Friday, July 31, 2020

മായപ്പൊന്ന് - ജയമോഹൻ (തമിഴ് ചെറുകഥ)



മായപ്പൊന്ന്


"ഒന്നു പിഴച്ചാല്‍ മൂന്ന്... ഇപ്പൊ ശരിയായി വരുമെന്നു വിചാരിക്കുന്നു." നേശയ്യന്‍ പറഞ്ഞു.

"നീയെന്താ മൃതസഞ്ജീവനി ഇട്ടാ കാച്ചാന്‍ പോകണത്? കാച്ചുന്നതു നാടന്‍ ചാരായം. മലഞ്ചരക്കാ. അതിലെന്തു സയന്‍സ് മൈര്?... എനിക്കു വേണ്ടത് എഴുപതു ലിറ്റര്‍ എരിപ്പന്‍. നാളെക്കഴിഞ്ഞ് മറ്റന്നാള്‍ അരുമന അണ്ടിയാപ്പീസീ എറക്കിയേക്കണം. നിന്നെക്കൊണ്ടു കഴിയില്ലെങ്കില്‍ പറ. നമുക്കു വേറെ ആളുണ്ട്." ലാത്തി മാണിക്കം പറഞ്ഞു.

"അതു ഞാന്‍ ശരിയാക്കിത്തരാം. ചെയ്യണത് ഒരു ഇതായിട്ട് ചെയ്യണമെന്നാ പറഞ്ഞത്."

"ഡേയ്. ഇതു കുടിക്കണവനെപ്പറ്റി എന്താ കരുതിയത്? നീ കണ്ടിട്ടില്ലേ? ഇല്ലേ പറഞ്ഞുതരാം. നിന്നെ കൂട്ടിയിട്ടുപോയി ഇതു കുടിക്കണവന്‍ എവിടെയിരുന്ന് എങ്ങനെ കുടിക്കുന്നെന്നു കാട്ടിത്തരാം. നീ ഈ കാട്ടുപ്രദേശത്തു മലമേലേ മലമാടന്‍ സാമി മാതിരി ഇരുന്നു പഴകിപ്പോയി. താഴെ ഇറങ്ങി വാ... കാട്ടിത്തരാം." ലാത്തി പറഞ്ഞു.

"ഞാന്‍ കണ്ടിട്ടൊണ്ട്." നേശയ്യന്‍ പറഞ്ഞു.

"കണ്ടിട്ടൊണ്ടല്ലേ? അവിടെ രുചിക്കോ മണത്തിനോ വല്ല എടോമൊണ്ടോടേ? മനുഷ്യന്‍ വരിണ്. വന്ന് ആത്മാവിനു മേലേ തീ വെച്ചു കൊളുത്തിണ്. എരിഞ്ഞോണ്ടു പോകിണ്. എവിടേങ്കിലും കരിഞ്ഞു കരിക്കട്ടയായി കെടക്കും, അത്രതന്നെ."

നേശയ്യന്‍ കണ്ടിട്ടുണ്ട്. മിക്കവാറും കടകളുടെ പിന്‍ഭാഗത്ത് ഇറക്കിക്കെട്ടിയ ചായ്പുകളില്‍. ചിലപ്പോള്‍ ചന്തകളോടു ചേര്‍ന്ന മൂത്രഗന്ധമുള്ള ഇടവഴികളില്‍. ലോറിയുടെ ടയര്‍ട്യൂബില്‍ ചാരായം നിറച്ചുവെച്ചിരിക്കും. പഴയ ലോറി ടയറുകളും ആക്രിസാധനങ്ങളും പൊടിയും മാറാലയും നിറഞ്ഞുകിടക്കുന്ന ഇടം. മൂത്രനാറ്റം, ഛര്‍ദ്ദിനാറ്റം. ചാരായമണം വരാതിരിക്കാന്‍ ഡീസലും ഗ്രീസും ചേര്‍ത്ത് തളിച്ചിട്ടുണ്ടാകും. പരിചയക്കാര്‍ക്കു മാത്രമേ സാധനം കൊടുക്കുകയുള്ളു. അതല്ലെങ്കില്‍ പരിചയമുള്ളയാളെ കൂടെ കൂട്ടിവരണം.

പണം വാങ്ങി ട്യൂബിന്റെ വാള്‍വു തുറന്ന് അലുമിനിയം ടംബ്ലറില്‍ ഒഴിച്ചുകൊടുക്കും. തൊട്ടുനക്കാനുള്ളത് വരുന്നവന്‍തന്നെ കൊണ്ടുവരണം. അച്ചാറോ ചിപ്സോ. എന്നാല്‍ പകുതിപ്പേര്‍ അടുത്തുള്ള പലചരക്കു കടയില്‍നിന്ന് ഒരു ഉപ്പുപരല്‍ മാത്രം എടുത്തു വന്നിട്ടുണ്ടാകും. മൂക്കു പിടിച്ച് ഒറ്റശ്വാസത്തിനു വിഴുങ്ങി ശരീരം കുലുക്കി ഏമ്പക്കം വിട്ട് ഉപ്പു നാക്കില്‍ വെക്കും. വീണ്ടും ഒരു ഏമ്പക്കം. പല്ലിറുമ്മി ചുണ്ടുകള്‍കൊണ്ട് ഒരിളി. ഉടന്‍തന്നെ സ്ഥലം വിടും. അത്രതന്നെ. അവര്‍ക്ക് ഒന്നും അറിയുകയില്ല.

അവര്‍ക്ക് അറിയാവുന്നത് ഒന്നുമാത്രം. പോകെപ്പോകെ ഉള്ളിലിരുന്ന തീയ് പറ്റിപ്പടര്‍ന്നു കയറും. ചെവി ചൂടുപിടിക്കും. ശ്വാസത്തില്‍ ആവി പൊങ്ങും. കണ്ണെരിയും. വായില്‍ കൊളകൊളാ എന്ന് ഉമിനീര് ഊറും. വിയര്‍ത്ത് നിലതെറ്റി അല്പനേരത്തിനകം തല ചുറ്റിത്തുടങ്ങും. അവർ അറിഞ്ഞ ലോകം കലങ്ങി മറഞ്ഞുപോകും.

പലരും പഴക്കം ചെന്ന കുടിയന്മാര്‍. അവര്‍ക്ക് ലഹരി പെട്ടെന്നു കയറുകയില്ല. ചേറില്‍ പുതഞ്ഞ് കാതൽ മാത്രമായി കിടക്കുന്ന മരക്കട്ടകളില്‍ തീ പടര്‍ന്നു പിടിക്കില്ല. തീ പിടിക്കുന്നതിന് പല തന്ത്രങ്ങള്‍ പയറ്റേണ്ടിവരും. ലീസ് രാജപ്പന്റെ ചരക്കില്‍ എവറെഡി ബാറ്ററികള്‍ ഇടും. കഞ്ചാവിലയും ഇടാറുണ്ട്. ഉമ്മത്തിന്‍ കായ്കകളും. എന്തിട്ടാലും ആര്‍ക്കും പരാതിയില്ല. കേറണം. കേറിപ്പിടിക്കണം. കത്തിച്ചാമ്പലാകണം.

നേശയ്യന്‍ ഒരിക്കലും മായം ചേര്‍ക്കാന്‍ സമ്മതിക്കയില്ല. അയാള്‍ സമ്മതിക്കില്ലെന്ന് ലാത്തിക്കും അറിയാം. നേശയ്യന്റെ അപ്പന്‍ സൂസൈയും ഇതുതന്നെയാണ് ചെയ്തിരുന്നത്. അങ്ങേരുടെ കൈപ്പുണ്യം ഇപ്പോഴും ഓര്‍മ്മയിലുള്ള കിഴവന്മാരുണ്ട്. പോലീസ് അങ്ങേരെ പിടിച്ച് കഴുത്തില്‍ കാലിക്കുപ്പികള്‍ തൂക്കിയിട്ട് അടിച്ചു വലിച്ചുകൊണ്ടുപോയി രാത്രി മുഴുവന്‍ തല്ലിച്ചതച്ചു. രാവിലെ ലോക്കപ്പില്‍ മരിച്ചു കിടന്നു. നേരെ ആസ്പത്രിയില്‍ കൊണ്ടുപോയി അറ്റാക്കു വന്നു മരിച്ചതായി എഴുതി വാങ്ങിച്ചു.

എന്നാല്‍ ഒരു മാസത്തിനുള്ളില്‍ നേശയ്യന്‍ തൊഴിലിലേക്കു വന്നു. അപ്പന്റെ കൂടെ എട്ടു കൊല്ലം പണിയെടുത്തവനാണ് അയാള്‍. അയാള്‍ക്ക് വേറൊരു പണിയും ചെയ്യാന്‍ കഴിയില്ല. ഇതു ചെയ്യുന്നതിനാലാണ് അയാള്‍ നേശയ്യനായിരിക്കുന്നത്. പണം അയാള്‍ക്ക് വലിയ വിഷയമല്ല. എള്ളുമലയില്‍ പണത്തിന് വലിയ മതിപ്പില്ല.

അയാളുടെ ഭാര്യ കണ്ണീരോടെ "നമുക്കു വല്ല കൂലിപ്പണിയും ചെയ്തു ജീവിക്കാം. പറയിണതു കേള്‍ക്കൂ" എന്നയാളോടു പറഞ്ഞു.

"ഞാന്‍ കൂലിപ്പണിക്കാരനല്ല." അയാള്‍ മറുപടി കൊടുത്തു. "എനിക്കിതു മാത്രമേ ചെയ്യാനാവൂ... പുലിയോട് ഉറുമ്മരുത്, മ്യാവ് എന്നു ശബ്ദമുണ്ടാക്ക് എന്നു പറഞ്ഞിട്ടെന്ത്?... അതു നടക്കില്ല."

പാതിരാത്രി. മേല്‍ക്കൂരയും നോക്കി പായില്‍ മലര്‍ന്നു കിടക്കുകയാണ് അയാള്‍.
അവള്‍ ചീറിക്കൊണ്ട് എഴുന്നേറ്റു. "എന്നെ കൊല്ല്... എന്നേയും എന്റെ കുഞ്ഞുങ്ങളേയും കൊല്ല്."

അയാള്‍ മിണ്ടാതെ കിടന്നു. അവളോടു സംസാരിക്കുന്നതുതന്നെ കുറച്ചു മാത്രമാണ്.
"ഇനി ഞാന്‍ ഈ മലയില്‍ ഇരിക്കൂല്ല. എവിടേങ്കിലും പോയി മണ്ണു ചുമക്കും... കൂലിപ്പണി ചെയ്യും... എന്റെ കുട്ടികള് ഈ തൊഴിലു ചെയ്യൂല്ല."

അയാള്‍ ഒന്നും മിണ്ടാതെ എഴുന്നേറ്റുചെന്ന് തിണ്ണയിലിരുന്ന് ഒരു ബീഡി കൊളുത്തി. അവള്‍ വീട്ടിനുള്ളില്‍ വിങ്ങിക്കരഞ്ഞുകൊണ്ടിരുന്നു.

പറഞ്ഞതുപോലെത്തന്നെ അവള്‍ പിറ്റേന്നു മടങ്ങിപ്പോയി. അയാള്‍ തടുത്തില്ല. വെറുതെ നോക്കിക്കൊണ്ടിരുന്നു. ചെറിയവന്‍ കൈ വായിലിട്ടുകൊണ്ട് അവളുടെ ഇടുപ്പില്‍ ഇരുന്നു. വലിയവന്‍ തിരിഞ്ഞു തിരിഞ്ഞ് അയാളെ നോക്കി. ഒരു തവണ അവളും തിരിഞ്ഞുനോക്കി. കണ്ണീരടക്കാനാവുന്നില്ല. അവള്‍ പോയി.

മൂലച്ചലിലുള്ള അമ്മാവന്റെ അടുത്തേക്ക് അവള്‍ പോയെന്ന് ആളുകള്‍ പറഞ്ഞു. ലാത്തി ചെന്നു കണ്ട് കുറച്ചു പണം കൊടുത്തുവന്നു. അവള്‍ അവിടെ ഒരു പെട്ടിക്കട വെച്ചതായി നേശയ്യന്‍ കേട്ടറിഞ്ഞു. എട്ടുകൊല്ലത്തിനിടയില്‍ ഒരിക്കല്‍പ്പോലും അയാള്‍ ഒന്നുപോയി കണ്ടിട്ടില്ല.

"സാധനങ്ങള്‍ താഴെയുണ്ട്. വന്ന് ഒന്നു നോക്ക്. ഞാന്‍ നാളെ വരാം." എന്നും പറഞ്ഞ് തോള്‍സഞ്ചി ഇറുക്കിക്കൊണ്ട് ലാത്തി താഴെ ഒറ്റയടിപ്പാതയില്‍ ഇരുമ്പന്‍ രാഘവന്‍ വെച്ചിരുന്ന ബൈക്കില്‍ കയറി. ഇരുമ്പന്‍ മണ്ണില്‍ കാല്‍ തെന്നിത്തെന്നി ഉരുട്ടിയോടിച്ച് ബൈക്ക് ശബ്ദമില്ലാതെ കൊണ്ടുപോയി. താഴെ എത്തിയപ്പോഴാണ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തത്.

നേശയ്യന്‍ മല കയറിച്ചെന്നു. കുതിരമുക്കു കടന്ന്, പന്നിപ്പാറ കയറി, അപ്പുറം ചെന്നാല്‍ അയാളുടെ ഇടമായി. എന്നാല്‍ പന്നിപ്പാറമേല്‍ നിന്നാൽ പോലും ഒന്നും മനസ്സിലാകില്ല. മേലേനിന്ന് ഉരുണ്ടുവന്ന് അങ്ങിങ്ങു നില്ക്കുന്ന പാറകള്‍ മാത്രമേ ചെറിയ കെട്ടിടങ്ങള്‍ പോലെ, എരുമക്കൂട്ടങ്ങള്‍ പോലെ, കാണുവാനുള്ളു. താഴെ മലഞ്ചെരിവിന്റെ അറ്റത്ത് കാട്ടാറ് ഒഴുകിക്കൊണ്ടിരിക്കും. പാറകള്‍ക്കു മേല്‍ വെള്ളത്തിന്റെ ഒച്ചയും ഇരമ്പലും. ആ ഭാഗത്ത് ആനയിറങ്ങുന്നതു പതിവാണ്. ആനക്കാലടികള്‍ ചേറ്റില്‍ പതിഞ്ഞ കുഴികള്‍ നിറയെ കാണാം. ആരെങ്കിലും അവിടെ വന്നാല്‍ കൂടിയും ആനക്കാലടികള്‍ കണ്ടു തിരിച്ചുപോകും.

ചെരിവില്‍ രണ്ടു പാറകള്‍ക്കു നടുവിലുള്ള പിളര്‍പ്പില്‍ വാറ്റാനുള്ള കുടില്‍ കെട്ടിയിരുന്നു. അവിടെയായിരുന്നു അടുപ്പുകള്‍. അടുത്തെത്തും വരെ ആ പാറപ്പിളര്‍പ്പില്‍ അങ്ങനെയൊരു വലിയ ഇടമുള്ളതായി അറിയുകയേയില്ല. ആ കുടില്‍ അറിയാവുന്നവര്‍ പോലും അതു കണ്ടുപിടിക്കാന്‍ കഴിയാതെ അലഞ്ഞുതിരിയാറുണ്ട്.

പാറയ്ക്കുമേല്‍ ഉയര്‍ന്നു നിന്നിരുന്ന വലിയ ഇലഞ്ഞിമരത്തിന്റെ മുകളിലെ കൊമ്പില്‍ കീറിയ മുളങ്കാലുകള്‍ അടുക്കിവെച്ച് ഏറുമാടം കെട്ടിയിട്ടുണ്ട്. അതിന്മേല്‍ ഈറ്റ മെടഞ്ഞ പായ് കൊണ്ടുള്ള മേല്‍ക്കൂരയും ഉണ്ട്. വാസ്തവത്തില്‍ അതൊരു നീളമുള്ള കൂട പോലെയാണ്. അതിനുള്ളില്‍ നുഴഞ്ഞുകയറി കിടന്നുറങ്ങാം. നന്നായി കാല്‍ നീട്ടി കിടക്കാന്‍ പറ്റും. ഈറ്റപ്പായമേല്‍ തേന്‍മെഴുകും അരക്കും ചേര്‍ത്തു തേച്ചിട്ടുള്ളതിനാല്‍ പെരുമഴപോലും താങ്ങും. ഒറ്റ ഏറുമാടം. രാത്രി അയാളും പകലില്‍ കൂമനും അടുപ്പുകള്‍ നോക്കും. ഉറയിടുന്ന ദിവസങ്ങളില്‍ തിരിച്ചും.

അയാള്‍ പാറയ്ക്കുള്ളില്‍ കടന്ന് കുടിലില്‍ എത്തി. ഉലയിലേക്കുള്ള കാട്ടുവിറകുകള്‍ കൂട്ടിയിട്ടിരുന്നു. വലിയ കലങ്ങള്‍ സ്വല്പം ചെരിഞ്ഞ് വാ തുറന്ന് കാത്തിരുന്നു. അയാള്‍ ചെറിയ കല്ലില്‍ ഇരുന്ന് ഒരു ബീഡിക്കു തീ കൊളുത്തി. ഏറെനേരം ഇരിക്കാന്‍ പാകത്തിന് ആ പാറമേല്‍ ഇഞ്ചിപ്പുല്‍ നാരുകൊണ്ടു പിന്നിയ മെത്ത വിരിച്ചിരുന്നു.

കഴുതക്കുളമ്പടി കേട്ടു. ഒന്നിനോടൊന്നു കൂട്ടിക്കെട്ടിയ നാലു കഴുതകളെ തെളിച്ച് കൂമന്‍ മേലേ വന്നുകൊണ്ടിരുന്നു. ഇരുവശത്തും പൊതിക്കെട്ടുകളോടെ, തല താഴ്ത്തി, ചെവികള്‍ പുറകിലോട്ടാക്കി, ദേഹം ഉന്തിയുന്തി അവ വന്നു. തുണി കീറുംപോലെ ശ്വാസം ചീറ്റി.

അയാള്‍ എഴുന്നേറ്റുനിന്നു. കൂമന്‍ അരികെവന്ന് "ലോറിക്കാരന്‍ അപ്പുറം എറക്കീട്ടു പോയി അണ്ണാച്ചീ." എന്നു പറഞ്ഞു. "ഉണ്ണിപ്പാറ മുക്കില്".

നേശയ്യന്‍ കഴുതകളെ പിടിച്ചുനിര്‍ത്തി, അവയുടെ വശങ്ങളില്‍ തൂങ്ങുന്ന ചാക്കുകള്‍ താഴെയിറക്കി. കഴുതപ്പുറത്തുനിന്ന് ചാക്കുകളിറക്കുന്നതിന് നല്ല പരിചയം വേണം. ഒരുവശത്തെ ചാക്കെടുത്താല്‍ മറുവശത്തേക്ക് കഴുത മുതുകു കുത്തി വീഴും. രണ്ടുവശത്തെ ചാക്കുകളും ചെരിച്ച് ഒരേസമയം പിന്‍ഭാഗത്തുകൂടെ താഴെയിറക്കണം. പലതവണ പറഞ്ഞുകൊടുത്തിട്ടും കൂമന് അതറിയില്ല. താഴെനിന്നും പണിക്കാരാണ് ചാക്കുകള്‍ കയറ്റിവിടുന്നത്.

അയാള്‍ ചാക്കുകള്‍ ഇറക്കിക്കൊണ്ടിരുന്നപ്പോള്‍ കൂമന്‍ മണ്‍കലത്തില്‍നിന്ന് തകരപ്പാത്രത്തില്‍ വെള്ളം മുക്കിക്കുടിച്ച് കല്ലിലിരുന്ന് വിശ്രമിച്ചു. ഭാരം ഇറക്കിയ ശേഷം കഴുതകള്‍ ആശ്വാസത്തോടെ ചെന്ന് കൊഴുത്തുകിടന്ന ഇഞ്ചിപ്പുല്ലില്‍ മേയാന്‍ തുടങ്ങി.

"മറ്റവനാണോ വന്നത്?" നേശയ്യന്‍ ചോദിച്ചു. "കഴുതകളെ കണ്ടാല്‍ സംശയം തോന്നരുത്."

"കോണയ്യന്‍ നില്‍ക്കിണു." കൂമന്‍ പറഞ്ഞു. "പോകുമ്പൊ പുല്ലുകെട്ട് കൊണ്ടുപോകാന്‍."

"അവന്‍ മേലക്കു കയറിവരരുത്."

"ഇല്ല. അവനെ ഏറെ ദൂരം കയറ്റില്ല." എന്നു പറഞ്ഞ് കൂമന്‍ എഴുന്നേറ്റു. കഴുതകളെ ഒന്നോടൊന്നു ചേര്‍ത്തു കെട്ടി. അവയെ വലിച്ചുകൊണ്ടു താഴേക്കു പോയി. കഴുതകള്‍ ഭാരമില്ലാത്ത മുതുകോര്‍മ്മിച്ച് സ്വച്ഛമായി ശ്വസിച്ചുകൊണ്ടു പോയി. അവ വാലാട്ടുന്നത് നേശയ്യന്‍ നോക്കിക്കൊണ്ടിരുന്നു.

പിന്നീട് ചാക്കുകളില്‍നിന്ന് പനങ്കരുപ്പട്ടികൾ എടുത്തുനോക്കി. കരുപ്പെട്ടികള്‍ തമ്മില്‍ ചേര്‍ത്ത് തട്ടിനോക്കി. മരക്കട്ട പോലെ ഒച്ചയുണ്ടാക്കിയാല്‍ അത് തവിടു ചേർത്ത കരുപ്പട്ടി. പതുപതുന്നനെയിരുന്നാല്‍ പതം വരാത്തത്. രണ്ടിനും നടുക്കുള്ളതാണ് നല്ല കരുപ്പെട്ടി. ഓരോന്നില്‍നിന്നും സ്വല്പം നുള്ളിയെടുത്ത് വായിലിട്ടു. എട്ടു കരിപ്പെട്ടികള്‍ക്ക് കരിച്ചുവ ഉണ്ടായിരുന്നു. അവയെടുത്ത് അപ്പുറം വെച്ചു.

അല്പസമയത്തിനകം കൂമന്‍ വന്നു. അപ്പോള്‍ നേശയ്യന്‍ കരുപ്പെട്ടികള്‍ തരംതിരിച്ചു വെക്കുകയായിരുന്നു. കൂമന്‍ പായ എടുത്തു നിവര്‍ത്തിയിട്ട് നിന്നുകൊണ്ടുതന്നെ മുളംപിടി വെച്ച ഇടിപ്പലകയാല്‍ കരുപ്പെട്ടികള്‍ അടിച്ചുടച്ചു.

"ഇന്നു ഞാന്‍ അടയാളം കണ്ടു." കൂമന്‍ പറഞ്ഞു.

"എവിടെ?"

"പടിഞ്ഞാറേ മലയില്‍. പുഴക്കരെ ചേറ്റില്‍. ഒറ്റക്കാൽപ്പാട്."

"ഒറ്റക്കാലോ?"

"അതെ, ഒറ്റ മുന്‍കാല്. എന്റെ കാല്പത്തിയേക്കാളും വലുതാ. ഉള്ളില്‍ ഞാന്‍ കാലു വെച്ചുനോക്കി. എന്റെ കാലു മുഴുവനും അതിനുള്ളിലായി."

"ഒറ്റക്കാലു മാത്രമോ?"

"അണ്ണാ, മറ്റേക്കാല് എവിടെ വെച്ചെന്ന് നമ്മളെങ്ങനെ കാണും?"

"അതിനൊരു നേക്കുണ്ട്." നേശയ്യന്‍ പറഞ്ഞു.

"അതെപ്പോഴും പാറയിലാകും കാലു വെച്ചു പോകുക."

"ഏയ്, അങ്ങനെ പോകാന്‍ പറ്റുമോ?"

"പോകും."

"എടേ, അതിനെത്ര കിലോ കനമുണ്ടാകും?" നേശയ്യന്‍ ചോദിച്ചു.

"നിങ്ങള് ഒരിക്കെ കണ്ടില്ലേ, അതിന്റെ കാലുകള്‍ക്കിടയിലുള്ള എടം? അണ്ണാച്ചി കുടിലു കെട്ടാന്‍ മുള നാട്ടുന്നതു മാതിരിയാ കാലുകള്. അത് അത്രേം വലിയ പുലി... നന്നായി വളര്‍ന്ന ആണ്‍പുലിക്ക് നാലാളുടെ കനം കാണും..."

"എങ്കീ ഒരു ഇരുന്നൂറ്റമ്പതു കിലോ കണ്ടേക്കും, അല്ലേ?"

"അണ്ണാ, ഇത് മുന്നൂറുണ്ടാകും. അതിലും കൂടുതല്‍ കാണും."

"മുന്നൂറിലും കൂടുതലോ?"

"അണ്ണനെ ഞാന്‍ കൂട്ടിപ്പോയി കാണിക്കാം. നോക്കിന്‍.. അളന്നു കണക്കുകൂട്ടി നോക്കിന്‍... അണ്ണാ മുന്നൂറ്റമ്പതു കിലോ ഉണ്ടാവും. അതു കടുവയല്ല, രാക്ഷസനാ."

"എത്ര പ്രായം കാണും?"

"നല്ല മൂത്ത കടുവയാ... എന്റെ കണക്കില് ഒരു പതിമൂന്ന്... ചെലപ്പം പതിനഞ്ച്."

"പതിനഞ്ചെങ്കി നല്ല മൂത്ത എനമാ... വയസ്സനപ്പൂപ്പനാകും."

"എന്നാല് പല്ലുണ്ട്... നഖം മുഴുവനുമുണ്ട്."

"മുഴുവനും നേരില്‍ കണ്ട ആരുണ്ടെടേ?'

"മുഴുവനുമോ? മുഴുവനും കാണിക്കാര് കണ്ടിട്ടുണ്ട്. അവര്‍ക്കത് സ്വാമിയാണെന്നാ പറഞ്ഞത്."

"അവര്‍ക്കത് കടുത്താസ്സ്വാമിയാ." 

നേശയ്യന്‍ പറഞ്ഞു. "അയ്യപ്പന്‍ ശാസ്താവ് കടുത്തമേല്‍ ഏറിയല്ലേ കാട്ടില്‍ നടക്കിണത്."

കൂമന്‍ അടുപ്പിനു തീപ്പിടിപ്പിച്ച് വലിയ കലം കയറ്റിവെച്ചു. തകരപ്പാത്രങ്ങള്‍ മുളവടിയില്‍ കാവടിയായി കെട്ടി ആറ്റില്‍നിന്ന് വെള്ളം ചുമന്നു കൊണ്ടുവന്ന് അതിലൊഴിച്ചു. കുടിലിനുള്ളില്‍ മൂടിവെച്ച കലത്തില്‍നിന്ന് തീപ്പെട്ടിയെടുത്ത് ഉരച്ച് വിറകിന്മേല്‍ തീ പകര്‍ന്നു. തീയ്യ് ചുള്ളികളില്‍ പിടിച്ച് മെല്ലെ പടര്‍ന്ന് വിറകിന്‍മേല്‍ ഏറിനിന്ന് ആടാന്‍ തുടങ്ങി.

രാത്രി മാത്രമാണ് അവര്‍ അടുപ്പു കത്തിക്കുന്നത്. ഇരുട്ടില്‍ പുക അറിയില്ല. തീജ്ജ്വാലകളുടെ വെളിച്ചം പാറ പൂര്‍ണ്ണമായും മറയ്ക്കും. കാറ്റ് മല കയറി വീശിയടിക്കും. പുക ഉടനെത്തന്നെ അലിഞ്ഞില്ലാതാകും.

നേശയ്യന്‍ കരിപ്പെട്ടിത്തുണ്ടുകളില്‍ വലിയവ ഇടിക്കട്ട കൊണ്ട് അടിച്ചുടച്ചുകൊണ്ടിരുന്നു.

"അണ്ണാ, കാണിക്കാര് പറയുന്നതില്‍ സത്യമൊണ്ടോ?" കൂമന്‍ ചോദിച്ചു.

"എന്ത്?"

"കടുത്താസ്സാമിയാണോ അത്?"

"ഏയ്, സാമിയെന്തിന് കാട്ടില്‍ അലയണം?"

"അല്ല, അവരടെ സാമി കാട്ടില്‍ത്തന്നെയല്ലേ?"

നേശയ്യന്‍ ബീഡി ദൂരേക്കു വീശിയെറിഞ്ഞു. "അതേയ്, അങ്ങനെയെങ്കി അവരോട് കടുത്താസ്സാമിയെ തേടിപ്പിടിച്ച് തൊഴുതു കുമ്പിടാന്‍ പറയ്."

"അവര് പറഞ്ഞത്, കടുത്താസ്സാമിയെ അങ്ങനെ ചുമ്മാ കാണാന്‍ കഴിയൂലാന്നാ. സാമിയെ തേടിപ്പോയിട്ടു കാര്യമില്ല. സാമി നമ്മളെ തേടി വരണം..."

"അതിനു നമ്മളെന്തു ചെയ്യണം? തപസ്സു ചെയ്യണമോ?" നേശയ്യന്‍ ചോദിച്ചു.

"അവര് പറയണത് പൂജയാ. എന്നാല് അവരുടെ പൂജ വേറേ മാതിരി. തിന്നുകേം കുടിക്കുകേം ഡാന്‍സ് കളിക്കുകേം. മുട്ടന്‍കാണി എന്നോടു പറഞ്ഞിട്ടൊണ്ട്, അരുള് വന്ന ദിവസം മാനത്തെ നിലാവ് താഴെ വന്നു നില്‍ക്കും. അപ്പൊ ഇവിടെങ്ങും തണുത്ത വെളിച്ചം വന്നു നിറയും. ആ വെളിച്ചത്തില് നമുക്കു കടുത്തയെ കാണാം."

"അതിിന് അയാള് കണ്ടിട്ടൊണ്ടോ?"

"അങ്ങേരു കണ്ടിട്ടില്ല. എന്നാലും പൂജാരി കണ്ടിട്ടൊണ്ട്."

"കഞ്ചാവടിച്ചു കേറ്റിയാപ്പിന്നെ കടുത്തയെ മാത്രമല്ല കര്‍ത്താവായ യേശുവിനെ വരെ കാണും."

മലഞ്ചെരിവില്‍ പാറകള്‍ക്കു നടുവില്‍ താഴ്ന്ന മേല്‍ക്കൂരയിട്ട കുടിലുകള്‍ മൂന്നെണ്ണമുണ്ട്. അവയ്ക്കുള്ളിലാണ് ഉറ വയ്ക്കുന്നത്. മണ്ണില്‍ എട്ടടി ആഴത്തില്‍ കുഴിയെടുത്ത്. താഴെനിന്ന് കളിമണ്ണു തേച്ചുപിടിപ്പിച്ച് ഭിത്തി കെട്ടി ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. അതിനുള്ളില്‍ തീപ്പൂട്ടി ചൂളപോലെ ചുട്ട് ചുവരുകള്‍ മണ്‍പാന പോലെയാക്കി ആ തൊട്ടിക്കകത്ത് കാട്ടില്‍നിന്നു പെറുക്കിക്കൊണ്ടുവന്ന ചാണകവും ഇലകളും ഇട്ട് ചീയാന്‍ വെക്കും. അതു പുളിച്ച് കുമിളകള്‍ പൊട്ടി ചീഞ്ഞ നാറ്റമുയരും.

അതിനകത്തെപ്പോഴും കൈ വെക്കാന്‍ പറ്റാത്തത്ര ചൂടുണ്ടാവും. മഴയിലും വെയിലിലും അണയാത്ത തീ. വിറകോ എണ്ണയോ ഇല്ലാത്ത തീ. "അതു ജീവനുള്ള തീയാ. മനുഷ്യന്റെ വയറ്റിനുള്ളില്‍ എരിയണ തീ, കേട്ടോ." എന്നു നേശയ്യന്‍ പറയാറുണ്ട്. ആ ചാണകച്ചേറിനുള്ളില്‍ കഴുത്തറ്റം വരെ ഇറക്കിവെച്ച വലിയ മണ്‍കലങ്ങള്‍ എപ്പോഴുമുണ്ടായിരുന്നു.

കൂമന്‍ മണ്‍കലങ്ങളില്‍ ഉടഞ്ഞ കരുപ്പെട്ടി ഇട്ടു. നേശയ്യന്‍ ചൂടുവെള്ളം കൊണ്ടുവന്ന് കരുപ്പെട്ടിപ്പൊടിക്കുമേല്‍ അളന്നൊഴിച്ചു. കലം നിറഞ്ഞപ്പോള്‍ മുളംകോലുകൊണ്ട് ഒരു തവണ കലക്കിവിട്ട ശേഷം മണ്‍തട്ടുകള്‍കൊണ്ട് പാനികള്‍ മൂടി. അരക്കും തേന്‍മെഴുകും കളിമണ്ണും ചേര്‍ത്ത് ഉരുക്കിക്കുഴച്ച ചാന്തുകൊണ്ട് ഭദ്രമായി അടച്ചു.

മൂടികള്‍ക്കുമേല്‍ വിരല്‍ ഇറക്കാന്‍ പാകത്തിന് തുളയിട്ടിരുന്നു. അതില്‍ നീണ്ട ഈറ്റ തിരുകി അങ്ങേത്തലയ്ക്കല്‍ ആ തുള കുടിലിന് മേലോട്ട് ഉയര്‍ത്തിവിട്ടു. ഉള്ളില്‍ കരുപ്പെട്ടി തിളയ്ക്കുമ്പോള്‍ ചാരായമണം വരും. മണം പിടിച്ച് കരടികളെത്തും. മേലേക്കു വിട്ടാൽ കാറ്റില്‍ പറന്നുപോകും. ഈറ്റക്കുഴലും കളിമണ്‍ചാന്തിട്ട് ഉറപ്പിച്ചിരുന്നു.

"നാളെ വൈകുന്നേരം ലാത്തി വരുമെന്നാ പറഞ്ഞത്.... എഴുപതു കുപ്പി വേണ്ടിവരും." കൂമന്‍ പറഞ്ഞു.

"നോക്കാം."

"എഴുപതു കിട്ടുമോ?" കൂമനു സംശയം.

"നോക്കാം." നേശയ്യന്‍ പിന്നെയും പറഞ്ഞു.

അയാള്‍ പണി കഴിഞ്ഞുവന്ന് കല്ലിന്മേല്‍ ഇരുന്നു. "അണ്ണാ, തേയിലവെള്ളം ഇടട്ടെ?" കൂമന്‍ ചോദിച്ചു.

"ഇട്."

കൂമന്‍ അടുപ്പില്‍ തകരപ്പാത്രം വെച്ച് വെള്ളമൊഴിച്ചു. അതില്‍ പഞ്ചസാരയും ചായപ്പൊടിയും ചേര്‍ത്തിട്ടു. തിളച്ചതും ഇറക്കി തുണിയരിപ്പയില്‍ അരിച്ചു പിഴിഞ്ഞെടുത്തു. നേശയ്യന് കടുപ്പമുള്ള കട്ടന്‍ചായയാണ് ഇഷ്ടം. എന്നാല്‍ അതു വേഗം കുടിച്ചുതീര്‍ക്കും.

തകരപ്പാത്രത്തില്‍ കൂമന്‍ കൊടുത്ത ചായ നേശയ്യന്‍ നാലഞ്ചുതവണയായി ഇറക്കി. ചൂട് ശരീരത്തില്‍ പടര്‍ന്നതും മസിലുകള്‍ ഇറുക്കമയഞ്ഞ് സ്വല്പം പതുത്തു. അയാള്‍ കാല്‍ നീട്ടിയിരുന്ന് ഒരു ബീഡി കൊളുത്തി.

കൂമനും ബീഡി പിടിച്ച് കുന്തിച്ചിരുന്നു. കൂമന് മണിക്കൂറുകളോളം അങ്ങനെ ഇരിക്കാന്‍ കഴിയും. ഒന്നും ചിന്തിക്കാതെ ചുമ്മാ കാടും നോക്കിയിരിക്കും. ബീഡിയോ മുറുക്കാനോ ഉണ്ടെങ്കില്‍ മുഖം വിടരും.

കാട് ഇരുട്ടടഞ്ഞുവന്നു. വേഗത്തില്‍ സൂര്യന്‍ കരടിമലയ്ക്കപ്പുറം ഇറങ്ങിപ്പോയി. പക്ഷികളുടെ ശബ്ദങ്ങള്‍ ഉറക്കെ പൊങ്ങി, മെല്ലെ അണഞ്ഞു. താഴെ ആറ്റില്‍ വെള്ളത്തിന്റെ വെളിച്ചം ശേഷിച്ചിരുന്നു. പിന്നെ അതും ശബ്ദം മാത്രമായി മാറി.

ബീഡി വീശിയെറിഞ്ഞ് നേശയ്യന്‍ എഴുന്നേറ്റ് മലഞ്ചെരിവില്‍ മണ്ണോടു പറ്റിയതുപോലെ കിടന്നിരുന്ന മറ്റൊരു വാറ്റുകുടിലിനു നേരെ ചെന്നു. കൂമന്‍ പിന്നാലെയുണ്ട്. കുടിലിന്റെ മേല്‍ക്കൂരമേല്‍ കാട്ടില്‍നിന്ന് ഉണക്കിലകള്‍ കൊണ്ടുവന്ന് പരത്തിയിട്ടിരുന്നു. കുറച്ചപ്പുറം നിന്നു നോക്കിയാല്‍ പോലും അതിനെ കുടില്‍ എന്നു പറയാനാവുകയില്ല.

"ഇതു പാകമായിട്ടൊണ്ടെന്ന് തോന്നിണ്... ചക്കപ്പഴം പഴുത്ത മണം." കൂമന്‍ പറഞ്ഞു.

"ഉം." നേശയ്യന്‍ മൂളി.

കുടിലിനുള്ളില്‍ നേര്‍ത്ത മണം നിറഞ്ഞിരുന്നു. നേശയ്യന്‍ മൂക്കു വലിച്ചുമണത്തു. മുഖം വിടര്‍ന്നു.

"പെറ്റുവീണ കുഞ്ഞ് ആദ്യത്തെ ചിരി ചിരിക്കണ മാതിരിയാ." നേശയ്യന്‍ പറഞ്ഞു.

"അതിരാവിലെ പൂ വിരിയണ മാതിരിയാന്നാ ഞാന്‍ വിചാരിക്കുന്നത്." കൂമന്‍ പറഞ്ഞു.

നേശയ്യന്‍ ഓരോ പാത്രത്തിന്റേയും മൂടിക്കരികത്തു ചെന്ന് ഈറ്റക്കുഴല്‍ അകറ്റിമാറ്റി തുളയരികില്‍ മൂക്കു ചേര്‍ത്തുവെച്ചു.

"പെണ്ണു ചമയണ മാതിരീന്ന് പറയാത്തതെന്ത്?"

"എന്താ അണ്ണാച്ചീ, നിങ്ങളൊരു മാതിരി..." കൂമന് ചിരി വന്നു.

"ഇതു മൂന്നും പാകമായിട്ടൊണ്ട്."

"മൂന്നിലും കൂടി എഴുപതു വരുമോ അണ്ണാച്ചീ?"

"ഓരോന്നിലും പത്തുവെച്ച് മുപ്പതു വരും. ഏറിയാ മുപ്പത്തഞ്ച്."

"അയാള് എഴുപതല്ലേ പറഞ്ഞത്?"

"അവന്‍ പറഞ്ഞു.... നമ്മള് ഇവിടെന്താ ഫാക്ടറി നടത്തുകയാണോ... കിട്ടണ്ടേ?"

"ഇവിടെ വന്ന് നമ്മളോട് ഒരു മുഖം കാട്ടും. പോണ വഴിയില് വെച്ച് വെള്ളം ചേര്‍ത്ത് കണ്ട പൊടികളും കലക്കി നാല്പത് എഴുപതാക്കും അയാള്."

"വിട്. വിട്, അതൊന്നും നമ്മളോടു പറയാതെ." നേശയ്യന്‍ ദേഷ്യത്തോടെ വിലക്കി.

"ഇല്ല. ഞാന്‍ പറയുവാ."

"അതിനു നമ്മള്‍ക്കെന്താ. കുടിക്കണവന് വിധിയുണ്ടെങ്കി നല്ലതു കിട്ടും... "

നേശയ്യന്‍ പാത്രങ്ങളുടെ മൂടി ഒട്ടിച്ചിരുന്ന ചാന്ത് കത്തി കൊണ്ടു ചുരണ്ടിമാറ്റി. ഇടയില്‍ കത്തി കയറ്റി വലിച്ചുയര്‍ത്തി തുറന്നു. പുതുച്ചാരായത്തിന്റെ മണം 'ഗുപ്പ്' എന്നുയര്‍ന്നുവന്നു.

"ഇതാണ് അണ്ണാച്ചീ, മണം... പുതുമഴയുടെ മണം മാതിരി."

നേശയ്യന്‍ മൂന്നു പാനികളും തുറന്നു. അകത്ത് കറുത്ത നിറത്തില്‍ ഊറല്‍ നിറഞ്ഞിരുന്നു. തീരെ ചെറിയ കുമിളകള്‍ പൊട്ടുന്ന നേര്‍ത്ത ശബ്ദം കേട്ടു. നുരയുടഞ്ഞു മറയുന്ന ശബ്ദം. പോളിത്തീൻ കവർ കിരുകിരുക്കുന്നതു പോലുള്ള ശബ്ദം. നേശയ്യന്‍ കുനിഞ്ഞ് ഓരോന്നായി നോക്കി. മനസ്സുനിറഞ്ഞ് തലയാട്ടി.

കൂമന്‍ മണ്‍കലങ്ങള്‍ പൊക്കിയെടുത്ത് അടുപ്പിന്മേല്‍ വെച്ചു. തറയില്‍നിന്ന് നാലുവിരല്‍ ഉയരമുണ്ട് അടുപ്പിന്. എന്നാല്‍ അരയോളം ആഴമുണ്ട് അതിന്റെ കുഴിക്ക്. മണ്ണെടുത്തു മാറ്റി അകത്ത് കളിമണ്‍ചുമര്‍ കെട്ടിയുണ്ടാക്കിയ വാറ്റടുപ്പാണ് അത്. അകത്തു കാറ്റു കടക്കാന്‍ ഇരുവശത്തും ചേറ്റില്‍ മുള പതിച്ചുണ്ടാക്കിയ എട്ടു തുളകള്‍. വിറകടുക്കിയ ശേഷം മുന്നില്‍ മണ്ണുകെട്ടി അടച്ചാല്‍ അകത്തു തീയ് എരിഞ്ഞുകൊണ്ടിരിക്കും. വാറ്റടുപ്പില്‍ പുക കുറച്ചേ ആകാവൂ. തീനാളങ്ങള്‍ ആളിയുയരരുത്.

ഉറവെച്ച കുടിലുകൾക്കകത്തു ചെന്ന് കൂമന്‍ മുളങ്കോലു പിടിപ്പിച്ച തകരട്ടിന്നു കൊണ്ട് കലങ്ങള്‍ക്കകത്ത് ഊറിയ തെളി മെല്ലെ മുക്കി തകരബക്കറ്റില്‍ ഒഴിച്ചു. ഊറൽ തേന്‍പോലെ തെളിഞ്ഞിരുന്നു. അതു കൊണ്ടുവന്ന് ആദ്യത്തെ കലത്തില്‍ ഒഴിച്ചു. ഓരോ കലത്തിലെ ഊറലും വേറെവേറെ കാച്ചണമെന്ന് നേശയ്യന് നിര്‍ബ്ബന്ധമാണ്. "ഓരോന്നിനും ഓരോ രുചിയും മണവുമുണ്ട്." എന്നയാള്‍ പറയും.

"എന്തായീ പറയിണത്? ഒരേ കരുപ്പെട്ടി. ഒരേ കലം." എന്ന് ഒരിക്കല്‍ ലാത്തി ഇടപെട്ടതാണ്.

"ഒരേ ഭാര്യയിൽ നിനക്കുണ്ടായ നാലു കുട്ടികളും നാലു ഡിസൈനിലല്ലേ?" നേശയ്യന്‍ മറുപടി പറഞ്ഞു.

"വായടച്ചു ചുമ്മായിരിയെടോ". ലാത്തി പറഞ്ഞു.

കൂമന്‍ കീ കീ കീ എന്നു ചിരിച്ചു.

"നീ എന്തെടേ തീട്ടം കണ്ട പന്നി മാതിരി ചിരിക്കണത്?" ലാത്തി ചോദിച്ചു.

നാലു കലങ്ങളില്‍നിന്നുള്ള ഊറല്‍ മാറ്റി മുക്കാല്‍ ഭാഗം നിറച്ചു കൂമന്‍.

"മതി." കുടിലിനുള്ളില്‍ച്ചെന്ന് പഴക്കൂട എടുത്തു പോന്നു. കൂമനും കുടിലില്‍നിന്ന് പഴക്കൂടകള്‍ കൊണ്ടുവന്നു വെച്ചു.

കാട്ടില്‍നിന്നു കൊണ്ടുവന്ന മലവാഴപ്പഴങ്ങള്‍. അവ അഴുകി ഒന്നായിച്ചേര്‍ന്ന് കുഴമ്പുപോല്‍ ഇരുന്നു. കൊണ്ടുവരുമ്പോള്‍ത്തന്നെ നേശയ്യന്‍ ഇരുന്ന് തോലു നീക്കിയിരുന്നു. വീണ്ടും കൈയ്യിട്ട് ആ കുഴമ്പില്‍ തോലു കിടക്കുന്നുണ്ടോ എന്നു നോക്കി.

"കാണിക്കാര് തോലോടെയാണ് ഇടുക." കൂമന്‍ പറഞ്ഞു. അവനത് എപ്പോഴും പറയാറുള്ളതാണ്.

"പലരും അങ്ങനെയിടും. ഞാനിടൂല്ല." നേശയ്യന്‍ പറഞ്ഞു. "നല്ല ചാരായം മധുരത്തില്‍ നിന്നുതന്നെ വരണം... തോലോ എലയോ ഉമിയോ മരപ്പൊടിയോ എന്തു കിടന്നാലും രുചി കെടും..."

"എങ്ങനെ?"

"മധുരത്തീന്നാ ഇത് ഊറി വരിണത്. യേശുദേവനെ മാതിരി... വേറൊന്നുണ്ട്. എലയീന്നും തോലീന്നും വരിണത്. അതു സാത്താന്റെ മാതിരി... അതും ഇതും ഒരുപോലെത്തന്നെ ഇരിക്കും. എന്നാല് അതു കൂടുതലടിച്ചാ കണ്ണും കൊണ്ടു പോകും."

കൂമന്‍ അതുകേട്ടു ചിരിച്ചു.

ആ സമയത്ത് രണ്ടുപേരും സംസാരിച്ചുകൊണ്ടിരിക്കാന്‍ ഇഷ്ടപ്പെട്ടു. എന്നാല്‍ വേറൊന്നും പറയാനുമില്ല.

നേശയ്യന്‍ അഴുകിയ പഴങ്ങളുടെ കുഴമ്പ് തോണ്ടിയെടുത്ത് കരുപ്പെട്ടി പുളിച്ചുപൊങ്ങുന്ന ചാരായ ഊറലില്‍ ചേര്‍ത്തു. മുളങ്കഴിയിട്ട് നന്നായി കലക്കി. പഴക്കുഴമ്പ് ഊറലില്‍ കലര്‍ന്നപ്പോള്‍ മണത്തിനു മാറ്റമുണ്ടായി.

നേശയ്യന്‍ കലങ്ങളുടെ മൂടി ഉറപ്പിച്ചു. മൂടിയുടെ അരികുകള്‍ കളിമണ്ണുകൊണ്ട് നന്നായി പൊതിഞ്ഞു. അതിന്മേല്‍ തീപ്പന്തം കാട്ടി കളിമണ്ണു ചുട്ടുറപ്പിച്ചു. മൂടികളുടെ നടുവിലെ തുളയില്‍ ഇറക്കിവെച്ച ഈറ്റക്കുഴലുകള്‍ ഉയര്‍ന്നു വളഞ്ഞുപോയി. അവ അരികെ തയ്യാറാക്കിവെച്ചിരുന്ന ചെമ്പുകൊണ്ടുള്ള നീണ്ട ഉരുളുകള്‍ക്കുള്ളിലൂടെ കടത്തിവിട്ടിരുന്നു. ചെമ്പുരുളിന്നുമേല്‍ വൈക്കോലും ചണച്ചാക്കും ചുറ്റി അതിന്മേല്‍ ഉയരത്തില്‍വെച്ച പാനിയില്‍നിന്ന് കുഴല്‍വഴി തണുത്ത വെള്ളം വീണുകൊണ്ടിരുന്നു.

കൂമന്‍ വെള്ളപ്പാനിയിലേക്ക് എത്തി നോക്കി. "വെള്ളം കൊണ്ടുവരട്ടെ അണ്ണാച്ചീ?”

“അപ്പഴേ നിറച്ചുവെച്ചിരിക്കേണ്ടതാ.” 
നേശയ്യന്‍ പറഞ്ഞു.
കൂമന്‍ താഴെ ആറ്റില്‍നിന്ന് തകരട്ടിന്നുകളില്‍ വെള്ളമെടുത്ത് കാവടിയായി കെട്ടിക്കൊണ്ടുവന്ന് കലങ്ങളില്‍ നിറച്ചു.

നേശയ്യന്‍ യേശുവേ എന്നു പ്രാര്‍ത്ഥിച്ച ശേഷം തീപ്പെട്ടിയുരതി അടുപ്പില്‍ തീ പൂട്ടി. തീയെരിഞ്ഞ് വിറകുകള്‍ ചുവന്നു കനല്‍ക്കട്ടകളായപ്പോള്‍ മുന്‍ഭാഗം അടച്ചു. ഉള്ളില്‍ തീ നുറുങ്ങി പാകത്തിന് എരിഞ്ഞുതുടങ്ങി.

കൂമന്‍ ചാക്കില്‍നിന്ന് കുപ്പികള്‍ എടുത്തുകൊണ്ടുവന്ന് ചെമ്പുകുഴലുകള്‍ക്കരികില്‍ വെച്ച് അവിടെയിരുന്ന് ബീഡി കൊളുത്തി.

നേശയ്യന്‍ നിന്നുകൊണ്ട്, കലങ്ങള്‍ക്കകത്തെ ഊറല്‍ ചൂടായിത്തുടങ്ങുന്നത് ശബ്ദത്തിലൂടെ മനസ്സിലാക്കിക്കൊണ്ടിരുന്നു.

ഊറലില്‍നിന്ന് ചാരായം ആവിയായി ഉയര്‍ന്ന് കുഴല്‍വഴി വന്ന് ചെമ്പുകുഴലിനുള്ളില്‍ തണുത്തുവിയര്‍ത്ത് തുള്ളിയായ് ഊറി ചെറിയ ലോഹമൂക്കുതുള വഴി ഇറ്റി. കൂമന്‍ ആദ്യത്തെ കുപ്പിയെടുത്ത് അതിനടിയില്‍ വെച്ചു.

നേശയ്യന്‍ കുനിഞ്ഞ് ആദ്യത്തെ തുള്ളി കൈയ്യില്‍ വാങ്ങി മുകര്‍ന്നു. മുഖം വിടര്‍ന്നു.

“എങ്ങനേണ്ട് അണ്ണാച്ചീ?”

“നല്ല പതംവന്നിട്ടൊണ്ടെടേ.”

“പിന്നെന്താ?”

“വെറ്റിലയും പാക്കും ചുണ്ണാമ്പും ചേര്‍ന്നാ ചുവപ്പു വരും. അതെല്ലാരുക്കും അറിയാം. എന്നാല് ആയിരം തവണ വെറ്റില ചവച്ചാ ഒരിക്കലാ ആ അതൊത്തു കിട്ടുക. ആ ഒറ്റയൊരു വെറ്റിലച്ചുരുളിനായിട്ടാ ഓരോരുത്തരും മുറുക്കിണത്.”

“അതെ.”

“ഓരോ വാറ്റിലും ഒന്നുണ്ടാവുമെടേ. ഇപ്പൊ ദൈവം എണീറ്റ് നമ്മുടെ മുന്നില് വന്നാല് ഇതാന്ന് നമ്മള് നീട്ടിക്കൊടുക്കണ മാതിരി ഒരു കുപ്പി... അതാ ഞാന്‍ തേടുന്നത്. എപ്പോഴെങ്കിലും ഒന്നുണ്ടാവും. ഒരിക്കല്‍ കിട്ടിയാ, ഇതാ കിട്ടിപ്പോയീന്നു തോന്നും. എന്നാലത് കൈയ്യില് നിക്കൂല്ല. വീണ്ടും വീണ്ടും ഇതില്‍ക്കിടന്ന് മുട്ടുന്നത് ഇതിന്നു വേണ്ടിയാ... കര്‍ത്താവ് ഉയിര്‍ത്തുവരിണപോലെ ഒരൈറ്റം.”

നേശയ്യന്‍ ചാരായം പുറങ്കയ്യിൽ ഇറ്റിച്ച് തീപ്പെട്ടിയുരച്ചു. നീലജ്ജ്വാല കൈയ്യില്‍ത്തൊടാതെ വായുവില്‍ എരിഞ്ഞമര്‍ന്നു.

“ശുദ്ധമാണെടേ.”

അയാള്‍ ഓരോരോ കലമായി തൊട്ടുനോക്കി. വിറകു പുറത്തേക്കു വലിച്ച് ചൂടു പാകത്തിനാക്കി. ചൂടു കൂടിപ്പോയാല്‍ അടുപ്പണച്ച് നിയന്ത്രിക്കേണ്ടിവരും.

“നീ വേണമെങ്കില്‍ കെടന്നുറങ്ങിക്കോ.” നേശയ്യന്‍ പറഞ്ഞു.

“ഇല്ല. ഞാനിരിക്കാം.”

“വേണെങ്കി വിളിക്കാം... നീ ഒറങ്ങ്.”

കൂമന്‍ നൂലേണിയുടെ കമ്പുകളില്‍ കാല്‍വെച്ച് മേലേക്കു കയറി ഏറുമാടത്തിലേക്കു കടന്നു.

നേശയ്യന്‍ കൈകള്‍ കെട്ടി ചൂടുപിടിച്ച കലങ്ങള്‍ നോക്കിക്കൊണ്ടു നടന്നു. ഓരോ കുപ്പിയായി നീക്കിനീക്കി വെച്ചു. ഇറ്റിറ്റായി കുപ്പികള്‍ നിറഞ്ഞുകൊണ്ടിരുന്നു. ഓരോ കുപ്പിക്കുമുണ്ടായിരുന്നു ഒരു മണം. വളരെവളരെ ചെറിയ വ്യത്യാസം. മല്ലികപ്പൂവിനും ചെമ്പകപ്പൂവിനും തമ്മിലുള്ള വ്യത്യാസമല്ല. ഒരു മല്ലികപ്പൂവിനും മറ്റൊരു മല്ലികപ്പൂവിനും തമ്മിലുള്ള വ്യത്യാസം.

എഴുന്നേറ്റുചെന്ന് എല്ലാ അടുപ്പുകളിലും വിറകുകള്‍ നീക്കി മുളവടികൊണ്ടു ചാമ്പല്‍ തട്ടിക്കളഞ്ഞ ശേഷം മൂടി വെച്ചു. അടുപ്പിനുള്ളില്‍ കാറ്റു കടക്കാനുള്ള തുളകള്‍ കൂടുതലായി കാറ്റു വീശുന്ന തെക്കുപടിഞ്ഞാറു നോക്കിയാണ് പണിതിരുന്നത്. അകത്തു കാറ്റ് കടന്ന് തീ ആളിപ്പടരാന്‍.

ആദ്യത്തെ ഏഴു കുപ്പികളിലിരുന്ന ചാരായം കൊണ്ടുവന്ന് വേറൊരു മണ്‍കലത്തിലൊഴിച്ചു. ചാരായം ഇളം ചൂടോടെയിരുന്നു. കുടിലിന്നുള്ളില്‍ച്ചെന്ന് കൂടയിലിരുന്ന കദളിപ്പഴങ്ങള്‍ എടുത്തുവന്നു. അവ ചെറുതുണ്ടുകളായി നുറുക്കി അതിലിട്ടു. അത് വലിയ അടുപ്പിനരികെ ചൂടു തട്ടുംവിധം വെച്ചു.

കൈകള്‍ വീശി ഞൊടിച്ച് കലങ്ങള്‍ നോക്കിക്കൊണ്ട് അയാള്‍ നടന്നു. ചൂടു താഴ്ത്തിക്കൊണ്ടേയിരിക്കണം. മാനത്തു നക്ഷത്രങ്ങള്‍ ഉയര്‍ന്നുപരന്നു. തെക്കന്‍കാറ്റ് കുളിരോടെ വീശി. അടുപ്പിന്റെ ചൂടിനരികില്‍ നിന്നിരുന്നപ്പോള്‍ കുളിരറിഞ്ഞില്ല. അല്പം മാറി നിന്നതും കാറ്റിൽ ഉടല്‍ വിറച്ചു.

താഴെ ആറ്റിന്‍കരയില്‍ ഒരാനക്കൂട്ടം ഇറങ്ങിയിരുന്നു. അവനു പരിചയമുള്ള കൂട്ടം തന്നെ. എട്ടു കുട്ടികളുള്ളത്. നന്നേ ജാഗ്രതയുള്ള കൂട്ടം. അയാളുടെ മണമറിഞ്ഞ് ആനക്കിഴവി എന്തോ പറഞ്ഞു. ആ സ്ഥലത്ത് അവരുള്ളത് ആനകള്‍ക്ക് നന്നായറിയാം. പറഞ്ഞുവന്നാല്‍ ആ ആനക്കൂട്ടംതന്നെയാണ് അയാള്‍ക്കു കാവല്‍. അവ താഴെ പാതവരെ പരന്നുകിടക്കുന്ന ഈറ്റക്കാടുകളില്‍ മിക്കവാറും കാണും. ആരെങ്കിലും വന്നാല്‍ ദൂരെനിന്നേ മണം പിടിച്ച് ചിന്നം വിളിച്ചറിയിക്കും.

ആ ആനക്കിഴവിക്ക് നേശയ്യനോട് വളരെ സ്നേഹമാണ്. വെളിക്കിരിക്കാനും വിറകെടുക്കാനും വാഴപ്പഴം പെറുക്കാനും കാട്ടിനുള്ളില്‍ പോകുമ്പോള്‍ പലതവണ അയാള്‍ അതിനരികില്‍ ചെന്നിട്ടുണ്ട്. കാണിക്കാരുടെ മുരശുപോലെ അലറിക്കൊണ്ടുവരും എന്നാണു പറയുക. വെറും ഒച്ചയിടല്‍ മാത്രം. ചെവി മടക്കുകയോ തല കുലുക്കുകയോ ഇല്ല. നാലഞ്ചുതവണ അരികില്‍വന്ന് തൊട്ടു മണം പിടിച്ച് വിട്ടുപോയിട്ടുണ്ട്. കുട്ടികൾ കൗതുകത്തോടെ അയാളെ മണം പിടിച്ച് തുമ്പിക്കൈ നീട്ടി വന്നാല്‍ ആനക്കിഴവി ഒച്ചയിട്ട് പുറകോട്ടു വിളിക്കും.

പുലര്‍കാലമായപ്പോഴേക്കും ഇരുപതു കുപ്പി നിറച്ചുമായി. നേശയ്യന്‍ എല്ലാ വിറകും വലിച്ചിട്ട് കലങ്ങള്‍ തണുപ്പിച്ചു. അടുപ്പുകള്‍ നന്നായണച്ച് പുക വരാതാക്കി.

ഇമകള്‍ താണുവന്നു. അയാള്‍ കോട്ടുവായിട്ട് ഇരുന്നപ്പോഴേക്കും കൂമന്‍ മുകളില്‍നിന്ന് ഇറങ്ങിവന്നു.

“പൊലരാറായി അണ്ണാച്ചീ, ചായ ഇടട്ടെ?”

“ഇട്.” നേശയ്യന്‍ പറഞ്ഞു.

കൂമന്‍ കാട്ടിനുള്ളില്‍ ചെന്ന് ആറ്റില്‍ കൈകാല്‍ മുഖം കഴുകിവന്നു.പാത്രത്തില്‍ വെള്ളമെടുത്ത് അടുപ്പില്‍ വെച്ചു.

“എത്രയുണ്ട് അണ്ണാച്ചീ?”

“ഇരുപതു കൊടുക്കാം.”

“ഇരുപതോ? അണ്ണാച്ചീ, അവന്‍ തെറി വിളിക്കില്ലേ?”

“അതിനെന്തു ചെയ്യും?”

ചായ കുടിച്ച ശേഷം നേശയ്യന്‍ കാട്ടിനുള്ളില്‍ പോയിവന്നു. അതിനകം കൂമന്‍ നാലു കപ്പക്കിഴങ്ങ് തീയില്‍ ചുടാനിട്ടിരുന്നു. വേറൊരു കനലിന്മേല്‍ വെച്ച കല്ലില്‍ ഉണക്കമീന്‍ വെന്തുകൊണ്ടിരുന്നു.

“തിന്നാം അണ്ണാച്ചീ?”

“എടു.” നേശയ്യന്‍ പറഞ്ഞു. “ആ ചെമപ്പുകുപ്പി എടുടേ.”

കൂമന്‍ ചുവപ്പു കുപ്പി എടുത്തുകൊടുത്തു. അതു തുറന്ന് അലുമിനിയക്കോപ്പയില്‍ കുറച്ചെടുത്തു. ഉണക്കമീന്‍ കടിച്ചുകൊണ്ട് അതു കുടിച്ചു. ഇളംചൂടുള്ള ചാരായം പഴം വിളഞ്ഞ മണത്തോടെ മൂക്കിനെ ഉള്ളിലിരുന്ന് എരിയിച്ചു.

കിഴങ്ങു തിന്ന് ബീഡി കൊളുത്തിക്കൊണ്ട് മേലേക്കു കയറി ഏറുമാടത്തില്‍പ്പോയി കിടന്നു അയാള്‍. കണ്ണുകളടച്ച് ബീഡി വലിച്ചു. കുട്ടികളുടെ ഓര്‍മ്മ വന്നു. എട്ടുകൊല്ലങ്ങള്‍ക്കു മുമ്പത്തെ മുഖം. മറിയത്തിന്റെ മുഖം ഓര്‍മ്മയില്‍ വന്നു. നെടുവീര്‍പ്പു വിട്ടുകൊണ്ട് കിടന്നു.

അയാള്‍ കണ്‍മിഴിക്കുമ്പോള്‍ ഏറുമാടത്തിന്റെ മേല്‍ക്കൂരമേല്‍ മഴ പെയ്തുകൊണ്ടിരുന്നു. ആ ശബ്ദം കേട്ടുകൊണ്ട് ഏറെനേരം കിടന്നു. മൂത്രമൊഴിക്കാന്‍ മുട്ടി. ഊര്‍ന്നു വെളിയില്‍വന്ന് മഴക്കോട്ടെടുത്ത് മേലിട്ട് താഴേക്കിറങ്ങി. കുടിലിനുള്ളില്‍ കൂമന്‍ ഇരിപ്പുണ്ട്.

“ബീഡി ഇരിപ്പുണ്ടോ?”

“ഉണ്ടണ്ണാച്ചീ.” അവന്‍ കൊണ്ടുവന്നു നീട്ടി.

“മണിയെത്രയായി?”

“നാലു നാലര... മഴ കാരണം കുറച്ചുകൂടി ഇരുട്ടായിട്ടുണ്ട്.” കൂമന്‍ പറഞ്ഞു. “കഞ്ഞി കുടിക്കണ്ടേ? മുയലു ചുട്ടിട്ടൊണ്ട്.”

“കൊണ്ടാ.”

ചെറുപയറിട്ട് കാച്ചിയ കഞ്ഞി. അത് വലിയ തകരപ്പാത്രത്തില്‍ പകര്‍ന്നുകൊണ്ടുവന്നു തന്നു. മുയലും നന്നായി ചുട്ടിരുന്നു. മുയലിറച്ചി വേഗം വേവും. പാകത്തിന് ചുട്ടില്ലെങ്കില്‍ എല്ലു മാത്രമാകും. മാങ്ങ ചുട്ടെടുത്ത് പച്ചമുളകും ചേര്‍ത്തു ചതച്ച ചമ്മന്തി.

കഴിച്ചുകൊണ്ടിരുന്നപ്പോള്‍ താഴെ ആനയുടെ ശബ്ദം കേട്ടു.

“അവനാ. പോയി കൂട്ടീട്ടു വന്നേ.”

കൂമന്‍ താഴേക്കു പോയി. കഞ്ഞികുടിച്ചു പാത്രം കഴുകി കുടിലില്‍ വെച്ചുകൊണ്ടിരുന്നപ്പോള്‍ ലാത്തി മേലേക്കു കയറിവരുന്നതു കണ്ടു. കൂമന്‍ കൂട്ടിവരികയാണ്.

ബീഡി കൊളുത്തി അവര്‍ വരുന്നതു നോക്കിയിരുന്നു. മുകളില്‍നിന്നും ഇറങ്ങിയെത്താന്‍ താമസം പിടിക്കും. ആഞ്ഞുകിതച്ചു വന്നുനിന്ന ലാത്തി ഉറക്കെ "ഇവനെന്താ ഈ പറയിണത്? ഇരുപതു കുപ്പിയോ? ഇരുപതു കുപ്പിവെച്ച് ഞാനെന്തു നൊട്ടാനാ?” എന്നു ചോദിച്ചു.

“ഇരുപതേ കിട്ടൂ... അത്രേയുള്ളു.”

"എടേ, നോക്ക്. ഇതു തൊഴില്. ഞാന്‍ കൊടുത്തില്ലേല്‍ അവന്‍ മറ്റവനോടു വാങ്ങിക്കും. അവിടെ കണക്കു തുടങ്ങിയാപ്പിന്നെ ഇവിടെ വരാന്‍ കഴിയൂല്ല. ഇവിടെ നോക്ക്, ഈ തൊഴിലില്‍ കൂടുതല്‍ റിസ്കെടുക്കണവന്‍ വില്‍ക്കുന്നവനാ. അവനെവെച്ചാ കളി...”

“അതിനു ഞാനെന്തു ചെയ്യും?”

“ഡേയ്, ഒന്നൂടെ കാച്ച്.., കാച്ചെടേ...“

“ഇതുതന്നെ കൂടുതലാ... ഇനീം കാച്ചിയാ വറ്റിപ്പോകും... പതം കെട്ടുപോകും. ഒരു ദിവസം കൂടി ഇരുന്നാല്‍ നാളേക്ക് അഞ്ചു കുപ്പി കിട്ടും.”

“കുടിച്ചാ കിക്കു കേറുമോ? പിന്നെന്താ? കാച്ചി കൊടെടേ.”

“അങ്ങനെ കാച്ചാന്‍ പറ്റൂല്ല.”

“നീ എന്തു ദേവാമൃതമാ കാച്ചുന്നത്? ടേയ്, പറയുന്ന കേള്‍ക്ക്. ഇല്ലെന്നാ വേറെ രണ്ടു ഊറല്‍ എടുക്ക്.”

“അതു മൂത്തിട്ടില്ല. മൂത്തത് എടുത്തു. നാലു ദിവസം കഴിഞ്ഞു വാ... ഈ ഊറല് ഇങ്ങനെ വെച്ചാ ഒന്നൂടെ മൂക്കും. ഇതീന്ന് ഇരുപതു കുപ്പി എടുത്തുതരാം.”

“എനിക്കിപ്പൊ വേണം... ഇതാ ഇപ്പൊ വേണം...” ലാത്തി വെറി പിടിച്ച് ഒച്ചയുണ്ടാക്കി. “നിനക്ക് പറ്റില്ലെങ്കി നീ പോയി ചാവ്. ഞാന്‍ കാച്ചാം. ടേയ്, കൂമാ. നീ കാച്ചിയേ... അടുപ്പ് എരീ... ഞാനല്ലേ പറയണത്?”

കൂമന്‍ മിണ്ടാതെ നിന്നു.

“ഇല്ലെന്നാല് ഞാന്‍ ആളെ വിളിച്ചുകൊണ്ടു വരും...” എന്നു പറഞ്ഞ് ലാത്തി തിരിഞ്ഞുനടന്നു.

നേശയ്യന്‍ ബീഡി വീശിയെറിഞ്ഞ് എഴുന്നേറ്റ് "നീ കാച്ചും അല്ലേടാ? കാച്ചി നോക്കിക്കേ.” എന്നു പറഞ്ഞു. “നീ എന്താ കരുതിയത്? നിനക്കിത് ഓടവെള്ളം.... എനിക്ക് അമൃതമാ.... എന്റെ യേശുവിന് ഞാന്‍ കൊടക്കണത് ഇതുതന്നെയാ. ഇതു തൊട്ടുനോക്ക്... ആങ്കുട്ടിയാണെങ്കില് തൊട്ടുനോക്ക്...”

“നിന്റെ ചാരായം ഇനി എനിക്കു വേണ്ട. ഞാന്‍ വേറെ ആളെ നോക്കട്ടെ.”

“വേറാളെ നോക്കിക്കോ... ഞാന്‍ പറഞ്ഞോ വേണ്ടെന്ന്? ഒരു മൈരനും ഇതു കുടിക്കണംന്ന് എനിക്കില്ല. എനിക്ക് ആരുടേം പൈസ വേണ്ട. ഞാന്‍ കാച്ചണത് എന്റെ സത്യത്തിനാ... ദാ, ഈ മധുരം വെളഞ്ഞ് അതീന്നു കിക്ക് ഊറിവരിണതാ ഞാനറിഞ്ഞ സത്യം. ആ സത്യത്തേയാ ഞാന്‍ ജപിച്ചുകൊണ്ടു നടക്കിണത്.”

പെട്ടെന്ന് അയാളുടെ തൊണ്ടയിടറി. “ഒന്നു തൊട്ടാ പത്താ കെട്ടുപോകിണത്. മനസ്സ് ഒരിടത്തു നിക്കണില്ല. കാച്ചിക്കാച്ചി ഞാന്‍ പോകിണ എടം തെളിയുന്നില്ല...” തിരിഞ്ഞ് മണ്‍കലങ്ങള്‍ നോക്കി "അവലക്ഷണം പിടിച്ച ഈ ശനിയന്മാരെ വെച്ച്.... ചാവും ഞാന്‍...” എന്നു കൂവി വിളിച്ചുകൊണ്ട് കമ്പെടുത്ത് അവ അടിച്ചുടയ്ക്കാന്‍ പാഞ്ഞുചെന്നു.

കൂമന്‍ "അണ്ണാ, എന്തായിത്... അണ്ണാ!” എന്നു പിന്നാലെ ചെന്നു തടുത്തു. ലാത്തി ഓടിവന്ന് അയാളെ പിടിച്ചു നിര്‍ത്തി.

“ഡേയ്, എന്തെടേ ഇത്?... ഞാനെന്തൊക്കെയോ എന്റെ മനസ്സിന്റെ വേവലാതി പറഞ്ഞെന്നുവെച്ച്?... ഡേയ്, വിട്... എന്തായിത്?” ലാത്തി പറഞ്ഞു. കമ്പു പിടിച്ചുവാങ്ങി അപ്പുറത്തേക്കെറിഞ്ഞു. “കൊണ്ടുപോ അങ്ങോട്ട്.”

കൂമന്‍ അയാളെ വലിച്ചുകൊണ്ടുപോയി ഇരുത്തി.

“ചാവും ഞാന്‍... ചത്തുമറയും... എനിക്കു വരമില്ല... എന്റെ കൈയ്യില്‍ അരുളില്ല.” തലയില്‍ തല്ലിക്കൊണ്ട് നേശയ്യന്‍ കരഞ്ഞു.

കൂമനും ലാത്തിയും അയാളെ അത്ഭുതത്തോടെ നോക്കി. നേശയ്യന്‍ കാല്‍മുട്ടില്‍ തല ചായ്ചിരുന്നു. ഇടയ്ക്കു വിറച്ചു കുലുങ്ങുമ്പോള്‍ ഉടല്‍ കുറുകി.

“അണ്ണാ.” കൂമന്‍ പതിയെ വിളിച്ചു.
“കുറച്ചു കുടിക്കണ്ടേ?”

നേശയ്യന്‍ വേണ്ടാ എന്നു തലയാട്ടി.

“കദളിപ്പഴമിട്ടു വെച്ചതുണ്ട്.”

“വേണ്ട.”

“എടുത്തേ.” ലാത്തി പറഞ്ഞു. “എനിക്കു വേണം.”

കൂമന്‍ ആ ചെറിയ പാനി എടുത്തുകൊണ്ടുവന്ന് കലക്കി ഒന്നു തെളിയാന്‍ വിട്ട് മുകളില്‍ ഊറിയ ചാരായം ഒരു തകരപ്പാത്രത്താല്‍ മെല്ലെ എടുത്ത് വേറൊന്നില്‍ പകര്‍ന്നുകൊണ്ടുവന്നു കൊടുത്തു. കദളിപ്പഴം കറുത്തുചുരുങ്ങി അടിയില്‍ അടിഞ്ഞിരുന്നു.

മണത്തതും ലാത്തിയുടെ മുഖം വിടര്‍ന്നു. “എടേ, നേശയ്യാ, ഇതു ദേവാമൃതമാ... സത്യമായിട്ടും നിന്റെ കൈപ്പുണ്യം ഈ മലയില് വേറൊരുത്തനുമില്ല. ഞാന്‍ നിന്റപ്പന്‍ കാച്ചിയതും കുടിച്ചവനാ... സത്യമാ പറയിണത്, ഇതു നിന്റെ കൈയ്യിലുള്ള അരുളാണെടേ.”

“അല്ല.” വേറെങ്ങോ നോക്കി നേശയ്യന്‍ പറഞ്ഞു. “അതിന്റെ മണം പാകമായിട്ടില്ല.”

“നീയെന്താ പറയിണത്? കിറുക്കുണ്ടോ നിനക്ക്? ടേയ്, ഇവിടെ നോക്ക്. ഇതിനുമേലെ എന്താ ഒരു ചാരായമുള്ളത്? ഏതു സ്കോച്ചുവരും ഇതിനടുത്ത്? കുപ്പിക്ക് അയ്യായിരം വെലയുള്ള സാധനം ഞാന്‍ കുടിച്ചിട്ടുണ്ട്. ഇതിന്റെ ഒരു തുള്ളിക്ക് ഒക്കൂല്ല അതൊന്നും. ഈ മലയുടെ മനസ്സു കനിഞ്ഞ മധുരമാ ഇത്... ഹേയ്, മധുരത്തീന്നു കേറണ കിക്ക് എന്നു പറഞ്ഞില്ലേ, അതിതാണ്.”

“ഉം.. ഉം... നന്നായി പാകം വന്നിട്ടില്ല, ഇപ്പൊഴും.”

“ചുമ്മാ മൊണ്ണനെപ്പോലെ പറയാതെ.”

“എനിക്കറിയാം.”

“എന്തു മൈരറിയും നിനക്ക്? നീ ചുമ്മാ എന്തൊക്കെയോ ആലോചിച്ചുണ്ടാക്കുകയാ. അങ്ങനെ ആലോചിച്ചുണ്ടാക്കിണത് എന്തുകൊണ്ടാ അറിയുമോ? നിന്റെ അഹങ്കാരം കൊണ്ട്. നീ വല്യ ഇവന്‍... മലക്കടുത്താ സാമിയുടെ സൊന്തക്കാരന്‍...”

നേശയ്യന്‍ തല കുനിച്ചിരുന്നു. ലാത്തി ശബ്ദമുയര്‍ത്തി. “ഹേയ്, ഇങ്ങു നോക്ക്. ഓരോന്നിനും അതിന്റേതായ ലിമിറ്റുണ്ട്. എന്തെന്നാ നമ്മള് മനുഷ്യരാ... ദേവന്മാരോ ഗന്ധര്‍വ്വന്മാരോ അല്ലല്ലോ. മനുഷ്യന്‍ പോകിണ ദൂരം ഇത്രേയുള്ളു...”

“ഞാനിതിനേക്കാട്ടിലും പോയിട്ടൊണ്ട്.”

“അപ്പൊ എന്താ പിന്നെയുമങ്ങു പോകാത്തത്? അതു പറയ്.”

നേശയ്യന്‍ മിണ്ടാതെ തല കുനിച്ചിരുന്നു.

“പറയെടേ. എന്തേ പിന്നെയും നിനക്ക് ചെയ്യാന്‍ കഴിയാത്തത്? എന്തെന്നാ അതു നിന്റെ കഴിവല്ല. നിനക്കതു പഠിച്ചു ചെയ്യാന്‍ കഴിയൂല്ല. അതു ദൈവത്തിന്റെ അരുളു കൊണ്ടു നടക്കിണതാ. ഈ കാട്ടില് എന്തൊക്കെ നടക്കിണു? അമ്പതു വര്‍ഷം ചുമ്മാ നിന്ന മരം പൂത്തു കായുണ്ടായി. അമ്പതു വര്‍ഷം ചെടിയായി നിന്നത് പെട്ടെന്നു മരമായി... ഇതെല്ലാം നമുക്കെന്തറിയാം?...”

ലാത്തി അയാള്‍ക്കരികില്‍ വന്നിരുന്നു. “അതെല്ലാം ദൈവത്തിന്റെ വെളയാട്ട്... മക്കാ, നീയല്ലാ ഞാനാ ഇതെല്ലാം നടത്തിണത് എന്ന് നമ്മളോടു പറയും ദൈവം. മനുഷ്യന്‍ ദൈവമാകാന്‍ ആശപ്പെടരുത് കേട്ടോ. അതങ്ങു വിട്ടേക്ക്. നീ ഈ കാച്ചിയ ഇതിന്റെ ഗുണമൊള്ള ഒരു തുള്ളി ദേവന്മാര് കുടിച്ചിട്ടുണ്ടാവില്ല. ഈ മലങ്കാട്ടു ദൈവങ്ങള്‍ കുടിച്ചിട്ടൊണ്ടാവില്ല. എന്റെ മകന്‍ സത്യനേശന്റെ പേരില്‍ ഞാന്‍ ആണയിടാം... ഒള്ളതാ.”

ലാത്തി നേശയ്യന്റെ തോളില്‍ തൊട്ടു പറഞ്ഞു. “പറഞ്ഞതു കേക്ക്. ഇതാണു നിന്റെ ജയം. ഇതിനും മേലെ എന്തോ ഒണ്ടെന്നു പറഞ്ഞ് അലയാതെ. ചത്തു പോകും... കാട്ടിലൊരു മായപ്പൊന്നുണ്ടെന്നു പറയും. കേട്ടിട്ടൊണ്ടോ? ആ മായപ്പൊന്ന് കടുത്താസ്സാമിയുടെ വെളയാട്ടമാ. മഞ്ഞവെളിച്ചം കാട്ടി പൊന്ന് പൊന്ന് ന്ന് വട്ടംകറക്കും. അത് തേടിപ്പോകിണവന്‍ നടുക്കാട്ടില്‍ ദിക്കറിയാതെ നില്‍ക്കും. അവിടെ ചോറും വെള്ളവുമില്ലാതെ അലറിവിളിക്കും. അവനെ കടുത്താ കേറിപ്പിടിക്കും. കുരുതി കുടിച്ചു മാംസം തിന്നും.”

കുറേക്കൂടി മൃദുവായ ശബ്ദത്തില്‍ ലാത്തി തുടര്‍ന്നു. “മഞ്ചമലയ്ക്കപ്പുറം ഒരെടമുണ്ട്. അവിടെ തലയോടുകള്‍ കെടപ്പുണ്ട്. ഞാന്‍ കണ്ടതാ. എല്ലാം മായപ്പൊന്നു തേടിപ്പോയവരുടെ. നമ്മുടെ കാണിക്കാരന്‍ ഉറുമനാ പറഞ്ഞത്... വേണ്ടെടേ ഇതും ഒരുമാതിരി മായപ്പൊന്നാ.”

നേശയ്യന്‍ കണ്ണീരോടെ "പിന്നെ ഞാന്‍ എന്തിനു ജീവിക്കണം" എന്നു പറഞ്ഞു. “ഇതാ, ഇതു ഞാന്‍ കാച്ചിയതാ. എപ്പൊ വേണമെങ്കിലും ഞാന്‍ കാച്ചും. പിന്നെന്ത്? ഇനി എന്തിന് ഈ കാട്ടില്‍ കിടക്കണം?”

“ഇതെല്ലാം നീ ദൈവത്തിനോടു ചോദിക്കണം.”

“ഒരു മായപ്പൊന്ന് ഇരിക്കട്ടെ. അതു തേടി ഞാന്‍ പോകും. പോണ വഴിക്കങ്ങ് ചാവും... ചാവുംവരെ ആലോചിക്കാനും സ്വപ്നം കാണാനും എന്തെങ്കിലും ഒണ്ടാവും.”

"നീ അധികം വെളങ്ങണ്ട.”

നേശയ്യന്‍ പുഞ്ചിരിച്ചു.

“ഇരുപത് ലിറ്റര്‍ ഉണ്ട്... സാരമില്ല... ഇതാ ഈ രണ്ടു ലിറ്റര്‍ കദളിപ്പഴച്ചാരായം അമ്പതു ലിറ്ററിനു തുല്യമാ. അരുമനയിലേയും കൊലശേഖരത്തേയും നല്ല കുടുമ്മക്കാര് പെരുവട്ടന്മാരും നായന്മാരും ഇതിനു ചോദിച്ച പൈസ തരും... ഇതു ഞാന്‍ കൊണ്ടു പോവുകയാ.” ലാത്തി പറഞ്ഞു. “നീ നിനക്കു പിടിച്ചമാതിരി കാച്ച്... എനിക്കൊന്നുമില്ല.”

നേശയ്യന്‍ തലയാട്ടി.

ലാത്തി "ഏയ് പോകട്ടെ?” എന്നു ചോദിച്ചു.

“മടങ്ങാം അണ്ണാച്ചീ.” കൂമന്‍ പറഞ്ഞു.

കുപ്പികള്‍ ചാക്കില്‍ അടുക്കിക്കെട്ടി ഇരുവരും തോളിലേറ്റി. “ഈ കദളിച്ചാരായത്തിലെ ഒരു കുപ്പി നിനക്കു വെച്ചേക്കാം.” ലാത്തി പറഞ്ഞു.

“വേണ്ട. കൊണ്ടുപോവിന്‍.”

“സ്വല്പം?”

“വേണ്ട... കൊണ്ടുപൊയ്ക്കോളിന്‍.”

“ഒള്ളതാണോ പറഞ്ഞത്? കൊണ്ടുപോയാ പിന്നെ എനിക്കു പൊന്നു വെലയാ.”

“കൊണ്ടു പോവിന്‍.”

“ശരി.”

ലാത്തി അതും എടുത്തു. അവര്‍ മലയേറി പാറമേല്‍ കാണപ്പെട്ട് അപ്പുറം ചെന്നു മറഞ്ഞു. നേശയ്യന്‍ വെറുതേ കാടു നോക്കിയിരുന്നു. ഇതുവരെയുണ്ടായിരുന്ന മേഘക്കൂട്ടം മാറി വടക്കോട്ടു നീങ്ങാന്‍ തുടങ്ങി. മാനം മേഘപടലം പിളര്‍ന്ന് വെണ്മയുള്ളതായി. പുലരുന്നതുപോലെ കാട്ടില്‍ വെളിച്ചമായി. ഈറനായ ഇലകള്‍ മിനുമിനുങ്ങി ഇളകിയാടാന്‍ തുടങ്ങി. പാറകളുടെ മൊട്ടയായ വളവുകള്‍ മിന്നി. ആറ്റുനീരലകളില്‍ വെളിച്ചം തിരയടിച്ചു.

കാറ്റില്‍ മൃദുവായ നീര്‍ത്തുള്ളികള്‍ ഉണ്ടായിരുന്നു. കൈയ്യിലെ രോമത്തിന്മേല്‍ അവ പൂമ്പോടിപോലെ പതിഞ്ഞ് കൈതന്നെ നരച്ചുപോയതുപോലെ തോന്നി. കുടഞ്ഞപ്പോള്‍ വെള്ളത്തുള്ളികള്‍ തെറിച്ചു.

കൂമന്‍ മടങ്ങിവന്നു. “അണ്ണാ, അതേപടി ഇരിപ്പാണോ? ഞങ്ങളു സംസാരിച്ചോണ്ടേ പോയി. നിങ്ങളെപ്പറ്റിയായിരുന്നു സംസാരം.”

നേശയ്യന്‍ ഒന്നും പറയുന്നില്ല.

"അവരു പറഞ്ഞു, നിങ്ങളെ കടുത്താ പിടിച്ചുകൊണ്ടു പോകുമെന്ന്. കടുത്താ പൊന്നു കാട്ടിയാ മനുഷ്യനെ പിടിക്കിണത്.”

“ബീഡി ഉണ്ടോ?” നേശയ്യന്‍ ചോദിച്ചു.

“ഒണ്ടണ്ണാ"

കൂമന്‍ അതു കൊളുത്തിക്കൊടുത്തു. നേശയ്യന്‍ അത് ആഞ്ഞുവലിച്ച് കാടിന്റെ ഈറന്‍ വെളിച്ചം നോക്കിക്കൊണ്ടിരുന്നു.

“പിന്നേം നേരം പൊലര്‍ന്നപോലെയായി. അണ്ണാ, കഞ്ഞി ചൂടായി ഇരിപ്പുണ്ട്. കുടിക്കുന്നില്ലേ?”

“ഇല്ലെടേ. ഞാനിപ്പം കുടിച്ചേയുള്ളു.”

“ഞാന്‍ കുടിക്കട്ടേ?”

“കുടിച്ചിട്ട് നീ ഒറങ്ങ്, കേട്ടോ.”

“ശരി അണ്ണാ.” കൂമന്‍ കഞ്ഞി തകരപ്പാത്രത്തില്‍ മുക്കിയെടുത്തു. “കടുത്തായ്ക്ക് പൊന്നിന്റെ നെറമാ. കണ്ടവര് പറഞ്ഞിട്ടൊണ്ട്" അവന്‍ പറഞ്ഞു. “നല്ല പൊന്നുരുക്കി നീട്ടി നേര്‍ത്ത കമ്പിയാക്കി അതു മിനുങ്ങുന്ന മുടിയാക്കിയപോലിരിക്കും. കണ്ണില് പച്ചപ്പൊന്ന് മിന്നും ന്നാണ് പറയിണത്.”

കഞ്ഞി കുടിച്ച് മൂത്രമൊഴിച്ചു വന്ന ശേഷം "അപ്പൊ ഞാന്‍ ഉറങ്ങട്ടെ അണ്ണാ" എന്നു പറഞ്ഞ് കൂമന്‍ ഏറുമാടത്തിലേക്ക് കയറിപ്പോയി.

നേശയ്യന്‍ താഴെ കല്ലിന്മേല്‍ ഇരുന്നു. അവിടെ അങ്ങനെ ഇരിക്കേണ്ട ഒരു കാര്യവുമില്ല. വീണ്ടും ഒരു തവണകൂടി കാച്ചാം. ഇനിയും നാലഞ്ചു ലിറ്റര്‍ കിട്ടും. എന്നാല്‍ എഴുന്നേറ്റ് അതു ചെയ്യാന്‍ തോന്നുന്നില്ല.

കാറ്റ് എല്ലാ ദിശകളില്‍നിന്നും അടിച്ചുകൊണ്ടിരുന്നു. പോയ വഴിയേ വീണ്ടും വന്നു. കാറ്റില്‍ മണം കിട്ടിയ കിഴവി അമറി. അത് അവിടെയെങ്ങോ ഉണ്ടാവണം.

കൈ മാറില്‍ കെട്ടി നേശയ്യന്‍ ഇരുന്നു. അയാളുടെ മനസ്സു ശൂന്യമായിരുന്നു. പതിവുപോലെ തൊട്ടുതൊട്ട് ഓടുന്ന ചിന്തകളൊന്നുമില്ല. ഏകാന്തത. എന്നാല്‍ അത് അമര്‍ത്തി ഞെരുക്കുന്നില്ല. ഇളംകാറ്റു പോലെയോ നറുമണം പോലെയോ മാത്രം.

അയാള്‍ കണ്ണു മിഴിച്ചപ്പോള്‍ മാത്രമാണ് ഉറങ്ങിയിരിപ്പായിരുന്നു എന്നറിഞ്ഞത്. തല ചായ്ച്, മാറിലേക്ക് ഏത്തായ ഒലിപ്പിച്ച്. ചുറ്റും നല്ല വെളിച്ചം. പകല്‍ പോലിരുന്നു. സൂക്ഷിച്ചു നോക്കി. നിലാവ് വെണ്‍മയോടെ തലയ്ക്കുമേല്‍ വട്ടത്തില്‍ നിന്നിരുന്നു.

ഇന്നു പൗര്‍ണ്ണമിയാണോ? അല്ലല്ലോ, അതിനിനിയും രണ്ടുദിവസംകൂടി ഉണ്ട്. ഉറങ്ങിയതുകൊണ്ടാവാം കണ്ണു മഞ്ഞളിക്കുന്ന വെളിച്ചം. ഓരോന്നും മിന്നിക്കൊണ്ടിരുന്നു. മൊട്ടപ്പാറകളെല്ലാം കണ്ണാടികള്‍ പോലെ കാണായി.

നേര്‍ത്ത ഇറ്റിറ്റു ശബ്ദം അയാള്‍ കേട്ടു. അതെന്താണെന്ന് എഴുന്നേറ്റുചെന്നു നോക്കി. ഊറല്‍ തുളുമ്പുന്നതാണോ? എന്നാല്‍ തീ ഇല്ലല്ലോ. ഒരുവേള കാറ്റില്‍ തീക്കനല്‍ ജ്വലിച്ചിരിക്കാം. അയാള്‍ കുടിലിനുള്ളില്‍ ചെന്നു നോക്കിയപ്പോള്‍ ചെമ്പുകുഴലിന്റെ മൂക്കിന്‍തുമ്പില്‍നിന്നും തുള്ളിയിറ്റിക്കൊണ്ടിരുന്നതു കണ്ടു.

താഴെ തകരപ്പാത്രം വെച്ചിരുന്നു കൂമന്‍. അതില്‍ തുള്ളി മൂത്ത് പാകമായി തിളക്കത്തോടെ മുത്തായി നീണ്ട് ഉതിര്‍ന്നു വീണുകൊണ്ടിരുന്നു. വളരെവളരെ മെല്ലെ. ചിന്തിച്ചുചിന്തിച്ച് ഇറ്റുന്നതുപോലെ. ഒരു ചൊല്ലായി. അതു ഘടികാരത്തിന്റെ ശബ്ദമെങ്കില്‍ കാലം അമ്പതിലൊരു മടങ്ങ് വേഗം കുറഞ്ഞ്.

ഇറ്റിയിറ്റി, ഇറ്റുന്ന വേഗം പിന്നെയും കുറഞ്ഞു. ഒരു തുള്ളിക്കു ശേഷം നീണ്ട ഇടവേള. വീണ്ടുമൊരു തുള്ളി. അവസാനതുള്ളി മൂക്കിന്‍തുമ്പില്‍ നീണ്ടനേരം നിന്നു. പിന്നെ തിളക്കത്തോടെ ഉതിര്‍ന്നു.

അയാള്‍ ചാരായം എടുത്തുനോക്കി. കദളിപ്പഴമിട്ടു വാറ്റാന്‍ വെച്ച ചാരായത്തില്‍ പഴമണം പൊങ്ങിയിരുന്നു. എന്നാല്‍ ഇതില്‍ അതീവമൃദുലമായ ഒരോര്‍മ്മ പോലെയേ ആ മണം ഉണ്ടായിരുന്നുള്ളു. എടുത്തു മുകര്‍ന്നുനോക്കി.

നെഞ്ഞ് പടപടാ എന്ന് അടിച്ചുകൊണ്ടിരുന്നു. ഒന്നുകൂടി അതു മണത്തപ്പോള്‍ ഉന്മേഷമായി. അതുതന്നെ. അയാള്‍ കാത്തിരുന്നതുതന്നെ. ഒരിക്കല്‍ പ്രത്യക്ഷപ്പെട്ടു മറഞ്ഞു കളിപ്പിച്ച ദൈവം തന്നെ.

അയാള്‍ മുകര്‍ന്നപടി ഇരുന്നു. “ഡേയ്, കൂമന്‍....” എന്നു വിളിച്ചു. പിന്നെ അവനെ വിളിക്കേണ്ടെന്നു തോന്നി. ആരും കൂടെ വേണ്ടെന്നു തോന്നി. കുനിഞ്ഞ് അതുതന്നെ നോക്കി. ഇളം പൊന്‍നിറം. നിലാവില്‍ ഉയര്‍ത്തിക്കാട്ടി. പൊന്ന്, ഉരുകിയ പൊന്ന്!

നാളെ ലാത്തിക്കു കാണിച്ചുകൊടുക്കണം. നോക്ക് എന്നു പറയണം. എന്നെക്കൊണ്ടു കഴിയും. എനിക്കു ചെന്നുചേരാന്‍ പറ്റും. കുടിച്ചുനോക്ക്, ഒരു തവണകൂടി ഒരു തുള്ളി നിന്റെ നാക്കിലെത്താന്‍ വേണ്ടി നീ ജീവിതം മുഴുവന്‍ പാടുപെടും. കൊല്ലും ചാവും. സര്‍വ്വവും നഷ്ടപ്പെടും. കിറുക്കു പിടിച്ച് അലയും.

പിന്നെ ഒരു ചിന്ത വന്ന് അയാള്‍ പുഞ്ചിരിച്ചു. എന്തിനതു വേറൊരാള്‍ക്കു കാണിച്ചുകൊടുക്കണം? അതുമുഴുവന്‍ കുടിച്ചുതീര്‍ക്കണം. ഒരുതുള്ളി മിച്ചമില്ലാതെ. പാത്രത്തില്‍പ്പോലും മണം ശേഷിക്കാതെ. അത് ഉണ്ടായ കാര്യം പോലും ആരോടും പറയരുത്.

അയാള്‍ പാത്രം മേലേക്കുയര്‍ത്തി അവസാനതുള്ളിയും നാക്കിലാക്കി. പാത്രം അപ്പുറം കമഴ്ത്തിവെച്ചു. കൈകള്‍ വിരിച്ചുകൊണ്ട് പാറമേല്‍ കിടന്നു. പാറ അതീവമൃദുവായിരുന്നു. ചേറുപോലെ കുഴഞ്ഞത്. പിന്നെയത് പഞ്ഞിയായി. ഒടുവില്‍ നുരയായി മാറി.

അയാള്‍ തലയ്ക്കുമേലേയുള്ള നിലാവു നോക്കി. എന്തൊരു നിലാവ്! മലമ്പ്രദേശങ്ങളില്‍ നിലാവ് ഇളംചുവപ്പുനിറത്തിലിരിക്കും. അന്നത് മഞ്ഞനിറമായി തോന്നി. കണ്ണുകള്‍ നിറയ്ക്കുന്ന വെളുത്ത പ്രകാശം. കണ്ണു ചിമ്മിക്കുന്ന പ്രകാശം.

അയാള്‍ നോക്കിക്കൊണ്ടിരിക്കേ ഒരു പട്ടുനൂലില്‍ കെട്ടിയിറക്കപ്പെട്ടതുപോലെ അതു കീഴെ വന്നു. ഏറെയരികെ. എന്നാല്‍ കൂടിയ അളവിലല്ല. ചൂടു പൊഴിക്കുന്ന വെണ്‍നിറമുള്ള താമ്പാളം പോലെ. അയാള്‍ എണീറ്റിരുന്നു നോക്കി. നേരെ മുന്നില്‍ അതു നിന്നു. തൊടാവുന്ന അകലത്തില്‍. തണുത്ത വെണ്‍നിറ ഒളിയോടെ.

മന്ദഗതിയിലുള്ള നിശ്ശ്വാസശബ്ദം അയാള്‍ കേട്ടു. ചെവിയെ അടിപ്പെടുത്തുന്ന ശബ്ദം. അയാള്‍ക്കറിയാം അത്. മൃദുരോമങ്ങൾ നിലാവില്‍ പൊന്നായി തിളങ്ങേ തീ മിന്നും കണ്ണുകളോടെ ഇരിക്കുന്ന നിലയില്‍ ആളുയരത്തില്‍ തനിക്കരികെ ആ പെരുംപുലിയെ അയാളറിഞ്ഞു.

***


Friday, July 17, 2020

ഏദൻ - ജയമോഹൻ (തമിഴ് ചെറുകഥ)



Congo volcano brings farmers rich soil but eruption threat


"അതീപ്പിന്നെ ഞാൻ ആഫ്രിക്കയ്ക്കു പോയി" എന്നു സാം ജെപത്തുരൈ പറഞ്ഞു.

"ആഫ്രിക്ക കൊള്ളാം." എന്നു പറഞ്ഞ് ഞാൻ ഒരു സബോളത്തുണ്ടെടുത്തു വായിലിട്ടു. കൂടെ കോള ഒരു വായ.

"ഇയാളു വായ വെച്ചിരിക്കുന്നതു കണ്ടാല് നമ്മള് സോഡ കുടിയ്ക്കിണു, ഇയാള് റമ്മ് കുടിയ്ക്കിണു എന്നാണു തോന്നുക." പ്രഭു പറഞ്ഞു.

"സബോളയും കോളയും നല്ല കോമ്പിനേഷൻ..... ജിർ...ന്നിരിക്കും" ഞാൻ പറഞ്ഞു.

"ഇത് ഈ അയ്യരുമാര് മസാല തിന്നൂല്ലെന്നു പറഞ്ഞ് ചീസ് തിന്നു കുശു വിടുന്ന മാതിരിയാ"
മാണിക്കം പറഞ്ഞു.

"ആഫ്രിക്കയില് എന്തു ബിസിനസ്?" റോബിൻസൺ ചോദിച്ചു.

"കൃഷി" സാം പറഞ്ഞു.

"കൃഷിയാ? ആഫ്രിക്കയിലാ? എന്തെടേ പറയിണത്?" പ്രഭു ചോദിച്ചു. "നീ ഈ ആത്മാവിനെ രക്ഷിക്കിണ കൃഷിയാണോ ഉദ്ദേശിച്ചത്‌?"

"ഡേയ്, ഞാൻ പറഞ്ഞാൽ നിനക്കൊന്നും വിശ്വാസം വരില്ല. നെറ്റിൽ പോയി തെരഞ്ഞു നോക്ക്.ഈ ലോകത്ത് ഇന്നുവരെ കൃഷി ചെയ്ത ഭൂമിയുടെ പകുതി ഭൂമി ആഫ്രിക്കയില് ചുമ്മാ കെടക്കുന്നു. സുഡാൻ, കോംഗോ,സാംബിയ എല്ലാ നാട്ടിലും. കാട്ടുനിലമല്ല. നല്ലൊന്നാംതരം കുറ്റിക്കാടും പുൽമേടും. വളക്കൂറ് ജാസ്തിയുള്ള മണ്ണാ. വെള്ളത്തിനും ഒരു പ്രശ്നവുമില്ല." സാം പറഞ്ഞു. "ഈ ഭൂമിയിലെ ഭക്ഷ്യക്ഷാമം മുഴുവൻ ആ ഭൂമി മാത്രം വെച്ചു തീർക്കാനാവും"

"പിന്നെന്താ കൃഷി ചെയ്യാതെ വിട്ടിരിക്കിണത്?"

"അവമ്മാർക്കു തോന്നണില്ല" സാം പറഞ്ഞു. "അവമ്മാര് അങ്ങനെയാ ജീവിച്ചു വന്നത്. ഇപ്പ ഇവിടെ പട്ടിണിയൊണ്ട്. എന്നാ അവമ്മാർക്ക് അതും ഒരു ജീവിതമാ.ഞാൻ കോംഗോക്കു പോയത് വേറൊരു തൊഴിലിനാ"

"തിരുപ്പൂർ ബനിയൻ വിൽക്കാനല്ലേ? അതവൻ്റെ ഏഴാമത്തെ തൊഴില് " റോബിൻസൺ പറഞ്ഞു.

"ഡേയ്, ചങ്കിൽ കൊള്ളിണ സംസാരം വേണ്ട, കേട്ടോ" സാം കോപത്തോടെ പറഞ്ഞു.

"തമാശ വേണ്ട, അവനു പിടിക്കൂല്ല" ഞാൻ ഒന്നു തോണ്ടി.

"ഡേയ്, എന്തേലും ഒരു ബിസിനസ് ചെയ്തു ജീവിക്കണം ന്നു വിചാരിച്ചതു തെറ്റാ? എൻ്റപ്പൻ എന്നോട്‌ പാസ്റ്ററായി കർത്താവിൻ്റെ സുവിശേഷം പ്രചരിപ്പിക്ക് ന്നു പറഞ്ഞു...മാന്യമായി ജീവിക്കണമെന്നാ എൻ്റെ വിചാരം. ഇതു തെറ്റാ?''

''അതു പോട്ടെ, നീ പറ"

"ഞാൻ കോംഗോയ്ക്കു പോയപ്പ അവിടെയെല്ലാം സുഭിക്ഷമായിരിക്കും എന്നാ വിചാരിച്ചത്.നല്ല പച്ചപ്പച്ചയായിരിക്കിണ കാടും എള്ളും പിണ്ണാക്കുപോലത്തെ മണ്ണും. ചെടിയൊക്കെ എന്തൊരു തെഴുപ്പാ! എന്നാ ഒരുത്തനും ബനിയൻ വേണ്ട. എൻ്റെ കയ്യീന്ന് ബനിയൻ ഒന്നിച്ചെടുത്ത ആളെ പിന്നെ കാണാനേയില്ല."

"തേടി കണ്ടുപിടിച്ചൂടെ?"

"കോംഗോവിൽ ഒരുത്തന്നെ അവൻ തന്നെ തേടിക്കണ്ടുപിടിക്കണം.അതാ സ്ഥിതി."

ചിരിക്കണോ എന്നറിയുന്നില്ല."എത്ര പണം പോയി?"

"ബനിയനിൽ മാത്രം പന്ത്രണ്ടു ലക്ഷം."

"നിൻ്റപ്പൻ നിന്നെ കൊല്ലാൻ വന്നില്ലേ?"

"അവർക്കിപ്പോഴും ആ കണക്ക് അറിയില്ല. അമ്മ ആറടി എസ്റ്റേറ്റിൻ്റെ ആധാരം എടുത്തു തന്നു.അതു പണയം വെച്ചാ ആ പണം സംഘടിപ്പിച്ചത്.ബാങ്കുകാര് അന്വേഷിച്ചുവരും മുമ്പേ പണം സമ്പാദിച്ചു അത് തിരിച്ചടക്കണമെന്നാ വിചാരിച്ചത്."

"അതിലേക്ക് ഇതുവരെ എത്ര തിരിച്ചടച്ചു?" മാണിക്കം ചോദിച്ചു.

"ഏയ് തായോളി... എൻ്റെ ചാരായം കുടിച്ച് എനിക്കിട്ട് ആപ്പു വെയ്ക്കുന്നോ? എഴുന്നേൽക്ക്...... എഴുന്നേൽക്കെടേ..... വെച്ചു കാച്ചും ഞാൻ...... വെട്ടിത്തള്ളും.... "

"ഏയ്, ഏയ്, അടങ്ങ്.... അടങ്ങെടേ... അവൻ എന്തോ പറയട്ടെ....... നിനക്കെന്താ? അവൻ നമ്മളെപ്പോലെ ബൈബിളു വായിച്ചോനാ?വിവരം കെട്ടവനാ.... നീ ഇരിടേ... ഈ ഒരു സിപ്പ് വലി. ഞാനല്ലേ പറയിണ് കുടി ഡേ... "

സാം ഒരെണ്ണം വലിച്ച്  "അതും പോയി" എന്നു പറഞ്ഞു.

"എന്നിട്ട്?" പ്രഭു ചോദിച്ചു.

"എന്നിട്ടെന്താ, അവിടെയങ്ങനെ വട്ടം തിരിയുമ്പോൾ ഒരു ഏജൻ്റ് അവിടെ ഒരു പ്ലാനിനെക്കുറിച്ചു പറഞ്ഞു.''

"പ്ലാനുകൾ ലോകം മുഴുക്കെ നിറഞ്ഞിരിക്കയാ.മോനേ, ഈ ബിസിനസ് പ്ലാൻ ന്നു പറയിണത് ഒരു മാതിരി ഫംഗസ്സാ. നമ്മുടെ തൊടയിടുക്കിൽ ഇത്തിരി നനവിരുന്നാ കേറിപ്പിടിക്കും.പിന്നെ  ചൊറിഞ്ഞു ചൊറിഞ്ഞു പുണ്ണാക്കും...." മാണിക്കം പറഞ്ഞു.

"ഡേയ്, ഈ നായി പോയാലേ ഇനി ഞാൻ പറയൂ''

"അവനെ വിടൂ, അവൻ വെള്ളപ്പൊറത്തു പറയിണതാ. ഞാനല്ലേ ചോദിക്കിണത്."

"അയാൾ പറഞ്ഞ പ്ലാനാണ് "

"എന്ത്?"

"കോംഗോവിൽ ഒരു പ്ലാൻ.നമുക്ക് മണ്ണ് എത്ര വേണമെങ്കിലും കിട്ടും.... ഏക്കറിന് ഇന്ത്യൻ രൂപയില് നാനൂറു രൂപ ടാക്സടച്ചാൽ മതി. കൃഷി ചെയ്യാം. ലാഭം മുഴുവൻ നമുക്കെടുക്കാം.... ഒറ്റ പൈസ ടാക്സില്ല. ഒരു പൈസ ആർക്കും കൊടുക്കണ്ട"

"വെള്ളം ഉണ്ടോടെ അവിടെ?"

"എല്ലാമുണ്ട്...."

"പിന്നെ?"

"ഒരു കണ്ടീഷൻ.... അവിടുള്ള ആളുകളെ വെച്ചു പണി ചെയ്യണം..."

"അതെന്താ അങ്ങനെ കൊടുക്കുന്നത്?"

"അവമ്മാർക്ക് കൃഷി ചെയ്യാൻ ഇൻവെസ്റ്റ്മെൻ്റ് ഇല്ലെന്നേ''

"ഓ" ഞാൻ പറഞ്ഞു.

"നീയതിലങ്ങു കേറിപ്പിടിച്ചല്ലേ?"

"അതെയതെ.... ഞാൻ അങ്ങനെ സ്വപ്നം കണ്ടു..... എല്ലാ കടവും മൊത്തം തിരിച്ചടയ്ക്കണം. ഒരു നാലഞ്ചു ലക്ഷം മിച്ചം പിടിച്ചാ പിന്നെ വന്ന് നേശയ്യൻ പെരുവട്ടരോട് ചൂടോടെ നാലു വാക്കു പറയണം. പെറപ്പിച്ച തന്ത തന്നെ. അതിനെന്ത്? മട്ടു മര്യാദാന്ന് ഒന്നു വേണ്ടയോ? എപ്പൊഴെങ്കിലും ആ തായോളിയെ ഞാൻ മര്യാദകെട്ട് ഒരു വാക്കു പറഞ്ഞിട്ടുണ്ടോ? നീ പറ."

"എവിടെ!" സ്റ്റീഫൻ പറഞ്ഞു.

"എന്നിട്ട്?" ഞാൻ ചോദിച്ചു.

"ഞാൻ ഇവിടെ വന്ന് അമ്മയുടെ കാലുപിടിച്ചു.അവര് നാലു വർത്താനം പറഞ്ഞു.ചെരിപ്പുകൊണ്ടടിക്കും ന്നു പറഞ്ഞു. ചോറു തിന്നാതെ ഞാൻ എട്ടു ദിവസം കെടന്നു. അവസാനം അമ്മ തിരുവനന്തപുരത്തെ വീടിൻ്റെ ആധാരമെടുത്തു തന്നു. വന്നു കൈയ്യൊപ്പും ഇട്ടു. അമ്പതുലക്ഷം രൂപ. അതു മുഴുവൻ ഞാൻ കൊണ്ടുപോയി"

"അമ്പതു ലക്ഷം!"മാണിക്യം പറഞ്ഞു. "കോംഗോവിലേക്ക് നമ്മടെ കഴിഞ്ഞ ജമ്മത്തെ കണക്കിലാ കൊടുക്കാനുണ്ടായിരുന്നത്...''

''ചുമ്മാ കെടടേ"

"അമേരിക്കയ്ക്കു കൊടുത്തിരുന്നെങ്കില്  നമ്മടെ കടത്തിൽ അമ്പതു ലക്ഷം കുറഞ്ഞിട്ടുണ്ടാവും.''

"നീ ചുമ്മാ ഇരിക്കുന്നോ ഇരുത്തണോ?"

"എന്തിനാ അമ്പതു ലക്ഷം?" ഞാൻ ചോദിച്ചു.

"ഏയ്, ഒരു തൊഴിലെന്നാ നല്ല നെലയ്ക്കു ചെയ്യണ്ടേ? എങ്ങനെയിരുന്നാലും ഞാൻ നേശയ്യൻ പെരുവട്ടരുടെ മകനല്ലേ? നീഗ്രോകള് നമ്മളെപ്പറ്റി എന്താ കരുതുക"

"അതു ശരിയാ" മുരുകേശൻ ഒന്ന് ആക്കിപ്പറഞ്ഞു. "നാളെപ്പിന്നെ അവരിവന് പെണ്ണു കൊടുക്കുമോ?

"നാനൂറേക്കർ മണ്ണ്.... പുതിയ കറുത്ത മണ്ണ്. നടുക്ക് രണ്ടു തോടുകളിൽ നല്ല വെള്ളം. ഒരു കുളവുമുണ്ട്...... നല്ല ഏത്തവാഴ കൊണ്ടുപോയി ഞാൻ നട്ടു."

"പണിയ്ക്ക് അവരാണോ?"

"അതെ.... അവരുടെ പണിയൊക്കെ കണക്കു തന്നെ. കൂട്ടമായി വരും.അമ്പതും നൂറുമായി. വരുമ്പോഴേ ഡാൻസ് കളിച്ചോണ്ടാ. അതില് പത്തുപേരു ജോലി ചെയ്യും. മറ്റവര് കെടന്നൊറങ്ങും. എന്നാ ശമ്പളം കൊടുക്കാൻ നേരത്ത് ഒരേഴെട്ടു മടങ്ങ് ആളുണ്ടാവും. ആ ഏരിയയിലുള്ള എല്ലാരുമെത്തും..... അവർക്കൊക്കെ കൊടുക്കണം."

"ശമ്പളമോ?"

"അതെ. ജോലിക്കും ശമ്പളത്തിനും തമ്മില് ബന്ധമുണ്ടെന്ന് അവർക്കറിയില്ല..... എല്ലാർക്കും ഒരേ ശമ്പളം..... ജോലി ചെയ്തവനും ചെയ്യാത്തവനും അപ്പുറം നിൽക്കുന്നവനും അതുവഴി പോയവനുമെല്ലാം"

"അതെങ്ങനെ ശരിയാകും?"

"എന്തു ചെയ്യും? പകുതി പണി ട്രാക്ടറും ബുൾഡോസറും വെച്ച്. പക്ഷേ, അവമ്മാർക്ക് ശമ്പളമായി എന്തെങ്കിലുമൊക്കെ കൊടുത്താൽ മതി....." 

"ശരി" ഞാൻ പറഞ്ഞു "വാഴ നട്ടു"

"പിന്നൊരു പണിയും ഇല്ല. വെള്ളം അതിലേ ഒഴുകും. വാഴ മേൽപ്പോട്ടു പൊന്തി.....നാനൂറേക്കർ വാഴ... കാടു മാതിരി.... മേലേ നിന്നു നോക്കിയാല് നെഞ്ഞടച്ചു പോകും. പച്ചപ്പച്ചയായി.... എന്താ വാഴ... നല്ല മൂടുപെരുത്ത മലയാളിപ്പെണ്ണു മാതിരി."

"ഉള്ളതാ?" പ്രഭു ആകാംക്ഷയോടെ ചോദിച്ചു.

"പിന്നേ!"

പ്രഭു കിളുകിളുന്നനെ ചിരിച്ചു.

"കൊലയോ?"

"കൊലച്ചു..... ഓരോ കായും...."

"നീ വർണ്ണിയ്ക്കണ്ട, കേട്ടോ....... സംഗതി പറ"

"നാനൂറേക്കർ നേന്ത്രക്കൊല..... ആയിരം ലോറിയില് കേറ്റാവുന്നത്ര വാഴക്കൊല.... ആലോചിക്കുമ്പോ എനിക്കു രാത്രി ഉറക്കമില്ല.... നേശയ്യൻ പെരുവട്ടരെ നേരിൽ കണ്ടു പറയേണ്ടതു മുഴുവൻ മനസ്സിനുള്ളിൽ പറഞ്ഞിട്ടൊണ്ട്."

"ഒടുക്കം എന്തായി? പൈസ എങ്ങനെ മണ്ണായിപ്പോയി? അതു പറയൂ." മാണിക്യം ഉത്സാഹത്തോടെ ചോദിച്ചു.

"ടേയ്, ഈ നായെ വെട്ടീട്ടു ഞാനും ചാവും..... ഒന്നിച്ചു പഠിച്ചോൻ എന്നു വിചാരിച്ചാ........ കേറിയങ്ങിരിക്കും. വെട്ടും ഞാൻ."

"നീ പറ ഡേയ്.... നീ എന്തിന് സത്യവേദമില്ലാത്ത നായ പറയിണതു കേക്കണം..... നീയും ഞാനും വേദക്കാരല്ലേ? കർത്താവിനെക്കരുതി നീ പറ" റോബിൻസൺ പറഞ്ഞു.

"അതെ" സാം ശരിവെച്ചു. "യേശുവേ, രാജാവേ" എന്നു പറഞ്ഞ് വീണ്ടും ഒന്നൊഴിച്ചു.

"ഹല്ലേലുയ്യാ" റോബിൻസൺ വിളിച്ചു.

സാം തുടർന്നു. " ഞാൻ അങ്ങനെ സ്വപ്നം കണ്ടിരിക്കുമ്പോ ഒരു ദിവസം രാത്രിയില് ടൊമ്മ് ടങ്ക് ടൊമ്മ് ടങ്ക് ന്ന് ഒരു ശബ്ദം..... എന്തോ ഡാൻസാണെന്നു കരുതി ഒരു ലാർജു കൂടി വിട്ട് വീണ്ടുമുറങ്ങി. രാവിലെ കണ്ണു തുറന്നപ്പൊ ഒമ്പതേമുക്കാൽ മണി."

"അത് ഉച്ചയല്ലേ?" മാണിക്യം ഇടക്കു കയറി.

"നീ മിണ്ടരുത്....നീ സാത്താൻ്റെ ആള് "

"നീ പറയെഡേ, കർത്താവിനെ വിചാരിച്ചു പറ" ഞാൻ സമാധാനിപ്പിച്ചു.

"ഞാനെണീറ്റു പുറത്തു ചെന്നപ്പോ നമ്മടെ തോട്ടം മുഴുവനും ആളുകള്..... ആയിരം രണ്ടായിരം അയ്യായിരം ആള് ..... നമ്മടെ സവേരിയാർ പള്ളിപ്പെരുനാളു പോലെ ആൾക്കൂട്ടം"

"എന്തിന്?"

"എന്താന്ന് അറിയില്ല.. ഞാൻ എറങ്ങിച്ചെന്ന് നിന്നതും നടുങ്ങിപ്പോയി."

"എന്താ ചെയ്യിണത് അവമ്മാര്?" പ്രഭു ആകാംക്ഷയോടെ ചോദിച്ചു.

"മലയെറങ്ങി വന്നിരിക്കുകയാ...... വന്നോണ്ടേ ഇരിപ്പാ..... കൂടുതൽ ആളു വരാൻ വേണ്ടിയാണ് മുരശടിക്കുന്നത്.... ഒരുത്തൻ മരത്തിൽ കേറി നിന്ന് കൊട്ടുന്നു. കീഴേ ആണ് പെണ്ണ് കുട്ടി കുടുംബങ്ങളെല്ലാം ചേർന്നിരുന്ന് നേന്ത്രക്കായ വെട്ടിയിട്ട് തീയിൽ ചുട്ടു തിന്നുകയാ. വലിയ പാത്രം കൊണ്ടുവന്ന് വേവിച്ചു തിന്നുകയാ...."

"നിൻ്റെ വാഴയോ?"

"എൻ്റെഡേയ്, അവമ്മാർക്ക് അങ്ങനെ വ്യത്യാസമൊന്നുമില്ല. വെളഞ്ഞിട്ടുണ്ടോ, തിന്നുക തന്നെ...."

"നീ എന്തു ചെയ്തു?"

"ഞാനെന്തു ചെയ്യും? നോക്കി നിന്നു. അവമ്മാർക്ക് തീറ്റി വെറി...."

"നിനക്കു പോലീസിനെ വിളിച്ചൂടെ?"

"പോലീസും വന്ന് കുപ്പായമഴിച്ചിരുന്ന് വാഴയ്ക്ക തിന്നും.... അവമ്മാർക്ക് അതൊക്കെ അങ്ങനെയാ"

"നിൻ്റെ കയ്യീ തോക്കില്ലേ?"

"ഉണ്ട്, ഒരു സ്മിത് ആൻ്റ് വെഷൻ ഷോട്ഗണ്ണ്.... വേറൊന്ന് ഷാക്കോ ഡബിൾ ബേരൽ റൈഫിൾ"

"വെച്ചു കാച്ചണ്ടായോ നായ്ക്കളെ?" പ്രഭു പറഞ്ഞു.

"ടേയ്, കാപ്പിരികളുമായി ഇടപഴകാതെ അങ്ങനെ പറയരുത്. ഇവനാരാണവരെ തെറി വിളിക്കാൻ..... അതേയ്, അവര് ഏദൻ തോട്ടത്തിലിരിക്കുമ്പോലെ സന്തോഷമായിട്ടാ ഇരിക്കുന്നത്.... തിന്നുന്നതിൽ ഇതുപോലൊരു സന്തോഷം മനുഷ്യന് ഞാൻ വേറെങ്ങും കണ്ടിട്ടില്ല. ഏയ്, വെറും വാഴയ്ക്ക.ഉപ്പു പോലും ഇല്ല. തിന്നുക തിന്നുക അങ്ങനെ തിന്നുക"

"ആരാൻ്റെ മൊതലല്ലേ, നല്ല രുചിയാവും" മാണിക്യം പറഞ്ഞു.

"നീ പറഞ്ഞോ...... അതേയ്, നമ്മള് നട്ടു വളർത്തിയാ മനസ്സറിഞ്ഞു കൊടുക്കാൻ നമുക്കു കഴിയൂല്ല, കേട്ടെടേ? കണക്കുണ്ടാവും. കഷ്ടപ്പെട്ടതിൻ്റെ കണക്ക്. നമ്മടെ കണക്കില് നമ്മളു ചെലവാക്കിയതു മാത്രമാ വാഴേടെ വെല. മണ്ണു തന്നതിനും മാനം തന്നതിനും കണക്കില്ല. അവമ്മാർക്ക് അങ്ങനെയല്ല. എല്ലാർക്കും കൊടുക്കും. നാളേയ്ക്ക് ന്ന് ഒരു തുണ്ട് വെച്ചേക്കില്ല. എടുത്തു കൊണ്ടുപോവുകേമില്ല. അവിടെ ഇരുന്നു തിന്നും..... ഒരു കെളവൻ എന്നെ നോക്കി മുഖം കൂർപ്പിച്ചു കണ്ണ് ഇടുക്കി ചിരിച്ചിട്ട്, വാ വന്നിരുന്നു തിന്ന് എന്നു വിളിച്ചു.... കയ്യില് ഒരു ചുട്ട വാഴയ്ക്ക. അതു നീട്ടി, ഇന്നാ ന്ന് സ്നേഹത്തോടെ പറയുകയാ. ഞാനങ്ങു കരഞ്ഞു പോയി മോനേ."

"നീ അതു തിന്നോ?"

"പിന്നെ. ഞാനും ഇരുന്നു തിന്നു. നല്ല രുചിയാ കേട്ടോ?" സാം നാണത്തോടെ പുഞ്ചിരിച്ചു. "മൊത്തം വാഴയ്ക്കയും തിന്നു തീർക്കാൻ എട്ടു ദിവസമെടുത്തു."

"എട്ടു ദിവസം നീയും ഇരുന്നു തിന്നോ?"

"ഉവ്വ്. നേരം പോണതേ അറിയില്ല.... തിന്ന് ഡാൻസു കളിച്ചു പിന്നെയും തിന്ന്, പിന്നെ ഉറങ്ങി എണീച്ച് വീണ്ടും തീറ്റി ....വാഴയ്ക്കാ മാത്രം"

"എട്ടു ദെവസോം നിർത്താതെ പീച്ചിക്കാണും, അല്ലേ?"

"ഡേയ്, ഇവനെ ഞാൻ കൊല്ലും.തായോളി, എൻ്റെ കാശു കൊണ്ടല്ലേ കുടിച്ചത് നീ? എൻ്റെ കാശു താ.... ഡേ, ഇപ്പത്തരണം."

"സാം, നീയടങ്ങെടേ ..... അവനു നീ എന്തു പുണ്ണാക്കിനാ ചെവികൊടുക്കിണത്?" ഞാൻ പറഞ്ഞു.

"എന്നിട്ട് ?"

"എന്നിട്ടെന്താ? അന്നന്നത്തേക്കുള്ള അപ്പം ഞങ്ങൾക്കു തരിക ദൈവമേ എന്നു പ്രാർത്ഥിക്കും. വീട്ടില് പത്തായം നെറയെ നെല്ലും ബാങ്കില് അക്കൗണ്ടിൽ പണവും വെച്ചിരിക്കുന്നവന് അങ്ങനെ ചോദിക്കാൻ യോഗ്യതയുണ്ടോടേ?" സാം പറഞ്ഞു. "അതു ചോദിക്കാൻ യോഗ്യതയുള്ളവര് അവരു മാത്രമാ. അവിടെ നിൽക്കുമ്പോ, ഇതാ ഇത്രേമടുത്ത്, കർത്താവായ യേശുകൃസ്തു നിൽക്കണ മാതിരിയാ.സ്വല്പം മേലോട്ടു കുതിച്ചാ അദ്ദേഹത്തെ തൊടാമെന്നു തോന്നും."

"ശരി, ഒടുക്കം നീ എന്തു ചെയ്തു?"

"ഒടുക്കമോ? എന്തു ചെയ്യാൻ? അമ്പതു ലക്ഷം പൊഹ!...... അതുകൊണ്ട് തിരിച്ചു വന്നു. ഇതാ ഇരിയ്ക്കിണു. ഒരു പത്തു ദിവസം കാറ്റു പോയ പോലെ ഇരുന്നു.അമ്മയാ അമ്പതിനായിരം രൂപ എടുത്തു തന്ന് ഇന്നാ മോനേ പോയി നിൻ്റെ കൂട്ടുകാരെ കാണ് ന്നു പറഞ്ഞത്..... ആ പൈസ കൊണ്ടു കുടിച്ചിട്ട് ഇവൻ പറയിണ വർത്താനം കേട്ടില്ലേ?

"ഡേ, വേദമില്ലാത്ത കൂട്ടമല്ലേ? നീ ഇതാ ഇതങ്ങു വലിക്ക്... "

"ചിക്കൻ എവിടെ?"

"അതപ്പഴേ തീർന്നു."

"ഇനി വല്ല ബിസിനസ് പ്ലാനുമുണ്ടോ സാം?" മാണിക്യം ചോദിച്ചു.

"ഇനി നിൻ്റമ്മയെ വെച്ചാ ബിസിനസ് ..... എന്നോടു നിൻ്റെ വെളയാട്ടു  വേണ്ട കേട്ടോ"

"ശരി വിടെഡേ"

"സാം നീ നിൻ്റെ അപ്പൻ പറയിണ മാതിരി കർത്താവിൻ്റെ വേല ചെയ്യ് " ഞാൻ പറഞ്ഞു.

"എന്തിന്?" സാം നിരാശയോടെ ചോദിച്ചു.

"കർത്താവ് നിൻ്റെയടുത്ത് ഇരിക്കുകയല്ലേ" ഞാൻ പറഞ്ഞു.

"സുവിശേഷകരായാല് ...."

"എന്തേ?" ഞാൻ ചോദിച്ചു.

"വെള്ളമടി പാടില്ലല്ലോ" സാം പരുങ്ങലോടെ പറഞ്ഞു.

"അതെല്ലാം അടിക്കാം. വിശ്വാസികളറിയാതെ നീ ഇവിടെ തിരുവനന്തപുരത്തോ നാഗർകോവിലിലോ വന്നാ മതിയല്ലോ.

"യേശുദേവൻ എന്തു പറയും?"

"അതേയ്, അങ്ങേർക്കും ഒരു സ്മാളൊഴിച്ചു കൈയ്യീ കൊടുക്കാം...... മനുഷ്യനെ അറിയാത്ത ദൈവമുണ്ടോ?"

"ജീസസ് ഈസ് എ നൈസ് ചാപ് " പ്രഭു പറഞ്ഞു. അവനു കിക്കു കേറിയാൽ ഇംഗ്ലീഷേ വരൂ.

"എന്നാല് ബൈബിള് ...."

"എടേ, യേശുവിനു ബൈബിൾ അറിയുമോ?അങ്ങേരു കുരിശിൽ തറഞ്ഞതിനു ശേഷമല്ലേ ബൈബിളെഴുതിയത്?" അതിലുള്ളത് അങ്ങേരെന്തു കണ്ടു? ചുമ്മാ പറയാതെ.... യേശു ദേവൻ നീ പറഞ്ഞാ കേക്കും. കരുണാമയനാ.... "

"ഓ" അവൻ സന്ദേഹത്തോടെ മൂളി.

"നീ എന്താ പറയിണത്? ആദാമും ഹവ്വയും ഏദൻ തോട്ടത്തീ അടിച്ചു പൂസായി ഇരിപ്പായിരുന്നില്ലേ?"

"ഉള്ളതാ?" സാം ചോദിച്ചു.

"പിന്നേ?"

"ബൈബിളിലുണ്ടോ?"

"ഉണ്ടെന്നാണു തോന്നണത്. നോക്കണം"

"ഉള്ളതു പറഞ്ഞാല്, ഞാനിതുവരെ ബൈബിള് വായിച്ചിട്ടില്ല" സാം പറഞ്ഞു.

"നീ എന്തിനാ അതൊക്കെ വായിക്കാൻ പോണത്? യേശുദേവന് എന്തു പറയാനുണ്ടെങ്കിലും നിന്നോടു നേരിട്ടു പറയും.''

''അതെ. അതു മര്യാദ." മാണിക്യം പറഞ്ഞു. "ആണുങ്ങളുടെ സംസാരം ആണുങ്ങളോടാ."

"ഡേയ്, നാണപ്പനെ വിളിച്ച് നാലു ചിക്കൻ ഫ്രൈ പറ മോനേ" ഞാൻ പറഞ്ഞു.





















Thursday, July 16, 2020

നനവുള്ള വഴി - പി.രാമൻ



കട്ടിലിൽ
സ്വയം കെട്ടി വരിഞ്ഞു
തീ കൊടുത്താണത്രെ
അയാൾ മരിച്ചത്.

എപ്പോഴും റോഡിലൂടെ
ഇരുകയ്യിലും 
പുറത്തേക്കു തുളുമ്പിച്ചുകൊണ്ട്
ഓരോ കുടം വെള്ളവും 
ചുമന്നു വന്ന്
പടികയറിപ്പോകുന്ന അയാളുടെ രൂപമാണ്
എൻ്റെയുള്ളിൽ.

നടന്ന വഴി നീളെ
വെള്ളം തുളുമ്പിയ നനവോടെ.

Wednesday, July 15, 2020

കുഞ്ഞിപ്പൂരം - പി.രാമൻ



റെയിൽവേ സ്റ്റേഷൻ റോഡിലെ
ആ കടയിൽ നിന്നാണ്
ഈ കമ്മൽ വാങ്ങിച്ചത്.
മൂന്നു കൊല്ലമായി.
നിറം മങ്ങിയിട്ടില്ല.

കാതിൽ നിന്നഴിച്ചുവെച്ച കമ്മൽ
മേശപ്പുറത്തിരിക്കുന്നു.

ഓരോ കുഞ്ഞിക്കാലുകൂടി പിടിപ്പിച്ചാൽ
കുഞ്ഞിപ്പൂരത്തിന്
കുഞ്ഞാനകൾക്കുമേൽ
കുഞ്ഞിക്കുടമാറ്റത്തിനു പിടിക്കാം.

റെയിൽവേ സ്റ്റേഷൻ റോഡിലെ
ആ കടയ്ക്കു മുന്നിൽ തന്നെയാവട്ടെ
കൂട്ടിയെഴുന്നള്ളിപ്പ്.

ഹൈക്കു - മസായോക്കാ ഷികി (ജപ്പാൻ, 1867- 1902)



White chrysanthemum flowers, image: kucuu.com | White ...



തിരിച്ചു ഞാനെൻ്റെ പുറം
ബുദ്ധന്നെതിരെ,യെൻ മുഖം
കുളിരമ്പിളി നേരെയും


വാനമ്പാടിക്കൂട്ടരുണ്ട്,
തവളക്കൂട്ടരും - ചിരം
തർക്കിപ്പൂ പാട്ടിനെ പ്രതി.


വെടിക്കെട്ടു കഴിഞ്ഞാൾക്കാർ
വീട്ടിലേക്കു തിരിക്കയായ്
എന്തിരുട്ടാണു ചുറ്റിലും


അണയുന്നൂ തൊട്ടടുത്ത
മുറിയിൽ കണ്ട വെട്ടവും
രാത്തണുപ്പേറിടുന്നിതേ


ശരൽക്കാലക്കാറ്റ്:
എനിക്കില്ലിങ്ങു ദൈവങ്ങൾ
ബുദ്ധരും.


മഞ്ഞ വെള്ള ക്രിസാന്തമ -
പ്പൂവുകൾ....... ചോന്നൊരെണ്ണവും
കൂടി ഞാൻ തേടിടുന്നിതേ.


പാതിരാച്ചെത്തം, ആന്തലാ-
ലെഴുന്നേൽക്കുമ്പൊഴെന്തിത്?
കൊഴിഞ്ഞോരു നിലാസുമം.


കിളിച്ചിറകുകൾ കാൺമൂ
ചിതറുന്ന ചെറിപ്പൂക്ക -
ളോടുകൂടിപ്പിണഞ്ഞിതാ


ദൈവങ്ങൾ, ബുദ്ധരും
വാഴുന്നയൽക്കാരായ്
തണുപ്പിതിൽ.


വേനൽ സമതലം
കല്ല്
ലോകത്തിൻ്റെയിരിപ്പിടം.


വേനൽക്കാലത്തെയാകാശം
മഴ പെയ്തു തെളിഞ്ഞത്
വരിയായ് പോമുറുമ്പുകൾ


വെള്ളപ്പൂമ്പാറ്റ പൊങ്ങുന്നൂ
പിങ്കു പൂക്കളിൽ നിന്നുമേ
ആത്മാവാരുടെയാണിത്?


എനിക്കു കാണുവാൻ മേലാ
പാറിപ്പോകുന്ന പക്ഷിയെ
കാൺമൂ പ്ലം പൂവിതളുകൾ


പഴുത്തു ചോന്ന മണികൾ
ഒന്നു മാത്രം വിഴുന്നൂ മ -
ഞ്ഞുറഞ്ഞുള്ളോരു തോപ്പിതിൽ

തിരി - പി.രാമൻ


Sky Lantern | How to Make Sky Lantern | Hot Air Balloon : 6 Steps ...


വിളക്കിലെ തിരി താഴ്ത്താൻ
എളുപ്പമാണ്.
വിളക്കിലെ തിരി താഴ്ത്തും പോലെ
ഞാനെന്നെ താഴ്ത്തിവെച്ചു
എന്നെഴുതാൻ
അതിലേറെ എളുപ്പമാണ്.

പക്ഷേ, താഴണ്ടേ?

സ്വഭാവ പഠനം - പി.രാമൻ



പഴുത്ത ഓമക്കായയ്ക്ക്
ആദ്യത്തെ കൊത്തു കൊടുത്തത്
പച്ചക്കിളി.

തുള വലുതാക്കി
ഉള്ളിലേക്കാദ്യം കയറിയത്
ഓലേഞ്ഞാലി.
പഴുത്ത ഓമയ്ക്കായുടലിനപ്പോൾ
കാവിക്കരിവെള്ള വാല്.

കുഞ്ഞുങ്ങളേയും കൂട്ടി വന്നത്
കാടു മുഴക്കി.
ഓമത്തണ്ടിലിരുന്ന്
പ്രത്യേകശബ്ദമുണ്ടാക്കിയതും
രണ്ടു കുഞ്ഞു കാടു മുഴക്കികൾ
പാറിയെത്തി.
ഓമയ്ക്കക്കുള്ളിൽ കടന്നു
കൊത്തിത്തിന്നാൻ പഠിപ്പിച്ചു.

മറ്റെല്ലാരും വന്നു തിന്നു പോയിട്ടാണ്
കാക്ക വിവരമറിയുന്നത്.
അതു വന്നു നോക്കുമ്പോൾ
ഒന്നു തൊട്ടാൽ വീഴുമെന്നായിരിക്കുന്നു
പവിഴത്തുടുപ്പുള്ള പാതി ഓമയ്ക്ക.
കാക്ക വായുവിൽ വിരിഞ്ഞു നിന്ന്
കൊക്കകത്തേക്കാഴ്ത്തി
ഓമയ്ക്ക വായിലാക്കി.
കറുത്ത കൊക്കിൽ
പവിഴക്കഷണവുമായി
കാക്ക പറന്നു പോയി.

ഒരുപാടു കൈകൊട്ടിക്കഴിഞ്ഞാൽ
ഒടുവിൽ മാത്രം വന്ന്
പിണ്ഡച്ചോറു കൊത്തിപ്പോവുന്ന
അതേ പഴയ സ്വഭാവം.

Monday, July 13, 2020

അവസാന ആഗ്രഹം - പി.രാമൻ



50+ Treetop Pictures HD | Download Authentic Images on EyeEm



പടിഞ്ഞാറേ മാനത്തെ
അസ്തമയ പ്രഭ
തൻ്റെ അവസാനത്തെ ആഗ്രഹം
വിശ്വസിച്ചു പറഞ്ഞേൽപ്പിച്ചത്
കിഴക്കേ മാനത്തോടു
പറ്റി നിൽക്കുന്ന
ഉയർന്നൊരു
മരത്തലപ്പിനോടാണ്.

അവസാന ആഗ്രഹം
പറഞ്ഞേല്പിക്കാൻ
ദൂരം
ഒരു തടസ്സമല്ല.
കാലം അത്രപോലും ഒരു തടസ്സമല്ല.

ക്ഷീണൻ - പി.രാമൻ

*ക്ഷീണൻ

ഉച്ചക്ക് തിരക്കിട്ടു പോകുമ്പോൾ
പാർക്കിലെ ബഞ്ചുകളിലൊന്നിരിക്കുന്ന ആ മനുഷ്യനെ
ഞാൻ ശ്രദ്ധിച്ചു.
ആരോടോ യാത്ര പറയുമ്പോലെ
അയാൾ കയ്യുയർത്തി വീശിക്കൊണ്ടിരുന്നു.
നന്നേ ക്ഷീണിച്ച ഒരു ചെറുപ്പക്കാരൻ.
വേണ്ടപ്പെട്ട ആരോ
യാത്ര പറഞ്ഞു പോയതോടെ
അയാൾ കൂടുതൽ ക്ഷീണിച്ച പോലുണ്ട്.
ആരോടാണിയാൾ കൈ വീശിക്കാട്ടുന്നത്?
ഞാനും അയാൾ നോക്കുന്ന ദിശയിൽ
റോഡിൻ്റെ മറുപുറത്തെ
കെട്ടിടങ്ങൾക്കിടയിലേക്കു നോക്കി.
നഗരത്തിരക്കല്ലാതെ
പ്രത്യേകിച്ചാരെയും കാണാനില്ല.
അല്ലെങ്കിൽ
ആ തിരക്കിലെ ഓരോ മനുഷ്യനും
ആ കൈ വീശലിന് അർഹനാണ്.

പണി കഴിഞ്ഞ് ഏറെ വൈകി
തിരിച്ചതിലേ വരുമ്പോഴും
വിളക്കുകൾ അണഞ്ഞു കൊണ്ടിരുന്ന
ആളൊഴിഞ്ഞ പാർക്കിൽ
അതേ ബെഞ്ചിൽ അയാളുണ്ട്.
കൂടുതൽ ക്ഷീണിച്ചിരിക്കുന്നു.
ഒന്നും കഴിച്ചിട്ടില്ലായിരിക്കുമോ?
ബഞ്ചിൽ കിടപ്പായിരിക്കുന്നു.
എന്തോ മെല്ലെ പറയുന്നുണ്ട്.
ഞാൻ പാർക്കിൻ്റെ കമ്പിവേലിയോടു 
ചേർന്നു നടന്നു.
അടുത്താരോ ഇരിക്കുന്നതായി സങ്കൽപ്പിച്ച്
അയാൾ എന്തോ പറയുകയാണ്.
ചായ.... ചായ.... എന്നു മാത്രം കേൾക്കുന്നുണ്ട്.
ഞാനും ക്ഷീണിതനായിരുന്നു.
വേഗം വേഗം വീട്ടിലേക്കു നടന്നു.

ക്ഷീണം കാരണം ഉറക്കം വരുന്നുണ്ടെങ്കിലും
പാർക്കിലെ മനുഷ്യനെക്കുറിച്ചു
പെട്ടെന്നു തോന്നിയ ഒരു സംശയം
മനസ്സിലിട്ടു നടന്നു തളർന്ന്
ഞാൻ പുസ്തകത്തിലെ പാർക്കിലെത്തി.
അവിടെ കക്കാടിൻ്റെ ബഞ്ചിൽ
അതാ അയാൾ.
അയാൾ യാത്ര പറയുന്നത്
തന്നിൽ നിന്നും എന്നേക്കുമായി ഇറങ്ങിപ്പോകുന്ന
തൻ്റെ യക്ഷനോടാണ്.
അയാൾക്കരികിലിരുന്ന്
ചായ കുടിക്കൂ ചായ കുടിക്കൂ
എന്നു പറയുന്നത്
ഒരു ജലദേവതയാണ്
ക്ഷീണിച്ചവശനായിരുന്ന അയാൾ
മിക്കവാറും ഈ രാത്രി തന്നെ
മരിച്ചു പോയേക്കും.



* എൻ.എൻ.കക്കാടിൻ്റെ പാർക്കിൽ, ക്ഷീണം എന്നീ കവിതകൾ ഓർത്തുകൊണ്ട്

Saturday, July 11, 2020

തുറ - പി.രാമൻ



ആരാണീ വാതിൽ മലർക്കെത്തുറന്നത്?
ആരെയും കാണുവാനില്ല
വാതിലടഞ്ഞു കിടന്നാൽ, തുറന്നാലും
യാതൊന്നുമില്ലെനിക്കെന്നാൽ,
ആരടച്ചാലും തുറന്നാലുമില്ലവ -
രോടൊരു സ്നേഹവുമെന്നാൽ,
ആരടച്ചാലും തുറന്നാലുമില്ലവ -
രോടു വിരോധവു,മെന്നാൽ,
ആരാണീ വാതിൽ മലർക്കെത്തുറന്നത്?
ആരെയും കാണാനുമില്ല.

നീയാണോ വാതിൽ മലർക്കെത്തുറന്നത്?
നിന്നെയും കാണുവാനില്ല.
നീയേ നീയേ നീയീ വാതിൽ തുറന്നുവോ
നീയെവിടേയെൻ്റെ നീയേ?

തള്ളിത്തുറന്നോടിപ്പോയോരേ, നിങ്ങളെ -
ന്തെന്നെക്കുരങ്ങുകളിപ്പൂ?
തള്ളിത്തുറന്നോടിപ്പോയോരേ, പോയോരേ,
ഏതു ലോകത്തു പോയാലും
നിങ്ങൾ മലർക്കെത്തുറന്നിട്ടൊരീ വാതി-
ലെന്നുമനാഥമായ് കാണാം.
ആരിതു തള്ളിത്തുറന്നെന്നറിയാതെ
മാഴ്കുന്നൊരെന്നെയും കാണാം.
ചോദ്യത്തിനുത്തരം കിട്ടാതൊരിക്കലു-
മീ വാതിൽ ഞാനടയ്ക്കില്ല.
ഞാൻ തയ്യാറായാലു,മുത്തരം കിട്ടാതീ
വാതിലടയുകയില്ല.
ചോദ്യങ്ങൾക്കുത്തരം കിട്ടാതെ മറ്റെത്ര
വാതിലടഞ്ഞു പോയാലും.
എന്നുമീ വാതിലനാഥമായിങ്ങനെ
നിങ്ങളെ നായാടിയേക്കും.

കള്ളനകത്തു കടന്നെങ്കിൽ, കള്ളനേ,
കള്ളനേ, കട്ടു പോ വേഗം.
പോകുന്ന പോക്കിൽ പറഞ്ഞിട്ടു പോകണേ,
നീയേ തുറന്നെന്ന സത്യം.
കട്ടുമുടിഞ്ഞാലും ചേതമി, ല്ലീ വാതി -
ലാരു തുറന്നെന്നറിഞ്ഞാൽ.
കാറ്റു തുറന്നെങ്കിൽ കാറ്റെവിടേ, കാറ്റേ
കാറ്റേ നിൻ കൈകളെവിടെ?
നിൻ കയ്യു പോയിട്ടു കൈ കൊണ്ടു ചൂണ്ടിയ
യാതൊന്നും കാണുവാനില്ല.
എല്ലാം പറന്നു പൊയ്പോയെങ്കിലീ വാതി-
ലെങ്ങനെ ബാക്കിയായിങ്ങ്?

സൂര്യരോ വാതിൽ മലർക്കെത്തുറന്നത്,
സൂര്യരേ, സൂര്യരേ, നീയോ?
ഇത്ര ദൂരേ നിന്നു നീയാഞ്ഞു തള്ളിയാൽ
മുറ്റത്തെ മൊട്ടു തുറക്കാം.
ഞാൻ സാക്ഷയിട്ടു ബന്ധിച്ചൊരീ തേക്കിൻ്റെ
കാതൽ വഴങ്ങുകയില്ല.

അയ്യോ കിടക്കുന്നതെന്തീ നില, ത്തിതു -
തള്ളിത്തുറന്ന വിരലോ?
അയ്യോ പുറത്തു നിന്നെത്തും വെളിച്ചത്തു
ചോര പിടയ്ക്കുന്നു തീ പോൽ.
വാതിലിടുക്കിൽ ചതഞ്ഞു മുറിഞ്ഞോരു
പല്ലിവാലെന്നേ കരുതീ
നോക്കുമ്പോൾ നോക്കുമ്പോൾ വാതിലിൻ ചാരത്തു
മാത്രമല്ലീത്തറയാകെ,
ചോര പൊടിയുന്നൊരായിരം കാലടി -
പ്പാടുകൾ പോലെക്കിടപ്പൂ,
വാതിലു തള്ളിത്തുറന്നതിൻ ശക്തിയി-
ലാകെച്ചിതറിയതാവാം,
ഈ നിലത്തെങ്ങും മുറിവിരൽത്തുണ്ടുകൾ,
നിൻ വിരൽ ഞാനോർത്തു പോയി!
നിൻ നീൾ വിരലോർത്തു പോയതു കുറ്റമാ-
ണെങ്കിലാക്കുറ്റം ഞാനേൽക്കാം.
നിൻ്റെ വിരലുകളോർമ്മിക്കയാലിവ
നിൻ്റെ വിരലുകൾ തന്നെ.

ഇത്ര മുറിഞ്ഞു മുറിഞ്ഞു ചിതറുവാ-
നെത്ര വിരൽ നിനക്കുണ്ട്?
ഇത്ര വിരലുകളറ്റു തെറിയ്ക്കുവാ -
നെത്ര കൈകൾ നിനക്കുണ്ട്?

ഇല്ലാ നിനക്കിത്രയേറെ വിരലുക -
ളല്ല നീയല്ല തുറന്നൂ
എങ്ങും പിടക്കുന്ന ചോര വിരലുകൾ
നിൻ്റെയല്ലെന്നാശ്വസിക്കാൻ
അങ്ങനെയാശ്വാസം തിന്നു ജീവിക്കുവാൻ
പിന്നെക്കിടന്നു മരിക്കാൻ
ആരു മലർക്കെത്തുറന്നെന്ന ചോദ്യത്തി-
നേതെങ്കിലും പേർ പറയൂ
ആരാണീ വാതിൽ മലർക്കെത്തുറന്നത്?
ആരെയും കാണാനുമില്ല.

രണ്ടു കവിതകൾ - ഡോൺ ഡൊമാൻസ്കി (കാനഡ, ജനനം 1950)

1.

പച്ചക്കിളി

ഈ കാടിന് ഒരു പുസ്തകത്തിന്റെ കനം
ആരും ഒരിക്കലുമെഴുതാത്തത്
വായിക്കാത്തത്.
ഇതിവൃത്തമോ കഥാബീജമോ ഇല്ലാത്തത്.
പറക്കുന്ന രണ്ടു താളുകളും
ഒരു മുതുകെല്ലും മാത്രം
ചെറു പച്ചക്കിളീ നീ
പറന്നകന്ന് മടങ്ങി വരൂ
പറന്നകന്ന് മടങ്ങി വരൂ
അവർ നിന്നെ കത്തിക്കുന്നു
അവർ നിന്നെയറുത്തിടുന്നു
പിന്നെയും നീ മടങ്ങിയെത്തുന്നു




2
ഉപ റോസ

I

ഓരോ റോസിലും ആഴമേറിയ ഡിസംബർ.ഓരോ റോസിലും ഒരിക്കലും അസ്തമിക്കാത്ത പാതിയുദിച്ച ഒരു സന്ധ്യ. സ്ത്രീകൾ നിറഞ്ഞ ഒരിരുണ്ട ഭവനം. കറുത്ത കിടക്കകളിൽ പാടുന്ന സ്ത്രീകൾ.ഉണർന്നിരിക്കുന്ന രാത്രികളിൽ ചിലപ്പോൾ നമുക്കവരെ കേൾക്കാം. പൂന്തോട്ടത്തിൽ തനിച്ചു നടക്കുമ്പോൾ ചിലപ്പോൾ നാമവരുടെ ശബ്ദങ്ങൾ പിടിച്ചെടുക്കുന്നു. റോസാപ്പൂക്കളുടെ ഒരു കടലുപോലെ അവർ ശബ്ദമുണ്ടാക്കുന്നു. കടലാസിനാൽ തീർത്ത ഒരു വീണ പോലെ.

ll

വേണ്ടാത്ത ഒരിടമാണ് ഒരു റോസ. പൂന്തോട്ടത്തിൽ ഒരു ചിലന്തി പോലെ അതു തൂങ്ങി നിൽക്കുന്നു. മറുവശം സ്വപ്നം കാണുന്നു. നമ്മൾ പൂപ്പാത്രത്തിൻമേൽ തട്ടുമ്പോൾ അതു നമ്മുടെ ശത്രു, വാതിൽ കൊട്ടിയടച്ച് പുറത്തു രാത്രിയിലേക്കിറങ്ങുമ്പോൾ. ആഗ്രഹിക്കാതെ സംഗീതമുണ്ടാക്കുന്ന ഒരു മുഖമോ കൈകളോ അതിനുണ്ട് എന്നു നാം വിശ്വസിച്ചു തുടങ്ങുന്നു.

III

സിംഹ സാമ്രാജ്യത്തിലെ ഒരു സിംഹമാണ് ഒരു റോസ. ഒടുവിൽ കാലമെത്തുന്ന ഒരു ധന്യക്രോധം.വസ്തുക്കളൊന്നും നശിക്കുന്നില്ല, അലങ്കോലമാവാതെ. ഒരു റോസ് ഒരു റോസല്ല, ഒരു യുദ്ധമാണ്, എപ്പോഴും. ഒഴിഞ്ഞ ഒരു വീട്ടിലെ യുദ്ധം. പൂട്ടിയ ഒരു വാതിൽ.

IV

ആകൃതി കൊണ്ട് ഒരു റോസ് ഒരു മനുഷ്യനെപ്പോലെ കാണപ്പെടുന്നു. പൂർണ്ണമുഖമുള്ള അത് ഒരു പാതിസ്സൂര്യനാണ്.ഒരു ചിന്തയിൽ പെട്ടു മനസ്സുണ്ടാക്കുന്ന പതുപതുത്ത ശബ്ദങ്ങൾ അത് ഒഴിവാക്കുന്നു.ഹൃദയത്തിൻ്റെ സാമീപ്യം അതൊഴിവാക്കുന്നു. നമ്മുടെ തോളെല്ലുകൾക്കിടയിലെ നിശ്ശബ്ദതക്കു തൊട്ടു പിന്നിൽ അതു വിശക്കുന്നു. അല്ലെങ്കിൽ നമ്മുടെ പിൻപുറത്തിൻ്റെ കീഴേ ഭാഗത്ത്. നമ്മുടെ മൂകതയ്ക്കായി അതു വിശക്കുന്നു, കടൽ ഒരു ഭിത്തിമേൽ അടിക്കുന്ന ശബ്ദത്തിനു കാതോർക്കുന്ന നമ്മുടെ പോക്കറ്റുകളിലെ ഇരുണ്ട കൈകൾക്കായി.

V

റോസ ഒരു മൃതഭാഷ സംസാരിക്കുന്നു. ഓരോ വാക്കും ഒരു പുരാതന നാട്യമണ്ഡപം. അല്ലെങ്കിൽ പൊട്ടിത്തകർന്ന രൂപങ്ങളുടെ ഒരു തീരരേഖ.റോസ് ഒരു പ്രാക്തന മനസ്സ്.ഒരു മൃതചിന്തയുടെ പവിഴ ചലനം. നമ്മളിലേക്കു മടങ്ങി വരുന്ന സമയം. പൂന്തോപ്പിനറ്റത്ത് കടയുന്ന സമയം. നീല നൂറ്റാണ്ടുകളിൽ നിറയെ റോസുകൾ.ചില ഭാവിയിടങ്ങളിൽ പെയ്യുന്നു മഞ്ഞ്.

VI

സൗര റോസ് അതിൻ്റെ ചാന്ദ്രകഥകൾ പറയട്ടെ. നമുക്കതു രഹസ്യമായി സൂക്ഷിക്കാം. എല്ലാ രഹസ്യാത്മകതകളും ഒരു വേനൽപ്പകൽ പോലെ പറയപ്പെടട്ടെ.നമുക്കു മനസ്സിലാവുകയില്ല.  ഒളിഞ്ഞിരിക്കുന്ന തിര കടലിൽ നിന്ന് റോസമേൽ വന്നേറട്ടെ. തണുത്ത ജലം ആഴത്തിൽ നിന്നിരച്ചു പൊന്തട്ടെ.

Friday, July 10, 2020

ദേവൻ - ജയമോഹൻ (തമിഴ് ചെറുകഥ)





പടിക്കൽ പരുങ്ങി നിന്നിരുന്ന ഉയരം കുറഞ്ഞു കറുത്ത ചെറിയ മനുഷ്യനെ ഇശക്കിയമ്മയാണ് ആദ്യം കണ്ടത്. ഏതോ ഭിക്ഷക്കാരനാണെന്നാണു വിചാരിച്ചത്.കൂനിപ്പോയ മുതുകു നിവർത്തി കണ്ണുകൾക്കു മേൽ കൈ വെച്ച് കൂർന്നു നോക്കി."ആരാ? എന്തു വേണം?"

"ആശാരിയാണ്.മാണിക്യം ആശാരീന്നു പറയൂ"

ആശാരിയോട് എന്തിനാണു വരാൻ പറഞ്ഞിട്ടുള്ളതെന്ന് ഇശക്കിയമ്മക്കറിയില്ല. അതും ഒരൊറ്റ ആശാരി. അവനെക്കൊണ്ട് ഒരു പലകയെടുക്കാൻ പോലും പറ്റുമെന്നു തോന്നുന്നില്ല."ഏതു വീടാന്ന് പറഞ്ഞോ?" ഇശക്കിയമ്മ ചോദിച്ചു.

"ചെല്ലങ്കുളങ്ങര വീടു തന്നല്ലേ ഇത്? വക്കീൽ സാറിൻ്റെ വീട്?"

"അതെ, ഇതു തന്നെ...." അവനോട് പടിയിൽ കയറി ഇരിക്കാൻ പറയണോ വേണ്ടയോ എന്നവർക്കു സംശയമായി.മൂത്താശാരിക്കു വേണ്ട ലക്ഷണമൊന്നും കാണുന്നില്ല. കുടുമ പോകട്ടെ, പ്രൗഢിപോലുമില്ല. കൈയിൽ പണിപ്പെട്ടി ഇല്ല.പകരം പഴയൊരു ചാക്കുണ്ടു കൈയിൽ.

ഇശക്കിയമ്മ ഒന്നും പറയാതെ അകത്തേക്കു പോയി. അകത്തു തളത്തിൽ ശേഖരൻ ജന്നലിൽ കണ്ണാടി തൂക്കിക്കൊണ്ട് ക്ഷൗരം ചെയ്യുകയായിരുന്നു.അരികത്ത് റേഡിയോ മലയാളത്തിൽ പാടിക്കൊണ്ടിരുന്നു. അകത്ത് അടുക്കളയിൽ ദേവകിയും മീനാക്ഷിയമ്മയും സംസാരിക്കുന്ന ശബ്ദം കേട്ടു.

ഇശക്കിയമ്മ, "ഡേയ് ശേഖരാ, നീ ആശാരിയോടു വരാൻ പറഞ്ഞിട്ടൊണ്ടോ?" എന്നു ചോദിച്ചു.

"ഇല്ലല്ലോ. ആശാരിയോ? അമ്മയോടു ചോദിക്കൂ" എന്ന് അവൻ വായ ഏങ്കോണിച്ച് മുഖം തിരിച്ചു കണ്ണാടിയിൽ കാണിച്ചു കൊണ്ട് പറഞ്ഞു.

"മാണിക്കം എന്നാണു പറഞ്ഞത്. നിന്നെയാ അന്വേഷിച്ചത്."

"എന്നെയോ?" ശേഖരൻ പാതി നുരയുള്ള മുഖത്തോടെ പുറത്തു വന്ന് "ആരാ?" എന്നു ചോദിച്ചു.

"ആശാരിയാ.മാണിക്കം ആശാരി. രാജപ്പൻ മൂത്താശാരി പറഞ്ഞിട്ടാ"

"പടം വരയ്ക്കുന്നയാളാ?"

"അതെ, ചിത്രകാരൻ"

"നീയാ? നീയാ പടം വരയ്ക്കുന്നത്?"

"അതെ" അയാൾ പറഞ്ഞു. "നമുക്കു വശമുള്ള കലയാണ്"

ശേഖരൻ അകത്തു വന്നു."തെക്കേതിലെ ഭഗവതിയെ പുതുതായി വരയണമെന്ന് അമ്മ പറഞ്ഞിരുന്നു. ആളു വന്നിട്ടൊണ്ടെന്ന് പോയിപ്പറയൂ."

"പടം വരയാനോ?" ഇശക്കിയമ്മ ചോദിച്ചു.

"പോയി പറ പരട്ട കെളവി." ശേഖരനു ദേഷ്യം വന്നു. അരികേ വന്ന് ഇശക്കിയമ്മയുടെ മുടി പിടിച്ചു കുലുക്കി "ചേവക്കോഴീടെ തൂവല് ഞാൻ പറിച്ചെടുക്കും'' എന്നു പറഞ്ഞു.

"പരട്ട കെളവി നിൻ്റെ അപ്പൻ...." എന്നു പറഞ്ഞു ഇശക്കിയമ്മ. "നിൻ്റപ്പൻ എൻ്റെ തൂവല് തൊട്ടിട്ടില്ല. പിന്നാ..."

അവർ അകത്തുചെന്ന്  "എടീ മീനാക്ഷിയേ, ആശാരി വന്നിട്ടൊണ്ട്..... പടം വരയിണ ആശാരി." എന്നു വിളിച്ചു പറഞ്ഞു. ശബ്ദം താഴ്ത്തി "കണ്ടാൽ ആശാരിയാന്നു പറയാൻ കഴിയൂല്ല.... ആശാരിമാരിക്ക് ഒരു ഇത് ഉണ്ടല്ലോ?" എന്നു കൂട്ടിച്ചേർത്തു."ഇവനെ കണ്ടാ കോഴിയെ കട്ട് പോണ പോലിണ്ട്."

"അവൻ പടം വരച്ചാ പോരെ?" എന്നു ചോദിച്ചുകൊണ്ട് മീനാക്ഷി പുറത്തു വന്നു.

ദേവകി ഇശക്കിയമ്മയോടു പുഞ്ചിരിച്ച് "അമ്മച്ചിക്കു ചായ വേണമോ" എന്നു ചോദിച്ചു.

"അവൻ എന്തെടീ വരയാൻ പോകിണത്?"

"തെക്കേതിലെ ഭഗവതിയെ"

"തെക്കേതിലെ ഭഗവതി ഇരിപ്പുണ്ടല്ലോ, ഇനി എന്തിന് വരയണം?"

"കണ്ടാൽ തെളിയണ്ടേ?"

"നന്നായിപ്പോയി. ഇരിക്കുന്നവളെ വീണ്ടും വരയണമോ? അപ്പ ഇനി നിൻ്റെ മേലേ നിന്നെത്തന്നെ വരയണമോടീ?"

"അതു വരഞ്ഞേച്ച് പത്തെഴുപതു വർഷമായി. പടം ചായം പോയി മങ്ങി.കണ്ണു രണ്ടും തെളിഞ്ഞിരിക്കും വരെ പോവട്ടേന്നു വിട്ടതാ. ഇപ്പം കണ്ണു തെളിയാതെ പൂജക്കു വരില്ലെന്നു പോറ്റി പറഞ്ഞു."

"ഇവനാ ഭഗവതിയെ വരയിണത്?"

"അതെ"

"ഇവൻ ഭഗവതിയെ കണ്ടിട്ടൊണ്ടോ?"

ദേവകി പുഞ്ചരിച്ച് ഭസ്മപ്പാത്രവുമായി പിൻവശത്തേക്കു പോയി. ഇശക്കിയമ്മ
കൂനിയ ശരീരം ആട്ടിയാട്ടി നടന്നു മുറ്റത്തേക്കു വന്നു. മുലകൾ ആടാതിരിക്കാൻ മേൽമുണ്ട് ഇറുകെ ചുറ്റി വരിഞ്ഞു.

ആശാരി തിണ്ണയിൽ കസേരയിലിരുന്നു. അയാളുടെ മുന്നിൽ ശേഖരൻ നിന്നു സംസാരിക്കുന്നു.

"എത്ര നാൾ എടുക്കും?"

"അതു ചിത്രത്തിനനുസരിച്ചാ"

"പടം കൊറച്ചു വലുതാണ്"

"ചെറുതോ വലുതോ അല്ല പ്രശ്നം .... ദേവി എഴുന്നേറ്റു വരണമല്ലോ. കയ്യില് അരുളു വന്നാ ഒറ്റ നാളു കൊണ്ടു വരച്ചു പോകാം.ഇല്ലെന്നാ ഒരു മാസമെങ്കിലുമാവും. ചില സമയം പടം മുഴുമിക്കാതെ കെടക്കാറുണ്ട്. വരയാൻ തൊടങ്ങാതെ പോയ പടങ്ങളും ഉണ്ട്.അതു നമ്മടെ കയ്യിലല്ല."

"എന്നാ വരച്ചു തീർന്നാലേ പണം തരാൻ കഴിയൂ" ശേഖരൻ പറഞ്ഞു.

"എനിക്കു നീ ഒന്നും തരേണ്ടാന്നേ. തന്നാല് എനിക്കു നെറയണം'' ചൊടിച്ചു കൊണ്ട് മാണിക്കം പറഞ്ഞു.

അവൻ്റെ വീറു കണ്ടിട്ട് ഇശക്കിയമ്മക്ക് ആശ്ചര്യമായി.

ശേഖരൻ ഒന്നയഞ്ഞ്,  "അങ്ങനെയല്ല, പറയുമ്പോ എല്ലാം പറയണമല്ലോ" എന്നു പറഞ്ഞു.

"ഞാനിതൊന്നും പറയാറുള്ളതല്ല. പിന്നെ, രാജപ്പനാശാരി പറഞ്ഞതു കൊണ്ടാ വന്നത്." മാണിക്കം പറഞ്ഞു.

"എല്ലാം തെളിച്ചു പറയൂ..... നോക്കി വരയ്ക്കൂ"

ദേവകി വന്ന്  "ചായ കുടിക്കൂല്ലേ?" എന്നു ചോദിച്ചു.

"ഉവ്വ്. പാലു വേണ്ട. പഞ്ചാരയും വേണ്ട."

"അതിൻ്റെ പേരു ചായാന്നാ?" ദേവകി ചിരിച്ചു പോയി.

പെട്ടെന്ന് അയാളും ചിരിച്ചു. ചിരിച്ചപ്പോൾ സുന്ദരനായ ചെറുപ്പക്കാരനായി. "അതെ, അമ്മിണി, അതാണ് ചായ.പഞ്ചാരയിട്ടാ പിന്നത് പഞ്ചായ. പാലൊഴിച്ചാ പാലായ."

"ആശാരി ആളു നല്ല നാക്കാ...... ഇപ്പ വരാമേ" ദേവകി ചിരിച്ചു കൊണ്ട് അകത്തേക്കു പോയി.

"ആശാരി ഇവിടെ വടക്കേപ്പുറത്തെ അറയിൽ താമസിച്ചു കൊള്ളൂ.... കക്കൂസും മറ്റും പിന്നിലെ തൊടിയിലുണ്ട്. കുളിക്കാൻ ആ വശത്ത് ആറുണ്ട്.... എപ്പൊഴും വെള്ളമുള്ള ആറാ.." മീനാക്ഷി പറഞ്ഞു.

"വള്ളിയാറിനെപ്പറ്റി പറേണ്ടതൊണ്ടോ?" മാണിക്കം പറഞ്ഞു.

ഇശക്കിയമ്മ അയാളെ നോക്കിക്കൊണ്ടിരുന്നു. അയാൾ അവരെ നോക്കി പുഞ്ചിരിച്ചു. അവർ തിരിച്ചു പുഞ്ചിരിക്കാതെ കൂർന്നു നോക്കി.

"ഇതെൻ്റെ ചിറ്റയാ.... ഇവിടെത്തന്നെയാ" മീനാക്ഷി പറഞ്ഞു.

"ചിറ്റയാ?"

"അതെ, എൻ്റെ അമ്മേടെ അമ്മേടെ സ്വന്തത്തിൽ ഒരു മകളായിട്ടു വരും.... എൻ്റെയമ്മേടെ സഹോദരി. അടുത്ത സ്വന്തക്കാര്.അമ്പതു വർഷമായി ഇവടെ നമ്മുടെ കൂടെത്തന്നെയാ നിക്കിണത്." മീനാക്ഷി വിശദീകരിച്ചു.

"ഇവളുടെ അമ്മേടെ കല്യാണത്തിനാ ഞാൻ ആദ്യം ഇങ്ങു വന്നത്." ഇശക്കിയമ്മ പറഞ്ഞു. "നീ പടം വരയിണവനാ, ല്ലേ?"

"അതെ"

"നീ ഭഗവതിയെ കണ്ടിട്ടൊണ്ടോ?"

"ഇല്ല"

"പിന്നെങ്ങനെ വരയും?"

"ഭഗവതി നമ്മളെ കണ്ടിട്ടൊണ്ടല്ലോ?"

മീനാക്ഷി ചിരിക്കേ ഇശക്കിയമ്മ അവളെ ദേഷ്യത്തോടെ നോക്കി. പിന്നെ "ചോദിക്കിണതിനു മറുപടി തരൂല്ല" എന്നു പിറുപിറുത്തു.

ചായ കുടിച്ച ശേഷം ആശാരി തൻ്റെ സഞ്ചിയുമായി എഴുന്നേറ്റ് തനിക്കു തന്ന ചെറിയ മുറിയിലേക്കു പോയി.

"ആളു കൊറച്ച് വർത്താനം കൂടുതലാന്നാ തോന്നണത്. പത്തു ദിവസത്തെ ജോലി അമ്പതു ദിവസമാക്കി ഇരുന്നു തിന്നിട്ട് പൈസയും കൂട്ടിച്ചോദിക്കും." ശേഖരൻ പറഞ്ഞു.

"അങ്ങനെ ചോദിക്കിണ ആളല്ല." ദേവകി പറഞ്ഞു.

"അതിനു നീ അവനെ കൊറേ കണ്ടിട്ടൊണ്ടോ?"

"ഒരു നോക്കു കണ്ടാ മതി. ആളാരെന്നറിയും''

''ങ്ഹാ, നീ കണ്ടോ" ശേഖരൻ അകത്തേക്കു പോയി.

ഇശക്കിയമ്മ സമാധാനമില്ലാതെ ദേവകിയുടെ പിന്നാലെ ചെന്നു."എടീ ദേവകിയേ, അവൻ എങ്ങനാടീ ഭഗവതിയെ വരയുക?"

"ചായം വെച്ചു വരയും"

"അവന് ഭഗവതിയെ കണ്ടു പരിചയം ഉണ്ടോടീ?"

"നമ്മളെങ്ങനെയാ കോലമിടുന്നത്, അതേ മാതിരി വരയും''

"എന്നാല് അതു ഭഗവതിയല്ലേ?"

"ഭഗവതി അവൻ്റെ കൈയീന്നാ എണീറ്റു വരിക" മീനാക്ഷി പറഞ്ഞു.

"അവൻ്റെ കൈയീന്നോ?"

"കെളവിക്കു ചുമ്മാ കെടന്നൂടെ? നൂറു കൂട്ടം ജോലിയുണ്ട്." മീനാക്ഷി പറഞ്ഞു.

"ഒരു ചായ വെള്ളം ഇട്ട് അതിൻ്റെ കൈയ്യീ കൊടെടീ ദേവകീ...... കെടന്നു കാറുണു"

ഇശക്കിയമ്മ കോപിച്ചു പിൻവശത്തു ചെന്ന് അമ്മിക്കരികെ ചെന്നിരിപ്പായി.എന്നാൽ അവിടെ ഇരിക്കാനാവുന്നില്ല. കുറച്ചു നേരം കഴിഞ്ഞ് വീടു ചുറ്റി വന്ന് തെക്കേപ്പുരയിലെത്തി.അതിൻ്റെ അല്പം തുറന്ന വാതിൽ വിടവിലൂടെ അകത്തു ലൈറ്റിട്ടിരിക്കുന്നതു ചുവന്ന തൂണുപോലെ കണ്ടു.

അത് സമചതുരത്തിലുള്ള മുറി.അതിൻ്റെ അങ്ങേയറ്റത്തെ ചുമരിൽ ഭഗവതിയുടെ ചിത്രമുണ്ട്.ഇശക്കിയമ്മ അത് ആദ്യമായി കണ്ടപ്പോൾ ചെറിയ പെൺകുട്ടിയായിരുന്നു. ആ വീട്ടിലേക്കു കല്യാണത്തിനു വന്നതാണ്. മീനാക്ഷിയുടെ അമ്മയുടെ ചെറിയ അനിയത്തിയുടെ കല്യാണം. കല്യാണപ്പെണ്ണ് ഭഗവതിയെ തൊഴാൻ അവിടെ ചെന്നപ്പോൾ അവളും കൂടെ വന്നതാണ്.

അവൾ അപ്പോൾ ഉത്സാഹത്തോടെ തുള്ളിച്ചാടിക്കൊണ്ടിരുന്നു.പട്ടു തുന്നലുകളുള്ള പാവാട അവൾക്കു കിട്ടിയിരുന്നു. അതിനു മുന്നേ അവൾ പാവാട അണിഞ്ഞിട്ടേയില്ല. അവൾ ഇടക്കിടെ വീശിക്കറങ്ങി തന്നെ കുട പോലെ വിരിച്ചു കൊണ്ടിരുന്നു. "കുട്ടി പൂവായി വിരിഞ്ഞു പോട്ടെ" എന്ന് വലിയ മാമൻ അച്ചുതൻ പിള്ള പറഞ്ഞു. അവൾ നാണിച്ച് അമ്മയുടെ സാരിയിൽ പിടിച്ചൊളിച്ചു.

"നല്ല സുന്ദരിക്കുട്ടിയാ'' അച്ചുതൻ പിള്ള പറഞ്ഞു.

അവൾ അമ്മയുടെ സാരിക്കുള്ളിൽ നിന്നു പാളി നോക്കി "ചീട്ടിത്തുണികൊണ്ടാ പാവാട" എന്നു പറഞ്ഞു.

കല്യാണപ്പെണ്ണിനൊപ്പം മാമിയും ചന്തിരി അക്കയും ഉണ്ടായിരുന്നു. അപ്പോൾ ആ മുറിയിൽ കേശവൻ പോറ്റിയുമുണ്ടായിരുന്നു. അദ്ദേഹമാണ് പൂജ ചെയ്യുന്നത്. തറയിൽ വിരിച്ച പായിൽ പരത്തിയിരുന്ന പൂജാ സാധനങ്ങൾ അദ്ദേഹം അടുക്കി വെച്ചു കൊണ്ടിരുന്നു.അവർ അകത്തു വന്നതും അദ്ദേഹം നിവർന്നു നോക്കി.

ഒരിക്കൽ കൂടി നോക്കിയപ്പോഴാണ് അവൾ ചിത്രം കണ്ടത്.''അയ്യോ'' എന്നലറിക്കൊണ്ടു പുറത്തേക്കോടി.

"എന്തെടീ, എന്തു പറ്റി?" മാമൻ അവളുടെ കൈ പിടിച്ചു.

"അകത്ത് ഒരാള്..... ഒരാള് ചൊവരിൽ"

"ആളോ? എടീ വെളങ്ങാവായീ, അതു ഭഗവതിയാടീ!"

അതിൽ പിന്നെ അവൾ ഉള്ളിലേക്കെത്തി നോക്കിയതേയില്ല.അവർ തൊഴുതു വന്നതും ഉടനെ അവർക്കൊപ്പം ചേർന്നു. എന്നാൽ അവളുടെ ദേഹം വിറച്ചുകൊണ്ടിരുന്നു. കണ്ണുകളടച്ചാൽ ആ മുഖവും തറച്ച നോട്ടവും ചുവന്ന ചുണ്ടുകളും അരികിലെന്ന പോലെ കാണും. അവളാകെ രോമാഞ്ചം കൊണ്ടു.

പിന്നീട് പല വർഷങ്ങൾക്കു ശേഷം അവൾ തൻ്റെ ഭർത്താവിനോടൊപ്പം അവിടെ വന്നു. "ഭഗവതീടെ ആശീർവാദം വാങ്ങീട്ടു പോടീ" ന്ന് ചിറ്റ പറഞ്ഞിരുന്നു.

അവളുടെ ഭർത്താവ് നന്നേ മെലിഞ്ഞയാൾ.ചുമച്ചു കൊണ്ടേയിരുന്നു.കവിൾ ഒട്ടിയിരുന്നു. കണ്ണുകൾ രണ്ടു കുഴികളിൽ താണുപോയതുപോലെ കാണപ്പെട്ടു. അയാൾ "ശരി മാമി" എന്നു പറഞ്ഞു.

അന്ന് അകത്തുചെന്നു കുമ്പിട്ടപ്പോഴും അതേ രോമാഞ്ചം ഇശക്കിയമ്മക്കുണ്ടായി. ചുവരിൽ അവൾ അന്നു കണ്ട അതേ രൂപത്തിൽ ഭഗവതി ഒട്ടിനിന്നിരുന്നു. അതേ നോട്ടം, ചിരി.

"എന്താ പേടിക്കുന്നത്?" അയാൾ ചോദിച്ചു.

അവൾ തലയാട്ടി. ധൃതിയിൽ പുറത്തുവന്നു.

ആ വീട്ടിലേക്കു തന്നെ വന്നെത്തിച്ചേർന്നത് പിന്നീടാണ്. അവൾ ഭഗവതിയറക്കടുത്തേക്കേ വരാറില്ല.പല തവണ അവിടെ പൂജ നടന്നിട്ടുണ്ട്. പോറ്റി വരും. വാഴക്കുലകളും ചക്കയും മാമ്പഴവും നിവേദിക്കും. ശർക്കരപ്പൊങ്കലും മഞ്ഞൾപ്പൊങ്കലും തിരളിയും ഉണ്ടാവും. താമരമാല ഭഗവതിക്കു വിശേഷം.എന്നാൽ അറയ്ക്കുള്ളിൽ കർപ്പൂരം കത്തിക്കാറില്ല.മണിയൊച്ച കേൾക്കുമ്പോൾ ദീപാരാധനയാണ് എന്നറിഞ്ഞ് അവൾ തൊട്ടടുത്ത മുറിയിൽ നിന്നു തൊഴും.

ദേവകിയാണ് ഇപ്പോൾ നിത്യവും ഭഗവതിക്കു വിളക്കു കൊളുത്താറ്. ഒരു തവണ അവൾ ഇശക്കിയമ്മയെ വിളിച്ചു. അവൾ "അയ്യോ" എന്നു ഞെട്ടിപ്പിൻമാറി.

ഇശക്കിയമ്മ സാവകാശം നടന്നു വന്ന് വാതുക്കൽ നിന്ന് അകത്തേക്കു നോക്കി. അകത്ത് ആശാരി ഷർട്ട് അഴിച്ചിട്ട് നീലനിറമുള്ള മുണ്ടുടുത്തു നിന്ന് ഭഗവതിയെ നോക്കുകയായിരുന്നു. ഭഗവതി എവിടെ? അവൾ ഒന്നാഞ്ഞ് ചുവരിലേക്കു നോക്കി. അവിടെ ഭഗവതി ഇല്ല.

അവൾ അത്ഭുതത്തോടെ നന്നായി നോക്കി. ചുവരിൽ വെറും നിറങ്ങൾ മാത്രമേയുള്ളൂ. മണ്ണിൽ വീണടിഞ്ഞു മങ്ങിപ്പോയ പഴന്തുണി പോലെ. ഭഗവതി മാഞ്ഞു പോയിരുന്നു.

മാണിക്കം തിരിഞ്ഞു നോക്കി മുഖം തെളിഞ്ഞ് "ഏയ് കെളവി.... എന്താ നോക്കുന്നേ? വാ" എന്നു പറഞ്ഞു.

ഇശക്കിയമ്മ കടുപ്പിച്ചു ചോദിച്ചു, "എവിടെ ഭഗവതി?"

അയാൾ ചുവരു നോക്കിയിട്ട്, "ഭഗവതിയോ? അവള് ഈ ചുവരു വഴി അപ്പുറത്തോട്ടു പോയല്ലോ" എന്നു പറഞ്ഞു.

"അപ്പുറത്തോട്ടോ?"

"അപ്പുറത്ത് തോട്ടം. അതിനപ്പുറത്ത് ആറ്. അതിനും അപ്പുറത്ത് കാട്" മാണിക്കം പറഞ്ഞു. അവള് തോട്ടത്തിലോ ആറ്റിലോ കാട്ടിലോ ഉണ്ട്..... ഞാനവളെ ഇങ്ങു കൊണ്ടുവരും.''

"എങ്ങനെ?"

"ഇപ്പ നമ്മള് കിണറു കുഴിക്കൂല്ലേ, മണ്ണിനടീന്ന് വെള്ളം ഊറി വരൂല്ലേ?"

"ഉവ്വ് ''

"അതുമാതിരി തന്നെ"

"ഓ"

"നീ നോക്കിക്കൊണ്ടേ ഇരിയെടീ..... എങ്ങനാ വരുന്നതെന്നു കാണൂ''

''ഭഗവതിയെ എനിക്കു പേടിയാ"

"എന്തു ഭയം? ഞാനില്ലേ?"

അവൾ അയാളോടു കുറച്ചു നേരം സംസാരിച്ചുകൊണ്ടു നിന്നു. അയാളുടെ നാട്, വീട്, കുടുംബം എല്ലാം ചോദിച്ചറിഞ്ഞു. കാഞ്ചാൻവിളയിലാണ്. ഭാര്യ മരിച്ചു പോയി.ഭാര്യയുടെ അമ്മക്കൊപ്പമാണ് മകൾ.

"ൻ്റെ മോളും മരിച്ചു പോയതാ" ഇശക്കിയമ്മ പറഞ്ഞു.

"അതെയോ എപ്പം?"

"അപ്പഴാ എലേശൻ വന്നത്. തൊടക്കത്തെ എലേശൻ."തൊപ്പിയിട്ട വെളുത്ത സായിവ് നേശമണി നാടാരു കൂടി വന്നു."

"നേരോ?"

"അതെ, അയാളു തന്നെ."

"അപ്പ സംഭവം നടന്നിട്ട് ഒരമ്പതു വർഷമായിട്ടൊണ്ട്." അയാൾ പറഞ്ഞു.

"അതെ, ഒണ്ടാവും. എൻ്റാള് അതിനും മുന്നത്തെ വർഷം മരിച്ചു പോയി. സൂക്കേടായിരുന്നു. എൻ്റച്ഛൻ കോളറയിലാ പോയത്, അടുത്ത വരിഷം അമ്മ മരിച്ചു. എന്നെ കെട്ടിച്ചു കൊടുക്കാൻ ആരുമില്ല. സ്രീതനം കൊടുക്കാൻ പൈസയില്ലാത്തതിനാല് സൂക്കേടുകാരന് കെട്ടിവെച്ചു. മൂന്നു വരിഷത്തിനുള്ളില് അവര് മരിച്ചു. ൻ്റെ മോളക്ക് അപ്പം രണ്ടു വയസ്സ്..... തങ്കച്ചെപ്പുമാതിരി ഇരിക്കും കുട്ടി. നീലാംബാൾ ന്നു പേരും വെച്ചു...."

"എന്താ ദീനം?"

"നടപ്പു പനി.... ഒരു ദിവസം പനിച്ചു. പിറ്റേന്ന് അങ്ങു പോയി... എല്ലാം ൻ്റെ വിതി." ഇശക്കിയമ്മ പറഞ്ഞു. "ഞാൻ ൻ്റെ മോള് നീലാംബാളെ മനസ്സു നെറച്ച് നോക്കിട്ടില്ല. നല്ലോണം പിടിച്ചൊരുമ്മ കൊടുത്തിട്ടില്ല. ഏറെ കൊഞ്ചിച്ചാ മരിച്ചു പോകുമോന്നു പേടി.കൊഞ്ചിക്കാതെ തന്നെ പോയി."

"പിന്നെയാണോ ഇങ്ങു വന്നത്?"

"അതെ. കുട്ടി പോയപ്പൊ കിറുക്കി മാതിരി ആയി. നമ്മടെ ചിറ്റ ഇവിടേണ്ട്. എൻ്റെ കൂടെ വാടീന്ന് ഇങ്ങു വിളിച്ചോണ്ടുവന്നു.... അമ്പതു വരുഷമായി. ഇന്നാ കെടക്കിണു ചാവുന്നുമില്ല"

മാണിക്കം വരയ്ക്കാൻ വേണ്ട സാധനങ്ങൾ വാങ്ങി അവിടെ വെച്ചിരുന്നു. കുറെയേറെ അളുക്കുകൾ. ശീമയെണ്ണ പോലെ നാറ്റമടിക്കുന്ന ഒരു തരം എണ്ണ.ഒരു ചട്ടിയിൽ ചുണ്ണാമ്പു പൊടിയിട്ടു.അതിൽ നെയ്പോലെ എന്തോ ഇട്ട് നന്നായി കുഴച്ചു.അതു വെണ്ണ പോലായി.

അതു നുള്ളിനുളളിയെടുത്ത് അവൻ ആ ചുവരിൽ പൂശി. ഇശക്കിയമ്മ അവിടെ ചുവരിൽ ചാഞ്ഞ് കാൽ നീട്ടിയിരുന്ന് അയാൾ ചുവരിൽ വെള്ളപ്പശ പൂശുന്നത് നോക്കിക്കൊണ്ടിരുന്നു. അയാൾ അതു പൂശിക്കൊണ്ടേയിരുന്നു. എത്ര പൂശിയിട്ടും തൃപ്തി വരാത്തവനായി കാണപ്പെട്ടു.

ഇടക്ക് അയാളൊരു ബീഡി കൊളുത്തി.

"അയ്യോ ബീഡിയോ, ഇതു ഭഗവതീടെ അറയാ"

"ഭഗവതിക്ക് എൻ്റെ ബീഡി ഇഷ്ടമാ." അയാൾ പറഞ്ഞു. "അവളുതന്നെയാ പറഞ്ഞത്."

"ഒള്ളതാ?" ഇശക്കിയമ്മ ചോദിച്ചു.

ആ ചുവർ ഉലർന്ന് മുട്ടത്തോടു പോലെയായി.മൂന്നാം ദിവസം ഇശക്കിയമ്മ ആ അറയ്ക്കുള്ളിൽ വന്നപ്പോൾ അറ നല്ല വെളിച്ചമായിരിക്കുന്നു. ചുവരിൽ നിന്നു നിലാവെളിച്ചം വരുംപോലെ!

"ചുവരിൽ വെളിച്ചം ഉണ്ടോ?"കൂർന്നു നോക്കി ഇശക്കിയമ്മ ചോദിച്ചു.

"വെള്ളയെന്നാൽ വെളിച്ചം" അയാൾ പറഞ്ഞു. "നമ്മള് ബ്രഷു വെച്ച് എവിടെ വേണമെങ്കിലും വെളിച്ചം കൊണ്ടുവരും, കണ്ടില്ലേ?"

"ഒള്ളതാ?" അവർ ആശ്ചര്യപ്പെട്ടു.

"പിന്നെ? പാതിരാത്രി വാ, ഇരുട്ടിനു മേലേ ബ്രഷ് വച്ച് പെയിൻറടിച്ചു കാണിക്കാം. വെയിലായിട്ടു മാറും"

"ഒള്ളതാണോ മക്കാ?"

"പിന്നെ, മുമ്പൊരു തവണ ഒരു ആനയെ അങ്ങന്നെ വെളുപ്പിച്ചു വെളിച്ചമാക്കി മാറ്റിയതാ ഞാൻ "

"പിന്നെ?"

"അതപ്പടി മേഘമായി മാറി മാനത്തേക്കു കേറിപ്പോയി."

"അതെങ്ങനെ?"

"എന്തായിത് പൊട്ടത്തരം ചോദിക്കുന്നത്? മേഘം എങ്ങനെ തറയിൽ നിൽക്കും?"

"ശരിയാ" ഇശക്കിയമ്മ സമ്മതിച്ചു.

അവർ അയാൾക്ക് അടുക്കളയിൽ നിന്ന് പലഹാരങ്ങൾ കൊണ്ടുവന്നു കൊടുത്തു. അയാൾ അതു വാങ്ങിത്തിന്നു. ദേവകി, "എളയമ്മോ, ആശാരിയോടു മര്യാദകെട്ട് ഒന്നും പറയാൻ പാടൂല്ല, അരുൾ ഉള്ളവനാ" എന്നു പറഞ്ഞു.

"ഞാനെന്തോന്നു പറയാനാ? ഇന്നാ കെടക്കിണു, ചാകുന്നുമില്ല" ഇശക്കിയമ്മ പറഞ്ഞു.

നാലഞ്ചു നാളായിട്ടും അവൻ പണി തുടങ്ങിയിട്ടില്ല. അധികനേരവും തെക്കുപുരയ്ക്കപ്പുറമുള്ള ചെറിയ തിണ്ണയിൽ കുന്തിച്ചിരുന്നു ബീഡി വലിക്കുന്നുണ്ടാകും. ഒരു ദിവസത്തേക്കു നാലഞ്ചു കൂടു ബീഡി. അവൻ ഇരിക്കുന്നേടത്തിനു ചുറ്റും ബീഡിത്തുണ്ടുകൾ കുമിഞ്ഞു കിടന്നു.

അത് അടിച്ചുകൂട്ടുമ്പോൾ ദേവകി "എന്തിനാ ഇതു വലിച്ചു കേറ്റുന്നത്? ബീഡി വലിച്ചു വലിച്ച് നെഞ്ഞടഞ്ഞു പോവും" എന്നു പറഞ്ഞു.

അപ്പുറം ഇരുന്ന മാണിക്കം "ബീഡിയിലാ നമ്മുടെ ജീവൻ'' എന്നു പറഞ്ഞു.

" ബീഡി തീയാണെടേ"

"നമുക്ക് ഉള്ളിലും നല്ല തീയുണ്ട്, അമ്മിണിയേ"

"അതു നിന്നെ എരിക്കുമെടേ" ദേവകി വിട്ടില്ല.

"നമുക്ക് ചിത വേറെ വേണ്ട. ദേഹം തന്നെ ചിതയാ. ആത്മാവേ തീയ്. അതിലെരിഞ്ഞെരിഞ്ഞു ചാകണമെന്നാ വിധി."

"വർത്താനം മാത്രേ ഉള്ളൂ.... വന്നിട്ട് ഒരാഴ്ച്ചയായില്ലേ? ചായം തൊട്ട് ഒരു പുള്ളി വെച്ചിട്ടില്ല''

"അതു വരണ്ടേ? വരില്ലെന്നാ വര വളയ്ക്കാൻ കഴിയൂല്ല. വന്നാ നിറുത്താനും പറ്റൂല്ല."

"വന്നയൊടൻ ചുവരു വെള്ളയടിക്കിണതു കണ്ടപ്പോ ജോലി അടുത്ത ദിവസം തൊടങ്ങുമെന്നു തോന്നി."

"തൊടങ്ങാൻ തന്നെയാ വെള്ളയടിച്ചത്..... ചുവരു കണ്ടാൽ അയ്യോ വരയണമെന്നു തോന്നി."

"എങ്ങനെയാ നിനക്കു വര വരിക? ആദ്യം എന്തു വരയും?"

"അങ്ങനെയൊന്നും ഇല്ല. ആദ്യം ഇറ്റു ചായം നേരെ കണ്ണില് വെച്ചു വരയാറു കൂടിയുണ്ട്."

"ഭഗവതിയുടെ കണ്ണ് ആദ്യം വരുമോ?"

"ഇല്ല അമ്മിണി..... കണ്ണ് ആദ്യം വരയിണത് വെറും ചായമാ. എല്ലാം ചേർന്നു ഭഗവതിയാകിണത് ഏതോ ഒരിടത്തിൽ. അത് പറയാനാവൂല്ല. അതായിട്ടു നടക്കണം."

" നടക്കും നടക്കും, നീ കുളിച്ചു കൊറച്ചു വൃത്തിയായി ശുദ്ധമായി ഇരുന്നാ ഭഗവതി വരും..... ബീഡിയും പിടിച്ചിരുന്നാ മൂധേവിയാ വന്നു കയറുക"

"അതെന്തായാലും അങ്ങനെ തന്നെയാ.... വരഞ്ഞു തീർന്നാപ്പിന്നെ ഭഗവതി ഇവിടെ ഇരിക്കും. നമ്മടെ കൂടെ വരിണത് മൂധേവി തന്നെയാ. അവളാ എപ്പഴുമുള്ള തുണ.അവളെ വിടാനാവൂല്ല."

"എന്തെങ്കിലും ചെയ്യ്" എന്നു പറഞ്ഞു ദേവകി പോയി.

അയാൾ അധികനേരവും എവിടെങ്കിലും വെറുതെ നോക്കിയിരിക്കുന്നുണ്ടാവും. ഭക്ഷണം തീരെക്കുറവ്.ചോറ് കൈകൊണ്ടു ചിക്കിയിട്ടു പോകും. അത്ര തന്നെ.

"നീ എപ്പ വരയും?" ഇശക്കിയമ്മ അയാളോടു രഹസ്യമായി ചോദിച്ചു.

"നാളേക്ക്" അയാൾ രഹസ്യമായി മറുപടി കൊടുത്തു.

നാലഞ്ചു ദിവസം ഇശക്കിയമ്മ അതേ കാര്യം അയാളോടു ചോദിച്ചു, അയാൾ എപ്പോഴും നാളേക്ക് എന്നു തന്നെ മറുപടിയും പറഞ്ഞു. ഓരോ ദിവസവും അയാൾ ചായങ്ങൾ ചാലിച്ചു.ചെറിയ കുങ്കുമച്ചെപ്പുകളിൽ നിന്ന് ചുവപ്പ് നീല പച്ച മഞ്ഞ എന്നിങ്ങനെ എടുത്തു. അവ തമ്മിൽ ചേർത്തു ചാലിച്ചു.

"ഇതെന്താ കുങ്കുമമാ?"

"കുങ്കുമവും ആക്കാം''

ഇതെന്താ? ചീരച്ചട്ടിണി മാതിരിയുണ്ടല്ലോ?"

"വായിൽ വയ്ക്കാതെ. ഇത് പച്ചനെറമാ."

"വെഷമാ?" അവർ രഹസ്യമായി ചോദിച്ചു.

"അതെ'' അയാൾ രഹസ്യമായി പറഞ്ഞു.

"എന്തിനാ ഇട്ടു കലക്കുന്നത്? അവിയലിന് കൂട്ടു കലക്കിണ മാതിരി."

"നമ്മളുണ്ടാക്കിണത് ഒരു അവിയലുതന്നെ''

പെട്ടെന്നൊരു ദിവസം അയാൾ വരയാൻ ആരംഭിച്ചു. അപ്പോൾ ഇശക്കിയമ്മ ആ അറയിലുണ്ടായിരുന്നു. ഇശക്കിയമ്മയും അയാളും കൂടി വെറ്റില മുറുക്കുകയായിരുന്നു. അയാൾ വെറ്റില തുപ്പിയിട്ട് എഴുന്നേറ്റു ചെന്ന് ബ്രഷ് എടുത്തു നീലച്ചായത്തിൽ മുക്കി ചുവരിൽ കുടഞ്ഞു.

"ഏയ് ഏയ്, ചുവരു കേടാക്കി കളിക്കുന്നോ?"ഇശക്കിയമ്മ ചോദിച്ചു.

അയാൾ അത് വലിച്ചു വളച്ച് എന്തോ ചെയ്യാൻ തുടങ്ങി.അവർ അയാളെ നോക്കിക്കൊണ്ടിരുന്നു.എന്താണു ചെയ്യുന്നതെന്നറിയുന്നില്ല.

"എന്താ ചെയ്യുന്ന് ആശാരി?"

"ചുമ്മാ നോക്കിയിരി..... ചെലമ്പാതെ"

ഇശക്കിയമ്മ ക്ഷീണത്തോടെ മുറിയിൽ നിന്നു പോയി കുറച്ചു നേരം കഴിഞ്ഞു തിരിച്ചു വന്നു. അയാൾ കതകടച്ചിരുന്നു.

"ഏയ് ആശാരി.... ഏയ് മാണിക്കം" അവർ കതകിനു തട്ടി. അയാൾ തുറക്കുന്നില്ല.

"കെളവി അവിടെ എന്താ ചെയ്യുന്ന്? അയാളിപ്പോ വരയാൻ തൊടങ്ങീതേയുള്ളൂ. അതു നശിപ്പിക്കല്ലേ" ദേവകി പറഞ്ഞു.

വരയുകയാണോ? എങ്ങനെയാ വരയുന്നത്? ഇശക്കിയമ്മക്ക് സ്വസ്ഥമായിരിക്കാൻ പറ്റുന്നില്ല.അവർ അങ്ങുമിങ്ങും നടന്നു.എന്നാൽ ആശാരി കതകു തുറക്കുന്നില്ല. സന്ധ്യക്ക് അയാൾ പുറത്തു വന്നപ്പോഴും കതകു പൂട്ടി ചാവി ഇടുപ്പിൽ തിരുകിയിരുന്നു.

"ഏയ് ഏയ്, എങ്ങനെയാ വരയിണത്?"

"ഭഗവതി നമ്മടെ കയ്യില് വന്നില്ലേ?"

"ചുവരിൽ നിന്ന് എണീറ്റാ വന്നേ?" അവർ രഹസ്യമായി ചോദിച്ചു.

"അതെ" അയാൾ രഹസ്യമായി പറഞ്ഞു.

"നീ കൊറച്ച് തള്ളി നില്ല് മക്കാ... ഉഗ്രതയുള്ള ദേവിയാ"

അയാൾ ഇശക്കിയമ്മക്ക് ചിത്രം കാട്ടുന്നേയില്ല. അവരാരും നോക്കുന്നില്ല. പകൽ മാത്രമല്ല രാത്രിയിലും വിളക്കത്ത് വരച്ചുകൊണ്ടിരുന്നു അയാൾ. ഊണ്, ചായ എല്ലാം കൊണ്ടുവന്ന് പുറത്തു വെച്ചു പോകണം. അയാൾ ആരോടും സംസാരിക്കുന്നില്ല. ബീഡിവലി പോലും നിർത്തി. കണ്ണുകളിൽ ഒരു ശൂന്യഭാവം വന്നു.

പോറ്റി വന്നു നോക്കിയിട്ട്  "അരുള് വന്നല്ലോ. ഇനി ആളെ പിളർന്നു പുറത്തു വരണം" എന്നു പറഞ്ഞു.

പന്ത്രണ്ടു ദിവസമെടുത്തു വരഞ്ഞു തീർക്കാൻ. ഓരോ ദിവസവും ഇശക്കിയമ്മ ചെന്ന് അയാളെ നോക്കിക്കൊണ്ടിരുന്നു. രഹസ്യമായി "ഭഗവതി വന്നോ" എന്നു ചോദിച്ചു.

അയാൾ രഹസ്യമായി "വന്നോണ്ടിരിക്കുന്നു'' എന്നു പറഞ്ഞു.

അവർ പിന്നെയും രഹസ്യമായി "നല്ല വേഗത്തിലാ?" എന്നു ചോദിച്ചു.

അയാൾ അതീവ രഹസ്യമായി പറഞ്ഞു, "തീയല്ലേ"

അവർ നെടുവീർപ്പിട്ടു.

പന്ത്രണ്ടാം ദിവസം രാവിലെ ശേഖരൻ വീട്ടിലുണ്ടായിരുന്നു.ദേവകി പടിയിലിരുന്ന് മുരിങ്ങയില ഊരുകയായിരുന്നു. മീനാക്ഷി അപ്പുറത്ത് പാത്രം തേച്ചു കൊണ്ടിരുന്നു.മാണിക്കം പെട്ടെന്നു കതകു തുറന്നു പുറത്തുവന്നു. ഉറച്ച ശബ്ദത്തിൽ, "വരൂ വന്നു നോക്കൂ...... ഭഗവതി വന്ന് നിൽക്കുന്നു" എന്നു പറഞ്ഞു.

അയാളുടെ ശബ്ദവും ഭാവവും എല്ലാവരിലും ഒരു നടുക്കമുണ്ടാക്കി. ആരും എഴുന്നേൽക്കുന്നില്ല. ദേവകി മെല്ലെ "പോയി നോക്കാം'' എന്നു പറഞ്ഞു.

മാണിക്കം ഉറക്കെ ചിരിച്ചു. "വന്നു നോക്കൂ... അതാ നിൽക്കിണു. ത്രയംബക, ശിവ, ത്രിശൂലി, ശ്രീദേവി, മഹാകാളി, പരാശക്തി"

ശേഖരൻ "ഞാൻ പിന്നെ നോക്കാം" എന്ന് ഒതുങ്ങി.

ദേവകി എഴുന്നേറ്റു."ഞാൻ നോക്കട്ടെ"

"വരൂ വരൂ വരൂ!" അവളെ വിളിച്ച് അയാൾ ചിരിച്ചുകൊണ്ടു പോയി.ശേഖരൻ പരുങ്ങലോടെ എഴുന്നേറ്റ് അവളുടെ പിന്നാലെ നടന്നു.കൈ തുടച്ചു കൊണ്ട് മീനാക്ഷിയും ചെന്നു. ഇശക്കിയമ്മ അവരെ നോക്കിക്കൊണ്ടിരുന്നു. അവളുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു.

അകത്തു ചെന്ന ദേവകി "എൻ്റെ ഭഗവതിയേ! ദേവീ മഹാമായേ!" എന്നു കൂവി.മീനാക്ഷി "അമ്മേ നാരായണീ" എന്നു വിളിച്ചു.ദേവകി കരയും പോലെ ശബ്ദമുണ്ടാക്കി.ഇശക്കിയമ്മ ആ വാതിൽ നോക്കിക്കൊണ്ടിരുന്നു.

ഏറെ നേരം കഴിഞ്ഞു മീനാക്ഷി സാരിത്തലപ്പു കൊണ്ടു കണ്ണുകൾ തുടച്ച് പുറത്തുവന്നു. പിന്നാലെ ദേവകിയും.അവളും കരയുന്നുണ്ടായിരുന്നു. ശേഖരനും മാണിക്കവും സംസാരിച്ചുകൊണ്ടു വന്നു.

"എന്തൊരു ദൈവിക തേജസ്സ്! .... എഴുന്നേറ്റു കൺമുന്നിൽ വന്നു നിന്ന പോലുണ്ട്" ശേഖരൻ പറഞ്ഞു.

"എഴുന്നേറ്റു വന്നതാ. നമ്മള് വെറും കരു"

"അതെങ്ങനെ, കല നിൻ്റെ കയ്യിലല്ലേ?"

"ചായമിരിക്കുന്നതു ബ്രഷിൽ... അപ്പൊ ഈ പടം വരഞ്ഞതും ബ്രഷ് ന്നു പറയാമോ?"

"അതെങ്ങനെ? അതിരിക്കുന്നത് നിൻ്റെ കയ്യിലല്ലേ?"

"അതേ മാതിരി ഞാനിരിക്കുന്നത് വേറെ ഒരു ശക്തീടെ കയ്യിലാ."

"അപ്പ ആ ശക്തിക്ക് കാശു കൊടുത്താൽ മതി, അല്ലേ?"

"മതി ...... എന്നാല് അതിനു കൈ നിറയുന്നത്ര കൊടുക്കണം. നിന്നെക്കൊണ്ടു കഴിയുമോ?"

"അയ്യോ" എന്നായി ശേഖരൻ.

അവർ സംസാരിച്ചുകൊണ്ടു പുറത്തുവന്നു. മാണിക്കം ഇശക്കിയമ്മയെ നോക്കി.

"ഏയ് കിളവി, കാണണമെന്നു തോന്നണില്ലേ? പോയി നോക്കൂ."

ഇശക്കിയമ്മ വേറെങ്ങോ മുഖം തിരിച്ചു.

"ആദ്യം വിളിക്കാത്തതിൻ്റെ കോപമാ?" മാണിക്കം അവൾക്കരികേ വന്ന് മുടിക്കെട്ടിനു പിടിച്ചു. "എണീക്കെടീ ചേവക്കോഴീ.... " വാ വന്നു നോക്ക്."

അവർ അയാളുടെ കയ്യ് തട്ടി മാറ്റി. എണീറ്റ് കൂന്ന ശരീരം തള്ളി കൈകൾ വീശി അകത്തേക്കു പോയി.

"എന്തു പറ്റി അവൾക്ക്?"

"അത് എപ്പഴും അങ്ങനാ. കെളവീടെ മനസ്സു പോകിണ പോക്ക് കാണാനാവൂല്ല. ഒരഞ്ചു വയസ്സൊള്ള കുട്ടീടെ മനസ്സാ." ശേഖരൻ പറഞ്ഞു. പിന്നെ മുഖം മാറി, "ശരി, ഞാൻ പറയിണു.ഇതിനൊരു വില ഇടാൻ ഞാനാളല്ല.ഞാൻ എന്തു തരണമെന്ന് അറിഞ്ഞു നീ പറയൂ. നിൻ്റെ കാൽക്കൽ വെച്ചു കുമ്പിടാം"

"അറിഞ്ഞ് എന്തു തന്നാലും ശരി ... "

"അങ്ങനെ പറഞ്ഞാ ....."

"ശരി, രാജപ്പനാശാരിയോടു ചോദിക്കട്ടെ"

"അതു നല്ലതാ" ശേഖരൻ പറഞ്ഞു. "ഞാൻ പോയി പോറ്റിയെ വിളിച്ചിട്ടു വരാം" അയാൾ ഇറങ്ങി ഓടി.

മാണിക്കം തിണ്ണയിലിരുന്ന് ഒരു ബീഡി കൊളുത്തുന്നത് ഇശക്കിയമ്മ ഉളളിൽനിന്നു കണ്ടു. അവൾക്കു നിൽക്കാനാവുന്നില്ല. ജനൽക്കമ്പി മുറുക്കിപ്പിടിച്ചു. വെള്ളം കുടിക്കണമെന്നു തോന്നി. എവിടെയെങ്കിലും പോയി ചുരുണ്ടു കിടക്കണമെന്നു തോന്നി. 

ഇശക്കിയമ്മക്കറിയാവുന്ന മാണിക്കം ആശാരിയായി അയാൾ വീണ്ടും മാറിക്കഴിഞ്ഞിരുന്നു.മുതുകു കണ്ടപ്പൊഴേ അതു മനസ്സിലായി. മുമ്പ് അയാളുടെ മുതുക് അയാൾ വേറേതോ ആളാണെന്നു തോന്നിച്ചിരുന്നു. അതെങ്ങനെ ഒരാൾക്കു മറ്റൊരാളായി മാറാൻ കഴിയും? ഒരുവേള അയാൾ വേറെ ആളാണെന്നു വരുമോ?

അവർ വീടിൻ്റെ പിന്നാമ്പുറത്തേക്കു ചെന്നു. "ചിറ്റേ, ചായ കുടിക്കണ്ടേ?" മീനാക്ഷി ചോദിച്ചു.

"ഓ മക്കളേ, ഇമ്പിടു വെള്ളം എടൂ"

"എന്തൊരു വരയാ. കണ്ണിൽ നിക്കിണത് ആ ചിരി. ഹൗ, രോമാഞ്ചം വരിണു" ദേവകി പറഞ്ഞു.

ഒരിറക്കു ചായ കുടിച്ചപ്പോൾ അവർക്കാശ്വാസമായി.വെറ്റിലച്ചുരുളൊന്നു വായിലിട്ടപ്പോൾ ഉടൽ മെല്ലെ അടങ്ങി.ചവയ്ക്കുന്തോറും പഴയ നിലയിലായി. എഴുന്നേറ്റു പിൻവശം ചുറ്റി തെക്കുപുരയിലെത്തി.കതകിനരികിൽ കുറച്ചു നേരം നിന്നു. ഉള്ളിൽ ആരോ ഇരിക്കുന്നുണ്ടെന്നു തോന്നി. മെല്ലെ "ആരാ?" എന്നു ചോദിച്ചു.

അകത്ത് മറുപടി ഇല്ല.

"ഉള്ളിലാരാ?" വീണ്ടും ചോദിച്ചു.

അതിനും മറുപടിയില്ല.എന്നാൽ ഉള്ളിലുള്ള ആൾ ശാന്തമായി തൻ്റെ ശബ്ദത്തിനു കാതോർക്കുന്നത് ഇശക്കിയമ്മ അറിഞ്ഞു.

"ആരാന്നാ ചോദിച്ചത് "

അല്പനേരം കഴിഞ്ഞ് അവൾ കതക് വളരെ പതുക്കെ തുറന്ന് അകത്തു ചെന്നു. ഉള്ളിൽ നേരിയ വെളിച്ചമേയുള്ളൂ. അവൾക്കെതിരേ ഭഗവതി നിന്നിരുന്നു.

"ഭഗവതിയേ'' ഇശക്കിയമ്മ വിളിച്ചു.

ഭഗവതി പുഞ്ചിരിച്ചു.

"ഞാൻ കുഞ്ഞായിരുന്നപ്പ കണ്ടിട്ടൊണ്ട് " ഇശക്കിയമ്മ പറഞ്ഞു.

ഭഗവതിയുടെ കണ്ണുകൾ ഇളകി. മുഖം കനിവുള്ളതായി. "നന്നായി ഇരിക്കുന്നില്ലേടീ?"
എന്നു ചോദിച്ചു.

"ഉവ്വ് ..... ഓർമ്മയുണ്ടോ പഴയ ഇശക്കിയമ്മയെ?"

"പിന്നെ ഓർമ്മയില്ലാതിരിക്കുമോ? ഞാൻ കണ്ടിട്ടുള്ളതല്ലേ" ഭഗവതി പറഞ്ഞു.

ഇശക്കിയമ്മയുടെ മുഖം വിടർന്നു. "അപ്പ ഞാൻ പൂവായിട്ടല്ലേ ഇരുന്നത് ..... നെറഞ്ഞു ചിരിച്ച് " അവൾ പറഞ്ഞു.

"അതെ, അതൊരു കാലമെടീ ഇശക്കിയമ്മേ" ഭഗവതി പറഞ്ഞു.

അവൾക്കു സങ്കടം വന്ന് നെഞ്ഞടയും പോലെ തോന്നി. നെടുവീർപ്പിട്ടു കൊണ്ട് ഭഗവതിയുടെ അരികിലേക്കു ചെന്നു. "എന്തൊരിരിപ്പ്! ഇതാ ഇപ്പം പിറന്നു വന്ന മാതിരി."

"ഇപ്പ വന്നതേയുള്ളൂ." ഭഗവതി പറഞ്ഞു.

"ഞാൻ മാത്രം ഇങ്ങനെ കോലം കെട്ടുപോയല്ലോ" ഇശക്കിയമ്മ പറഞ്ഞു.

"നീ മനുഷ്യ ജന്മമാണ്"

"അതെ" ഇശക്കിയമ്മ വീണ്ടും നെടുവീർപ്പിട്ടു. "ൻ്റെ ജീവിതം മാത്രം എന്തെടീ ഇങ്ങനെയായത് ഭഗവതിയേ?"

"അതു വിധിയാണ്. ഞാൻ എന്തു ചെയ്യാൻ?" ഭഗവതി പറഞ്ഞു.

"അതെ, നീയും പെണ്ണാണല്ലോ ...... നമ്മളു പറഞ്ഞാ ആരു കേൾക്കും?" ഇശക്കിയമ്മ ചോദിച്ചു.

പുറത്തു ശബ്ദം കേട്ടു. പോറ്റി ഉറക്കെ പറയുന്നു. "വരഞ്ഞു തീർന്നെന്നു ശേഖരൻ പറഞ്ഞു. ഭഗവതിയങ്ങനെ എണീറ്റു നിൽക്കുകയാ എന്നു പറഞ്ഞു...... ആശാരിയേ, നീ ഗജകില്ലാടി തന്നെ. അത് അന്നു കണ്ടപ്പൊഴേ എനിക്കു തോന്നി, കേട്ടോ?"

"എന്തു വരഞ്ഞെന്നാ? എല്ലാം വെറും കണക്ക്. ചായങ്ങളുടെ കണക്കാണ് പോറ്റിയേ ..." മാണിക്കം പറഞ്ഞു.

"ഏയ്, വന്നു കാണിക്കൂ" പോറ്റി വിളിച്ചു.

"പോയി നോക്കൂ. പോറ്റിയല്ലേ ഇനി പൂജചെയ്യാൻ പോകിണത് "

"വരഞ്ഞതു നീയല്ലേ? നിൻ്റെ പടമല്ലേ?"

"ആ മയിരിനും എനിക്കും ഇനി ഒരു ബന്ധവുമില്ല"

"ഓ, വന്നു. മൂധേവി വന്നു നാക്കേൽ കേറി.... ഇനി പോയി മൂക്കുമുട്ടെ കുടിച്ച് നാലാളോട് അടിയും വാങ്ങി റോട്ടിൽ വീണു കിടന്നാലേ അടങ്ങൂ."

"നീ പോടോ പന്നക്കഴുത ബ്രാമ്മണാ..."

ശേഖരൻ "ഡോ" എന്ന് എന്തോ പറയാൻ തുടങ്ങിയതും പോറ്റി അയാളെ പിടിച്ചു തള്ളി അകത്തു വന്നു.

"അവൻ്റെ വിധിയാ അത്. എളയവള് എറങ്ങിയാൽ പിന്നെ മൂത്തവളാ അവിടെ. അതു വിടൂ" എന്നു പറഞ്ഞ് അവർ ചിത്രം നോക്കി.

"പൊന്നു ഭഗവതിയേ" എന്നു കൈകൂപ്പി. തലക്കു മേൽ കയ്യുയർത്തി തൊഴുത്  "അമ്മേ, മഹാമായേ, ദേവീ" എന്നു വിളിച്ചു. ശബ്ദം ഞരങ്ങി : "ദേവീ, കാത്തരുളണമേ, അമ്മേ!"

ഇശക്കിയമ്മ പുറത്തു കടന്ന് മാണിക്കം ആശാരിയുടെ നേർക്ക് ആടിയാടിക്കൊണ്ടു നടന്നു വന്നു. മുന്നോട്ടാഞ്ഞു വീഴാൻ പോകും പോലെയുണ്ട്.

"എന്താ കെളവി?" മാണിക്കം മുറ്റത്ത് കാറിത്തുപ്പിയ ശേഷം ബീഡി ആഞ്ഞു വലിച്ച് "പോ പോ" എന്നു പറഞ്ഞു.

"മക്കാ" ഇശക്കിയമ്മ വിളിച്ചു.

"ആരാടീ നിൻ്റെ മക്കാ? പരട്ടക്കെളവി, പോകുന്നോ അടി വാങ്ങിക്കുന്നോ?" മാണിക്കം തട്ടിക്കേറി.

ഇശക്കിയമ്മ യാചിക്കും പോലെ കൈ വിരിച്ച് കണ്ണീരോടെ പറഞ്ഞു. "മക്കാ, ൻ്റെ രാശാ, ൻ്റെ ചെല്ലക്കുട്ടീനെ എനിക്കു വരച്ചു തര്വോ....... ൻ്റെ കുട്ടി നീലാംബാളെ ൻ്റെ കയ്യില് വെച്ചു തര്വോ.... ദയ കാട്ടണേ ൻ്റെ പെരുമാളേ"

ശേഖരൻ ഉള്ളിൽ നിന്നു വന്ന്  ''ഏയ് കെളവി അകത്തു പോ.... ദേവകീ, ഇവളെ അകത്തേക്കു വിളി....." എന്നു പറഞ്ഞു.

ഇശക്കിയമ്മ "ൻ്റെ മക്കാ.... ൻ്റെ നീലാംബാളെ കൊണ്ടെത്തരൂ" എന്നു കൈ നീട്ടിക്കരഞ്ഞു.

"അമ്മച്ചീ, അവര് നിൻ്റെ മകളെ എവിടെയാ കണ്ടിട്ടുള്ളത്? അവര് എങ്ങനെ വരയും? പറഞ്ഞാ മനസ്സിലാവണം.... അകത്തു പോ" പോറ്റി പറഞ്ഞു.

മാണിക്കം എഴുന്നേറ്റ് കിഴിഞ്ഞു പോയ മുണ്ട് കയറ്റിയുടുത്തു.  "ഞാൻ കൊണ്ടുവന്നു നിർത്തും കെളവീ നിൻ്റെ നീലാംബാളെ.... നിൻ്റെ കൈയ്യില് തരും. കാലൻ വന്നാലും ശരി, ആ തായോളി ബ്രഹ്മാവ് വന്നാലും ശരി.... ഞാൻ വര വളച്ചു കൊണ്ടുതരും നിൻ്റെ മകളെ"

"മാണിക്കം, ഹേയ്" പോറ്റി വിളിച്ചു.

"പോവിൻ അങ്ങോട്ട് " മാണിക്കം പറഞ്ഞു. പിന്നെ ഇശക്കിയമ്മയോട്  "ഞാൻ തരാംടീ നിൻ്റെ മകളെ.... എൻ്റെ ചെല്ലമേ.... ൻ്റെ പൊന്നു മകളേ! ൻ്റെ മുത്തേ" എന്നു പറഞ്ഞു.ഇരു കൈകളും വിരിച്ച് ഇശക്കിയമ്മയെ ചേർത്തു പിടിച്ച് നെഞ്ചോടണച്ചു.