പടലം 28
1
ഉണർത്തുവതിനകത്തു കയറാൻ വാതിൽ വഴിയേ
വരുമളവിൽ നിശ്വാസവായുവിടയുമ്പോൾ
ഇടതടവെഴാതെ കയറീടുവതിനാകാ -
തുയരമളവറ്റ മതിൽ ചാടിയവർ ചെന്നു
2
ചെന്നവരിറച്ചി,തെളിപാലു,ജല,മന്നം
കുന്നളവു വെച്ചു പലതും കുറവു തീർത്ത്
എന്നുമൊടുങ്ങാ വിധമിതൊക്കെയുമൊരുക്കി
വന്നതിനു ശേഷവുമിവക്കറുതിയില്ലേ
3
ഇല്ലിവനു വേണ്ടുമളമൊന്നുമിവയെന്നു -
ള്ളല്ലൽ കഴിയുംപടിയടക്കിയൊഴിവാക്കി
നല്ല കളഭങ്ങൾ നറുമാലയിവകൊണ്ടേ
മെല്ലെയവർ വന്നുടലിൽ മെല്ലെയണിയിച്ചു
4
അണിയിച്ച ശേഷമവരവനെ സ്തുതിച്ചൂ
നമസ്കരിച്ചു പല പരിചു പാട്ടുകൾ പാടി
ഗുണം കിളർന്ന വീണ കുഴിതാളം മധുരച്ചൊ -
ല്ലിണങ്ങിയ നൽ തണ്ടിവ ഹിതത്തൊടെ കലർത്തി.
5
ഹിതത്തിലിടിയൊത്ത പടഹം, മരം, നിഴാണം
കുതിച്ചറയും മദ്ദളങ്ങൾ, കൊമ്പു, തുടി, ശംഖം
മതിമറന്നു രസിച്ചവരടിച്ചു മദമോടേ -
യിതിനുമുണർന്നീലയിവനെന്തു വഴിയെന്നാർ
6
എന്തു വഴിയെന്നു മര, മീട്ടി, ഗദ, തണ്ടും
കുന്തങ്ങളിരുമ്പെഴുകു കൂടങ്ങളുമേന്തി
അന്തകനെയെന്ന വിധമടിച്ചുമുണരാഞ്ഞി -
ട്ടെന്തിതിനു ചെയ് വതിനിയെന്തു വഴിയെന്നാർ
7
എന്തു വഴി ചെയ്യുമിനിയെന്നിവനുടേ പേർ
വൻ ചെവികളുള്ളിലുച്ചത്തിൽ വിളികൂട്ടി
നീണ്ടുയരമുള്ള കുടമൊക്കെയൊലി കൂട്ടി
പിന്നെയും പിന്നെയുമുടൻ ജലം ചൊരിഞ്ഞു
8
ചൊരിഞ്ഞ മഴക്കൊപ്പമിടിയൊച്ച തുടരും പോൽ
കരഞ്ഞലറി കടലിനിടരേകി നിശിചരന്മാർ
ഗജനിരകളൊട്ടകങ്ങൾ കുതിരകളുമവന്റെ
നീളുടലിലേറി നടന്നാരിടവിടാതെ
9
ഇടവിടാതൊട്ടകങ്ങൾ മദവാരണങ്ങൾ
തടിയെഴും കഴുതകൾ കുതിരകളുമടലിൽ
തിളങ്ങും പതിനായിരമരക്കരും മെയ് മേൽ
നടന്നോടി, നയനമവനിളകിയേയില്ല.
10
ഇളകുമാറുലകേഴും കുംഭകർണ്ണന്റെ
പുളകിതമെഴുന്നേറ്റ രോമങ്ങളെല്ലാം
വളർ കൈകൾ കൊണ്ടു മദയാനകൾ വലിച്ചൂ
തളരും വരേക്കു,മുടൽ തെല്ലുമിളകീലാ
11
ഉടലുടയുമാറുടൻ നിശാചരവരന്മാർ
കൊടും മലകൾ പോലുയർന്ന ഗജനിരകളോടും
നെടിയൊരിരുമ്പുലക്കയതു കൈകളിലെടുത്തി -
ട്ടുടൻ ചുഴലെ നിന്നു കനമോടവരടിച്ചു.
No comments:
Post a Comment