Sunday, July 7, 2024

തുടർച്ച - ലൂയിസ് മുനോസ് (സ്പാനിഷ്, സ്പെയിൻ, ജനനം : 1966)

 തുടർച്ച


ലൂയിസ് മുനോസ്
(സ്പാനിഷ്, സ്പെയിൻ, ജനനം : 1966)


മുറ്റത്തെ മരത്തിൽ
ഒന്നു മറ്റൊന്നിനെ പിന്തുടർന്നു പറക്കുന്നു
വാലുകുലുക്കിക്കിളികൾ ഇപ്പോൾ.
ഇവയെപ്പോഴും ഇങ്ങനെയാണോ
എന്നെനിക്കറിയില്ല
എന്നാൽ ഓരോ തവണ കാണുമ്പോഴും
ഒന്നു ചെറുത്തുനിൽക്കും പോലെയുണ്ട്
മറ്റൊന്നു പിന്തുടരും പോലെയും

വ്യക്തമായി കാണാവുന്ന ഒന്നിപ്പോൾ
കൈപ്പിടിമേൽ വിശ്രമിക്കുന്നു
ഒരു നിമിഷത്തേക്കു മാത്രം.
ജനൽച്ചില്ലുകൾക്കു പിറകിൽ
വാരികകൾ മറിച്ചും ഫോണിൽ സംസാരിച്ചും കൊണ്ടിരിക്കുന്ന
എൻ്റെ സാന്നിദ്ധ്യമറിഞ്ഞല്ല,
അനക്കമറിഞ്ഞല്ല,
മറ്റൊന്നു വരുന്നതറിഞ്ഞ്,
- കാറ്റിൻ്റെ വിരലുകളിലേറി ഒരു തുണ്ടു കടലാസ് -
പുറപ്പെട്ടുപോകാനതിന് നേരമായി

No comments:

Post a Comment