ആഴക്കിഴങ്ങിൽ
പൂർണ്ണത കുറിക്കുന്ന
സൂര്യരശ്മികൾ
പി.രാമൻ
മഹാകവി വൈലോപ്പിള്ളിയുടെ ഇഷ്ടകവിയും സുഹൃത്തും എന്ന നിലയിലാണ് സി. എ. ജോസഫ് എന്ന കവിയെ പലപ്പോഴും അടയാളപ്പെടുത്തിക്കണ്ടിട്ടുള്ളത്. സി. എ. ജോസഫിൻ്റെ കവിതക്ക് വൈലോപ്പിള്ളി എഴുതിയ അവതാരികയെക്കുറിച്ചും പലരും ഇപ്പോഴും പരാമർശിക്കാറുണ്ട്. എന്നാൽ അതിലുപരി മലയാള കവിതയിൽ ഈ കവിയുടെ ഇടമെന്ത് എന്ന അന്വേഷണം കാര്യമായി മുന്നോട്ടു പോയിട്ടില്ല. സി. എ. ജോസഫിൻ്റേതു മാത്രമല്ല, പേരും പെരുമയും കിട്ടിയ ചിലരുടേതൊഴിച്ച് മറ്റൊട്ടേറെ കവികളുടെ കാര്യത്തിൽ നാമീ ഉദാസീനത കാണിച്ചിട്ടുണ്ട്. ഏതാനും ചില വലിയ കവികൾ മാത്രമിരുന്ന് എഴുതിയുണ്ടാക്കിയതല്ല മലയാളത്തിൻ്റെ കാവ്യഭാവുകത്വവും ഭാഷയും. നമ്മുടെ കാവ്യചരിത്രം തന്നെ സർവതലസ്പർശിയായ ഒരു പൊതുമണ്ഡലമായി കവിത വികസിച്ചതിൻ്റെ ചരിത്രമാണ്. ഈ വികാസചരിത്രത്തിൽ തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ട ഒരു പേരാണ് സി.എ. ജോസഫ് എന്നത്. മുമ്പില്ലാത്ത ചിലത് മലയാളകവിതയിൽ ആവിഷ്ക്കരിക്കാൻ ഈ കവിക്കു കഴിഞ്ഞു. വായിക്കുന്ന പക്ഷം ഇന്നത്തെ കവിയെയും സ്വാധീനിക്കാൻ പോന്നതാണ് ആ കവിതകളിൽ പലതും. വ്യക്തിപരമായി പറഞ്ഞാൽ, എന്നെ ഏറെ സ്വാധീനിച്ച കവിതയാണ് സി.എ.ജോസഫിൻ്റേത്. അങ്ങനെ സ്വാധീനിക്കാൻ എന്താണ് അദ്ദേഹത്തിൻ്റെ കവിതയിൽ സവിശേഷമായി ഉള്ളത് എന്നു മാത്രം പരിശോധിക്കുന്ന ഒരു ചെറിയ കുറിപ്പാണ് ഈ ലേഖനം.
സി. എ ജോസഫും കെ.സി.ഫ്രാൻസിസും ഏതാണ്ട് ഒരേ കാലത്ത് എഴുതിപ്പോന്ന രണ്ടു കവികളാണ്. രണ്ടു പേരും തൃശൂരുകാർ. സി. എ. ജോസഫ് പക്ഷേ,ജോലിയുമായി ബന്ധപ്പെട്ട് ഏറെക്കാലം തമിഴ്നാട്ടിലായിരുന്നു ജീവിച്ചത്. ഒരു കാലത്ത് ഹൈന്ദവമത പ്രമേയങ്ങളായിരുന്നു നമ്മുടെ കവിതയിൽ നിറഞ്ഞുനിന്നത്. അഹൈന്ദവപ്രമേയങ്ങൾ കവിത എന്ന മാധ്യമത്തിന് പരിചിതമാക്കിയവരിൽ പ്രധാനികളാണ് ഈ രണ്ടു കവികളും. കേരളീയ ക്രൈസ്തവ ജീവിതാന്തരീക്ഷം ഇവർ കവിതകളിൽ ആവിഷ്ക്കരിച്ചു. നിത്യജീവിതാനുഭവങ്ങളിലാണ് കെ.സി. ഫ്രാൻസിസ് കവിതകളുടെ ഊന്നലെങ്കിൽ ആന്തരജീവിതത്തിനും ആത്മീയമായ ഔന്നത്യത്തിനുമാണ് സി. എ.ജോസഫ് പ്രാധാന്യം നൽകിയത്. രാത്രിയിലെ ആരാധകൻ എന്ന കവിതയാണ് ഈ സന്ദർഭത്തിൽ പെട്ടെന്ന് ഓർമ്മയിലേക്കു വരുന്നത്. പാതിരാ പിന്നിട്ട നേരത്ത് അൾത്താരക്കു മുന്നിൽ വന്നു പ്രാർത്ഥിക്കാൻ ശ്രമിക്കുന്ന ഒരാളാണ് ഈ കവിതയിലെ സന്തപ്തനും നിശാബാധിതനുമായ ആഖ്യാതാവ്. ആ അസമയത്ത് ആരാധനാലയത്തിൽ വന്നു പ്രാർത്ഥിക്കാൻ ആഗ്രഹിക്കണമെങ്കിൽ അയാളുടെ മനസ്സ് അത്രമേൽ കലങ്ങി മറിഞ്ഞതായിരിക്കണം. എന്തായാലും, പ്രാർത്ഥിക്കാനാവാതെ, കൃസ്തുരൂപമുള്ളിൽ തെളിയാതെ, ആ മനുഷ്യൻ ശൂന്യോന്മുഖമായ ഒരു മയക്കത്തിൽ വീണുപോവുകയാണ്. ആത്മീയമായ പ്രതിസന്ധിയെ നേരിടുന്ന മനുഷ്യനെ ആവിഷ്കരിക്കാൻ ശ്രമിച്ചു എന്നതാണ് ഈ കവിതയുടെ അപൂർവ്വത - സാമാന്യമായി പറഞ്ഞാൽ സി. എ. ജോസഫിൻ്റെ കവിതയുടെ തന്നെ സവിശേഷത. ആത്മീയമായ പ്രതിസന്ധികൾ നേരിടുന്ന ജീവിതസന്ദർഭങ്ങളിലെല്ലാം ഈ കവിത മനസ്സിലേക്കു വരും.
സി. എ. ജോസഫിൻ്റെ കവിതയെക്കുറിച്ചോർക്കുമ്പോഴെല്ലാം എൻ്റെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന ഒരു ചെറിയ കവിതയുണ്ട്. നക്ഷത്രങ്ങളല്ലല്ലോ എന്നാണ് അതിൻ്റെ പേര്. കവിതയുടെ ആദ്യവരി തന്നെ പേര്. ഇദ്ദേഹത്തിൻ്റെ കവിതകളുടെ പേരിലെല്ലാം ഇതുപോലുള്ള ലാളിത്യവും ഋജുത്വവും കാണാനാകും. വെള്ളനിറത്തെക്കുറിച്ചുള്ള കവിതയുടെ പേര് നിറങ്ങളുടെ അമ്മ. വവ്വാലിനെക്കുറിച്ചുള്ള കവിതയുടെ പേര് തേൻകനിയിങ്കൽ ഞാനെത്തും. നക്ഷത്രങ്ങളല്ലല്ലോ എന്ന കവിത ഇവിടെ ഉദ്ധരിക്കാം:
നക്ഷത്രങ്ങളല്ലല്ലോ
കേരളകവികൾ, ഈ
കൊച്ചു ലോകത്തിലവർ
കൂട്ടിമുട്ടുന്നൂ വേഗം
കൂട്ടിമുട്ടാതേ, താനേ
വെളിച്ചം തൂവിത്തൂവി
കൃത്യമാർഗ്ഗത്തിൽ കൂടി
പോവുകെൻ കവിതേ നീ
സി. എ. ജോസഫ് ഈ കവിത എഴുതിയ കാലത്തേക്കാൾ കവികളുടെ എണ്ണം വളരെയധികം വർദ്ധിച്ചിരിക്കുന്നു ഇന്ന്. അതിനാൽതന്നെ, കാവ്യകലയോടുള്ള ഈ പ്രാർത്ഥനക്ക് അന്നത്തേക്കാൾ പ്രസക്തി ഇന്നുണ്ട്. ഇന്നെഴുതുന്ന എൻ്റെ കൂടി പ്രാർത്ഥനയായി ഈ കവിത മാറുന്നു. കേരളത്തിൽ കഴിയുന്ന മലയാളിയുടേത് ഇത്തിരിപ്പോന്ന ജീവിതമാണെന്ന യാഥാർത്ഥ്യം കവി നമ്മെ ഓർമ്മപ്പെടുത്തുന്നു. തൻ്റേതായ കവിത എഴുതുക എന്നത് കേരളം പോലെ ഒരിടുങ്ങിയ സ്ഥലത്ത് എത്രമാത്രം പ്രയാസമാണെന്ന് ഈ കവിത ചൂണ്ടിക്കാട്ടുന്നു. ഈ ഇടുക്കം മലയാളിയുടെ മനോഭാവത്തിൻ്റേതു കൂടിയാണ്. അതു മറികടന്ന് ധൈഷണികമായ വിശാല ലോകത്തെ അഭിമുഖീകരിക്കാൻ കഴിഞ്ഞു എന്നതാണ് സി. എ. ജോസഫിൻ്റെ കവിതയുടെ മെച്ചം. ഇംഗ്ലീഷ് സാഹിത്യത്തിലും ലോകചരിത്രത്തിലും തത്വചിന്തയിലും തിയോളജിയിലുമുള്ള താല്പര്യം, കേരളത്തിനു പുറത്തെ താമസം എന്നിവയാകാം കാഴ്ച്ചപ്പാടിലെ ഈ വ്യത്യാസത്തിന് അദ്ദേഹത്തെ പ്രാപ്തനാക്കിയത്.
ഈ കവിയുടെ കാവ്യലോകത്തിൻ്റെ കൊടിയടയാളം എന്നു വിശേഷിപ്പിക്കാവുന്ന കവിതയാണ് നിറങ്ങളുടെ അമ്മ. മറ്റു നിറങ്ങൾ ധാരാളികളാകാം. എന്നാൽ അത്യത്ഭുതലളിതോജ്വലയാണ് വെള്ളനിറം. പൊയ്കയിൽ വിടർന്നു നിൽക്കുന്ന വെള്ളത്താമരയെ സാക്ഷിനിർത്തിയാണ് കവി വെൺമയെ പ്രകീർത്തിക്കുന്നത്. പുറമേക്കു ധാരാളിത്തം കാണിക്കാതിരിക്കുക, അകമേ സപ്തവർണ്ണങ്ങളും ഉൾക്കൊള്ളുക എന്ന തൻ്റെ കവിതാവഴി തന്നെയാണ് ഈ ചെറുകവിതയിൽ കവി സംഗ്രഹിച്ചിരിക്കുന്നത്.
പുറമേക്കു പ്രകാശിക്കുക എന്നതേക്കാൾ ഉള്ളിലേക്കു വളരുക എന്നതാണ് ഈ കവിയുടെ നയം. സൂര്യകാന്തിയാവാനല്ല മണ്ണിനടിയിലെ കിഴങ്ങാവാനാണ് കവിക്കിഷ്ടം. ഈ കവിയുടെ സൂര്യനും കിഴങ്ങും എന്ന കവിത ജി ശങ്കരക്കുറുപ്പിൻ്റെ സൂര്യകാന്തിയോടു ചേർത്തു വായിക്കേണ്ട കവിതയാണ്. മണ്ണുപിളർന്നു വരുന്ന പ്രഭാകരകിരണങ്ങൾ ഹൃദയത്തിൽ നേരിട്ടു വരിച്ചാണ് കിഴങ്ങുകൾ ആഴത്തിൽ കിടന്നു കനക്കുന്നത്. ബാഹ്യാകർഷണത്തെ പ്രതിരോധിക്കാനുള്ള വെമ്പൽ കിഴങ്ങിനെന്നപോലെ ഈ കവിതകൾക്കുണ്ട്. പ്രകടനപരത തീരെയില്ല. "രാജകുമാരിയെ കൊണ്ടുപോകാൻ പല്ലക്ക് എന്നല്ലാതെ പൂമ്പാറ്റയെ കൊണ്ടുപോകാൻ പല്ലക്ക് എന്ന തരത്തിൽ ഞാൻ കവിത എഴുതാറില്ല" എന്നദ്ദേഹം സ്വന്തം രചനാരീതിയെക്കുറിച്ചു പറഞ്ഞിട്ടുണ്ട്(എൻ്റെ കാവ്യരചനയുടെ ശിൽപ്പശാല) പുറംമോടിയാലുള്ള വിനിമയം കവി ആഗ്രഹിക്കുന്നില്ല. അതിനപ്പുറം സൂക്ഷ്മമായ വിനിമയത്തെക്കുറിച്ചുള്ള ദർശനം ഈ കവിതകൾ വികസിപ്പിച്ചെടുക്കുന്നുണ്ട്. തേൻകനിയിങ്കൽ ഞാനെത്തും എന്ന കവിതയിൽ ദൂരെ വാഴത്തോട്ടത്തിൽ വാഴ കുലച്ചു എന്ന് ഒരു വവ്വാൽ അറിയുന്നതാണ് വിഷയം. തീർത്തും ജൈവികമായ അറിവിൻ്റെ വിനിമയത്തെക്കുറിച്ചുള്ള ഈ പരിഗണന മലയാളകവിതയിൽ മുമ്പു കണ്ടിട്ടുള്ളതല്ല. പിൽക്കാലത്ത് കെ. എ. ജയശീലൻ്റെ കവിതയിൽ ഈ പ്രമേയം വികസിച്ചു വരുന്നുമുണ്ട്.
ഇങ്ങകലത്തിലീ തേനുറവുള്ളതായ്
എങ്ങനെ നേടി നീ ജ്ഞാനം?
എന്ന് വവ്വാലിനോടു ചോദിക്കേ, അതിങ്ങനെ മറുപടി പറയുന്നു:
എന്തുമേ സ്വന്തമാക്കീടുവാൻ ജീവിക-
ളെങ്ങും പരക്കം പായുമ്പോൾ
എന്നിലൊതുങ്ങി ഞാനേകനായ് കാത്തിരി -
ക്കുന്നൂ വെളിപാടു കാണാൻ
അന്നേരം ജീവിതമർമ്മത്തിൽ നിന്നെഴും
സന്ദേശസൂക്ഷ്മതരംഗം
എന്നിലലയ്ക്കുന്നു, ജീവിതമാധുരി -
യെങ്ങെന്നതു കുറിക്കുന്നു.
മണ്ണു പിളർന്നു ചെന്ന് കിഴങ്ങിനെ തിടം വെപ്പിക്കുന്ന സൂര്യരശ്മി പോലെ, ജീവിതമർമ്മത്തിൽ നിന്നുയരുന്ന സൂക്ഷ്മതരംഗങ്ങൾ ജീവിതമാധുരിയിലേക്കു വഴി കാണിക്കുകയാണിവിടെ. ജീവിതമാധുര്യത്തിലേക്കു നയിക്കുന്ന ഈ സൂക്ഷ്മസന്ദേശം തന്നെയല്ലേ കവിത?ആവിഷ്ക്കാരത്തെക്കുറിച്ചുള്ള നവീനമായ ഒരു ബോധ്യത്തിൽ നിന്നു പിറവിയെടുത്തവയാണ് ഈ കവിതകളെന്നു കൂടി തേൻകനി വ്യക്തമാക്കുന്നു.
താത്വിക പ്രശ്നങ്ങൾക്കുള്ള മറുപടി പ്രകൃതിയിൽ നിന്നാണ് കവി കണ്ടെടുക്കുന്നത്. നല്ല മനുഷ്യർക്ക് എന്തുകൊണ്ടാണ് ദുഃഖമുണ്ടാകുന്നത് എന്ന കീറാമുട്ടിപ്രശ്നത്തിൻ്റെ ഉത്തരമാണ് ചോളച്ചെടിയും തത്തയും എന്ന കവിത. സുഹൃത്ത് വിഷാദത്തോടെ ചോദിച്ച ആ ചോദ്യം മനസ്സിലിട്ട് തൊടിയിലേക്കു നോക്കിയിരിക്കുമ്പോൾ ചോളച്ചെടിയിൽ വന്നിരിക്കുന്ന തത്തയിൽ കവിയുടെ ശ്രദ്ധ പതിയുന്നു. കിളി വന്ന് ചോളക്കുലമേൽ കാൽവെച്ചതും ആ ചെടി അടിമുടി വല്ലാതെയുലഞ്ഞാടുകയായി. ഈ കാഴ്ച്ച കാണിച്ച് കവി തിരിച്ചൊരു ചോദ്യം ചോദിക്കുകയാണ് കവിതയുടെ ഒടുവിൽ.
ദുഃഖമോ സുഖമോയീയുലച്ചിൽ? തന്നഗ്രത്തി-
ലഗ്ര്യമാം ഫലം പേറും ചെടിക്കേയറിയാവൂ
അനുഭവത്തെ മാറിനിന്ന് സുഖമെന്നോ ദുഃഖമെന്നോ വിളിക്കുന്നത് ശരിയാകണമെന്നില്ല. ആ ചെടിയെ സംബന്ധിച്ചിടത്തോളം ആ ഉലച്ചിൽ ചിലപ്പോൾ സുഖം തന്നെയാകാം. അനുഭവത്തെ ആഴത്തിൽ അറിയുക എന്നതു മാത്രമാണ് കരണീയം. ആ തിരിച്ചറിവിൽ സുഖദുഃഖമെന്ന വേർതിരിവ് മാഞ്ഞുപോകുന്നു.
കാര്യത്തിൻ്റെ കാരണം അഥവാ പ്രശ്നത്തിൻ്റെ പരിഹാരം അന്വേഷിച്ചു പോകുന്ന കവിതയാണ് സി. എ. ജോസഫിൻ്റേത്. വഴി മുട്ടി നിൽക്കുന്ന നില വിവരിച്ചു പിൻവാങ്ങുന്ന കവിതയല്ലത്. നക്ഷത്രവും ഇലയും എന്ന കവിതയിൽ രാത്രിയിലെ ഒരു യാത്രികനെ നാം കാണുന്നു. അയാൾക്കു മുകളിൽ തിളങ്ങുന്നു ഒരു നക്ഷത്രം.
ആദിസിന്ധുവിൽ ജീവൽസ്ഫുലിംഗം
ആടിനിന്നോരിലയെന്നപോലെ
കണ്ണുനീരിൻ മഹാതമിസ്രത്തിൽ
കൺമിഴിക്കുന്നൊരാശയെപ്പോലെ
ലാലസിച്ചിതാ മോഹനതാരം
ലോകമാകെ ഹരിച്ചിടും മട്ടിൽ
നക്ഷത്രം നോക്കിയങ്ങനെ നടക്കുകയാണ് യാത്രികൻ. പെട്ടെന്നതു കാണാതാകുന്നു. യാത്രികൻ വിഷാദിയാകുന്നു. മറ്റേതു കവിയാണെങ്കിലും കവിത ഇവിടെ അവസാനിപ്പിച്ചേക്കും. എന്നാൽ സി. എ. ജോസഫിന് ഇതിൻ്റെ കാരണം അഥവാ പരിഹാരം കണ്ടേ പറ്റൂ.
ചിക്കെന്നാണു ഞാൻ കണ്ടതു പാത-
വക്കിലെ ലത നീട്ടിയ പത്രം
ഒന്നൊരൊറ്റെണ്ണമാ,മുജ്വലശ്രീ
തന്നെയാകെ മറച്ചൊരാ സത്യം
വെറും ഒരിലയുടെ മറവാകാം സാക്ഷാൽക്കാരത്തിനോ പരിപൂർണ്ണതക്കോ ഇടക്കുള്ള തടസ്സം എന്ന് ഓർമ്മിപ്പിക്കുന്നതാണ് കവിതയുടെ ഈ അവസാനഭാഗം. പരിപൂർണ്ണത തീർത്തും അപ്രാപ്യമല്ല എന്ന ദർശനം ഉള്ളിൽ സൂക്ഷിക്കുന്നതിനാലാണ് ഇലയുടെ മറവിലേക്കു വിരൽ ചൂണ്ടാൻ കവിക്കു കഴിഞ്ഞത്. തൻ്റെ സമ്പൂർണ്ണ കവിതകളുടെ സമാഹാരത്തിന് കവി നൽകിയ പേരു തന്നെ ദർശനം എന്നാണ്.
ഒരു നിലയിൽ, മനുഷ്യൻ്റെ ബോധമണ്ഡലം വികസിക്കുന്നതിൻ്റെ ചരിത്രമാണ് തൻ്റെ ചെറുകവിതകളിലൂടെയും ഖണ്ഡകാവ്യങ്ങളിലൂടെയും സി. എ. ജോസഫ് കാവ്യാത്മകമായി ആവിഷ്ക്കരിച്ചത്. ആ രാത്രി, ഇന്നോളം,വീണ്ടും വരുന്നു എന്നീ ഖണ്ഡകാവ്യങ്ങൾ ഈ പ്രമേയം വിസ്തരിക്കുന്നവയാണ്. മനസ്സംസ്ക്കാരമാണ് ജീവിതമാധുരിയുടെ അടിസ്ഥാനമെങ്കിൽ ആ മനസ്സംസ്കാരം എങ്ങനെ കൈവരിക്കാം എന്നുകൂടി ആവിഷ്ക്കരിക്കുന്നവയാണ് ഈ മൂന്നു ദീർഘകവിതകളും. ക്രൈസ്തവദർശനവും ചരിത്രപാഠങ്ങളും ഈ രചനകളിൽ സംഗമിക്കുന്നു.
ഈ പെരുമയോടൊപ്പം നിസ്സാരതയെക്കൂടി ഉള്ളടക്കാൻ കഴിയുന്നതിനാൽ വേണ്ടത്ര അയവും സമഗ്രതയും ഉള്ളതായിരിക്കുന്നു സി.എ. ജോസഫിൻ്റെ കവിതാലോകം. രാവിലെ വീട്ടുമുറ്റത്തു കരിഞ്ഞു വീണ ഇലകൾക്കിടയിൽ കിടക്കുന്ന പാൽ പൊതിയെക്കുറിച്ചാണ് ഒരു കവിത. കാമുകിയുടെ വരവോർമ്മിപ്പിക്കുന്ന ചുമരിലെ നാഴികമണി, തന്നിൽ ഒരു പെണ്ണു വന്നിരുന്ന ഓർമ്മയിൽ മുഴുകി ആത്മഗതം ചെയ്യുന്ന കട്ടിൽ, കായ്ക്കാനോ പൂക്കാനോ പോലുമാകാതെ നിന്നു തേങ്ങുന്ന ഊട്ടിയിലെ മാവ് എന്നിങ്ങനെ നിസ്സാരമെന്നു മാറ്റിവക്കാവുന്ന വസ്തുക്കളും സന്ദർഭങ്ങളും ഈ കാവ്യലോകത്ത് വെളിച്ചം പൊഴിച്ചു നിൽക്കുന്നു.