അമ്മേ....
അമ്മ മരിക്കും മുമ്പേ വീടിൻ
മുന്നിലെ റോട്ടിൽ വിദ്യുത്കമ്പിയിൽ
എന്നുമിരിക്കാറുണ്ടിത് സന്ധ്യ -
യെരിഞ്ഞു തുടങ്ങും മുമ്പുമുതൽക്കിരുൾ
വൈദ്യുത കമ്പിയെ, വീടിനെ, റോഡിനെ -
യാകെ വിഴുങ്ങും നേരം വരെയും
അമ്മക്കതിനെക്കണ്ടാലെപ്പൊഴു-
മോർമ്മവരുന്നതു തന്നമ്മൂമ്മയെ.
അഞ്ചാറാണ്ടുകൾ മുമ്പു മരിച്ചോ -
രെന്നച്ഛൻ, തൻ ഭർത്താ,വെന്നും
തന്റെ കുടുംബം കാണാനായി
കാകൻ വടിവിൽ വരുന്നെന്നമ്മ
നിനക്കുന്നില്ലയൊരിക്കൽ പോലും
സ്വന്തം മകളുടെ സുഖമന്വേഷി -
ച്ചമ്മ വരുന്നെന്നും കരുതീല
താൻ കാണാത്തൊരു തന്നമ്മൂമ്മ
വിരുന്നു വരുന്നൂ നിത്യവുമത്രേ
അമ്മ മരിച്ചു കഴിഞ്ഞിട്ടിപ്പൊഴു-
മവിടെത്തന്നെയിരിക്കുകയാണത്
തന്നേകാന്തത കൊണ്ടീ ഭൂമിയി -
ലിരുളു നിറപ്പൂ താനെന്നോണം.
അതിനു പ്രകോപനമുണ്ടാക്കാൻ ഞാ -
നമ്മേയെന്നു വിളിക്കുകയായീ....
No comments:
Post a Comment