എൻ്റെ പച്ച
വേനൽക്കാട്ടിലേക്കു ചേർക്കാനാഗ്രഹിച്ച പച്ച മാത്രം
ഉള്ളിൽ നിന്നു വലിച്ചെടുത്തു പുറത്തിട്ടു.
ഒരു പച്ചപ്പുൽത്തഴപ്പായ്
ഉണങ്ങിയ കാടിൻ്റെ കാൽക്കലതു വീണു കിടക്കുന്നു.
അങ്ങനെ കിടക്കാതെ
മരങ്ങളിലേക്കു പോകൂ എന്നു പറഞ്ഞപ്പോൾ
അതു പോയി.
ദൂരം ചെന്നു തിരിഞ്ഞു നോക്കുമ്പോൾ
മരക്കൂട്ടത്തിൽ ഒരു മരത്തിൻ്റെ
ഉണങ്ങിയ ചില്ലത്തലപ്പത്ത്
ഒരു ചെറു പച്ചിലപ്പാമ്പുപോലെ
അത് ചുറ്റിയിരിക്കുന്നു
വേനൽക്കാട്ടിലേക്കു ചേരാനാഗ്രഹിച്ച
എൻ്റെ പാവം പച്ച!
ഒരു കൊമ്പൻ തുമ്പിയുയർത്തി
അതിനെ മാത്രമെടുത്തു
മസ്തകത്തിലണിയുമോ?
No comments:
Post a Comment