മരത്തിനടിയിൽ
ഒസാമ എൽ ദിനാസൗരി (ഈജിപ്ത്, 1960 - 2007)എൻ്റെ കൂട്ടുകാർ കടലിലേക്കു പോയി
അവരുടെ വസ്ത്രങ്ങൾക്കും ഷൂസുകൾക്കുമരികെ
എന്നെ തനിച്ചാക്കി
ബക്കറ്റു കണക്കിനു വെള്ളം
മണൽക്കൂമ്പാരങ്ങൾ
അക്രമാസക്തരായി
പരസ്പരമെറിഞ്ഞവർ
കളിച്ചു തകർക്കുന്നു
എൻ്റെ കൂട്ടുകാർക്കു ഭ്രാന്താണ്
എന്നാൽ ആഴത്തിൽ
അവർ മൃദുലഹൃദയർ തന്നെ
ഞാൻ മരത്തിനടിയിലിരുന്നു വായിക്കുന്നു
ജീവിതത്തെയും മരണത്തെയും പറ്റി ചിന്തിക്കുന്നു
ഈ സംഘത്തിൻ്റെ തത്വചിന്തകൻ ഞാൻ
എല്ലാവരെയും സ്നേഹിക്കുന്ന വികലാംഗൻ
ആരുമവനെയും വെറുക്കുന്നില്ല
ദൂരെയൊരു മരത്തിനടിയിൽ
എന്നെ ശ്രദ്ധിക്കാതെ
പാറിപ്പറക്കുന്ന മുടി പിന്നി
വായിലൂടെ വെളുത്ത പത തുപ്പിയിരിക്കുന്ന
വികലാംഗപ്പെണ്ണിനെ സ്നേഹിക്കുന്ന
വികലാംഗനായ പുരുഷൻ ഞാൻ
വികലാംഗപ്പെണ്ണിനെ സ്നേഹിക്കുന്ന
വികലാംഗനായ പുരുഷൻ ഞാൻ
No comments:
Post a Comment