Saturday, November 18, 2023

പടലം 26

 പടലം 26


1
മീതെ നൃത്തമുതിർത്തൊരാക്കപിവീരനെശ്ശരമെയ്തട -
ക്കീടുവാനരുതാഞ്ഞു പാവകമമ്പെടുത്തു തൊടുക്കയായ്
പൂതിയോടവനെയ്തതേറ്റു കരുത്തുകെട്ടു ചുരുണ്ടുപോയ്
ഭൂവിൽ നീലനടിഞ്ഞു,ദേവവിരോധി പോരിൽ വിളങ്ങിനാൻ

2
പോരിലാകെ വിളങ്ങുമാറിടിപോൽ മുഴക്കമുയർന്നിടും
തേരൊടും പടയോടുമൊത്തു തിളച്ചു വന്ന സുരാരിയോ -
"ടാരെ നോക്കി നടപ്പു സങ്കടമേറുമാറിതിലൂടെ നീ?"
വീരവാരിധി ലക്ഷ്മണൻ കളിയാക്കിടുന്നു തടുത്തുടൻ

3
തടുത്തുരച്ചതിനുത്തരം തരുകില്ല നിന്നൊടു നാവെടു-
ത്തുരച്ചിടുന്നതിനല്ലലുണ്ടിതു കേൾക്ക ബുദ്ധിവിഹീനനേ
അടരിനെത്തുകിൽ നിന്നെയന്തകപുരിയിലാക്കുവതുണ്ടു ഞാൻ
അടച്ച കണ്ണു തുറന്നിടും മുമ്പെന്നു രാവണനോതിനാൻ

4
ഓതി ലക്ഷ്മണനപ്പൊ"ളിപ്പടി നല്ലവർ പറയില്ലെടോ
കീർത്തി തീരെയെഴാത്തവർക്കിതു ശോഭയായിടുമെന്നുമാം
വിൽപിടിച്ചു ശരം പൊഴിച്ചടരാടിടുന്നു മികച്ചവർ
നീ പറഞ്ഞതു പോട്ടെ,യായുധമേന്തിയുള്ളടരില്ലയോ?"

5
ഇല്ലാതായ് മുടിയാനെന്നോടടരാടിടും നിന്നൊടുത്തരം
ചൊല്ലുമാറു വരുന്നിതെന്നുടെ വില്ലു വിട്ടു ശരങ്ങളും
നില്ലു നില്ലിതുരച്ചുകൊണ്ടു നിശാചരൻ കണ തൂകവേ
വെല്ലുവാൻ കൊടിയും മുറിച്ചു മറുത്തു ലക്ഷ്മണനെയ്കയായ്

6
എയ്തുവിട്ട ശരങ്ങളൊക്കെ മുറിച്ചു ലക്ഷ്മണനെറ്റിമേൽ
ശക്തിയോടെയൊരമ്പു കൃത്യമയച്ചു രാവണനപ്പൊഴേ
പാഞ്ഞു കേറിയ നെറ്റിയോടെ സുമിത്രതൻ സുതനമ്പിനാൽ
വിൽ മുറിച്ചു നിശാചരന്നു മനസ്സിലാധി വളർത്തിനാൻ

7
ആധിയേറിയ രാക്ഷസൻ കടുകോപമോടൊരു വേലുമായ്
ചാടവേയവനായതില്ല ശരങ്ങളെയ്തതറുക്കുവാൻ
ഇടമെഴും തിരുമാറിൽ വേലതു പാഞ്ഞുകേറിയൊളിക്കവേ
ഇളയരാജനടർക്കളത്തിൽ പതിച്ചു, ദേവർ വിഷണ്ണരായ്

8
ദേവശത്രു പതിച്ച ലക്ഷ്മണവീരനെത്തൻ കൈകളാൽ
വാരുവാൻ മുതിരേയിളക്കരുതായിതാ തിരുമെ,യ്യവൻ
മാറിടത്തിൽ കുമാരനാലടികൊണ്ടു മണ്ണിൽ മലർന്നുവീ -
ണങ്ങെണീറ്റു നടന്നു വാനരവീരർ വന്നണയും മുന്നേ

9
വന്ന മാരുതി വാരി മെല്ലെയെടുത്തു രാമനു മുന്നിലായ്
പോരിൽ വീണ കുമാരനെ മധു വാർന്ന പൂവു കണക്കിനേ
വയ്ക്കെ,യന്തക വേലവന്നുടെ മാറിൽ നിന്നുമുയർന്നതാ
വന്ന പോലെ നിശാചരേന്ദ്ര രഥത്തിലേക്കു തിരിച്ചു പോയ്

10
പോയതും ശരചാപമേന്തിയടുത്തു വന്നു തടുത്തു മുൻ
ചാടി രാഘവനോതിയിങ്ങനെ: "നില്ലു നില്ലു നിശാചരാ,
പേടമാൻ മിഴിയെക്കവർന്ന നിനക്കു പിന്നിൽ വരാനെനി-
ക്കാടിമാസമടുക്കയാലരുതാഞ്ഞു, വീണ്ടുമണഞ്ഞു ഞാൻ

11
വീണ്ടെടുക്കുവതാരു നിന്നെ വിരിഞ്ചനോ ശിവനോ കരു -
ത്തേറും പാവകനോ ദിവാകരനോ പുരന്ദരനോയിനി?
വേണ്ടതൊന്നിതു മുന്നിൽ വന്നു വെളിപ്പെടേണമെനിക്കു നീ-
യാണ്ടൊരെണ്ണമടുത്തു കാൺമതിനാശ പൂണ്ടു കടന്നുപോയ്



No comments:

Post a Comment