്ല
എൻ്റെ തൊലിയിലുമല്ല
പറയടിയുടെ താളമെൻ്റെ നെഞ്ചിൽ തുടിപ്പൂ
എൻ്റെ നെഞ്ചിൽ തുടിപ്പൂ
എൻ്റെ നെഞ്ചിൽ തുടിപ്പൂ
പറയടിയുടെ താളമെൻ്റെ ചോരയിലല്ല
എൻ്റെ തൊലിയിലുമല്ല
എൻ്റെ തൊലിയിലുമല്ല
പറയടിയുടെ താളമെൻ്റെ ചിന്തയുടെ
വഴിയിൽ തുടിപ്പൂ
എൻ്റെ ചിന്തയുടെ വഴിയിൽ തുടിപ്പൂ
എൻ്റെ ചിന്ത ആഫ്രിക്ക എൻ വികാരമാഫ്രിക്ക
എൻ്റെ പ്രഖ്യാപനം ആഫ്രിക്ക
ഞാൻ വെറുക്കുന്നാഫ്രിക്കയിൽ
ഞാൻ സ്നേഹിക്കുന്നാഫ്രിക്കയിൽ
എന്തിന്, ഞാനാണാഫ്രിക്ക
പറയടിയുടെ താളമെൻ്റെ ചിന്തയുടെ
വഴിയിൽ തുടിപ്പൂ
എൻ്റെ ചിന്തയുടെ വഴിയിൽ തുടിപ്പൂ
എൻ്റെ ചിന്ത ആഫ്രിക്ക എൻ വികാരമാഫ്രിക്ക
എൻ്റെ പ്രഖ്യാപനം ആഫ്രിക്ക
ഞാൻ നിശ്ശബ്ദനാകുന്നൂ
നിന്നിൽ നിനക്കായ് അഫ്രിക്കാ
നിന്നിൽ നിനക്കായ് ആഫ്രിക്കാ
ആ ഫ്രി ക്കാ
                       ആ ഫ്രി ക്കാ
                                              ആ ഫ്രി ക്കാ

- 1970

മുഹമ്മദ് അൽ ഗസ്സി (ടുണീഷ്യ, ജനനം: 1949)

പേന


മുഹമ്മദ് അൽ ഗസ്സി (ടുണീഷ്യ, ജനനം: 1949)


നിൻ്റെ ചഞ്ചലമായ വിരലുകളിൽ ഒരു പേനയെടുക്കൂ
വിശ്വസിക്കൂ, ലോകം ഒരാകാശ നീലപ്പൂമ്പാറ്റയെ -
ന്നുറപ്പിക്കൂ, വാക്കുകളതിനെപ്പിടിക്കാനുള്ള വലയെന്നും

Saturday, April 26, 2025

ഇമാൻ മെഴ്സാൽ (ഈജിപ്ത്, ജനനം: 1966)

തിന്മ

ഇമാൻ മെഴ്സാൽ (ഈജിപ്ത്, ജനനം: 1966)


ലോകത്തു വളരെയേറെ തിന്മയുണ്ടെന്നു
ഞാൻ വിശ്വസിച്ചിരുന്നു.
ഞങ്ങൾ കൂട്ടുകാരിൽ വെച്ചേറ്റവും സൗമ്യപ്രകൃതി 
ഞാനായിരുന്നിട്ടും
ഒരിക്കൽപോലും കണ്ടിട്ടില്ല,
പ്ലാസ്റ്റിക്കല്ലല്ലോ എന്നുറപ്പിക്കാനായി
ഇതളുകളെൻ്റെ തള്ളവിരലിനും ചൂണ്ടുവിരലിനും
ഇടയിൽ വെച്ചൊന്നു കിള്ളിനോക്കാതെ
പൂപ്പാത്രത്തിലൊരു റോസാപ്പൂവും.

പിൽക്കാലത്തു തിന്മയുടെ അസ്തിത്വം തന്നെ
ഞാൻ സംശയിക്കാൻ തുടങ്ങി.
ചോര ചിന്താനായി നാമുണ്ടാക്കിയ ജീവികൾ
യഥാർത്ഥത്തിലുള്ളതാണോ
എന്നുറപ്പിക്കുന്ന നിമിഷത്തിലാണ്
ലോകത്തിലെ വേദനകളെല്ലാം
സംഭവിക്കുന്നത് എന്ന മട്ടിൽ

ജാറെഡ് ആങ്കിറ (കെനിയ, ജനനം: 1947)

ബാൽക്കണിയിൽ നിന്നൊരു സിംഫണി


ജാറെഡ് ആങ്കിറ (കെനിയ, ജനനം: 1947)


ചിലനേരം ഞാൻ ബാൽക്കണിയിലിരുന്ന്
ലോകത്തിലെ നദികൾ
കടലാഴങ്ങൾക്കരികിൽ അക്ഷമയോടെ കാത്തിരിക്കുന്ന
പല പെരുംതുരുത്തുകൾക്കിടയിലൂടെ
താഴേക്കൊഴുകുന്നതു നോക്കിക്കാണുന്നു

ചിലനേരം ഞാൻ കാണുന്നു
വായുവിന്നിളം കിളികൾ
ജീവിക്കാനായി പെറ്റോരെ വിട്ട്
ലോകത്തിനു നേർക്ക്
ഇണയിണയായ് പോകുന്നത്

സമാധാനത്തിനാഗ്രഹിക്കുമ്പോൾ
ചിറകെത്ര കുഴഞ്ഞാലും മരത്തിന്മേലിറങ്ങില്ലെന്നു
നന്നായറിയാവുന്ന കാടക്കിളികൾക്കൊപ്പം
മനസ്സു ചുറ്റിത്തിരിയുന്നു

ആകയാൽ ഞാൻ സ്വരുക്കൂട്ടുന്നു
ഭൂപ്പരപ്പിൽ നദികളെന്നപോലെ ചിതറിയ
എൻ്റെ വ്യക്തിത്വങ്ങൾ
അവയിലെ ജലം
കടലിലെത്തണമെന്ന ആഗ്രഹത്തോടെ

നാമെല്ലാവരും ആശിക്കുന്നു
ഈ യാത്രകൾക്കു ശേഷം
ചിതറിയ വികാരങ്ങളെല്ലാം
ആ ഇരുണ്ട സമുദ്രത്തിലൊത്തുചേരുമെന്ന്





Thursday, April 24, 2025

അമാൽ ഡാങ്കുൽ (ഈജിപ്ത്, 1940 - 1982)

നഗരം ഒരു തകർന്ന കപ്പൽ


അമാൽ ഡാങ്കുൽ (ഈജിപ്ത്, 1940 - 1982)


ഈ രാത്രി ഞാൻ തനിച്ചായപോലെ.
നഗരം ഒരു തകർന്ന കപ്പൽ,
അതിൻ്റെ പ്രേതങ്ങളോടും
ഉയർന്ന കെട്ടിടങ്ങളോടും കൂടി.
പണ്ടെന്നോ കടൽക്കൊള്ളക്കാർ കൊള്ളയടിച്ച ശേഷം
കടലിനടിത്തട്ടിലേക്കു താഴ്ത്തിയ കപ്പൽ
അന്ന് കപ്പിത്താൻ കൈവരിക്കു മുകളിലൂടെ
തല പുറത്തിട്ടു നോക്കിയപ്പോൾ
കാൽക്കീഴിൽ കണ്ട
പൊട്ടിയ വീഞ്ഞുകുപ്പി
അമൂല്യമായ ലോഹക്കഷണങ്ങൾ
നിശ്ശബ്ദമായ പാമരങ്ങളിൽ
പിടിച്ചൊട്ടി നിൽക്കുന്ന നാവികർ
അവരുടെ കീറിപ്പറിഞ്ഞ വസ്ത്രങ്ങൾക്കിടയിലൂടെ
നീന്തിയ
ഓർമ്മയുടെ വിഷാദമത്സ്യം
നിശ്ശബ്ദ കഠാരകൾ
വളർന്നു പെരുകുന്ന പായൽ
കൊട്ടക്കണക്കിനു പൂച്ചശ്ശവങ്ങൾ
ഒന്നും മിടിക്കുന്നില്ല
ഈ ഇണങ്ങിയ ലോകത്ത്


ഒസാമ എൽ ദിനാസൗരി (ഈജിപ്ത്, 1960 - 2007)

മരത്തിനടിയിൽ

ഒസാമ എൽ ദിനാസൗരി (ഈജിപ്ത്, 1960 - 2007)


എൻ്റെ കൂട്ടുകാർ കടലിലേക്കു പോയി
അവരുടെ വസ്ത്രങ്ങൾക്കും ഷൂസുകൾക്കുമരികെ
എന്നെ തനിച്ചാക്കി

ബക്കറ്റു കണക്കിനു വെള്ളം
മണൽക്കൂമ്പാരങ്ങൾ
അക്രമാസക്തരായി
പരസ്പരമെറിഞ്ഞവർ
കളിച്ചു തകർക്കുന്നു
എൻ്റെ കൂട്ടുകാർക്കു ഭ്രാന്താണ്
എന്നാൽ ആഴത്തിൽ
അവർ മൃദുലഹൃദയർ തന്നെ

ഞാൻ മരത്തിനടിയിലിരുന്നു വായിക്കുന്നു
ജീവിതത്തെയും മരണത്തെയും പറ്റി ചിന്തിക്കുന്നു
ഈ സംഘത്തിൻ്റെ തത്വചിന്തകൻ ഞാൻ
എല്ലാവരെയും സ്നേഹിക്കുന്ന വികലാംഗൻ
ആരുമവനെയും വെറുക്കുന്നില്ല

ദൂരെയൊരു മരത്തിനടിയിൽ
എന്നെ ശ്രദ്ധിക്കാതെ
പാറിപ്പറക്കുന്ന മുടി പിന്നി
വായിലൂടെ വെളുത്ത പത തുപ്പിയിരിക്കുന്ന
വികലാംഗപ്പെണ്ണിനെ സ്നേഹിക്കുന്ന
വികലാംഗനായ പുരുഷൻ ഞാൻ

കിമാലും ന്വാൻക്വോ (നൈജീരിയ)

കിമാലും ന്വാൻക്വോ (നൈജീരിയ, ജനനം: 1945)


കവിത


മണലിൽ
തലയുണ്ടായിരുന്നു
എല്ലാ ഒട്ടകപ്പക്ഷികൾക്കും

തലയിൽ
മണലുണ്ടായിരുന്നു
എല്ലാ ഒട്ടകപ്പക്ഷികൾക്കും

Friday, April 18, 2025

പടലം 47

പടലം 47


1
പാടുകളനവധി, പടയെ നാലു -
പാടും വാനരർ വന്നാക്രമിച്ചുണ്ടാക്കും
കേടുകളനവധി, യവകളാലേ
പാടേ നശിക്കുകയായ് നിശിചരന്മാർ
കൂടിയ വിരോധത്താൽ ദശമുഖൻ്റെ-
യോമനമകൻ വന്നു ശരങ്ങളാലേ
മാമല പോലെയുള്ള കരങ്ങൾകൊണ്ടു
വാനരന്മാരെയെല്ലാം പൊടിപൊടിച്ചു

2
വാനരവരരുടൽ ശകലങ്ങളായ്
മാരുതി മതി കെട്ടങ്ങെടുത്തു പോയി
കാനനം തന്നിൽ മരനിര മുറിഞ്ഞു
വീണു തടികളായി നിരന്നപോലെ
ദേവേന്ദ്രശത്രുവാകുമിന്ദ്രജിത്തിൻ്റെ
വാളും ഗദയുമമ്പുമുലക്കകളും
ഏറ്റു മുഖം പിളർന്നു നുറുനുറുങ്ങായ്
വീണു പടക്കളത്തിൽ നിറഞ്ഞിതെങ്ങും

3
എങ്ങുന്നീ നിശിചരവരൻ വരുന്നെ-
ന്നിന്ദ്രജിത്തിനെത്തന്നെക്കപിവരന്മാർ
തിങ്കളെപ്പോലെ മിഴിയിണകളാലേ -
യംബരതലം തന്നിൽ തെളിഞ്ഞുകാൺകേ
എങ്ങുമെള്ളോളമില്ലയിടമെന്നോണം
എൺപതുമെഴുപതുമധികവുമ-
ങ്ങമ്പുകൾ കപികൾ തൻ മുഖങ്ങൾ തോറും
മുമ്പേയുണ്ടെന്നപോലെയെയ്തീടുമവൻ

4
എയ്തൂ വിവിധൻ തൻ്റെയുടലിൻ മേലേ -
യാറമ്പുമതിൻമേലേ തുടർന്നൊരമ്പും
അഞ്ചാഗ്ഗജൻ്റെ മെയ്യിൽ നളനു തൊണ്ണൂ -
റമ്പതു പനസനും വിനസനുമേ
നെഞ്ചിലൊരിരുപതു ദധിമുഖന്മേൽ
പത്തും പിന്നിരുപതും നീലൻ്റെ മെയ്യിൽ
അഞ്ചും പിന്നെഴുപതും കണകൾ തൂകീ -
യംഗദന്നുടലിലാ മുകിൽവചനൻ

5
മുകിൽനിരക്കിടയിലെയിടിയൊലിപോൽ
മുഴങ്ങുന്ന ശരനിരയറുപതെണ്ണം
തറച്ചിതു ഋഷഭൻമേൽ, ക്രഥൻ്റെ മെയ്യിൽ
ഇരുപതൊ,രെഴുപതു കുമുദനുമേൽ
കണക്കാക്കാൻ കഴിയാത്തവിധം കണകൾ
പലരുടെയുടലിന്മേൽ നടത്തിക്കൊണ്ട്
നിശിചരവരൻമകൻ ദിശകൾ തോറും
പലവഴി കടന്നിതേയനവരതം

6
വരമുള്ള ദശമുഖതനയനെയ്യും
ശരനിരയുടലിന്മേൽ തറച്ചു കേറി
ശരഭനും പോരിൽ ഭയങ്കരനായീടും
ഗജമുഖൻ,ജാംബവാനും സന്നാദനനും
പുകഴുള്ള കതിരവതനയനും പി-
ന്നുയരങ്ങളിണങ്ങിയ ധൂമ്രവീരനും
വരികയായ് വരികയായ് വീഴുകയായീ -
യുലകിതിൽ കേസരിയും മാമലക്കൊത്തോൻ

7
മാമലക്കൊത്ത കപിവരന്മാരുടെ
നേതാവും ഹനുമാനും പ്രഭ ചൊരിയും
ഗോമുഖൻ പ്രിയങ്കരൻ ശതബലിയും
ദംഭനും കുമുദനും ജ്യോതിമുഖനും
ഐശ്വര്യം വിളയാടും മിന്നലെകിറൻ
സുമുഖൻ ദുർമുഖൻ പിന്നെയെരിനയനൻ
നാമെത്ര പറഞ്ഞാലുമൊടുങ്ങാത്തോളം
നായകർ നിലത്തെങ്ങും നിരനിരന്നു

8
നിരന്നിതു കപിവരരുലകിലെല്ലാം
നിറമുള്ളമ്പുകൾ വാളും ഗദയും വേലും
പരശുവുമുലക്കകളിവകളേറ്റു
പലവിധമുടലുകൾ ശകലങ്ങളായ്
ദശരഥതനയൻ്റെയടുത്തു ചെന്നു
ദശമുഖതനയനും ശരങ്ങളെയ്തു
ഉടനേയന്നേരം രാമനിതു മൊഴിഞ്ഞേ
ഇളയവൻ ലക്ഷ്മണൻ്റെ നിനവറിഞ്ഞേ

9
അറിയുവാനരുതേതു ദിശകളിൽനി-
ന്നണയുന്നമ്പുകളെന്നു, ദശമുഖൻ്റെ
മകനിതാ മേഘങ്ങളിൽ മറഞ്ഞിടുന്നു -
ണ്ടവിടുന്നമ്പുകളിങ്ങു ചൊരിഞ്ഞിടുന്നു
നിപുണമായടരാടുമവൻ്റെയസ്ത്രം
മുകിലുകൾക്കിടയിൽ നിന്നണഞ്ഞുടലിൽ
തറഞ്ഞേറിത്തറഞ്ഞേറിയടിപറ്റുമ്പോൾ
അടരിൽ പിടിച്ചുനിൽക്കാൻ കഴിയുന്നില്ല

10
ഇല്ലൊരു കഴിവിനിയിവിടെ നമ്മൾ -
ക്കെന്നാലുമസ്ത്രം വന്നു തറച്ചതിനാൽ
ഉണ്ടായ തളർച്ച നാം വിടും വരേക്കും
ഒക്കുന്ന മട്ടിൽ സ്വയം സംരക്ഷിക്കേണം
എന്ന രാഘവൻവാക്കങ്ങൊടുങ്ങും മുന്നേ
ഇന്ദ്രജിത്തെയ്തുവിട്ടൂ ശരങ്ങളേറെ
എല്ലോടു കൂടിയങ്ങു പൊടിയും വണ്ണം
രണ്ടാളുമുടനടി വീണിതൂഴിയിൽ

11
ഊഴിയിൽ തച്ചൊതുക്കീയറുപത്തേഴു
കോടിയുത്തമരായ കപിവരരെ
അതിനുമേലിന്ദ്രജിത്തു രവികുലത്തിൽ
ദശരഥസുതരായിങ്ങണഞ്ഞവരെ
ഊഴികളേഴിനുമേ നായകന്മാരായ്
ഉദയം ചെയ്തോരു രാമലക്ഷ്മണന്മാരെ
ശരമെയ്തു വീഴ്ത്തിയുലകേഴുമാഴിയും
നടുങ്ങേയലറിക്കൊണ്ടു നഗരമേറി

Thursday, April 17, 2025

പരേഷ് നരേന്ദ്ര കമ്മത്ത് (കൊങ്കിണി, ജനനം: 1968)

മാറുന്നുണ്ടൊരു പൂങ്കുലയായ്

പരേഷ് നരേന്ദ്ര കമ്മത്ത് (കൊങ്കിണി, ജനനം: 1968)


ചുവപ്പു കലർന്ന
തിളങ്ങുന്ന
ഒരോറഞ്ച് തുള്ളി
ബോഗൻവില്ലച്ചില്ലയിൽ നിന്നു തെന്നി
മെല്ലെ താഴേക്കൂർന്ന്
ചെറുന്നനെ
ഇറ്റി-
യിറ്റി
പിന്നെ
ആടുമൊരു ചില്ലത്തുമ്പിൽ ശരിയായ് തങ്ങി
മാറുന്നുണ്ടൊരു
പൂങ്കുലയായ്

സ്നേഹ മാധവൻ - റീസ് (കാനഡ, ഇംഗ്ലീഷ്)

തോപ്പിൽ ഭാസി

സ്നേഹ മാധവൻ - റീസ് (കാനഡ, ഇംഗ്ലീഷ്)



പഴങ്ങളുടെ മലയാളപ്പേരൊന്നുമെനിക്കറിയില്ല
ഇംഗ്ലീഷ് പേര് അദ്ദേഹത്തിനുമറിയില്ല
ആകയാൽ പലതരം പഴങ്ങളുമായി ഞാൻ
കോണികേറിയിറങ്ങി,
അദ്ദേഹത്തിനു സ്ട്രോബറിയാണു വേണ്ടതെന്ന്
ഒടുവിൽ ഞങ്ങൾ കണ്ടെത്തുംവരെ.

ഇന്ത്യയിലദ്ദേഹം പ്രശസ്തൻ.
ഒരു നാടകകൃത്തോ കവിയോ.
ഇത് 1989 ൽ.
എനിക്കന്നു പത്തു വയസ്സ്.
ഇന്ത്യൻ താരങ്ങളെ അറിയാം
- സിനിമക്കാർ, നർത്തകർ
എന്നാൽ ഇതാദ്യമായാണ്
ഒരെഴുത്തുകാരൻ ഞങ്ങളോടൊപ്പം തങ്ങുന്നത്
അച്ഛൻ്റെ ക്ലബ്ബിലെ അതിഥിയായി.
ഉള്ളില്ലാത്ത വെളുത്ത മുടിക്ക്
അദ്ദേഹത്തിൻ്റെ തലയിലെ തവിട്ടുതൊലി
മറയ്ക്കാനായില്ല
കണ്ണുകൾക്കതിരിട്ടു
കറുത്ത കട്ടിക്കണ്ണട

ഒപ്പിട്ടുതരാനായി ഞാൻ ഓട്ടോഗ്രാഫ് നീട്ടി
തൻ്റെ നാട്ടിലെ ലിപിയിൽ അദ്ദേഹം
ഒരു മുഴുവൻ പേജ് എഴുതി നിറച്ചു
ഇളംചുവപ്പു കടലാസിൽ നീലമഷിയിൽ.
അച്ഛനെന്നെ വായിക്കാൻ പഠിപ്പിച്ച
ആ ഉരുണ്ട അക്ഷരങ്ങൾ
അദ്ദേഹത്തിൻ്റെ ഒഴുക്കൻ കയ്യിൽ
നിഗൂഢക്കുരുക്കുകളായി മാറിയിരുന്നു.
മുകളിലെ വരിയേ എനിക്കു വായിക്കാൻ കഴിഞ്ഞുള്ളൂ
എൻ്റെ പേരിൻ്റെ പരിചിതമായ അക്ഷരങ്ങൾ
രണ്ടുവട്ടം അതിലാവർത്തിച്ചിരുന്നു:
സ്നേഹമുള്ള സ്നേഹ മോൾ
തനിക്കു പഴങ്ങൾ കൊണ്ടുതന്ന ഒരു പെൺകുട്ടിക്കായി
മറ്റെന്തെല്ലാമായിരിക്കും അദ്ദേഹം ആ പേജിൽ
എഴുതി നിറച്ചിരിക്കുക!





Tuesday, April 15, 2025

പടലം 46

പടലം 46


1
ഞാനറിയുന്നിതില്ല കരുത്തീ 
കാര്യമങ്ങറിയിപ്പതിനിപ്പോൾ
ഒന്നുകൊണ്ടുമൊരുത്തരുമെന്നോ -
ടൂക്കിലൊത്തവരില്ല മുമ്പാരും
ഒന്നു കേട്ടാലു,മെന്നോടെതിർക്കാൻ
വന്നണയുവോരാരുമെനിക്കു
തുല്യരല്ലെന്നു കാട്ടിത്തരുവാൻ
ഏതിനും മടിക്കില്ല ഞാനിന്ന്

2
ഇന്നൊരു കുറി രാഘവന്മാർമേ-
ലെങ്ങുമമ്പുകൾ വിട്ടു തറച്ച്
കൊന്നൊടുക്കിയാ വാനരരേയും 
കൂടവേയടക്കം മുടിച്ചിട്ട്
എന്നേക്കും ശത്രുവിന്നുടെ മേലിൽ 
തങ്ങിടുന്ന വിരോധമൊഴിഞ്ഞേ
വന്നണയുന്നതുണ്ടിനിയെന്നാ 
നന്ദനനിന്ദ്രജിത്തു മൊഴിഞ്ഞു

3
മൊഴിഞ്ഞു തങ്ങടെ പൊന്നരചൻകാൽ 
തൊഴുതു വന്ദന ചെയ്തു മദിക്കും
കുതിരയായിരം പൂട്ടിയിണക്കി -
ക്കുതിച്ചിടും രഥമേറി വില്ലേന്തി
മുഴങ്ങും മേഘവൻനാദൻ വേഗത്തിൽ 
മുതിർന്നനന്തരം വൻപട ചൂഴ്കെ
കഴിഞ്ഞ നാൾ വന്ന തോൽവിയടക്കം 
കളഞ്ഞു കൈ കഴുകിക്കളവാനായ്

4
വാനവരെയടക്കിയൊരുണ്ണി 
വൻപട മതിൽപോലെ നിറുത്തി
ഹോമമൊന്നു പടക്കളം തന്നിൽ 
കേമമായ ചടങ്ങൊടെ ചെയ്തു
നാലു ദിക്കിലും നിന്നു മുഴക്കീ 
വാനിൽ രാക്ഷസരാനകവാദ്യം
പോരിനു വരും ശത്രു നടുങ്ങേ 
ഹോമകുണ്ഡത്തിലഗ്നിയെരിഞ്ഞു

5
എരിഞ്ഞൊരഗ്നിയാ രാവണപുത്ര -
ന്നധികം വമ്പൊടു തേർ തകരായ് വാൻ
വരങ്ങൾ നൽകി ശരങ്ങളവന്മേൽ 
മറഞ്ഞുപോലുമേറാ വഴിയാക്കി
ബ്രഹ്മചാപവും നൽകീ കളിയായ് 
ഇന്ദ്രജിത്തിനു,ദേവേന്ദ്രനേപ്പോൾ
വലിയ സങ്കടം വന്നു,യുദ്ധത്തി-
ലവനു നന്മ പിറന്നതുകൊണ്ടേ

6
കൊണ്ടലേറിയ വാനിലിതെല്ലാം 
കൊണ്ടുയർന്നു മറഞ്ഞെതിരിട്ടേ
കണ്ടു ശത്രുവെയമ്പുകളെങ്ങു-
മിന്ദ്രജിത്തു പൊഴിച്ചു തുടങ്ങി
ഇണ്ടൽപൂണ്ടു കൊടുംകണ മെയ്യിൽ -
ക്കേറിയേറിയ ചൂടൊടുടൻ പോർ -
മണ്ഡലം തന്നിൽ വീണു പോരിന്നായ്
വന്ന വാനരവീരരനേകം

7
വാനരപ്പട വമ്പനതാകും 
മാമരം മല കല്ലിവയേന്തി
ദീനമറ്റ മനസ്സൊടെയങ്ങു 
പോന്നണഞ്ഞു രിപുക്കളെയെല്ലാം
വേനലിൻ്റെ നടുക്കൊരിടിത്തീ 
വീണുപോയ് വിളയാടും വനംപോൽ
മാനികളവർ വമ്പൊടടിച്ചേ 
വീഴ്ത്തുകയായവനിയിൽ പോരിൽ

8
പോരിലാക്കപിവീരർ തൻ ശൗര്യം 
വാഴ്ത്തുവാനരുതാഞ്ഞിടരോടെ
തേരും നൽത്തുരഗങ്ങളുമാളും 
ചുങ്ങിച്ചുങ്ങിവരുന്നതു കണ്ടേ
മേരുപോൽ ചുമലൊത്ത കുമാരൻ 
മേഘനാദനുമമ്പുകൾ തൂകി
വാനരർക്കു വിനാശം വരുത്തി 
രാക്ഷസരോടിവണ്ണമുരച്ചു

9
ഉരച്ചു ഞാനിതു പോരിനു വന്ന 
കരുത്തരാം കപിവീരരെ വെല്ലാൻ
നിയുക്തനാക്കുവിനെന്നെ,യെതിർക്കാൻ 
മടിക്കൊലാ നിങ്ങൾ മറ്റെളിയോരെ
മന്നവരിവന്മാരെ മഹത്താം 
വാനരപ്പടക്കൊപ്പമടിച്ചി -
ട്ടിങ്ങു മന്നിലൊരിക്കലൊടുക്കാൻ 
തന്നെ ഞാനും നിനച്ചിടുന്നിന്ന്

10
ഇന്നടങ്ങിടും രാഘവന്മാരാൽ 
കൂടി വന്ന കൊടിയ ദുഃഖങ്ങൾ
എന്നതുകൊണ്ടു നിങ്ങളെല്ലാരും 
നിന്നുകൊണ്ടടരാടുവിനെന്ന്
രാക്ഷസരൊടുരച്ചു മരങ്ങൾ 
മാറ്റി വാനരവീരരെയപ്പോൾ
മന്നിലേറ്റമരിഞ്ഞു നിരത്തീ 
വമ്പു തങ്ങും നിശാചരനമ്പാൽ

11
അമ്പവൻ ചൊരിയെക്കടലെങ്ങോ?
ഭൂമിയെങ്ങെട്ടു ദിക്കുകളെങ്ങേ -
തംബരം? പകലേതിരവേതോ? 
ദേവവൈരി നിശാചരരേതോ?
സൂര്യബിംബം മറഞ്ഞതുമെന്തേ?-
യൊന്നുമൊന്നും തിരിച്ചറിയാതെ
നല്ല വമ്പടയൊക്കെയൊടുങ്ങി -
പ്പോയിദ്ദുഃഖമൊടങ്ങിരുപാടും

Monday, April 14, 2025

ഡി.ജെ.എൻറൈറ്റ് (യു.കെ, ഇംഗ്ലീഷ്, 1920 - 2002)

പുഴക്കരയിൽ

ഡി.ജെ.എൻറൈറ്റ് (യു.കെ, ഇംഗ്ലീഷ്, 1920 - 2002)


പുഴയിൽ നിന്നും പുറത്തെടുത്തപ്പൊഴേക്കവൾ
മരിച്ചിരുന്നൂ,കാട്ടുപൂവുകൾക്കിടയിലായ്
ചിലന്തിനൂലാൽ തുന്നപ്പെട്ടവൾ കിടക്കുന്നു
വയസ്സായ്, വസ്ത്രം പറ്റെ മുഷിഞ്ഞ്, മുഖം തളർ -
ന്നവശം നിരാശയിലാണ്ട്, വൃദ്ധർക്കെങ്ങനെ
കഴിയുന്നിതുപോലെ കടുംകൈ ചെയ്തീടുവാൻ?

നാല്പതാണ്ടുകളിപ്പോൾ കടന്നുപോയീ, വീണ്ടു -
മോർക്കുന്നു ഞാനാപ്പുഴക്കരയിൽ കിടക്കുമാ-
പ്പാവത്തെ,യരികെച്ചെന്നൊന്നുകൂടി നോക്കുന്നു

പുഴയിൽ നിന്നും പുറത്തെടുത്തപ്പൊഴേക്കവൾ
മരിച്ചിരുന്നൂ,കാട്ടുപൂവുകൾക്കിടയിലായ്
ചിലന്തിനൂലാൽ തുന്നപ്പെട്ടവൾ കിടക്കുന്നൂ
ചെറുപ്പക്കാരി,വസ്ത്രമലസം, ദുഃഖം നിറ -
ഞ്ഞുള്ളുലച്ചിടും മുഖം, എങ്ങനെ യുവാക്കൾക്കു
കഴിയുന്നിതുപോലെ കടുംകൈ ചെയ്തീടുവാൻ?

Friday, April 11, 2025

ജോൺ മാർഗരിറ്റ് (സ്പെയിൻ, കറ്റാലൻ, 1938-2021)

പെൻസിൽച്ചിത്രത്തിന് ഒരു കവിത


ജോൺ മാർഗരിറ്റ് (സ്പെയിൻ, കറ്റാലൻ, 1938-2021)


നല്ലൊരു കടലാസിൽ വരച്ച രേഖാചിത്രമായിരുന്നു അത്.
കാറ്റതു പറത്തിക്കൊണ്ടുപോയി.
ഏറ്റവും മുകളിലെ ജനാലയിൽ നിന്ന്
ഏറ്റവും വിദൂരതയിലേക്ക്,തെരുവുകളിലേക്ക്,
കടലിലേക്ക്.
എനിക്കൊരിക്കലും തിരികെക്കിട്ടാത്ത സമയം.
മഞ്ഞുകാലത്തെ ബീച്ചുകളിൽ തെരഞ്ഞു നടന്നു,
നഷ്ടപ്പെട്ടൊരു രേഖാചിത്രം ദുസ്സഹമായതിനാൽ.
ഓരോ കാറ്റിൻ്റേയും ഗതി പിന്തുടർന്നു.
ഒരു പെൺകുട്ടിയുടെ പെൻസിൽച്ചിത്രമായിരുന്നു അത്.
ദൈവമേ, ഞാനതെത്ര തെരഞ്ഞു നടന്നു!

ആനി എം.ജി ഷ്മിറ്റ് (നെതർലാൻ്റ്സ്, ഡച്ച്, 1911 - 1995)

വീട്ടുസാമഗ്രികൾ

ആനി എം.ജി ഷ്മിറ്റ് (നെതർലാൻ്റ്സ്, ഡച്ച്, 1911 - 1995)


മേശ ചോദിച്ചൂ കസേരയോട്, "പുറ-
ത്തേക്കു നടക്കാൻ വരുന്നോ?
നിൽക്കുന്നു ഞാനിവിടെന്നെന്നു,മിത്തിരി
ശുദ്ധവായു ശ്വസിക്കേണം"
"നന്നായി, ഞാനും വരുന്നൂ", മറുപടി
ചൊന്നൂ കസേരയപ്പോഴേ
"നമ്മൾക്കു കാലുണ്ടു ചോട്ടിലെന്നിട്ടെന്തേ
ഇന്നോളം നാം ശ്രമിച്ചില്ല"

ഓക്കുമരത്തിന്നലമാര ചോദിച്ചു
"ഞാനും വരട്ടെയോ കൂടെ?
ഇത്തിരിക്കൂടുതൽ ഭാരമെനിക്കുണ്ട്,
പെട്ടെന്നു ക്ഷീണിച്ചുപോകാം
സ്വല്പം വലിവുണ്ടു കപ്പുകൾ ഗ്ലാസുകൾ
പ്ലേറ്റുകൾ പേറിയെന്നാലും
പുസ്തകഷെൽഫേ വരുന്നുവോ?" പുസ്തക-
ഷെൽഫു പറഞ്ഞു "ഞാനുണ്ടേ"

വീട്ടുസാമഗ്രികളൊക്കെയുമങ്ങനെ
ബീച്ചിൽ നടക്കാനിറങ്ങി
പോകാൻ കഴിയാതിരിപ്പൂ ചുമർഘടി -
കാരവും ദീപവും മാത്രം
ഒറ്റക്കിരുന്നു പിറുപിറുത്തീടുന്നു
മറ്റവർ ചുറ്റിക്കറങ്ങേ.
എന്നാലറിയാമവർ,ക്കിതേ ജീവിതം,
കാലില്ലെങ്കിൽ വീട്ടിൽത്തന്നെ! 

Thursday, April 10, 2025

ഏണസ്റ്റ് ജൻ്റൽ (ജർമ്മൻ, 1925 -2000)

മാറ്റം അടയാളപ്പെടുത്തൽ


ഏണസ്റ്റ് ജൻ്റൽ (ജർമ്മൻ, 1925 -2000)

1944           1945

യുദ്ധം        യുദ്ധം
യുദ്ധം        യുദ്ധം
യുദ്ധം        യുദ്ധം
യുദ്ധം        യുദ്ധം
യുദ്ധം        മെയ്
യുദ്ധം
യുദ്ധം
യുദ്ധം
യുദ്ധം
യുദ്ധം
യുദ്ധം
യുദ്ധം

പടലം 45

പടലം 45


1
അവനും പോർക്കളത്തിൽ വീണേയവയവങ്ങളും ചിതറി-
യതു കേട്ടിട്ടുലകമൂഞ്ഞാലാടും വൻ പടയോടൊപ്പം
അവനിനായകരെ വെല്ലാനടുത്തവരേഴും വീണു
കപികളാൽ വലിയ പോരിൽ രാമൻ്റെയനുജനാലും

2
അനുജന്മാർ രണ്ടാളെൻ്റെ തനയന്മാർ നാലാൾ പിന്നെ
പടയാളിമാരാം രണ്ടാൾ യമപുരി വേഗം പൂകീ
മുടിയും ശത്രുക്കളിതിലൊരുത്തൻ കോപിച്ചാലെന്നാൽ
മനുജാധിപന്മാർ വമ്പർ, വാനരവരന്മാരും

3
വരമുള്ളസ്ത്രത്തിനാലേ വാനരകുലത്തെ വീഴ്ത്തി
ഒരിക്കലൊരിരവിലെൻ്റെ തനയനാമിന്ദ്രജിത്ത്
ശരനിരപൊഴിച്ചു രാമലക്ഷ്മണന്മാർ തൻ മെയ്യു
കരവിരലൂന്നുവാനും പഴുതില്ലാതായ്ച്ചമച്ചൂ

4
ചമയത്തോടൊപ്പം പ്രാണൻ കളഞ്ഞവർ ഭൂവിൽ വീണു
നമുക്കല്ലോ വിജയമെന്നു കരുതി നാം കളമൊഴിഞ്ഞു
ഇമയ്ക്കും മുമ്പവരുണർന്നാർത്തെഴുനേറ്റെട്ടു മടങ്ങു
തിമർപ്പോടെ യുദ്ധം ചെയ്തൂ ചെറുക്കുന്നോർ മുടിയുമാറ്

5
മുടിയുമാറായ് മുടിഞ്ഞൂ മുഴുവനീ നിശാചരന്മാർ
കൊടിയ വാനരവരന്മാർ കൊന്നുകൊന്നൊടുക്കയാലേ
അടരിലസ്ത്രത്താൽ ദാശരഥികൾക്കും വാനരർക്കും
ഇടർ തീർക്കാൻ കഴിവുള്ളോരായ് എനക്കിനിയാരുമില്ലേ

6
ഇല്ലാതായൊടുങ്ങീ പോരിലിളയവർ, തനയന്മാരും
നല്ലവർ മറ്റുള്ളോരും നമുക്കിനിയരുതു വെല്ലാൻ
വല്ലതുമായ്ക്കൊള്ളട്ടെ, ശത്രുക്കളെത്തടുക്കാൻ
നില്ലു നില്ലരക്കർ ചുറ്റുമെല്ലാ വഴികൾ തോറും

7
വഴികളിലെങ്ങും ചുറ്റു കിടങ്ങിലും കരുത്തുള്ളോരു
പടയെ നിറുത്തിയെങ്ങും നിരന്തരം നഗരം കാക്കാൻ
എതിരാളിക്കൂട്ടത്തിൻ്റെ വമ്പു പൊറുക്കാൻ വയ്യാ
എതിർക്കാൻ പറ്റുന്നോർ നിൽക്ക മൈതിലിയിരിക്കുന്നേടം

8
ഇരിക്കുവാൻ വിഷമമാകും വിധമെരിപൊരി കൊള്ളുന്നൂ
തരിപ്പും പോർക്കരുത്തുമുള്ള തനയന്മാർ മുടിയുകയാൽ
പെരുത്ത ദുഃഖത്താലോരോന്നുരച്ചു ലങ്കേശനേറെ-
യരിശത്തോടകവും വെന്തു കോയിലകത്തു വന്നു

9
അകത്തുവന്നുടനേ മെത്തപ്പുറത്തു കമിഴ്ന്നു വീഴ്കേ -
യടുത്തെത്തിക്കൈയ്യാലടിയിണ നന്നായ് തൊഴുതുകൊണ്ടു
അടരിന്നടവൊക്കേയുമറിയുന്നോൻ ശത്രുക്കളാ -
മിരുളിന്നു സൂര്യനായോരിന്ദ്രജിത്തിതു മൊഴിഞ്ഞു

10
മൊഴിഞ്ഞിതു നിശിചരന്മാർ മുന്നമേ പലതുമെന്നാൽ
തകർന്നിടും മനുജാധിപർ കപികളും ഞാനെതിർത്താൽ
അടിയനൊന്നുരചെയ്യുന്നൂ താണുകേണവിടുന്നിൻ പൊൻ -
കഴലിണയാണയിട്ടേ ചെയ് വതുമിരിപ്പതും ഞാൻ

Tuesday, April 8, 2025

ഗുന്തർ എയ്ക് (ജർമ്മൻ,1907 - 1972)

വസ്തുവിവരപ്പട്ടിക


ഗുന്തർ എയ്ക് (ജർമ്മൻ,1907 - 1972)


ഇതെൻ്റെ തൊപ്പി
ഇതെൻ്റെ കോട്ട്
ഇതെൻ്റെ ഷേവിങ് സെറ്റ്,
ഈ ലിനൻ ബാഗിൽ.

ഒരു തകരപ്പാട്ട
എൻ്റെ കിണ്ണം എൻ്റെ കപ്പ്
ലോഹത്തിന്മേൽ
എൻ പേരുണ്ട്

ആർത്തിക്കണ്ണുകൾ
കാണാതെ ഞാനൊളിപ്പിച്ച
അമൂല്യമായൊരീ
ആണിയാൽ കോറിയത്.

കൈസ്സഞ്ചിയിലൊരു ജോഡി
കമ്പിളിസ്സോക്സുണ്ട്
ആരോടും പറയാത്ത
ചില സാമഗ്രികളുണ്ട്

രാത്രിയിൽ എൻ തലക്ക്
തലയണയാകുമിത്
ഭൂമിക്കുമെനിക്കുമിടെ
വെക്കാൻ കാർഡ്ബോർഡുണ്ട്

ഏറ്റവുമെനിക്കിഷ്ടമീ
കടലാസു പെൻസില്
രാത്രി ഞാൻ ചിന്തിച്ച
കവിതയെഴുതിത്തരും
പകലതെനിക്കായി.

ഇതെൻ നോട്ടുബുക്ക്
ഇതെൻ്റെ കാൻവാസ്
ഇതെൻ്റെ ടവല്
ഇതെൻ്റെ നൂല്

Monday, April 7, 2025

പടലം 44

പടലം 44


1
മാറിടാത്തിറമേറിയ സൂര്യ-
ന്മാർ തിളച്ചു വരുന്നതിതെന്നേ
തേറുമാറെരിഞ്ഞമ്പതു നേരേ 
ചെന്നു ചെന്നണയുന്നതു കണ്ടേ
കീറിടാമിതെന്നിങ്ങനെ തോന്നി 
കൂടം,വേൽ,മുസലം,ഗദ,കുന്തം
പാറ,മുൾത്തടിയെന്നിവയാലേ -
യേറെയങ്ങതികായനെറിഞ്ഞൂ

2
കായമേറെ മുഴുത്തതികായൻ 
കായം കാക്കുവതിന്നെറിയും ന-
ല്ലായുധാവലിയും തലയും വേ-
റായിതസ്ത്രമതെത്തിയ നേരം
പോയലച്ചു നിലത്തവയൊപ്പം 
ദേഹവും തലയും മലവെള്ളം
പായുംപോൽ ചുടുചോര തെറിക്കു -
മ്മാറുവീണിതു രണ്ടായ് പാരിൽ

3
പാരിലായതികായനെ വീഴ്ത്തി-
പ്പാഞ്ഞനന്തരമൂഴിയിലെച്ചെ-
ഞ്ചോര പറ്റിയ തൂവലുമായ -
മ്പാവനാഴിയിലേക്കു മടങ്ങി
പോരിൽ ബാക്കി നിശാചരരെല്ലാം 
പോയ്മറഞ്ഞിതകത്തു ഭയപ്പെ-
ട്ടാരുള്ളോരിനി കാത്തരുളാനെ -
ന്നായുധങ്ങളുമിട്ടു കളഞ്ഞേ

4
ആയുധങ്ങളുടമ്പിൽ തറച്ചാ-
യാസം പെട്ടവർ, മുട്ടു മുറിഞ്ഞോർ
തോൾ, കരങ്ങൾ, കഴു,ത്തിരുപാർശ്വം, 
നീൾത്തുടകളുമറ്റവരെല്ലാം
മായമല്ല യഥാർത്ഥമിതെല്ലാ-
മെന്നറിഞ്ഞങ്ങുണർന്നെഴുനേൽക്കേ
പോയണഞ്ഞു കുരങ്ങുകളെല്ലാം 
പൂമാതിൻ്റെ മണാളനു കീഴിൽ

5
പൂവണിഞ്ഞ കിരീടമിരിക്കും 
രാക്ഷസൻ്റെ ശിരസ്സതിവേഗം
പോയങ്ങറ്റു കിടന്നിതു പാരിൽ 
മേരുമാമലതൻ ശിഖരം പോൽ
വാരി വാനരവീരരെടുത്താ 
ബാലൻ ലക്ഷ്മണനെത്തിടും മുമ്പേ
ആരവാരമൊടെ തൊഴുതൂ വെ-
ച്ചാർത്തു രാമൻ്റെ നൽത്തിരുമുമ്പിൽ

6
മുമ്പിൽ പൂക്കൾ പൊഴിച്ചിതു ദേവർ, 
രാമനാഴി കടന്ന മുതൽക്കേ
തുമ്പമറ്റെഴുമംഗനമാരും 
രാഗം പാടുകയായി വാനത്തിൽ
വമ്പനാമതികായനെ വെന്ന -
മ്മന്നിൽ നിന്ന സുമിത്രാ തനയൻ
കുമ്പിട്ടേ മനുജാധിപപാദം 
ചന്തത്തിൽ കൈവണങ്ങുകയായി

7
കൈവണങ്ങിയ വീരനെ രാമൻ 
കണ്ണിണക്കമലങ്ങൾ വിടർത്തി
മെയ്യിലെങ്ങുമണിഞ്ഞതുമെന്തൊ -
രത്ഭുതം, മുറിവൊക്കെയും മാഞ്ഞേ
മെയ് വളർന്ന നിശാചരർ പോരിൽ 
വീണു വീണു മരിക്കെ ജഡങ്ങൾ
കൈ വളർന്നുള്ള കിങ്കരർ വാരി-
ക്കൊണ്ടുചെന്നലയാഴിയിലിട്ടൂ

8
ആഴിയേക്കാളുമാഴം മതിക്കു -
ണ്ടായിരുന്ന നിശാചരൻ പോർചെയ്-
തൂഴിയിൽ പതിച്ചെന്നു ചിലർ ചെ-
ന്നാദ്ദശാനനനോടു പറഞ്ഞു
ഏഴുലോകമുലയ്ക്കുമവന്നാ 
വാക്കുകൾ ചെവിതോറുമലയ്ക്കേ
ചൂഴെ നിന്നവരോടു മൊഴിഞ്ഞൂ 
പാരമുള്ളിലെച്ചൂടിലുലഞ്ഞ്

9
ചൂടുയരുന്നെന്നുള്ളി,ലനേകം 
ശൂരന്മാരടരാടി മരിച്ചൂ
പാടവം കപികൾക്കടരാടാ -
നേറെയെന്നു തെളിഞ്ഞു കഴിഞ്ഞു
താഡിച്ചാക്കപി വീരരെ വെട്ടി -
പ്പങ്കുവെച്ചിടുമ്പോളവർ നാലു-
പാടും നിന്നുമുണർന്നുടനൊന്നായ് 
പണ്ടേപ്പോൽ നിലയായവരെല്ലാം

10
ആരുമില്ല നിശാചരരെൻ വാ-
ക്കാദരിച്ചടരാടി മടങ്ങി -
പ്പോരുവാൻ ധൂമ്രലോചനനും ശ്രീ -
യേറിടും വജ്രദംഷ്ട്രനുമാരും
വീരരിൽ മുമ്പനാകുമകമ്പൻ,
ഊക്കു കൂടും പ്രഹസ്തനുമെല്ലാം
പോരിൽ വാനരർ കൊന്നു മുടിഞ്ഞേ 
പോയല്ലോ വലുതാം പടയോടും

11
പോയി ഞാനിനി ശത്രുവെയെല്ലാം 
പോർക്കളത്തിലടക്കിടുമെന്നായ്
മായമേറിയ കുംഭനിസുംഭ-
ന്മാരുടേ ജനകൻ പടയോടും
ആയതില്ലവനൊന്നുമേ ചെയ്യാ, -
നാകിലും മനുജാധിപനമ്പാൽ
കായവും പലതായി നുറുങ്ങി -
ക്കാലനൂർക്കവനും കുടിപാർത്തു.

Sunday, April 6, 2025

ജോർജ് ട്രക്കാൾ (ജർമ്മൻ,1887 - 1914)

പ്രകൃതിചിത്രം


ജോർജ് ട്രക്കാൾ (ജർമ്മൻ,1887 - 1914)

സെപ്തംബർ സന്ധ്യ : ഇടയരുടെ ഇരുണ്ട വിളികൾ
ഇരുളുന്ന ഗ്രാമത്തിലെങ്ങുമൊഴുകുന്നു
ഇരുമ്പാലകളിലുലകൾ തീ തുപ്പുന്നു
വന്യമിരയ്ക്കുന്നുണ്ടൊരു കരിങ്കുതിര
അതിൻ തീയാളും മൂക്കിൻതുളക്കാറ്റിൽ
പെൺകുട്ടിയുടെ ഹയസിന്തപ്പൂമുടിച്ചുരുളുകളിളകുന്നു
മാൻകുട്ടിയുടെ കരച്ചിൽ നേർത്തുറയുന്നു കാടിൻ്റെ വക്കിൽ
കുളത്തിൻ നീല മുഖച്ഛായ മേൽ
വാക്കുകളില്ലാതെ കുനിയുന്നു
ശരൽക്കാലമഞ്ഞപ്പൂവുകൾ
ഒരു മരം കത്തിയെരിയുന്നു ചോപ്പുനാളങ്ങളിൽ
ഇരുണ്ട മുഖങ്ങളുമായ് വവ്വാലുകളുയർന്നു പൊന്തുന്നു.

Friday, April 4, 2025

പോൾ ക്ലീ (ജർമൻ, 1879 -1940)

വെള്ളം


പോൾ ക്ലീ (ജർമൻ, 1879 -1940)

വെള്ളം,
മേലേ തിരകൾ,
മേലേ ഒരു ബോട്ട്,
മേലേ ഒരു പെണ്ണ്,
മേലേ ഒരാണ്.

Thursday, April 3, 2025

കൃസ്റ്റ്യൻ മോർഗൺസ്റ്റേൺ (ജർമ്മനി, 1871 - 1914)

കാൽമുട്ട്


കൃസ്റ്റ്യൻ മോർഗൺസ്റ്റേൺ (ജർമ്മനി, 1871 - 1914)


ഒരു കാൽമുട്ടീ ഭൂമിയിൽ ചുറ്റി -
ത്തിരിയുന്നൊറ്റക്ക്
വെറുമൊരു കാൽമു,ട്ടൊരു മരമല്ലാ
കൂടാരവുമല്ല

പണ്ടു പണ്ടൊരാൾ യുദ്ധത്തിൽ
തുളഞ്ഞു കീറിപ്പോയ്
മുറിവേൽക്കാതെ രക്ഷപ്പെട്ട -
തീയൊരു കാൽമുട്ട്
വിലക്കുമാമൂലുള്ളതിനാൽ
കഴിച്ചിലായതുപോലെ

അന്നുമുതൽക്കീയൊറ്റക്കാൽമു -
ട്ടിതിലേയലയുന്നു
മരമല്ലൊരു കൂടാരവുമല്ലാ
വെറുമൊരു കാൽമുട്ട്

Wednesday, April 2, 2025

ഴാങ് ഓറിസെറ്റ് (ഫ്രഞ്ച്, ജനനം: 1937)

മനുഷ്യനും അവൻ്റെ മുഖമൂടികളും എന്ന കവിതയിലെ ചില ഖണ്ഡങ്ങൾ


ഴാങ് ഓറിസെറ്റ് (ഫ്രഞ്ച്, ജനനം: 1937)


ഭൂമി പേടിച്ച്
നമ്മുടെ വീടുകൾ വളയുന്നു
കടൽ കോപിച്ച്
നമ്മുടെ ബോട്ടുകൾ വിഴുങ്ങുന്നു
ആകാശം ദുഃഖിച്ച്
മിന്നൽപ്പിണരുകൾ ചീറ്റുന്നു
നമ്മുടെ തോൽവികളുടെ പതമേൽ

........

ചെറിമരത്തിൽ നിന്നൊരു പക്ഷി
ലോകം തേടിക്കണ്ടെത്താൻ
പോകുന്നു
അതേ മരത്തിൽ നിന്നൊരു കവി
കാലം തേടിക്കണ്ടെത്താൻ
പോകുന്നു

........

മനുഷ്യർ മരങ്ങളും
വിമാനങ്ങൾ പക്ഷികളും
ആഗ്രഹങ്ങൾ സ്മാരകങ്ങളുമായി
മാറുമ്പോൾ
പൊട്ടിത്തെറിക്കാൻ കഴിവില്ലാത്ത
ഭൂമിക്ക്
കഴിയും
അന്യഗ്രഹ ബാധക്കു മുന്നിൽ
പിടിച്ചുനിൽക്കാൻ

.............

ഇവിടെ നാം ബ്രഡ്
ചവറിനൊപ്പമിടുന്നു
അവിടെ അവർ
വിശന്നു മരിക്കുന്നു

ഇവിടെ നാം കാറ്
മരങ്ങളിലിടിച്ചു തകർക്കുന്നു
അവിടെയവർ പൊടിയിലൂടെ
നഗ്നപാദരായ് പോകുന്നു

ഇവിടെ നാം അത്യാഗ്രഹത്തോടെ
അയൽവീട്ടിലേക്കു നോക്കുന്നു
അവിടെ അവർക്കു
വീടുകളേയില്ല.

.........

ഏദൻ
അവിടെ സിംഹം മനുഷ്യനൊത്ത്
സമാധാനമായി ജീവിച്ചു

ഒന്നിൻ്റെ കണ്ണുകളിൽ
മറ്റേതിൻ്റെ പ്രതിഫലനം

അവരുടെ ഭാഷക്ക്
അപ്പോഴുമുണ്ടായിരുന്നു
ഉയർന്ന മരങ്ങളുടെ ആകൃതി


.......

ലോകം അതിൻ്റെ
പേടിസ്വപ്നങ്ങൾ
വിട്ടുണരുമോ ഒരു ദിവസം?

തിരശ്ശീല മാറ്റുന്ന നിമിഷം വരുമ്പോൾ
നാം കാണുമോ
ഭീമാകാരമായ ആദ്യത്തെ മുട്ട
വിരിയാൻ വിള്ളുന്നത്?
അല്ലെങ്കിൽ മുട്ടക്കകത്തെ കോഴിക്കുഞ്ഞ്
ഗതികെട്ട്
തോടിൽ അതിൻ വഴി കൊത്തിപ്പിളർത്തുന്നത്?


പടലം 43

പടലം 43


1
അതികായനുണർന്നു കണ്ണിൽ പൊടിഞ്ഞ ചെഞ്ചോര കയ്യാൽ
തുടച്ചു ലക്ഷ്മണൻ തന്നെ നന്നായ് ബഹുമാനിച്ചു
എതിരേ ചെന്നെയ്തമ്പുകൾ ഇരുപതും നാലുമഞ്ചും
പതിനാറുമേഴും മൂന്നും പതിനഞ്ചും രണ്ടുമൊന്നും

2
ഒന്നുമങ്ങണയും മുന്നേയുടനുടൻ ശരങ്ങളാലേ
വന്നോരമ്പുകളെല്ലാം വരുംവഴി മുറിച്ചു വീഴ്ത്തി
നിന്ന ലക്ഷ്മണനെയെയ്തൂ നിശിചരൻ വേഗമൊന്നു
ചെന്നവൻ തൻ്റെ മാറിൽ ചിക്കെന്നു തറച്ചിതമ്പും

3
അമ്പു പാഞ്ഞണകേ ചോരയണിഞ്ഞവൻ മദം പൊഴിച്ചു
കമ്പം പിടിച്ചൊരാന പോലേ പടക്കളത്തിൽ
അംബരമൂഴിയും സമുദ്രവും നടുങ്ങുംവണ്ണം
വൻപുകഴ് ലക്ഷ്മണനും പള്ളിയമ്പുടനെടുത്തു

4
എടുത്തു പാവകനെന്നു പേരുള്ളസ്ത്രം തൊടുത്തു
തിടുക്കത്തിൽ വലിച്ചു ബാലൻ ലക്ഷ്മണൻ വിടുന്ന നേരം
തടുത്തതികായൻ തിരിച്ചെയ്തൂ സമീരണാസ്ത്രം
അടുത്തു തമ്മിലുരഞ്ഞു വെണ്ണീറായ് വീണൂ രണ്ടും

5
രണ്ടും മുടിഞ്ഞുകണ്ടങ്ങിടയിലൈഷികമെന്ന
വമ്പുള്ളസ്ത്രം തൊടുത്തു ദേവവിരോധിയെയ്തു
പുരന്ദരാസ്ത്രത്താലതിൻ കരുത്തിനെപ്പൊരുതടക്കി
ചൊരിഞ്ഞൂ കണകളാലേ പൊടുപൊടേ മനുജാധിപൻ

6
മനുജാധിപൻ തൊടുത്ത ബാണങ്ങളതികായൻമേൽ
മുന ചെന്നു തറക്കുകില്ലാ കാരണമതിനുണ്ടൊന്ന്
കനത്തോരു വരമുൾച്ചേർന്ന കവചമുണ്ടവനതൊന്നേ
തനിബലമടരിൽ ശത്രു സായകാവലി തടുക്കാൻ

7
സായകാവലി പൊഴിഞ്ഞു തളർന്നു വലഞ്ഞരക്കൻ
മായമായ് മുടിയാനാണോ വന്നതിന്നിവിടെയെന്നു
തെളിവോടെ നിനച്ചു പോരു തുടങ്ങിയസ്ത്രം തൊടുത്ത
ലക്ഷ്മണനോടു വായുഭഗവാൻ വന്നു പറഞ്ഞു

8
പറയാം ഞാനതികായൻ്റെ നാശത്തെപ്പറ്റി,പ്പോരിൽ
കഴിവവൻ കാണിച്ചതു കവചത്തിൻ വമ്പാലല്ലോ
വലിയ നാശം മറ്റുള്ള ശരങ്ങൾക്കു പറ്റീ,യതിനാൽ
അഴകോടേ തൊടുത്തീടുക ബ്രഹ്മാസ്ത്രം വേഗമെന്നായ്

9
എന്നിതു പവനൻ വന്നു പറയവേ ലക്ഷ്മണനും
ചെന്നു കൈതൊഴുതു രാമദേവൻ്റെ തൃക്കാൽ രണ്ടും
ചിത്തത്തിലുറപ്പിച്ചങ്ങു നിറുത്തിയതിനുശേഷം
ബ്രഹ്മാവിൻ വിജയാസ്ത്രത്തെ വീരകേസരി തൊടുത്തു

10
തൊടുത്തപ്പോളെരിഞ്ഞൂ വാനം ചുവന്നൂ ദിശകളൊക്കെ
തിടുക്കത്തിൽ കലങ്ങീയാഴി, ചലിച്ചൂ മാമലകളെല്ലാം
എടുത്തു പായ് തെറുക്കുംപോലേ ഹിരണ്യൻ തെറുത്തു കാതി -
ലടക്കിയ ധരണിയെല്ലാമധികമായിളകീയെങ്ങും

11
ഇളകും കരങ്ങൾ രണ്ടിലിടത്തേതു നിവരെപ്പൊങ്ങീ
ചെവിയേക്കാൾ വലത്തേക്കയ്യു മടമ്പോളം താഴുംവണ്ണം
അളവുകണ്ടരക്കൻകണ്ഠമുന്നം പിടിച്ചിട്ടസ്ത്രം
തൊടുത്തൂ ലക്ഷ്മണനാർത്തങ്ങിടിയൊലി പതറുമാറ്

Tuesday, April 1, 2025

മാർക്കറ്റ് വിഴുങ്ങാത്ത കവിത

മാർക്കറ്റ് വിഴുങ്ങാത്ത കവിത



കാവ്യകലക്ക് ഒട്ടും അനുകൂലമായ കാലമല്ല ഇത് എന്നാണ് പൊതുവേ എല്ലാവരും പറയുന്നത്. കവികളുടെയും കവിതകളുടെയും ബാഹുല്യം പരിഹസിക്കപ്പെടുന്നു. കവിതാപുസ്തകങ്ങൾ വിറ്റുപോകുന്നില്ല, കവിതകൾ ഗൗരവത്തോടെ ആരും വായിക്കുന്നില്ല എന്നൊക്കെയാണ് പരാതി. എന്നാൽ ഒരു സാമൂഹ്യനിരീക്ഷകൻ എന്ന നിലയിൽ എനിക്കു മറിച്ചാണു തോന്നുന്നത്. കവിതക്ക് ഏറ്റവും അനുയോജ്യമായ കാലമാണ് ഇത്.

കാരണം, മറ്റെല്ലാ മേഖലകളിലും ഇന്ന് മാർക്കറ്റ് പിടിമുറുക്കിക്കഴിഞ്ഞിരിക്കുന്നു. മാർക്കറ്റിനു വേണ്ട ചേരുവകളൊത്താണ് ഇന്ന് സിനിമയും ഫിക്ഷനുമെല്ലാം സൃഷ്ടിക്കപ്പെടുന്നത്. നാടകം പോലെ മനുഷ്യരുടെ സ്വാഭാവിക പെരുമാറ്റങ്ങളിൽ നിന്നും കൂട്ടായ്മകളിൽ നിന്നും രൂപം കൊള്ളുന്ന കലകളെപ്പോലും മാർക്കറ്റ് വിഴുങ്ങുന്ന സ്ഥിതി ഇന്നുണ്ട്. കെട്ടുകാഴ്ച്ചകളാകുന്ന നാടകങ്ങൾക്കാണ് ഇന്നു ഡിമാൻ്റ്. സിനിമയിൽ ആർട്ട് ഫിലിം എന്നു പറഞ്ഞുവന്നിരുന്ന ഇനം തന്നെ ഇല്ലാതായി. പ്രാദേശിക മാർക്കറ്റല്ല, ആഗോള മാർക്കറ്റാണ് ഇന്ന് സാംസ്കാരിക വ്യവസായം ലക്ഷ്യമിടുന്നത്. ആഗോള മാർക്കറ്റിൻ്റെ സമവാക്യങ്ങൾക്കൊത്ത് സിനിമകളും നോവലുകളും രചിക്കപ്പെടുകയും വിറ്റഴിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെയല്ലാത്തവ ആരെങ്കിലും സൃഷ്ടിക്കുന്നുണ്ടെങ്കിൽ അവ തമസ്കരിക്കപ്പെടുകയും ചെയ്യുന്നു.

മാർക്കറ്റിനു വിഴുങ്ങാൻ പറ്റാതെ അവശേഷിക്കുന്ന ഒരു മാധ്യമമാണ് കവിത എന്നത് ഇന്ന് പ്രാധാനമായിരിക്കുന്നു. നമ്മുടെ പ്രമുഖ പ്രസാധകർ പോലും കവിതയെ മാർക്കറ്റു ചെയ്യാൻ സമയമോ സ്ഥലമോ പണമോ ചെലവാക്കുന്നില്ല. അത് ഒരു മോശം കാര്യമായല്ല ഒരു നല്ല കാര്യമായാണ് ഞാൻ വിചാരിക്കുന്നത്. മാർക്കറ്റിനു വഴങ്ങാത്തതുകൊണ്ടുതന്നെ പ്രബലമായ രചനാ സമവാക്യങ്ങൾ കാവ്യകലയെ ഹൈജാക്ക് ചെയ്യുന്നില്ല. തന്നിഷ്ടത്തിന് എഴുതാനുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്.ഫിക്ഷനിൽ വൈവിധ്യമുള്ള രചനാരീതികൾ മാഞ്ഞുവരികയും മാർക്കറ്റിനു പ്രിയങ്കരമായ രചനാ കൂട്ടുകൾ മാത്രം അവശേഷിക്കുകയും ചെയ്യുന്നത് നാം കാണുന്നു. കവിതയിൽ ഇന്ന് ഒരു സമാന്തര മാർക്കറ്റു പോലെ സോഷ്യൽ മീഡിയ പെരുമാറുന്നുണ്ടെങ്കിലും സാമ്പത്തിക വിജയമുറപ്പിക്കാനാവാത്തതിനാൽ അത് വേണ്ടത്ര വിജയമാകുന്നില്ല. സോഷ്യൽ മീഡിയയുടെ പൊതുസ്വഭാവത്തിന് ഇണങ്ങുന്ന ചില രചനാസമവാക്യങ്ങൾ അത് ഉയർത്തിപ്പിടിക്കുന്നുണ്ടെങ്കിലും സാമ്പത്തിക താല്പര്യങ്ങൾ വിജയം കാണാത്തതിനാൽ ഫിക്ഷനെ മാർക്കറ്റ് വിഴുങ്ങിയ പോലെ കവിതയെ വിഴുങ്ങാൻ അതിനു കഴിയുന്നില്ല. അതുകൊണ്ടു തന്നെ പല പല രചനാരീതികൾ ഇന്നും കവിതയിൽ പ്രയോഗത്തിലുണ്ട്. സാരൂപ്യതക്കു (uniformity) വേണ്ടിയുള്ള ബലങ്ങൾക്കൊപ്പം തന്നെ സാരൂപ്യതക്കെതിരായ ബലങ്ങളും കാവ്യകലയിൽ പ്രവർത്തിക്കുന്നു. മാർക്കറ്റിൻ്റെ സാമ്പത്തിക താല്പര്യങ്ങൾ ഈ ബലാബലത്തിൽ ഇടപെടുന്നില്ല എന്നത് പ്രധാനമാണ്. ഒരു തരം അന്തർദേശീയരചനാഘടന ലോകമെങ്ങുമുള്ള കവിതയെ ഇന്നു സ്വാധീനിക്കുന്നുണ്ട് എങ്കിൽ തന്നെയും അതിനെ നിഷേധിക്കുന്ന പ്രാദേശിക രചനാഘടനകളും ഈ മാധ്യമത്തിൽ ശക്തമായിത്തന്നെ നിലനിൽക്കുന്നു. മലയാളത്തിൽ വൃത്തബദ്ധമായ രചനാരീതികൾ ഇപ്പോഴും പ്രയോഗത്തിലുള്ളത് ഉദാഹരണം. കവിത എന്ന മാധ്യമത്തോട് മാർക്കറ്റ് കാണിക്കുന്ന ഉദാസീനത ഈ ബലാബലങ്ങളെ അവയുടെ പാട്ടിനു വിടാൻ സഹായകമാണ്. അതിനാൽതന്നെ, മാർക്കറ്റിൻ്റെ ഇച്ഛക്കൊത്തല്ലാതെ സ്വതന്ത്രമായി നിലകൊള്ളാൻ ഈ മാധ്യമത്തിനു കഴിയുന്നു. ഇങ്ങനെയൊരു കാലത്ത് മാർക്കറ്റ് വിഴുങ്ങാത്ത ഒരു മാധ്യമത്തിൽ പണിയെടുക്കാൻ കഴിയുന്നതിൽ, വിറ്റുപോകാത്ത ഒരു കവിയായിരിക്കുന്നതിൽ, ഞാൻ അഭിമാനിക്കുന്നു.

പടലം 42

പടലം 42


1
രാജാധിരാജനൊടു ലങ്കയുടെ മന്നൻ
തന്നനുജനിങ്ങനെയുരക്കെയതികായൻ
വൻപടയൊടൊത്തരികൾ മാനിക്കുമാറ്
വന്നൂ തിടുക്കനെ നടത്തി വൻതേര്
മിന്നോടു വെട്ടുമിടിയൊത്തലറി മേന്മേൽ
ശത്രുക്കൾ കുമ്പിടവെ വില്ലൊലി മുഴക്കി
ചിന്നീ കുരങ്ങുപട മാനത്തു സൂര്യൻ
ചെമ്മേ കിഴക്കുയരും നേരമിരുൾ പോലേ

2
അന്നേരം മൈന്തൻ, വിവിധൻ, കുമുദനും പി-
ന്നന്നീലനും ശരഭനും തടഞ്ഞെറിഞ്ഞൂ
ഇന്നാഴികക്കിവനെ തോല്പിച്ചിടാമെ-
ന്നെല്ലാരുമൊത്തു പല മാമലകൾ കൊണ്ടേ
വന്നാപ്പെരുംമലകൾ മേലേക്കു വീഴും
മുമ്പമ്പുകൊണ്ടു പൊടിയാക്കിയതികായൻ
നന്നാലു സായകങ്ങളെയ്തേ നടന്നൂ
നമ്മോടടുപ്പതിനു പോര കപിയെല്ലാം

3
എല്ലാമകന്നു കപിവീരരവനെക്ക -
ണ്ടിപ്പോളിതാ വരുന്നു കുംഭകർണ്ണനെന്ന്
ചെല്ലാമിടത്തൊളവും ചെന്നു രഥമവിടെ
ചെമ്മേ നിറുത്തിയരചന്നു തിരുമുമ്പിൽ
വില്ലാളിമാരിതിലൊരുത്തരെവരുണ്ടീ -
പ്പോരാടുവാനണയുമെന്നൊടടരാടാൻ
ഇല്ലായ്കിലെന്തിവിടെയുള്ള,തെളിയോരോ -
ടങ്കം കുറിപ്പതിനു ഞാനെങ്ങുമില്ലേ

4
എങ്ങും ചെറുക്കുവതസാദ്ധ്യമിവനേയെ-
ന്നെല്ലാവരും കരുതവേ വളവൊടേറെ -
പ്പൊങ്ങുന്ന ചാരു പുരികക്കൊടികളപ്പോൾ
പോകെന്നെണീറ്റു പതറിത്തിരിഞ്ഞുലാവി -
ച്ചെങ്ങുന്ന കണ്ണിണകളോടു കുലവില്ലും
നന്നായ് കടഞ്ഞൊളി തിളങ്ങുന്ന കൂര -
മ്പെല്ലാമെടുത്തരികൾ നേർക്കുടനടുത്തൂ
താരാർതഴക്കുഴൽ സുമിത്രതൻ ബാലൻ

5
ബാലൻ തുലോമടരിൽ ശത്രുക്കളേയും
ബാണങ്ങൾ വന്നവയൊഴിഞ്ഞുമകമേറ്റും
കാലം വരും പൊഴുതിലമ്പെയ്തു, മൊന്നും
കാണാത്ത നീയഗതി പിൻവാങ്ങി വേഗം
നാലഞ്ചു നാളെങ്കിലും പോരറിഞ്ഞോൻ
രാമൻ്റെ മുൻചെന്നു ചൊല്ലീടുകിപ്പോൾ
കാലൻപുരത്തിലണയാനായ് വരേണം
കൂരമ്പുകൾ നിറയെയേറ്റടരിലെന്നാൽ
6
എന്നാൽ നിനക്കെളുതു കാലപുരി പൂകാ -
നിപ്പോളെതിർത്തണകിൽ, വേണ്ടുടനെ വേണ്ടാ
നിന്നെജ്ജയിക്കുവതെൻ കർമ്മം ചുരുക്കും
നിൻ വില്ലു വെച്ചു വിലങ്ങെക്കടന്നുപോ നീ
നിൻ്റെ കുലമതിനതവമാനമെന്നാകിൽ
വന്നണക, വന്നണക, പിൻവാങ്ങുകില്ലാ-
യെന്നേ നിനക്കു നിനവെങ്കിലെതിർ താ,വാ
സന്തോഷമോടെയതികായനിതു ചൊന്നു

7
ചൊന്നോരനന്തരമനന്തബലമേലും
ശൂരൻ സുമിത്രയുടെ പുത്രൻ മൊഴിഞ്ഞു
ചൊന്നോരു ചൊല്ലഴകു തന്നെയെന്നാലും
നന്നല്ല നിൻ പണികളൊട്ടുമല്ലായ്കിൽ
എന്നോടെതിർത്തു കൊടിയോരമ്പുകൾ വി-
ട്ടെന്തെങ്കിലും ചെയ്ക സാധിക്കുമെങ്കിൽ
അല്ലെങ്കിൽ പിന്നിൽ പടയോടെ നടകൊൾ നീ
പിൻകാവൽ ഞാൻ പെരിയ പോർക്കുതകുവോളം

8
ഓളം തിളച്ചിളകിടും കടൽ കടക്കാം
ഓടും മരക്കലമൊരുക്കി വരുമെങ്കിൽ
നീളം മികച്ചൊരതികായൻ ഭവാനും
നേരേ ശരങ്ങൾ വരുന്നേരമനങ്ങാ പോൽ
വാൾ തോൽക്കും നീൾമിഴിമലർപ്പെൺമണാളൻ
ബാലൻ തുലോമുലകെല്ലാമളന്ന കാലം
നാളെണ്ണി മൂപ്പുള്ളവൻ പട ജയിക്കും
ഞായം ചമച്ച വഴി നന്നുലകിൽ നീയേ

9
നീയേയെതിർക്കിലുമടർക്കൊടുമ തങ്ങും
നിന്നോളം പോന്നവർ വെറുക്കിലുമനേകം
കായാമ്പൂ വന്നു വണങ്ങുന്ന നിറമേലും
കാകുൽസ്ഥൻ തന്നടികളാണെയിതു ചൊല്ലാം
കൂരമ്പുകൾ ചിലതു മാറിലേക്കെയ്തേ
തൂകുന്ന ചെങ്കുരുതിയോടുയിരകറ്റി
പ്രേതത്തിനെക്കഴുകു കാകൻ പരുന്തും
പേയും ഭുജിപ്പളവിലാക്കി വിടുവൻ ഞാൻ

10
ഞാനേ നിന്നന്തകനെന്നുള്ള വിവരത്തെ
നാനാവിധത്തിലറിയിക്കെ ഭയമോടെ
പിൻവാങ്ങുകെന്നു ചെറുഞാണൊലിയുമിട്ടൂ
ഭൂലോകവും ഗഗനവും കടപുഴങ്ങേ
ദേവർ ഭയക്കുമതികായനുമന്നേരം
പേർകേട്ട വില്ലൊലി മുഴക്കി,യൊരു ബാണം
താനേറ്റെടുത്തതു തൊടുത്തു പിഴ പോക്കി -
ച്ചന്തത്തിൽ സൂക്ഷ്മമതുകൊണ്ടെയ്തു വിട്ടു

11
എയ്തമ്പു ലക്ഷ്മണനൊടിച്ചുലകിലിട്ടേ
അഷ്ടമിച്ചന്ദ്രന്നു തുല്യശരമൊന്നാൽ
എയ്താനവൻ പിന്നെയഞ്ചമ്പതെല്ലാം
എത്തുന്നതിൻ മുമ്പറുത്തൂ കുമാരൻ
എയ്തൂ ശരം രാക്ഷസൻ ഞെട്ടുമാറൊ -
ന്നെയ്തമ്പു നെറ്റിയിൽ തറച്ചുടൽ നീളെ -
പ്പെയ്തോരു ചോരയൊടു തേർത്തടമിരുന്നൂ
പേയാൽ വലഞ്ഞ തടിയോടെയതികായൻ

ആനീസ് കോൾട്സ് (ലക്സംബർഗ്, ഫ്രഞ്ച് 1928-2023)

ആനീസ് കോൾട്സ് (ലക്സംബർഗ്, ഫ്രഞ്ച് 1928-2023)


കവിതകൾ


പള്ളിയുടെ അറവുശാലയിൽ
നാം കഴുകന്മാരായിത്തീരുന്നു

കൃസ്തുവിൻ്റെ ഉടൽ
ആർത്തിയോടെ തിന്നുന്നു
അവൻ്റെ രക്തത്തിൽ
നമ്മുടെ കഴുത്തിറക്കുന്നു
പരസ്യപ്പെടുത്താത്ത ഹിംസാത്മകതയോടെ

..........

ഏഴാം ദിവസം
ദൈവം വീണുറങ്ങി
ഭൂമിയിപ്പോഴും വിറക്കുന്നു
അദ്ദേഹത്തിൻ്റെ കൂർക്കംവലിയിൽ

.........

വല്ലപ്പോഴും ഒരു വാക്ക്
മാനത്തു നിന്നുതിരുന്നു
ഒരു മഴത്തുള്ളിക്കൊപ്പം
ഒരു മഞ്ഞുപാളിക്കൊപ്പം

ആരുടേയും നേർക്കല്ല
എങ്കിലും പെട്ടെന്നതിനു തിരികെക്കിട്ടുന്നു
ഒരു സ്ഥലരാശി

.........

ദൈവത്തെ തേടിപ്പിടിക്കാൻ
നാമിപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നു
അവസാന ദിനോസറിനൊപ്പമവൻ
വംശനാശമടഞ്ഞതറിയാതെ

......


തൂങ്ങിനിൽക്കുന്ന ഈ ഗ്രഹത്തിൽ
ദൈവം നിലനിൽക്കുന്നില്ല

അവൻ നമുക്കു തന്ന അപ്പം മുഴുവൻ
കല്ലുകളായ് മാറിക്കഴിഞ്ഞു.

.......

ഒരു പൂമ്പാറ്റയുടെ പാറിപ്പറത്തത്തിന്
ഒരു വൻകരയുടെ കാലാവസ്ഥ മാറ്റാനാവും

.........

കിടക്കയിൽ വീണു ഞാനുറങ്ങുന്നു
ഒരു തരിശുനിലത്തിൽ ഉണർന്നെണീക്കുന്നു

അപ്പോൾ ഒരു മാലാഖ വന്ന്
എൻ്റെ പേരു തിരികെത്തരുന്നു
എൻ്റെ വാർദ്ധക്യവും

........

ഓരോ ദിവസവും
ഞാനെൻ്റെ പേരിൽ നിന്നു വീഴുന്നു
താഴെ ഒരു വല പോലുമില്ലാതെ

നീയെന്നെ വിളിച്ചാൽ
നുറുങ്ങുമെൻ്റെയെല്ലുകൾ

.......

ഓരോ ദിവസവും
ഊഷ്മളമായ റൊട്ടിക്കൊപ്പം
ഞാനെൻ്റെ അമ്മയേയും അച്ഛനേയും
തിന്നുന്നു.

എന്നിട്ടവരുടെ മുടിച്ചുരുളുകൾ
തുപ്പുന്നു

.......

ഒരു ചീഞ്ഞ മുട്ടയിൽ നിന്നു പുറത്തുവന്ന്
ഞാനെൻ്റെ പാപങ്ങളെഴുതുന്നു
അമ്മയുടെ ചോരയിൽ

ഓരോ ദിവസവും
അമ്മയുടെ ബൈബിളിൽ നിന്ന്
ഒരു പേജ് ഞാൻ മായ്ക്കുന്നു

.........

അയാൾ ഭാഷ മുറിച്ചു കടക്കുന്നു
നിങ്ങൾ ഒരു യുദ്ധഭൂമി എന്നപോലെ

അയാൾ ഒരു കവിത തൊടുമ്പോൾ
അതു പൊട്ടിത്തെറിക്കുന്നു.

........

എൻ്റെ അമ്മയുടെ മുലകൾ
ആണികൾ നിറഞ്ഞവയായിരുന്നു

ഞാനോ
വാക്കുകളും ചോരയും കൊണ്ടുള്ള
ഒരു ബ്രഡ്ഡു മാത്രം