Saturday, November 4, 2023

സൂര്യന് ഒരു കതിര്

 സൂര്യന് ഒരു കതിര്



സ്കൂൾ വരാന്തയിൽ
കുട്ടികൾ തകർക്കില്ലെന്നുറപ്പുള്ള ഒരു വസ്തു
ഈ നിലക്കണ്ണാടി.
ടീച്ചർമാരെത്ര കൊച്ചാക്കിയാലും
അതിനു മുന്നിൽ നിൽക്കുമ്പോൾ മുതിർന്നു കാണുന്നു.

കണ്ണാടിക്കു ചുറ്റും ചുമരിൽ
വിരലു തൊട്ടു വരച്ച പോലെ
എണ്ണമറ്റ ചുവന്ന വരകൾ.
ചെങ്കതിരുകൾ പൊഴിക്കുന്ന സൂര്യനാക്കുന്നു
കുട്ടികളതിനെ.

തലയുയർത്തിയൊന്നു നോക്കിയതും
എല്ലാ കുട്ടികളുടെ ചുണ്ടും ചുകന്നു കാണപ്പെട്ട
ഒരു ക്ലാസിനു ശേഷം പുറത്തിറങ്ങിയപ്പോൾ
വരാന്തയിൽ കണ്ണാടിക്കു മുന്നിൽ
നിൽക്കുന്ന രണ്ടു കുട്ടികൾ
അധികം വന്ന ലിപ്സ്റ്റിക്
വിരലിലെടുത്ത് ചുമരിൽ തേയ്ക്കുന്നു.

സൂര്യന് 
ഇപ്പോൾ 
ഒരു ചെങ്കതിരു കൂടി.

No comments:

Post a Comment