രാത്രിവ്യാഖ്യാനം
സ്വപ്നവ്യാഖ്യാനത്തെപ്പറ്റി പറയുകയായിരുന്നു ഒരു സുഹൃത്ത്. അപ്പോൾ ഞാനോർത്തു :
നാട്ടിൽ ഞങ്ങളുടെ അയൽപക്കത്തൊരാൾക്ക് ഒരു പതിവുണ്ട്. പാതിരാത്രി മൂത്രമൊഴിക്കാനുണർന്നാൽ, അല്ലെങ്കിൽ എന്തെങ്കിലും ശബ്ദം കേട്ടുണർന്നാൽ, അല്ലെങ്കിൽ ഉറങ്ങാതെ കിടക്കുമ്പോൾ ഒരു ശബ്ദം കേട്ടാൽ അയാൾ തൻ്റെ ടോർച്ച് നാലുപാടും വീശിയടിക്കും. അതിനായി വലിയ പ്രകാശമുള്ള ഒരു ടോർച്ചുണ്ട് അയാളുടെ കയ്യിൽ.
ഞങ്ങൾ രാത്രി മൂത്രമൊഴിക്കാനുണർന്നാൽ, അല്ലെങ്കിൽ എന്തെങ്കിലും ശബ്ദം കേട്ടുണർന്നാൽ, അല്ലെങ്കിൽ ഉറങ്ങാതെ കിടക്കുമ്പോൾ ഒരു ശബ്ദം കേട്ടു നോക്കിയാൽ അയാൾ ഉമ്മറത്തിരുന്ന് രാത്രിയിലേക്കു വെളിച്ചത്താൽ നീട്ടി നിറയൊഴിച്ചു കൊണ്ടിരിക്കുന്നതു കാണും.
വെളിച്ചപ്പാളികൾ വട്ടത്തിൽ കറങ്ങുന്നേടത്തെല്ലാം മരത്തടികൾ, ചില്ലകൾ, കോഴിക്കൂടിനു മേലിട്ട ഷീറ്റ്, തെങ്ങോലകൾ, വാഴയിലത്തൊങ്ങലുകൾ, അവക്കിടയിൽ പതുങ്ങുന്ന ഒരു കള്ളൻ്റെ ഉടൽവടിവ്, വീടുകളുടെ ചുമർക്കോണുകളുടെ വക്കുകൾ എന്നിവ വഴുതി മായും.
No comments:
Post a Comment