Friday, November 3, 2023

ദർശനം

ദർശനം



ഈ സിനിമയിൽ കൂടി ഞാൻ കാലു കാണുന്നു
ആ നോവലിൽ കൂടി ഞാൻ തല കാണുന്നു.
നീണ്ടു നിവർന്നു കിടക്കും ശവം, നാലു
ചുറ്റിലും നിന്നവർ തോലു പൊളിക്കുന്നു
തോലു പൊളിച്ചു വലിച്ചു പറിക്കുന്നു
സാവധാനത്തിൽ ചെറിയ കൊടിൽകളാൽ
ചോരയുടലിൽ തുളുമ്പിപ്പരക്കുന്നു
തോലു ചുരുണ്ടു ചുവട്ടിൽ കിടക്കുന്നു.
ഈ നടയിൽ കൂടി നോക്കുന്ന നേരത്തു
കാണുന്നു കണ്ണുകൾ ചൂഴ്ന്നെടുക്കുന്നതായ്
കണ്ണിന്നടിയിലവർ പ്രതീക്ഷിക്കുന്ന
കണ്ണീരുറവകൾ ചോരയായ് മാറുമോ?
ആ നടയിൽ കൂടി നോക്കുന്ന നേരത്തു
ലിംഗമുയർത്തിപ്പിടിച്ചു നിർത്തിക്കൊണ്ടു
കാമോത്സവക്കൊടിക്കൂറകൾ കെട്ടുന്നു
ചുറ്റിക കൊണ്ടടിക്കുന്നു നെഞ്ചിൻ കൂട്ടിൽ
പൊട്ടിച്ചെടുത്തു കാണിക്കുന്നു ഹൃത്തടം
ആ സ്ഥലത്തിൽ കൂടിയിത്രയും കാലമായ്
പാഞ്ഞതു ചോരയോ കൂരിരുട്ടോ വെറും
ശൂന്യത മാത്രമോയെന്നുള്ള സംശയം
തീർക്കുവാനായ് കുടയുന്നു ഹൃത്തുണ്ടുകൾ.
സിനിമയാണീ നട, കവിതയാണാ നട,
നോവൽനട, ചെറുകഥനട, നാടകം,
സംഗീതനൃത്തങ്ങളോരോ നട, നിന്നു
നോക്കുന്ന നേരത്തവയിലൂടൊക്കെയും
കാണ്മൂ നിവർന്നു കിടക്കുമൊരേ ശവം
ചുറ്റിലും നില്പവർ കൂർത്ത കൊടിൽകളാൽ
തോലു വലിച്ചു പൊളിക്കുമതേ ശവം
മായപ്പിണമോ ശരിക്കുള്ളതോ നട -
വാതിലിലൂടുള്ള ദർശനം മാത്രമോ?
ഞാനറിയുന്നതിതൊന്നു താൻ - കേൾക്കുന്നി-
താ ശവമെന്നിൽ നിലവിളിക്കുന്നത്.























No comments:

Post a Comment