Tuesday, April 1, 2025

മാർക്കറ്റ് വിഴുങ്ങാത്ത കവിത

മാർക്കറ്റ് വിഴുങ്ങാത്ത കവിത



കാവ്യകലക്ക് ഒട്ടും അനുകൂലമായ കാലമല്ല ഇത് എന്നാണ് പൊതുവേ എല്ലാവരും പറയുന്നത്. കവികളുടെയും കവിതകളുടെയും ബാഹുല്യം പരിഹസിക്കപ്പെടുന്നു. കവിതാപുസ്തകങ്ങൾ വിറ്റുപോകുന്നില്ല, കവിതകൾ ഗൗരവത്തോടെ ആരും വായിക്കുന്നില്ല എന്നൊക്കെയാണ് പരാതി. എന്നാൽ ഒരു സാമൂഹ്യനിരീക്ഷകൻ എന്ന നിലയിൽ എനിക്കു മറിച്ചാണു തോന്നുന്നത്. കവിതക്ക് ഏറ്റവും അനുയോജ്യമായ കാലമാണ് ഇത്.

കാരണം, മറ്റെല്ലാ മേഖലകളിലും ഇന്ന് മാർക്കറ്റ് പിടിമുറുക്കിക്കഴിഞ്ഞിരിക്കുന്നു. മാർക്കറ്റിനു വേണ്ട ചേരുവകളൊത്താണ് ഇന്ന് സിനിമയും ഫിക്ഷനുമെല്ലാം സൃഷ്ടിക്കപ്പെടുന്നത്. നാടകം പോലെ മനുഷ്യരുടെ സ്വാഭാവിക പെരുമാറ്റങ്ങളിൽ നിന്നും കൂട്ടായ്മകളിൽ നിന്നും രൂപം കൊള്ളുന്ന കലകളെപ്പോലും മാർക്കറ്റ് വിഴുങ്ങുന്ന സ്ഥിതി ഇന്നുണ്ട്. കെട്ടുകാഴ്ച്ചകളാകുന്ന നാടകങ്ങൾക്കാണ് ഇന്നു ഡിമാൻ്റ്. സിനിമയിൽ ആർട്ട് ഫിലിം എന്നു പറഞ്ഞുവന്നിരുന്ന ഇനം തന്നെ ഇല്ലാതായി. പ്രാദേശിക മാർക്കറ്റല്ല, ആഗോള മാർക്കറ്റാണ് ഇന്ന് സാംസ്കാരിക വ്യവസായം ലക്ഷ്യമിടുന്നത്. ആഗോള മാർക്കറ്റിൻ്റെ സമവാക്യങ്ങൾക്കൊത്ത് സിനിമകളും നോവലുകളും രചിക്കപ്പെടുകയും വിറ്റഴിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെയല്ലാത്തവ ആരെങ്കിലും സൃഷ്ടിക്കുന്നുണ്ടെങ്കിൽ അവ തമസ്കരിക്കപ്പെടുകയും ചെയ്യുന്നു.

മാർക്കറ്റിനു വിഴുങ്ങാൻ പറ്റാതെ അവശേഷിക്കുന്ന ഒരു മാധ്യമമാണ് കവിത എന്നത് ഇന്ന് പ്രാധാനമായിരിക്കുന്നു. നമ്മുടെ പ്രമുഖ പ്രസാധകർ പോലും കവിതയെ മാർക്കറ്റു ചെയ്യാൻ സമയമോ സ്ഥലമോ പണമോ ചെലവാക്കുന്നില്ല. അത് ഒരു മോശം കാര്യമായല്ല ഒരു നല്ല കാര്യമായാണ് ഞാൻ വിചാരിക്കുന്നത്. മാർക്കറ്റിനു വഴങ്ങാത്തതുകൊണ്ടുതന്നെ പ്രബലമായ രചനാ സമവാക്യങ്ങൾ കാവ്യകലയെ ഹൈജാക്ക് ചെയ്യുന്നില്ല. തന്നിഷ്ടത്തിന് എഴുതാനുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്.ഫിക്ഷനിൽ വൈവിധ്യമുള്ള രചനാരീതികൾ മാഞ്ഞുവരികയും മാർക്കറ്റിനു പ്രിയങ്കരമായ രചനാ കൂട്ടുകൾ മാത്രം അവശേഷിക്കുകയും ചെയ്യുന്നത് നാം കാണുന്നു. കവിതയിൽ ഇന്ന് ഒരു സമാന്തര മാർക്കറ്റു പോലെ സോഷ്യൽ മീഡിയ പെരുമാറുന്നുണ്ടെങ്കിലും സാമ്പത്തിക വിജയമുറപ്പിക്കാനാവാത്തതിനാൽ അത് വേണ്ടത്ര വിജയമാകുന്നില്ല. സോഷ്യൽ മീഡിയയുടെ പൊതുസ്വഭാവത്തിന് ഇണങ്ങുന്ന ചില രചനാസമവാക്യങ്ങൾ അത് ഉയർത്തിപ്പിടിക്കുന്നുണ്ടെങ്കിലും സാമ്പത്തിക താല്പര്യങ്ങൾ വിജയം കാണാത്തതിനാൽ ഫിക്ഷനെ മാർക്കറ്റ് വിഴുങ്ങിയ പോലെ കവിതയെ വിഴുങ്ങാൻ അതിനു കഴിയുന്നില്ല. അതുകൊണ്ടു തന്നെ പല പല രചനാരീതികൾ ഇന്നും കവിതയിൽ പ്രയോഗത്തിലുണ്ട്. സാരൂപ്യതക്കു (uniformity) വേണ്ടിയുള്ള ബലങ്ങൾക്കൊപ്പം തന്നെ സാരൂപ്യതക്കെതിരായ ബലങ്ങളും കാവ്യകലയിൽ പ്രവർത്തിക്കുന്നു. മാർക്കറ്റിൻ്റെ സാമ്പത്തിക താല്പര്യങ്ങൾ ഈ ബലാബലത്തിൽ ഇടപെടുന്നില്ല എന്നത് പ്രധാനമാണ്. ഒരു തരം അന്തർദേശീയരചനാഘടന ലോകമെങ്ങുമുള്ള കവിതയെ ഇന്നു സ്വാധീനിക്കുന്നുണ്ട് എങ്കിൽ തന്നെയും അതിനെ നിഷേധിക്കുന്ന പ്രാദേശിക രചനാഘടനകളും ഈ മാധ്യമത്തിൽ ശക്തമായിത്തന്നെ നിലനിൽക്കുന്നു. മലയാളത്തിൽ വൃത്തബദ്ധമായ രചനാരീതികൾ ഇപ്പോഴും പ്രയോഗത്തിലുള്ളത് ഉദാഹരണം. കവിത എന്ന മാധ്യമത്തോട് മാർക്കറ്റ് കാണിക്കുന്ന ഉദാസീനത ഈ ബലാബലങ്ങളെ അവയുടെ പാട്ടിനു വിടാൻ സഹായകമാണ്. അതിനാൽതന്നെ, മാർക്കറ്റിൻ്റെ ഇച്ഛക്കൊത്തല്ലാതെ സ്വതന്ത്രമായി നിലകൊള്ളാൻ ഈ മാധ്യമത്തിനു കഴിയുന്നു. ഇങ്ങനെയൊരു കാലത്ത് മാർക്കറ്റ് വിഴുങ്ങാത്ത ഒരു മാധ്യമത്തിൽ പണിയെടുക്കാൻ കഴിയുന്നതിൽ, വിറ്റുപോകാത്ത ഒരു കവിയായിരിക്കുന്നതിൽ, ഞാൻ അഭിമാനിക്കുന്നു.

No comments:

Post a Comment