9
സ്വപ്നത്തിൽ ഒരു കഥ
ഒടുവിലയാൾ
ഒരു സ്വപ്നക്കുരുക്ക്
കണ്ടുപിടിക്കുകതന്നെ ചെയ്തു
കുരുക്കു വെച്ച് കിടന്നുറങ്ങി.
രാവിലെ എണീറ്റു നോക്കിയപ്പോൾ
എട്ടുപത്തു സ്വപ്നങ്ങൾ കുടുങ്ങിയിട്ടുണ്ട്
ഒരു കൊട്ട കൊണ്ടുവന്ന്
ഓരോന്നായി ഊരി
അതിലിട്ടു.
ഉറക്കത്തിലൂടെ ദീർഘദൂരം ഒഴുകിയതിനാൽ
പറ്റിപ്പിടിച്ച ഉച്ചും ചേറും കറയും കളയാനായി
ഓരോന്നുമെടുത്ത്
വെള്ളമൊഴിച്ച് ഉരച്ചു കഴുകാൻ തുടങ്ങി.
ഇനി വേണം ഡോക്ടർക്കു മുന്നിൽ നിരത്തി
ഗുളികകളാക്കി മാറ്റാൻ.
ഇതാണ് സ്വന്തം സ്വപ്നം
സ്വന്തം കൈയ്യിൽ വെച്ചു തന്നെ കഴുകിക്കളഞ്ഞ,
സ്വപ്നം വെള്ളത്തിലലിയുമെന്നറിയാത്ത
വിഡ്ഢിയുടെ കഥ
10
സ്വർഗ്ഗവാതിൽ
സ്വർഗ്ഗം ഉണ്ടെങ്കിൽ
സ്വർഗ്ഗീയ മാലിന്യവുമുണ്ട്
എങ്കിൽ
അതൊഴുകിപ്പോകാനുള്ള ഓടയും കാണും
സ്വർഗ്ഗത്തിനു പുറത്തേക്കാവും
സ്വാഭാവികമായും അതിൻെറ ഗതി
ഓടകളെല്ലാം തുറക്കുക
പുഴയിലേക്കാണല്ലോ
ഈ ഓട
ഞങ്ങളുടെ പുഴയിലേക്ക്
കാരണം
ഞങ്ങളാരും ഞങ്ങളുടെ പുഴ
മലിനപ്പെടുത്തുന്നില്ല
എന്നിട്ടും അത് മലിനമായിരിക്കുന്നു
പുഴയിലെ മാലിന്യമല്ല എൻ്റെ വിഷയം
സ്വർഗ്ഗീയ മാലിന്യം വന്നു വീഴുന്ന ഓടയാണ്.
ആ ഓട ഞങ്ങളുടെ പുഴയിലേക്കു
തുറക്കുന്ന വായ.
അതു കണ്ടെത്തുക തന്നെ വേണം
അതു വഴി വേണം
അകത്തു കയറിപ്പറ്റാൻ
11
ഹായ്മരത്തളിരുകൾ
അങ്ങാടി നഗരമായപ്പോൾ
അങ്ങാടിക്കു പിന്നിലെ കുന്നിനെ
ടാർപ്പാതകൾ ചുറ്റിവരിഞ്ഞു
ഒരു ടാർപ്പാത
കുന്നിൻ നിറുകയിൽ കൈവെച്ചനുഗ്രഹിച്ചു.
കൂറ്റൻ കെട്ടിടങ്ങളാൽ
ചതുരത്തൊപ്പിയണിയിച്ചു.
നഗരത്തിൻ്റെ ഉയർന്ന വേദിയായ്
കുന്നിൻപുറം
ലയിപ്പിച്ചെടുത്തു
അവിടേക്കൊഴുകിക്കയറിയ
ഒരു കാറിൻ്റെ ജനലിലൂടെ
മൈലാഞ്ചിക്കൈകൾ
വീശിത്തളിർക്കുന്നു: ഹായ്!
12
ആഗ്രഹം
അയാൾക്ക്
സംസാരം നിർത്തിയാൽ കൊള്ളാം
എന്നുണ്ടായിരുന്നു.
എന്നാൽ
ഒരു വാചകത്തിൻ്റെ ഒടുവിലെ വാക്കിൽ നിന്ന്
അടുത്ത വാചകത്തിൻ്റെ ആദ്യത്തെ വാക്ക്
എപ്പോഴും പൊട്ടിപ്പുറത്തു ചാടുന്നു
13
എന്നെ തൊടരുത്
വെളിച്ചം വരുമ്പോൾ വേദിയുടെ നടുവിൽ വേദനിച്ചെന്ന പോലെ ഞെളിപിരികൊള്ളുന്ന ഒരു സ്ത്രീ. തൊടരുത് അയ്യോ എന്നെ തൊടരുത് എന്ന് ഉറക്കെ കരഞ്ഞു കൊണ്ട് അവൾ നിന്ന നില്പിൽ പിടഞ്ഞു വീണു നിശ്ചലയാകുന്നു.
അല്പസമയം നീണ്ടു നിൽക്കുന്ന മൗനം. രംഗം മെല്ലെ ഇരുട്ടിലേക്കു മടങ്ങുന്നു.
തുടർന്ന് ഇരുട്ടിൽ പശ്ചാത്തലത്തിൽ നിന്ന് ഒരു ശബ്ദം ഉയരുന്നു:
ശബ്ദം 1 : പിടഞ്ഞു വീഴും മുമ്പ് ഇവൾ ഇങ്ങനെ പറഞ്ഞത് എന്തുകൊണ്ടാവാം?
അല്പസമയം വീണ്ടും മൗനം. തുടർന്ന് ശബ്ദം 2 ഉയരുന്നു
ശബ്ദം 2 : എന്താ സംശയം? ഇതു മരണവേദനയാണ്. മരണം വന്നു തൊടുമ്പോൾ ഏതു സ്പർശവും കൂടുതൽ കടുക്കും. വേദനിപ്പിക്കും.
ശബ്ദം 3 : അല്ലല്ല.പുറംലോകത്തിൻ്റെ സ്പർശം ഇവളെ ഭയപ്പെടുത്തുന്നു. ലോകം ഇവളെ പഠിപ്പിച്ചതതാണ്. ഓരോ തൊടലും ഓരോ മുതലെടുപ്പ്.
ശബ്ദം 4 : എനിക്കു തോന്നുന്നത് അതൊന്നുമല്ല. ഇവൾ ജാതിയിൽ ഉയർന്നവളായിരിക്കാം. വേദനിച്ചു പിടയുമ്പോഴും മറ്റുള്ളവർ തന്നെ തൊടുന്നത് അവൾക്കു ചിന്തിക്കാനേ കഴിയില്ലായിരിക്കാം
ഇപ്പോൾ ശബ്ദങ്ങളെല്ലാം അടങ്ങി. രംഗത്ത് വെളിച്ചം മെല്ലെ തെളിഞ്ഞു വരുമ്പോൾ നിശ്ശബ്ദതയിൽ മൂടി സ്ത്രീയുടെ ജഡം മാത്രം. മുഖമൊഴികെ ശരീരം മുഴുവൻ വെളുത്ത തുണികൊണ്ടു മൂടിയിരിക്കുന്നു.
അല്പനേരം കഴിഞ്ഞ് വെളിച്ചം തീവ്രമാകുമ്പോൾ സ്ത്രീയുടെ ശരീരം അനങ്ങിത്തുടങ്ങുന്നു. അവൾ ഞരക്കത്തോടെ എണീക്കുമ്പോൾ വെളുത്ത തുണി പാറിപ്പോകുന്നു.
എന്നെ തൊടരുത് എന്നലറിക്കൊണ്ട് അവൾ എണീറ്റ് വേദിക്കു വെളിയിലേക്കു പായുന്നു.
14
ഉല്പത്തി
സ്കൂളിൽ പുതുതായി പണിത
തൂണിൻ്റെ ഉദ്ഘാടനത്തിന്
ചെറിയ സ്റ്റേജിൻ്റെ നടുമധ്യത്തിലേക്ക്
പീട്ടീയേ, എംപീട്ടീയേ,
എസ്സെംസി,
വാർഡു മെമ്പ്ര്
എല്ലാരും കൂടി
പടത്തിൽ പെടാനായി
കുമ്പയാലും ചന്തിയാലുംകുത്തിക്കയറിയപ്പോൾ
കുട്ടികളെ വിസ്മയിപ്പിച്ചുകൊണ്ട്
പ്രപഞ്ചോല്പത്തിക്കു മുമ്പത്തെ
കുഴമറിച്ചിലും
മഹാവിസ്ഫോടനവുമുണ്ടായി
പുതുതായി പിറവിയെടുക്കുന്ന
ഫോട്ടോപ്രപഞ്ചത്തിനറിയാമോ
പടത്തിൽ കൊള്ളാതെ
തെറിച്ചു പുറത്തേക്കു വീണുകൊണ്ടിരിക്കുന്ന
നമ്മുടെ കീഴ് കീഴ് കീഴ് പ്രസിഡണ്ടിനെ?
15
ഒന്നും മിണ്ടാത്ത കുട്ടി
ഒന്നും മിണ്ടാത്ത ഒരു കുട്ടിയുടെ കയ്യിൽ
എപ്പോഴും സംസാരിക്കുന്ന ഒരു മൊബൈൽഫോൺ
16
തിര
നിന്നു കത്തുന്ന വേദനയുടെ കാൽച്ചുവട്ടിൽ
വന്നും പോയുമിരിക്കുന്ന വേദന
17
ആളൽ
അടുപ്പിലെ പാത്രത്തിൻ്റെ
അടിയിലാണു തീയെങ്കിലും
വശങ്ങളിലൂടെ അതാളുന്നു
ചിതയിലെ ജഡത്തിൻ്റെ
അടിയിലാണു തീയെങ്കിലും
വശങ്ങളിലൂടെ അതാളുന്നു
നിൻ്റെ എൻ്റെ അയാളുടെ അവളുടെ
കല്ലിൻ്റെ മരത്തിൻ്റെ പുഴയുടെ പൂച്ചയുടെ
വശങ്ങളിലൂടെ അതാളുന്നു
18
അനുവാദം
കൈ നീട്ടിത്തന്ന് പിടിച്ചു കയറ്റുന്നു
ചന്ദ്രൻ എന്നും എന്നെ
പുലർച്ചെ,
വിളിച്ചുണർത്തേണ്ട,
ഉറങ്ങിത്തൂങ്ങിയ തൻ്റെ കാലിൽ തൂങ്ങി
തിരിച്ചിറങ്ങിക്കോളൂ
എന്ന് അനുവദിച്ചിരിക്കുന്നു
ചന്ദ്രൻ എന്നും എന്നെ
19
ഓർമ്മ
അനേകം ചെറിയ ചക്രങ്ങൾ
തറയിലൂടെ ഉരുളുന്ന ശബ്ദം.
വലിയ പെട്ടിബാഗുകൾ നിലത്തുരുട്ടിക്കൊണ്ട്
പ്ലാറ്റ്ഫോമിലൂടെ ആളുകൾ നടക്കുന്നു
വളർത്തുനായ്ക്കളുമായ് നടക്കാനിറങ്ങുന്ന
മധ്യവയസ്കരെ ഓർമ്മവരുന്നു
താറാപ്പറ്റം തെളിച്ചു വരുന്ന
തലേക്കെട്ടുകാരിൽ ഓർമ്മ തങ്ങുന്നു
ചെമ്മരിയാടുകളെ മേച്ചു വരുന്ന
നാടോടികളിൽ ഓർമ്മ നിലയ്ക്കുന്നു
ചെമ്മരിയാടുകൾ ഒന്നിച്ചു കരയുന്നു
വണ്ടി ഒരെണ്ണം കടന്നുപോകുന്നു
കുന്നു കേറിമറിഞ്ഞതുപോലെ
ചെമ്മരിയാടുകൾ അപ്രത്യക്ഷമാകുന്നു
20
ഉന്നം തെറ്റിയ ഉപമ
ചുമരിലേക്ക് ഒരു പൂച്ചക്കഴുത്തു വെട്ടിക്കൽ പൽ..................................................................
............................................................................ലി
സദസ്സിലേക്കൊരു ഭരതനാട്യക്കാരിയെപ്പോലെ
21
ജനുവരി
പുകയുന്ന കണ്ണുകൾ
ആറാനായി
അമർത്തിവയ്ക്കുന്നു
ഒരു തണുത്ത കവിളിൽ
22
പറഞ്ഞയക്കൽ
എന്ത്!
പോകില്ലെന്നോ?
ആരാ നീ?
എന്താ നിൻ്റെ പേര്?
ഇങ്ങനെയിട്ടു വലയ്ക്കാതെ
ഒഴിഞ്ഞുപോ
ഇനിയുമെന്നെ
കോമാളിയാക്കി
വട്ടം കറക്കാതെ
നിസ്സാരക്കാര്യങ്ങൾക്കു പിറകേയോടിച്ചു
പീഡിപ്പിക്കാതെ
ഗൗരവത്തോടെ വഷളത്തം പ്രസംഗിപ്പിച്ച്
പിന്നീട് മുഖം മറച്ചു കരയിക്കാതെ
ഒഴിഞ്ഞു പോ
ഹ ഹ!
കാരണവർ ആണെന്നോ?
തെളിച്ചു പറ
ഓഹോ ......കാരമസോവോ?
എനിക്കു തോന്നി.
എങ്കിൽ
തന്തക്കാരമസോവോ
മക്കളോ,
നീയേതു കാരമുള്ളായാലും വേണ്ടില്ല
ഞാനാട്ടിപ്പായിക്കും കൂതറ നാറീ...
പതിനേഴാം വയസ്സിൽ
കയറിക്കൂടിയതാണെന്നു
കരഞ്ഞിട്ടൊന്നും കാര്യമില്ലെടാ തായോളീ
എന്ത്?
ഒരുത്തൻ്റെ ജീവിതം തകർത്തിട്ടു
കൈ കൂപ്പുന്നോ?
കാലു പിടിക്കുന്നോ?
നീ കാരമസോവ് എങ്കിൽ
ഊർദ്ധ്വലോകം പോലെ
അതാ ഇരിക്കുന്നു
നിൻ്റെ പുസ്തകം,
മര്യാദക്കു കേറിപ്പോ....
ഇനി നീയിറങ്ങി വന്നാൽ
ചങ്ങലക്കിട്ടു വെള്ളം തരാതെ
കുഴിയിൽ നിന്നു കേറി വരുന്നൊരു
തുറിനോട്ടം മാത്രമാക്കി
ചുട്ടുനീറ്റും,
പറഞ്ഞേക്കാം.
പത്തുമുപ്പതു കൊല്ലമായി
നീയിരുന്നു കൊണയ്ക്കുന്നു
23
തരിതരിപ്പീലികൾ
പീലിക്കനം മുഴുവൻ
കൊഴിഞ്ഞുപോയ മയിലിന്
വീണ്ടും പീലി മുളച്ചുവരുന്നു.
ഉയർന്ന നീലക്കഴുത്തിനു പിന്നിൽ
വലിയ ഉടലിനു പിന്നിൽ
പച്ചക്കുനുന്തു പീലികൾ
ഒരു മയിലിൻ്റെ ജീവിതകാലത്ത്
എത്ര തവണ
പീലി കൊഴിഞ്ഞു മുളയ്ക്കും?
ഒരു തവണ ഉറപ്പായും.
ഒരു കവിയുടെ ജീവിതകാലത്ത്
ഒരു തവണയെങ്കിലും
കൊഴിഞ്ഞു മുളയ്ക്കുമോ
തരിതരിവാക്കുകൾ?
24
ഉച്ചതിരിഞ്ഞ്
പൂപ്പാത്രത്തിലെ മഞ്ഞപ്പൂക്കളിൽ
ആളുന്നുണ്ടു പടിഞ്ഞാറൻ വെയിൽ
പൂവുകൾ പ്ലാസ്റ്റിക്കായതു നന്നായ്
25
പിന്നണി
തെരുവിലൂടെ
ഉരുണ്ടുരുണ്ടു വരുന്നു
ഒരപ്പൂപ്പൻതാടി.
ഉറപ്പ്,
അതിനാരെയോ തല്ലാനുണ്ട്.
കൊല്ലാനും?
ഈ തെരുവിരമ്പം പോരാ
പിന്നണിയായി.
ആ വരവിനൊത്ത
ഇരമ്പമൊരുക്കട്ടേ ഞാൻ
26
ഉരിയാട്ടം
ഒഴുകിപ്പരക്കുന്ന വെള്ളം. താഴെ ഒരു വശത്ത് വെള്ളത്തിനോടു ചേർന്നു കുനിഞ്ഞു നിന്ന് കൈക്കുമ്പിളിലെടുത്ത് ദാഹം തീർത്തുകൊണ്ടിരിക്കുന്നു ഒരു സ്ത്രീ. കൈക്കുമ്പിളിലെടുക്കുമ്പോൾ വെള്ളം സംസാരിക്കാൻ തുടങ്ങുന്നു:
അസുഖം പിടിച്ചു കിടക്കുമ്പോൾ അടുത്തിരുന്ന് അച്ഛൻ്റെ നെഞ്ചിൽ തടവണമെന്നും കെട്ടിപ്പിടിക്കണമെന്നും ഉമ്മ വക്കണമെന്നും നിനക്കുണ്ടായിരുന്നു. എന്നാൽ നീയൊന്നും ചെയ്തില്ല. ആ സ്പർശമാണു ഞാൻ. നിറയെ പകർന്നു കുടിക്കൂ.... ദാഹം മാറട്ടെ.
ഇപ്പോൾ വെള്ളം കുടിക്കുന്നത് സ്ത്രീയല്ല. ഒരു വൃദ്ധൻ കൈയ്യിൽ വെള്ളമെടുത്ത് കുടിക്കുന്നു
വെള്ളം: നീ ദാഹം തീർക്കുന്നത് കാണാൻ എന്തു ഭംഗി! എവിടുന്നു വരുന്നതാണ് നിൻ്റെ ദാഹം എന്ന് എനിക്കറിയാം. മേൽ ജാതിക്കാരനായ നിൻ്റെ അച്ഛൻ്റെ വാത്സല്യം നീ അറിഞ്ഞിട്ടില്ല. അച്ഛനുണ്ടായിട്ടും ഇല്ലാത്ത പോലെ നീ വളർന്നു. നീ പലതും നേടിയെടുത്തു. ഒരു നവലോകം തന്നെ. പക്ഷേ, കിട്ടാതെ പോയ പിതൃവാത്സല്യത്തിൻ്റെ സ്പർശം നിന്നിൽ കല്ലിച്ചു കിടന്നു. ഞാൻ നിന്നെ ആശ്വസിപ്പിക്കട്ടെ
വൃദ്ധൻ്റെ രൂപവും അവ്യക്തമായി മറഞ്ഞുപോയി. ഇപ്പോൾ കൈക്കുമ്പിളിലെടുത്തു കുടിക്കുന്ന ചെറുപ്പക്കാരനോട് വെള്ളം പറയുന്നു: കോർത്തു വിരലോടിച്ചു കളിച്ച ഒരു കയ്യിൻ്റെ മയമുണ്ടായിരുന്നു നിൻ്റെ കയ്യിൻ്റെ ഓർമ്മയിൽ. കഴിഞ്ഞ ദിവസം വീണ്ടും നീയാ കൈയ്യെടുത്തു പിടിച്ചപ്പോൾ അതിനൊരു കല്ലിൻ്റെ കനം, അല്ലേ? സാരമില്ല, നിൻ്റെ കുമ്പിളിൽ നിറഞ്ഞ് ഞാനാ ബലം മയപ്പെടുത്തട്ടെ, വിരൽ വിരലിൽ വീണ്ടും കോർത്തു വിളയാടട്ടെ
സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന പല രൂപങ്ങൾ അവിടവിടെ നിന്ന് വെള്ളം കുടിച്ച് മാഞ്ഞു മാഞ്ഞു പോകുന്നു. അവരോടെല്ലാം വെള്ളം, തെയ്യം ഭക്തരോട് ഉരിയാടുമ്പോലെ ഉരിയാടുന്നു. എല്ലാവരേയും സ്വന്ത്വനിപ്പിക്കുന്നു. ഇപ്പോൾ എല്ലാവരേയും ഉടുപ്പിക്കുന്ന ഒരൊറ്റ വസ്ത്രം പോലെ വെള്ളം. ഇപ്പോൾ മരീചികയുടെ നീളൻചുരുൾ
27
കണ്ണാടിട്ടാബ്
വെളിച്ചത്തിനു പുറംതിരിഞ്ഞ്
ഞാൻ കവിത എഴുതുന്നു
മനസ്സിലെ കവിത നിഴലിക്കുന്നു
അയ്യോ,എൻ്റെ നിഴൽ
ഈ ടാബിൽ വീഴുന്നില്ല!
അതോ വീഴുന്ന നിഴലിനെ വിഴുങ്ങുന്നോ
വെളിച്ചം?
ഇത്രനാളും ഇതിലെൻ്റെ നിഴൽ
ഞാൻ കണ്ടിരുന്നു!
28
കിണർ
വെള്ളം താണോ
വെള്ളം താണോ
വെള്ളം താണോ
ജനുവരി
എത്തിനോക്കി
എത്തിനോക്കി
എത്തിനോക്കി
ഫെബ്രുവരി
കാഴ്ച്ച തൂങ്ങി
കാഴ്ച്ച തൂങ്ങി
കാഴ്ച്ച തൂങ്ങി
മാർച്ച്
ബൾബുവീണു
പൊട്ടുംപോലെ
കണ്ണുടഞ്ഞ്
ഏപ്രിൽ
കണ്ണുടയു-
മൊച്ച:
വറ്റി
29
സമയങ്ങൾ
വെറുതെ ഇരിക്കേണ്ട സമയത്തെ ഞാനിന്ന്
വയ്യാതെ കിടക്കുന്ന ഒരു ബന്ധുവിനെ
കാണാൻ പോകുന്ന സമയമാക്കി മാറ്റി
സമയത്തിന് അത് തീരെ ഇഷ്ടപ്പെട്ടില്ല
അത് വാശിയോടെ
ഒരു മുരടിൽ നിന്ന്
പരസ്പരം മത്സരിച്ചുയരുന്ന
രണ്ടു തടികളായിത്തന്നെ
ഉറച്ചു നിൽക്കുന്നു
30
അജ്ഞാത വെളിച്ചം
തലയിൽ ഹെഡ്ലൈറ്റ് പിടിപ്പിച്ച് രാത്രി വീട്ടിൽ നിന്നിറങ്ങി അകലെയുള്ള കാട്ടിലേക്കു പോയി മരക്കൊമ്പിൽ തൂങ്ങി മരിച്ച മനുഷ്യൻ്റെ തലയിൽ നിന്നുള്ള വെളിച്ചം രാത്രി മുഴുവൻ കാടിനു കുറുകെ വീണ പടുമരം പോലെ കിടന്നു. ഇളകിമറിഞ്ഞ കുരങ്ങുകൾ ആ വെളിച്ചം കവച്ച് അടുത്ത മരത്തിലേക്കു ചാടി. ഒരാനക്കൂട്ടം അതു മുറിച്ചുകടന്ന് ദാഹത്തോടെ താഴേക്കു പോയി.വെളിച്ചം ചെന്നു വീണ മറ്റു മരക്കൊമ്പുകളിലെ കിളിക്കൂടുകളിൽ പക്ഷികൾ ഉറക്കം നഷ്ടപ്പെട്ടു ചിലച്ചുകൊണ്ടിരുന്നു.
31
പുസ്തകമാറ്റം
ആ പുസ്തകമാണു തടസ്സം
അതവിടെനിന്നെടുത്തു മാറ്റി
പകരം വക്കാൻ
ഒരു പൗരാണികഗ്രന്ഥം
പിന്നിൽ അണിഞ്ഞൊരുങ്ങിയിരിക്കുന്നു.
അതാണീ കേൾക്കുന്ന മണിനാദം, ചിലമ്പൊച്ച
ഇന്ദ്രജാലക്കാരനൊരാൾ
കുറേക്കാലമായി
ദണ്ഡുയർത്തി എന്തോ ചൊല്ലി
നമ്മുടെ ശ്രദ്ധ തിരിച്ചുകൊണ്ടിരിക്കുന്നു.
ഫലിക്കുന്നില്ല
നമ്മൾ കണ്ണുനട്ടിരിക്കുന്നു
പുസ്തകം അവിടെത്തന്നെയുണ്ട്
അതാണത്ഭുതം
എങ്കിൽ
അതിൽ തിരുകിച്ചേർക്കാനുള്ളവ
തയ്യാറാക്കിക്കഴിഞ്ഞിരിക്കണം
വായിക്കുകയാണെന്ന മട്ടിൽ
പുസ്തകം തുറന്ന്
വെട്ടേണ്ടതു വെട്ടി
ചേർക്കേണ്ടതു ചേർക്കാൻ
അതാ അയാളുടെ മുഖം കുനിയുന്നു
പേന ചേർത്തുവക്കുന്നു......
32
എന്തു പറ്റാൻ?
വൈകുന്നേരം
പച്ചക്കറിക്കടയിൽ ചെന്നപ്പോൾ
ഒരു കൊട്ട തക്കാളി
അവിടെയിരുന്നു ചീയുന്നു
കച്ചവടക്കാരനല്ലാഞ്ഞിട്ടു കൂടി
എനിക്കു കരച്ചിൽ വന്നു
അവ അയാൾക്കുണ്ടാക്കുന്ന നഷ്ടമല്ല,
ഒരു കൊട്ട തക്കാളി
ഒന്നിച്ചിരുന്നു ചീയുന്നതാണെൻ്റെ പ്രശ്നം.
അതും കടയുടെ മുന്നിൽ.
ഈ ദിവസമപ്പാടെ
ഒരു കൊട്ടയിലിരുന്നു ചീയുന്നതുപോലെ.
കച്ചവടക്കാരന് ഒന്നും തിരിഞ്ഞില്ല
അയാൾ തിരക്കി: എന്താ,എന്തുപറ്റി?