Thursday, November 16, 2023

സ്വപ്നങ്ങളുടെ അർത്ഥത്തെക്കുറിച്ചൊരു സ്വപ്നം - ബൊസെന കെഫ് (പോളണ്ട്, ജനനം: 1950)

സ്വപ്നങ്ങളുടെ അർത്ഥത്തെക്കുറിച്ചൊരു സ്വപ്നം

ബൊസെന കെഫ് (പോളണ്ട്, ജനനം: 1950)

കണ്ടത് :
പകലറുതിക്കും രാത്തുടക്കത്തിനുമിടയിൽ ചെന്നീല ആകാശത്തിന്റെ ഒരു പാളി, സൂര്യവെളിച്ചത്തിൻ അവശേഷിപ്പു കൊണ്ടു വരയിട്ടത്. ചെന്നീല കാപ്പിക്കളറാകുന്നു, വെളിച്ചം മായുന്നു.

കേട്ടത്:
ഏകാന്തതയുടെ വരവിനെ ഈ സ്വപ്നദൃശ്യം സൂചിപ്പിക്കുന്നു.

കണ്ടത്:
ആയിരക്കണക്കിനു വർഷം മുമ്പത്തേതു പോലുള്ള ഒരു താഴ്വര, ഉയർന്ന കുറ്റിച്ചെടികൾ കൊണ്ടും പുല്ലുകൾകൊണ്ടും മൂടിയത്. എവിടെയാണത്? ഞാനൊരു പുക കാണുന്നു. ആരോ ഒരു തീ കെടുത്തുന്നു.

കേട്ടത്:
ഈ സ്വപ്നദൃശ്യം ഒരു നഷ്ടസ്മൃതിയെ സൂചിപ്പിക്കുന്നു.

കണ്ടത്:
എന്റെ സുഹൃത്ത് കെ മിണ്ടാതെ ഒരു കസേരയിലിരിക്കുന്നു. ദാരുണമായ ഏതോ കാരണത്താൽ അവളുടെ മുഖഭാവം എനിക്കു മനസ്സിലാകുന്നില്ല.

കേട്ടത്:
ഞാൻ കാക്കുന്നു. പക്ഷേ അത് മിണ്ടുന്നില്ല.

No comments:

Post a Comment