പടലം 39
1
പറ്റെയറ്റിടുന്ന ജീവനോടെയവൻ പത്തുനൂറുതരമായപോൽ
ഉറ്റ ഖേദമൊടുണർന്നെണീറ്റുടനെയാഞ്ഞടിച്ചു മുസലത്തിനാൽ
തെറ്റെന്നാപ്പനസനും തടഞ്ഞുടനടിച്ചിതൂക്കൊടെയുലക്കയാൽ
നെറ്റിമേലതു പതിച്ചു രാക്ഷസനുടൻ ജ്വലിച്ചതു സഹിക്കയായ്
2
സഹിക്കുവാൻ കഴിയുകില്ലയെന്നവിധമുലക്കയാൽ പൊരുതി ഭംഗിയിൽ
ജയിച്ചതില്ലടരിലാരുമാരുമതിനാലവർക്കതു മടുത്തിതേ
മുസലമൊക്കെയവിടിട്ടു വാളൊടടരാടവേ കപിയുൻന്മത്തൻ്റെ
തലയറുത്തെടുത്തുടനെയങ്ങടർക്കളത്തിലിട്ടുരുട്ടി നിൽക്കയായ്
3
ഉരുട്ടിവന്ന തല കണ്ടനേരമുടനേയുടക്കിയ നരാന്തകൻ
ഇരുട്ടു കെട്ടിയ മനസ്സുമായ് കനൽ ചൊരിഞ്ഞ കുന്തവുമെടുത്തവൻ
ഉരുട്ടിയങ്ങൊരെഴുനൂറു വാനരരുടമ്പറുത്തുലകിലിട്ടുടൻ
വിരട്ടി വാനരബലത്തെയിച്ഛയൊടു പോർക്കളത്തിലതി വിസ്മയം!
4
വിസ്മയത്തൊടു മുടിഞ്ഞിടും തൊഴിലി,തൂക്കു കൂടിയ കുരങ്ങർ കൺ-
വെച്ചു കല്ല്,മലയും മരാമരവും വാരിടുന്നതിന്നു മുന്നമേ
വജ്രവും വണങ്ങുമൊച്ചപോൽ മുഴങ്ങി വന്ന കുന്തമതു കൊണ്ടറു -
ത്താക്കുരങ്ങരെ മുഴുക്കെ ഭൂമിയിൽ നിരത്തി വീഴ്ത്തി രജനീചരൻ
5
ശരങ്ങളാൽ നിശിചരാധിപൻ പൊരുതി വാനരർ തളർന്നനന്തരം
കരങ്ങളാലുലച്ചു തമ്പി കുംഭകർണ്ണൻ പതിന്മടങ്ങവരെയൊക്കെയും
നരാന്തകൻ കുതിരയേറിവന്നടർ തുടർന്നു ചെയ്കെ,യഭയത്തിനായ്
പെരുംവിഷാദമൊടു വാനരപ്പട കപീന്ദ്രസന്നിധിയടിഞ്ഞിതേ
6
അടിഞ്ഞ നേരമറിവായ് കപീന്ദ്രനു നശിച്ചിടുന്നു പടയെന്നതും
ഇടഞ്ഞു വന്നൊരു നരാന്തകൻ പൊരുതി വീഴ്ത്തിടും പടയെയെന്നതും
അണിഞ്ഞ മേനിയൊടു മെയ് വെളുത്തഴകു പെറ്റെഴും കുതിരമേലിരു -
ന്നണഞ്ഞ രാക്ഷസനെക്കൊല്ലുകെന്നവനുരച്ചിതംഗദനൊടപ്പൊഴേ
7
അപ്പൊഴംഗദനെണീറ്റു പാഞ്ഞധിക കോപമോടലറിയിങ്ങനെ
നിൽക്ക, നിൽക്ക, യെനിക്കില്ല നീൾനഖമൊഴിച്ചൊരായുധവുമെങ്കിലും
എത്രയോ പെരിയ വീരരെപ്പൊരുതടക്കിയോനിവനൊടേൽക്ക നീ -
യക്കുരങ്ങരെ വി,ടെൻ്റെ നേരെ വരികായുധങ്ങളൊഴിവാക്കിയേ
8
ആയുധം വിടുവതാവതില്ലടരിലാരുമാരൊടു, മെനിക്കു മ-
റ്റായുധങ്ങളുമില്ലൊന്നുമേ കയ്യി,ലണഞ്ഞിതംഗദനുരയ്ക്കവേ
ആയുധത്തിനു പുറന്തിരിച്ചളവിരുത്തി നോക്കിയങ്ങു ചാടിയേ
കുന്തമങ്ങനെ നരാന്തകൻ,കപിവരന്നനിഷ്ടമതു ചേർത്തിതേ
9
ചേർത്തു നെഞ്ചൊടിടപെട്ട കുന്തമതു ദുർബലം നുറുനുറുന്നനെ -
പ്പാരിൽ വീണ പൊഴുതംഗദൻ പനയെടുത്തെറിഞ്ഞതണയും മുന്നേ
ശൂരനാകിയ നരാന്തകൻ്റെയതിശോഭനം കുതിര ചത്തു ചെ-
ഞ്ചോര വാർന്നുടലുടഞ്ഞു വീണു, നടകൊണ്ടടുത്തിതു നരാന്തകൻ
10
അടുത്തു മുഷ്ടികൊണ്ടടിച്ചിതംഗദശിരസ്സിൽ രാക്ഷസ,നേറ്റവൻ
പൊടുക്കനെത്തളർന്നു വീണെണീറ്റു കവചം പിടിച്ചിതൊരു മുഷ്ടിയാൽ
അടിച്ചിതംഗദൻ നരാന്തകൻതലയിൽ കനത്തി,ലന്തകപുരത്തിലേ-
ക്കടുത്തിതേ പൊടി പിടിച്ചതാമുടലടർക്കളത്തിൽ കളഞ്ഞിട്ടവൻ
11
അടർക്കളത്തിൽ കപിവീരനപ്പൊഴൊരിടച്ചൽ തോന്നി, രജനീചരൻ
പൊടിഞ്ഞടങ്ങിയതു കണ്ടു പോർക്കുപുകഴാനമേൽ കൊടിയ വില്ലുമായ്
അടുത്തു വന്നിതു മഹോദരൻ പൊരുതി നേടുമാറുമമരാന്തകൻ
തടുത്തവർ മുസലമേന്തിവന്ന, തടിയൊത്ത, വീരത്രിശിരസ്സുമായ്
No comments:
Post a Comment