Wednesday, December 25, 2024

രാമചരിതം പടലം 35

 പടലം 35


1
അടിപണിഞ്ഞടിയങ്ങൾക്കഭയം തന്നരുളെന്നു
കപികുലം മുഴുവനുമരചനോടിരന്നപ്പോൾ
ഇടി മുഴങ്ങിടുമാറു വില്ലൊലി മുഴക്കിക്കൊ-
ണ്ടടർ തൊടുത്തിതു രാമാനുജനരക്കനൊടു പോയ്
തുടമിടണങ്ങിയ ശരങ്ങൾ വലുതായൊരുടലിൽ
തുടർന്നു തച്ചെങ്ങും നിറച്ചുയിർ പറിച്ചുകൊളളുമാ -
റുടനുടൻ പൊഴിച്ച വീരനൊടു ചെന്നിരക്കയായ്
ഒരു വരം പെരിയ വമ്പുടയ കുംഭകരുണൻ

2
പെരിയ വമ്പുടയവർക്കിടയിൽ മുമ്പനേ, പോരിൽ
പിഴയില്ലാ, നന്നു നിന്റെ തൊഴിൽ, നിന്നു പറയുവാൻ
അരുതെനിക്കിവിടെ, യുഗ്രത കടുത്തുള്ളതാ -
മരചനെ,ങ്ങവനടുത്തെത്തുവാൻ വഴിയേത്?
ഉരസ്തടം മുഴുവനും തിളങ്ങിടും ശരങ്ങളേ -
റ്റെരിഞ്ഞിടും മനസ്സുമായിരുന്ന കുംഭകരുണൻ
ഇരക്കവേയിതുവിധം വിട കൊടുത്തു വഴിയും
പറഞ്ഞുവിട്ടരുളിനാനിളയവൻ ലക്ഷ്മണൻ

3
ഇളയവൻ ലക്ഷ്മണൻ വിട കൊടുത്തു നടകൊ-
ണ്ടളവു രാക്ഷസനിരുപുറമുള്ള കരുത്തരെ
വളരിരുമ്പുലക്കയാലടിച്ചു കൊന്നിടുവതു-
ണ്ടുടനെന്നു മതിമറന്നടരിൽ ചെങ്കുരുതിയെ
കുടുകുടെക്കുടിച്ചു മൂവുലകവും നടുങ്ങുമാ -
റലറിയും തിളപ്പൊടേ വരുന്നതു കണ്ടു രാമൻ
തിളങ്ങിടും ശരനിര പൊഴിക്കവേയവ തറ -
ച്ചടർന്നുടൽ പിളർന്നിട്ടുമുലഞ്ഞില്ലാ നിശിചരൻ

4
ഉലഞ്ഞിടാ മദഗജം കണക്കവൻ നടന്നു രാ-
ക്ഷസരെയും കപികുലങ്ങളെയുമേയിടകലർ -
ന്നുടനെ വാരിവിഴുങ്ങിത്തകർത്തെങ്ങും തിരിഞ്ഞു പോർ -
ക്കളമിളക്കി വലുതാമൊച്ചയിൽ പിച്ചൊടേ
വലിയ കയ്യുകളിലായുധങ്ങളേന്തിയുമെല്ലാ
വഴിയെയും വരുവോനെബ്ഭയന്നകലുന്നു ചെമ്മേ
ചിലർ നശിപ്പതു കണ്ടു പതറിയേവരു,മൊരു -
ത്തരുമിരു വകയിലും തിരിഞ്ഞടുത്തില്ലുടനെ

5
ഉടലകത്തുയിരിരിപ്പോരഴൽ കൊൾകെ മുഴുത്തൊരു
കരത്തിൽ മുസലത്തെയുമെടുത്തുകൊണ്ടു തനിയേ
കൊടിയ ഭീകരനാകുമന്തകൻ ഭയക്കും മാ-
റലറി വന്നൊരവന്റെയെതിർ നിന്ന രഘുരാമൻ
തുരുതുരെക്കണ പൊഴിച്ചളവു കുംഭകരുണൻ
എറിഞ്ഞിതു മലയെടുത്തവനെ, യാമല രാമൻ
കൊടിയ സായകങ്ങൾ കൊണ്ടു പൊടിയാക്കിയുടലിൽ
കുരുതി ചോർന്നിടും വിധം ശരങ്ങളും പൊഴിച്ചിതു.

6
പൊഴിഞ്ഞിടും ശരമുരുത്തിരിഞ്ഞു രുദ്രനു പുക -
ഴുയർത്തുവാൻ പിറന്നതിൻ പെരുമയാലഴൽ മുഴു -
ത്തഴിഞ്ഞു കെല്പൊടു നില്പതരുതാഞ്ഞു കുപിതനായ്
പടയിലുൾക്കലർന്ന രാക്ഷസനു ദിക്കും മറന്നു.
തഴയുടെ നിഴലിലേക്കണഞ്ഞു സുമിത്രയുടെ
തനയൻ വന്നുണർത്തിച്ചൂ നിശിചരപ്പടയെയും
വിഴുങ്ങിയേ കുംഭകർണ്ണനുഴലുന്നൂ ബോധമെല്ലാം
കുറയുന്നൂ മെല്ലെ മെല്ലെന്നഴകൊടേയരചനെ.

7
അരചനപ്പോൾ പറഞ്ഞൂ "നിനക്കൊപ്പമുള്ളവരാർ
കപികുലവരരെയും പിരിഞ്ഞു പോരിങ്ങു തിരി-
ഞ്ഞൊരു വില്ലു മാത്രമേന്തി നിന്നെ നോക്കുമെന്നെ നോ-
ക്കുടലിലൂക്കിനൊപ്പമായ് വാക്കുമുള്ള രാക്ഷസേശാ!
തിരിഞ്ഞു നോക്കിയന്നിശാചരനും വമ്പിലലറി -
ത്തിളച്ച കോപത്തിനോടെ ചിരിച്ചു കൊണ്ടുരചെയ്തു
"ഖരനും ബാലിയും വിരാധനുമല്ലെന്നറികെന്നെ
കരുതുക കുംഭകർണ്ണൻ വരും വരവാണിതെന്ന്"

8
ഇതു നിശാചരൻ ചൊന്ന നേരം വില്ലൊലിയിട്ടി -
ട്ടെരിതീ ചൊരിഞ്ഞ ശരമഴ പെയ്യിക്കവേ രാമൻ
അധികം വമ്പെഴും തൻ്റെയുലക്കയാലവയെയെല്ലാ-
മടിച്ചു കൊടുങ്കാറ്റുപോലണഞ്ഞ കുംഭകർണ്ണൻ്റെ
പദവിയേറിയ കയ്യും മുസലവും മനുജാധിപൻ
പവനാസ്ത്രമെടുത്തുടനതുകൊണ്ടെയ്തുലകങ്ങൾ -
ക്കിതമെഴുംപടി മുറിച്ചുലകിലിട്ടരുളിനാൻ
പട മാഞ്ഞൂ ദുഃഖം മുഴുത്തവ വീണേടത്തെമ്പാടും

9
അവനപ്പോളണഞ്ഞു മാമരവുമേന്തിയ കയ്യാൽ
ഒളിചിന്നും പാവകാസ്ത്രമതു മുറിച്ചിട്ടൂ മുന്നിൽ
ചുവടുവെച്ചരചനും തൊടുത്തിതർദ്ധചന്ദ്രൻ്റെ
വടിവുള്ള തുടമെഴുമിരു പള്ളിയമ്പുകളെ
തുടയരിഞ്ഞിട്ടൂ ഭൂവിലുടനേ പുരന്തരൻ്റെ
പുകഴുള്ളസ്ത്രമെടുത്തു തൊടുത്തു വിട്ടിതു രാമൻ
കളിയാടീ കപിക്കൂട്ട, മൊളിച്ചുപോയ് ഭയമുള്ളിൽ
കനത്ത നിശാചരന്മാർ മുഴുവനന്നിമിഷത്തിൽ

10
നിമിഷത്തിലമ്പയക്കേയതിൻ കിരണങ്ങളെങ്ങും
കലർന്നിതന്നേര,മതിങ്ങനെയെന്നു വിവരിക്കാൻ
പണിയെനിക്കിപ്പോൾ, ചെവി മീതേ വന്നു വേണ്ടതെല്ലാം
പറഞ്ഞുകൊണ്ടുടനേ പോയ് കുംഭകർണ്ണരാക്ഷസൻ്റെ
മണിയൊടുകൂടെത്തലയറുത്തെറിഞ്ഞങ്ങേപ്പുറം
തറച്ചിതു തൂവലോളം മണ്ണിൽ, പിന്നെത്തിരിച്ചുയർ-
ന്നണഞ്ഞു രാമന്നടുക്കൽ ചെയ്ത കാര്യമെല്ലാമസ്ത്രം
പറഞ്ഞു ചന്തമുള്ളാവനാഴിയിലുടനൊളിച്ചു

11
ഉടനുടൻ ശരങ്ങളാലുടലരിഞ്ഞതു തിരി -
ഞ്ഞുലകിൽ വീണൊരു ഭാഗ,മൊരു ഭാഗം കടലിലും
മുടിയുമാറിടക്കെന്തു പൊഴിഞ്ഞെന്നതറിവീലാ
ഇളകുന്ന കടലുയർന്നവനി താഴ്‌ന്നിതധികം
തുടരെത്തുടരെ മലർ പൊഴിച്ചു വിണ്ണിലെദ്ദേവർ
സ്തുതിപാടിത്തൊഴുതൂ വന്നരചനെക്കപികളും
മുടിഞ്ഞു കുംഭകരുണനടരിലിങ്ങനെ,ദ്ദശ-
മുഖനോടു മുതിർന്ന രാക്ഷസന്മാരിതുരചെയ്തു

No comments:

Post a Comment