പുഴക്കരയിൽ
ഡി.ജെ.എൻറൈറ്റ് (യു.കെ, ഇംഗ്ലീഷ്, 1920 - 2002)പുഴയിൽ നിന്നും പുറത്തെടുത്തപ്പൊഴേക്കവൾ
മരിച്ചിരുന്നൂ,കാട്ടുപൂവുകൾക്കിടയിലായ്
ചിലന്തിനൂലാൽ തുന്നപ്പെട്ടവൾ കിടക്കുന്നു
വയസ്സായ്, വസ്ത്രം പറ്റെ മുഷിഞ്ഞ്, മുഖം തളർ -
ന്നവശം നിരാശയിലാണ്ട്, വൃദ്ധർക്കെങ്ങനെ
കഴിയുന്നിതുപോലെ കടുംകൈ ചെയ്തീടുവാൻ?
നാല്പതാണ്ടുകളിപ്പോൾ കടന്നുപോയീ, വീണ്ടു -
മോർക്കുന്നു ഞാനാപ്പുഴക്കരയിൽ കിടക്കുമാ-
പ്പാവത്തെ,യരികെച്ചെന്നൊന്നുകൂടി നോക്കുന്നു
പുഴയിൽ നിന്നും പുറത്തെടുത്തപ്പൊഴേക്കവൾ
മരിച്ചിരുന്നൂ,കാട്ടുപൂവുകൾക്കിടയിലായ്
ചിലന്തിനൂലാൽ തുന്നപ്പെട്ടവൾ കിടക്കുന്നൂ
ചെറുപ്പക്കാരി,വസ്ത്രമലസം, ദുഃഖം നിറ -
ഞ്ഞുള്ളുലച്ചിടും മുഖം, എങ്ങനെ യുവാക്കൾക്കു
കഴിയുന്നിതുപോലെ കടുംകൈ ചെയ്തീടുവാൻ?
No comments:
Post a Comment