Saturday, July 6, 2024

കാല്പടങ്ങൾ

 കാല്പടങ്ങൾ



ഞങ്ങളിൽ നിന്ന്
ഈ ഭാരം വെട്ടി മാറ്റിയാൽ
ഞങ്ങൾ ആനന്ദനൃത്തം ചവിട്ടും
എന്നു പുകയുന്നു എൻ്റെ കാൽപ്പടങ്ങൾ

ഇതാ ഇവിടെ വെട്ടൂ എന്ന്
കടഞ്ഞു കാണിച്ചു തരുന്നു
കാല്പടങ്ങൾക്കു തൊട്ടു മുകളിൽ വെച്ചു
കാൽവണ്ണ

വെട്ടിമാറ്റുകയാണ്
എന്നവ വിചാരിക്കുന്നു
പക്ഷേ ഞാനവ തലോടുന്നു

വയസ്സാകൽ :
കാൽമുട്ടിനു താഴേക്ക്
അമർത്തിത്തിരുമ്മുന്ന സുഖമറിഞ്ഞ്
നീട്ടിനീട്ടിവയ്ക്കൽ

ഒരു മൃതദേഹത്തിലെ
ഏറ്റവും അന്തസ്സുള്ള അവയവം
എഴുന്നു നിൽക്കുന്ന കാല്പടങ്ങൾ തന്നെ
ശിരസ്സുപോലും അതിനു താഴെയേ വരൂ

കാരണം ശരീരം പിന്നിൽ തള്ളി
പോകണം
മുമ്പോട്ട് അതോ മുകളിലേക്കോ?
തള്ളവിരലുകൾ ചേർത്തു കെട്ടിവെച്ചാലും


















No comments:

Post a Comment