Saturday, December 9, 2023

ബ്യൂഗിൾ രാമായണം

 *ബ്യൂഗിൾ രാമായണം



ശ്രീരാമപട്ടാഭിഷേകത്തിന്

കൊട്ടുകയും കുഴലൂതുകയും ചെയ്യുന്ന

വാനരന്മാർക്കിടയിലൊരു വാനരൻ

ഇരട്ട മടക്കുള്ള ബ്യൂഗിൾ വായിക്കുന്നു.

വായമർത്തിയൂതുമ്പോൾ

കുരങ്ങന്റെ കണ്ണു തുറിയുന്നു 

ഒരു വശത്തെ കണ്ണേ കാണാനുള്ളൂ

മറുവശത്തെ കണ്ണും തുറിയാതിരിക്കില്ല.

ഊതുന്ന കുരങ്ങന്റെ കവിൾ

വീർത്തു വീർത്തു വരുന്നു.

പടിഞ്ഞാറേക്കടൽ കടന്നു വന്ന

ബ്യൂഗിളെങ്ങനെ

ഈ കുരങ്ങന്റെ കയ്യിലെത്തി?

കിഴക്കേക്കടൽ കടന്നതിന്റെ ഓർമ്മയിലോ?

കുരങ്ങന്റെ കയ്യിലൂടങ്ങനെ

ഇതു രാമായണത്തിലെത്തി.

ക്ഷേത്രച്ചുമരിൽ

അയിത്തമുണ്ടായില്ല.

വരച്ച സമയത്ത്

പഴശ്ശി രാജാവിനിത്

ഒരു സൗഹൃദമുദ്ര.

പിന്നീടു പിണങ്ങിയപ്പോൾ

സായിപ്പിന്റെ ബ്യൂഗിൾ

പുറത്തേക്കിടണമെന്ന്

തോന്നിയില്ല രാജാവിന്.

ഇവിടെ ഒളിച്ചു പാർക്കുമ്പോൾ

ഇതിലേക്കുറ്റു നോക്കിയിരിക്കേ

ഇതു മുഴങ്ങുന്നതു കേട്ടാണ്

അപായശങ്ക തോന്നി

അദ്ദേഹം

രാത്രിക്കു രാത്രി

വയനാടൻ കാടു കേറിയത്.

പൂ പോൽ വിടർന്ന കുഴലിലൂടെ

രാമായണത്തിലെങ്ങും നിറയുന്നു

തൊടീക്കളം ക്ഷേത്രച്ചുമരിലെ

കുരങ്ങന്റെ കവിൾ ഊതിവിടുന്ന കാറ്റ്

ബ്യൂഗിൾ സംഗീതമായ്.

ശരിക്കും കാറ്റിൻ മകൻ തന്നെ,

ബ്യൂഗിൾ വായിക്കുമീ കുരങ്ങൻ.

ഇതു നോക്കി ചരിത്രകാരൻ പറഞ്ഞേക്കും

ചിത്രത്തിനു പഴക്കം കുറവെന്ന്.

ഞാൻ പക്ഷേ തീരുമാനിക്കുന്നു,

ആദികാവ്യത്തിന് ഒരു ബ്യൂഗിളോളം പഴക്കം.



*കൂത്തുപറമ്പിനടുത്ത് തൊടീക്കളം ശിവക്ഷേത്രത്തിൽ കണ്ട ഒരു ചുമർച്ചിത്രത്തിന്റെ ഓർമ്മയിൽ. പഴശ്ശിരാജായുടെ ജീവിതവുമായി ബന്ധമുള്ളതാണ് ഈ ക്ഷേത്രം.

No comments:

Post a Comment