Saturday, November 18, 2023

പടലം 27

പടലം 27


1
പോയെട്ടു ദിശയിലും ചെന്നൊളിക്കിലും സമുദ്രം തന്നിൽ
വെള്ളമാം പടത്തിൽ മൂടി വെളിപ്പെടാതിരുന്നാൽപോലും
ഉള്ള മാമുനിമാർക്കും മൂവുലകിനും ദുഃഖം തീർക്കാൻ
നിന്റെ ജീവിതമിപ്പോളൊടുക്കും ഞാനെന്നായ് രാമൻ

2
എന്നെല്ലാം സുരന്മാർ തേടും രാഘവദേവൻനാവാൽ
നന്നായ് മുനിമാരേത്തമിടും നാഗശയനൻ ചൊൽകേ
"വന്ന രാക്ഷസനോടു മറുപ്പതിനടിയൻതോളിൽ
നിന്നരുളണേ" യെന്നു പറഞ്ഞു മാരുതിയെടുത്തു.

3
എടുത്ത മാരുതിതൻ തോൾമേലുയർന്നു തന്നോടു തുല്യ -
മടുത്ത രാമനെക്കണ്ടു കീർത്തിമാൻ ലങ്കാനാഥൻ
കൊടുപ്പമോടെയ്ത കൂർത്ത കണ മാരുതിതൻ നെറ്റി -
ത്തടത്തിൽ തറയ്ക്കേ പതിന്മടങ്ങുണർന്നൂ മാരുതി

4
ഉണർന്ന മാരുതിയെ നോക്കിയുടനേയനേകമമ്പാ -
ലണിയിച്ചൂ ലങ്കാനാഥ,നവയുള്ളിലേറുന്തോറും
ഇണങ്ങിയ കരങ്ങളോടേയഴകേറും സൂര്യൻ പാരി-
ലണഞ്ഞപോലധികം മേന്മേൽ കപിവീരൻ വിളങ്ങി നിന്നു.

5
നിന്ന മാരുതിയെയെയ്തു നിലത്തിന്മേൽ വീഴ്ത്തീടുകിൽ
വെന്നുകൊള്ളാമെനിക്കു രാമനെയെന്നു തോന്നി
ഒന്നിനോടൊന്നിൻ പിമ്പേ രാവണനുടനുടനെ
എയ്യുന്ന കണ്ടു രാമൻ വേഗത്തിൽ ശരമുതിർത്തു.

6
ഉതിർത്ത ശരമോരോന്നും കനത്തോടേ പാഞ്ഞു പാഞ്ഞു
നിണമണിഞ്ഞുടൽ ചുകന്ന രാക്ഷസപ്പെരുമ കണ്ടു
പകുതിച്ചന്ദ്രനെപ്പോലുള്ളമ്പാലയോദ്ധ്യാരാജൻ
മണിമുടിമകുടമാശ വെച്ചറുത്തുലകിലിട്ടു.

7
ഉലകിൽ നിരത്തീ രാമനെയ്തു ദശമുഖന്റെ
വിലസിയ കൊടിയും വില്ലും വിളങ്ങിയ തേരും തേരിൽ
തിളങ്ങുമായുധങ്ങളും വമ്പെഴും കുതിരകളുമെല്ലാം
അലകലകായ് പൊടിച്ചു രാജാവരുളിച്ചെയ്തു

8
ഇച്ചെയ്ത തൊഴിൽ ഞാൻ കണ്ടേ,യിതിനുമൊരാണ്ടു മുൻപേ -
യച്ചെയ്ത പിഴയും, നിന്റെ കാലമൊടുങ്ങുമിപ്പോൾ
ഇച്ചെയ്ത്തു ചെയ്ത നിന്നെ പരുന്തും കഴുകും പേയും
പിച്ചേറിപ്പകുക്കും മുന്നേ പടവിട്ടൊഴിഞ്ഞു പോക

9
പടയുടെ നടുവിൽ വെച്ചു മരണം കാണുന്നതൊട്ടു -
മഴകല്ല, മരണത്തോളമെത്തും നിൻ മുറിവുകൾ
ഇടയ്ക്കു നീ രാത്രി വീട്ടിൽ പോയ് താമസിച്ചു നാളെ
കൊടി,തേര്,വില്ലുമായ് വന്നെതിർക്കെന്നു രാമൻ ചൊന്നു.

10
എതിരു താ പോരിലെന്നു രാഘവൻ ചൊൽകേക്കേട്ടെൻ
വിധിയെന്നു നിനച്ചുകൊണ്ടു രാവണനകത്തു വന്നു
കപികൾക്കു ഹിതമാമ്മാറു ലക്ഷ്മണനുടെ മുറി -
വതിവേഗം മരുന്നാൽ മാറ്റിയരികിലിരുന്നൂ രാമൻ

11
ഇരുന്നു രാവണൻ ചെന്നു ലങ്കയിൽ രാമനെയ്യും
ശരങ്ങളെമ്പാടു നിന്നും തരം തരം വരുന്നുവെന്നു
തിരിഞ്ഞെങ്ങും നോക്കിനോക്കി പടയോടുത്തരവിട്ടൂ
മനസ്സിലെ ദുഃഖം തീർക്കാനുണർത്തൂ കുംഭകർണ്ണനെ

No comments:

Post a Comment