Tuesday, July 16, 2024

സമ്മതിവാദ്യം

സമ്മതിവാദ്യം



ആളുകൾ

വോട്ടു ചെയ്തു മടങ്ങുന്നതിൻ്റെ

ഏതോ പഴുതിൽ വെളിവായി,

വിരലൊന്നമർന്നാൽ നാദം പൊഴിക്കുന്ന

വാദ്യമാകുന്നു

ശരിക്കും ഇത്.


ഒരു പിയാനോയെ

(ഹാർമോണിയത്തെയെങ്കിലും) 

സ്വപ്നം കണ്ട്

പിച്ചും പേയും പറഞ്ഞുകൊണ്ടിരിക്കുന്നു

ഇതീ പകൽ മുഴുവൻ


ഉയരുന്ന രണ്ടു നാദവീചികൾക്കിടയിൽ

വ്യക്തിത്വം തെളിയിച്ച്

ഒപ്പു പതിക്കാനുള്ള സമയം

ക്രമപ്പെടുത്തി വെച്ച്

വാദ്യത്തെ

ഒരു സമ്മതിയന്ത്രമാക്കി മാറ്റിക്കളഞ്ഞു!

ഏതമർന്നാലും

ഒരേ സ്ഥായിയിൽ

ഒരേ നാദം പുറപ്പെടുന്നു,

പാവം!

രാജ്യം ഇടപെട്ടാൽ

ഏതു നാദവീചിയാണ്

ബീപ് ശബ്ദമാകാതിരിക്കുക!


ഇടമുറിയാത്ത ധാരയാണ്

എണ്ണിത്തിട്ടപ്പെടുത്താവുന്ന മട്ടിൽ

മുറിഞ്ഞു മുറിഞ്ഞു വീഴുന്നത്

ഇതിൻ്റെ സംഭരണിയിൽ കുമിഞ്ഞുകൂടുന്നു

മുറിഞ്ഞ സംഗീതം


ഇന്നു പകൽ മുഴുവൻ

ഉയർന്നു കേട്ട ബീപ്പുകളത്രയും

ചേർത്തുവെച്ചാൽ

മഹാസംഗീതമാകുമത്രേ

വൈകീട്ട് അടിഞ്ഞതോ,

കണക്കു ബോധിപ്പിക്കേണ്ട

ഒരക്കം.


എന്നാൽ തിരക്കൊഴിഞ്ഞ്

പതുക്കെ

ബീപ് ശബ്ദത്തെ

പൊതിഞ്ഞു നിന്ന ആശങ്കയുടെ ഇടകൾ

കൂട്ടിവെച്ചതും

ഉയരുന്നു

പരുങ്ങിപ്പരക്കുന്ന നാട്ടുമൗനം

No comments:

Post a Comment