പടലം 30
1
കൈകൾ കൂപ്പി"യഭയം കൊടെ"ന്നു കഴൽ ചുറ്റിവന്നുടനെയൂഴിമേൽ
മെയ്യു വീഴ്ത്തിയെഴുനേറ്റ നേരമനുജൻ മൊഴിഞ്ഞി"തതിവീരനേ,
പൊയ് പറഞ്ഞിതിവനെന്നു തോന്നരുതു പോരിടും മനുജരാജരെൻ
പൈയ്യൊഴിപ്പതിനു നല്ല പോംവഴി പടർന്ന വാനരകുലങ്ങളും"
2
"വാനരപ്പടയുമൂഴിയിൽപ്പെരിയ മന്നരും മുടിയുകിൽ നിന്നിൽ
ജാനകിക്കു മനമാർദ്രമാമുടനെ വന്നിണങ്ങുമവളത്ഭുതം
എന്നിരിക്കിലുമുരച്ചിടാമുലകിൽ സജ്ജനത്തിനൊടു ശത്രുത
മാന്യരാർക്കുമഴകല്ല വൈരമവരോടെടുക്കരുതൊരിക്കലും"
3
"ഒരിക്കലും പിഴ ചെയ്യായ്ക വേണമുലകത്തിലുത്തമർ മഹത്വമാ -
ണ്ടിരിക്കിലും തുനിയൊലാ ചെയ്യുന്നതിനു ധർമ്മമെന്നിയൊരു കർമ്മവും
തുടങ്ങൊലാ മനസ്സിൽ ജ്ഞാനിമാനികളിതിങ്ങനേ, ശ്രുതി പെറുന്നവർ
ധരിക്കയില്ല പരദാര,മാരിതു തടുത്തു നിന്നൊടു പറഞ്ഞിടും"
4
"തടുത്തു ചൊൽവതിനു നല്ലവർക്കു മടി തെല്ലുമില്ലടുപ്പക്കാരൊട്
നടപ്പിൽ നല്ലതറിയായ് വതില്ല നയമുള്ളിലുള്ള സകലർക്കുമേ
നിറുത്തണേയുടനെ രാമനോടുള്ള വഴക്ക്, മൈഥിലിയെയാകയാൽ
കൊടുക്കണേ തിരികെ, യല്ലയെങ്കിൽ പിഴ, കുലം നശിപ്പതിനു മുന്നമേ"
5
"മുന്നമേ പക പിടിച്ചു വെച്ചതിനു കാൺക കാരണ,മയോധ്യതൻ
മന്നനേയരികിലെത്തി ശൂർപ്പണഖയല്ലി വാനിലെടുത്തുയർന്നത്?
പിന്നെ മൈഥിലിയെയും കവർന്നു കടുകോപമോടിവിടെ വെച്ചു കൊ-
ണ്ടെന്തു കാര്യമുളവായി?" യെന്നവനുരയ്ക്കെ രാവണനെതിർക്കയായ്
6
എതിർത്തെനിക്കു പിഴ വന്നതെണ്ണിയിരിക്കുന്നതിന്നറിവു ചേർന്ന നിൻ
മതിപ്പു കണ്ടല്ല രാമനോടുള്ള വഴക്കു ഞാൻ തുടങ്ങിവെച്ചതും
അതിർത്തിത്തർക്കവുമല്ല വന്നതെന്നുടപ്പിറന്നവൾ തന്റെ പ-
ല്ലുതിർത്തു മൂക്കു മുലയും മുറിച്ചിടുകയാലെ ശത്രുത മുഴുത്തിതേ
7
മുഴുത്ത വൈരമധികാരവും പറഞ്ഞൊരുത്തർ വേണമിതിനിങ്ങനേ -
യിരിക്ക നീയിവിടെയെന്നുരച്ചിരുൾ മലതൻ പത്തു ശിഖരങ്ങളിൽ
ഇരുമ്പുകോപ്പു രവി ചുട്ടു പത്തിരുപതൊക്കെയും കമഴ്ത്തി വെച്ചപോൽ
നിരന്നു ചോന്ന നയനങ്ങളോടുടനെ നിശിചരേന്ദ്രനെഴുനേൽക്കയായ്.
8
എഴുന്നേറ്റോരവന്റെ കാലുകൾ വണങ്ങി, കൈയിൽ ശൂലവുമെടുത്തുടൻ
മുഴങ്ങിടുന്ന മൊഴിയാലനന്തരം മുതിർന്നു കുംഭകർണ്ണൻ ചൊന്നു
എന്തിനിങ്ങനെ മനസ്സഴിഞ്ഞരുളിടുന്നിതായിരം രാമന്മാർ
ചുഴന്നു നിന്നടിയനോടെതിർക്കിലും കുറഞ്ഞുപോം രസമവർക്കെല്ലാം
9
മന്നവാ തെളികടഞ്ഞുരുണ്ടു മണി പൂണ്ടു മന്ഥരതരം വളർ -
ന്നുന്നതം വലിയ ശൂലമേന്തിയുടൽ മാമലക്കെതിർ മുഴുത്ത ഞാൻ
ശത്രുവോടടരിനെത്തിയൊന്നലറിടുന്ന നേരമമരേന്ദ്രനെൻ
മുന്നിൽ നിന്നിടുകയില്ല, കോപമൊടു രാമനെത്തുകിലുമത്രതാൻ
10
അത്രയും സ്തുതിയുരച്ചിരിപ്പതിനു വയ്യ, മന്നവ,യിതൊന്നു കേൾ
പുള്ളിമാൻ മിഴികളുള്ള സീത വഴി പോർ തുടങ്ങിയതു മൂലമായ്
ഉള്ള വാനരകുലത്തെയും പൊരുതൊടുക്കി ഞാനരചർ ചോരയാം
വെള്ളവും കരളുമേ നുകർന്നു വിളയാടിയിട്ടിനിമേൽ മറ്റെല്ലാം
11
"മറ്റെല്ലാരുമിരിയിങ്ങു രാക്ഷസർ, മുടിച്ചു ശത്രുക്കളെയൊക്കെ ഞാൻ
വെറ്റി നേടുമിനി"യെന്നു ചൊൽകെ ജയശാലി രാവണസഹോദരൻ
ചുറ്റും വന്നരികളെത്തടുപ്പതിനു ശോഭിയാ പടയില്ലായ്കിലെ -
ന്നുറ്റ രാവണനുരച്ചവന്റെയുടലെങ്ങുമാഭരണമാക്കിനാൻ
No comments:
Post a Comment