തമിഴ് പുതുകവിത - രണ്ടു പെൺവഴികൾ
പരിഭാഷ: പി.രാമൻ
1980 കളിൽ സുഗന്ധി സുബ്രഹ്മണ്യന്റെ കവിതകളോടെയാണ് നൂറ്റാണ്ടുകളുടെ മൗനത്തിനുശേഷം തമിഴ് കവിതാ ലോകത്ത് പെൺ വാഴ്‌വ് മൊഴിപ്പെടുന്നത്. തുടർന്ന് തൊണ്ണൂറുകളിൽ കനിമൊഴി കരുണാനിധി, സൽമ, പെരുന്തേവി, മാലതി മൈത്രി, ഉമാ മഹേശ്വരി, ലീന മണിമേഖല, സുകിർതറാണി, കുട്ടി രേവതി,ശക്തി ജ്യോതി, ഗീത സുകുമാരൻ എന്നിങ്ങനെ ധാരാളം പുതു ശബ്ദങ്ങൾ ഉയർന്നു കേട്ടു. സമീപകാലത്ത് ശ്രദ്ധിക്കപ്പെട്ട കവികളാണ് കവിൺമലർ, ചന്ദ്രാ തങ്കരാജ്, പൊൻമുഗലി, കല്പന ജയന്ത് തുടങ്ങിയവർ.ഇവരിൽ രണ്ടു പേരുടെ കവിതാ വഴികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പൊൻമുഗലി എന്ന പേരിൽ എഴുതുന്ന ദീപു ഹരി 1983-ൽ ജനിച്ചു. താഴമ്പൂ(2019), ഒരുത്തി കവിതൈകളുക്കും ഇരവുകളുക്കും തിരുമ്പുകിറ പൊഴുത് (2021) എന്നിവ കവിതാസമാഹാരങ്ങൾ. ചന്ദ്രാ തങ്കരാജ് കവിതകൾക്കു പുറമേ കഥകളുമെഴുതുന്നു. നീങ്കിച്ചെല്ലും പേര ൻപ്, വഴി തവറിയതു ആട്ടുക്കുട്ടിയല്ല കടവുൾ, മിളക്(2020) എന്നിവ കവിതാസമാഹാരങ്ങൾ.
പൊൻമുഗലി (ദീപു ഹരി) യുടെ കവിതകൾ
1
ഞാൻ നിന്നെ
ഒരു വാക്കിൽ വെയ്ക്കുന്നു.
മറ്റാരുമറിയാതെ.
മറ്റാരും കക്കാതെ.
ആർക്കും കണ്ടെത്താനാവാത്തൊരു
പൊന്തവാക്ക്.
ആർക്കും തൊടാനാവാത്തൊരു
മുൾവാക്ക്.
ആർക്കും ചിന്തിക്കാനാവാത്തൊരു
മായവാക്ക്.
പിന്നെ, ആ വാക്കൊരു
വെണ്ണിതൾപ്പൂവിൽ വെച്ച്
ആപ്പൂവ് മുടിയിൽ വെച്ച്
അലയുന്നൂ ഞാൻ
ഇക്കാനനമെങ്ങും.
2
ഞാൻ വരും നിങ്ങൾക്കരികേ
നദിയുടെയാഴത്തിൽ നിന്നു
കുളിർത്ത ചെറുവാക്കൊന്നെടുത്തു കൊണ്ട്.
അപ്പോൾ നിങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ല.
വിസ്മയിച്ചു പുഞ്ചിരിക്കാനല്ലാതെ.
ഞാൻ വരും നിങ്ങൾക്കരികെ
മഞ്ഞുപാറ പോലുള്ള ഹൃദയത്തിൽ നിന്ന്
പ്രണയത്തിന്റെ
പരിശുദ്ധമായൊരു വാക്ക് എടുത്തുകൊണ്ട്.
അപ്പോൾ നിങ്ങൾക്ക്
ഒന്നും ചെയ്യാൻ കഴിയില്ല
മനസ്സു കലങ്ങി കരയാനല്ലാതെ.
ഞാൻ നിങ്ങൾക്കരികിൽ വരും
യുഗങ്ങളായ് യുദ്ധങ്ങളിൽ
ചൊരിഞ്ഞ ചോരയിലൂറിയ
ഒരു മൺതരിയുടെ വാക്ക്
എടുത്തുകൊണ്ട്.
അപ്പോൾ നിങ്ങൾക്കൊന്നും ചെയ്യാനാവില്ല.
അതിന്റെ വാട്ടുന്ന ചൂടിൽ
ഉണങ്ങിപ്പോവുകയല്ലാതെ.
നിങ്ങൾക്കരികിൽ ഞാൻ വരും
ആരുടെ പാദവും പതിയാത്ത ഭൂമിയുടെ
ഒരാദി വനത്തിൻ കറുപ്പിൽ നിന്ന്
ഒരു വാക്കെടുത്തുകൊണ്ട്.
അപ്പോൾ നിങ്ങൾക്കൊന്നും ചെയ്യാനാവില്ല.
അതിന്റെ പരിശുദ്ധിക്കു മുന്നിൽ
തല കുനിച്ചു നിൽക്കാനല്ലാതെ.
ഞാൻ ഇനിയും എടുത്തു വരും
ചിതറാൻ പോകും സൂര്യത്തുണ്ടിൽ നിന്നൊരു വാക്ക്
കടലിൻ ആവേശത്തിൽ നിന്നൊരു വാക്ക്
നിലാക്കുളിർമയിൽ നിന്നൊരു വാക്ക്
മഴമാനത്തിൻ മന്താരത്തിൽ നിന്നൊരു വാക്ക്
മകരന്ദത്തിൽ നിന്നൊരു വാക്ക്
മഴവില്ലിൽ നിന്നൊരു വാക്ക്
അഗ്‌നിപർവതക്കണ്ണിൽ നിന്നൊരു വാക്ക്
അപ്പോൾ നിങ്ങൾക്കൊന്നും ചെയ്യാനാവില്ല.
വാക്കുകളുടെ രാജ്ഞിക്കുമുന്നിൽ
കുമ്പിട്ട് അഭയം തേടുകയല്ലാതെ.
3
ആരോടും സംസാരിക്കാവുന്ന പോലെ.
ആരുടെ കൈകളും പിടിക്കാമെന്ന പോലെ
ആരുടെ മടിയിലുമുറങ്ങാമെന്ന പോലെ
ആരുടെ ശരീരവും കെട്ടിപ്പുണരാമെന്ന പോലെ
ആരുടെ മാ.റത്തും കിടന്നു കരയാമെന്ന പോലെ
ഈ കാലം.
4
എന്നെ പ്രണയിക്കുന്നതു വളരെയെളുപ്പം
കണ്ടയുടൻ "വല്ലതും കഴിച്ചോ?"
എന്നു ചോദിക്കുന്നവരെ,
"സുഖമായിരിക്ക് " എന്നു പറയുന്നവരെ,
വാഹനം വരെ വന്നു യാത്രയാക്കുന്നവരെ,
എന്റെയുടലിനുള്ളിൽ തുള്ളുന്ന
കൊച്ചു പെൺകുട്ടിയുടെ തലയിൽ
ചിരിച്ചുകൊണ്ടുമ്മ വയ്ക്കുന്നവരെ
ഞാൻ ഉടനുടൻ പ്രേമിച്ചുപോവും.
എനിക്കു കളിക്കാനൊരു കടൽക്കര
വിശപ്പാറാൻ ചില മീൻ തുണ്ടുകൾ
മുടിക്കുള്ളിൽ മറയാൻ ഒരു സൂര്യൻ
എന്നിവ
പിന്നെയവർ
സമ്മാനിച്ചാൽ മതിയാകും.
5
നടന്ന വഴിയേ മടങ്ങാതേ ...
കടന്ന നദിയോർത്തിരിക്കാതേ ...
നിൻ കാൽച്ചുവടുകളിൽ ചെറു പുല്ലുകൾ മുളക്കുമ്പോൾ
നിൻ തലക്കു മേലേ കാഷ്ടിക്കും പക്ഷികളിൽ
ഒന്നായ് നീ മാറട്ടെ.
6
എല്ലാവർക്കും
അവരവരുടെ സ്നേഹത്തിനു യോജിച്ച പോലെ
ജീവിതകാലത്ത്
എന്റെ നേരം
ഞാൻ വീതിച്ചു നൽകിയിരിക്കുന്നു.
ചിലർക്കു നിമിഷക്കണക്കിൽ
ചിലർക്കു മണിക്കൂർ കണക്കിൽ.
കാലമില്ലാത്ത ഒരു സ്നേഹത്തിനും
എന്റെ മനപ്പരപ്പിൽ
ഒരു വലിയ ഇടം കരുതിവെച്ചിട്ടുണ്ട്.
നീ ഇപ്പോൾ പതുങ്ങിപ്പതുങ്ങി നിൽക്കുന്നത്
അതിന്റെ വാതുക്കൽ.
7
പതിനാറു ജനലുകളുള്ള ആൾപ്പാർപ്പില്ലാത്ത വീട്ടിൽ
ഒരേയൊരു ജനൽ മാത്രം
അന്നേക്കു തുറന്നിരിക്കുന്നു.
പേക്കഥകൾ വിശ്വസിക്കുന്ന ഒരു പെൺകുട്ടി
രാത്രിയിലാ വീടു കാണുന്നു.
നിറയെ വളകളണിഞ്ഞ ഒരു കൈ
പട് എന്ന് ജനലുകളടയ്ക്കുന്നു.
ഇവളോ ടപ് എന്നു കണ്ണുകൾ ചിമ്മുന്നു.
8. താഴമ്പൂ
1
കോവിൽക്കൽത്തൂണിൽ കൊത്തിവെച്ച
തന്റെ കറുകറുത്ത ഉടൽ
നേരം തെറ്റിയ പാതിരകളിൽ അവൾ
തടാകത്തിൽ നീന്താൻ വിട്ടു.
തടാകം ഉണർന്നു.
സ്വസ്ഥത നഷ്ടപ്പെട്ട സർപ്പങ്ങൾ
വേഗം നീന്തി താഴംപൂക്കൾക്കുള്ളിൽ
പോയിച്ചുരുണ്ടു.
2
പൗർണമി രാത്രികളിൽ
അവളുടെയുടൽ
താഴമ്പൂമണമേറിക്കിടക്കുന്നു.
അന്നത്തെ രാത്രിക്കുമേൽ മഞ്ഞ്
നിശ്ശബ്ദം കനത്തു പൊഴിയുന്നു.
3
ഉണക്കിസ്സൂക്ഷിച്ച താഴമ്പൂക്കൾ വെച്ച
ഒരലമാരിയിൽ
അവൾ
തന്റെ വസ്ത്രങ്ങൾ അടുക്കി വെച്ചിരിക്കുന്നു.
മഞ്ഞുകട്ട വിഴുങ്ങിയ പോലെ
അവളുടെയുടൽ
വിറച്ചുപോകുന്ന നാളുകളിൽ
തന്റെ വിടർന്ന മിഴികളിൽ മയ്യെഴുതി
ചുണ്ടുകളിൽ ചെഞ്ചായമേറ്റി
മദം പിടിപ്പിക്കുന്ന നറുമണമുള്ള
വസ്ത്രമൊന്നണിയുന്നവൾ.
ആ രാത്രി
അവൾ വസിക്കുന്ന നഗരത്തിലെയാണുങ്ങൾ
മദം പൊട്ടിയ ആനയെപ്പോലെ
കലങ്ങിമറിഞ്ഞലയുന്നു.
4
മുട്ടറ്റം നീളുന്ന തന്റെ കരിങ്കൂന്തലിൽ
അവൾ താഴമ്പൂ വെച്ചു ചേർത്തു പിന്നുന്നു.
അവ എപ്പോഴുമവളെ
ഒരു ചുടുനീരുറവ പോലെയാക്കിയിരുന്നു.
അവളുടെ കണ്ണുകൾ തളർന്ന്
വിദൂരങ്ങളിൽ തറഞ്ഞു.
ചുണ്ടിൻ നിരകൾ നനവറ്റു വിണ്ടുപൊട്ടി.
കൈകൾ മെലിഞ്ഞു വളകളഴിഞ്ഞു വീണു.
അവൾ നടക്കുമ്പോൾ
കാലുകൾ തറയിൽ തൊടുന്നില്ലെന്ന്
നാട്ടുകാർ രാത്രികളിൽ
പരിഭ്രാന്തരായ് അടക്കം പറഞ്ഞു.
5
താഴമ്പൂക്കളറ്റു പോയ കാലത്തെ
അവൾ കണ്ടതേയില്ല.
പിറവി തൊട്ടേ
താഴമ്പൂക്കൾ അവൾക്കൊപ്പം കഴിഞ്ഞു.
താഴമ്പൂക്കൾ പിഴിഞ്ഞ്
മദ്യം പോലവൾ കുടിച്ചിരിക്കുന്നു.
താഴമ്പൂക്കളെ താംബൂലം പോലെ
നുണഞ്ഞു ചവച്ചിരിക്കുന്നു.
അവയെ സുഗന്ധചൂർണ്ണമായ് മേനിയിൽ പൂശി
കുളിച്ചിരിക്കുന്നു.
തന്റെ ശയ്യയിൽ
ഉണങ്ങിയ താഴമ്പൂക്കൾ വിതറിയേ
അവളുറങ്ങുന്നു.
താഴമ്പൂക്കൾ
അവൾക്കായ് വാടാത്ത യൗവനം
കാറ്റിൽ ചുമന്നു വരുന്നു.
താഴമ്പൂക്കളറ്റ കാലത്തെ
അവൾ കണ്ടതേയില്ല.
താഴമ്പൂക്കളറ്റ കാലത്തിൽ
അവൾ വാണതേയില്ല.
9. ദുസ്വപ്നം പോലുള്ള ഒരു പാട്ടെഴുതി അതെനിക്കു സമ്മാനിച്ചു പോയ ക്രി.മു. രണ്ടാം നൂറ്റാണ്ടിലെ ഒരു നാടോടിയെപ്പറ്റിയുള്ള കുറിപ്പ്
നടക്കുമ്പോൾ അവന്റെ കാലടികൾ ഭൂമിയെ അമർത്തി മേലേക്കുയരുന്ന സമയം അവിടെ കറുത്ത പൂ വിരിയുന്നതു കണ്ട പെണ്ണൊരുത്തിയേയും, പറവകളെ നോക്കി ഒച്ചയിട്ടോടിയ അവൻ മെല്ലെ മെല്ലെ ഒരു വിമാനം പോൽ മേലേക്കുയർന്നു പറന്നതു കണ്ട ഇടയച്ചെറുക്കനൊരുവനേയും അവൻ കരഞ്ഞപ്പോൾ അവന്റെ കണ്ണിൽ നിന്നും ഉൽക്കകൾ കത്തിയുതിരുന്നതു കണ്ട ഒരു കുട്ടിയേയും യഥാക്രമം ഇളംനീല, പച്ച, വെള്ളക്കല്ലുകളായ് മാറ്റി തന്റെ മോതിരത്തിൽ പതിച്ച കഥ പറഞ്ഞ് തന്റെ വിരലുകൾ കാട്ടി കറുത്ത ചുണ്ടുകളിൽ ആഹ്ലാദം വഴിയുമാറ് അവൻ ചിരിച്ചു. തടാകത്തിന്റെ തിട്ടുപോലെ വെള്ളം നിറഞ്ഞ നിന്റെ കണ്ണുകൾക്കായ് കൂടി, ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത വാക്കുകളാൽ ഒരു പാട്ടു കെട്ടിത്തരാം ഞാൻ. കൊടും വേനലിൽ ഈ പാട്ട് നിന്റെ പാദങ്ങൾക്കടിയിൽ തണലായ് വിരിയും. കൊടുംമഞ്ഞിൽ അതു നിന്റെ വായിൽ ചെറിയ സമചതുരാകൃതിയുള്ള മഞ്ഞുകട്ടകൾ തിരുകിവെയ്ക്കും. പെരുമഴക്കാലങ്ങളിലോ അതു നിന്നെ വേരോടു ചായ്ച്ചു പിടിച്ചുലച്ച് തന്നിലേക്കു വലിച്ചു കൊണ്ടുപോകും. ഈ പാട്ട് ഞാൻ കിറുകൃത്യമായി നിനക്കു സമ്മാനിക്കുന്ന ഞൊടിയിൽ നിന്റെ സ്വസ്ഥതയും സംതൃപ്തിയും നിന്നെ വിട്ടകലും. നിന്റെ യൗവനങ്ങളും രൂപസൗന്ദര്യങ്ങളും തീയിൽ ചുട്ടെടുക്കുന്ന കൊഴുത്ത പന്നിയുടെ വയറ്റിറച്ചി പോലെ ഉരുകിപ്പോകും. നിന്നെ ഈ പാട്ട് ഉന്മത്തമാക്കി, ആരുമില്ലാത്ത പാഴ്നിലങ്ങളിൽ എന്റെ പേരു പുലമ്പിക്കൊണ്ട് എപ്പോഴുമലയാൻ വിടും. "സമ്മതമാണോ" എന്നവൻ ചോദിക്കുന്നു. അവന്റെ നീണ്ട ശരീരത്തിൽ, വിരിഞ്ഞ മാറിൽ ചാഞ്ഞ് അവന്റെ മായിക വശ്യത തികഞ്ഞ കണ്ണുകൾ നോക്കി ഞാൻ സ്വപ്നത്തിൽ സംസാരിക്കുംപോലെ ശരി എന്നു പറയുന്നു. അങ്ങനെയാണ് ഞാനെഴുതിയ കൺമഷി തൊട്ട് അവൻ ആ പാട്ട് എഴുതിയത്.
ചന്ദ്രാ തങ്കരാജ് കവിതകൾ
1. ആടുകളെ കഴുതകളാക്കി അല്ലെങ്കിൽ ദൈവമാക്കി മാറ്റൽ
ഞാൻ മരത്തിനടിയിൽ ചാഞ്ഞിരുന്നപ്പോൾ
ജീവിതം അത്രമാത്രം അത്ഭുതകരമായിരുന്നില്ല.
എന്നെ നോക്കി അവൻ വന്നപ്പോഴാണ്
അത്ഭുതങ്ങൾ തുടങ്ങിയത്.
"ഞാൻ നിന്നെത്തന്നെ ശ്രദ്ധിച്ചിരുന്നപ്പോൾ
വിട്ടുപോയ നക്ഷത്രങ്ങൾ തിരിച്ചു താ",
അവൻ പറഞ്ഞു.
എപ്പോൾ?
ഞാൻ കണ്ണു മിഴിച്ചു.
"ഇരുപതു കൊല്ലം മുമ്പ്
ഇതേ പൂവരശു മരത്തിനടിയിൽ വെച്ച് "
അന്നേരം ഞാൻ
മരത്തെച്ചുറ്റി കളിക്കുകയായിരുന്നു.
ആ ചെരിഞ്ഞ നിലത്തിനു താഴെ നീർച്ചാല്.
ഇവിടെ
ഭാഗ്യക്കുറി ടിക്കറ്റുകൾ തൂങ്ങുന്ന
മഞ്ഞനിറമുള്ള പെട്ടിക്കട.
സഹിക്കാൻ വയ്യാത്ത കാലു വേദനയോടെ
ഒരു വൃദ്ധ മക്കാച്ചോളം വിൽക്കുന്നു.
ആൽമരക്കൊമ്പിലൂഞ്ഞാലാടിക്കൊണ്ട്
നാമതു കടിച്ചു തിന്നു.
എല്ലാം ഓർമ്മയുണ്ടെങ്കിലും
ഏയ് ഭ്രാന്താ, ഇതെല്ലാം
നിൻ്റെ ദൈവത്തോടു പോയിച്ചോദിക്കൂ
എന്നു പറഞ്ഞു ഞാൻ.
"ചോദിച്ചില്ലെന്നോ?
ദൈവം ഒന്നും ഓർമ്മയില്ലാത്ത കഴുത.
അതിൻ്റെ ഓർമ്മയിൽ ഒന്നുമില്ല.
താനൊരു കഴുതയായതുപോലും
അതു മറന്നിരിക്കുന്നു."
അവൻ പറഞ്ഞു.
ഇക്കാലത്താരും കഴുതയെ വളർത്താറില്ല മണ്ടാ,
ഭാരം ചുമക്കുന്നത് അവ നിറുത്തിയപ്പോൾ
മനുഷ്യരവയെ വളർത്തുന്നതും നിറുത്തി.
ഏറ്റവുമൊടുവിൽ ഇതിലേ ചുറ്റിത്തിരിഞ്ഞ
കിഴട്ടു കഴുതയും
വെള്ളമില്ലാത്ത കിണറ്റിൽ വീണു ചത്തുപോയി.
അതേ സമയം
ഭാരം ചുമക്കാൻ വേണ്ടത്ര മനുഷ്യരും ഇവിടില്ല.
ആടുകളെ വളർത്തിക്കൊണ്ടിരിക്കുന്ന
ആ വയസ്സന്മാരല്ലാതെ.
"അവരിവിടെ
എന്താ ചെയ്തു കൊണ്ടിരിക്കുന്നത്?"
ആടുകളെ കഴുതകളാക്കി മാറ്റാനുള്ള
പരിശ്രമത്തിലാണ്.
"നീ ഇവിടെ
എന്താ ചെയ്തു കൊണ്ടിരിക്കുന്നത്?"
കഴുതയാവാൻ കാത്തിരിപ്പാണു ഞാൻ.
വാ, എൻ്റെയരികിലിരിക്ക്.
നമുക്കൊന്നിച്ചു കഴുതകളാവാം.
2. കാടുമേയൽ
മലയടിവാരത്തിൽ
വിറകെടുത്തുകൊണ്ടിരുന്നവൾ
വഴിതെറ്റി
ചക്രവാളത്തിലേക്കു കയറിപ്പോയ്.
അവൾ താഴേക്കിറങ്ങാനുള്ള മന്ത്രച്ചൊല്ലുകൾ
മേച്ചിൽപ്പുറത്തെ തീറ്റപ്പുല്ലുകളിൽ
പതിഞ്ഞു കിടക്കുന്നു.
പശുക്കളവ സാവകാശം ചവച്ചു തിന്നുന്നു.
3.കുരുമുളക്
അഞ്ചു മൈൽ ദൂരം നടക്കണം.
ചെറുമലക്കു മറുപുറത്താണ് അവളുടെ പള്ളിക്കൂടം.
വിരലുകൾകൊണ്ടു മെല്ലെ
മലയെ തൊട്ടു നീക്കി അവൾ
അതൊരു കുരുമുളകു മണി പോലെ
ഉരുണ്ടു മാറുന്നു.
ഇങ്ങനെയാണ്
എന്നും ഒറ്റക്കുതിയ്ക്ക്
മല കടക്കുന്നത്
മായാറാണി.
4. ഞാൻ എന്തെന്നു നിങ്ങൾ പറയുന്നുവോ
അതായിത്തന്നെയിരിക്കുന്നു എപ്പോഴും.
വലിയമ്മ പറഞ്ഞു:
"നീ ജനിച്ചപ്പോൾ കറുത്ത എലിക്കുഞ്ഞു പോലിരുന്നു"
അപ്പോൾ തൊട്ട്
പൂച്ചകളെക്കണ്ടു ഞാൻ പേടിച്ചു.
അപ്പൻ ഒരു നായയെ വളർത്താൻ തന്നു.
പൂച്ചകൾ എന്നെക്കണ്ട് ഓടി.
മുയൽക്കുഞ്ഞിൻ്റെ ചോര
അവരെൻ്റെ തലയിൽ തേച്ചു.
മലന്തേനും മുള്ളൻപന്നിമാംസവും
വല്ലപ്പോഴും മൂടിയിൽ ഊറ്റി സ്വല്പം കള്ളും തന്നു.
പന്ത്രണ്ടു വസന്തകാലങ്ങൾ കഴിഞ്ഞു.
വലിയമ്മ പറഞ്ഞു:
"നീ കുതിരക്കുട്ടിയെപ്പോലിരിക്കുന്നു"
5. മായ ഇഴ
പാവാടയിൽ പറ്റിയ രക്തക്കറ
മലഞ്ചോലയിൽ കഴുകുന്നു പെൺകുട്ടി.
അവൾ തേയ്ക്കെത്തേയ്ക്കേ
പാവാടയുടെ വെള്ളരിപ്പൂക്കൾ
പറന്നു പോകുന്നു.
പൂക്കളെ ഓടിയോടിപ്പിടിക്കാൻ
കയ്യിലടങ്ങാതെ പറക്കുന്നു പൂക്കളറ്റ പാവാട.
അതുനോക്കിക്കരഞ്ഞുകൊണ്ടവൾ
വീട്ടിലേക്കോടുന്നു.
വഴിയെങ്ങും പലനിറപ്പൂക്കൾ
നാലുപാടും പറക്കുന്നു.
ഗ്രാമത്തിലെ മുഴുവൻ പെണ്ണുങ്ങളും
പൂക്കൾക്കു പിറകെയോടുന്നു.
അമ്മയും തൻ്റെ സാരിപ്പൂക്കൾ
പിടിക്കാനോടുന്നതു നോക്കി നിൽക്കുന്നു
പെൺകുട്ടി.
6.മുറി ഒഴിവില്ല
ലോഡ്ജുകാർ
അവരുടെ ഐഡന്റിറ്റി കാർഡ് പരിശോധിച്ചു.
അവന്റെ കാൽക്കീഴിൽ നിന്നു പെരുകിയ കടലും
അവളുടെ കാൽക്കീഴിൽ നിന്നുയർന്ന മലയും
കണ്ടു വിരണ്ട്
നിങ്ങൾ ശരിയല്ലാത്ത ജോടി,
മുറി ഒഴിവില്ല എന്നു പറഞ്ഞു.
അവർ അവിടുന്നിറങ്ങേ,
കടലും മലയും നായ്ക്കുട്ടി പോലെ
അവരോടൊപ്പം വന്നു നടുറോട്ടിലിരുന്നു.
വരം പിൻവലിച്ച അവയെ അവിടെയുപേക്ഷിച്ച്
അവർ മേച്ചിൽപ്പുറം നോക്കിപ്പുറപ്പെട്ടു.
7 പച്ചത്തിണപ്പക്ഷി
എവിടെയായിരുന്നെന്നു ചോദിക്കാതെ.
ഇവിടെത്തന്നെ ഞാൻ രണ്ടായിരം കൊല്ലമായ്
കാടിന്റെ പാട്ടുകൾ പാടിയിരിക്കുന്നു.
ആണ്ടാണ്ടുകാലപ്പഴക്കമുള്ള സൂര്യൻ
ദിവസവുമെനിക്കു പിറവി നൽകുന്നു.
കുളിർത്ത മലയിലെന്നരികിലിരിക്കുവിൻ
കാട്ടുവെൺനെല്ലരിച്ചോറിനൊപ്പം
കള്ളുകുടിച്ചീ രാവു കടക്കും നാം
8. തേൻകടന്നൽ
തേൻ കുടിച്ച ലഹരിയിൽ
ജനലിൽ തട്ടിത്തട്ടി
നൃത്തമാടിക്കൊണ്ടിരുന്നു
മലന്തേനീച്ച...
ജനൽ തുറന്നു ഞാൻ നാക്കു നീട്ടി
തീവ്രമായ് വിഷവും തേനും ഉള്ളിലേക്കിറങ്ങി.
തേൻ ചുരക്കുന്ന കുഞ്ഞുങ്ങളെ
പെറ്റു വളർത്തി ഞാൻ
പിന്നീട് പൂക്കളെൻ കുഞ്ഞുങ്ങളെത്തേടി
പറന്നു വന്നു.
9. മലയെ ചെരിപ്പായ് അണിയൽ
എപ്പൊഴും മലകൾക്കു മേലേ
നടന്നുകൊണ്ടിരിക്കുന്നു ഞാൻ
മലയും മെല്ലെ നീങ്ങിക്കൊണ്ടിരിക്കുന്നു.
പാറപ്പുറത്തെന്റെയാടുകൾ കിടന്നുറങ്ങുന്നു.
മഞ്ഞുമൂടിക്കിടക്കുന്നു വീട്
ഞാനോ ദൂരത്തു തന്നെ നിൽക്കുന്നു.
ഏകാന്തതയുടെ നീളൻ കാല്പടത്തിന്മേൽ
എന്റെ സ്വപ്നങ്ങൾ പിറുപിറുത്തലയുന്നു.
എല്ലാത്തിനും കാരണം നിന്റെ തലവിധി,
അവർ പറയുന്നു.
അതു മാറ്റാനായി
എന്റെ വലതു കൈരേഖകൾ ഇടതു കൈ കൊണ്ടും
ഇടതു കൈരേഖകൾ വലതു കൈ കൊണ്ടും
അഴിച്ചുകൊണ്ടേയിരിക്കുന്നു.