പടലം 23
1
നുറുങ്ങിപ്പോയ് മഹാനാദനെന്നറിഞ്ഞൊരു
ഞൊടിയിടക്കകം മലകൊണ്ടെറിഞ്ഞിട്ട -
ങ്ങറിവിന്റെ നിധിയായ നൽ കുംഭഹനുവിന്റെ
ഉടലിൽ നിന്നുയിരു വേർപെടുത്തീ മൈന്ദൻ
കരുത്തുള്ള പടയൊടമാത്യർ നാൽവരും
തെളുതെളെയിളകിയ തേരിനൊടൊപ്പം
പൊരുതുവതിനിടെ മുടിഞ്ഞപ്പോഴുള്ളി -
ലരിശം രാവണനാറു മടങ്ങു വളർന്നു.
2
വളഞ്ഞു കതിർ ചൊരിയും വില്ലുമായ് കാറ്റു -
മടങ്ങുന്ന നടയുള്ള തേരുമായ് മന്നി -
ലളവുമൊരറുതിയുമറ്റതായിടും
പടയുമായ് കപിവരരെത്തുരത്തിയും
ചിതറിടുമൊളിയൊടെയപ്രഹസ്തൻ വ -
ന്നണവതു കപികുലവീരൻ നോക്കിനാൻ
അഴകൊടു ബലവുമിണങ്ങിടും നീലൻ
അരികൾ തന്നുടൽ പൊടിയാക്കും കൈയ്യുള്ളോൻ
3
അടരിനിടയിൽ കപിവീരരോടു പോ-
രടിച്ചു വന്നണഞ്ഞ നിശാചരന്നുടെ
തലയിൽ വൻമലമുടികൊണ്ടെറിഞ്ഞുടൻ
അലറിയൊന്നൊലിയെഴുമാറു നീലനും
തുരുതുരെ ശരമഴ പെയ്തു മാമല
നനുനനെയരിഞ്ഞുടൽ മൂടിയമ്പിനാൽ
ഇടിയൊലിസമമലറീ പ്രഹസ്തനാ-
സ്സുരരുടെയരികളിൽ മുമ്പനായവൻ
4
പക പെരുകിയ കപിരാക്ഷസപ്പട
പലവകയിടയിടെ വാഹനങ്ങളും
അടരിലുടൽ പിളർന്നു പോന്ന ചോര പെയ് -
തിടകലർന്നൊഴുകും നദിപ്പരപ്പിലായ്
മുഖനിര താമര, മുത്തു നന്മണൽ
മുതലകൾ പടയുടൽ, പായൽ നെയ് വല
മകരമീൻ കൊടി, കുട താമരയില
മദഗജമതിലുള്ള കല്ലുമെങ്ങുമേ.
5
എങ്ങുമന്നിശിചരൻ വിട്ടൊരമ്പുകൾ
എന്നുടലേറിയ ദുഃഖമില്ലെനി-
ക്കങ്ങനെ മരുവിയ കപിവരൻ മരം
കൊണ്ടടിയേൽക്കെ തകർന്നു വാജികൾ
പൊങ്ങിയ കൊടിയൊടു മണ്ണിൽ വീണുപോയ്
പോരിലുലക്കയുമായെഴുന്നേറ്റി -
ട്ടങ്ങുടനവനിതൻ മീതെ രാക്ഷസൻ
അന്തകനെപ്പോൽ കോപത്തോടെ ചാടീ
6
ചാടിയ നിശിചരനെക്കോപം പെരു-
തായുള്ള കപിവരൻ മാമരം കൊണ്ടു
മാറിടമുടഞ്ഞിടുംമാറടിച്ചപ്പോൾ
വാടിയോരുടലുമായ് മണ്ണിൽ വീണു, പി -
ന്നാരെന്നെദ്ദു:ഖിപ്പിച്ചീടുന്നുവെന്നു വ -
മ്പേറിയ മുസലവുമായണഞ്ഞവൻ
ആവോളമുഴറിയടിച്ചതൊന്നിലും
ആദരമധികം വന്നീല നീലന്.
7
നീലനെ മുസലമെടുത്തടിച്ചൂ
കീർത്തിമാൻ പ്രഹസ്തനാ മാറിടത്തിൽ
ചോലയിലെ വെള്ളം ചാടും മാതിരി
ചോര പെയ്തുടലിലെല്ലാമണിഞ്ഞവൻ
ജടയിൽ പാലൊളിച്ചന്ദ്രനുള്ള ദേവനു
കിടയുള്ളോരഗ്നിപുത്രൻ നീലൻ പടയൊടു
കൂടിവന്നടരിൽ പ്രഹസ്തനെപ്പെരും
കാൽ കരം മരമിവ കൊണ്ടടിച്ചു.
8
അടിച്ചവർ മുസല,മുരസ്സ്, കൈ, കാൽ
തല,പല്ല്, നഖം,മരമെന്നിവയാൽ
പൊരുതിടുമിരുവർതന്നുടലുകളും തിരി-
ച്ചറിയുവാൻ കഴിയുന്നതില്ല തമ്മിൽ
എറിഞ്ഞു പെരുത്ത ശിലകൊണ്ടു നീലനും
ഉടലിലതേറ്റുടനേ പ്രഹസ്തനും
ചിതറിയ ദേഹത്തോടെ മണ്ണിൽ വീണൊരു
ഞൊടിയിടക്കുള്ളിൽ യമലോകം പുക്കിതു
9
യമരാജനിലയമവൻ പ്രവേശിച്ചു
മദമേറും കപിവരരെബ്ഭയപ്പെട്ടു
മറഞ്ഞിതു കൊടിയ നിശാചരപ്പട
നഗരത്തിനകത്തു കടന്നുടൻ തന്നെ
അവർ പറഞ്ഞറിഞ്ഞു ലങ്കേശൻ രാവണൻ
അടരിനിടയിൽ പെരുംവീരൻ പ്രഹസ്തന്റെ
കരുത്തേറുമുടലു പൊടിഞ്ഞു വീണത്,
മുഴുത്തിതവന്റെയുള്ളിലേറ്റമരിശം
10
അരിശം മുഴുത്ത രാക്ഷസേശ്വരൻ കനൽ
ചിതറുന്ന നയനങ്ങളോടെഴുന്നേറ്റു
ഇനിയരുതവർ വിളയാട്ടു കാണുവാൻ
നിശിചരർ മിക്കവരും പോരിൽ മരിച്ചു പോയ്
ഉലകിലൊരന്യനെതിർത്തിടാത്ത ഞാൻ
മനുജരിലരചനെതിർത്തണയുകിൽ
അവനുടെയഹമ്മതി തീർക്കുമെന്നുള്ള
വചനവുമുരചെയ്തു തേരിലേറിനാൻ
11
തേരിൽ നിശാചരരാജൻ രാഘവ -
ദേവനൊടടർ തുടരാൻ നടന്നപ്പോൾ
ആരുമന്നഗരത്തിലില്ലെന്നു തോന്നുമാറു
മുന്നിൽ നടന്നു വന്നു വൻപടയാളികൾ
കാറ്റിനോടിടഞ്ഞതിവേഗം നടന്നെത്തി
ഗോപുരവാതിലവർ പിന്നിട്ട നേരത്ത്
രാമനോടാദരവോടെയടുത്തു ചെ-
ന്നാരെല്ലാമവരെന്നു ചൊന്നു വിഭീഷണൻ
No comments:
Post a Comment