നിശ്ശബ്ദം എൻ്റെ കൈകളിൽ
സംഗീതോപകരണങ്ങൾ ഞാൻ
പല തവണ ചുമന്നുകൊണ്ടുപോയതായി
ഓർക്കുന്നു.
മറ്റുള്ളവർക്കു വായിക്കാൻ.
അവ നിറയെ
തൊട്ടാൽ തുളുമ്പുന്ന
സംഗീതമാണെന്ന ഉറപ്പോടെ
നിശ്ശബ്ദമെൻ്റെ കൈകളിൽ.
പലനിറമുള്ള പഴച്ചാറുകൾ നിറഞ്ഞ
ചില്ലുചഷകങ്ങൾ നിരന്ന തട്ടേന്തിപ്പോകുന്ന
പാനോപചാരകനെപ്പോലെ.
സംഗീതോപകരണങ്ങൾ
എൻ്റെ കൈകളിൽ
നിശ്ശബ്ദമായ് ഇരിക്കും എന്നതാണ്
എൻ്റെ കൈകൾ ലോകത്തിനു നൽകുന്ന
ഒരേയൊരു വാഗ്ദാനം
പെട്ടിയിൽ വെച്ചു പൂട്ടിയവ മാത്രമല്ല
നെഞ്ഞു തുറന്നു കാണിക്കുന്നവ പോലും.
വാദകൻ്റെ വിരലു പതിഞ്ഞാൽ
അവയെന്നെ മറക്കും,തീർച്ച
ഏതു ഗിറ്റാർ, ഏതു കീബോർഡ്,
ഏതു തബല? - ഞാനും മറന്നു.
ഒരോടക്കുഴലിൻ്റെ ഭാരം പക്ഷേ
ഒരിക്കലറിഞ്ഞത്
മറക്കാൻ വയ്യ
എനിക്കത് എടുക്കാനേ കഴിഞ്ഞില്ല
അതു കണ്ടു നീ വന്ന്
അതെടുത്തൊന്നൂതി
എനിക്കു തന്നു
"കാറ്റുള്ളിൽ
കട്ടപിടിച്ചിരിക്കുകയായിരുന്നു
ഒന്നൂതിയപ്പോൾ
അതൊഴിഞ്ഞു പോയി"
- നീ ചിരിച്ചു.
No comments:
Post a Comment