Monday, December 4, 2023

പടലം 31

പടലം 31


1
വരമിണങ്ങിയ നിശാചരവരൻ തന്നുടെ
മധുമലർക്കഴൽ വണങ്ങി നടകൊൾകെയതുക -
ണ്ടെട,യിതെന്തൊരു പെരുന്തടിയിതെന്തിനുതകും?
പെരുന്തടിയ്ക്കടുക്കെയുണ്ടവയവങ്ങളുമെല്ലാം
തിരകൾ ചേരുമലയാഴിയുടെയാഴമറിയാൻ
ദശമുഖൻ ബലമൊടേ പണിതെടുത്ത വടിവോ?
ധരണി വാനവുമവയ്ക്കിടയുമേയറിയുവാൻ
ദശമുഖൻ വിടുവതാം നശിച്ചിടാ മായമോ?

2
നശിച്ചിടാ കറുത്ത മാമലയൊരാൾ രൂപമായ്
അടരിലൊറ്റക്കു നമ്മോടു നേർക്കണകയോ?
പിഴകളേറിയതു കണ്ടളവു തൊണ്ടയിരുളൻ
ത്രിപുരങ്ങളെരിയിക്കാനെടുത്തതാമുരുവമോ?
ഇരന്നു ബ്രാഹ്മണപ്പയ്യൻ വടിവിൽ മാബലി തന്നോ -
ടവനിമണ്ഡലങ്ങൾ പണ്ടളന്ന കൊണ്ടൽവർണ്ണനോ?
ഉഴറിയിങ്ങണയുമീയിവനെ വെന്നിടുവതാ -
രൊരുവരെന്നു കപികൾ പരസ്പരം പറഞ്ഞിതേ

3
പറഞ്ഞിതു രാമ"നീയുലകെല്ലാമുലയുമാ -
റുടലുമാവൊളം വളർന്നൊരു നിശാചരവരൻ
വരവു കാൺകിവനെയാർ ഭയന്നിതെന്തിവനു പേർ
വലിയ കൈകളിൽ മുഴുത്തൊരു ശൂലം പിടിച്ചവൻ
കറുത്ത മേഘനിറവും കരുത്തെഴും വടിവുമീ-
ക്കടുത്ത ദംഷ്ട്രകളുമുള്ളിവനെ നീയുള്ള പോൽ
അതിജവം പരിചയപ്പെടുത്തുക" വിഭീഷണൻ
വിമല പാദകമലം തൊഴുതുടൻ മൊഴികയായ്

4
മൊഴികയായ് "ദശമുഖന്നധികമൻപുടയവൻ
അനുജനാം കുംഭകർണ്ണൻ പാപിയിൽ പാപി
ചുഴലവുമെവിടെയും നടന്നു ബാല്യത്തിലേ
തുടങ്ങിനാൻ കുടുകുടെച്ചിരതരം വിഴുങ്ങിയേ
അമരർ ചെന്നഖിലലോകത്തിനും ജനകനോ -
ടഴലൊടേ പറയവേയവൻ ശപിച്ചരുളിനാൻ
ഉടലൊടേ കിടന്നു നീയുറങ്ങിയേ മുടികയെ -
ന്നിടർ ജഗത്തിനൊഴിയാനുറക്കവും പിടിച്ചുടൻ

5
ഉടനുടൻ കുപിതനായുലകമേഴിലും നട-
ന്നൊരുവരാലുമൊരുനാളുമൊരിടത്തുമടരിൽ
തടയുവാനായിടാത്തിളയവൻ നിദ്രയായ്
തറയിലേ കിടന്നുപോയ് മുടിയുമെന്നറിഞ്ഞവൻ
"വെടിയൊലായെന്നെ"യെന്നജനുടേയടിയിണ
തൊഴുതിരന്നീടവേ സോദരൻ രാവണൻ
"ഇടയിടേയുണരുകാറാറുമാസത്തിലൊരു
കുറിയിനിയിവ"നജനിതുവിധമരുളിനാൻ

6
അരുളിടുമജനുടെ മൊഴിവണങ്ങിവന്നു ല -
ങ്കയിൽ സ്വയം മറന്നുറങ്ങിയ നിശാചരനുടെ
വരവിതെന്നറിഞ്ഞു കാൺകെന്ന വിഭീഷണനുടെ
വചനകോമളനറുന്തെളി നുകർന്ന ചെവിയാൽ
ഒളിയെഴും ചെറിയ ഞാണൊലി പെരുക്കി വന്മുകിൽ -
ക്കുരൽ പഴിക്കും മൊഴിയാലുരഗശായി ഭഗവാൻ
വരമിണങ്ങിയ ശരങ്ങളും വലംകൈയ്യിലോരോ
വക ധരിച്ചങ്ങു നടന്നടരിനായരചനും.

7
അരചനെത്തൊഴുതു ലക്ഷ്മണനിരന്നവനിയിൽ
വലിയവൻ കുംഭകരുണനെയൊരിക്കലടിയൻ
ശരനിരക്കിരയുമാക്കിടുമറിഞ്ഞിടുക നീ
തരിക പോരിടുവതിന്നിപ്പൊഴേയനുമതി
അതിനുടൻ രാമനും "വിഷമമാണവനെപ്പോ -
രടിച്ചുലപ്പത്, നമുക്കരികൾക്കുമിടയിലായ്
ഒരുക്കവുമടക്കവും വീഴ്ച്ചകളൊക്കെയും
വരുമിടത്തവ ശരിക്കറി"കെന്നു മൊഴികയായ്

8
മൊഴിയവേ, ചന്തമുള്ളാനകൾ മുഴുവനും
മുഴങ്ങിടും മുകിൽ രവമൊത്ത ഞാണൊലികളും
ചുഴലവും കൊടികൾ പാറിടുന്ന തേർനിരകളും
തുരഗപംക്തിയുമെഴും പട പരന്നിതു ചെമ്മേ
അഴകെഴും പടി നടന്നളവു രാമനെയുമ-
ക്കപികുലത്തെയുമുലച്ചുടനെ ലക്ഷ്മണനെയും
മുഴുവനായടിച്ചു കൊന്നിടുമെന്നു തിരിക്കയായ്
അധികകോപത്തൊടേ വലിയ കുംഭകരുണൻ

9
കരുണയെന്നതു തൊടാത്തിവൻ പെരും മതിലുകൾ
കടന്നു പോയ് നടന്നപോതിരുണ്ട മേഘ നിരകൾ
അരുണമായ് കനൽ ചൊരിഞ്ഞിതു, കരിഞ്ഞൂ ചെമ്മേ
അരുണസാരഥിയുടെ തിരുനിറം മേൽക്കുമേൽ
മലകളൊത്താഴിയൊത്തവനിയും നടുങ്ങവേ
തളർന്നുപോയ് പവനനും കുറുനരിക്കൂട്ടവും
മരണമുണ്ടടരിലെന്നിവനെയറിയിക്കുവാൻ
മൊഴിഞ്ഞിതോരോന്നറിവുള്ള ചെറുപുള്ളിനം

10
ചെറിയ പുള്ളിനങ്ങളുള്ളവ ചെറുത്ത സമയം
തെളി കടഞ്ഞൊളിയെഴും വലിയ ശൂലമതിന്മേൽ
കരുത്തനാം കഴുകിളച്ചിതു, തുടിച്ചിതിടത്തേ
കരവുമപ്പുരികവും നയനവും കനമൊടേ
പിഴകളിങ്ങനെയറിഞ്ഞിടവെ നിരസിച്ചുകൊ-
ണ്ടടർ തൊടുത്തിതു നിശാചര, നെടുത്തെറിഞ്ഞോരോ
മലയുമാ മരങ്ങളുമതുനേരം കുരങ്ങന്മാർ
എതിരിടുമരക്കർതന്നുടൽ പൊടിയാക്കിയേ

11
പൊടിയുമപ്പടകൾ കണ്ടളവു കുംഭകരുണൻ
ഭുവനമേ തളരുമാറലറവേ,യവനിമേൽ
നടുങ്ങി വീണിതു കപിവീരരാഴി നടുവിൽ
ചിലർ, ചിലർക്കെട്ടു ദിക്കായിതു നിലയവും
കൊടിയതാം മദഗജം പോൽ നടന്നിടയിടെ -
സ്സകലരെക്കോർത്തെത്തുമിവനെയാ ദ്വിവിധനും
തടയും ഞാനെന്നു മഹീധരമെടുത്തെറിഞ്ഞതാ -
ത്തടിയന്റെ നെഞ്ചിൽ തട്ടിപ്പൊടിഞ്ഞു പോയ് വേരൊടേ

No comments:

Post a Comment