ചാണകവണ്ട്
നതാലിയ ടൊലേഡോ (മെക്സിക്കോ, ഭാഷ സപോടെക്, ജനനം : 1967)
1
അവയുണ്ടാക്കുന്നു
പൂർണ്ണചന്ദ്രനെപ്പോലുള്ള ചാണകയുരുളകൾ
ചോളപ്പൊരി വിൽക്കുന്ന പെണ്ണുങ്ങളെപ്പോലെ
തലയിലതു ചുമക്കുന്നു
ലോകത്തിൻ്റെ തറക്കടിയിൽ മാന്തുന്നു
ഉരുളകളൊളിപ്പിക്കാൻ
വിശുദ്ധമായ പൈതൃക സ്വത്തെന്നോണം
2
തീയുണ്ടായത് ലോകത്തിനടിയിൽ
ഒരു തളിരില എൻ്റെ കൺപോളമേലുറങ്ങുന്നു
എൻ്റെ നിഴൽ നാലു കാലിൽ നടക്കുന്നു
എൻ്റെ പരുത്ത തൊലി സന്തോഷത്താൽ വിറയ്ക്കുന്നു
ഒരു പൂന്തോട്ടമാണെൻ്റെ വീട്
പിൻഭാഗത്തു ഞാൻ കൊണ്ടുനടക്കുന്ന മിന്നാമിന്നി
എനിക്കു തിളക്കം പകരുന്നു.
എൻ്റെ കൈത്തലം ഒരില
എന്നെ ആശ്ലേഷിക്കുന്ന ഏതിനേയും
ഉൺമയുടെ പാലാൽ നിറപ്പെടുത്തുന്നു ഞാൻ
3
നിഴലിനടിയിലിരിക്കെ
എൻ്റെ മുതുകൊരു കനം തൂങ്ങും ചോളയില
ഉഴവുചാലുകൾ കീറുന്നു സങ്കടം
വിതക്കുന്ന നേരം നിലമെന്നപോലെ
ലോകത്തിൻ്റെ പൊടി മുഴുവൻ
എൻ്റെ കണ്ണുകളിലരഞ്ഞു പൊടിഞ്ഞു.
മഴസുഗന്ധം,
അടയുമാകാശ വിളുമ്പിൽ
4
ലോകം ഇരുട്ടിലാണ്ടു
കളിമൺഭരണി തുളുമ്പി, പുഴകളും കടലുകളുമൊഴുകി
വിളറി നരച്ചൊരു സൂര്യൻ വന്ന്
മനുഷ്യരുടെ കണ്ണുകളെല്ലാം തുടച്ചുനീക്കി
പൂക്കളിൽ നിന്നും ചെടികളിൽ നിന്നും
നിലം ജലം നുകർന്നു
ഒരു കുലുക്കം.അതുണ്ടാക്കിയ വിള്ളലുകളിൽ നിന്നും
ആദ്യത്തെ മനുഷ്യൻ മുളപൊട്ടി
No comments:
Post a Comment