Friday, July 26, 2024

കവിതകൾ - വിവിയൻ ലാമാർക്ക് (ഇറ്റലി, ജനനം : 1946)

കവിതകൾ

വിവിയൻ ലാമാർക്ക് (ഇറ്റലി, ജനനം:1946)


1
അവിഹിത കവിത

ഞാൻ നിന്നോട് മനസ്സുകൊണ്ട് ഇണചേർന്ന രാത്രി
വേണ്ടത്ര ജാഗ്രത കാണിച്ചില്ല
അല്പം കഴിഞ്ഞതും എൻ്റെ മനസ്സു വീർത്തു നിറഞ്ഞു
പിന്നെ, നിനക്കറിയാം,
രണ്ടു രാത്രി മുമ്പ്
കൊടും വേദനക്കു ശേഷം
ഞാനൊരു അവിഹിത കവിതക്കു ജന്മം നൽകി
എൻ്റെ പേരു മാത്രമേ അതു പേറു
എന്നാൽ എൻ്റേതല്ലാത്ത ഒരന്തരീക്ഷം അതിനുണ്ട്
നിൻ്റേതുപോലെ.
നിനക്കൊരു സംശയം പോലും തോന്നാത്ത നേരത്ത്
നിനക്കൊരു പെൺകുഞ്ഞു പിറന്നിരിക്കുന്നു.


2
മാന്യനും ഹൃദയവും

അയാളവളുടെ ഹൃദയത്തിൽ പ്രവേശിച്ചു
അവളുടെ കണ്ണുകളുടെയും ചെവികളുടെയും തെരുവിലൂടെ കടന്നുപോന്ന് അയാളവളുടെ ഹൃദയത്തിൽ പ്രവേശിച്ചു.
അവിടെ അയാൾ എന്തെടുക്കുന്നു?
തങ്ങുന്നു
ഒരു വീട്ടിലെന്നപോലെ
അയാളവളുടെ ഹൃദയത്തിൽ വസിക്കുന്നു.

No comments:

Post a Comment