പടലം 24
1
ചൊല്ലിടാമതെല്ലാമടരാടും
ശത്രുലോകങ്ങളേതൊന്നിൽ വെച്ചും
നെഞ്ഞുറപ്പുള്ളവൻ വടിവേലും
ബാലസൂര്യന്നു നേർമുഖമുള്ളോൻ
ആറണിഞ്ഞ ഹരന്നു വാത്സല്യ -
മേറെയുള്ളോൻ അകമ്പനൻ വമ്പൻ
ആനതൻ ചുമലിൽ ചമയം പൂ-
ണ്ടേറെ മുമ്പിൽ വരുന്നവൻ,വീരാ!
2
വീരനൈരാവതം വണങ്ങീടും
വെൺനിറമുള്ള ദംഷ്ട്രകളുള്ളോൻ
തേരു ചൂടും കൊടിയ്ക്കടയാളം
ശ്രീയിണങ്ങിയ സിംഹമണിഞ്ഞോൻ
പോരിലന്തകൻ പോലും ഭയന്നു
പോയിടും ബലവാനിന്ദ്രജിത്താം
പേരിണങ്ങുന്ന രാവണപുത്രൻ
പിന്നിൽ വന്ന നിശാചരനയ്യാ!
3
വന്നണകയോ മാമല മേലേ
മാമലയെന്നു തോന്നിടുംവണ്ണം
വൻകുടമണിയൊച്ച പൊഴിക്കും
കുട്ടിയാനമേൽ രാക്ഷസൻ, കാൺക!
പന്തയം വെച്ചരികളെപ്പോരിൽ
വെന്നിടുന്ന മഹോദരനെന്നോൻ
കൺതലം കതിരോനൊടു തുല്യം,
വീരരാരിവന്നൊപ്പമായുള്ളോൻ?
4
ഒപ്പമുള്ള മഹാമലയഞ്ചാ-
റൊത്തു ചേർന്നിടതൂർന്നതുപോലെ
വെള്ളമുൾക്കൊണ്ടുയർന്നിടും മേഘ-
വർണ്ണനായ് ചന്തമുള്ള വില്ലേന്തി
മുമ്പിൽ വന്നോരു തേരിലാ"യാരെൻ
മുമ്പിൽ നിൽക്കുന്നു പോരിന്നിടയിൽ?"
എന്നു ചോദിച്ചു വന്നവൻ ബുദ്ധി -
ക്കാഴമാഴിപോലുള്ളതികായൻ
5
അധികം മേനി വെളുത്തതാമാനമേൽ
അരിയ ശൂലമെടുത്തു പിടിച്ചു തീ
ചിതറുമാറുള്ള കണ്ണുമായെത്തുവോൻ
നിശിചരാധിപപുത്രൻ ത്രിശിരസ്സ്
എതിരിടാനെന്നൊടൊത്തവരാരെന്ന
ഗമ വളർന്ന പിശാചീ നിശാചരൻ
കുതിര മേലൊരു കുന്തവുമായ് കൊഴും
കുരുതി തോൽക്കുന്ന നോക്കോടു വന്നവൻ
6
നോക്കിൽ വാക്കിലും തീക്കനലും മു-
ന്നൂറിരട്ടിയാ തീക്കനലേക്കാ -
ളൂക്കും വേഗവുമുള്ളോരരക്കൻ
ഊഴിയെ നടുക്കുന്ന തേരോടും
പേപ്പിശാചു കണക്കുടലോടും
പിന്നിൽ കുംഭൻ വരുന്നു, പിളർന്ന
നാക്കു നീട്ടിയ പാമ്പിനെക്കാൺക,
നാട്ടിയ കൊടിമേലടയാളം.
7
നാട്ടിയ കൊടിമേൽ മദയാന
ചേർന്നിണങ്ങിയ തേരിൽ വില്ലേന്തി
കുംഭസോദരനായ നികുംഭൻ
കൂർത്ത വെൺ ദംഷ്ട്രയുള്ളോൻ വരുന്നു.
കാള തങ്ങും മണിക്കൊടിയുള്ളോൻ
വാജി തങ്ങും മണിത്തേരുമുള്ളോൻ
ചുറ്റുമാനയകമ്പടിയുള്ളോൻ
പിന്നെ വന്നൂ നരാന്തകൻ, രാജൻ!
8
രാജ, കേൾ, അമരാന്തകനല്ലോ
വന്നതു മദയാനമേലേറി
തന്നുടെ കരദണ്ഡിൽ യമൻ തൻ
ദണ്ഡുപോലിരുമ്പായുധമേന്തി
നീരണിഞ്ഞു മിന്നൽ കലരും കാർ -
മെയ്യുമായിരം വാജികളും പൂ-
ണ്ടുന്നതമായ തേരൊടു കൂടി
ദേവശത്രു വരുന്നിതാ,കാൺക
9
കാൺക പത്തു ശിരസ്സുകളൊന്നി-
ച്ചമ്പനേകം വിധങ്ങൾ വിളങ്ങി
രണ്ടു പാർശ്വങ്ങളിലൂടെ നീളും
കൈകളഞ്ചുമുടൻ പതിനഞ്ചും
ചോന്ന വസ്ത്രവും ചന്ദനച്ചാറും
ചീർത്ത മുത്തുമൊന്നിച്ചു ചേരും കാർ -
മെയ്യുമുള്ള നിശാചരരാജൻ
വന്നിടുന്നൂ ജയിക്കുവാൻ വീരാ!
10
വീരനാം രാമൻ കേട്ടുരചെയ്തു:
"പോരിനായ് നേർക്കു വന്നിടും നേരം
ആരെടോ വരുമിങ്ങനെ വേറെ -
യാരിതുപോൽ പ്രതാപമുള്ളോരും?
ആകിലും പോരിലാത്തല പത്തും
ഭൂതലത്തിലറുത്തങ്ങുരുട്ടി
ഘോരനാമിവൻ മൂലമെന്നുള്ളിൽ -
ക്കൊണ്ട കോപമിനിക്കളയും ഞാൻ"
11
"കളയുമിപ്പോൾ കരൾ പിളർന്നീ ഞാൻ
പിഴ പെരുത്തോരിവനുടെ പ്രാണൻ"
ഇതു പറഞ്ഞു വലിയ വില്ലേന്തി
ശരവുമായ് മുൻനടന്നിതു രാമൻ
"ഒളിയെഴും ലങ്ക കാക്കിനെടോ പോ-
യുടനെ"യെന്നാജ്ഞ രാവണൻ നൽകേ
നഗരമെങ്ങും കടന്നൂ പരന്ന
പടയൊടൊപ്പം പടനായകന്മാർ
No comments:
Post a Comment