Thursday, July 18, 2024

കലയായ് വിടരുന്ന ആഴം

 കലയായ് വിടരുന്ന ആഴം


പി. രാമൻ


ഏതൊന്നിനെയും അതിനിരിക്കാൻ ഏറ്റവും യോജിപ്പുള്ള ഒരിടത്തു കൊണ്ടു വന്നു വയ്ക്കുന്നതുപോലെ ലളിതമായ കല വേറൊന്നില്ല. എന്നിട്ടു മാറി നിന്ന് അതിനെ അതിൻ്റെ പശ്ചാത്തലത്തോടു ചേർത്തു നിർത്തി നോക്കിക്കാണുന്നതിൽ കവിഞ്ഞ ഒരാസ്വദനവുമില്ല. വ്യക്തിത്വത്തിൽ തന്നെ ലയിച്ചിരിക്കുന്ന ഈ കലയെ മനുഷ്യൻ സംസ്കൃതിയിലേക്കു നീട്ടിയെടുത്തതിന് മികച്ച ഉദാഹരണങ്ങൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുണ്ട്. പൂക്കളും സുഗന്ധ വസ്തുക്കളും ചായക്കെറ്റിലുകളും സംവിധാനം ചെയ്യുന്നതിൻ്റെ കലകൾ സെൻ ബുദ്ധമതവുമായി ബന്ധപ്പെട്ട് ജപ്പാനിൽ വികസിച്ചു വന്നത് ഓർക്കുക.

ചിത്രകാരനും കവിയുമായ എ.ശാസ്തൃശർമ്മൻ എൻ്റെ നാട്ടുകാരനാണ്. ഏറെക്കുറെ അയൽക്കാരൻ എന്നു പറയാം. എഴുതിത്തുടങ്ങിയ കാലം തൊട്ടേ ഞാൻ കവിതകൾ കാണിച്ചു കൊടുത്ത് അഭിപ്രായം തേടിയിരുന്നത് അദ്ദേഹത്തോടാണ്. ഓരോ കവിതയെ സംബന്ധിച്ചും അദ്ദേഹം പറഞ്ഞ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എൻ്റെ എഴുത്ത് മുന്നോട്ടു കൊണ്ടുപോകാൻ സഹായിച്ചിട്ടുണ്ട്. വസ്തുനിഷ്ഠതയും വിമർശനാത്മകതയുമായിരുന്നു അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളുടെ പ്രധാന സവിശേഷത. ഈ നിലക്ക് എന്നെ സംബന്ധിച്ചിടത്തോളം ഗുരുസ്ഥാനത്തുള്ളയാളാണ് ശാസ്തൃശർമ്മൻ. അദ്ദേഹവുമായി സംസാരിച്ചിരിക്കുമ്പോഴൊക്കെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമുണ്ട്.പരിസരബോധം വളരെ കൂടുതലായിരുന്നു അദ്ദേഹത്തിന് എന്നതാണത്. ഉദാഹരണത്തിന് കവിതാചർച്ചക്കിടെ ഒരു ശബ്ദം കേട്ടെന്നിരിക്കട്ടെ, അതിൻ്റെ ഉറവിടം അറിഞ്ഞ് കുഴപ്പമൊന്നുമില്ല എന്നു ബോധ്യപ്പെട്ടാൽ മാത്രമേ അനിയേട്ടൻ എന്നു ഞാൻ വിളിക്കുന്ന ശർമ്മൻ മാഷിന് ചർച്ച തുടരാൻ കഴിഞ്ഞിരുന്നുള്ളൂ. പുറത്തെ മുറിയിലിരുന്ന് ഞങ്ങൾ സംസാരിക്കുമ്പോഴാകും അകത്തുനിന്ന് കുട്ടികളുടെ ശബ്ദം, അല്ലെങ്കിൽ പാത്രം മറിഞ്ഞു വീഴുന്ന ഒച്ച കേൾക്കുക. മാഷ് അകത്തേക്കു പോകും. ആ ശബ്ദത്തിൻ്റെ ഉറവിടം ഏതായിരുന്നാലും അതിനെ ശാന്തമാക്കിയ ശേഷമേ അദ്ദേഹം തിരിച്ചെത്തി സംസാരം തുടരൂ. ചെറിയ പ്രായത്തിലേ കുടുംബത്തിൻ്റെ ഉത്തരവാദിത്തങ്ങൾ ഏൽക്കേണ്ടി വന്നയാളായിരുന്നു മാഷ്. അതുകൊണ്ടാണ് മാഷിൻ്റേത് ഇത്രമേൽ പരിസരബോധമുള്ള പ്രകൃതമായത് എന്ന് തോന്നുകയും ചെയ്തു. എന്തായാലും ഈ പ്രകൃതത്തിൻ്റെ ഒരനന്തരഫലം വരയും എഴുത്തും എണ്ണത്തിൽ കുറവാകാൻ ഇതിടയാക്കി എന്നതാണ്.മാഷ് കവിതയെയല്ല ചിത്രകലയെയാണ് തൻ്റെ മുഖ്യമാധ്യമമായി അന്നേ കണ്ടിരുന്നത്. ചിത്രത്തിൽ കവിഞ്ഞുള്ളതായിരുന്നു കവിത.ഉയർന്ന പരിസര ബോധത്താൽ താനറിയാതെ തന്നെ ചെയ്തു കൊണ്ടിരിക്കുന്ന ക്രമീകരണ - സംവിധാന കലയായിരുന്നു ശർമ്മൻമാഷിന് ജീവിതം. ഒരു സെൻമാസ്റ്ററെപ്പോലെ മാഷ് ചിത്രവും കവിതയുമെല്ലാം ആ ജീവിതകലയുടെ ഭാഗമാക്കി മാറ്റി.

ഇതൊക്കെ ഇപ്പോളെന്നെ ഓർമ്മിപ്പിച്ചത് മാഷിൻ്റെ പുതിയ കവിതകളുടെ വായനയാണ്. ഓരോ വസ്തുവിനെയും എടുത്തു കൊണ്ടു വന്ന് യഥാസ്ഥാനത്ത് വക്കുകയാണ് ഈ കവിതകൾ. എങ്ങാണ്ടോ കിടന്ന ഒരു ഭരണിയാവാം, പൊടി പിടിച്ച ഒരു കാൽപ്പെട്ടിയാവാം, വെറുമൊരു കല്ലാവാം, മനോഹരമായ ഒരു ചിത്രമോ ശില്പമോ ആവാം, കൂട്ടിയിട്ടു കത്തിക്കാൻ അടിച്ചു കൂട്ടുന്ന ഇലകളാവാം, ഒരു മനുഷ്യരൂപമാവാം, ഒരു വലിയ നഗരം തന്നെയാവാം കവിതയിൽ ഇങ്ങനെ ക്രമീകരിച്ചു സംവിധാനം ചെയ്യപ്പെടുന്നത്. വസ്തുക്കളെ ഇങ്ങനെ സംവിധാനം ചെയ്യുമ്പോൾ അവക്കിരിക്കാൻ വേണ്ടതായ അഥവാ അവക്കു പശ്ചാത്തലമാകാൻ വേണ്ടതായ ഇടം കൂടി കവിക്കു സൃഷ്ടിക്കേണ്ടതുണ്ട്. ആ നിലക്ക് സ്ഥലകല കൂടിയാണ് ശർമ്മൻ മാഷിന് കവിത. ഇങ്ങനെ പശ്ചാത്തലമായി ഒരു സ്ഥലം സൃഷ്ടിക്കുക, അവിടേക്ക് വേണ്ടതെല്ലാം ചേർത്തു വക്കുക എന്നിവ സ്വാഭാവികമായി സംഭവിക്കുമ്പോൾ ആ പ്രക്രിയയിലടങ്ങിയ നിശ്ശബ്ദത വായിക്കുന്ന നമ്മളെക്കൂടി പൊതിഞ്ഞു നിൽക്കും.

ഈ പറഞ്ഞത് കവിതകൾ ഉദാഹരണമായെടുത്തു വിശദീകരിക്കേണ്ടതുണ്ട്. ആപ്പിൾ എന്ന കവിതയെടുക്കാം. നമ്മുടെ നാട്ടിൽ വിളയാത്ത, എന്നാൽ ചന്തകളിൽ സുലഭമായ പഴമാണത്. നമ്മുടേതല്ലെങ്കിലും നമ്മുടേതായ പഴം.ആപ്പിൾ പഴങ്ങളുടെ സ്റ്റിൽ ലൈഫുകൾ ചിത്രകാരന്മാർക്കു പ്രിയങ്കരമാണ്. ആപ്പിളിനെ അതിൻ്റെ നാട്ടിൽ, തോട്ടത്തിൽ, ഒരു മരത്തിൻ്റെ ചില്ലയിൽ കൊണ്ടുവെക്കുകയാണ് ആ കവിത. ഇവിടെ ഞാൻ വീണ്ടും ബുദ്ധപഥത്തിലെത്തുന്നു. തിച് ഞാത് ഹാൻ എഴുതിയ പഴയ പാത വെളുത്ത മേഘങ്ങൾ (പരിഭാഷ കെ. അരവിന്ദാക്ഷൻ) എന്ന കൃതിയിൽ പരാമർശിച്ചിട്ടുള്ള ഒരു കഥയാണ് ഓർമ്മ വരുന്നത്. ബോധോദയം എന്താണെന്ന് കുട്ടികൾക്കു ബുദ്ധൻ വിശദീകരിച്ചു കൊടുക്കുന്നതാണ് സന്ദർഭം.ബുദ്ധൻ പ്രയോഗത്തിലൂടെയാണ് അതു കുട്ടികളെ പഠിപ്പിച്ചത്. ഒരു കൊട്ട നിറയെ ഓറഞ്ചു കൊണ്ടു വന്ന് ഓരോ കുട്ടിക്കും ഓരോന്നു കൊടുത്തു തിന്നാൻ പറഞ്ഞു. ചിലരത് വേഗം തിന്നു തീർത്തു. ചിലർ സാവകാശം മണത്ത്, രൂചിച്ച്, അല്ലിയല്ലിയായി നുണഞ്ഞു തിന്നു. ഒടുവിൽ ബുദ്ധൻ കുട്ടികളോടു പറഞ്ഞു, രണ്ടു വിധത്തിൽ ഓറഞ്ചു തിന്നാം, ജാഗ്രതയോടെയും അല്ലാതെയും. ജാഗ്രതയോടെ ഓറഞ്ചു തിന്നുമ്പോൾ അതു കായ്ച്ച മരം, ആ മരം നിൽക്കുന്ന മണ്ണ്, മണ്ണിൽ ആപ്പിൾ തൈ നട്ട കർഷകർ, അവരുടെ ജീവിതം എല്ലാം കാണാൻ കഴിയും. ജാഗ്രതയോടെ ഓറഞ്ചു തിന്നുമ്പോൾ ഉണ്ടാകുന്ന ഈ അനുഭവത്തിൻ്റെ പേരാണ് ബോധോദയം. ശാസ്തൃശർമ്മൻ്റെ ആപ്പിൾ കവിത ആപ്പിളിനെ അതിൻ്റെ മരത്തിൽ എത്തിക്കുന്നതോടെ പിന്മാറുന്നില്ല.

എൻ്റെ നഗരത്തിലേക്ക്
മഞ്ഞ വണ്ടികളിൽ കൂമ്പാരമായി
ആപ്പിളെത്തുന്നു
ജോലി കഴിഞ്ഞുള്ള മടക്കയാത്രകളിൽ
വീട്ടിലേക്കു പോരുന്നു.
ആപ്പിൾ കഴുകുന്നതിനെപ്പറ്റി
വിഷവും മധുരവും വേർതിരിക്കുന്നതിനെപ്പറ്റി
തീൻമേശകളിൽ ചർച്ച ചെയ്യുന്നു.

എൻ്റെ നാട്
ഉണങ്ങിയ മണ്ണ്
പൊടിക്കാറ്റടിക്കുന്നു
കുന്നിൻ ചെരിവുകളിൽ
ഉരുളൻപാറകൾ പൊള്ളി നിൽക്കുന്നു
മിനുസമില്ലാത്ത ജീവിതം

ആപ്പിൾ
വിദൂരമായ തോട്ടങ്ങളിൽ
എത്തിപ്പിടിക്കാനാവാത്ത ഉയരത്തിൽ

വസ്തു, അതിരിക്കുന്ന സ്ഥലം, അതിനെ നോക്കുന്നയാളുടെ നോട്ടത്തിൻ്റെ ആംഗിൾ എന്നിവ ചേർന്നിണങ്ങുന്നുണ്ട് ഈ ആഖ്യാനത്തിൽ. ആപ്പിൾ കൂമ്പാരത്തിൻ്റെ നിറത്തെ ലോറിയുടെ മഞ്ഞനിറത്തിലേക്ക് ചേർത്തുവെച്ചിരിക്കുന്നതിൻ്റെ സൂക്ഷ്മത കാണുക. ഈ ഇണക്കമാണ് ശാസ്തൃശർമ്മൻ്റെ കവിതയെ വാക്കുകൾ കൊണ്ടുള്ള സ്ഥലകലയാക്കുന്നത്. ഉരുളക്കിഴങ്ങുകറി കൂട്ടി ചപ്പാത്തി തിന്നുന്ന 'ഞങ്ങ'ളെ വാൻഗോഗിൻ്റെ പ്രശസ്ത ചിത്രത്തിലേക്കും ആ ചിത്രത്തിൻ്റെ ഓർമ്മയെ അതു രചിക്കപ്പെട്ട പശ്ചാത്തലത്തിലേക്കും ചിത്രത്തിലെ മനുഷ്യരെ അവരുടെ നിത്യജീവിതസഹനങ്ങളിലേക്കും കൊണ്ടു വയ്ക്കുന്ന കവിതയാണ് ഉരുളക്കിഴങ്ങു തിന്നുന്നവർ. മേഘത്തെ മുറ്റത്തെ മഹാഗണിയിലേക്ക്, നിലാവിനെ ആരണ്യക് എന്ന നോവൽത്തുരുത്തിലേക്ക്, വെയിലിനെ വയനാട്ടിലേക്ക്, ആളൊഴിഞ്ഞ ഒരു വീടിൻ്റെ മുറ്റത്തു തന്നെത്തന്നെ, കൊണ്ടുവയ്ക്കുന്നു.

ഈ പ്രവൃത്തിയിൽ കവി/കലാകാരൻ നേരിടുന്ന ഒരു പ്രശ്നമുണ്ട്. സംവിധാനം ചെയ്യലിൻ്റെ ഈ കലയിൽ നിർജീവത സംഭവിച്ചേക്കാം എന്നതാണത്. ഫോട്ടോഗ്രഫിക് സ്വഭാവമുള്ള പല കവിതകളും നിർജീവവും യാന്ത്രികവും ആയി മാറുന്നതിന് മലയാളത്തിൽ തന്നെ ഉദാഹരണങ്ങൾ കണ്ടെത്താൻ കഴിയുകയും ചെയ്യും. എന്നാൽ ഈ പ്രതിസന്ധിയെ കവി മറികടക്കുന്നു എന്നതാണ് പ്രധാനം. ചലനവും നിശ്ചലതയും ശബ്ദവും നിശ്ശബ്ദതയും തമ്മിലുള്ള സംഘർഷം ഉടനീളം നിലനിർത്തുന്നതിലൂടെ സജീവത സൂക്ഷിക്കാൻ ശാസ്തൃശർമ്മൻ്റെ കവിതക്ക് സഹജമായിത്തന്നെ അറിയാം. ഉദാഹരണത്തിന് രണ്ടു ശില്പങ്ങൾ എന്ന കവിത നോക്കൂ:

മുറ്റത്ത്
ഇരുമ്പുകൂട്ടിൽ
ശ്വാനശില്പം
ഇടക്കൊന്നു കുരക്കുമ്പോൾ
ജീവനുണ്ടെന്നു തോന്നിപ്പോകും

സിറ്റൗട്ടിൽ
പതുപ്പാർന്നൊരിരുപ്പിൽ
വളഞ്ഞു ചാഞ്ഞൊരു
വൃദ്ധശില്പം

ഇടക്കൊന്നു ചുമയ്ക്കുമ്പോൾ
ജീവനുണ്ടെന്നു തോന്നിപ്പോകും

തുന്നിവെച്ചൊരു വായ്
അടച്ചിട്ട ഗേറ്റ്
മരിച്ചു നിൽക്കും വീട്

ശില്പനിശ്ചലതക്കും സജീവതക്കും ഇടയിലെ വാഴ്‌വിൻ്റെ അവസ്ഥയെ കുറിക്കാൻ ഈ ഇടനിലക്കു കൃത്യമായും കഴിയുന്നുണ്ട്. ജീവത്വവും ശില്പത്വവും കൊണ്ടുള്ള ലീലയായി ഈ ആവിഷ്ക്കാരരീതി പടരുന്നത് പാകം, പേടി, പണിക്കാരൻ, കുന്നിൻചെരുവിലെ വീടുകൾ തുടങ്ങിയ കവിതകളിൽ അനുഭവിക്കാം. 'പാക'ത്തിൽ ഒരു പുരുഷപ്രതിമ ഉണ്ടായിവരികയാണ്. നെഞ്ചൂക്കും പേശീബലവും കൂർത്ത പല്ലും നഖവുമുള്ള എല്ലാം തികഞ്ഞ ഒരാണ്. പക്ഷേ അതിൻ്റെ കടിച്ചു പിടിച്ച പല്ലിന്നിടയിൽ ചത്ത പാമ്പുപോലെ കിടക്കുന്നു ദുർബ്ബലമായ നാവ്. ആ നാവ് ശില്പത്തിന് അല്പപ്രാണനെങ്കിലുമേകുന്നു. അഥവാ ജീവനുണ്ടെന്നു തോന്നിപ്പിക്കുന്നു. ജീവനുണ്ടെന്നു തോന്നുന്നു എന്നത് ഒരു കെട്ട ജീവിതാവസ്ഥ തന്നെ. അങ്ങനെയങ്ങു ജീവിച്ചു പോവുക എന്ന നിരുന്മേഷകരമായ നിലയെ കാണിക്കുന്നു ഈ ആവിഷ്ക്കാരം. ശില്പമല്ലാത്ത ശില്പവും ജീവിതമല്ലാത്ത ജീവിതവും മനുഷ്യനല്ലാത്ത മനുഷ്യനും ഈ കവിതകളിൽ സന്ധിക്കുന്നു. വായിൽ കിടക്കുന്നത് ചത്ത പാമ്പുപോലുള്ള ഒരു നാവല്ലായിരുന്നെങ്കിൽ ജീവനുണ്ടെന്നു തോന്നിപ്പിക്കാതെ അതിനു ശരിക്കും ജീവനുണ്ടായേനേ! തന്നിഷ്ടത്തിന് ഉരിയാടാൻ സ്വാതന്ത്ര്യമില്ലാത്ത നാവാണ് ശരിക്കും ജീവനുണ്ടാകുന്നതിനു തടസ്സം. ഈ അല്പപ്രാണത്വം ചപ്പില കത്തിച്ചു ബാക്കിയായ ഇത്തിരിക്കനൽത്തരികൾ പോലെ ഈ സമാഹാരത്തിലെ പല കവിതകളിലും തിളങ്ങുന്നുണ്ട്. ജീവിതത്തിൻ്റെ ഈ അല്പപ്രാണനിലയെ ക്രമീകരണ - സംവിധാന- സ്ഥല കലകൊണ്ട് മറികടക്കാനുള്ള ശ്രമമാണ് എ. ശാസ്തൃശർമ്മൻ്റെ കല, ചിത്രത്തിലായാലും കവിതയിലായാലും. ജഡരൂപിയായ ജീവമാതൃകകൾ ഈ ചിത്രകാരൻ ചിത്രസ്ഥലങ്ങളിൽ കൊണ്ടു വെച്ചതിലേക്കു സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നാൽ ആ അല്പപ്രാണനില അനുഭവിക്കാനാകും. നിലംപറ്റിക്കിടക്കുന്നവ, നീരു വറ്റിപ്പോയവ, സുഷിരങ്ങളിലേക്കു പിൻവാങ്ങിയവ, അടിക്കാടുകൾ പോലെ ഇരുട്ടിൽ നിന്നു നിശ്ശബ്ദം പൊന്തുന്നവ എന്നിവയാൽ നിറഞ്ഞതാണ് ഇദ്ദേഹത്തിൻ്റെ ചിത്രപ്രതലങ്ങൾ.

എന്നാൽ ആർക്കിയോളജിയുടെയും മ്യൂസിയോളജിയുടെയും അടിനിലകളിൽ ഒതുങ്ങി നിൽക്കുന്നവയല്ല എ. ശാസ്തൃശർമ്മൻ്റെ രചനകൾ.ഈ സമാഹാരത്തിലെ ഒരു കവിതയിൽ മണ്ണിനടിയിൽ ശില്പത്തെ കെട്ടിപ്പിടിച്ചു കിടക്കുന്ന ശില്പിയുടെ ദൃശ്യമുണ്ട്. ആ കിടപ്പിൽ നിന്ന് ഖനനം ചെയ്തെടുത്ത് മണ്ണുമാറ്റി, ശില്പത്തെ ശില്പിയിൽ നിന്നു വേർപെടുത്തി, നമ്മുടെ കാലത്തിൽ വെക്കേണ്ടിടത്ത്, അതിൻ്റെ സൗന്ദര്യം മുഴുവൻ സാക്ഷാൽക്കരിക്കപ്പെടുന്ന തരത്തിൽ വെച്ച് അതെങ്ങനെ കാണണം എന്നു കൂടി കാണിച്ചുതരുന്നുണ്ട് ഈ കലാകാരൻ.ശില്പം തന്നെയാകണമെന്നില്ല, ഒരു ശലഭച്ചിറകാകാം, മനസ്സിന്നടിത്തട്ടിൽ ഉപേക്ഷിക്കപ്പെട്ട ഒരു ഓർമ്മയോ അനുഭവമോ ആകാം, ഇങ്ങനെ വീണ്ടെടുക്കപ്പെടുന്നത്. ആർക്കിയോളജിയുടെയും മ്യൂസിയോളജിയുടെയും അടിപ്പടവുകൾ കയറി ഇക്കുബാനയുടെയും പ്രതിഷ്ഠാപനകലയുടെയും മേൽനിലകളിലേക്ക്  സംവിധാനം ചെയ്യും ഈ കലാകാരൻ എന്തിനേയും.

ചരിത്രത്തിൻ്റെ പിന്നറ്റത്തു നിന്ന് ഒരു ഭരണി എടുത്തുകൊണ്ടുവന്ന് പുതുതായി പണിത വീട്ടിൽ എങ്ങനെയെങ്കിലും വച്ചാൽ പോരാ എന്ന് കലാകാരനു നിർബന്ധമുണ്ട്.

അതിനുള്ളിൽ
ചുവപ്പും മഞ്ഞയും വെള്ളയും നീലയും
പ്ലാസ്റ്റിക് പൂക്കൾ തിരുകി വെക്കരുതെന്ന്
വീട്ടുകാരിയോടു ഞാൻ പറഞ്ഞു
നിശ്ശബ്ദമായ
അതിൻ്റെ ഭാഷയുടെ
വായടച്ചു വെക്കരുതെന്നേ
ഞാനുദ്ദേശിച്ചിട്ടുള്ളൂ

നമ്മുടെ ലോകത്ത് ഓരോന്നിനുമുണ്ട് നിശ്ശബ്ദമായ ഒരു ഭാഷ. അതിൻ്റെ വായ അടച്ചു വക്കാതിരിക്കാനുള്ള ജാഗ്രതയാണ് പ്രധാനമെന്ന് ഈ കവിതകൾ പറയുന്നു. ഓരോന്നിൻ്റെയും നിശബ്ദ ഭാഷകളെ നമ്മളിലേക്കു തുറക്കാനാണ് കവി കളമൊരുക്കുന്നതും കൊണ്ടു വയ്ക്കുന്നതും. ഇവിടെ നിശ്ശബ്ദത ചിത്രകലയെയും ഭാഷയുടെ വായ കാവ്യകലയെയും സൂചിപ്പിക്കുന്നു. വായ അടച്ചു വക്കപ്പെട്ട ഭാഷയെക്കുറിച്ചുള്ള ഉൽക്കണ്ഠ ഈ കവിതാലോകത്തിൻ്റെ അന്തരീക്ഷത്തെ പിരിമുറുക്കമുള്ളതാക്കുന്നു. ഗ്രനൈറ്റ് പാകിയ തറ പെട്ടെന്നൊരു ചില്ലുപോലെ സുതാര്യമായപ്പോൾ തറക്കടിയിൽ കിടക്കുന്ന എല്ലുകളുടെ നിശ്ശബ്ദത മുൾച്ചെടികളായി മുറിയിൽ നിറഞ്ഞു വളരുന്ന ദുഃസ്വപ്നത്തിൻ്റെ ഭയവും ഉൽക്കണ്ഠയും ശർമ്മൻ എഴുതുന്നു. പിരിമുറുക്കത്തോടെ, ഒഴുക്കു മുറിച്ചു സംവിധാനം ചെയ്യപ്പെട്ട നഗരങ്ങളുടെ കൃത്യതക്കെതിരാണ് ഈ കലാകാരൻ മുന്നോട്ടുവക്കുന്ന സ്ഥല - സംവിധാന- കാവ്യകല. കൃത്രിമ സംവിധാനങ്ങളുടെ മതിൽപ്പുറമേക്ക് കാറ്റിലൊഴുകാൻ തയ്യാറായി ആടിയുലഞ്ഞു നിൽക്കുന്ന മഞ്ഞപ്പൂച്ചെടികളെ ചൂണ്ടിക്കൊണ്ടാണ് പ്ലാൻഡ് സിറ്റീസ് എന്ന കവിത അവസാനിക്കുന്നത്. സംവിധാനം ചെയ്യണം, എന്നാൽ അത് ഭാഷയുടെ വായടച്ചു കൊണ്ടോ ഒഴുക്കു മുറിച്ചു കൊണ്ടോ ആവരുത്. ഒഴുക്കു മുറിച്ചുകൊണ്ടു സംവിധാനം ചെയ്യുമ്പോൾ ഉൽക്കണ്ഠ, ഭയം, ഹിംസാത്മകത തുടങ്ങിയവ വന്നു നിറഞ്ഞേക്കാം.

എങ്ങനെ കാണുന്നു എന്നിടത്താണ് ഊന്നേണ്ടത് എന്ന് ഈ കവിതകൾ സൗമ്യമായി ഓർമ്മിപ്പിക്കുന്നു. എങ്ങനെ കാണണം എന്നു കാണിച്ചുതരികയാണ് കവി. കാണാൻ ശീലിപ്പിക്കുന്നു എന്നു വെച്ചാൽ കലയുടെ ഇടപെടലിൻ്റെ രീതിശാസ്ത്രം പരിശീലിപ്പിക്കുന്നു എന്നു തന്നെ. സന്ധ്യക്ക് ചപ്പില അടിച്ചു കൂട്ടി തീയിട്ട് കവി ഒരു ദൃശ്യം ഒരുക്കിവക്കുന്നു. എന്നിട്ടു മാറി നിന്ന് അതെങ്ങനെ കാണണം എന്നു കാണിച്ചുതരുന്നു. അപ്പോൾ പുകച്ചുരുകൾക്കിടയിലൂടെ ഒരു ഗോവണിയിലൂടെയെന്നപോലെ ചുറ്റിച്ചുറ്റി കയറിപ്പോകുന്ന ഒരു പയ്യനെ നാം കാണുന്നു. താഴെ തീ നാളങ്ങളിലേക്കു നോക്കുമ്പോൾ എരിഞ്ഞമരുന്ന കനൽ തിളക്കങ്ങളും കാണുന്നു. കാഴ്ച്ചകളിലൂടെ ഒരാഖ്യാനം വിരിഞ്ഞു വരുന്നു. പ്രശസ്തമായ ചില കലാസൃഷ്ടികൾ എങ്ങനെയെല്ലാം കാണാം എന്നു ചൂണ്ടുന്ന ചില കവിതകൾ ഈ സമാഹാരത്തിലുണ്ട്. ഹെൻറി റൂസോ, ഫ്രഡറിക് റദ്ദൂം, വാൻഗോഗ്, ഹോ കു സായ്, പോൾ ഡെൽവോ, മഗ്രിറ്റേ എന്നിവരുടെ രചനകൾ മലയാളത്തിൽ കൊണ്ടുവന്നു വെച്ച് കാണാൻ പ്രചോദിപ്പിക്കുകയാണ് ആ കവിതകൾ. ഫ്രഡറിക് റദ്ദൂമിൻ്റെ ശില്പത്തെക്കുറിച്ചെഴുതിയ പക്ഷിയും മനുഷ്യനും ഞാനും എന്ന കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്.

ഉത്തരങ്ങൾ എനിക്കിഷ്ടമല്ല
ചോദ്യങ്ങളും

ഞാൻ നോക്കി നിൽക്കുന്നു
നോക്കിക്കൊണ്ടേയിരിക്കുന്നു.

നോക്കലിൻ്റെ രണ്ടു നിലകൾ ഈ വരികളിലുണ്ട്. നോട്ടത്തിൻ്റെ തുടർച്ച നിലനിർത്തിക്കൊണ്ടുതന്നെ നിന്നും ഇരുന്നും നോക്കുന്നു. കവിതവായനയും ഒരു നോട്ടം തന്നെ എന്ന് പഴയൊരു കവിതയിൽ കവി എഴുതിയിട്ടുണ്ട്

മരങ്ങളിൽ നിന്ന്
ഇലകളൊക്കെ കൊഴിയുന്നു
പെട്ടെന്ന്
നിഴലുകൾ
വേരുകളുടെ കുഴലുകളിലേക്ക്
ചുരുണ്ടിറങ്ങുന്നു
ദൂരത്തുള്ള മൊട്ടക്കുന്ന്
വലുതായി വന്ന്
ഇരുമ്പുഗേറ്റിനടുത്തു നിൽക്കുന്നു
- ഞാനിപ്പോൾ
ഒരു കവിത വായിക്കുന്നു.

ഈ കവിതാലോകത്തിലൂടെ കടന്നുപോകുമ്പോൾ ആഴങ്ങളിൽ നിന്ന് എന്തും പൊങ്ങി വന്ന് കൺമുമ്പിൽ കലയായ് വിടരാമെന്ന പ്രതീക്ഷ നമ്മളിൽ നിറയുന്നു. പെൺകുട്ടിയുടെ സൈക്കിളിൽ (പെൺസൈക്കിൾ) എന്തെല്ലാമാണു വന്നു ചേരുന്നത്!

പെൺകുട്ടിയുടെ സൈക്കിളിന്
റോസാപ്പൂവിൻ നിറം
ജിറാഫിൻ കഴുത്ത്
തലയിൽ വയലറ്റു പൂക്കൾ
പുസ്തകം വക്കാൻ
കങ്കാരുപ്പെട്ടി
മുയൽപ്പതുപ്പുള്ള സീറ്റ്

പെൺകുട്ടി സൈക്കിളോടിക്കുന്നു
കൂർത്ത പല്ലുള്ള റോട്ടിലൂടെ
പെൺകുട്ടി സൈക്കിളോടിക്കുന്നു
നാക്കു നീട്ടിയ റോട്ടിലൂടെ

റോസാപ്പൂവും വയലറ്റു പൂക്കളും മുയലും ജിറാഫും കങ്കാരുവും പെൺകുട്ടിയുടെ സൈക്കിളിൽ കുടിയേറുന്നു. അവൾക്കു സഞ്ചരിക്കേണ്ട റോഡുപോലും പ്രത്യേകം സംവിധാനം ചെയ്തതാണ് എന്ന് കാണുന്ന നമ്മൾക്കു തോന്നുന്നു. നമ്മുടെ കൗതുകക്കണ്ണ് വിടർത്തുന്ന തരത്തിൽ ആ കാഴ്ച്ച ഒരുക്കി വെച്ചിരിക്കുന്നു. ഒരു കൊച്ചുപെൺകുട്ടി കുറുമ്പൻ റോട്ടിലൂടെ സൈക്കിളോടിച്ചു പോകുന്നതിൻ്റെ ഓമനത്തമുള്ള വികൃതിച്ചിത്രം നമ്മുടെ മുന്നിലേക്ക് എങ്ങനെയാണ് എത്തുന്നത് എന്നു നിർലോഭം നിരീക്ഷിക്കാൻ ഈ കവിത അവസരമൊരുക്കുന്നു. ഒരു പക്ഷിയെ നോക്കിക്കാണുന്നതാണ് ഒറ്റക്കിളി എന്ന കവിതയിലെ പ്രമേയം. തിരിച്ചറിയാൻ നന്നേ പ്രയാസമുള്ളൊരു കിളിയാണത്. ഞാൻ അതിനെ കണ്ടു എന്നു പറഞ്ഞാൽ അതിനർത്ഥം അതിൻ്റെ നിഴൽ നിറമുള്ളൊരു ചിത്രം എൻ്റെ കണ്ണുകളിലെങ്കിലും പതിപ്പിച്ചു എന്നാണ്. ഓരോന്നും അതതിൻ്റെ നിഴൽ നമ്മളിൽ വീഴ്ത്തലാണ് കാണൽ. ലോകത്തിൻ്റെ നിഴൽ ഭാവുകനിൽ വീഴത്തക്ക തരത്തിൽ ലോകത്തെ സംവിധാനം ചെയ്യുന്നു എ. ശാസ്തൃശർമ്മൻ്റെ കവിത.

No comments:

Post a Comment