ചുണ്ടൻ
പുഴയിലെ ജലപ്പരപ്പിനു തൊട്ടുമുകളിലൂടെ
ഇരട്ടവരിജാഥയായി
ഇതാ കടന്നുപോകുന്നു
നൂറു നൂറു പക്ഷികൾ
പറക്കുന്നെന്നു പറയാൻ വയ്യ
കാലുകൾ വെള്ളത്തിൽ
തൊട്ടു തൊട്ടില്ലെന്ന മട്ടിൽ
ഒഴുകുന്നു
നൂറുനൂറുപേർ ചേർന്നു തുഴയുന്ന
ഒരു വലിയ ചുണ്ടൻവള്ളം പായുന്ന പോലെ.
പുഴവക്കത്തെ
ഈ കുടുസ്സു മുറിയിലിരുന്നു നോക്കുമ്പോൾ
വെള്ളത്തിനും കിളികളുടെയടിവയറിനുമിടയിൽ
ഒരു കീറു വിടവിൻ്റെ തോണിത്തട്ട്.
അതിനു കുറുകെ
താഴേക്കു നീളുന്ന നൂറു കാലുകൾ
മുകളിലേക്കുയരുന്ന നൂറു ചിറകുകൾ
തുഴ ഒരു വശത്തേക്കു കുത്തിയുയർത്തുമ്പോൾ
അതേ വശത്തേക്കു മുഖം ചെരിച്ചു നോക്കുന്ന
എല്ലാ തുഴച്ചിൽക്കാരും
മറുവശത്തേക്കു കുത്തിയുയർത്താനായി
മറുവശത്തേക്കു തല ചെരിക്കും മുമ്പത്തെ
ഒരു മിന്നായത്തിൽ
എന്നെ കാണുക തന്നെ ചെയ്തു!
No comments:
Post a Comment