പടലം 25
1
പടയുടെ തിളപ്പിനോടും പറവയെയതിശയിക്കും
നടയുള്ള തേരിനോടുമൊരുമിച്ചു ലങ്കാനാഥൻ
തുടരെക്കപികുലത്തെയെയ്തെയ്തു വീഴ്ത്തേക്കണ്ടു
കടുപ്പക്കാരൻ സുഗ്രീവൻ മലയടർത്തെടുത്തെറിഞ്ഞു.
2
എറിഞ്ഞോനെയെയ്തു പിന്നെയെറിഞ്ഞ മലയെയമ്പാൽ
നുറുങ്ങുമാറെയ്തു വീഴ്ത്തീ രാവണൻ ഞൊടിയിടയിൽ
തറച്ച കൂരമ്പിനാലേ തെറ്റെന്നു തന്നത്താനേ
മറന്നുടനലറി വീണൂ മണ്ണിൽ വാനരരാജൻ
3
വാനരരേഴുപേരൊത്തേഴു മലകളെടു-
ത്തെറിഞ്ഞൂ കീർത്തിമാൻ ഗജൻ, ഗന്ധൻ, ഗവാക്ഷൻ, മൈന്ദൻ
കരുത്തൻ ഗവയൻ, ജ്യോതിമുഖനുമാ നളനുമമ്പേ -
റ്റൊരുമട്ടിലവരും വീണൂ തകർന്ന മാമലകളോടും
4
തകർന്നുപോയ് രാവണന്റെയമ്പേറ്റു വാനരന്മാർ
തുടർന്നെങ്ങും വീഴ്കെച്ചുറ്റും നിന്നോരു കപികളെല്ലാം
കടന്നു പോർക്കളമൊന്നിച്ചു രാമന്റെ കാലടിയിൽ
കരഞ്ഞു വീണിരന്നൂ "ഞങ്ങൾക്കരുളിടുകഭയ"മെന്ന്
5
അരുളീയയോദ്ധ്യാരാജ"നരക്കനാൽ വന്ന ദുഃഖ -
മുടനൊഴിപ്പിക്കും ഞാ" നെന്നമ്പുവില്ലുകളേന്തി
"ഒരു ഞൊടിനേരം ഞങ്ങൾ തമ്മിലെപ്പോരു കാണാൻ
തിരുവുള്ളമാക"യെന്നു ചെറിയ രാജാവു ചൊന്നു.
6
ചെറുപ്പവും വമ്പുമുള്ള ലക്ഷ്മണൻ ശ്രീരാമന്റെ
തളിരടി തൊഴുതിവണ്ണം മുന്നിൽവന്നിരന്ന നേരം
"അവനെ നിസ്സാരനായിക്കരുതരുതിന്ദ്രൻ പോലും
തളർന്നുപോമെതിർത്താലെന്ന വാസ്തവമറിക നീയും"
7
"അറിയാൻ ഞെരുക്കമല്ലോ രാക്ഷസമായമെല്ലാം
കുറവുകളിരുപുറവുമറിഞ്ഞുകൊണ്ടെതിർക്കു"കെന്ന്
കുറവേതുമില്ലാ രാമൻ പറകേ കാലിണവണങ്ങി
ചെറിയ രാജൻ കരുത്തൻ നടന്നുടൻ കോപമോടെ
8
നടന്നു ലക്ഷ്മണൻ യുദ്ധക്കളത്തിൽ വന്നണയും മുന്നേ
കപികൾ തൻ മേലേയമ്പാൽ തരം തരമെയ്തു വീഴ്ത്തി
മലയൊത്ത തോളുള്ളോനാം ദശമുഖൻ വരവു കണ്ടു
കുലമൊടേ ശത്രുക്കളെക്കൊല്ലും മാരുതിയണഞ്ഞു
9
അണഞ്ഞു രാവണൻ നെഞ്ഞത്തടിച്ചു ഹനുമാൻ ദുഃഖ -
മണിഞ്ഞവൻ മയങ്ങി വീണൂ, കപികളന്നേരമാർത്തൂ
ഉണർന്നു രാവണൻ ചൊന്നൂ "പോരിന്നു വന്നവരിൽ
ഗുണമേറും നീയേ നല്ലൂ, മഹത്വവും നിനക്കു തന്നെ"
10
മഹത്വം നിനക്കു തന്നെയെന്നു രാവണൻ ചൊൽകേ
"ഒരിക്കലെന്നടിയേറ്റിട്ടും നിൻ ജീവൻ പോയില്ലതിനാൽ
കരുത്തൻ തന്നെ ഞാനെന്റെ കയ്യൂക്കും നന്നു ന"ന്നെ -
ന്നുരച്ച മാരുതിതൻ നെഞ്ചിലുടനടുത്തവനടിച്ചു.
11
അടിയേറ്റു ഹനുമാൻ വീഴ്കേ നീലനടുത്തു വന്നു
പൊടുക്കനെ മരമെറിഞ്ഞു രാവണനുടെ നേരെ
ഉടലു ചുരുക്കി നൃത്തമാടീ നൽ മുടികൾ മീതേ
തൊടുത്ത പോർവില്ലിൻ മീതേ പൊങ്ങിയ കൊടികൾ മീതേ
No comments:
Post a Comment