പടലം 36
1
ഉരച്ചതു കേട്ട നേരം ഉയിർ പിരിഞ്ഞവരെപ്പോലെ
കരുത്തു കെട്ടവനായ്തീർന്നു കണ്ണീരേറെച്ചൊരിഞ്ഞു
കുരുത്ത സന്താപത്തോടേ രാവണൻ കടുപ്പം കൈ വി -
ട്ടുടലാകെയലയ്ക്കുമാറങ്ങുലകിൽ ചെന്നാഞ്ഞു വീണു
2
വീണവൻ മോഹം വിട്ടു മെല്ലെയുണർന്നിരുന്നു
താണ തൻ കൈകൾ കൊണ്ടു ശിരസ്സുകൾ താങ്ങിത്താങ്ങി
കാണും രാക്ഷസർക്കുള്ളം തുലയുമാറിരുവർ തങ്ങൾ
വാണതോർമ്മിച്ചു പുലമ്പിപ്പറയാൻ തുടങ്ങി
3
പറയണോ നിൻ പണികളൊന്നുമറിയാൻ വയ്യേ,
തരിപ്പുള്ള യക്ഷർ,സിദ്ധർ,ദാനവർ, വാനോർ, വേന്തർ
ഒരുത്തരാരിവരിൽ നിന്നോടേറ്റോടിടാതെ പോരിൽ
കരുത്തരായ് ജീവനോടേ നിന്നവർ മുമ്പു വീരാ!
4
വീരർ പോരിൽ വണങ്ങും വീരനേ, വജ്രമേറ്റാൽ
ധീരതയേറുന്നോനേ, ശത്രുവെയടക്കും നിന്നെ
പോരിൽ രാമൻ്റെയമ്പാൽ പല ശകലങ്ങളാകെ -
ന്നാരാണു ശപിച്ചതു രാക്ഷസകുലത്തളിരേ?
5
രാക്ഷസവംശത്തിനുൾക്കേടധികം വരുത്തി -
ദ്ദേവപുരിക്കും മുനിമാർക്കും രാജാക്കന്മാർക്കും
ഒരുമയും വരുത്തി നീ പോയൊളിച്ചതെവിടെ? , മറ്റാ -
രൊരുത്തനിങ്ങനെയുടപ്പിടപ്പിനെ സ്നേഹിക്കുന്നോൻ?
6
സ്നേഹമെന്നുടലിനോടുമീ നഗരത്തോടുമി-
ല്ലിവിടെ മൈഥിലിയിനിയിരുന്നിട്ടു കാര്യമില്ല
ശിവശിവ വെറുപ്പു വന്നൂ ചെമ്മേ നിൻ മരണത്താലേ
അവനിയീരേഴിനും ഞാനധിപനാണെന്നാകിലും
7
ഒന്നുമേയറിയാൻ വയ്യേ, ഭൂവിൽ നീ വീണ ശേഷം
ദേവകൾ തിമിർത്തുമാർത്തും വിജയപ്പറയടിച്ചും
ദുഃഖമിന്നെന്നിൽ മുഴുത്തും കരച്ചിൽ ലങ്കയിൽ നിറഞ്ഞും
വന്നു ശത്രുക്കൾ കൂപ്പും മേരുമാമലന്തോളാ
8
മേരുമാമലപോൽ തിളങ്ങി വിളങ്ങും കരങ്ങൾ തങ്ങും
ശൂരനാം രാമനോടു തുടങ്ങിയ പക വിടെന്ന്
വീരനാം വിഭീഷണനിരക്കേ,യവനെ കൈവി -
ട്ടാരുമുറ്റവരില്ലാതായെനിക്കുലകിലിന്ന്
9
ഇന്നു ഞാൻ രാമൻ തന്നെയിളയവനോടും കൂടെ
കൊന്നു കപികുലത്തെ തകർത്തു പോർക്കളത്തിൽ വീഴ്ത്തി
ചെന്നു പോരടിച്ചു ദേവശക്തിയൊട്ടടക്കീടാതെ -
യില്ല നിൽക്കില്ലാ കണ്ണീരാർക്കുമീ നഗരത്തിൽ
10
നഗരത്തിൻ കണ്ണുനീരു നന്മക്കായ് തുടച്ചിടും ഞാൻ
പട ജയിച്ചിനി" യെന്നെല്ലാം രാവണൻ പറകെക്കേട്ടു
മുകിൽനാദം പതറും വാക്കാൽ രാവണപുത്രന്മാരിൽ
മദമേറ്റമുള്ളവനാം ത്രിശിരസ്സിതു പറഞ്ഞു:
11
"പറഞ്ഞോരോ ദുഃഖം മേന്മേൽ വേരേ മുടിഞ്ഞ പോലെ
കഴിഞ്ഞ കാലത്തിലുള്ള കണക്കു കണ്ടിരിക്കരുതേ
വളർന്ന സന്താപം കൈവിട്ടെന്നെപ്പോരിന്നായ് പോകാൻ
വഴങ്ങിയാൽ ഞാനൊഴിക്കും രാമൻ്റെ തിളപ്പ്, മന്നാ!
12
മന്നാ, വിരിഞ്ചൻ തന്നൂ വരങ്ങൾ നീയിരന്നതെല്ലാം
മുന്നേ താൻ തേരും വില്ലുമുറപ്പുള്ള കവചങ്ങളും
പിന്നെ നിന്നുടവാൾ തന്നൂ ജടയിൽപ്പിറയണിഞ്ഞോൻ
ഇന്നെന്തു കുറവു വെല്ലാൻ രാമനെയടരിലയ്യാ!"
No comments:
Post a Comment