Wednesday, December 29, 2021

ഇശൈ കവിതകൾ 2

 ബാത്റൂം പൈപ്പ് കിനിഞ്ഞുകൊണ്ടിരിക്കുന്നു



ഒടുവിൽ

വീടേ വീട്ടു പോകാം

എന്ന തീരുമാനത്തിലെത്തി.


"അന്വേഷിക്കരുത്"

നീണ്ടൊരു കത്ത് എഴുതി വെച്ചു


എന്നിട്ട്

തെരുമുക്കിലെ

പെട്ടിക്കടയുടെ മറവിലൊളിഞ്ഞ്

ഉറ്റു നോക്കി ഞാൻ നിൽക്കുന്നു.


2.

ഒരു പാട്ടിൽ പാടുന്നതേത്?



നസ്രത് അലി ഖാൻ

ഒറ്റക്കയ്യാൽ

വാനം തൊട്ടുകൊണ്ടിരിക്കും പടം

ഏറെ പ്രശസ്തം.


എനിക്കറിയാം

പാടുന്നതാ വാനം തന്നെ.


ഒഴിഞ്ഞൊരിടത്തേക്കുറ്റുനോക്കി

ഒരാൾ പാടിക്കൊണ്ടിരിക്കുന്നു.

അവിടെന്തെല്ലാമോ

തെളിഞ്ഞു മറയുന്നു.


എനിക്കറിയാം

ഒഴിവിൽ നിറഞ്ഞു വഴിയുന്നതെന്തോ

പാടുന്നതവ തന്നെ


കണ്ണുകളിറുക്കെയടച്ചുകൊണ്ടൊരാൾ

പാടുന്നു.

അത്രയും വെളിച്ചം ഉള്ളിൽ.


എനിക്കറിയാം

പാടുന്നതാ വെളിച്ചം തന്നെ.


ഒരാൾ പാടുന്നു

രണ്ടു കൈകളും നീട്ടി വിരിച്ച്

ഒരു യാചകൻ ഇരക്കുന്നതുപോലെ.


എനിക്കറിയാം

പാടുന്നതാ ഭിക്ഷ തന്നെ.


ഒരാൾ പാടുന്നു.

എതിരേ ഒരാൾ

തല താഴ്ത്തിയിരുന്ന്

തൂവാലകൊണ്ടു തുടയ്ക്കുന്നു.


എനിക്കറിയാം

പാടുന്നതാ കണ്ണീർ തന്നെ


സഞ്ജയ് ചിലപ്പോൾ

രണ്ടു കൈ കൊണ്ടും മുറുക്കിപ്പിഴിഞ്ഞ്

ഗുസ്തി കാട്ടുന്നു.


എനിക്കറിയാം

പാടുന്നതാ ഗുസ്തി തന്നെ.


കണ്ഠം

വെറുതേ

ഒരു പാട്ടാരംഭിക്കുന്നു.

അല്ലെങ്കിൽ

അവസാനിപ്പിക്കുന്നു.



അച്ഛൻ

 അച്ഛൻ



പോയാൽപ്പിന്നെക്കാണാത്ത മകനെ

കാത്തിരിക്കുന്നു.


അവൻ കിടക്കുന്ന തിണ്ണ കണ്ട്.

അവൻ കൊള്ളുന്ന തണുപ്പടിച്ച്.


പോയാൽപ്പിന്നെ -

ക്കാണാനേ കിട്ടാത്ത മക്കൾ

അവരുടെ സമയത്തു തിരിച്ചെത്തട്ടെ


മൂടിപ്പുതച്ചു കിടന്നുറങ്ങട്ടെ.


മകനേ,

നിന്നെക്കാണാതെ ഭയന്നല്ല

ഞാനുണർന്നിരുന്നത്

അസമയത്തു നീ വന്നു

വാതിലിൽ മുട്ടിയാൽ

കേൾക്കാതെ പോകരുത്,

അതിനാണ്.


കാരണം,

നീ കിടക്കുന്ന തിണ്ണ ഞാൻ കണ്ടു

നീ കൊള്ളുന്ന തണുപ്പു ഞാനടിച്ചു.

കളി

 കളി


മകുടിയും സർപ്പഫണവും കളിക്കുന്നു
ലിംഗവും യോനിയുമിന്ന്.
ഊതിത്തളർന്നുവോ പാമ്പാട്ടി, പാമ്പിന്റെ
കൊത്തേറ്റു മൂർച്ഛിച്ചു വീണോ?
തല്ലേറ്റു ചത്തുവോ പാമ്പു,മതല്ലെങ്കി -
ലാട്ടം മടുത്തിഴഞ്ഞെന്നോ?
പാമ്പും പാമ്പാട്ടിയുമില്ലിപ്പോൾ .... എങ്കിലും
ഫണമുണ്ട്, മകുടിയുമുണ്ട്.
നോക്കിപ്പരസ്പരമുന്നം പിടിച്ചവ
നേർക്കു നിന്നാടുന്നകന്ന്.

Sunday, December 26, 2021

കിളികൾ, ആക്രിപ്രപഞ്ചത്തിനു കുറുകെ

 കിളികൾ,

ആക്രിപ്രപഞ്ചത്തിനു കുറുകെ



പി.രാമൻ




അവശിഷ്ടങ്ങളുടെ

കൂമ്പാരത്തിനടിയിൽ നിന്ന്

ഒരു കൈ മാത്രം

പുറത്തേക്കു നീണ്ടു.


ഉയരെ നിന്നുള്ള

കഴുകൻ കണ്ണുകൾക്ക്

തല പൊക്കി നോക്കുന്ന

ഒരു മാൻകുഞ്ഞാണോ

എന്നു തോന്നിക്കും


മണിക്കൂറുകൾക്കു മുമ്പ്

ആവതും ഇളകിക്കൊണ്ട്

സഹായിക്കൂ പുറത്തെടുക്കൂ എന്ന്

പല തരം ആംഗ്യങ്ങൾ

അതു കാണിച്ചിരിക്കണം


ഇപ്പോൾ ശാന്തം

സ്വസ്ഥനായ ഗൃഹസ്ഥൻ

പടിവാതിൽക്കൽ

അതിഥിക്കു നേരെ എന്ന പോലെ

ലോകത്തിന്

സൗഹാർദ്ദപൂർവം നീട്ടിയ

ഒരു കൈ.


- പി.പി.രാമചന്ദ്രൻ (ഒരു കൈ - 2004)


നമ്മുടെ വികസന സങ്കല്പങ്ങൾ പരമാവധിയിലെത്തി വഴിമുട്ടി നിന്ന കാലത്താണ് പി.പി.രാമചന്ദ്രൻ തന്റെ പ്രധാനകവിതകളെല്ലാം എഴുതുന്നത്. മലമുടിഞ്ഞ് ആഴം നികന്ന് നീണ്ട മലയാളമൊട്ടപ്പരപ്പായി നാട് മാറുന്നതു മാത്രമല്ല ഒരു മാലിന്യക്കൂമ്പാരം പെരുകിപ്പെരുകി വരുന്നതും അനുഭവിച്ചുണ്ടായ കവിതയാണത്. അത്തരം അവശിഷ്ടക്കൂമ്പാരങ്ങൾ രാമചന്ദ്രന്റെ പല കവിതകളിലും കൂടിക്കിടക്കുന്നതിൽ ഒന്നാണ് മുകളിലെക്കവിതയിലുള്ളത്. മാലിന്യക്കൂമ്പാരത്തിൽ നിന്നു പുറത്തേക്കു നീളുന്ന നിസ്സഹായമായ ഒരു കൈയാണിതിൽ. ഇതാകട്ടെ, ഇന്ന് ലോകത്തെവിടെയും കാണാവുന്ന ഒരു ദൃശ്യവുമാണ്. താൻ ജീവിക്കുന്ന ലോകത്തെയും കാലത്തെയും കുറിക്കാൻ പോന്ന ഒരു ചിഹ്നമാണ് ഈ കവിക്ക് മാലിന്യക്കൂമ്പാരത്തിൽ നിന്നുയർന്നു കാണുന്ന ആ കൈ. വീട്ടിൽ നിന്നിറങ്ങിയാലുടൻ വട്ടംകുളം സെന്ററിലാവാം ആ കാഴ്ച്ച. അങ്ങു ദൂരെ വാഷിങ്ടൺ നഗരത്തിലുമാവാം.


ഈ മാലിന്യമല എങ്ങനെയാണ് മെല്ലെ മെല്ലെ ഉണ്ടായി വന്നത്, ഇതിന്റെ വർത്തമാനകാല സ്ഥിതിയെന്ത്, ഈ മാലിന്യക്കൂമ്പാരത്തെ എങ്ങനെ നിർവീര്യമാക്കാം അഥവാ ഈ കീറാമുട്ടി പ്രശ്നം എങ്ങനെ പരിഹരിക്കാം എന്നിങ്ങനെ മൂന്നു വഴിക്കു തിരിയുന്ന അന്വേഷണമാണ് രാമചന്ദ്രന്റെ എഴുത്ത്.


ഇടശ്ശേരി, വി.ടി.ഭട്ടതിരിപ്പാട്, വൈലോപ്പിള്ളി എന്നിങ്ങനെ നമ്മുടെ സാംസ്കാരിക മണ്ഡലത്തിലെ ചില വലിപ്പങ്ങളെയോർമ്മിച്ചു കൊണ്ടുള്ളവയാണ് രാമചന്ദ്രന്റെ ആദ്യകാല കവിതകളിൽ പലതും. ആ പ്രകാശഗോപുരങ്ങൾ പുതിയ കാലത്ത് അനാവശ്യമായി മാറിയിരിക്കുന്നു. ആ വെളിച്ചങ്ങൾ നോക്കി തീരത്തടുക്കാൻ മാത്രം മൗഢ്യം ഇന്നിന്റെ യാനപാത്രങ്ങൾക്കില്ല. മറക്കുടക്കകത്തിരുട്ടു നീക്കുവാൻ വിളക്കുമായ് വന്ന കറുത്ത പൂജാരിയുടെ ആശയലോകം ഒരു പഴയ കടലാസു കീറിലെ നരയൻകുടച്ചിത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു(മാൻമാർക്കു കുട - 1990). ആ പ്രകാശഗോപുരങ്ങൾ ചൊരിഞ്ഞ വെളിച്ചത്തോടുള്ള കടപ്പാടിനൊപ്പം സമകാലത്ത് അവയെല്ലാം അനാവശ്യമായ അവശിഷ്ടങ്ങളായിരിക്കുന്നെന്ന ബോധ്യവും കവിക്കുണ്ട്.

വെളിച്ചം തൂകിടുന്നോളം

പൂജാർഹം താനൊരാശയം

അതിരുണ്ടഴൽ ചാറുമ്പോൾ

പൊട്ടിയാട്ടുക താൻ വരം.

എന്ന ഇടശ്ശേരി വരികളിലെ ക്രൂരമായ സത്യസന്ധതയോടെ ലയിച്ചു ചേരാത്ത വലിപ്പങ്ങളെ കാലം വലിച്ചെറിയുന്ന അവശിഷ്ടങ്ങളായി തിരിച്ചറിഞ്ഞു കൊണ്ടാണ് രാമചന്ദ്രൻ തന്റെ എഴുത്തു ജീവിതം ആരംഭിക്കുന്നതു തന്നെ എന്നു ചുരുക്കം. ആ വലിപ്പങ്ങളെ തട്ടിൻപുറത്തേക്കോ പാതാളത്തിലേക്കോ ഭൂതകാല ഗുഹകളിലേക്കോ തള്ളുന്നു ആദ്യകാല കവിതകൾ പലതും. ക്വിറ്റ് ഇന്ത്യ (1993) എന്ന കവിതയിൽ തട്ടിൻപുറത്ത് ഉപേക്ഷിക്കപ്പെട്ട ലൊട്ടുലൊടുക്കു സാധനങ്ങൾക്കിടയിലാണ് ചർക്കയിരിക്കുന്നത്. ചർക്ക മാത്രമല്ല അതിൽ നൂൽനൂൽക്കുന്ന പഞ്ഞിത്തലയനൊരാളുമുണ്ടവിടെ. ദേശീയ പ്രസ്ഥാനകാലത്തെ ഗാന്ധിയൻ ദർശനത്തിന്റെ മൂർത്തരൂപമാണാ പഞ്ഞിത്തലയൻ. ഗാന്ധിദർശനവും ഒരാക്രിസ്സാധനമായി മാറിക്കഴിഞ്ഞിരിക്കുന്നു. 


മന്ദം കറങ്ങുന്നു ചക്രം തുരുമ്പിച്ച

കമ്പി രഘുപതി പാടുന്നു

പഞ്ഞിത്തലയനൊരുത്തനിരുന്നിട്ടു

വെൺമയിൽ നിന്നു നൂൽ നൂൽക്കുന്നു.


നഷ്ടബോധമോ ദുഃഖമോ ഗൃഹാതുരതയോ ഇല്ലാതെയാണ് ഈ ആക്രിവൽക്കരണത്തെക്കുറിച്ച് കവി പറയുന്നത് എന്നത് ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. അവയെക്കുറിച്ചോർത്ത് വികാരം കൊള്ളാതിരിക്കാനുള്ള കണിശമായ ജാഗ്രത ഈ ആദ്യകാല കവിതകളെ ഒരളവുവരെ പരുഷമാക്കിയിട്ടുണ്ട്. ( ഈ കണിശത ആറ്റൂർക്കവിതയുടെ കണിശതയിൽ നിന്ന് അതുകൊണ്ടു തന്നെ വ്യത്യസ്തമായിരിക്കുന്നു) ഓരോ കാലവും സ്വന്തം ആക്രികളെ സൃഷ്ടിക്കുന്നു എന്നതിന്റെ സ്വാഭാവികതയിലാണ് രാമചന്ദ്രന്റെ ഊന്നൽ. ആ അവശിഷ്ടങ്ങൾ നശിച്ചു പോകുന്നതും സ്വാഭാവികം. നശിച്ചു പോകാതെ, പ്ലാസ്റ്റിക്കു പോലെ അലിയാതെ കിടക്കുന്നതാണ് അസ്വസ്ഥത.പഴയ കാലത്തിന്റെ വലിപ്പങ്ങളെ അലിയിച്ചെടുക്കാവുന്നേടത്തോളം അലിയിച്ചെടുക്കുകയും അലിയാത്തത് ആക്രിയായി തള്ളുകയും ചെയ്യുന്നു രാമചന്ദ്രന്റെ കവിത. ചരിത്രത്തിന്റെ മാത്രമല്ല മിത്തിന്റെ വലിപ്പങ്ങളേയും പാഴ് വസ്തുക്കളിലേക്ക് ചേർത്തു വയ്ക്കാനാണ് കവിക്കിഷ്ടം. പാതാളത്തിൽ നിന്നു പൊങ്ങി വരുന്ന മഹാബലിയുടെ കിരീടത്തിളക്കം പൊടിമണ്ണിൽ മിന്നുന്ന മിഠായിക്കടലാസിലേക്കെന്ന പോലെ.


മിന്നും മിഠായിക്കടലാസൊ -

ന്നിളകീ പൊടി മണ്ണിൽ

മുങ്ങിപ്പോയ മഹാബലി തന്നുടെ

പൊൻമുടിയോ കണ്ടു?

(ബസ് സ്റ്റാന്റിലെ തൂപ്പുകാരി - 1991)


മിത്തിന്റെ ലോകത്തു നിന്നുള്ള ആക്രിയായ മാബലി രാമചന്ദ്രകവിതയിൽ തിരനോക്കുന്നത് ഇങ്ങനെയാണ്. ഉച്ചനേരത്ത് വരമ്പത്തെ ഞെണ്ടിൻ മാളത്തിലൂടെ ഒടുവിലയാൾ നൂണു പുറത്തു വരുന്നു. കുടുംബ പാരമ്പര്യത്തിന്റെ വലിപ്പത്തെ നിലവിളക്കു നാല്, കവരവിളക്കൊന്ന്, വലിയ കിണ്ടി രണ്ട്, ചെറുതു മൂന്ന്, ഓട്ടുമണി ,ധൂപക്കുറ്റി, മലരോടം, ചന്ദ്രക്കല, പ്രഭാമണ്ഡലം എന്നിങ്ങനെ വസ്തുപരമാക്കുമ്പോൾ (കഴകം - 2012) സ്വാഭാവികമായും ആക്രിവൽക്കരണം കൂടി നടക്കുന്നുണ്ട്.


സമൂഹമനസ്സിലലിഞ്ഞുചേരും വിധം അർത്ഥവത്തായി പ്രയോഗിക്കാത്തപ്പോഴാണ് ഒരാശയം, ആദർശം, മൂല്യം എല്ലാം ആക്രിവൽക്കരിക്കപ്പടുന്നത്. പഴയതായാൽ പിന്നെ കഴിഞ്ഞു. "പഴഞ്ചോർ പോലും പലഹാരമാം പശിയിങ്കൽ" എന്നിങ്ങനെ പഴമയെ വാഴ്ത്തുന്ന വൈലോപ്പിള്ളിയോടൊപ്പമല്ല രാമചന്ദ്രൻ. പഴയ ആകാശത്തെ ഒരു കവിതയിൽ "വായിച്ചു പഴകിയ പെൻഗ്വിൻ പുസ്തകത്തിന്റെ താളി" നോടാണ് സാദൃശ്യപ്പെടുത്തുന്നത്(പാളങ്ങൾ - 1990). പ്രയോഗമില്ലായ്മയാണ് ഗാന്ധി ദർശനത്തെ, വീട്ടിയെപ്പോലുള്ളവരുടെ സാമൂഹ്യ വീക്ഷണത്തെ എല്ലാം ആക്രിവൽക്കരിച്ചത്. പ്രയോഗമില്ലാതായാൽ ജീവനില്ലാതായി. അത് ജഡവസ്തു. വാദനം കഴിഞ്ഞ ശേഷം താഴെ വെയ്ക്കുകയോ എടുത്തു വയ്ക്കുകയോ ചെയ്ത വാദ്യോപകരണങ്ങൾ ഈ കവിതകളിൽ ഇടക്കു വരുന്നുണ്ട്. കാശി വിശ്വനാഥൻ വാദനം കഴിഞ്ഞു വെച്ച ഷെഹനായ്, ദൈവത്തിന്റെ ഷെഹനായ് ആണ് ജീവന്മുക്തനായ ഉസ്താദ് ബിസ്മില്ലാഖാൻ (ദൈവത്തിന്റെ ഷെഹനായ്). കഥ പറഞ്ഞവസാനിപ്പിച്ചു വിട വാങ്ങിയ വി.സാംബശിവൻ ദൈവം ഒന്നൂതി തുടച്ചുമിനുക്കി പെട്ടിയിൽ വയ്ക്കുന്ന വാദ്യോപകരണം തന്നെ (കഥാശേഷം - 1999). മറിച്ച്, പ്രയോഗിക്കുന്ന നേരത്താകട്ടെ, ജഡവും ജീവത്താകുന്നു. പൂരപ്പറമ്പിലെ കൊമ്പ് ഉറക്കെ നിലവിളിക്കുന്ന ജീവിയാകുന്നു (കൊമ്പ് - 2000).


പ്രയോഗക്ഷമതയുടെ കുറവു കാരണം സമകാലത്തിന് ആക്രിവൽക്കരിക്കാനുള്ള പ്രവണത വളരെ കൂടുതലാണ്. നോതാവു മാത്രമല്ല പ്രതിയോഗിയും കട്ടൗട്ടായിക്കഴിഞ്ഞിരിക്കുന്നു. നല്ലൊരു കാറ്റിൽ ഇനി തകർന്നടിയുകയേ വേണ്ടൂ. കെട്ടിപ്പൊക്കിയ വലിപ്പങ്ങളുടേതാണ് സമകാലം. പഴയതാവുക എന്നാൽ പൊരുത്തപ്പെടലാണ് (പാലം കടക്കുവോളം - 1991) സന്ധിചെയ്യലിന്റെ , പൊരുത്തപ്പെടലിന്റെ സമകാലം ആക്രിവൽക്കരണത്തിന്റെ വേഗത കൂട്ടുന്നു. കാലത്തിന്റെ ചരക്കു മുറിയിൽ മുണ്ടുടുത്തിരിക്കുന്ന മാംസപിണ്ഡങ്ങളായിരിക്കുന്നു നമ്മൾ. ഭൂതവർത്തമാനങ്ങളിലെ അവശിഷ്ടങ്ങളെ ഒരുമിച്ചു വെക്കുന്ന കവിതയാണ് ഗുഹ(1995). പ്രാചീന ഗുഹയിൽ നിന്ന്,


പൊട്ടിയ മൺകുടം,

അസ്ഥികൾ, കൈപ്പിടി -

യറ്റോരു വാൾ, കൽവിളക്കും

കെട്ടു നാറുന്നോരിരുട്ടും 


ആണു കിട്ടിയതെങ്കിൽ വർത്തമാനകാലത്ത് തന്റെയുള്ളിന്റെ ഗുഹയിലോ, പൊട്ടിയ സ്വപ്നവും തുരുമ്പിച്ച ഭാഷയും കെട്ട മനസ്സുമിരുട്ടുമാണ് ശേഷിപ്പ്. ഈ ആക്രിയാകലിനെ വൈയക്തിക മാനത്തോടെയാണ് ഗുഹയിലും ചതുരംഗം, ലോപസന്ധി, പ്രതിവിരൽ തുടങ്ങിയ കവിതകളിലും അവതരിപ്പിച്ചിട്ടുള്ളതെങ്കിലും അതൊരു സാമൂഹ്യ അനുഭവമാണ്. മിഠായിത്തെരുവ്, കുഴലുകൾ, ഉത്തരകാലം, ഭാഷ, കണക്ക് തുടങ്ങി ഒട്ടേറെ കവിതകളിൽ സാമൂഹ്യാനുഭവമായിത്തന്നെ ആക്രിവൽക്കരണം കടന്നുവരുന്നു. മിഠായിത്തെരുവിൽ (1992) വർത്തമാനത്തിന്റെ ചരക്കുകൾ കെട്ടിക്കിടക്കുന്നു. അപായകരമാണീ സ്ഥിതി. നമ്മുടെ വായിൽ തുപ്പാനുമിറക്കാനുമാവാത്ത മധുരാർബുദം പടർന്നിരിക്കുന്നു. ബന്ധങ്ങൾക്കിടയിൽ കൃത്രിമക്കുഴലുകൾ തെളിഞ്ഞു കാണുന്നു. ബന്ങ്ങളുടെ ആഴമില്ലായ്മയും ഉപരിപ്ലവതയും നമ്മുടെ വാക്കുകളെ "ലോലമാം റബ്ബറുറയിട്ട വാക്കുക" ളാക്കി മാറ്റിയിരിക്കുന്നു(ഉത്തരകാലം - 1998). മൊഴി, പൊരുളറ്റ് വെറുമൊച്ച മാത്രമായിരിക്കുന്നു(ഭാഷ, കണക്ക് - 1996). "വാങ്ങുക കുടിക്കുക പുറത്തേക്കെറിയുക" എന്നതായിരിക്കുന്നു ആദർശം. പുറത്തേക്കെറിയുന്നവ കുമിഞ്ഞുകൂടി മല പോലെയായി മനുഷ്യനെ വിഴുങ്ങുന്നു. അതാണ് തുടക്കത്തിൽ ഉദ്ധരിച്ച ഒരു കൈ എന്ന കവിത. മലയാള മൊട്ടപ്പരപ്പിലെ ആഴങ്ങൾ നികത്തുന്നത് ആ മാലിന്യക്കൂമ്പാരങ്ങളാണ്.


ഒരു മനുഷ്യന്റെ ജീവിതം അവശിഷ്ടങ്ങളിലൂടെ ആവിഷ്ക്കരിക്കുന്നു, ബസ്റ്റാന്റിലെ തൂപ്പുകാരി എന്ന കവിത(1991) ആളുകൾ പാതി വലിച്ചു കളഞ്ഞ ബീഡിത്തുണ്ടു പെറുക്കുമ്പോൾ അവളുടെ കൈ പൊള്ളിക്കുന്നു , നീറിപ്പുകയുന്ന ജീവിതം. കാലിയായ പ്ലാസ്റ്റിക് കൂടുകൾ വാരുമ്പോൾ അതിൽ കേൾക്കുന്ന കരച്ചിൽ ശബ്ദം വീട്ടിലെ തുണിത്തൊട്ടിലിൽ തൂങ്ങുന്ന തന്റെ ജീവന്റെയാണ്. മിന്നുന്ന മിഠായിക്കടലാസിളകുമ്പോൾ മുങ്ങിപ്പോയ മഹാബലിയുടെ പൊൻമുടിയാണ് തെളിയുന്നത്. ബസ് സ്റ്റാന്റിലെ തൂപ്പുകാരിയെ നോക്കി നിൽക്കുന്ന കവിയുടെ കണ്ണിലാണ് ഇതെല്ലാം തെളിയുന്നത്. മാലിന്യങ്ങളെല്ലാം തൂത്തുകളയുകയാണ് അവളുടെ ചൂല്.താനും ഒരു മാലിന്യമാണ്. താനും തൂത്തുകളയപ്പെടാം. "നിശ്ചയമവളുടെ ചൂലിൻതുമ്പിങ്ങെത്തില്ല" എന്നാശ്വസിച്ചു കൊണ്ട് അയാൾ സ്റ്റാന്റിൽ നിർത്തിയിട്ട ഒരു ബസ്സിൽ കയറി തൽക്കാലം രക്ഷപ്പെടുകയാണ്. ആ ബസ്സു തന്നെയും "ചപ്പും ചവറും കുത്തി നിറച്ച" ബസ്സാണ്. തൂത്തുവാരപ്പെടാൻ പാകത്തിന് ഒരു മാലിന്യമായിത്തീരലാണ് ഭയം.എന്നാൽ ആ ഭയത്തോടൊപ്പം തൂത്തുവാരപ്പെടും എന്ന വാഗ്ദാനം തരുന്ന മോക്ഷക്കിനാവു മുണ്ട്. മാലിന്യവൽക്കരണത്തിന്റെ വേഗം കൂടി മാലിന്യക്കൂമ്പാരങ്ങൾ നിറഞ്ഞ ഒരു കാലത്ത് തൂത്തുവാരപ്പെടലല്ലാതെ മറ്റെന്താണ് മോക്ഷക്കിനാവ്! മറ്റെന്താണ് ഒരാൾക്ക്, ഒരു വസ്തുവിന്, ഒരാശയത്തിന്, ആദർശത്തിന്, മൂല്യത്തിന് നൽകാവുന്ന ഏറ്റവും നല്ല വാഗ്ദാനം?


2


രാമചന്ദ്രന് പാവകൾ ഇഷ്ടമാണ്. പാലം കടക്കുവോളം(1991) എന്ന കവിതയിൽ പെരുന്തച്ചന്റെ പഴയ പാവക്കഥയുടെ സൂചനയുണ്ട്. പാലത്തിന്റെ രണ്ടറ്റത്ത് പെരുന്തച്ചനും മകൻതച്ചനുമുണ്ടാക്കി വെച്ച രണ്ടു പാവകൾ. ഒന്ന് പാലം കേറി വരുന്ന യാത്രികന്റെ മുഖത്തു തുപ്പാൻ ഒരുങ്ങിയിരിക്കും. അപ്പോൾ മറ്റേപ്പാവ ചെകിടത്തടിച്ച് അതിന്റെ ദിശ മാറ്റി യാത്രികനെ രക്ഷപ്പെടുത്തും. സമകാലത്തിന്റെ പ്രതികരണക്ഷമതയെക്കുറിച്ചു പറയുന്നിടത്താണ് രാമചന്ദ്രൻ ഈ പഴയ പാവകളെ കുപ്പത്തൊട്ടിയിൽ കളയാതെ വീണ്ടും ഉപയോഗിക്കുന്നത്. സമകാലത്തിനു ചേരാത്ത ഒരു മരപ്പാവയേയും പിടിച്ച് തിരക്കേറിയ തെരുവിലൂടെ പോകുന്ന പാവക്കാരന്റെ പശ്ചാത്തലത്തിൽ നഗരം നോക്കിക്കാണാനാണ് കവിക്ക് കൗതുകം(പാവക്കാരൻ - 2000).പാവക്കാരനിൽ നിന്ന് ഒരു പക്ഷേ സ്വതന്ത്രമായ പാവ(അതോ മറ്റൊരു പാവയോ?) കൗതുകത്തോടെ വഴിയിലേക്കു നോക്കി നിൽക്കുന്ന ദൃശ്യത്തിലാണ്, പാവ സ്വന്തം കണ്ണുകൊണ്ടു കാണാൻ തുടങ്ങുന്നിടത്താണ്, ആ തിരക്കാഴ്ച്ച അവസാനിക്കുന്നത്. പെരുന്തച്ചന്റേയും പാവക്കാരന്റെയും പാവകളെ കാലത്തിന്റെ ചവറ്റുകുട്ടയിൽ നിന്നെടുത്ത് വീണ്ടും ഉപയോഗപ്പെടുത്തുകയാണ് ഈ രണ്ടു കവിതകളും. 2019 -ലെ പ്രളയത്തിനു ശേഷമുള്ള കേരളത്തെ അടയാളപ്പെടുത്താൻ രാമചന്ദ്രൻ ഉപയോഗിക്കുന്ന ചിഹ്നം ചേക്കുട്ടിപ്പാവയുടേതാണ്. പ്രളയം കവർന്നെടുത്ത കൈത്തറിത്തുണികളുടെ അവശിഷ്ടങ്ങൾ കൊണ്ടുണ്ടാക്കിയ ചേക്കുട്ടിപ്പാവകൾ അതിജീവനത്തെ കുറിക്കുന്നു.


ഉണ്ടാക്കി വെച്ചതു സർവ്വം നശിച്ചുപോയ്

മുണ്ടിന്റെ കോന്തല ബാക്കി

എങ്കിലെന്തത്തല കൊണ്ടുമുണ്ടാക്കിടാം

ചന്തങ്ങളെന്നൊരു ചിന്ത

തെങ്ങിന്റെ മണ്ടയിലച്ചിങ്ങ പോലന്നു

ഞങ്ങൾക്കുമുണ്ടായി വന്നു


അങ്ങനെയുണ്ടായൊരോമനപ്പാവകൾ

നിങ്ങളോടെന്തു പറഞ്ഞു?

പാടും കറയുമഴുക്ക,ല്ലഴകെന്നോ,

പാഴാക്കരുതൊന്നുമെന്നോ?


അവശേഷിപ്പുകളെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് എടുത്തു വീണ്ടും ഉപയോഗപ്പെടുത്തുക എന്ന കാഴ്ച്ചപ്പാട് രാമചന്ദ്രന്റെ കവിതയിൽ പ്രമേയം മാത്രമല്ല. കാവ്യഭാഷയെക്കൂടി നിർണ്ണയിക്കാൻ പോന്ന അടിസ്ഥാന ദർശനമാണ്. പഴയ വാക്കുകൾ പലതും രാമചന്ദ്രൻ തുടച്ചുമിനുക്കി പുതിയ സന്ദർഭങ്ങളിൽ പുതുതാക്കി ഉപയോഗിക്കുന്നു. ഉദാഹരണത്തിന് വിണ്ട ശില്പം എന്ന കവിതയിലെ (2006) മരപ്രഭു എന്ന വാക്കു നോക്കൂ. അതൊരു പഴയ വാക്ക്. പൂന്താനകാലത്തു നിന്നുള്ളത്. എന്നാൽ ഇവിടെ സന്ദർഭം പുതുത്, ശില്പ പ്രദർശനം.


ഒരു മരപ്രഭുവിന്റെ കയ്യൂക്കു കണ്ടോ,

പ്ലാസ്റ്റർ ഓഫ് പാരീസിലുള്ള

ആ ബുദ്ധവിഗ്രഹത്തിന്റെ

മണ്ടക്കടിക്കാനാണു പുറപ്പാട്.


ഇതേ കവിതയുടെ അവസാന ഭാഗത്ത് "പറയന്റെ കുന്നിന്റെയങ്ങേച്ചെരിവിലെ പാറക്കെട്ടിന്നടിയിൽ കിളിവാതിലിൽക്കൂടി തുറുകണ്ണും പായിച്ചു പകലൊക്കെ പാർക്കുന്ന പൂതത്തെ" മാറ്റി പുതുക്കി ഉപയോഗിക്കുന്നുണ്ട്.ഹരിജൻ കോളനിയും വെള്ളമില്ലാത്ത കിണറും കള്ളുഷാപ്പും ചെങ്കൊടിയും നക്ഷത്രങ്ങളുമുള്ള കുന്നായ മൺ ശില്പത്തിന്റെ നെറുകയിൽ സൂക്ഷിച്ചു നോക്കിയാൽ കാണാവുന്ന വിള്ളലും അതിൽ പാർക്കുന്ന ശില്പിയും പറയന്റെ കുന്നിനേയും പൂതത്തേയും റീ സൈക്കിൾ ചെയ്തതാണ്. പദങ്ങളുടെയും ഇമേജറിയുടെയും റീ സൈക്കിൾ ചെയ്ത പുനരൂപയോഗം ഇങ്ങനെ പല കവിതകളിലും കാണാൻ കഴിയും. കരട് എന്ന കവിതയിൽ ജി എട്ട് രാഷ്ട്രങ്ങളുടെ ഉച്ചകോടി നടക്കുന്ന വട്ടമേശപ്പുറത്തേക്കു ചാടി വീണ ജന്തുവിന്റെ പേക്രോം പേക്രോം എന്ന പ്രതിഷേധം നമ്മുടെ തവളക്കരച്ചിലിനെ പുനരുപയോഗിച്ചതാണ്. ഭാഷയെ, അതിലെ പദാവലിയെ, ഈണങ്ങളെ താളങ്ങളെ എല്ലാം നീട്ടുകയോ കുറുക്കുകയോ വെട്ടുകയോ ഒട്ടിച്ചു ചേർക്കുകയോ ചെയ്ത് ആവുന്നത്ര പുതുക്കുകയാണ് കവി. കാലം തന്നെയും നീട്ടിയാൽ നീളുന്ന ഒരു റബർത്തുണ്ടമാകാമെന്നും അതിൽ മീട്ടിയുണ്ടാക്കുന്ന മൂളക്കമാകാം കവിത എന്നുമുള്ള വിചാരമാണ് കവിക്ക്. (നീട്ടൽ - 2010)



3


 ജീവനുള്ളവ സ്വാഭാവികമായും ചത്ത് അഴുകിപ്പോകും. ആക്രികൾ മാത്രമല്ല മനുഷ്യരും ധാരാളമായി രാമചന്ദ്രന്റെ കവിതയിലുണ്ട്. മനുഷ്യരുൾപ്പെടെ ജീവനുള്ളവ എല്ലാം തരുന്ന വാഗ്ദാനം മരിച്ചു പോകും, അലിയാതെ കിടക്കില്ല എന്നതാണ്. അലിയിപ്പിക്കാനുള്ള വെമ്പൽ അല്പം ക്രൂരമായിത്തന്നെ പ്രകടിപ്പിക്കുന്നു 'ജീവനുള്ളവയിൽ നിന്നും ...' എന്ന കവിത. മേലേ പറന്നു നടക്കുന്ന കഴുകരോട് കവി അപേക്ഷിക്കുന്നത്,


ജീവനുള്ള -

വയിൽ നിന്നും

വേറിട്ടു 

കാട്ടിത്തരൂ


തീ കൊളുത്തീടാനുള്ള

ശവത്തെ,


എന്നാണ്. കടലാസാണെങ്കിൽ, എത്ര പ്രിയത്തോടെ സൂക്ഷിച്ചു വെച്ച കത്തുകളായാലും, എടുത്തു കത്തിച്ചു കളയാം. അവ കത്തിയെരിഞ്ഞിട്ടു വേണം പുതിയൊരു കത്തെഴുതാൻ. കത്തുകൾ കത്തുമ്പോൾ കത്തുന്നത് മറ്റു പലതുമാണ് :


പെട്ടെന്നു കത്തി -

പ്പിടിക്കുന്നു , കാറ്റത്തു

ചുറ്റിത്തിരിഞ്ഞു

പരക്കുന്നിതോർമ്മകൾ

പൊട്ടിത്തെറിക്കുന്നൊ-

രസ്ഥികൾ, വിപ്ലവം

കുത്തി നിറച്ച ല -

ക്കോട്ടുകൾ, ചുറ്റിലും

വെന്ത മാംസത്തിന്റെ

ഗന്ധം പരത്തുന്ന

പണ്ടത്തെയാ പ്രേമ -

ലേഖനക്കെട്ടുകൾ

(കത്തുകൾ)


കടലാസുകൾ കൊണ്ടു തീർത്ത പുസ്തകങ്ങളെ അവയുടെ ജഡത്വത്തിൽ നിന്നു മോചിപ്പിക്കൽ കൂടിയാണ് 'ലൈബ്രേറിയൻ മരിച്ചതിൽ പിന്നെ' എന്ന കവിത. ജഡത്വത്തിന്റെ വിമോചനത്തിനാണ് ഭാവന പ്രയോജനപ്പെടുക. ഭാവനയെ ഇങ്ങനെ കൃത്യപ്പെടുത്തുന്നുണ്ട് രാമചന്ദ്രൻ. അചുംബിത ഭാവനകളുടെ കന്യാവനങ്ങളാകാൻ രാമചന്ദ്രകവിത ആഗ്രഹിക്കുന്നേയില്ല. രാത്രി സെക്കന്റ് ഷോ സിനിമ കഴിഞ്ഞു മടങ്ങുമ്പോഴാണ് ഈ കവിതയിൽ കവി ജഡലൈബ്രറിയെ ഭാവനയിലൂടെ ജൈവ മനുഷ്യരാക്കി വിമോചിപ്പിക്കുന്നത്.അലിയാതെ കിടക്കുന്നവയെ ജൈവപ്രകൃതിയിൽ ലയിപ്പിക്കുന്നതിന്റെ കലയാണ് രാമചന്ദ്രന്റേത്.ഈ കലാവിദ്യ അത്ഭുതകരമായി തിളങ്ങുന്ന കവിതയാണ് ഹരിതാഭരണം(1992) മകളുടെ കമ്മൽ പുല്ലിൽ വീണു പോയത് തിരയുന്നതാണ് സന്ദർഭം. ഖരവസ്തുവായ, ലോഹമായ കമ്മൽ പുല്ലിൽ മറഞ്ഞു കിടക്കുന്നു. നിലാവുദിച്ചപ്പോളതാ പുല്ലിൻ തുമ്പു തോറും സ്വർണ്ണക്കമ്മലുകൾ!


തൊട്ടതു സർവം പൊന്നാക്കും വിധു

രശ്മികളേറ്റു തിളങ്ങുകയത്രേ

മുറ്റും കാടു പിടിച്ചു വളർന്നൊരു

പുൽക്കൊടി തോറും ഹിമബിന്ദുക്കൾ.


ലോഹത്തെ  പുൽക്കൊടിത്തുമ്പത്തെ മഞ്ഞിൽ തിളങ്ങുന്ന നിലാവാക്കി ലയിപ്പിച്ചിരിക്കുന്നു ഇക്കവിത. പൊന്നേ എന്ന വിളി പുല്ലേ എന്ന വിളിക്കു വഴിമാറുന്നു. ഖരത്വങ്ങളെ, ഉള്ളിലെ കട്ടിപ്പുകളെ പ്രകൃതിയിലേക്കു ലയിപ്പിക്കലാണ് പുനരുപയോഗം പോലെ തന്നെ മറ്റൊരു പരിഹാരം എന്ന് രാമചന്ദ്രകവിത ചൂണ്ടിക്കാട്ടുന്നു. ആരു മീട്ടിയാലും, അത് ടി.എൻ. കൃഷ്ണനായാൽ പോലും വയലിന്റേത് ലോഹനാദമാണ്. അതിനെ ചീവീടു മീട്ടുന്ന വയലേല നാദമാക്കി പ്രകൃതിയിലേക്കു പടർത്തുന്നു. അങ്ങനെ ലയിക്കുമ്പൊഴേ "മണ്ണിലുണ്ടാകൂ". (ടി.എൻ. കൃഷ്ണന്റെ വയലിൻ - 1995) കാഴ്ച്ചപ്പുറത്തോ കേൾവിപ്പുറത്തോ എന്നും ഉണ്ടാകുന്നത് അസ്വാഭാവികമാണ്, കൃത്രിമമാണ്, അലിയാതെ കിടക്കലാണ്. അലിയാതെ കിടക്കുന്നവ എത്ര മഹത്തായതായാലും മാലിന്യവുമാണ്. മണ്ണിലലിഞ്ഞിരിക്കലാണ് പ്രധാനം. അപ്പൊഴേ പുല്ലിന്റെ നാരായവേരിന്റെ തുമ്പിൽ ഭൂമിയുടെ ദു:ഖാ ശ്രുബിന്ദുവായൂറിപ്പടർന്നു പച്ചയ്ക്കാൻ കഴിയൂ. ആ അലിയലിന്റെ തണുപ്പാണ് രാമചന്ദ്ര കവിതയിലെ ആനന്ദാനുഭൂതിയുടെ ലോകം - അല്ലാതെ ചിലർ വിമർശിച്ചു കണ്ടിട്ടുള്ള പോലെ ഭൂതകാലക്കുളിരല്ല. പ്രകൃതിയുടെ റീ സൈക്കിളിങ്ങിന്റെ തുടർച്ചയായി പച്ചച്ചു നിൽക്കുന്ന പുൽനാമ്പ് പശുക്കുട്ടിയുടെ നാവിന്റെ സ്പർശനത്തെക്കുറിച്ചു പറയുന്നേടത്തുണ്ട് ആ കുളിരനുഭൂതി :


മഞ്ഞിലുമേറെത്തണുത്തതെന്തോ വന്നു

മെയ്യിലുരുമ്മിയതായറിഞ്ഞു.

പാൽ മണമെങ്ങും പരന്നിരുന്നു, ഒരു

മാർദ്ദവമെന്നെപ്പൊതിഞ്ഞിരുന്നു.

(മഞ്ഞിലുമേറെത്തണുത്തത് - 1995)


ഇല്ലാതാവലല്ലത്. അലിഞ്ഞുചേരലാണ്. അലിഞ്ഞു മണ്ണിലേക്കു തന്നെ അണയൽ 


യന്ത്രസംവിധാനങ്ങളുടേയും സാങ്കേതികവിദ്യകളുടെയും വേഗക്കുതിപ്പുകളുടേയും ആരാധകനാണ് ഈ കവി. ഏതു പുതിയ സാങ്കേതികവിദ്യയേയും ആദ്യം തന്നെ സ്വാംശീകരിക്കുന്ന പ്രകൃതമുള്ളയാളുമാണ്. ആ യന്ത്ര ലോകത്തെ പ്രകൃതിയുടെ അലിയിക്കുന്ന സ്വാഭാവികതയോടു ചേർത്തു വക്കാനാണ് രാമചന്ദ്രനിഷ്ടം. യന്ത്രങ്ങളുടെയും വാഹനങ്ങളുടെയും ലോകത്തു മാത്രം കൗതുകം പൂണ്ടു നിൽക്കുന്ന ഒരു കുട്ടിയുണ്ട് ഈ കവിതകളിൽ. അഥവാ യന്ത്രങ്ങൾ കാണുമ്പോൾ മാത്രം കുഞ്ഞിനെപ്പോലെ കൗതുകം കൊള്ളുന്ന ഒരാൾ. ഇവിടെ പൂർണ്ണമായും എടുത്തു ചേർക്കേണ്ട കവിതയാണ് കാഴ്ച്ച(1995) :


വലിയ യന്ത്രം

ശബ്ദഘോഷത്തോടെ

പ്രവർത്തിക്കുന്നതും

വലിയ കൊമ്പൻ

ശബ്ദമുണ്ടാക്കാതെ

പട്ടതിന്നുന്നതും

നോക്കിനിൽക്കും കുട്ടികൾ.


യന്ത്രം ശബ്ദമുണ്ടാക്കാതെ

പട്ട തിന്നുന്നതും

കൊമ്പൻ

ശബ്ദഘോഷത്തോടെ

പ്രവർത്തിക്കുന്നതും

കണ്ടു നിൽക്കും ഞാൻ.


യന്ത്രത്തെയും കൊമ്പനേയും ഇങ്ങനെ ചേർത്ത് പരസ്പരം വെച്ചു മാറാനാണ് കവി കുട്ടിയുടെ കണ്ണിലൂടെ നോക്കുന്നത്. യന്ത്രത്തെ പ്രകൃതിയുടെ ഭാഗമാക്കലാണത്.രാമചന്ദ്രന്റെ കവിതയിൽ വിസ്മയഭാവം വരുന്നത് യന്ത്രങ്ങളെക്കുറിച്ചെഴുതുമ്പോഴാണ്. മറ്റെല്ലാം ഉദാസീനമായി തണുപ്പൻ മട്ടിൽ നല്ല മാഷാവാതെ ആവേശമില്ലാതെ കാണുന്നയാൾ യന്ത്രങ്ങൾക്ക്, പ്രത്യേകിച്ചും വാഹനങ്ങൾക്ക് മുമ്പിലെത്തുമ്പോൾ വിസ്മയത്തിന്റെ വേഗത്തിരിപ്പ് അമർത്തിച്ചവിട്ടുന്നു. സിഗ്നൽ മാറിപ്പോയതിനാൽ പാളം തെറ്റി പുലർച്ചെ പാടത്തേക്കിറങ്ങുന്ന കുണ്ടനിടവഴിയിൽ വന്നു നിന്ന തീവണ്ടിയെ കവിത (കാണെക്കാണെ - 1997) അവസാനിക്കുമ്പോൾ ഉറുമ്പുകൾ വലിച്ചുകൊണ്ടുപോകുന്നത് അത്ഭുതത്തോടെ നമ്മളും നോക്കുന്നു.


പൊന്നാനിസ്സമ്പ്രദായമനുസരിച്ച് ഉണ്ണികൾ വാഴാൻ ന്യായമുള്ള തനിമയുള്ള ഇടങ്ങൾ താഴെപ്പറഞ്ഞവയാണ്:


ആറ്റിൻകരയിൽ കുടിയിരിപ്പ്

കാറ്റും വെളിച്ചവും കയ്യിരുപ്പ്

തെങ്ങും കവുങ്ങും നിറഞ്ഞ തോപ്പ്

മുങ്ങിക്കുളിക്കാൻ കുളക്കടവ്.


പയ്യും കിടാവും തൊഴുത്തിലുണ്ട്

നെല്ലു പത്തായപ്പുരയിലുണ്ട്.

ആലുണ്ടരികത്തു കാവുമുണ്ട്

വേലയുമുണ്ട് വിളക്കുമുണ്ട്.

(ഉണ്ണിയെത്തേടി - 1994)


ഉണ്ണിയെത്തേടി വരുന്ന പൂതത്തെ അങ്ങോട്ടു ചൂണ്ടി വഴി തിരിച്ചു വിടുകയാണ് കവി. ഉണ്ണിയെത്തിരഞ്ഞു വരുന്ന പൂതത്തെ ഭൂതത്തിലേക്കു വഴി തിരിച്ചു വിടുന്നു. പൊട്ടപ്പൂതം അതു വിശ്വസിച്ച് നേരെ അങ്ങോട്ടു പോകുമ്പോൾ വർത്തമാനകാലത്തിലെ യന്ത്രലോകത്തിനു മുന്നിൽ താൻ കൊണ്ടു നിർത്തിയ ഉണ്ണിയെ കവി നമുക്കു കാണിച്ചു തരുന്നു.


യന്ത്രലോകത്ത് ഉണ്ണിക്കേറ്റവും കമ്പം വാഹനങ്ങളോടു തന്നെ. സൈക്കിളും കാറും ബസ്സും ബോട്ടും തീവണ്ടിയും മാറി മാറി വരുന്നു. മൈക്കിളു ചേട്ടനോടു സൈക്കിളു വാടകക്കെടുത്ത് ഒരൊറ്റക്കുതിയാണ്, ലോകത്തിന്റെ അറ്റത്തേക്ക് (സൈക്കിളു ചവിട്ടാൻ) സൈക്കിൾ എന്ന പേരിൽ തന്നെയുണ്ട് ഒരു കവിത(1993). വഴിമാറുകെന്നു ചെവി തിരുമ്മുമ്പോൾ മണിനാദം കേൾപ്പിക്കുന്ന കുഞ്ഞുവിസ്മയം. വനഹൃദയത്തിൽ നൗകയാണ് - പ്രണയ നൗക. അതൊടുവിൽ വഞ്ചനയുടെ മുതലയായി മാറുന്നു. 1990-ലെ പാളങ്ങൾ തൊട്ട് അനേകം കവിതകളിൽ തീവണ്ടി വരുന്നു. ത്രികാലങ്ങളേയും കൂട്ടിയിണക്കാൻ കഴിയുന്നുവെന്നതാണ് തീവണ്ടിയുടെ മെച്ചം. പാളങ്ങളിൽ അത് ചരിത്രത്തിൽ നിന്ന് വർത്തമാനത്തിലൂടെ മനുഷ്യനെ ചരക്കാക്കി ഭാവിയിലേക്കു കുതിക്കുന്നു. ഷൊറണൂർ നിലമ്പൂർ പാസഞ്ചറിൽ തീവണ്ടി കല്ലുരുട്ടിക്കേറ്റുന്ന പഴയ ഭ്രാന്തനെ ഓർമ്മിപ്പിക്കുന്ന വൃദ്ധനാണ് - പഴങ്കാലത്തു നിന്ന് പതിവു ദിനസരിയുടെ മടുപ്പുമായി വരുന്നയാൾ. വർത്തമാനകാലത്തു തന്നെ പ്രകൃതിയിൽ അഴിഞ്ഞു ചേരാൻ ഭാഗ്യം കിട്ടിയ മാതൃകാ തീവണ്ടിയാണ് കാണെക്കാണെയിലെ വണ്ടി. കാട്ടുവള്ളി ചുറ്റിപ്പടർന്നു കേറി എഞ്ചിനിൽ തൊടുമ്പോഴാണ് കട്ടപ്പുറത്തെ കാറ് ഭൂമിക്കടിയിലെ ഇന്ധനമൊക്കെ കേറി ഉള്ളം ജ്വലിച്ച് ഹനുമാനെപ്പോലെ കുതിക്കുന്നത്. ഇങ്ങനെ യന്ത്രങ്ങളെയും വാഹനങ്ങളെയും പ്രകൃതിയുടെയും കാലത്തിന്റെയും മഹാവന്യതയിലേക്ക് ലയിപ്പിച്ചെടുക്കലാണ് പുതിയ കാലത്തിന്റെ യന്ത്രങ്ങളും വസ്തുക്കളും ഭൂമിക്കു ഭാരമാകാതെയിരിക്കാനുള്ള ഒരു വഴിയെന്ന് ഈ കവിതകൾ ചൂണ്ടിക്കാട്ടുന്നു. വീണു കഴിഞ്ഞതെന്തും ഭാരമാണ്. കോണി കേറുന്നതിനിടെ വീണു പോയ അമ്മയെ കോരിയെടുക്കുമ്പോൾ മക്കൾ അറിയുന്നത് ഭൂമിയുടെ ഭാരമാണ്.


4


ഘടനാപരമായി വലിയ സവിശേഷതയുള്ള കവിതയാണ് നിശ്ശബ്ദം(2000) എഴുപത്തിരണ്ടു വരികളുള്ള ഈ കവിത ഒരൊറ്റ നീണ്ട വാക്യമാണ്. പല നിലക്കാഴ്ച്ചകൾ താണ്ടിക്കുതിച്ചും പല നിലയങ്ങളിൽ നിറുത്തിയും ലക്ഷ്യത്തിലേക്കു പായുന്ന തീവണ്ടി പോലെ. സുഹൃത്തായ വരദന്റെ ഗഹന നിശ്ശബ്ദത എന്ന സ്റ്റോപ്പിൽ നിന്നു തുടങ്ങി എന്റെ നിലപാട് എന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പാണ് ആ കവിത. അതിനിടയിൽ മുഴുവൻ പലവക വസ്തുക്കളാണ്, ആക്രി സാധനങ്ങൾ. കൂമ്പാരം കൂടിക്കൂടിക്കിടക്കുന്ന ആക്രി താണ്ടിയാണ് കവി നിശ്ശബ്ദതക്കെതിരായ തന്റെ നിലപാടിൽ എത്തിച്ചേരുന്നത്. കാലം പുറന്തള്ളുന്നവയെ തിരിച്ചറിഞ്ഞു വേണം നിലപാടുകൾ എടുക്കാൻ എന്ന രാഷ്ട്രീയ വിവേകത്തിന്റെ പ്രഖ്യാപനം കൂടിയാണ് ഈ കവിത. ഏതു നിലപാടിനും പിന്നിൽ കാണും ഈ കവിതയിലേതു പോലുള്ള ആക്രി സാധനങ്ങൾ. കാലം പുറ ന്തള്ളിയവയെ തുടച്ചുമിനുക്കി വെക്കലാണ് കഴകം, പാരമ്പര്യം. പൊരുത്തപ്പെടലാണത്. അതിനെ മുറിച്ചു കടക്കലാണ് നിലപാട്, ശരിയായ നിലപാട്.


ആക്രികൾ താണ്ടി, അവയെ മനസ്സിലാക്കി മുറിച്ചു കടന്ന് ഈ കവി തന്റെ നിലപാടുകളിലെത്തുന്നു. സ്വാഭാവികമായും രാമചന്ദ്രന്റെ കവിത ഉയർത്തിപ്പിടിക്കുന്ന പ്രധാന നിലപാടുകളിലൊന്ന് അനശ്വരതയെ റദ്ദു ചെയ്യലാണ്. വാഗ്ദേവത കവിക്കു നീട്ടിയ വാഗ്ദാനമാണല്ലോ അനശ്വരത. എന്നാൽ പശ്ചാത്തലത്തിലുള്ള ആക്രിപ്രപഞ്ചത്തിനു മുന്നിൽ നിൽക്കുമ്പോൾ അനശ്വരത എന്ന ആശയം മങ്ങി വാടിപ്പോകുന്നു. ഞാനിവിടെയുണ്ട് എന്നറിയിക്കാൻ ഒരു വസ്തുവും വേണ്ട, മധുരമായ ഒരു കൂവൽ മാത്രം മതി. അത് കാറ്റിലലിഞ്ഞ് ഇല്ലാതായിക്കോളും. ഇവിടെ ഉണ്ടായിരുന്നു എന്നു കാണിക്കാൻ ഒരു തൂവൽ ധാരാളം. വസ്തുവാണെങ്കിലും അത് വൈകാതെ ദ്രവിച്ച് ഇല്ലാതാകും. നാളെ ഉണ്ടാകും എന്നതിന്റെ സാക്ഷ്യം പൊരുന്നച്ചൂട് മാത്രം. പക്ഷികൾ അനശ്വരമായ ആക്രികളെയും മാലിന്യങ്ങളേയും പുറന്തള്ളുന്നില്ല. രാമചന്ദ്രകവിതയുടെ നിലപാടിനു പിന്നിൽ നിശ്ശബ്ദം എന്ന കവിതയിലെപ്പോലെ, ആക്രികൾ കിടക്കുന്നു. നിലപാടിനു മുന്നിൽ പക്ഷികൾ പറക്കുന്നു. നശിക്കാതെ കിടക്കലല്ല, നശിച്ചില്ലാതായി മണ്ണിലലിയലാണ് അനശ്വരത എന്ന് ഈ കവിതകൾ വിളംബരം ചെയ്യുന്നു.


അഴിയണമെങ്കിൽ, അലിയണമെങ്കിൽ മാറണം. ഉറച്ചു നില്പ് ഈ കവിയുടെ നയമല്ല. ഒരു രൂപത്തിലും തൃപ്തിയോടെ ഉറച്ചുനിൽക്കാതിരിക്കൽ രാമചന്ദ്രകവിതകളുടെ പൊതുസ്വഭാവമാണ്. ഏറ്റവും പുതിയ മട്ടിൽ അയഞ്ഞ ഗദ്യത്തിൽ ഒരു കവിതയെഴുതിയാൽ അടുത്ത കവിത മിക്കവാറും ഏതെങ്കിലും പരമ്പരാഗത രൂപത്തിലാവും രാമചന്ദ്രൻ എഴുതുക. അടുത്ത കവിത മുറുക്കമുള്ള ഗദ്യത്തിലാവാം. അതിനടുത്തത് ഒരു നാടകീയ കാവ്യമാവാം. സംസ്കൃത-ദ്രാവിഡ വൃത്തങ്ങളും മുറുകിയതും അയഞ്ഞതുമായ ഗദ്യവും ഒരുപോലെ വഴങ്ങുന്ന കവികൾ ഇന്നു നമുക്ക് അധികമില്ല. ആ വഴക്കത്തോടെ, പുതുമയിലേക്കും പഴമയിലേക്കും രൂപങ്ങളിലൂടെ ഊഞ്ഞാലാടുന്നു, ആന്ദോളനം ചെയ്യുന്നു, ഈ കവിതകൾ. ഇത്രത്തോളം രൂപവൈവിധ്യത്തിലേക്കു പകർന്നു പകർന്നു പോയിട്ടും കവിതയിൽ രൂപവൈവിധ്യത്തിനുള്ള സാധ്യതകൾ എത്ര പരിമിതമാണ് എന്ന അസംതൃപ്തിയായിരിക്കാം ഈ കവിക്ക് ഒരു പക്ഷേ കാവ്യകലയോടു തന്നെയുള്ള ഒരു മുഷിപ്പ്.



















Thursday, December 23, 2021

ഇഷ്ടാനിഷ്ടങ്ങൾ മെടഞ്ഞ കവിതോലപ്പായ നിവർത്തുമ്പോൾ

 ഇഷ്ടാനിഷ്ടങ്ങൾ മെടഞ്ഞ കവിതോലപ്പായ നിവർത്തുമ്പോൾ



1


ആറ്റൂർക്കവിതയുടെ മൂർത്തതയും കണിശതയും കലർപ്പാണു കവിതയെന്ന ധാരണയും എനിക്കിഷ്ടമാണ്. വിനയചന്ദ്രൻ കവിതയുടെ കുതിക്കുന്ന ഒഴുക്ക് എനിക്കിഷ്ടമാണ്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ നാടകീയ തീവ്രത എനിക്കിഷ്ടമാണ്. സച്ചിദാനന്ദകവിതയിലെ സമഗ്രതാബോധം എനിക്കിഷ്ടമാണ്.മേതിലിന്റെ ഒരേ സമയം സൂക്ഷ്മവും സ്ഥൂലവുമായ പ്രപഞ്ചദർശനം എനിക്കിഷ്ടമാണ്.ചിലെടത്ത് നേർപ്പിച്ചും ചിലെടത്ത് കൂർപ്പിച്ചും കുറുക്കിയുമെടുക്കുന്ന ഏ അയ്യപ്പന്റെ ജലച്ചായഭാഷ എനിക്കിഷ്ടമാണ്. അനേകത്തെ ഒറ്റ മുനയിലേക്ക് ആവാഹിക്കുന്ന, കാലസ്വഭാവത്തെ വരികളിലേക്കു മൂർച്ചപ്പെടുത്തുന്ന കെ.ജി.എസ് രീതികൾ എനിക്കിഷ്ടമാണ്. ചരാചരങ്ങളുമായി തനിക്കുണ്ടായിരുന്ന സിരാബന്ധം മുറിഞ്ഞു പോയതു വിളക്കിച്ചേർക്കലായ് കവിതയെക്കാണുന്ന കെ. എ.ജയശീലന്റെ കാഴ്ച്ചപ്പാട് എനിക്കിഷ്ടമാണ്.ജയപ്രകാശ് അങ്കമാലിക്കവിതയുടെ പൗരാണിക ഭാവം എനിക്കിഷ്ടമാണ്


 പുതുകാലത്തേക്കും പകർന്നെടുക്കുന്ന സുഗതകുമാരിക്കവിതയുടെ ഭാവഗീതാത്മകതയും അനാവരണം ചെയ്യപ്പെടുന്ന പരമനിസ്സഹായതയുടെ ആഴവും എനിക്കിഷ്ടമാണ്. തന്നെ പലതാക്കിപ്പിരിക്കുന്ന അയ്യപ്പപ്പണിക്കരത്തം എനിക്കിഷ്ടമാണ്. ടി.ആർ. ശ്രീനിവാസിന്റെ ഉന്മാദം തിളങ്ങുന്ന ചുഴിഞ്ഞു നോട്ടം എനിക്കിഷ്ടമാണ്. കടമ്മനിട്ടയിലെ അപാരമായ ഊർജ്ജം എനിക്കിഷ്ടമാണ്. മങ്ങൂഴം പോലുള്ള കക്കാടിന്റെ ക്ഷീണഭാവം എനിക്കിഷ്ടമാണ്.ആർ.രാമചന്ദ്രന്റെ കവിതയിലെ സാന്ധ്യനിശ്ശബ്ദതയും ധ്യാനാത്മകതയും എനിക്കിഷ്ടമാണ്. കേരളീയവും ഭാരതീയവും പാശ്ചാത്യവുമായ സംസ്കാരധാരകളുടെ സംഗമ സ്ഥലമായി കവിതയെ മാറ്റുന്ന വിഷ്ണു നാരായണ രീതി എനിക്കിഷ്ടമാണ്. ജി.കുമാരപ്പിള്ളയുടെ സ്വരവൈവിധ്യവും നാടത്തം നിറഞ്ഞ ചിരിയും എനിക്കിഷ്ടമാണ്. സൂക്ഷ്മതയിലേക്കുള്ള പുലാക്കാട്ടു രവീന്ദ്രന്റെ മിഴിയൂന്നൽ എനിക്കിഷ്ടമാണ്. വി.കെ.നാരായണന്റെ കൂസലില്ലായ്മ എനിക്കിഷ്ടമാണ്. ഏറ്റുമാനൂർ സോമദാസന്റെ കവിതയിലെ സുതാര്യത എനിക്കിഷ്ടമാണ്. കുറച്ചു വരി കൊണ്ട് ഭാവത്തിന്റെ അഗാധതയിൽ നമ്മെയാഴ്ത്തുന്ന ഒ.വി.ഉഷയുടെ രീതി എനിക്കിഷ്ടമാണ്. 

 

ലോകത്തെ മുഴുവൻ തന്നോടു ചേർത്തു നിർത്തുന്ന ഒ എൻ വി മട്ട് എനിക്കിഷ്ടമാണ്. കാവാലത്തിന്റെ താളക്കെട്ട് എനിക്കിഷ്ടമാണ്. പി ഭാസ്കരന്റെ മനുഷ്യപ്പറ്റ് എനിക്കിഷ്ടമാണ്. വയലാർക്കവിതയിലെ അഭിമാനബോധം എനിക്കിഷ്ടമാണ്. കെ.വി. തമ്പിയുടെ മുറിയിലെ ഇരുട്ട് എനിക്കിഷ്ടമാണ്. മാധവൻ അയ്യപ്പത്തിന്റെ പരീക്ഷണാത്മകത എനിക്കിഷ്ടമാണ്.   കുഞ്ഞുണ്ണിക്കവിതയുടെ അസംബന്ധദർശനവും വാമൊഴിത്തവും എനിക്കിഷ്ടമാണ്. കടവനാടു കുട്ടിക്കൃഷ്ണന്റെ കവിതയിലുള്ള നാട്ടിൻപുറത്തെ കാരണവരുടെ ഭാവം എനിക്കിഷ്ടമാണ്.എം.എൻ.പാലൂർ ക്കവിതയിലെ അബദ്ധം പിണഞ്ഞവന്റെ നിഷ്കളങ്കമട്ട് എനിക്കിഷ്ടമാണ്. അകവിതയായിപ്പരക്കാനുള്ള ചെറിയാൻ കെ.ചെറിയാന്റെ വെമ്പൽ എനിക്കിഷ്ടമാണ്. ഉള്ളിലൊരു മുള്ളു സൂക്ഷിക്കുന്ന ജോർജ് തോമസിന്റെ കവിതാരീതി എനിക്കിഷ്ടമാണ്.  അക്കിത്തം കവിതയിലെ കുട്ടിത്തവും പൊടുന്നനെയുണ്ടാകുന്ന ബോധോദയമിന്നലുകളും എനിക്കിഷ്ടമാണ്. കവിതയുടെ ഭാഷ പഴഞ്ചൊല്ലുപോലെ കുറുക്കിയെടുക്കുന്ന എം.ഗോവിന്ദത്തം എനിക്കിഷ്ടമാണ്.


 സംസാര ഭാഷയിലെ വാക്കുകൾ കൊണ്ട് ഒളപ്പമണ്ണ സൃഷ്ടിക്കുന്ന നേർമ്മ എനിക്കിഷ്ടമാണ്.പുനലൂർ ബാലന്റെ കവിതയിൽ നിന്നൊഴുകുന്ന വിമർശനത്തിന്റെ ലാവ എനിക്കിഷ്ടമാണ്. തിരുനല്ലൂർ കരുണാകരന്റെ കവിതയിൽ വരികളുടെ എണ്ണം കുറഞ്ഞ് സാന്ദ്രമാകുന്ന സന്ദർഭങ്ങൾ എനിക്കിഷ്ടമാണ്. വി. ടി. കുമാരന്റെ കവിത നാടോടിക്കാലത്തിലേക്കു പിൻമടങ്ങി ലോകത്തെ നോക്കുന്നത് എനിക്കിഷ്ടമാണ്. കൃഷ്ണകുമാറിന്റെ കവിതയിലെ ആത്മീയത എനിക്കിഷ്ടമാണ്. തന്റെ ജീവിതപരിസരത്തെക്കുറിച്ചെഴുതുന്ന പുറമണ്ണൂർ ടി.മുഹമ്മദിന്റെ യാഥാർത്ഥ്യബോധം എനിക്കിഷ്ടമാണ്. സുധാകരൻ തേലക്കാടിന്റെ കവിതയിൽ വിഷാദം നിറപ്പകിട്ടോടെ സാന്ദ്രമാക്കുന്ന രീതി എനിക്കിഷ്ടമാണ്.ഫ്യൂഡൽ കാലത്തുനിന്ന് ജനാധിപത്യകാലത്തേക്കുള്ള സംക്രമണത്തിന്റെ ഉത്കണ്ഠകൾ കെ.സി. ഫ്രാൻസിസ് അവതരിപ്പിച്ചത് എനിക്കിഷ്ടമാണ്. അക്രമാസക്തമായി വരുന്ന ഭൂരിപക്ഷ വർഗ്ഗീയതയുടെ ഇരമ്പം ആദ്യമേ കേട്ട എസ്.വി. ഉസ്മാൻകവിതയുടെ ജാഗ്രത എനിക്കിഷ്ടമാണ്. സി.എ.ജോസഫിന്റെ കവിതകളിലെ അപൂർവതയും അപ്രതീക്ഷിതത്വവും ജീവിതത്തിലെ ചില പ്രതിസന്ധി ഘട്ടങ്ങളിൽ അതേകുന്ന ആശ്വാസവും എനിക്കിഷ്ടമാണ്. വി.വി.കെ.വാലത്തിന്റെ ലോകബോധം എനിക്കിഷ്ടമാണ്. 

 

കമ്മ്യൂണിസ്റ്റിന്റെ ജീവിതത്തിലെ ധർമ്മസങ്കടങ്ങളും തിളക്കമുള്ള നിമിഷങ്ങളും ചെറുകാട് കവിതകളിലെഴുതിയത് എനിക്കിഷ്ടമാണ്. എ.വി.ശ്രീകണ്ഠപ്പൊതുവാളിന്റെ കവിതയിലെ കർഷകന്റെ കാഴ്ച്ചപ്പാട് എനിക്കിഷ്ടമാണ്. കണ്ണുകളിലൂറി താഴേക്കു വീഴാതെ തുളുമ്പി നിൽക്കുന്ന കണ്ണീർത്തുള്ളിയുടെ നില്പ് കൂത്താട്ടുകുളം മേരി ജോൺ എഴുതിയത് എനിക്കിഷ്ടമാണ്. മാപ്പിളപ്പാട്ടിന്റെ ഇശലുകളും ഇസ്ലാമിക പ്രമേയങ്ങളും അറബി വാക്കുകളും മലയാള കാവ്യഭാഷയോടിണങ്ങി നിൽക്കുന്ന ടി. ഉബൈദിന്റെ കാവ്യാന്തരീക്ഷം എനികിഷ്ടമാണ്. വി.കെ.ഗോവിന്ദൻ നായർക്കവിതയിലെ പദച്ചേർപ്പുകൾ എനിക്കിഷ്ടമാണ്.സ്വന്തം നാട്ടു മിത്തുകളിലേക്കുള്ള കുട്ടമത്തിന്റെ അന്വേഷണം എനിക്കിഷ്ടമാണ്. വൈലോപ്പിള്ളിക്കവിതയിലെ പരസ്പരവിരുദ്ധമായ സങ്കീർണ്ണഭാവങ്ങളുടെ പ്രകാശനം എനിക്കിഷ്ടമാണ്. ഇടശ്ശേരിക്കവിതയിലെ ശരിതെറ്റുകൾക്കിടയിലെ നില്പും ആത്മ വിചാരണയും സംസ്കാരത്തിന്റെ അടരുകളിലേക്കുള്ള ഇറക്കവും എനിക്കിഷ്ടമാണ്. ജി.കവിതയിലെ, അനന്തപ്രപഞ്ചം ഉള്ളിൽ നിറയുന്ന അനുഭവം എനിക്കിഷ്ടമാണ്. ഒരേ സമയം പരമ സ്വാതന്ത്ര്യവും പരമബന്ധനവും ആവിഷ്കരിക്കുന്ന പീക്കവിതയുടെ സങ്കീർണ്ണ നില എനിക്കിഷ്ടമാണ്.


 പൗരാണികതയേയും പുതുകാല ജീവിതത്തേയും യാഥാർത്ഥ്യ ബോധത്തോടെ ചേർത്തുവയ്ക്കുന്ന എൻ.വി.കൃഷ്ണവാരിയർ രീതി എനിക്കിഷ്ടമാണ്. കെ.കെ.രാജാക്കവിതയിലെ വിസ്മയ ഭാവം എനിക്കിഷ്ടമാണ്. വെണ്ണിക്കുളം കവിതയിലെ പ്രസന്നത എനിക്കിഷ്ടമാണ്. ചങ്ങമ്പുഴക്കവിതയുടെ ഒടുങ്ങാത്ത ചാഞ്ചല്യവും അനന്തതയെ ഓർമ്മിപ്പിക്കുന്ന അനർഗ്ഗളതയും എനിക്കിഷ്ടമാണ്. ഇടപ്പള്ളിക്കവിതയിലെ, ഒഴുക്കിനെ സ്വപ്നം കാണുന്ന ഉൾവലിവ് എനിക്കിഷ്ടമാണ്. ബാലാമണിയമ്മക്കവിതയിലെ, വെളിച്ചം തേടിയുള്ള യാത്രയും അതിലൂടെ എത്തിച്ചേരുന്ന പാകതയും എനിക്കിഷ്ടമാണ്. ജീവിതത്തിലേറ്റ ആഘാതങ്ങളാൽ പുഞ്ചിരി പൊട്ടിച്ചിരിയായി മാറുന്ന സഞ്ജയകവിത എനിക്കിഷ്ടമാണ്. ടി.കെ.നാരായണക്കുറുപ്പിന്റെ കവിതകളിൽ ഉൺമയുടെ ബോധം കുറുകിയ ഗദ്യത്തിലേക്ക് കവിതയായ് സാന്ദ്രമാകുന്ന അനുഭവം എനിക്കിഷ്ടമാണ്. കുറ്റിപ്പുറത്തിന്റെ കവിതയിലെ, മുറ്റത്തൊരറ്റത്തൊരു പൂവെരഞ്ഞി മുറ്റിത്തഴച്ചങ്ങനെ നിന്നിരുന്നു എന്ന മട്ടിലുള്ള ഋജുത്വം എനിക്കിഷ്ടമാണ്. രാജപാതകളല്ല ഊട്ടുപാതകളാണ് നല്ലത് എന്ന കല്ലന്മാർതൊടി രാമുണ്ണിമേനോൻ കവിതയുടെ വീക്ഷണം എനിക്കിഷ്ടമാണ്.

 

കയ്യെത്തുന്ന ദൂരത്തെ പരിസരപ്രകൃതിയിൽ മുഴുകുന്ന വള്ളത്തോളിന്റെ ജീവിതരതി എനിക്കിഷ്ടമാണ്. ഉള്ളൂർക്കവിതയിലെ നീതിബോധം എനിക്കിഷ്ടമാണ്. ഭൗതികലോകത്തുനിന്നും ആത്മീയലോകത്തേക്കുള്ള മാറ്റം സിസ്റ്റർ മേരി ബെനീഞ്ജ എഴുതുന്നത് എനിക്കിഷ്ടമാണ്. നാടോടിശ്ശീലിൽ ലളിതമായ ഭാഷയിൽ സമകാല പ്രസക്തിയുള്ള പ്രധാന വിഷയങ്ങൾ ആവിഷ്ക്കരിക്കുന്ന പണ്ഡിറ്റ് കെ.പി. കറുപ്പന്റെ ജാതിക്കുമ്മിയുടെ തനതു മട്ട് എനിക്കിഷ്ടമാണ്. മനപ്രകൃതങ്ങളുടെ വേരു തേടിപ്പോകുന്ന ആശാൻ കവിതയുടെ അനുകരിക്കാനാവാത്ത ഏകാന്തനില എനിക്കിഷ്ടമാണ്. വി.സി ബാലകൃഷ്ണപ്പണിക്കർക്കവിതയിൽ ഇരുട്ടും വെളിച്ചവും മാറി മാറി വീഴുന്നതിന്റെ അഗാധതീവ്രത എനിക്കിഷ്ടമാണ്.......


ഇവരിലൊക്കെയുമുണ്ടാവാം എനിക്കിഷ്ടമില്ലാത്തവയും...



2


എത്ര പുതുതായിരിക്കുമ്പോഴും ആറ്റൂർക്കവിതയിൽ പ്രവർത്തിക്കുന്ന 'ഇന്നലെ' യും പിൽക്കാല കവിതകളിലെ അസ്വാഭാവികത തോന്നിക്കുന്ന പദച്ചേർപ്പുകളും എനിക്കിഷ്ടമല്ല. വിനയചന്ദ്രകവിതയിലെ റഫ്രിജറേറ്റർ, ചൊറി, ബാങ്ക് പാസ്ബുക്ക്, ബുദ്ധമൗനം, ബീജഗണിതം എന്ന തരത്തിലുള്ള പട്ടികപ്പെടുത്തലും അസ്ഥാനത്തെ വാചാലതയും എനിക്കിഷ്ടമില്ല.ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതയിലെ ബലിമൃഗ ഭാവവും വാക്കുകളെ ഊതിപ്പെരുപ്പിച്ച് മുഴക്കമുള്ളതാക്കുന്ന രീതിയും എനിക്കിഷ്ടമില്ല. സച്ചിദാനന്ദകവിതയിലെ പ്രതികരണ സ്വഭാവത്തിന്റെ യാന്ത്രികത എനിക്കിഷ്ടമല്ല. മേതിൽക്കവിതയുടെ പടിഞ്ഞാറൻ ചുവ എനിക്കിഷ്ടമല്ല.തിളങ്ങുന്ന രണ്ടു വരികൾക്കു മുകളിലും താഴെയും എ.അയ്യപ്പൻ നിരത്തുന്ന കാല്പനിക ക്ലീഷേ വരികൾ എനിക്കിഷ്ടമല്ല. കെ.ജി. എസ്സിന്റെ ആദ്യകാലകവിതയിലെ അമിത പ്രഭാഷണപരതയും പിൽക്കാല കവിതയിലെ വൈകാരിക വരൾച്ച തോന്നിക്കുന്ന ഭാഷാരീതിയും എനിക്കിഷ്ടമല്ല.തത്വചിന്താപരതയുടെ ആധിക്യം കൊണ്ട് കെ.എ, ജയശീലൻ കവിതയിൽ വരുന്ന ഭാഷാപരമായ ക്ലിഷ്ടത എനിക്കിഷ്ടമല്ല.ജയപ്രകാശ് അങ്കമാലിക്കവിതയിലെ ചുള്ളിക്കാട് സ്വാധീനം എനിക്കിഷ്ടമല്ല.


 സുഗതകുമാരിക്കവിതയുടെ ഭാഷാപരവും പ്രമേയപരവും ഭാവപരവുമായ പ്രതീക്ഷിതത്വം എനിക്കിഷ്ടമല്ല. അയ്യപ്പപ്പണിക്കർക്കവിതയിലെ അതിവാചാലതയും ഭാവത്തെ ബോധപൂർവം മുറിച്ചിടുന്ന രീതിയും എനിക്കിഷ്ടമല്ല. ടി.ആർ. ശ്രീനിവാസ് കവിതയിലെ ഭാഷാപരവും ഭാവപരവുമായ ശൈഥില്യം എനിക്കിഷ്ടമല്ല. കടമ്മനിട്ടക്കവിതയിലെ നാട്ടുപ്രമാണിയുടെ ധിക്കാരനോട്ടം എനിക്കിഷ്ടമല്ല. കക്കാടിന്റെ കവിതയിലെ സംസ്കൃതപദച്ചേർപ്പുകളും മഹാഭാരത കഥകളിലേക്കുള്ള തുടർച്ചയായ പിൻവാങ്ങലും എനിക്കിഷ്ടമല്ല. ആർ.രാമചന്ദ്രകവിത ടാഗോറിലേക്കോ മിസ്റ്റിസിസത്തിലേക്കോ ചായുമ്പോഴത്തെ യാന്ത്രികത എനിക്കിഷ്ടമല്ല.പൂണൂലും ജാതി- വംശ അഭിമാനവും വെളിപ്പെടുന്ന വിഷ്ണുനാരായണ കവിതാസന്ദർഭങ്ങൾ എനിക്കിഷ്ടമല്ല. ജി. കുമാരപ്പിള്ളക്കവിതയിൽ കേവല വസ്തുസ്ഥിതിവിവരണത്തോടുള്ള കമ്പം എനിക്കിഷ്ടമല്ല. പുലാക്കാട്ടു രവീന്ദ്രന്റെ കവിതയിലെ പരമ്പരാഗത കാവ്യബിംബങ്ങളെ പുൽകാനുള്ള ത്വര എനിക്കിഷ്ടമല്ല. വി.കെ.നാരായണന്റെ കവിതയിലെ ലക്ഷ്യവേധിയല്ലാത്ത ചിതറൽ എനിക്കിഷ്ടമല്ല. ആനുകാലികമാവാനുള്ള ഏറ്റുമാനൂർ സോമദാസകവിതയുടെ വെമ്പൽ എനിക്കിഷ്ടമല്ല. ഒ വി.ഉഷയുടെ കവിതയിൽ ഭാവപരവും ഭാഷാപരവുമായി തുടങ്ങിയേടത്തു നിന്ന് മുന്നോട്ടു നീങ്ങാത്ത നില്പ് എനിക്കിഷ്ടമല്ല.

 

 ഒ.എൻ.വി.ക്കവിതയിൽ പ്രമേയത്തെ വൈകാരികമാക്കാൻ ശ്രമിക്കുമ്പോൾ പൊടിയുന്ന വിയർപ്പും മുഷിപ്പും എനിക്കിഷ്ടമില്ല. കാവാലം കവിത ഭാഷാപരമായി മ്യൂസിയംപീസ് ആയി പരിമിതപ്പെടുന്ന സന്ദർഭങ്ങൾ എനിക്കിഷ്ടമല്ല. യഥാർത്ഥ സംഭവങ്ങളെ പലപ്പോഴും വെറുതേ പദ്യപ്പെടുത്തുക മാത്രം ചെയ്യുന്ന പി.ഭാസ്കരരീതി എനിക്കിഷ്ടമല്ല. വയലാർക്കവിതയിൽ പുരോഗമനാശയങ്ങളും സവർണ്ണ യാഥാസ്ഥിതിക കാവ്യഭാഷയും പരസ്പരം പുറന്തിരിഞ്ഞിരിക്കുന്നത് എനിക്കിഷ്ടമല്ല. പ്രമേയം, കാവ്യബിംബങ്ങൾ എന്നിവയുടെ കാര്യത്തിൽ കെ.വി. തമ്പിക്കവിതയിൽ കാണുന്ന ചുരുങ്ങൽ അഥവാ റേഞ്ചില്ലായ്മ എനിക്കിഷ്ടമല്ല. പ്രമേയംകൊണ്ടും രൂപംകൊണ്ടും പുതുതായിരിക്കുമ്പോഴും മാധവൻ അയ്യപ്പത്തിന്റെ കവിതകളിലുളള ഭാഷാപരമായ പഴക്കച്ചുവ എനിക്കിഷ്ടമല്ല. 

കുട്ടിത്തത്തിലേക്ക് സ്വയം പരിമിതപ്പെടുത്താനുള്ള കുഞ്ഞുണ്ണിക്കവിതയുടെ നിരന്തരശ്രമം എനിക്കിഷ്ടമല്ല. കടവനാടു കുട്ടിക്കൃഷ്ണന്റെ കവിതയിലെ വാചാലമായ കടപടാരവം എനിക്കിഷ്ടമല്ല. പാലൂർക്കവിതയിലെ കഥ പറച്ചിലിന്റെ ചെടിപ്പ് എനിക്കിഷ്ടമല്ല. കവിത എന്ന മാധ്യമത്തോടുള്ള ആത്മവിശ്വാസക്കുറവിൽ നിന്നുണ്ടായതെന്നു തോന്നിക്കുന്ന ചെറിയാൻ കെ. ചെറിയാന്റെ കവിവ്യക്തിത്വമില്ലായ്മ എനിക്കിഷ്ടമല്ല. ജോർജ് തോമസിന്റെ കവിതയിൽ വിമർശനം അതി പ്രകടവും അതി പരുഷവുമാകുമ്പോൾ കാവ്യാത്മകത ചോരുന്നതായിത്തോന്നുന്ന അനുഭവം എനിക്കിഷ്ടമല്ല. അക്കിത്തം കവിതയിലെ പദ്യപ്രബന്ധരചനാതല്പരതയും ഫ്യൂഡൽ മൂല്യങ്ങളുടെ തകർച്ചയിൽ നിന്നുണ്ടാകുന്ന വിഷാദവും എനിക്കിഷ്ടമല്ല. എം.ഗോവിന്ദഭാഷയിൽ ബോധപൂർവത മുഴച്ചു നിൽക്കുന്നത് എനിക്കിഷ്ടമല്ല. 


ഫ്യൂഡൽ മൂല്യം വിട്ട് മുതലാളിത്ത മൂല്യത്തിലേക്കുള്ള മാറ്റത്തിനു പിന്നിലെ സമർത്ഥന്റെ നോട്ടം ഒളപ്പമണ്ണക്കവിതയിൽ നിന്നുയരുന്നത് എനിക്കിഷ്ടമല്ല. പുനലൂർ ബാലന്റെ കവിതയിൽ അത്യാവേശം കൊണ്ടുണ്ടാകുന്ന വാചാലത എനിക്കിഷ്ടമല്ല. തിരുനല്ലൂർ കരുണാകരന്റെ കവിത ആഖ്യാനത്തിന്റെ അയവിലേക്കു പരക്കുമ്പോഴുണ്ടാകുന്ന ആഴക്കുറവ് എനിക്കിഷ്ടമല്ല. വി.ടി.കുമാരന്റെ കവിത സമകാല സംഭവങ്ങളെ മുൻനിർത്തി ലോകത്തെ നോക്കുന്ന സന്ദർഭങ്ങൾ എനിക്കിഷ്ടമല്ല. പരമ്പരാഗത ക്ലീഷേ കാവ്യകല്പനകൾ കൃഷ്ണകുമാറിന്റെ കവിതയിലെ ആത്മീയാനുഭവത്തെ ദുർബലപ്പെടുത്തുന്നത് എനിക്കിഷ്ടമല്ല. സ്വന്തം കരുത്ത് തിരിച്ചറിയാതെ മുഖ്യധാരാ പ്രമേയങ്ങളിലേക്ക് പുറമണ്ണൂർ ടി.മുഹമ്മദിന്റെ കവിത പോകുന്നത് എനിക്കിഷ്ടമല്ല. സുധാകരൻ തേലക്കാടിന്റെ കവിതയിലെ കാല്പനികകാവ്യപാരമ്പര്യത്തോടുള്ള അമിത വിധേയത്വം എനിക്കിഷ്ടമല്ല. കെ.സി. ഫ്രാൻസിസിന്റെ അവസാനകാല കവിതയിലെ അതിരുകവിഞ്ഞ സിനിസിസവും വിഷാദവും എനിക്കിഷ്ടമല്ല. എസ്.വി. ഉസ്മാൻ കവിതയിൽ സ്വന്തം കവിവ്യക്തിത്വത്തെ സ്വയം മാനിക്കായ്കയാലുണ്ടായ എഴുത്തിന്റെ വൈരള്യം എനിക്കിഷ്ടമല്ല. സി.എ.ജോസഫിന്റെ കവിതയുടെ കാവ്യശരീരത്തിൽ കാണുന്ന വൈലോപ്പിള്ളി സ്വാധീനം എനിക്കിഷ്ടമല്ല. വി വി കെ വാലത്തിന്റെ കവിതയിൽ പ്രഭാഷണപരത മുഴച്ചു നിൽക്കുന്നത് എനിക്കിഷ്ടമല്ല. 


അപ്പപ്പോഴത്തെ പ്രായോഗിക ആവശ്യങ്ങൾക്കു വേണ്ടിയെഴുതിയവയാണ് ഈ കവിതകൾ എന്ന, ചെറുകാടിന്റെ കവിതയിലെ ഭാവം എനിക്കിഷ്ടമല്ല. കൃഷി, ദേശീയ പ്രസ്ഥാനം, കൃഷ്ണഭക്തി ഈ മൂന്നു വിഷയങ്ങളല്ലാതെ മറ്റെന്തിനെക്കുറിച്ചെഴുതുമ്പോഴും എ.വി.ശ്രീകണ്ഠപ്പൊതുവാളിന്റെ കവിതയിലുണ്ടാവുന്ന അയവ് എനിക്കിഷ്ടമല്ല. കൂത്താട്ടുകുളം മേരി ജോൺ കവിതയിൽ ക്രാഫ്റ്റിന്റെ കാര്യത്തിലുള്ള ഉദാസീനത എനിക്കിഷ്ടമല്ല. ടി.ഉബൈദിന്റെ കാവ്യഭാഷയുടെ മുറുക്കമില്ലായ്മ, വിശേഷിച്ചും സംസ്കൃതവൃത്തങ്ങളിലെഴുതുമ്പോഴത്തെ ശില്പപരമായ ശൈഥില്യം എനിക്കിഷ്ടമല്ല.വി.കെ.ഗോവിന്ദൻ നായർക്കവിതയിൽ ഫ്യൂഡൽ സംസ്കാരത്തിന്റെ അഭിരുചിയോടുളള ഭക്തി കൂടി തലനീട്ടിക്കാണുന്നത് എനിക്കിഷ്ടമല്ല. കുട്ടമത്തിന്റെ കവിത വള്ളത്തോൾക്കളരിയുടെ ഭാവുകത്വ പരിസരങ്ങളിൽ ചുറ്റിത്തിരിയുന്നത് എനിക്കിഷ്ടമില്ല. കമ്പിനു കമ്പിന്, വരിക്കു വരി അലങ്കരിച്ചേ പറ്റൂ എന്ന വൈലോപ്പിള്ളിക്കവിതയുടെ പിടിവാശി എനിക്കിഷ്ടമല്ല. നാടൻ വാക്കുകളും കഠിന സംസ്കൃതവും തമ്മിൽ വിലക്ഷണമായി ചേരുമ്പോൾ ഇടശ്ശേരിക്കവിതയിലുണ്ടാകുന്ന പ്രയോഗക്ലിഷ്ടതകൾ എനിക്കിഷ്ടമല്ല. കാണുന്ന എന്തിനേയും പ്രതീകവത്കരിക്കുന്ന ജി. കവിതയിലെ യാന്ത്രികത എനിക്കിഷ്ടമല്ല. പി.കുഞ്ഞിരാമൻ നായർ തന്റെ ഏതു കവിതയിലും പ്രയോഗിക്കാൻ പാകത്തിന് ഒരുക്കിവെച്ചിരിക്കുന്ന ഒരുക്കു ശീലുകൾ പോലുള്ള വരികളും ബിംബങ്ങളും എനിക്കിഷ്ടമല്ല. 


വൈകാരികതലം പോലും ചിന്തിച്ചുണ്ടാക്കുന്നതാണ് എന്നു തോന്നിപ്പിക്കുന്ന അമിതമായ വിചാരപരത എൻ.വി.ക്കവിതയിൽ എനിക്കിഷ്ടമില്ല. കെ.കെ . രാജാക്കവിതയിൽ അനുഭവ പരതയേക്കാൾ ആശയപരതക്കു പ്രാമുഖ്യമുള്ള സന്ദർഭങ്ങൾ എനിക്കിഷ്ടമല്ല. വെണ്ണിക്കുളംകവിത ലോകതത്വങ്ങളിലേക്കും ജീവിത ദർശനങ്ങളിലേക്കും കടക്കുന്നിടത്തെ വൈരസ്യം എനിക്കിഷ്ടമല്ല. കയ്പെങ്കിൽ അതി കയ്പ് ,ക്രോധമെങ്കിൽ അതിക്രോധം, വിഷാദമെങ്കിൽ അതി വിഷാദം - എപ്പോഴുമുള്ള ഈ അതി ചങ്ങമ്പുഴക്കവിതയിൽ ഉണ്ടാക്കുന്ന ചെടിപ്പ് എനിക്കിഷ്ടമില്ല. ഇടപ്പള്ളിക്കവിതയിൽ നിറയെയുള്ള ജീവിതതന്ത്രി, കാലമാകുന്ന കടൽ, വാസരനാഥൻ , കളവാണീമണി, കല്യാണകല്ലോലം എന്ന മട്ടിലുള്ള ചെടിപ്പിക്കുന്ന പദപ്രയോഗങ്ങളുടെ ആധിക്യം എനിക്കിഷ്ടമല്ല. ആഖ്യാനത്തിലെ കയറ്റിറക്കങ്ങളില്ലാത്ത ഒരേ സ്ഥായി ബാലാമണിയമ്മക്കവിതയിലുണ്ടാക്കുന്ന വൈരസ്യം എനിക്കിഷ്ടമല്ല. ആനുകാലിക സംഭവങ്ങളിൽ കുരുങ്ങിയേ പറ്റൂ എന്ന സഞ്ജയച്ചിരിയുടെ ശാഠ്യം എനിക്കിഷ്ടമല്ല. ടാഗോർക്കവിതയോടുള്ള വിധേയത്വത്തിൽ നിന്ന് പുറത്തുകടക്കുന്നത്‌ ശരിയല്ല എന്ന ടി.കെ.നാരായണക്കുറുപ്പിന്റെ കവിതയുടെ ഉറച്ച തീരുമാനം എനിക്കിഷ്ടമില്ല. പ്രസ്താവനകളോടും പൊതുതത്വങ്ങളോടുമുള്ള കുറ്റിപ്പുറത്തിന്റെ ഭ്രമം എനിക്കിഷ്ടമല്ല. വള്ളത്തോൾക്കവിതാശൈലിയിൽ നിന്നു പുറത്തുകടക്കാതിരിക്കാനുള്ള കല്ലന്മാർത്തൊടിക്കവിതയുടെ അതിജാഗ്രത എനിക്കിഷ്ടമല്ല.


 കവിതയുടെ ഭാവാന്തരീക്ഷം തകർക്കും വിധത്തിൽ അസ്ഥാനത്ത് സാമൂഹ്യസ്ഥിതിവിവരണം നടത്തുന്ന വള്ളത്തോൾ രീതി എനിക്കിഷ്ടമല്ല. കന്യാകുമാരിയിലെ സൂര്യോദയം വർണ്ണിക്കുന്നിടത്ത് "പൊൻമയമായൊരു സാധനം പൊങ്ങുന്നു" എന്നെഴുതിയ തരത്തിൽ ഉള്ളൂർക്കവിതയിലുടനീളം കാണുന്ന പദൗചിത്യമില്ലായ്മ എനിക്കിഷ്ടമല്ല. വൈയക്തിക അനുഭവങ്ങളിൽ നിന്നു രക്ഷപ്പെട്ട് തത്വവിചാരങ്ങളിലേക്കു പോകാനുള്ള സിസ്റ്റർ മേരി ബനീഞ്ജക്കവിതയുടെ തിടുക്കം എനിക്കിഷ്ടമില്ല. ജാതിക്കുമ്മിയൊഴികെ മറ്റെല്ലാ കവിതകളിലും നടപ്പുകാലത്തെ പൊതു കാവ്യഭാഷയെത്തന്നെ പിന്തുടർന്നെഴുതുന്ന പണ്ഡിറ്റ് കെ.പി. കറുപ്പൻ രീതി എനിക്കിഷ്ടമല്ല. സാക്ഷാൽക്കാരത്തിലേക്ക്, പൂർണ്ണിമയിലേക്ക് എത്തുന്നിടത്തു വെച്ച് ആശാൻ കവിതയെ പിന്നാക്കം വലിക്കുന്ന ആ പിൻവിളി എനിക്കിഷ്ടമല്ല. വി.സി. ബാലകൃഷ്ണപ്പണിക്കർക്കവിതയിലെ, "പാതിവ്രത്യ പ്രതാപക്കൊടിയുടെ ചരടേ" എന്ന മട്ടിലുള്ള പ്രയോഗങ്ങൾക്കു പിന്നിലെ നിയോക്ലാസിക് കാവ്യഭാഷയുടെ സ്വാധീനം എനിക്കിഷ്ടമല്ല.

 


3



എന്റെയീ അനിഷ്ടങ്ങൾ തന്നെയാകാം മറ്റു പലരുടെയും ഇഷ്ടങ്ങൾ. മറിച്ച്, ഇവരുടെ കവിതകളിൽ എനിക്കു തോന്നിയ ഇഷ്ടങ്ങൾ പല വായനക്കാർക്കും അനിഷ്ടമാകാനും മതി. വായനയിലെ ആത്മനിഷ്ഠത പ്രധാനമാണ്. എന്നാൽ ആ ആത്മനിഷ്ഠതയേയും നിർണ്ണയിക്കുന്നത് അതതു കവിതകളുടെ വസ്തുനിഷ്ഠസ്വഭാവമുള്ള, ഇങ്ങനെ മൂർത്തമായി പറയാൻ കഴിയുന്ന സവിശേഷതകൾ തന്നെയാണെന്ന് തിരിച്ചറിയുന്നു, കവിതവായനയിലെ എന്റെ സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ ഒന്നോടിച്ചു നോക്കുമ്പോൾ.


ഇഷ്ടങ്ങളോ അനിഷ്ടങ്ങളോ പറയാൻ പറ്റാത്ത ഒരു മൂന്നാം വിഭാഗം വേറെയുമുണ്ടെന്നതാണ് കൗതുകകരം. ഉദാഹരണത്തിന്, പാലാ നാരായണൻ നായർ, എം.പി.അപ്പൻ, നാലാങ്കൽ എന്നിവരുടെ കവിതകൾ കുറേ വായിച്ചിട്ടുണ്ട്. എന്നാൽ ഇഷ്ടത്തിന്റെ കാര്യത്തിലായാലും അനിഷ്ടത്തിന്റെ കാര്യത്തിലായാലും ഒരു തിരിപാട് ഇതുവരെ കിട്ടിയിട്ടില്ല. ഈ വിഭാഗത്തിൽ ഇനിയുമുണ്ടു പല കവികൾ. ഇതിനു പുറമേ, ശരിക്കു ഞാൻ വായിച്ചെത്തിയിട്ടില്ലാത്ത കുറേ കവികൾ വേറെയുമുണ്ട്. പല തവണ വായിച്ചിട്ടും ഇഷ്ടക്കേടുകളല്ലാതെ ഇഷ്ടമൊന്നും തോന്നിയിട്ടില്ലാത്ത കവിതകളാകട്ടെ, ഈ കുറിപ്പിന്റെ പരിധിയിൽ വരുന്നുമില്ല. നാളെ നമ്മുടെ കവികളെ വീണ്ടും വായിക്കുമ്പോൾ ഇപ്പോഴത്തെ ഈ ഇഷ്ടാനിഷ്ടങ്ങളെല്ലാം മാറി മറിഞ്ഞ് പുതിയ ഇഷ്ടങ്ങളും പുതിയ ഇഷ്ടക്കേടുകളും തോന്നണേ, അവക്കും മൂർത്തമായ് വിവരിക്കാൻ കഴിയും വിധം വസ്തുനിഷ്ഠതയുടെ പിൻബലമുണ്ടാവണേ എന്നതാണ് ഒരു കവിതവായനക്കാരൻ എന്ന നിലയിൽ എന്റെ പ്രാർത്ഥന.

Tuesday, December 21, 2021

മറവിച്ചുവടുകൾ

 മറവിച്ചുവടുകൾ



എന്റെ സുഹൃത്തുമായി വേർപെട്ട

എന്റെ മറ്റൊരു സുഹൃത്ത്

എന്റെ ഏറ്റവുമടുത്ത സുഹൃത്തുമൊത്തു

ജീവിക്കാൻ തീരുമാനിച്ചപ്പോൾ

ഒരു കാരണമുണ്ടാക്കി

ആദ്യമേ മുറിച്ചിട്ടു,

എന്നോടുള്ള സൗഹൃദം.


സുഹൃത്തും

മറ്റൊരു സുഹൃത്തും

ഏറ്റവുമടുത്ത സുഹൃത്തുമിപ്പോൾ

എനിക്കില്ല.


അമ്പരന്നുപോയ ഞാൻ

അന്നൊരിക്കൽ

'മറ്റൊരു സുഹൃത്തി'നെ 

വഴിയിൽ വെച്ചു കണ്ടു.

നീണ്ട മുടി വെട്ടി

ബോബു ചെയ്തിരുന്നു.

പതിവായി സാരിയുടുത്തിരുന്ന ആൾ

പാന്റും ഷർട്ടുമിട്ട്

കഴിഞ്ഞതെല്ലാം മറന്നെന്ന

ചുവടുറപ്പോടെ

നടന്നു പോകുന്നു.


'ഏറ്റവുമടുത്ത സുഹൃത്തും'

ഒരിക്കൽ നേർക്കുനേർ വന്നു.

പഴയ അതേ രൂപം.

മുണ്ടും ഷർട്ടും തന്നെ.

മുന്നിലെന്നെ കണ്ടതും

ദൃഷ്ടി മാറ്റി

അടി പതറി

വീഴാൻ പോയി

വീഴാതെ

നടന്നു മാറി.


പുതിയ ജോലി (കവിത)

 പുതിയ ജോലി

പത്രമാപ്പീസിൽ ജോലിക്കു ചേർന്ന നാൾ
ഉച്ചയൂണിന്നു കാന്റീനിൽ പോകുമ്പോൾ
താഴേ നിലയിലെ കണ്ണാടിക്കൂടിന്മേൽ
എന്റെ ദിവസങ്ങളുരുക്കി മെഴുക്കാക്കാൻ
പണ്ടു തിരികത്തിച്ച കമ്പിമാസികയുടെ
സ്വന്തമാപ്പീസിന്റെ പേരെഴുതി വെച്ചതു
കണ്ടു ഞാൻ നോക്കി മിഴിച്ചു നിന്നു.

അങ്ങൊരേയൊരാൾ ജോലി, ക്കൊരു വൃദ്ധൻ
പിന്നെയാ വിറക്കയ്യൊഴുക്കും.

ഇങ്ങു നിന്നുത്ഭവിച്ച വിദ്യുത്തരം -
ഗങ്ങളേറ്റു വിറച്ച കൗമാരമേ,
ഈ കഷണ്ടിത്തലയനാം വൃദ്ധന്റെ
കയ്യെഴുത്തിന്നു മുന്നിൽ പകയ്ക്കുവാൻ
എന്നെയീപ്പത്രമാപ്പീസിലേക്കു നീ -
യിന്നു ജോലിക്കയച്ചതാ, ണല്ലയോ?


Monday, December 20, 2021

ലിവർപൂളുകാരൻ സിദ്ദ് - ജറയിന്റ് ലവ്ഗ്രീൻ (വെൽഷ്)

 ലിവർപൂളുകാരൻ സിദ്ദ്

- ജറയിന്റ് ലവ്ഗ്രീൻ (വെൽഷ്)



ലിവർപൂളിൽ നിന്നയാൾ 

കണ്ടുമുട്ടീ ചുറു -

ചുറുക്കുള്ള ശാന്തത്തി 

വെൽഷു പെണ്ണെ

പ്രേമത്തിൽ വീണയാൾ, 

കല്യാണം കഴിച്ചയാൾ

ഡെൻബിഷറിലവർ 

വീടും വെച്ചു.

മൂന്നു കുഞ്ഞുങ്ങൾ വെൽഷു

കുഞ്ഞുങ്ങളവർക്കുണ്ടായ്

മൂന്നുപേരും വെൽഷിൽ നിന്നു -

മകലുമോ ഹേ!

ഇല്ലില്ലെന്നു പറഞ്ഞൂ 

സിദ്ദ്,

സ്വന്തമൊരു ഭാഷയുണ്ടേ-

യവർക്ക്.

ഒന്നാം നാളു തൊട്ടു തന്നേ 

സിദ്ദും

കുഞ്ഞുങ്ങളോടൊപ്പം വെൽഷു 

പഠിച്ചേ.


വെൽഷു ഭാഷ മൊഴിയുന്ന ലിവർപൂളുകാരനാണു

സിദ്ദിപ്പോൾ!

നമ്മുടെയീപ്പുരാതന 

ഭാഷ

എങ്ങനെയോ ജീവിക്കു-

ന്നിന്നും.

സത്യം തന്നെ, യയാളുടെ 

കുഞ്ഞുങ്ങളുമവരുടെ 

കുഞ്ഞുങ്ങളും വെൽഷു ഭാഷ 

പറവൂ.


ഓരോ നാളു-

മീ വിശ്വാസം

കാക്കുന്നോരേ നന്ദി

ഓരോ വഴി-

ക്കീ വിശ്വാസം

ഘോഷിപ്പോരേ, നന്ദി

നിങ്ങളോടുമെന്നോടും

ഇങ്ങനെ വ്യക്തമായ്ത്തന്നെ -

യുച്ചത്തിൽ ഘോ-

ഷിക്കുന്നോരേ, നന്ദി :

"ഈപ്പുരാതന ഭാഷ

മരിക്കുകയില്ല"


വെയിൽസിലുണ്ടാകാം 

സിദ്ദിനെപ്പോലെ

ഇങ്ങനെയായിരമാളുക,ളെന്നാ -

ലീ ലിവർപൂളിൽ

ഒരൊറ്റ സിദ്ദേയുള്ളൂ

എന്റെയച്ഛൻ സിദ്ദ്.


പൂക്കാലവും ഇലപൊഴിയും കാലവും (ഒരു കൊച്ചു കുട്ടിക്ക്) - ജെറാൾഡ് മാൻലി ഹോപ്കിൻസ്

 പൂക്കാലവും ഇലപൊഴിയും കാലവും

(ഒരു കൊച്ചു കുട്ടിക്ക്)


- ജെറാൾഡ് മാൻലി ഹോപ്കിൻസ്



സ്വർണ്ണവൃക്ഷങ്ങൾ ഇലപൊഴിക്കെ,

മാർഗരറ്റ്, നീ കരയുന്നതെന്തേ?

കരുതൽ മനുഷ്യരോടുള്ള പോലീ -

യിലകളെയോർത്തുമുണ്ടല്ലയോ നിൻ

തളിരിടും പുത്തനാം ചിന്തകൾക്ക്?

ഹൃദയത്തിനു വയസ്സേറിടുമ്പോൾ

തണുവേറുമിത്തരം കാഴ്ച്ചകൾക്കും.

ചെലവാക്കാനൊരു നെടുവീർപ്പു പോലും

നിനക്കില്ലെന്നായ്ത്തീരും പിന്നെപ്പിന്നെ.

ചീയും പഴുക്കിലക്കൂമ്പാരത്തിൻ

ലോകങ്ങളെങ്ങും കിടക്കുമ്പോഴും.

എന്നാലുമപ്പൊഴും തേങ്ങിടും നീ

തേങ്ങുന്നതെന്തിനാണെന്നറിയും.

പേരെന്തുമാവട്ടെ, കുഞ്ഞേ, ദുഃഖ -

മൂറുമുറവകളൊന്നു തന്നെ.

കേൾക്കും ഹൃദയ,മൂഹിക്കുമാത്മാ-

വാവില്ലതാവിഷ്കരിക്കാനെന്നാൽ.

വീണടിയുന്ന മനുഷ്യന്നായി

മാർഗരറ്റ്, തേങ്ങുന്നു നീ നിനക്കായ്


Friday, December 17, 2021

ഭൂമിവിഴുങ്ങിപ്പൂക്കൾ

 ഭൂമിവിഴുങ്ങിപ്പൂക്കൾ



ഭംഗിയുള്ള പൂക്കൾ!

പക്ഷേ, നടരുത്

മറ്റൊന്നിനേയും വളരാൻ വിടാതവ

ഭൂമി വിഴുങ്ങും.


ഇക്കൂട്ടരുണ്ടായിരുന്നുവോ നമ്മുടെ

നാട്ടുപൂക്കൾക്കുമിടയിൽ?

പഴങ്കവിതയിലെ

കാക്കപ്പൂ തുമ്പ കണ്ണാന്തളികളിൽ?


വിദേശത്തുനിന്നെത്തിയവരെന്നോ?

എങ്കിൽ ഞാനോർത്തെടുക്കട്ടേ

വിദേശകവിതകളിലെ പൂക്കൾ.

1807-ലെ ഡാഫൊഡിൽ പൂവൊരു

കാട്ടുപൂവോ കളയോ?

ഡാഫൊഡിൽ ട്യൂളിപ്

ഹയസിന്തുകൾക്കിടയിൽ 

പതുങ്ങിയിരുന്നവർ

നമ്മുടെ മണ്ണിലിറങ്ങിയതാവുമോ?


എങ്ങു നോക്കിയാലും

മഞ്ഞ നിറത്തിൽ സൂര്യകാന്തി മാതിരി കുഞ്ഞു പൂക്കൾ.

തല നുള്ളി നട്ടാൽ

നാടു മൂടും.

ജി.യുടെ നാട്ടുകാന്തികൾക്കിടയിലൂടവ

നൂണു കടന്നുവന്നതാകുമോ?

വാൻഗോഗിന്റെ 

വിദേശ കാന്തികൾക്കിടയിലൂടെയോ?

അല്ലെങ്കിൽ 

വാൻഗോഗിൻ സൂര്യകാന്തിയെ ധ്യാനിച്ചു നിൽക്കുന്ന

മലയാള മഞ്ഞപ്പൂക്കളിലൂടെയോ?


പൂക്കളുടെ ഒരു ലോകമൊരുക്കാൻ

കളകൾക്കാണു തിടുക്കം!

Wednesday, December 15, 2021

കവിതകൾ - ദക്ഷിലാ സ്വർണ്ണമാലി

 കവിതകൾ


ദക്ഷിലാ സ്വർണ്ണമാലി


(സിംഹള ഭാഷയിൽ എഴുതുന്ന ശ്രീലങ്കൻ എഴുത്തുകാരി. കാലച്ചുവട് നവംബർ 2021 ലക്കത്തിൽ വന്ന എം. റിഷാൻ ഷെരീഫിന്റെ തമിഴ് പരിഭാഷയിൽ നിന്നുമാണ് ഈ മൊഴിമാറ്റം)



1


ഞങ്ങൾ അലഞ്ഞുതിരിഞ്ഞ കാടുകളിൽ

പഴങ്ങൾക്കൊപ്പം വിത്തുകളും വിഴുങ്ങുന്നതു കണ്ട

മൂത്തവർ പറഞ്ഞു: 

ഇനി വയറ്റിൽ മരം മുളയ്ക്കും

ചെവികളിലൂടെ തളിരുകൾ വരും

വായിൽ നിന്നു ചില്ലകളുയരും.


ഞങ്ങളും ഇളയവരോടു പറഞ്ഞു,

വയറ്റിൽ മരം മുളക്കും

ചെവികളിലൂടെ തളിരുകൾ വരും

വായിൽ നിന്നു ചില്ലകളുയരും


ആകയാൽ

ഇപ്പോൾ ഞങ്ങൾ നൃത്തമാടുന്ന കാടുകൾ

എന്നെങ്കിലും അവരും നൃത്തമാടുന്ന കാടുകൾ


2


കാഴ്ച്ചപ്പുറത്തിനപ്പുറം

വേറൊരുവൻ നീ

കൺമുന്നിൽ

പിന്നെയുമൊരുവൻ നീ

കണ്ണുകളടച്ചാൽ

ഇനിയുമൊരുവൻ നീ.


അവനെത്തന്നെയാണെനിക്കേറ്റവുമിഷ്ടം

ആ അവനെത്തന്നെ.

കണ്ണുകളടച്ചാൽ

തെളിയുമവനെത്തന്നെ.


അവന്നൊപ്പമാണു ഞാൻ

ഒച്ചിന്റെ തോടുകൾ ശേഖരിച്ചത്.

ഞാൻ പൂച്ചെടികൾ നട്ടതും

ആ അവന്റെ കൂടെത്തന്നെ.



3


നിന്റെ നെറ്റിയിൽ നീ വെച്ചിരുന്ന പൊട്ടുകൾ

കറുത്ത മാനത്ത് മഞ്ഞപ്പൗർണ്ണമി പോലെ.

പോലെ അല്ല,  അതു തന്നെ.


മഞ്ഞ മാനത്ത് കറുത്ത പൗർണ്ണമികൾ

നിറഞ്ഞിരിക്കുംപോലെ

നെറ്റി മുഴുവനും നീ പൊട്ടുകളണിഞ്ഞിരുന്നു.

അവയോരോന്നായ് ഞാൻ മായ്ച്ചു.

ഇരു പുരികങ്ങൾക്കു നടുവിൽ

ഒന്നു ബാക്കിയാകും വരെയും

നീ കണ്ണുകളടച്ചിരുന്നു.

ഇമ പൂട്ടിയിരുന്നാൽ നിന്റെ കോപം

എനിക്കു വെളിപ്പെടില്ലെന്നു നീ കരുതിയിരുന്നെങ്കിലും

നിന്റെ പുരികങ്ങൾ കൂട്ടിമുട്ടിയിരുന്നു.


4


അവൾ വീണ്ടുമൊരു തവണ ആത്മഹത്യ ചെയ്തു.

ആ മൃതദേഹം നോക്കിയിരുന്നു.

മുറ്റത്ത് ഉണക്കിലകൾ വീഴും വരേക്കും

ആ മൃതദേഹം കാത്തിരുന്നു.

ഉണക്കിലകൾ വീഴുന്നതിഷ്ടമല്ലെങ്കിലും

ഉണക്കിലകൾ വീഴുമെന്നു മൃതദേഹത്തിനറിവുണ്ടായിരുന്നു.

ആകയാൽ മൃതദേഹം കാത്തിരുന്നു.

ഉണക്കിലകൾ വീണയുടനേ തൂത്തുവാരിക്കളഞ്ഞില്ല.

ഇനിയും കുറച്ച്

ഇനിയും കുറച്ചു വീഴട്ടേ എന്നു നോക്കിയിരുന്നു.

പിന്നെ മൃതദേഹം മുറ്റം തൂത്തു.


തൂത്തുവാരുമ്പോഴെല്ലാം നാഡി മിടിക്കുന്നത്

മൃതദേഹത്തിനിഷ്ടമല്ല.

എന്നിരുന്നാലും അല്പാല്പമായി

നാഡി മിടിക്കാൻ തുടങ്ങി.

ആകയാൽ അവൾ വീണ്ടുമൊരു തവണ

ആത്മഹത്യ ചെയ്തു.

ഓരോ ആത്മഹത്യയുടെ തുടക്കവും

അതീവ ശാന്തമായിരുന്നു.

ആകയാൽ നാഡിമിടിപ്പ് മൃതദേഹത്തെ ഭയപ്പെടുത്തി.

നാഡി മിടിക്കാൻ തുടങ്ങുന്നതറിഞ്ഞ ഓരോ തവണയും

അവൾ വീണ്ടും ആത്മഹത്യ ചെയ്തു.


ഇനി അവരെല്ലാം ഒന്നു പതറും അത്ര തന്നെ.

പതറി അവിടെത്തന്നെ സ്തംഭിക്കും അത്രതന്നെ.

അത് അതോടെ തീരും അത്രതന്നെ.

വിശേഷിച്ചൊന്നുമില്ല അത്രതന്നെ

വിശേഷിച്ചാരുമില്ല അത്രതന്നെ.

തൊട്ടടുത്ത ദിവസമവർ പണിക്കു പോകും അത്രതന്നെ.

മറ്റു ദിവസങ്ങളേക്കാൾ ആവേശത്തോടവർ

പണിക്കു പോകും അത്രതന്നെ.


5


മുമ്പൊക്കെ മേൽക്കൂരമേൽ നിന്നു മഴവെള്ളമൊഴുകുമ്പോൾ

വീട്ടിനുള്ളിൽ നിലത്തു വയ്ക്കും മൺകുടത്തിന്

ചായം പൂശി അലങ്കരിച്ച്

ഭംഗി നോക്കിക്കൊണ്ടു ഞങ്ങളിരുന്നു.

അതിൽ വെളളമിറ്റുന്ന ശബ്ദത്തിൻ

താളസംഗീതം കേട്ടു രസിച്ച്

മഴ നിൽക്കും വരേക്കും

ഇടുപ്പിൽ കൈകൾ ചേർത്തു ചുറ്റിപ്പിടിച്ച്

ഞങ്ങളിരുന്നു.


ഇപ്പോഴും മേൽക്കൂരമേൽ നിന്നു മഴവെള്ളം

നിലത്തേക്കു ചോർന്നു വീഴുന്നു.

തകരപ്പാത്രങ്ങളെടുത്തു കൊണ്ടുവന്ന് അവിടവിടെ വെച്ച്

മേലും കീഴും നോക്കി നീയിരിക്കുന്നു.

ഈയിടെ

തകരപ്പാത്രങ്ങൾക്കു ഞങ്ങൾ ചായം പൂശാറില്ല.


"മേൽക്കൂര നന്നാക്കുന്നവരോട് ഏഴെട്ടു തവണ പറഞ്ഞതാണ്.

മഴ മാറിയാൽ വരുമായിരിക്കും.

നാളെ ഞാൻ തന്നെ മേലേ കേറി നോക്കാം പൊന്നേ", പറയുന്നു നീ.


ഈയിടെയായി മുന്നേപ്പോലെ നീ

മഴ പെയ്യുമ്പോളെന്നെ ചേർത്തണയ്ക്കാറില്ലെങ്കിലും

തകരപ്പാത്രങ്ങളിൽ വെള്ളമിറ്റുന്ന ശബ്ദം

എന്തു രസം!

മുമ്പു ചായം പൂശി അലങ്കരിച്ച

മൺകുടമുയർത്തിയ താളസംഗീതം പോലെ.









വേണമെനിക്കിത്തിരി മാത്രം - വെലമിർ ക്ലബ്നിക്കോവ് (1885-1922)

 

വേണമെനിക്കിത്തിരി മാത്രം

വെലമിർ ക്ലബ്നിക്കോവ് (1885-1922)

വേണമെനിക്കിത്തിരി മാത്രം!
റൊട്ടിത്തുണ്ടമൊരെണ്ണം,
ഒരിറ്റു ശാന്താകാശം തലമേൽ,
ഈ മേഘങ്ങൾ മലമേൽ!

എന്താണു ജീവിതം?

 എന്താണ് ജീവിതം?



നേരത്തു കിടന്നുറങ്ങി നേരത്തേയെഴുന്നേറ്റ്

എത്തിച്ചേരേണ്ടിടത്തു കൃത്യസമയത്തെത്തി

തെളിഞ്ഞു ചിരിച്ച്,


വൈകിക്കിതച്ചു വരുന്ന ഞങ്ങളെ

സ്വാഗതം ചെയ്തു നിൽക്കുന്നവരോടുള്ള

അസൂയയുടെ പേരാണ്

എന്നുമെനിക്കു ജീവിതം.

നനവുള്ള മിന്നൽ

 നനവുള്ള മിന്നൽ



രണ്ടു മലകൾക്കിടയിലഗാധത്തി -

ലുണ്ടൊഴുകുന്നുണ്ടരുവി.


കാണുവാൻ കേൾക്കുവാനാവാത്തൊരാഴത്തി -

ലാഴ്ന്നൊഴുകുന്നുണ്ടരുവി.


എങ്ങനെ ഞാനതറിഞ്ഞുവെന്നോ? - കണ്ണീർ

മിന്നുന്നു ശൂന്യപ്പരപ്പിൽ!

മാല

 മാല



തമ്മിൽ നാം ചാർത്തിയ ഭാഷയുടെ

തൂമണിമാലയിടക്കു പൊട്ടും

മുത്തൊന്നുരണ്ടെണ്ണം വീണുപോയോ?

അല്പനേരം നാം തിരഞ്ഞു നിൽക്കും

ഇല്ലില്ല, വീണ്ടും കൊരുത്തണിയും

പിന്നെപ്പരസ്പരമാർമ്മിപ്പിക്കും :

വീണു പോയിട്ടില്ല മുത്തുക, ളീ

മാലക്കു നീളം കുറവുമില്ല.


നീലാംബരിത്തൊണ്ട

 നീലാംബരിത്തൊണ്ട



ഒറ്റ രാഗത്തിൽ

കുരുങ്ങിയൊടുങ്ങിയ 

ഗായകനല്ലോ ഞാൻ


നീലാംബരിക്കടൽ

പുറത്തേക്കു തുപ്പിയ

പുറന്തോടാണെൻ തൊണ്ട


ഇതിലേ കടന്നുപോകും

ഏതു കാറ്റും

നീലാംബരി


ഈ തൊണ്ട പാടിയാൽ

ഏതു പാട്ടും

നീലാംബരി


ഇതിന്നു ചുറ്റും

മെനഞ്ഞുണ്ടായതാണെൻ

മൃൺമയശരീരം.


അതഴുകും മുമ്പ്

കണ്ണും കരളും വൃക്കയും പോലെ

നിങ്ങൾക്കെടുക്കാം.


കഴുത്തിലാക്കി

ഊതി 

നോക്കാം.


മാതൃശാപത്താൽ വലയുന്ന നിങ്ങളെ

നീലാംബരിയാലത്

ആശ്വസിപ്പിക്കും.

ആലേഖനം

 ആലേഖനം



ഒന്നിൽ തന്നെ മുഴുകിയിരിക്കലാണ്

രസം!

ഒന്നിൽ തന്നെ മുഴുകി മുഴുകിയിരുന്ന്

യാന്ത്രികമായിപ്പോകുമോ

എന്നതാണ് ഭയം!


എന്നാൽ

*ചിത്രഭാനു മാഷ് പ്രസംഗിക്കുമ്പോൾ

അതിൽ മുഴുകി രസിച്ചിരിക്കേ

ഞാൻ ആനന്ദപൂർണ്ണമൊരു

യന്ത്രമായ് മാറുന്നു.

മാഷുടെ വാക്കുകൾ എന്നിലൂടൊഴുകുന്നു.

ആ സംസാരത്തിൻ

അതീവ സൂക്ഷ്മമാമുയർച്ചതാഴ്ച്ചകൾ

എന്നിലടയാളപ്പെടുന്നു.

ഒരാശയത്തിനും അടുത്ത ആശയത്തിനുമിടയിൽ

ഖണ്ഡിക തിരിയുന്ന ഇടവെളി

തെളിയുന്നു

ഇടവഴികൾ തെളിയുന്നു.


ഇപ്പോൾ ഒരച്ചടിയന്ത്രമാകുന്നു ഞാൻ.

സദസ്സിന്റെ കോണിൽ ഒതുങ്ങിയിരിക്കുന്ന

കൊച്ചു പ്രിന്റർ.

മാഷു പ്രസംഗിച്ചു നിർത്തിയ നിമിഷം

അതത്രയും രേഖപ്പെടുത്തിയ താളുകൾ

നിൽക്കാതെ നീണ്ടു വരുന്നൂ പുറത്തേക്ക്.


ഞാൻ കയ്യു നീട്ടിയെടുക്കുമാ ലേഖനം!






* സി.പി. ചിത്രഭാനു മാസ്റ്റർ - അദ്ധ്യാപകൻ, സാംസ്കാരികപ്രവർത്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ.

കവിയുടെ പച്ച

 കവിയുടെ പച്ച



"അതാ ആ നിറമാണ്

കവിയുടെ പച്ച.

പോയറ്റ്സ് ഗ്രീൻ..."


അന്തിമാനത്തേക്കു ചൂണ്ടി

ഒരിക്കൽ *സുജാതട്ടീച്ചർ

പറഞ്ഞു.

എന്നിട്ട് പതിവുപോലെ

കണ്ണിറുക്കിച്ചിരിച്ചു.


ഞാൻ നോക്കുമ്പൊഴേക്കും

അതു മാഞ്ഞു പോയി.

പെട്ടെന്നു മായും,

അതാണതിന്റെ പ്രത്യേകത,

ടീച്ചറും മാഞ്ഞു.


ഏതാണാ നിറം?

അന്തിമാനത്ത്

ഞാനെപ്പൊഴും തേടുന്നു.

വായിക്കുന്ന കവിതയിൽ

ഇടക്കൊരു നിമിഷം

അതു പൂത്തു കൊഴിയും പോലെ തോന്നുന്നു...



* സുജാതാദേവി - അദ്ധ്യാപിക, എഴുത്തുകാരി

ഞൊറികൾ

 ഞൊറികൾ



അകത്തെ മുറിയിൽ നിന്നും

തയ്യൽ മെഷീന്റെ ഈരടി


കാലെഴുതുമീരടി.


നിശ്ശബ്ദത


വീണ്ടും

ഈരടി


നിശ്ശബ്ദതക്കു ശേഷം

ഒരു വാക്ക്.

ഒന്നേയൊന്ന്.


പിന്നെ നീണ്ട

നിശ്ശബ്ദത


തുടർന്ന്

ഒരാറടി


അതു കഴിഞ്ഞുള്ള

നിശ്ശബ്ദതക്കു ശേഷം

ഒറ്റയടിക്കൊരു പത്തടി.


പിന്നൊരനക്കവും കേൾക്കാതായപ്പോൾ

അകത്തെ മുറിയിലേക്കു പാളിനോക്കി


തയ്യൽ മെഷീന്റെ സൂചിത്തുളയിൽ

നൂലോടിക്കും മെലിഞ്ഞ കൈ


വിരൽത്തുമ്പോളം

കൂർത്തെത്തുന്ന

നേർത്ത ചുണ്ട്.


തയ്ച്ചു തീരാറായ

പാവാട

ഒഴുകുന്നു

ഞൊറിയിട്ട്.



1985 -ൽ

 1985-ൽ



സീനിയപ്പൂവിന്റെ

വരവാണു വരവ്.


ചോന്നയിതളുകൾ

ഒറ്റയിതളുകൾ

പിൻപുറം മഞ്ഞ.

പൂവിൻ നടുക്കു

കറുത്തു വിത്താവുന്ന

മഞ്ഞ വട്ടം.

നീണ്ട പച്ചത്തണ്ട്.


അന്നേരം പിന്നാക്കം 

മാറി കാശിത്തുമ്പ

അന്നേരം പിന്നാക്കം

മാറി മുക്കുറ്റി

മുറ്റത്തൊതുങ്ങി

നില്പായി നന്ത്യാർവട്ടം 

മന്ദാരം ചെമ്പരത്തി


ദൂരത്തെ ദൂരത്തെ

വീട്ടുമുറ്റങ്ങളിൽ 

നിന്നും കളിച്ചടു -

ത്തെത്തി, യടുത്തെത്തി

വേലയ്ക്കു പൂതൻ

ഈ മുറ്റത്തും വന്നു

കളിക്കുന്നതു പോലെ

സീനിയപ്പൂവ്

വിടർന്നൂ ഇവിടെയും.


ഓണക്കളത്തിൻ

നടുക്കിരിപ്പായി.


സീനിയപ്പൂവിന്നു പിറകേ

ഡാലിയ, വൈദ്യുതി, ടീവി.


കോടി നിറങ്ങളിൽ 

കോടി രൂപങ്ങളിൽ

കോടാനുകോടിയെണ്ണങ്ങൾ

വേണ്ടാത്തതും

വേണ്ടതും ചുറ്റും നിരത്തി

ദൗത്യം മുഴുമിച്ചു

സീനിയപ്പൂവു മടങ്ങി.

പിൻപുറം മഞ്ഞച്ച

ചോന്നയിതളുള്ള

സീനിയപ്പൂവിനെ

കണ്ടിട്ടു കൊല്ലങ്ങളായി.


ആ വരവോർത്തെടു -

ത്തീ വരികളെഴുതുമീ

ടാബെനിക്കാരു തന്നൂ?

ആപ്പൂവു തന്നെ തന്നൂ!


മൂന്നില/മൂന്നുനില മൗനം

 


മൂന്നില / മൂന്നുനില മൗനം



ചുണ്ടിൽ നിന്നു തുടങ്ങി

നീണ്ടു വളഞ്ഞു പോകുന്ന

കുഴലിനറ്റത്തെ കോളാമ്പിപ്പൂവിടർച്ചയിലെ

ട്രംപെറ്റ് മൗനം.

പാടുന്നയാൾക്കു പാടുന്ന ഹരം

കേൾക്കുന്നയാൾക്കു കേൾക്കുന്ന ഹരം


അത്ഭുതവിളക്കിൽ നിന്നും

ഉയർന്നു കറങ്ങിപ്പൊങ്ങുന്ന

പുകച്ചുരുളിനറ്റത്തെ

ഭൂതമുഖ മൗനം.

ചോദിച്ചതെല്ലാം

അതു കൊണ്ടുതരുന്നു.


ആഘാതത്തിൽ വിടർന്നു നിവർന്നു

പൊതിയുന്ന

പാരച്ച്യൂട്ട് മൗനം

ഇരുകാലിൽ നമ്മെ ഭദ്രം

നിലത്തിറക്കും മൗനം.


ഹരം പിടിച്ചു ....

ചോദിച്ചതെല്ലാം ലഭിച്ചു....

കാലുകൾ വീണ്ടും നിലം തൊട്ടു.




Friday, November 19, 2021

എസ്.വി.ഉസ്മാൻ - രാഷ്ട്രീയജാഗ്രതയുടെ കവി

 

എസ്.വി. ഉസ്മാൻ - രാഷ്ട്രീയജാഗ്രതയുടെ കവി

പി.രാമൻ

പത്തൊമ്പതാം നൂറ്റാണ്ടൊടുവിലാണ് കേരളത്തിൽ ഒരു പൊതുസമൂഹം പതുക്കെ വികസിച്ചു വന്നത്. വിദ്യാഭ്യാസം നേടാനുള്ള അവകാശം കഠിന സമരങ്ങളിലൂടെ എല്ലാ മനുഷ്യരും നേടിയെടുത്തതോടെ എഴുത്തിന്റെയും വായനയുടെയും ലോകം വിസ്തൃതമായി. അങ്ങനെ വികസിച്ചു വന്ന ഏറ്റവും സൂക്ഷ്മസംവേദനക്ഷമതയുള്ള പൊതുമണ്ഡലമായിരുന്നു കാവ്യകല. മതപരവും അതിൽത്തന്നെ സവർണ്ണഹൈന്ദവതക്കു പ്രാധാന്യമുള്ളതുമായിരുന്നു മലയാള കവിതയുടെ അതുവരേക്കുമുള്ള മുഖ്യധാരാ പാരമ്പര്യം. എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ മറ്റനേകം ജീവിത - സംസ്കാരപാരമ്പര്യങ്ങൾ കവിതയുടെ ഭാഗമായി. കൃസ്തുമത, ഇസ്ലാമിക ആശയങ്ങൾ മാത്രമല്ല കേരളീയ ക്രൈസ്തവ, മുസ്ലീം ജീവിതാന്തരീക്ഷവും നമ്മുടെ കവിതയിൽ വന്നു തുടങ്ങി. സിസ്റ്റർ മേരി ബനീഞ്ജ, കൂത്താട്ടുകുളം മേരിജോൺ, കെ.സി. ഫ്രാൻസിസ്, സി.എ ജോസഫ് എന്നിവരിലൂടെ കേരളീയ ക്രൈസ്തവ ജീവിതാന്തരീക്ഷത്തിന് 1940 കളോടെ കവിതാലോകത്ത് ദൃശ്യത കൈവന്നു. കേരളീയ മുസ്ലീം ജീവിതാന്തരീക്ഷം കവിതയിൽ ദൃശ്യമാവാൻ പിന്നെയും സമയമെടുത്തു. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലൊരു എഴുത്തുകാരൻ ഫിക്ഷനിൽ അതിനു ദൃശ്യത നൽകി ഏറെക്കഴിഞ്ഞാണ് കവിതയിൽ അതു സംഭവിച്ചത്.

1960 കളോടെയാണ് മലയാള കവിതയിൽ മുസ്ലീം ജീവിത സംസ്കാരപരിസരങ്ങൾ ആദ്യമായി ആഖ്യാനത്തിന്റെ കേന്ദ്രത്തിൽ വരുന്നത്. അതിനു മുൻകയ്യെടുത്ത രണ്ടു കവികളാണ് എസ്.വി.ഉസ്മാനും പുറമണ്ണൂർ ടി. മുഹമ്മദും. 1960 കൾക്കൊടുവിൽ എസ്.വി.ഉസ്മാന്റെ കവിതകൾ ചന്ദ്രിക ആഴ്ച്ചപ്പതിപ്പിലും മറ്റും പ്രസിദ്ധീകൃതമായി. ആ നിലയിൽ മലയാള കവിതയിൽ സാംസ്കാരികമായ ഒരു ദിശാമാറ്റത്തിന് നേതൃത്വം നൽകിയ ഒരു പ്രധാന കവിയായി എസ്.വി.ഉസ്മാനെ ഞാൻ കാണുന്നു.

ഭൂരിപക്ഷവർഗ്ഗീയതയെന്ന, പിൽക്കാലത്ത് ഘോരരൂപിയായ ഭീകരതക്കെതിരായ രാഷ്ട്രീയ ജാഗ്രത 1960 കളിൽ തന്നെ തന്റെ കവിതകളിൽ ഇദ്ദേഹം രേഖപ്പെടുത്തി എന്നത് ഇന്നു തിരിഞ്ഞു നോക്കുമ്പോൾ നിർണ്ണായകവും പ്രവചനാത്മകവുമായി തോന്നുന്നു. ഗാന്ധി വധത്തിനു ശേഷം ഹൈന്ദവ തീവ്രവാദം രാജ്യത്തെ വിഴുങ്ങിത്തുടങ്ങുന്നത് തിരിച്ചറിയാൻ ഈ കവിക്ക് അന്നേ കഴിഞ്ഞു എന്നതാണ് പ്രധാനം. 1967-ലെ ബദർ, 1970-ലെ മൃത്യോർമ്മ തുടങ്ങിയ കവിതകൾ ആ രാഷ്ട്രീയ ജാഗ്രതയെ തുടക്കത്തിലേ പ്രകാശിപ്പിച്ച കവിതകളാണ്. എന്നാൽ തന്റെ ഈ എഴുത്തിന്റെ പ്രാധാന്യം കവിതന്നെ വേണ്ടത്ര തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നതിൽ സംശയമുണ്ട്. തന്റെ എഴുത്തിന്റെ പ്രസക്തി ഇത്തരത്തിൽ തിരിച്ചറിയാത്തതു കൊണ്ടല്ലേ അദ്ദേഹം ഈ നിലയിൽ പിന്നീട് ധാരാളമായി കവിതകളെഴുതാതിരുന്നത് എന്നു സംശയം തോന്നാം. എന്തായാലും എസ്.വി.ഉസ്മാൻ കവിതകൾ ഒരുമിച്ചു ചേർത്തുകൊണ്ടുള്ള ഈ പ്രസാധനം മലയാള കവിതയിൽ അദ്ദേഹം വെട്ടിയ പുതുവഴിയെ കൃത്യമായി അടയാളപ്പെടുത്തും എന്നു പ്രതീക്ഷിക്കുന്നു.

Wednesday, November 17, 2021

ബദ്ധം, മുക്തം, വൃത്തം

 കുട്ടിക്കാലത്ത് പല തരത്തിൽ മനസ്സിൽ പതിഞ്ഞ ഭാഷയുടെ താളമാണ് വൃത്തവുമായി ബന്ധപ്പെട്ട എന്റെ ആദ്യത്തെ അനുഭവം. "അക്കുത്തിക്കുത്താന വരമ്പത്തക്കരെ നിക്കണ ചക്കിപ്പെണ്ണിന്റെ കയ്യോ കാലോ രണ്ടാലൊന്ന് തട്ടീ മുട്ടീ മലത്തിങ്ക്ട" എന്ന മട്ടിൽ കളിക്കിടയിൽ ചൊല്ലുന്ന വായ്ത്താരികളും പക്ഷികളുടെ ശബ്ദങ്ങൾ അനുകരിച്ചുണ്ടാക്കുന്ന "കള്ളൻ ചക്കേട്ടു കണ്ടാ മിണ്ടണ്ട" പോലുള്ള വിളികളും തൊട്ട് അച്ഛൻ മൂളുമായിരുന്ന ചില വള്ളത്തോൾക്കവിതാശകലങ്ങൾ വരെ എന്റെ കാവ്യാനുഭവങ്ങളുടെ അടിയുറവകളാണ്. താളങ്ങളുടെയും ഈണങ്ങളുടെയും ഉറവകൾ. അതോടൊപ്പം എന്റെ നാട്ടുഭാഷയുടെ ഈണം. കുട്ടിക്കാലത്ത് ഇടപഴകിയ പല ബന്ധുക്കളുടെയും അദ്ധ്യാപകരുടെയും പരിചയക്കാരുടെയും വാമൊഴിയീണങ്ങൾ, അക്കാലത്തു തീയേറ്ററിൽ പോയി കണ്ട സിനിമകളിലെ കഥാപാത്രങ്ങളുടെ സംഭാഷണശൈലീഭേദങ്ങൾ എന്നിവയുമെല്ലാം അക്കൂട്ടത്തിലുണ്ട്. പാഠപുസ്തകങ്ങളിൽ പഠിച്ച കവിതകളിലെ വരികളുടെ ഈണവുമുണ്ട്. യു.പി.സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാൻ ആദ്യത്തെ വരികൾ എഴുതുന്നത് ഇപ്പറഞ്ഞ ഭാഷാനുഭവങ്ങളുടെ പിന്തുണയോടെയാണ്. ഭാഷ എനിക്ക് ശബ്ദമായിരുന്നു. ഉറക്കെ ഉച്ചരിക്കേണ്ടതായിരുന്നു. പാഠപുസ്തകങ്ങൾ പോലും ഉറക്കെ വായിച്ചാലേ തൃപ്തിയാകുമായിരുന്നുള്ളൂ. വീട്ടുകാർ കേൾക്കേ ഉറക്കെ വായിക്കുക എന്നതിന് അംഗീകാരവും കിട്ടിയിരുന്നു. കോളേജ് ക്ലാസുകളിലെത്തിയപ്പോൾ മാത്രമാണ് മൗനവായന മെല്ലെ ശീലിച്ചു തുടങ്ങിയത്. എങ്കിലും ഇപ്പോഴുമതെ, കവിത വായിച്ചു തുടങ്ങിയാൽ അറിയാതെ ശബ്ദമുയരും, ഗദ്യത്തിലെഴുതിയ കവിതയാണെങ്കിൽ പോലും. കാവ്യകാല അടിസ്ഥാനപരമായി ശാബ്ദികമാണ് എന്നു ഞാൻ വിചാരിക്കുന്നത് എന്റെ ഈ അനുഭവങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ്.


ഭാഷയുമായി ബന്ധപ്പെട്ട ശബ്ദ - സംഗീതാനുഭവങ്ങളിലെ വൈവിധ്യവും ഇവിടെ എടുത്തു പറയണം. നാട്ടിലെ പ്രായമായ കർഷകർ പാടിക്കേട്ടിട്ടുള്ള ചവിട്ടുകളിപ്പാട്ടിന്റെ ഈണമല്ല വീട്ടിലെ പെണ്ണുങ്ങൾ പാടിക്കളിക്കുന്ന കൈകൊട്ടിക്കളിപ്പാട്ടിന്റേത്. മണ്ഡലകാലത്തെ അയ്യപ്പൻ പാട്ടിന്റെ ഈണം അതല്ല. കുട്ടിക്കാലത്തു കേട്ട പാമ്പിൻതുള്ളലിലെ ചൊല്ലീണം വേറൊന്ന്. കഥകളിപ്പാട്ടിന്റേത് മറ്റൊന്ന്. വളരുംതോറും ആ വൈവിധ്യവും വിപുലമായി വന്നു. സംസാര ഭാഷയുടെയും അച്ചടി ഭാഷയുടെയും പ്രപഞ്ചത്തിനു കുറുക്കെ ഈണങ്ങളും താളങ്ങളും എപ്പോഴും കടന്നുപൊയ്ക്കൊണ്ടിരുന്നു. റയിൽവക്കത്തെ ടെലഗ്രാഫ് കാലുകളിൽ നിന്നുയരുന്ന ഇരമ്പത്തിനു കാതോർക്കുന്ന ദുർഗ്ഗയും അപുവും തന്നെയായിരുന്നു ഞങ്ങളും - വളരെ വർഷങ്ങൾ കഴിഞ്ഞാണ് അവരെ ഞങ്ങൾ വെള്ളിത്തിരയിൽ കണ്ടതെങ്കിലും.


അതുകൊണ്ടു തന്നെ ആദ്യകാലത്ത് ഞാനെഴുതിയ കവിതകളെല്ലാം പദ്യത്തിലായിരുന്നു. പലരും പറയാറുളള പോലെ കുട്ടിക്കാലത്തെ രാമായണ പാരായണശീലമോ സ്കൂൾ ക്ലാസുകളിലെ വൃത്തപഠനമോ അല്ല ഈ പദ്യമെഴുത്തിനു പ്രചോദനം എന്നു കൂടി പറയട്ടെ. കർക്കടകമാസത്തിൽ രാമായണം വായിക്കുന്ന പതിവ് എന്റെ വീട്ടിൽ ഇല്ലായിരുന്നു. ആകെയുള്ളത് വൈകുന്നേരത്തെ സന്ധ്യാനാമ പരിപാടികൾ മാത്രമാണ്. അച്ഛൻപെങ്ങളും അമ്മയും ചില സ്തോത്രങ്ങൾ ചൊല്ലുന്നതൊഴിച്ചാൽ മറ്റൊരാകർഷണവുമില്ലതിൽ. സ്കൂളിലാകട്ടെ വൃത്തം മനസ്സിലാക്കിത്തരാനറിയുന്ന അദ്ധ്യാപകർ തീരെ ഇല്ലായിരുന്നു (ഇന്നും ഉണ്ടെന്നു തോന്നുന്നില്ല) പിന്നീട് ബി.എ, എം.എ ക്ലാസുകളിലെത്തിയപ്പോഴാണ് വൃത്തം രസകരമായി മനസ്സിലാക്കിത്തരാൻ കഴിയുന്ന ഒരധ്യാപകന്റെ ക്ലാസിലിരിക്കുന്നത് - ബി.വി.ശശികുമാർ സാറിന്റെ ക്ലാസിൽ.


എന്നിട്ടും ഞാൻ പദ്യത്തിലെഴുതിയെങ്കിൽ അതിനുള്ള കാരണമാണ് മുമ്പു വിശദമാക്കിയത്. പല തരത്തിൽ ഉള്ളിലെത്തിയ ഭാഷാനുഭവം സാന്ദ്രമായതായിരുന്നു ഞാനന്നെഴുതിയ പദ്യം. ആ സാന്ദ്രതയിൽ നിന്നൂറിയതാണ് എന്റെ വൃത്തബോധം. പ്രീഡിഗ്രിക്കാലത്ത് ഒ.എൻ.വി, സുഗതകുമാരി, വിഷ്ണു നാരായണൻ നമ്പൂതിരി, കടമ്മനിട്ട, സച്ചിദാനന്ദൻ എന്നിവരുടെയൊക്കെ ശൈലി കടമെടുത്തു കൊണ്ട് ഞാൻ പദ്യത്തിൽ എഴുതിയിട്ടുണ്ട്. ഇന്നു തിരിഞ്ഞു നോക്കുമ്പോൾ തോന്നുന്നത്, അനുകരണമായിരുന്നെങ്കിലും അവ നല്ലൊരു പരിശീലനത്തിന്റെ ഭാഗമായിരുന്നു എന്നാണ്. അത്തരം അനുകരണങ്ങൾ പ്രധാനമാണ് എന്നു ഞാൻ കരുതുന്നതും അതുകൊണ്ടാണ്. മറ്റേതു കലയിലും പോലെ തന്നെ കാവ്യകലയിലും നൈപുണി (സ്കിൽ) ഒരു ഘടകമാണ് - നൈപുണി മാത്രം കൊണ്ട് ഒരു ഭാഷാവസ്തു കവിതയാവില്ലെങ്കിലും.


പദ്യത്തിലെഴുതി ശീലിച്ച ശേഷമാണ് ഞാൻ ഗദ്യത്തിലെഴുതുന്നത്. ഈ പദ്യശീലം കൊണ്ടാവാം തുടക്കത്തിൽ ഗദ്യത്തിലെഴുതിയ കവിതകൾക്കെല്ലാം ഈരടിസ്വഭാവം ഉണ്ടായിരുന്നു.


കരിങ്കല്ലിനെ ഊമേ എന്നു വിളിക്കും പോലെയാണ്

മരണത്തെപ്പറ്റി കവിതയെഴുതുന്നത്.


എന്ന മട്ടിൽ. മലയാള പദ്യത്തിന്റെ ആ ഈരടിസ്വഭാവം അല്ലെങ്കിൽ നാലടിസ്വഭാവം ഗദ്യത്തിലെഴുതുമ്പോഴും അനുവർത്തിക്കാനുള്ള ഇഷ്ടം എനിക്ക് ഇപ്പോഴുമുണ്ട് എന്നതാണു സത്യം.


പുറത്തുവന്നിട്ടുള്ള എന്റെ ആറു കവിതാസമാഹാരങ്ങളിൽ പദ്യത്തിലും ഗദ്യത്തിലുമെഴുതിയ കവിതകൾ ഏതാണ്ടൊരുപോലെയുണ്ട്. മലയാള കവിത പിന്നിട്ട കാലങ്ങളിൽ ഉപയോഗപ്പെടുത്തിയ ഏതു രൂപമാതൃകയും ആവശ്യമനുസരിച്ച് വേണ്ടി വന്നാൽ ഇന്നൊരു കവിക്ക് എടുത്തുപയോഗിക്കാൻ കഴിയണം എന്നാണെന്റെ ബോധ്യം. ചമ്പു, സന്ദേശകാവ്യം, ഖണ്ഡകാവ്യം, മുക്തകം, നാടൻപാട്ടു രീതികൾ, മാപ്പിളപ്പാട്ടിന്റെ ഇശലുകൾ, മഹാകാവ്യം, മുക്തഛന്ദസ്സ്, വരിമുറിക്കാതെ എഴുതുന്ന ഗദ്യഖണ്ഡങ്ങൾ എന്നിവയെല്ലാം നമ്മുടെ സമ്പാദ്യത്തിലുണ്ട്. ആവശ്യമെങ്കിൽ അവയിലേതും എടുത്തുപയോഗിക്കാനുള്ള സന്നദ്ധത എനിക്കുണ്ട്. ഒരു കാലത്ത് അവ വിഭാഗീയമായ പാരമ്പര്യങ്ങളുടെ ഭാഗമായിരുന്നെങ്കിൽ പോലും ഇന്നവ നമ്മുടെ പൊതുപാരമ്പര്യത്തിന്റെ ഭാഗമാണ് എന്നാണ് ഞാൻ വിചാരിക്കുന്നത്.


പദ്യത്തിന്റെ ഈരടിവഴക്കം ഗദ്യത്തെ സ്വാധീനിച്ചതു പോലെ ഗദ്യത്തിന്റെ ചില സവിശേഷതകൾ എന്റെ പദ്യത്തേയും സ്വാധീനിച്ചിട്ടുണ്ട്. സുതാര്യത, ഋജുത്വം, മൂർച്ച എന്നിവയാണവ. ഗദ്യത്തിന് പൊതുവേ ഉള്ള ഈ ഗുണങ്ങളാൽ സ്വാധീനിക്കപ്പെടാത്തപക്ഷം വൃത്തബദ്ധകവിതയെ പദ്യപ്പഴമ ബാധിക്കും എന്നതാണെന്റെ വായനാനുഭവം. പദ്യപ്പഴമ ബാധിക്കാതെ പദ്യത്തിലെഴുതുക ഒരു വെല്ലുവിളിയാണ്. പദ്യമായി തോന്നാത്ത തരത്തിൽ, ഗദ്യം പോലെ എഴുതാനാണ് ഞാൻ ശ്രമിക്കാറ്. സാമാന്യ വ്യവഹാരത്തിൽ ഇല്ലാത്ത വാക്കുകൾ ഉപയോഗിക്കാതിരിക്കാൻ പദ്യമെഴുതുമ്പോൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എന്റെ ആദ്യ സമാഹാരമായ കനത്തിലെ ഒരു കവിതയാണ് മുല്ലത്തറ.


വഴിയെവിടെ

വഴിയെവിടെ

മുല്ലത്തറക്കുമേൽ

വള്ളിക്കുരുന്നുകൾ -

ക്കൊക്കെയും സംഭ്രമം.


പന്തലിട്ടില്ല,പടർത്തീ, -

ലവയുടെ സംഭ്രമം

നഷ്ടപ്പെടാതെ 

കാക്കുന്നു ഞാൻ.


ഇതിന്റെ വൃത്തം കളകാഞ്ചിയും കാകളിയും ചേർന്നതാണ് എന്ന കാര്യം ഞാൻ വളരെക്കഴിഞ്ഞാണ് തിരിച്ചറിഞ്ഞത്. ആദ്യത്തെ ഈരടി കളകാഞ്ചിയും രണ്ടാം ഈരടി കാകളിയും. എഴുതുന്ന സമയത്ത് ഭാഷയുടെ ഒരു താളം എന്നല്ലാതെ മറ്റൊന്നും ഞാൻ വിചാരിച്ചിരുന്നില്ല. ഗദ്യത്തിനുണ്ടെന്നു ഞാൻ കരുതുന്ന ചില സവിശേഷതകൾക്ക് ഊന്നൽ കൊടുത്തു കൊണ്ടു താളത്തിലെഴുതാൻ ശ്രമിക്കുന്നതിനാലാണ് വൃത്തത്തെക്കുറിച്ചു മുൻകൂട്ടിയുള്ള ബോധം ഇല്ലാതെ പോകുന്നത് എന്നും വരാം. കളകാഞ്ചി വൃത്തം എനിക്കപരിചിതമായ ഒന്നല്ല. പക്ഷേ, ഇതു കളകാഞ്ചിയാണല്ലോ എന്ന് എഴുതിയ സമയത്തൊന്നും ഞാൻ ആലോചിച്ചതേയില്ല. കേക, കാകളി, മഞ്ജരി, തരംഗിണി, പാന തുടങ്ങി പേരറിയാവുന്നവയും പേരറിയാത്തവയുമായ ഒട്ടേറെ വൃത്തങ്ങൾ പല കവിതകളിലായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മലയാള വൃത്തങ്ങളുടെ ഒരു സവിശേഷത പരിഷ്കാരങ്ങൾ വരുത്താനുള്ള അനന്തസാധ്യത അവക്കുണ്ട് എന്നതാണ്. ഇങ്ങനെ അടിസ്ഥാന വൃത്തങ്ങളിൽ നിന്ന്, പല തരത്തിൽ മാറ്റം വരുത്തി രൂപപ്പെടുത്തിയ പുതിയ വൃത്തങ്ങൾ പരീക്ഷിക്കാനും ധാരാളമായി ശ്രമിച്ചിട്ടുണ്ട്.


ഇക്കൊല്ലം കാവിലെ വേലക്ക്

കുമ്മാട്ടിപ്പറമ്പിൽ നിൽക്കുമ്പോൾ


എലിവേഷം എന്ന കവിതയിൽ ഉപയോഗിച്ച ഈ വൃത്തം ഏതാണെന്ന് കൃത്യമായി എനിക്കിപ്പോഴും അറിഞ്ഞുകൂടാ. ഏതോ തുള്ളൽ വൃത്തത്തിൽ മാറ്റം വരുത്തിയുണ്ടാക്കിയതാണ് എന്നു തോന്നുന്നുണ്ട്, വായിക്കുമ്പോൾ. ഇതേ പോലെ, എന്തെന്നു കൃത്യതയില്ലാത്ത മറ്റൊരു വൃത്തം ഇതാ:


വെറും മണ്ണിൽ നിന്നു കത്തുന്ന തീയിൻ

കടയ്ക്കൽ ഭൂഗോളം ചാമ്പലിൻ കട്ട മാത്രം.


സംസ്കൃതവൃത്തമായ ശിഖരിണിയുടെ ഒരു ഛായ ആദ്യത്തെ രണ്ടു മൂന്നു ഗണങ്ങൾക്കുള്ളതായി തോന്നുന്നതൊഴിച്ചാൽ ഈ വൃത്തമേതെന്ന് എനിക്കു പിടിയില്ല. ഏതായാലും ശരി, കവിതയുടെ അവസാനമാകുമ്പോൾ അതിന്റെ കൃത്യത സ്വാഭാവികമായിത്തന്നെ തെറ്റുകയും / തെറ്റിക്കുകയും ചെയ്യുന്നുണ്ട്. കവിത മുഴുവനായും ഇവിടെ ഉദ്ധരിക്കാം:


വെറും മണ്ണിൽ നിന്നു കത്തുന്നു തീയ്

മരം കത്തുംപോൽ മണ്ണു കത്തീടുമെന്നോ!

അതിൻ ശേഷിപ്പായ് ചാമ്പലുണ്ടാകുമെന്നാ-

ലതും വാരിപ്പൂശി ഞാൻ വാനമാകാം.


വെറും മണ്ണിൽ നിന്നു കത്തുന്നു തീയ്

ശവം കത്തുമ്പോൽ മണ്ണു കത്തീടുമെന്നോ!

അതിൻ ശേഷിപ്പായ് ചാമ്പലുണ്ടാകുമെന്നാ-

ലതും വാരിപ്പൂശി ഞാൻ വാനമാകാം.


വെറും മണ്ണിൽ നിന്നു കത്തുന്ന തീയിൻ

കടയ്ക്കൽ ഭൂഗോളം ചാമ്പലിൻ കട്ട മാത്രം

അതും വാരിപ്പൂശിയാകാശമാകാ -

നിരിപ്പൂ ഞാനിപ്പോ -

ളൊരു

ചെറു

മര-

ത്തണലിലായ്.

(കവിത - വേനൽത്തൊടിയിൽ)


സംസ്കൃതവൃത്തത്തിന്റെ രീതിയനുസരിച്ച് മൂന്നു ശ്ലോകങ്ങളുൾപ്പെടുന്നതാണീ കവിത. ശിഖരിണീച്ഛായ നേരത്തേ സൂചിപ്പിച്ചു. എന്നാൽ ഓരോ വരിയിലെയും അവസാനഗണങ്ങൾ അതിനു നിരക്കുന്നുമില്ല. അവസാനവരിയിൽ ആ ശിഖരിണീത്വം ഒന്നുകൂടി തെളിയുന്നുണ്ട്. യ ,മ, ന, സ വരെ(ആദ്യ നാലു ഗണം) ഗണവ്യവസ്ഥ ശരിയാകുന്നുണ്ട്. ആകപ്പാടെ നോക്കിയിൽ, ശിഖരിണി എന്ന സംസ്കൃതവൃത്തത്തിൽ വ്യത്യാസം വരുത്തിയെടുത്തതാണ് ഈ കവിതയുടെ അടിസ്ഥാന വൃത്തഘടന. ശിഖരിണീവൃത്തത്തിൽപെട്ട കവിതകൾ ആവർത്തിച്ചു വായിച്ചതു വഴിയാണ് ഈ എഴുത്തിന് ആ വൃത്തച്ഛായ വന്നത് എന്നു ഞാൻ കരുതുന്നില്ല.കാരണം അങ്ങനെ വൃത്തം നോക്കി കവിത വായിക്കുന്ന രീതി എനിക്കില്ല.മറിച്ച്, ആ സമയത്ത് നാരായണഗുരുവിന്റെ കവിതകൾ ധാരാളമായി വായിച്ചിരുന്നു. ആ സ്വാധീനമാണ് ആ കവിതക്ക് ഇപ്പോഴത്തെ രൂപം നൽകിയത് എന്നു കരുതുന്നു. കനം എന്ന സമാഹാരത്തിലെ പഴയ വീടിന്റെ ഓർമ്മയിൽ എന്ന കവിതയിൽ പുഷ്പിതാഗ്ര ഇതേ പോലെ അടിസ്ഥാനവൃത്തമായെടുത്ത് മാറ്റം വരുത്തി പ്രയോഗിച്ചിട്ടുണ്ട്. അവിടെ, ആദ്യശ്ലോകത്തിൽ തന്നെ മൂന്നാം വരി പകുതിയിൽ വെച്ചു നിർത്തി, നാലാം വരിയില്ലാതെ അടുത്ത ശ്ലോകം തുടങ്ങിയിരിക്കയാണ്. കവിതയിലുടനീളം ഇടക്കിടക്ക് പുഷ്പിതാഗ്ര പൂർണ്ണമാവുകയും ഇടക്കിടക്ക് മുറിയുകയും ചെയ്യുന്നു.


പുതിയൊരു മരണം പിടഞ്ഞു തൂങ്ങീ

മുറിയിലെ ഫാനിതളിൽ കഴിഞ്ഞ രാവിൽ


എന്ന് പൂർണ്ണപുഷ്പിതാഗ്രയിലാണ് കവിത അവസാനിക്കുന്നത്. സംസ്കൃതവൃത്തങ്ങൾ വർണ്ണ വൃത്തങ്ങളാണല്ലോ. ഇവിടെ പറഞ്ഞ രണ്ടുദാഹരണങ്ങളിലും വർണ്ണവൃത്തസ്വഭാവം മാറി മാത്രാവൃത്തസ്വഭാവം അവക്കു കൈവന്നിട്ടുമുണ്ട്. കുഞ്ചൻ നമ്പ്യാരുൾപ്പെടെ മലയാളത്തിലെ മുൻ കവികൾ പലരും വർണ്ണവൃത്തങ്ങളെ ഇങ്ങനെ മാത്രാവൃത്തസ്വഭാവത്തിലേക്കു മാറ്റി ഉപയോഗിച്ചിട്ടുണ്ട്.


ഹൃദയരാത്രി എന്ന കവിതയിലുമതെ, എഴുതി വളരെക്കഴിഞ്ഞാണ് അതിലെ അടിസ്ഥാന വൃത്തമേതെന്ന് ഞാൻ തിരിച്ചറിഞ്ഞത്.


രാത്രികൊണ്ടു മൂടി വെച്ച ഹൃദയമേ,

നിൻ മിടിപ്പു വിങ്ങിവിങ്ങി നിൽക്കയാം


എന്നു തുടങ്ങുന്ന ആറു ഖണ്ഡങ്ങളുള്ള കവിത അവസാനം വരെയും ഇതേ ഘടന നിലനിർത്തുന്നു. അതുകൊണ്ട്, വൃത്തത്തിന് കൃത്യതയുണ്ട് എന്നു പറയാം. എന്നാൽ ഏതു വൃത്തം?


സാരിഗാമ സാരിഗാമ സാരിഗാമ സാരിഗാ


ഈ ചൊൽ വടിവ് പര്യസ്തചാമരം എന്ന വൃത്തമാണ്. പഞ്ചചാമരം എന്ന വൃത്തത്തിന്റെ ജ, ര, ജ, ര, ജ, ര എന്ന ഗണവ്യവസ്ഥ ര, ജ, ര, ജ, ര, ജ എന്നിങ്ങനെ തിരിച്ചിട്ടാൽ പര്യസ്തചാമരമായി. പര്യസ്തചാമരത്തിലെ അവസാനത്തെ നാലക്ഷരം ഒഴിവാക്കിയാൽ ഇങ്ങനെയാവും:


സാരിഗാമ സാരിഗാമ സാരിഗാ


ഇതാണ് ഹൃദയരാത്രി എന്ന കവിതയുടെ ചൊൽ വടിവ്. മുമ്പുള്ള മാതൃകകളുടെ ചുവടു പിടിച്ച് ഉണ്ടായതല്ല ഇത്തരം പുതുമകൾ. പുതുമയുണ്ടാക്കണം എന്നു കരുതിയുമല്ല. മലയാള ഭാഷയുടെ സഹജമായ താളം തന്നെയാണ് ഉചിത വൃത്തമോ വൃത്തഭേദമോ ആയി മാറുന്നത്. സംസ്കൃതത്തിലെ വർണ്ണവൃത്തങ്ങൾ മാത്രാവൃത്തസ്വഭാവത്തിലേക്കു മാറുന്നതും മലയാള ഭാഷയുടെ സഹജമായ താളത്തോടിണങ്ങാനാണ്. ആ താളത്തെ നിർണ്ണയിക്കുന്നത് ഉള്ളടക്കത്തിന്റെ ഭാവം ആകുന്നു. ഭാവത്തിനിണങ്ങിയ വടിവ് സ്വീകരിക്കുന്നു ഭാഷ.


പഴയ പല വൃത്തങ്ങളെക്കുറിച്ചും, അവ ഇന്ന ഭാവം പ്രകാശിപ്പിക്കാനാണ് കൂടുതൽ ഉതകുക എന്ന് വേർതിരിച്ചു പറയാറുണ്ട്. വാത്സല്യവും ഗാഥയും, ഉത്സാഹവും തരംഗിണിയും, വിലാപവും വിയോഗിനിയും എന്നിങ്ങനെ. അത്തരം മുൻധാരണകളെ തകർത്തുകൊണ്ടാവും ഒരു കവിതയുടെ വൃത്തഘടന മിക്കപ്പോഴും ഉരുവാകുക എന്നത് കൗതുകകരമായി തോന്നിയിട്ടുണ്ട്. അടുത്തിടെ ഞാൻ ചങ്ങാതിത്തുണ്ടം എന്നൊരു നീണ്ട കവിതയെഴുതി. നീലപ്പടങ്ങളും എന്റെ ജീവിതവും എന്നതായിരുന്നു പ്രമേയം.


തുണ്ടു കാണിക്കുന്ന തീയേറ്റർ തേടി

പണ്ടു പോയിട്ടുണ്ടൊരുപാടു നമ്മൾ


ഉച്ചപ്പടത്തിലൊരിത്തിരിത്തുണ്ട്

ആത്തുണ്ടിനായ് കൂക്കിയാർക്കുമാൾക്കാര്


എന്നു തുടങ്ങുന്ന ആ കവിതയിലെ 13 ഖണ്ഡങ്ങളും ഇതേ ചൊൽവടിവിലാണ് എഴുതിയത്. മലയാളത്തിൽ തെറി എന്നു മുദ്രകുത്തപ്പെട്ട പല വാക്കുകളും ആ കവിതയിലുണ്ട്. എഴുതിക്കഴിഞ്ഞ ശേഷമാണ് അതിന്റെ വൃത്തം അന്വേഷിച്ചത്. അപ്പോൾ ഇതേ താളത്തിലുള്ള പ്രസിദ്ധമായ വരികൾ ഓർമ്മയിലെത്തി:


കല്യാണരൂപീ വനത്തിന്നു പോകാൻ

വില്ലും ശരം കൈ പിടിച്ചോരു നേരം

മെല്ലെപ്പുറപ്പെട്ടു പിന്നാലെ സീതാ

കല്യാണിനീദേവി ശ്രീരാമ രാമ


ഇരുപത്തിനാലുവൃത്തത്തിലെ ഈ വൃത്തം ഏ ആർ. വൃത്തമഞ്ജരിയിൽ കല്യാണീ വൃത്തത്തിന് ഉദാഹരണമായി കൊടുത്തിട്ടുണ്ട്. ഭക്തിപ്രധാനമായ രചനകളിലൂടെ പ്രസിദ്ധമായ ഈ വൃത്തം ചങ്ങാതിത്തുണ്ടത്തിലൂടെ അശ്ലീലബദ്ധമായിപ്പോയി, ഞാനറിയാതെ തന്നെ.


സംസ്കൃതവൃത്തങ്ങളിൽ അനുഷ്ടുപ്പാണ് ഞാൻ കൂടുതൽ ഉപയോഗിച്ചിട്ടുള്ളത്. ഇന്നത്തെ ആജ്ഞകൾ എന്ന കവിത ഇങ്ങനെ തുടങ്ങുന്നു:


മുഖമേ, വന്നു മർക്കോസിൻ

മുഖമായ് കുടികൊള്ളണം


നിഴലേ വന്നു മർക്കോസിൻ

നിഴലായിത്തുടിക്കണം.



വഴിയേ, വന്നു മർക്കോസിൻ

വീട്ടിലേക്കുള്ളതാവണം


തിരിവേ വന്നു മർക്കോസിൻ

പടിക്കലുള്ളതാവണം.


നടപ്പേ വന്നു മർക്കോസിൻ

നടപ്പായി നടക്കണം


ഇരിപ്പേ, വന്നു മർക്കോസിൻ

കോലായയിലിരിക്കണം.


ജലമേ, വന്നു മർക്കോസിൻ

വീട്ടിലെജ്ജലമാവണം


ഇറച്ചീ, വന്നു മർക്കോസിൻ

അമ്മ വയ്ക്കുന്നതാവണം.


ഒരു ക്രൈസ്തവ സുഹൃത്തും അവന്റെ വീടും വീട്ടുകാരുമാണിവിടെ വിഷയം. അനുഷ്ടുപ് വൃത്തം കൃത്യമായി പാലിച്ചിട്ടുണ്ടെങ്കിലും അതിന്റെ ശ്ലോകസ്വഭാവം ഒഴിവാക്കിയിരിക്കുന്നു, ഈരടിഘടനയിലേക്കു മാറിയിരിക്കുന്നു. പൗരാണികമായ വൃത്തമാണ് അനുഷ്ടുപ്പ്.അതിനൊപ്പം സഹജമായി വരാവുന്ന പൗരാണിക ഭാവം പരമാവധി ചോർത്തിക്കളയാൻ ഇതിൽ പ്രയോഗിച്ച വാക്കുകൾകൊണ്ടു ശ്രമിച്ചിട്ടുണ്ട്. എന്നാൽ പിന്നീടൊരിക്കൽ അവസാനത്തെ പൂതം എന്ന കവിത എഴുതിയപ്പോൾ പഴമ വരുത്താൻ ഉതകും വിധമാണ് അനുഷ്ടുപ്പ് വൃത്തത്തിൽ വാക്കുകൾ നിരത്തിയത്.


ഇതൊക്കെയറിയാനായി -

ട്ടിവിടെത്താമസിപ്പു ഞാൻ

മറ്റു പൂതങ്ങളൊക്കേയു -

മാവിയായ് പോയ പോതിലും


നാടോടിത്തവും പൗരാണികതയും ചേർന്ന അത്തരമൊരു ഭാവം വരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പോത് പോലുളള, സാമാന്യവ്യവഹാരത്തിൽ പ്രചാരത്തിലില്ലാത്ത വാക്കുകൾ ഇവിടെ ഉപയോഗിച്ചത്.


ഭുജംഗപ്രയാതം, രഥോദ്ധത, ശാർദ്ദൂലവിക്രീഡിതം എന്നീ സംസ്കൃതവൃത്തങ്ങളും ഞാൻ ഒന്നിലേറെ കവിതകളിൽ ഉപയോഗിച്ചിട്ടുണ്ട്. അതൊന്നും അത്തരം വൃത്തങ്ങൾ ഉപയോഗിക്കണം എന്ന ബോധപൂർവമായ തെരഞ്ഞെടുപ്പായിരുന്നില്ല. എന്നാൽ ഒരിക്കൽ വൃത്തവൈവിധ്യം ലക്ഷ്യമിട്ടു തന്നെ ഒരു മുക്തകസമാഹാരം എഴുതുകയുണ്ടായി, പെട്ടെന്നു പാറി വന്ന കിളികൾ എന്ന പേരിൽ. ഓരോ ശ്ലോകത്തിലായി ഓരോ കിളിച്ചിത്രങ്ങൾ വരയുവാനാണ് അതിൽ ശ്രമിച്ചത്. അത്തരം അമ്പതോളം ശ്ലോകങ്ങളടങ്ങിയതാണാക്കവിത. ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, ഉപജാതി, വംശസ്ഥം, ദ്രുതവിളംബിതം, ശാലിനി, വിയോഗിനി, മാലിനി , മന്ദാക്രാന്ത, സ്രഗ്ദ്ധര, ശാർദ്ദൂലവിക്രീഡിതം, കുസുമമഞ്ജരി, പഞ്ചചാമരം, ശിഖരിണി, പൃഥ്വി, മത്തേഭം തുടങ്ങിയ ചെറുതും വലുതുമായ അനേകം വൃത്തങ്ങൾ ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. ഓരോ വൃത്തത്തിലും ഒരു കിളിപ്പറത്തമാണതിൽ കണക്കാക്കിയത്. അക്കൂട്ടത്തിൽ നിന്ന് ചില മുക്തകങ്ങൾ ഉദാഹരിക്കാം:


16

ഓരോ പകൽപ്പൊത്തിലിരുന്നു മൂങ്ങ -

ക്കണ്ണെന്നെ നോക്കുന്നിതുറങ്ങിടാതെ

എനിക്കു രാപ്പൊത്തിലിരുന്നു പക്ഷേ

തിരിച്ചു നോക്കാൻ പഴുതില്ല, കഷ്ടം!



18


അമ്മേ, വന്നെൻ നീലയാം നല്ലുടുപ്പിൻ

പിന്നിൽ ഞാലും നാട കെട്ടിത്തരേണം

അല്ലെന്നാകിൽ ചില്ലകൾക്കുള്ളിൽ പാറി -

ച്ചെല്ലുന്നേരം കൂർത്ത തുമ്പിൽ കുരുങ്ങും.



41

ചിറകുകളിരുവാളായ് നാലുപാടും ചുഴറ്റി -

ക്കുനുകുനെ യരിയുന്നിപ്പക്ഷിയാകാശപിണ്ഡം

ചിതറിയവ വിഴുന്നൂ കെട്ടിടങ്ങൾക്കു മേലേ,

ഇരുളറകളിൽ നമ്മൾ വാക്കു മുട്ടിക്കിടക്കേ.



36

വാനങ്ങളെ, സ്സകല ലോകങ്ങളെ ഭ്രമണ

മാർഗ്ഗത്തിലൂടെ ചിറകിൻ

നാളങ്ങൾ വീശി യിരുളിൽ നിന്നുണർത്തിടുക

ഹേ പക്ഷി,യെന്നുമിതുപോൽ.

ഞാനെന്റെ നിദ്രയിലെ ദു:സ്വപ്ന പാളികളി-

ലാകെത്തറഞ്ഞു പിടയേ

നീ നിൻ വിരിച്ചിറകുമായെത്തി, യാപ്പൊലിമ

ബോധം കൊളുത്തി,മിഴിയിൽ


ദ്രാവിഡ വൃത്തങ്ങളിൽ കുറത്തിപ്പാട്ടും വടക്കൻ പാട്ടും പോലുള്ള നാടോടിശീലുകളും വേണ്ടിടങ്ങളിൽ പ്രയോഗിക്കാൻ ശ്രമിച്ചിട്ടുണ്ട്.


കടപ്പറമ്പത്തുകാവിലമ്മടെ

വേല കൂടാൻ പോകുമ്പോൾ

വഴിക്കു നമ്മൾ വലിയ പാടം

മുറിച്ചു കടന്നുപോകുമ്പോൾ


കടപ്പറമ്പത്തുകാവു വേലയുടെ കാഴ്ച്ചകളാണ് വേല കേറുമ്പോൾ എന്ന കവിത. എനിക്കു പേരറിയാത്ത ഏതോ നാടോടിശ്ശീലാണ് ഈ കവിതയിലുള്ളത്. വേലപ്പറമ്പിലേക്കുള്ള കാവേറ്റത്തിന്റെ ഊർജമാണ് എനിക്കാ കവിതയിൽ വരുത്തേണ്ടിയിരുന്നത്. ഈ നാടോടി ശീല് അതിനു സഹായിച്ചുവെന്നാണെന്റെ തോന്നൽ.


അടുത്ത കാലത്താണ് എന്റെ എഴുത്ത് ദീർഘകവിതകളിലേക്കു പരക്കാനുള്ള ചില ശ്രമങ്ങൾ തുടങ്ങിയത്. പൊതുവേ ഭാവഗീതപരമായിരുന്ന കവിതയിൽ ആഖ്യാനാത്മകത ക്രമേണ കൂടി വന്നു. പ്രാദേശികചരിത്രവും മിത്തുകളും കവിതയിൽ ഉപയോഗിക്കാൻ തല്പരമായി വരുന്നു എന്റെ കവിത. ഈ മാറ്റം കവിതയുടെ രൂപത്തേയും ബാധിക്കുന്നുണ്ട്. അടുത്തിടെ എഴുതിയ രാമഗിരി എന്ന കവിതയുടെ രൂപഘടന അങ്ങനെയുരുവംകൊണ്ടതാണ്.


ഈ പട്ടാമ്പിക്കു പിന്നിലുണ്ട്

തുടർക്കുന്നുകളുടെ ഒരു നിര


എന്നു ഗദ്യത്തിൽ തുടങ്ങുന്ന കവിത ഖണ്ഡങ്ങൾ പിന്നിട്ട് പല വൃത്തച്‌ഛായകൾ താണ്ടി മാപ്പിളപ്പാട്ടിലെ കുതിരത്താളത്തെ ഓർമ്മിപ്പിച്ച് കേക വൃത്തത്തിന്റെ കൃത്യതയിലൂടെ കടന്നുപോയി ഒടുവിൽ,


ഏതു നഗരത്തിനും പിറകിലുള്ള പോലീ

പട്ടാമ്പിക്കും പിന്നിലുണ്ടു കുന്നുകൾ നിരയായ്


എന്ന മട്ടിൽ ഒരു നാടോടിശ്ശീലിൽ അവസാനിക്കുന്നു. മാപ്പിളപ്പാട്ടിലെ കുതിരത്താളത്തെ ഓർമ്മിപ്പിക്കുന്ന താളം ഈ കവിതയിലൊരിടത്തുപയോഗിച്ചത്, കുതിരകളും ടിപ്പുവിന്റെ കുതിരപ്പടയും കവിതയിൽ പ്രധാനമായതു കൊണ്ടാണ്.


വൃത്തപ്രയോഗങ്ങൾ ബോധപൂർവം തന്നെ ശ്രദ്ധിക്കേണ്ടിയും നിജപ്പെടുത്തേണ്ടിയും വന്നത് പരിഭാഷകളിലാണ്. ഇരുപതാം നൂറ്റാണ്ടിനും ആധുനികതക്കും മുമ്പുള്ള കവിതകൾ പദ്യത്തിൽ പരിഭാഷ ചെയ്യുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. കാരണം ഗദ്യം കവിതയുടെ ഭാഷയായിക്കഴിഞ്ഞിട്ടില്ല അപ്പോൾ. കവിതയുടെ ഭാവത്തിനനുസരിച്ചുള്ള മലയാള വൃത്തം തെരഞ്ഞെടുക്കൽ പഴയ കവിതകളുടെ പരിഭാഷയിൽ പ്രധാനമാണ്. വേഡ്സ് വർത്തിന്റെ ഡാഫൊഡിൽ പൂക്കൾ മൊഴിമാറ്റുമ്പോൾ തടാക തീരത്തെ പൂക്കളുടെ മന്ദമായ ഉലച്ചിലിനു ചേർന്ന താളമാണ് ഞാൻ അന്വേഷിച്ചത്. അങ്ങനെ കുറത്തിപ്പാട്ടു മട്ടിലായി ആ പരിഭാഷ:


കണ്ടു പെട്ടെന്നങ്ങു തടാകക്കരയിൽ നീളേ

സ്വർണ്ണഡാഫോഡിൽ സുമങ്ങൾ തിങ്ങിനില്പതായി

മാമരനിരക്കടിയിൽ വീശുമിളം കാറ്റിൽ

ആടിയുലഞ്ഞാടിയുലഞ്ഞാകവേ തുടിച്ച്

(ഡാഫൊഡിൽ പൂക്കൾ)


വില്യം ബ്ലേക്കിന്റെ പ്രസിദ്ധമായ ടൈഗർ പരിഭാഷപ്പെടുത്തിയപ്പോഴും വൃത്തത്തെപ്പറ്റി ഏറെ ആലോചിക്കേണ്ടി വന്നു.


Tyger Tyger, burning bright, 

In the forests of the night; 

What immortal hand or eye, 

Could frame thy fearful symmetry?


In what distant deeps or skies. 

Burnt the fire of thine eyes?

On what wings dare he aspire?

What the hand, dare seize the fire?


And what shoulder, & what art,

Could twist the sinews of thy heart?

And when thy heart began to beat,

What dread hand? & what dread feet?


എന്നിങ്ങനെയാണ് അതിന്റെ ചൊൽവടിവ്. സമാനമായ താളം സ്വീകരിച്ചാൽ കവിതയുടെ ഉദാത്തഭാവം നഷ്ടമായാലോ എന്നു ഞാൻ ശങ്കിച്ചു. പ്രപഞ്ച സത്തയുമായി ഐക്യപ്പെടുന്നതിന്റെ ഉദാത്ത ഭാവം പകർത്താൻ ഏതു താളത്തിനു കഴിയും എന്ന തേടലിനൊടുവിൽ നാരായണ ഗുരുവിന്റെ കവിതാലോകത്താണ് എത്തിയത്. ഗുരുവിന്റെ ഭാഷയാലും പ്രയോഗിച്ച വൃത്തങ്ങളാലും സ്വാധീനിക്കപ്പെട്ടാണ് കടുവ മലയാളത്തിലാക്കിയത്. ആ ശ്രമം പൂർണ്ണമായും വിജയിച്ചുവെന്നു കരുതുന്നില്ലെങ്കിലും.(ടൈഗർ ടൈഗർ എന്ന ആവർത്തനം പരിഭാഷയിൽ വരുത്താൻ കഴിയാത്തത് ഒരു കുറവായിത്തന്നെ തോന്നുന്നുമുണ്ട്)


രാവിന്റെ കാട്ടിൽ ജ്വലിക്കുന്ന കടുവേ

പേടിപ്പെടുത്തുന്ന നിൻ ഘോരരൂപം

ചമയ്ക്കാൻ നശിക്കാത്ത കയ്യേതിനായി?

രചിക്കാൻ മരിക്കാത്ത കണ്ണേതിനായി?


വിദൂരത്തെയാഴങ്ങൾ വാനങ്ങളേതിൽ

ജ്വലിക്കുന്നു നിൻ കൺകൾതന്നഗ്നിനാളം?

പറന്നങ്ങു ചെല്ലാനവന്നേതു പക്ഷം?

കവർന്നീടുവാനേതു കൈയ്ക്കുണ്ടു ധൈര്യം?


കലയ്ക്കേതിനോ തോളുകൾക്കേതിനാണോ

കഴിഞ്ഞൂ ഭവദ് ഹൃത്തടത്തന്തുജാലം

പിരിക്കാൻ, മിടിക്കാൻ തുടങ്ങുന്ന നേരം

മഹാഘോരമെന്താക്കരം? ഘോരപാദം ?


സാമാന്യ വ്യവഹാരത്തിലില്ലാത്ത സംസ്കൃത പദങ്ങൾ ആ വൃത്തഘടനക്കകത്ത് സ്വാഭാവികവും ഭദ്രവുമായി, കവിതയുടെ ഭാവത്തോടിണങ്ങി നിൽക്കുന്നെന്നു തോന്നിയതുകൊണ്ടാണ് ഈ പരിഭാഷയുടെ ഭാഷയും താളവും ഇമ്മട്ടിലായിത്തീർന്നത്. ഇംഗ്ലീഷിലെ വൃത്തഘടനയുടെ ചടുലത നഷ്ടപ്പെടാതിരിക്കാൻ മലയാളത്തിൽ സ്വീകരിച്ച വൃത്തഘടന സഹായിച്ചു എന്നാണെന്റെ ബോധ്യം.


ജപ്പാനിലെ ഹൈക്കു കവിതകളുടെ പരിഭാഷയും രസകരമായ അനുഭവമായിരുന്നു. കൃത്യമായ വരിക്കണക്കും അക്ഷരസംഖ്യാവ്യവസ്ഥയുമുള്ള അതായത് നിയമങ്ങളുള്ള കാവ്യരൂപമാണ് ഹൈക്കു. അതേ കണക്കുകൾ മറ്റൊരു ഭാഷയിലേക്കു പകർത്തിയാൽ കൃത്രിമമായിപ്പോകും. മൂന്നു വരി ഒരു യൂണിറ്റായി നിൽക്കുന്ന ഒരു വൃത്ത വ്യവസ്ഥയിലേക്കു പകർത്തുന്നത് നന്നായിരിക്കും എന്നു തോന്നി. അങ്ങനെയാണ് ഗായത്രം എന്ന വൃത്തസ്വരൂപം ഹൈക്കു പരിഭാഷക്ക് ഞാൻ സ്വീകരിച്ചത്. ബാഷോ, ബൂസൻ, ഷികി എന്നിവരുടെയെല്ലാം ഹൈക്കുകൾ ഗായത്രം എന്ന മൂന്നുവരി വൃത്തത്തിലാണ് പകർത്തിയത്.


വിനീതമെൻ്റെ നോട്ടത്തിൽ

നരകം തീർച്ചയായുമേ

ഒരു ശാരദസന്ധ്യതാൻ


ഉണർന്നേൽക്കുക പൂമ്പാറ്റേ

ഉണർന്നേൽക്കൂ, വരൂ വരൂ

കൊതിപ്പേൻ നിൻ്റെ സൗഹൃദം


ശരൽക്കാലം : വയസ്സായ

പോലെക്കാണുന്നു പക്ഷികൾ

പോലും മേഘങ്ങൾ കൂടിയും

(ബാഷോ)


എന്നാൽ കൊബായാഷി ഇസ്സയുടെ ഹൈക്കുകളിലെത്തിയപ്പോൾ ഗായത്രം പോരാതെ വന്നു. അവയിലെ നേർത്ത ഹാസ്യവും എളിമയും ചേർന്ന ഭാവം പിടിച്ചെടുക്കാൻ ആ വൃത്തത്തിനു കഴിയാത്ത പോലെ. ആകയാൽ ഇസ്സയുടെ ഹൈക്കുകൾക്ക് മൊഴിമാറ്റത്തിൽ ഗദ്യം തന്നെ സ്വീകരിക്കേണ്ടി വന്നു.


തുമ്പിയുടെ വാലിനും

ദിവസേന

വയസ്സാവുന്നു.


എന്തൊരു ഭാഗ്യം!

ഇക്കൊല്ലത്തെ കൊതുകു കൂടി

കടിച്ചു


ആദ്യത്തെ മണ്ണട്ട :

ജീവിതം

ക്രൂരം ക്രൂരം ക്രൂരം.


എന്ന തരത്തിൽ. ഫെർണാണ്ടോ പെസോവയുടെ കവിതകളുടെ പരിഭാഷയിൽ മറ്റൊരു പ്രശ്നമാണ് ഉദിച്ചത്. പെസോവ പല അപരവ്യക്തിത്വങ്ങൾ സ്വീകരിച്ച് പല പേരുകളിലെഴുതിയ ആൾ. ആ അപരവ്യക്തിത്വങ്ങളിൽ ആൽബർട്ടോ കെയ്റോയുടെ ശൈലിയല്ല, റികാർഡോ റീസിന്റേത്. അതല്ല അൽവാരോ ഡി കാം പോസിന്റേത്. പെസോവ സ്വന്തം പേരിലെഴുതിയവയാകട്ടെ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ഭാവഗീതാത്മക ശൈലിയിലും. പലതരം ഗദ്യവും പലതരം വൃത്തവും മാറി മാറി ഉപയോഗിച്ചാണ് ആ ശൈലീഭേദങ്ങൾ മലയാളത്തിൽ കൊണ്ടുവരാൻ ശ്രമിച്ചത്. ഉള്ള് എന്നൊന്നില്ല എന്നു വിശ്വസിക്കുന്ന രൂപമാത്രവാദിയും ലളിതഹൃദയനുമാണ് ആൽബെർടോ കെയ്റോ . ലളിത ഗദ്യമാണ് അയാളുടേത്. നാവികനും കടലു പോലെ ഇളകി മറിയുന്ന മനസ്സുള്ളവനും ആധുനികനുമായ ഡി കാംപോസിന്റേത് വികാരതീവ്രമായ, ചലനാത്മകമായ ഗദ്യമാണ്. പൗരാണികനായ റികാർഡോ റീസിന്റേത് പൗരാണികച്ഛായയുണർത്തും വിധം അനുഷ്ടുപ്പു പോലുള്ള വൃത്തങ്ങളിലാണ് മൊഴിമാറ്റിയത്. 


പാശ്ചാത്യ കവിതയിൽ 19-ാം നൂറ്റാണ്ടിലാണ് വൃത്തബദ്ധമല്ലാതെ ഗദ്യത്തിലുള്ള കവിതകൾ പ്രചരിച്ചു തുടങ്ങിയത്. ഇരുപതാം നൂറ്റാണ്ടിൽ ആ കാവ്യരൂപങ്ങൾ കുറേക്കൂടി സാധാരണമായി. സ്ട്രിക്റ്റ് മീറ്റർ, ബ്ലാങ്ക് വേഴ്സ്, ഫ്രീ വേഴ്സ്, പ്രോസ് പോയം എന്നിവ പാശ്ചാത്യ കവിതയിലുണ്ട്. വൃത്തഘടന നിലനിർത്തുകയും പ്രാസം ഒഴിവാക്കുകയും ചെയ്യുന്നതാണ് ബ്ലാങ്ക് വേഴ്സ്. (ഉദാഹരണത്തിന്, ദ്വിതീയാക്ഷരപ്രാസം ഒഴിവാക്കിക്കൊണ്ടുള്ള മലയാള വൃത്തം പോലെ) കേരളീയ സാഹചര്യത്തിൽ ബ്ലാങ്ക് വേഴ്സ് അതുപോലെ എടുക്കുന്നതിലും നല്ലത് ഒരല്പം കൂടി മാറ്റം വരുത്തി, നീട്ടി എടുക്കുന്നതാണ്. വൃത്തത്തിന്റെ അടിസ്ഥാന ഘടന അല്ലെങ്കിൽ വൃത്തച്ഛായ നിലനിർത്തിക്കൊണ്ട് അതിനെ പൊളിച്ചു പണിയുകയും മാറ്റം വരുത്തുകയും ചെയ്യുന്ന തരം രൂപ മാതൃകകൾ മലയാള കവിതയിൽ പ്രധാനമാണ്. ബ്ലാങ്ക് വേഴ്സിന്റെ പരിധിയിലാണ് അവ വരിക. നമ്മുടെ ആധുനികർക്കും ആധുനികാനന്തര കവികൾക്കും വളരെ പ്രിയപ്പെട്ട രൂപമാണ് ഈ ശിഥിലവൃത്തരൂപം. ഇതാണ് മലയാളത്തിന്റെ ബ്ലാങ്ക് വേഴ്സ്. വൃത്തമുക്തമായ ഫ്രീ വേഴ്സിനെയാണ് മലയാളത്തിൽ നമ്മൾ ഗദ്യകവിത എന്നു വിളിച്ചു ശീലിച്ചത്. വരി മുറിച്ചെഴുതുന്നു എന്ന ഒറ്റ സാദ്യശ്യമേ രൂപപരമായി അതിന് പദ്യ കവിതയോടുള്ളൂ. വരി മുറിക്കാതെ ഗദ്യത്തിലെഴുതുന്ന പ്രോസ് പോയത്തിനെ കുറിക്കാൻ (ആ കവിതാരൂപം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ചിത്രമെഴുത്തു കെ.എം. വർഗ്ഗീസും ടി.കെ.നാരായണക്കുറുപ്പും തൊട്ട് അയ്യപ്പപ്പണിക്കർ, സച്ചിദാനന്ദൻ തുടങ്ങിയ ആധുനികരും ആധുനികാനന്തര കവികളും വരെ ഉപയോഗിച്ചിട്ടുണ്ടെങ്കിലും) ഗദ്യകവിതയിൽ നിന്നു വ്യത്യസ്തമായ ഒരു പേര് ഇവിടെ പ്രചരിച്ചിട്ടില്ല. ഗദ്യഖണ്ഡ കവിത എന്നോ മറ്റോ വിളിക്കാവുന്നതാണത്. ഞാൻ പറഞ്ഞു വന്നത് , ഇത്തരം കാവ്യ രൂപങ്ങളെല്ലാം പാശ്ചാത്യ കവിതയിലെപ്പോലെ മലയാളത്തിലുമുണ്ട് എന്നാണ്.

 ഇതിനിടയിലും സ്ട്രിക്റ്റ് മീറ്റർ കവിതാരൂപം ഇല്ലാതായില്ല. പാശ്ചാത്യ കവിതയിൽ ആധുനികാനന്തര ഘട്ടത്തിൽ വൃത്തബദ്ധ കവിത മിക്കഭാഷകളിലും ധാരാളമായി എഴുതപ്പെടുന്നുണ്ട്. തനതു വൃത്തരൂപങ്ങളിലേക്കു മടങ്ങാനുള്ള പ്രവണത പോലും പല ഭാഷകളിലുമുണ്ട്. വിരുദ്ധോക്തിയായും പാരഡിയായും വൃത്തങ്ങൾ സമകാല ലോക കവിതയിൽ ധാരാളമായി പ്രയോഗിക്കപ്പെടുന്നുണ്ട്. ചെറിയ ഭാഷകളുടെ പ്രതിരോധത്തിന്റെ ഭാഗമായും തനതു വൃത്തങ്ങൾ ഇന്നുപയോഗിക്കപ്പെടുന്നു. ഗദ്യകവിതാരൂപം പ്രചരിച്ചപ്പോഴും മലയാള ആധുനികത വൃത്തങ്ങൾ ഒഴിവാക്കിയില്ല എന്നത് വളരെ ശ്രദ്ധേയമാണ്. നമ്മുടെ ആധുനിക കവികൾ മിക്കവരും തനതു വൃത്തങ്ങൾ ഭംഗിയായി പ്രയോഗിക്കാൻ നൈപുണ്യമുള്ളവരാണ്. പരമ്പരാഗത വൃത്തങ്ങളുടെ കണ്ണി മുറിയാതെ സമകാലീനമാക്കി ഉപയോഗിച്ച് പുതു തലമുറക്കു കൈമാറിയതിന് നമ്മുടെ ആധുനിക കവികളോട് നാം കടപ്പെട്ടിരിക്കുന്നു.

കവിതാ പരിഭാഷാവേളകളിലാണ് വൃത്തങ്ങളെക്കുറിച്ച് ബോധപൂർവം കൂടുതലായി ചിന്തിക്കുന്നത് എന്നതിനാലാണ് ഇത്രയും വിശദമാക്കിയത്.

എഴുതിയെഴുതി എവിടെയെല്ലാമോ എത്തുമ്പോഴത്തെ വിസ്മയമാണ് കവി എന്ന നിലയിൽ ഇപ്പോഴെന്നെ കുതിപ്പിക്കുന്നത്. അവസാനിക്കാത്ത ആ ഒഴുക്കിന് ആക്കം കൂട്ടാൻ ഭാഷയുടെ താളങ്ങളും ഈണങ്ങളും ഒപ്പമുണ്ടായേ പറ്റൂ. അത്തരം കാര്യങ്ങൾ വായനക്കാർ ഒരിക്കലും ശ്രദ്ധിക്കാനിടയില്ലെങ്കിൽ പോലും.

സ്വന്തം കവിതയുടെ ഘടനാപരമായ കാര്യങ്ങളെക്കുറിച്ച് കവിക്കു തന്നെ പറയേണ്ടി വരുന്നു എന്നത് സമകാലത്തെ ഒരു ഗതികേടു തന്നെ. വിമർശകരും പഠിതാക്കളും ചെയ്യേണ്ട പണി കവിക്കു തന്നെ ചെയ്യേണ്ടിവരുന്നു. സാരമില്ല, കവിത വർത്തമാനകാലത്തിന്റെ മാധ്യമമല്ല എന്നാണ് എനിക്കു തോന്നാറ്. അത് ഭൂതകാലത്തിന്റെയും അതുവഴി ഭാവികാലത്തിന്റെയും മാധ്യമമാണ്. പി.കുഞ്ഞിരാമൻ നായരുടെ കവിത നമുക്കിന്ന് ഭൂതകാലത്തിന്റെ കവിതയാണ്. അദ്ദേഹം ജീവിച്ച് എഴുതിക്കൊണ്ടിരുന്ന അന്നത്തെ വർത്തമാനകാലത്ത് ആ കവിത വേണ്ട രീതിയിൽ ഗൗരവത്തോടെ വായിക്കപ്പെട്ടില്ല. അദ്ദേഹത്തിന്റെ കവിതയുടെ ഭാവിയിൽ, അദ്ദേഹം കൂടുതൽ ഗൗരവത്തോടെ വായിക്കപ്പെട്ടു വർത്തമാനത്തിന്റെ ഈ അശ്രദ്ധ, കാലം കടന്നുചെല്ലാൻ കാവ്യകലയെ ഒരു പക്ഷേ സഹായിക്കുക കൂടി ചെയ്യുന്നുണ്ടാകാം.

Monday, November 15, 2021

മലയാള കവിത: വീടിന്റെ വിളി കേൾക്കുന്ന കാത്

 

മലയാള കവിത: വീടിന്റെ വിളി കേൾക്കുന്ന കാത്

പി.രാമൻ

1.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ കേരളത്തിൽ നിന്ന് തൊഴിൽ തേടി ആസാമിലേക്കു പോയവർ തീവണ്ടിയിൽ തിരിച്ചു വരുന്ന രംഗം വൈലോപ്പിള്ളി ആസാം പണിക്കാർ എന്ന കവിതയിൽ വിവരിക്കുന്നുണ്ട്. വണ്ടി വാളയാർ കടന്നപ്പോൾ അവരെ പ്രലോഭിപ്പിച്ച കാഴ്ച്ചകളിലൊന്ന് പുരയിടത്തിലെ പച്ചപ്പിനിടയിലൂടെ കാണുന്ന വീടാണ്. "പുഞ്ചിരി പൊഴിക്കും വീടുകൾ" എന്ന് കവി.വീട് എന്നും നമ്മളെ പിൻ വിളി വിളിക്കുന്നു. നഷ്ടപ്പെട്ടു പോയ നല്ല കാര്യങ്ങളിൽ മനസ്സ് ബദ്ധമായിരിക്കുന്നതിനെക്കുറിക്കാൻ മലയാളത്തിൽ പ്രചാരത്തിലുള്ള വാക്ക് ഗൃഹാതുരത്വം എന്നതാണ്. സന്ധ്യയാവുമ്പോൾ ഏതൊരാളുടെയുള്ളിലും വീടിന്റെ നേർക്കു വിചാരം നീളും. (വീടിന്റെ നേർക്കു വിചാരം നീളുക എന്നത് പുലാക്കാട്ടു രവീന്ദ്രന്റെ ഒരു കവിതയിലെ പ്രയോഗമാണ്) വീണ്ടും വീണ്ടും തിരിച്ചെത്താനുള്ള ഇടമാണ് വീട് എന്ന് പ്രശസ്ത നിരൂപകൻ കെ.സി. നാരായണൻ പറയാറുണ്ട്.

വീട് സാമൂഹ്യ സാംസ്കാരിക അവസ്ഥകളുടെ ചിഹ്നമാണ് ഏതുകാലത്തും. വീട് എന്ന വാക്ക് ഇന്ന് പൊതുവായി ഉപയോഗിക്കുന്നെങ്കിലും പഴയ കാലത്ത് ചില പ്രത്യേക ജാതിക്കാരുടെ പാർപ്പിടത്തിനേ ആ വാക്കു പറഞ്ഞിരുന്നുള്ളൂ.ജാതിയും സാമൂഹ്യശ്രേണിയിലെ സ്ഥാനവുമാണ് വീടിന്റെ രൂപഘടന നിർണ്ണയിച്ചിരുന്നത്. ജാതിഭേദവും സമൂഹ്യശ്രേണിയിലെ സ്ഥാനഭേദവുമനുസരിച്ച് പാർപ്പിടത്തിന് വീട്, എടം, ഭവനം, പിഷാരം, പുര, കുടി, ചാള, മന, മഠം, മാടം, വാരിയം, പുഷ്പകം, പാടി, ചേരി, മാരാത്ത്, ഇല്ലം, കോവിലകം, കൊട്ടാരം എന്നിങ്ങനെ ഒട്ടേറെ വാക്കുകളുണ്ടായിരുന്നു. അത്തരം വാക്കുകൾ ഇന്ന് മിക്കവാറും ഉപയോഗത്തിലില്ലാതായിക്കഴിഞ്ഞു. എല്ലാ മലയാളികളുടെയും പാർപ്പിടത്തെ കുറിക്കാൻ വീട് എന്ന വാക്കിന് ഇന്നു കഴിയുന്നുണ്ട്.ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ചങ്ങമ്പുഴയുടെ വാഴക്കുലയിലെ മലയപ്പുലയന്റേത് മാടമായിരുന്നു. സാമൂഹ്യ സാമ്പത്തികാവസ്ഥകളിലുണ്ടായ പുരോഗതി കേരളത്തിലെ വീടുകളുടെ ഘടനയിലും ക്രമേണ മാറ്റമുണ്ടാക്കി.

ഓടിട്ട കെട്ടിടങ്ങൾ സാമൂഹ്യ അധികാരത്തിന്റെ കൂടി അടയാളമായിരുന്നു പണ്ട്.  "ചില പ്രത്യേക കെട്ടിടങ്ങൾക്കു മാത്രമേ മേൽക്കൂരകൾ ഓടുമേയാനുള്ള അനുവാദമുണ്ടായിരുന്നുള്ളൂ"(മൺസൂൺ ഇസ്ലാം - സെബാസ്റ്റ്യൻ ആർ. പ്രാംഗെ, പരിഭാഷ തോമസ് പി.ടി. കാർത്തികപുരം, 2021) പതിനഞ്ചാം നൂറ്റാണ്ടൊടുവിൽ സാമൂതിരി കൊച്ചിത്തുറ മുഖത്തിന്റെ പരമാധികാരം പിടിച്ചെടുത്തപ്പോൾ കൊച്ചി രാജാക്കന്മാർക്ക് കൊട്ടാരങ്ങൾ ഓടുമേയാനുള്ള അവകാശം എടുത്തുകളയുകയുണ്ടായെന്ന് അക്കാലത്ത് കൊച്ചിയിലുണ്ടായിരുന്ന പോർച്ചുഗീസ് സഞ്ചാരി ബാർബോസ രേഖപ്പെടുത്തിയിട്ടുണ്ട്. "കൊച്ചി മഹാരാജാവിന്റെ കോവിലകം ഓടു മേയാൻ സാമൂതിരി ഓരോരോ തടസ്സങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു - ഇതാണ് ഗതി, ഗതികേടും" (പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം - പി.ഭാസ്കരനുണ്ണി ) ക്ഷേത്രത്തിനോ പള്ളിക്കോ പ്രത്യേക അനുമതിയോടെ ഏതെങ്കിലും വലിയ കൈമളിനോ മാത്രമേ മലബാറിൽ കെട്ടിടം ഓടുമേയാൻ അനുവാദമുണ്ടായിരുന്നുള്ളൂവെന്ന് 16 -ാം നൂറ്റാണ്ടിലെ സഞ്ചാരി ടോം പിരസ് പറയുന്നു. സാമൂഹ്യാവസ്ഥയിൽ മാറ്റമുണ്ടായതോടെ ഇരുപതാം നൂറ്റാണ്ടിൽ ഓടു മേഞ്ഞ വീടുകളുടെ എണ്ണം വർദ്ധിച്ചു. പിന്നെ കോൺക്രീറ്റായി. കൂറ്റൻ മാളികകളായി. കൂട്ടുകുടുംബങ്ങൾ പിരിഞ്ഞ് ഒറ്റയൊറ്റ വീടുകളായി. പഴയ ഇല്ലം പൊളിച്ചു വിറ്റ് പുതിയ ഓട്ടോറിക്ഷ വാങ്ങുകയും പുതിയ വീടു വെക്കുകയും ചെയ്യുന്നുണ്ട് ആറ്റൂർ രവിവർമ്മയുടെ ഓട്ടോവിൻ പാട്ടിലെ കുഞ്ഞിക്കുട്ടൻ. ചെറുപ്പക്കാർ നാടുവിട്ടു പോയ വീട്ടിൽ ഒടുവിൽ വാർദ്ധക്യം തനിച്ചായി. ഉപജീവനത്തിനായി വിദേശങ്ങളിൽ പോയി മടങ്ങിവരുന്നവരെയും കാത്ത് വീടുകൾ നിലകൊണ്ടു. ഫ്ലാറ്റുകൾ കേരളത്തിലും വ്യാപകമായെങ്കിലും വീടെന്ന വികാരം ചൂഴ്ന്നവ തന്നെയാണ് ഇവിടെയവ.

പുരയിടത്തിനു നടുക്കാണ് പൊതുവേ കേരളത്തിലെ വീടുകൾ. ഇടശ്ശേരി കുറ്റിപ്പുറം പാലത്തിൽ എഴുതിയതു പോലെ "ഫലഭാരനമ്രതരുക്കൾ ചൂഴും നിലയങ്ങൾ വായ്ക്കു" ന്നവയാണ് ആ തോട്ടങ്ങൾ അഥവാ പുരയിടങ്ങൾ. ആ പുരയിട സംസ്കാരം ഇന്നും മലയാളി പുലർത്തുന്നുണ്ട് - ഇത്തിരി സ്ഥലമേ ഉള്ളൂവെങ്കിൽ പോലും. ജാതി തിരിച്ച് കോളനികളായി താമസിക്കുന്ന രീതി മറ്റു പല സംസ്ഥാനങ്ങളിലും ഉള്ള പോലെയല്ലെങ്കിലും കേരളത്തിലും ഉണ്ടായിരുന്നു. ഇപ്പോഴും പൂർണ്ണമായും ഇല്ലാതായിട്ടുമില്ല. 1972-ൽ നടപ്പാക്കിയ ലക്ഷം വീടു പദ്ധതിയിൽ കോളനികളിൽ പുനരധിവസിപ്പിക്കപ്പെട്ടവരിൽ കൂടുതൽ പേരും ജന്മിമാരുടെയും കുടിയാന്മാരുടെയും കൃഷിഭൂമികളിൽ പണിയെടുത്തുപോന്ന കർഷകത്തൊഴിലാളികളായിരുന്നു. ഭൂരഹിതരെ പുനരധിവസിപ്പിച്ചതിന്റെ മാത്രമല്ല, ഭൂപരിഷ്കരണനിയമത്തിലെ  അപാകതകളുടെയും അനീതികളുടെയും കൂടി സാക്ഷ്യമായി ആ കോളനികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

വസ്തുതാപരമായ വലിയ അപൂർണ്ണത തീർച്ചയായും ഈ സംഗ്രഹണത്തിലുണ്ടാകാം. എന്നിരിക്കിലും കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലത്തിൽ എത്രമാത്രം പ്രാധാന്യമുണ്ട് വീടെന്ന പരികല്പനക്ക് എന്നു വ്യക്തമാക്കാനാണ് മുകളിൽ ശ്രമിച്ചത്. ഈ പശ്ചാത്തലത്തിൽ വീട് എന്ന പരികല്പന മുൻ നിർത്തി ചില കവിതാ വിചാരങ്ങൾക്കാണ് ഇവിടെ തുനിയുന്നത്. മുൻപറഞ്ഞ അപൂർണ്ണത ഇവിടെയുമുണ്ടാകാമെങ്കിലും.

2

കർഷകഗ്രാമത്തിലെ വീടുകളുടെ ഭൗതികചിത്രത്തിനൊപ്പം വീടകത്തിന്റെ കരുതലും വാത്സല്യവും കൂടി കവിതയിൽ പകർന്നുവെച്ചിട്ടുണ്ട് പതിനഞ്ചാം നൂറ്റാണ്ടിലെ കൃഷ്ണഗാഥയിൽ ചെറുശ്ശേരി. മഥുരയിൽ കംസൻ നടത്തുന്ന ചാപ പൂജക്ക് കൃഷ്ണനെ കൊണ്ടുപോകാനായി വന്ന അക്രൂരന്റെ കാഴ്ച്ചയിലൂടെ അമ്പാടിയിലെ വീടുകൾ ഇങ്ങനെ തെളിയുന്നു:

പിന്നെയെഴുന്നേറ്റു ധന്യമായുള്ളൊരു
നന്ദന്റെ മന്ദിരം തന്നെക്കണ്ടാൻ
കാലികറന്നുള്ളൊരൊച്ചയുണ്ടെങ്ങുമേ
ബാലന്മാർ കോലുന്ന ലീലകളും
ഒന്നിനോടൊന്നു കലർന്നു കളിക്കുന്ന
കന്നും കിടാങ്ങളുമുണ്ടെങ്ങുമേ
കാളകൾ തങ്ങളിൽ കുത്തിക്കുതിർന്നിട്ടു
ധൂളിയെഴുന്നുമുണ്ടോരോ ദിക്കിൽ
ധേനുക്കളെച്ചെന്നു ചാലക്കറപ്പാനായ്
ചേണുറ്റ പാൽക്കുഴ ചേർത്തു കയ്യിൽ
ചാലേ മുറുക്കിന കാഞ്ചിയുമാണ്ടുള്ള
നീലവിലോചനമാരുണ്ടെങ്ങും.

തൊട്ടു മുമ്പുള്ള ഉണ്ണുനീലീസന്ദേശാദി മണിപ്രവാള കൃതികളിൽ കാണുന്ന വിസ്തരിച്ചുള്ള ഗൃഹവർണ്ണനയുടെ രീതിയല്ല ഇവിടെ. അവിടെ വീട് ഒരു ഭൗതികവസ്തു മാത്രമെങ്കിൽ ഇവിടെ അതൊരു വികാരാനുഭവമായി മാറുന്നു. അക്രൂരനോടൊപ്പം കൃഷ്ണൻ പോയ ശേഷം ഗോപികമാർ അവന്റെ വീട്ടിൽ ചെന്ന് അവന്റെ കിടക്കയിൽ  തലോടുകയും മുറ്റത്തേക്കു നോക്കി വിഷാദത്തോടെ നിൽക്കുകയും ചെയ്യുന്നു. കാളിയമർദ്ദന സന്ദർഭത്തിൽ സന്ധ്യയായിട്ടും മക്കൾ തിരിച്ചു വരുന്നതു കാണാതെ പരിഭ്രമിക്കുന്ന അച്ഛനമ്മമാരുടെ ഉൽക്കണ്ഠാകുലമായ ചിത്രമുണ്ട് :

എന്മകനെന്തു പോൽ വാരാഞ്ഞു തോഴീ, ചൊൽ
ഇന്നലെയിന്നേരം വന്നാനല്ലോ
കാലികൾ കാണാഞ്ഞു കാട്ടിൽ നടക്കുമ്പോൾ
കാൽ തന്നിൽ മുള്ളു തറച്ചില്ലല്ലീ
കായ്കളെക്കൊള്ളുവാൻ പാഴ്മരമേറീട്ടു
കാനനം തന്നിലേ വീണാനോ താൻ.

ഉൽക്കണ്ഠാകുലമായ ഈ വരികളിൽ തുടങ്ങുന്നു മലയാളത്തിലെ വീടെന്ന പിൻവിളി. എന്നാൽ 18ാം നൂറ്റാണ്ടിൽ കുഞ്ചൻ നമ്പ്യാരുടെ കവിതയിലെത്തുമ്പോൾ ആ പിൻവിളിക്ക് മറ്റൊരു മാനം കിട്ടുന്നു.ഭീരുത്വത്തിന് ഒളിച്ചിരിക്കാനും ശൂരത കാട്ടാനുമുള്ള ഇടമായി വീട് പലപ്പോഴും മാറുന്നു. പടയെന്നു കേട്ടാൽ "വെക്കം വീട്ടിലടുക്കള തന്നിൽ
പുക്കൊരു വമ്പൻ കതകുമടച്ചു
കഴല പനിച്ചു കിടക്കുന്ന" ആണുങ്ങൾ ധാരാളം. (സ്യമന്തകം) വീട്ടിലശേഷം മുടിയന്മാരാണ് അവർ (കിരാതം) പെണ്ണുങ്ങളുടെ കാഴ്ച്ചപ്പാടിൽ വീടിനെ കാണുന്ന പല സന്ദർഭങ്ങൾ തുള്ളൽ കൃതികളിലുണ്ട്. ഘോഷയാത്രയിൽ ഒരച്ചിയുടെ വർത്തമാനം ഇങ്ങനെ:

ഇതു കേട്ടാലും കൊച്ചനിയത്തീ,
അതിയായിട്ടൊരു വീടു പുലർത്താൻ
മതിയായിട്ടൊരു നായരെ നിർത്താൻ
അമ്മക്കാഗ്രഹമുണ്ടായപ്പോൾ
അമ്മാവിക്കതു സമ്മതമല്ലാ,
അമ്മാവന്റെ മനസ്സു മറിപ്പാൻ
അമ്മാപാപിക്കെത്ര വിശേഷം
വല്ലാതൊരു ഭോഷച്ചാർ നമ്മെ
ഇല്ലത്തേക്കും കൊണ്ടു തിരിച്ചാൻ
നെല്ലു കൊടുത്തു കറുപ്പും തിന്നൊരു
കല്ലു കണക്കേ കുത്തിയിരിക്കും.
കണ്ണു തുറക്കെന്നുള്ളതുമില്ലി -
പ്പൊണ്ണച്ചാർക്കൊരു ബോധവുമില്ല.
..................
ഒരു സുഖമെന്നതു ഞാനറിയുന്നി-
ല്ലൊരു കൂറ്റാരുമെനിക്കില്ലിപ്പോൾ.

നിസ്സാര കാര്യങ്ങൾക്കു കലമ്പുന്ന, ചട്ടിയും കലവുമെറിഞ്ഞുടയ്ക്കുന്ന ആണുങ്ങളെക്കൊണ്ട് പെണ്ണുങ്ങൾ പൊറുതിമുട്ടുന്ന ഇടമാണ് നമ്പ്യാർക്കവിതയിലെ വീട്. എന്നാൽ വിട്ടു പോകാൻ വയ്യാത്ത അടുപ്പം ആ കാവ്യലോകത്തിലെ മനുഷ്യർക്ക് വീടിനോടുണ്ടെന്ന് അവരുടെ സംഭാഷണത്തിലുടനീളം കാണുന്ന വീട്ടുപരാമർശങ്ങളുടെ വൈപുല്യം കാണിക്കുന്നു.

നല്ല വീട് എന്ന ദരിദ്രന്റെ സ്വപ്നം കൂടിയുണ്ട് കുചേലവൃത്തം വഞ്ചിപ്പാട്ടിൽ. നളചരിതം അട്ടക്കഥയിലെ കാട്ടാളന്റെ ചോർച്ചയില്ലാതെ കെട്ടി ചുമരും വെച്ച ആ വീട് ലാളിത്യം കൊണ്ട് നമ്മുടെ ഉള്ളു തൊടുന്നുണ്ട്. അയാളോട് ദമയന്തി പ്രവർത്തിച്ചത് നമ്മുടെ ഉള്ളു ചുടുന്നുമുണ്ട്. വനസുഖമനുഭവിച്ചു കൊണ്ടുള്ള വീട് എന്ന സാധ്യതയെക്കൂടിയാണ് കൊട്ടാരം വിട്ടിറങ്ങേണ്ടിവന്ന റാണി ചുട്ടെരിക്കുന്നത്.

മേലാളന്റെയും കീഴാളന്റെയും വീടുകളുടെ അന്തരം നാടൻപാട്ടുകളിൽ കാണാം. പൂമാതൈ പൊന്നമ്മയുടെ കഥ പറയുന്ന വടക്കൻപാട്ടിൽ പൂലുവപ്പെണ്ണായ പൂമാതയി പുഞ്ചക്കണ്ടത്തിലെ മാടത്തിലാണ് കഴിയുന്നത്.

പുഞ്ച നടക്കലെ മാടത്തില്
പൂലുവപ്പെണ്ണ് പൂമാതയിയോ
ആണും തൂണുല്ലാത്ത മാടത്തിന്ന്
വരിനെല്ലുരിയരി കഞ്ഞി വെച്ചു
കണ്ണിപ്പരലുമായൊറ്റിക്കൊഞ്ചൻ
കൂടിക്കറിവെച്ച് കഞ്ഞി വെച്ച്
അത്തായം ചോറ് കയിക്കുന്നോള്
മുണ്ടോലപ്പായില് മുറിയണ വെച്ച്
കാക്ക വിളക്കിൽ തിരിയുമിട്ട്
അവിടെ കിടന്നിട്ടോ പൂമാതൈയോ
പൂതത്താൻ പാട്ടുകൾ പാടുന്നുണ്ട്.

നാടുവാഴിക്കു വിധേയയാകാത്തതിന്റെ പേരിൽ ചെയ്യാത്ത കുറ്റം ചുമത്തി പൂമാതൈയെ മാടപ്പറമ്പത്തെ മാവിൽ ചങ്ങലക്കിട്ട് വിചാരണ ചെയ്യുമ്പോൾ പുഞ്ചക്കണ്ടത്തെയും തന്റെ മാടത്തെയും കൂടി പിടിച്ച് ആണയിട്ടാണ് നിരപരാധിത്വം വെളിപ്പെടുത്തുന്നത്. അതൊന്നും മേലാളർ കേട്ടില്ല. മാടത്തേയും പൂമാതൈയേയും അവർ ചുട്ടെരിച്ചു. ഇതിനെല്ലാം നേതൃത്വം നൽകിയ മേലാളന്റെ വീട് ഇതാ:

കടലുംകര നാടുവാണ നാടു വായിച്ച
നേരമൊട്ടന്തി മോന്തി രാച്ചെന്നേരെ
പൂമണിമാളിക പൊൻ മാളിക
ഏഴു തട്ടും വെഞ്ചാമര പൊന്മാളിക
മാളിക മുകളിലിരുന്നുകൊണ്ട്
ആവണിപ്പല വെച്ചും ദീപം വെച്ചും
ചങ്ങലവട്ടയിൽ തിരിയുമിട്ട്
അമൃതേത്താലത്തായം കൊള്ളുന്നോറ്

വീടുകൾക്കു തമ്മിലുള്ള ഈ അന്തരം ഇരുപതാം നൂറ്റാണ്ടിലുടനീളം തുടരുകയും ഇരുപത്തൊന്നാം നൂറ്റാണ്ടിലും നിലനിൽക്കുകയും ചെയ്യുന്നുണ്ട്. സമകാല കവികളിൽ ശ്രദ്ധേയനായ സുനിൽകുമാർ എം.എസ്സിന്റെ പേടിപ്പനി എന്ന സമാഹാരത്തിലെ(2009)  നക്ഷത്രബംഗ്ലാവ് എന്ന കവിത നോക്കൂ:

മൂന്നു നിലകളിലായി
ശീതീകരിച്ചതുമല്ലാത്തതുമായ
മുറികളും
അവക്കെല്ലാം തന്നെ
കൊത്തു പണികളുള്ള വാതിലുകളും
അനേകം ചില്ലു ജാലകങ്ങളും
മുഖം കാണാവുന്ന
കണ്ണാടി പോലുള്ള തറയും
മുറ്റത്തൊരു നീന്തൽക്കുളവും
അതിനുചുറ്റും മനോഹരമായൊരുദ്യാനവും
പിന്നെയങ്ങിനെയങ്ങിനെ ....

ഇവയൊന്നുമെന്റെ വീടിനെക്കുറിച്ചല്ല
പറഞ്ഞതെങ്കിലും
മഴക്കാറില്ലാത്ത രാത്രികളിൽ
എന്റെ വീടിനകത്തു കിടന്നാൽ
ചന്ദ്രനക്ഷത്രങ്ങളെ ദർശിക്കാമെന്നതുകൊണ്ട്
ഞാനെന്റെ വീട്ടിന്ന്
നക്ഷത്രബംഗ്ലാവ്
എന്നു പേരിട്ടു.

മേൽക്കൂരയിൽ തുള വീണ തന്റെ വീടിനേയും നക്ഷത്രബംഗ്ലാവ് എന്നു വിളിക്കുകയാണ് ഇവിടെ ആഖ്യാതാവ്. ആ വിരുദ്ധോക്തിയുടെ മിന്നൽ വെളിച്ചത്തിൽ മേലാളനും കീഴാളനും തമ്മിലുള്ള അന്തരം വീടുകളുടെ രൂപത്തിൽ കവിതയിൽ ചിത്രിതമാവുന്നു.

3

വീടും പുരയിടവും അവിടത്തെ ജൈവ വൈവിധ്യവും വള്ളത്തോളിനു പ്രധാനമാണ്. വീടു വിട്ടിറങ്ങുന്ന മനുഷ്യരിലാണ് ആശാന്റെ കണ്ണു ചെല്ലുന്നത്. ആശാന്റെ നായികമാർ മാത്രമല്ല നായകന്മാരും വീടുവിട്ടിറങ്ങിയവർ തന്നെ. വീടു വിട്ട് എത്താവുന്നത്രയും ദൂരം അവരെത്തുന്നുമുണ്ട്. വീട്ടിലേക്കൊരു പിൻമടക്കം അവർക്കില്ല എന്നതും എടുത്തു പറയണം. വേണമെങ്കിൽ പരമ്പരാഗതമല്ലാത്ത പുതിയൊരു വീട് ഉണ്ടാക്കാം, ദുരവസ്ഥയിലേതുപോലെ, എന്നു മാത്രം. വീട്ടിൽ നിന്നു പിണങ്ങിയിറങ്ങിപ്പോയ കുട്ടിയുടെ വീടോർമ്മയും അലച്ചിലുമാണ് പി.കുഞ്ഞിരാമൻ നായർക്കവിതയിലുടനീളം. അവന്റെയുള്ളിൽ, "മൂടി മാറാലയിൽ, ചാടി കയങ്ങളിൽ വീടിനെത്തേടിയൊരോർമ്മകൾ കൂടിയും". എത്ര പ്രകാശവത്താക്കാൻ ശ്രമിച്ചാലും ശീതസമരങ്ങളാൽ പിന്നെയും കെട്ടാറുന്ന ഒരു വീടുണ്ട്, പ്രിയങ്ങളോടും അപ്രിയങ്ങളോടും കൂടി, വൈലോപ്പിളിക്കവിതയിൽ. അടുക്കളപ്പുക കൊടിയടയാളമായി നിൽക്കുന്ന ഒരു വീടായി കാണപ്പെടുന്നെങ്കിലും കുഴിച്ചുകുഴിച്ച് അനിഷ്ടസ്മ്യതികളുടെ അഴുക്കു പരതിച്ചെന്നു നരകത്തിലെത്തുന്ന അന്തേവാസികൾ തമ്മിലെ സംഗരങ്ങളുടെ മൂകശൈത്യം കൊള്ളി വാക്കുകളാൽ തിളങ്ങുന്ന വീടുമാണത്. "നാടായ നാടൊക്കെക്കണ്ടുവെന്നാകിലും
വീടാണു ലോകം വലിയ ലോകം" എന്നെഴുതുന്നു ഒളപ്പമണ്ണ കാഫലം എന്ന കവിതയിൽ. വിട്ടു പോകേണ്ട ഇടമായും തിരിച്ചെത്തേണ്ട ഇടമായും വീട് ഇരുപതാം നൂറ്റാണ്ടിലെ കവിതകളിൽ മാറി മാറി വരുന്നു. ഈ വിട്ടുപോക്കും തിരിച്ചുവരവും ചേർത്തിണക്കുന്ന കവിതയാണ് ഒ.എൻ.വി.യുടെ 'വീടുകൾ'. സുഗതകുമാരിയുടെ പിശാചവീഥി എന്നൊരു കവിതയുണ്ട്. മരിച്ചുപോയൊരു മനുഷ്യന്റെ വീടിനോടുള്ള ആബദ്ധത ശക്തമായി ആവിഷ്കരിക്കുന്ന കവിതയാണ്. ഗതി കിട്ടാതെ,വീടു വീടെന്നു ജപിച്ച് പിശാചവീഥിയിലൂടെ വീടിനെ വലം വയ്ക്കുന്ന മനുഷ്യാത്മാവു തന്നെ ആ കവിതയിൽ.

നമ്മുടെ ആധുനിക കവികൾക്ക് മിക്കപ്പോഴും വീടെന്നാൽ നാടിന്റെ ഒരു ചിഹ്നമായിത്തീരുന്നുണ്ട്. മനുഷ്യർ തമ്മിൽ തമ്മിലും പ്രകൃതിയും മനുഷ്യനും തമ്മിലുമുള്ള പാരസ്പര്യത്തിന്റെ പര്യായപദങ്ങളാണ് ഇവർക്ക് വീടും നാടും. ആ പാരസ്പര്യത്തിലേക്കുള്ള വഴിയാണ് ഡി.വിനയചന്ദ്രന്റെ 'വീട്ടിലേക്കുള്ള വഴി'. ബന്ധത്തിന്റെ ആഴമാണ് വീട് എന്നതിനാലാണ് അദ്ദേഹം "അമ്മയില്ലാത്തവർക്കേതു വീട്, ഇല്ല വീട്, എങ്ങെങ്ങുമേ വീട് " എന്നെഴുതുന്നത്. കക്കാടിന് വീട് തുരുത്ത മലയുടെ താഴ് വരയിലെ അവിടനല്ലൂർ എന്ന ദേശമാണ്. കടമ്മനിട്ടക്ക് കടമ്മനിട്ട ഗ്രാമമാണ്. അയ്യപ്പപ്പണിക്കർക്ക് കുട്ടനാടും ആറ്റൂർ രവിവർമ്മക്ക് ആറ്റൂരും ഡി.വിനയചന്ദ്രന് പടിഞ്ഞാറേ കല്ലടയുമാണ് വീട്.വീടിനോടുള്ള ഇഷ്ടവും ഇഷ്ടക്കേടും ഇവർക്ക് നാടിനോടുള്ള ഇഷ്ടവും ഇഷ്ടക്കേടുമാണ്. അതിൽ നിന്നു വ്യത്യസ്തമായി, മാറി മാറിത്താമസിച്ച ഓരോ വീടിനോടും ഒട്ടിനിന്ന കവിയാണ് സച്ചിദാനന്ദൻ. വീടുമാറ്റത്തെക്കുറിച്ച് പല കവിതകൾ അദ്ദേഹമെഴുതിയിട്ടുണ്ട്. നാടു മാറ്റം വീടുമാറ്റം പോലെയാണ് അദ്ദേഹം ഉൾക്കൊള്ളുന്നത്. പുല്ലൂറ്റു പോലെ ദൽഹിയും അദ്ദേഹത്തിനു വീടാണ്. വീടിന്റെ ചിഹ്നമാണ് അദ്ദേഹത്തിനു നാട്. ഇതെന്റെ വീടല്ല എന്നു തോന്നുമ്പോൾ സങ്കടത്തോടെ ഈ കവി ഒരു നാടുവിട്ടു പോരും.

4

ആധുനികാനന്തരം വന്ന 80 കളിലെ തലമുറയിൽ വീടിനെ ധിക്കരിച്ചു പോയവരുടെയും തെരുവിന്റെ അനാഥത്വത്തിലേക്ക് ഇറങ്ങിച്ചെന്നവരുടെയും ശബ്ദങ്ങൾ പ്രധാനമായി. ആ ശബ്ദങ്ങൾ ആഴത്തിൽ മുഴങ്ങുന്നത് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും എ.അയ്യപ്പന്റേയും കവിതകളിൽ തന്നെ. എങ്കിലും ആ തലമുറ പൊതുവേ അതു പങ്കിടുന്നുണ്ട്. വീടുവിട്ടിറങ്ങുന്നവരുടെ യാത്രാമൊഴികൾ കൊണ്ട് മുഖരിതമാണാ ദശകം. ഉദാഹരണത്തിന്, ജോസ് വെമ്മേലിയുടെ കുഴിയാന വരച്ച ഇന്ത്യ എന്ന സമാഹാരത്തിലെ പുറപ്പാട് എന്ന കവിതയിൽ ഇങ്ങനെയൊരു യാത്രാമൊഴി വായിക്കാം:

ദുഃഖങ്ങളെല്ലാമരിഞ്ഞു കൂട്ടി
ഉപ്പുപുരട്ടിയുണക്കി വെച്ചു
പിച്ച മാറാപ്പും ചുമലിലേറ്റി
ഒച്ച വക്കാതിന്നു ഞാനിറങ്ങി.
യാത്ര ചോദിക്കുവാനാരുമില്ല.
യാത്രികൻ ഞാനാർക്കുമാരുമല്ല
മൂക്കൊലിപ്പിക്കുവാൻ മൂപ്പു ചൊല്ലാൻ
കൂട്ടരില്ലാത്തതും ഭാഗ്യമായി
വേവുന്ന വേനലിൽ വീടു നോക്കി
വാതിൽ തുറന്നു പുറത്തിറങ്ങി
വീടാക്കടങ്ങൾ കണക്കുകൂട്ടി
വീടും പെടോയും കടന്നിറങ്ങി

മരങ്ങളില്ലാത്ത തെരുവുകളിലൂടെ ഞാനിപ്പോഴും അലഞ്ഞു നടക്കുന്നു എന്ന് മറ്റൊരു കവിതയിൽ ജോസ് വെമ്മേലി എഴുതുന്നുണ്ട്. ആണുങ്ങൾ വീടിനെ ധിക്കരിച്ചിറങ്ങുകയും പെണ്ണുങ്ങൾ വീടിനെ വിചാരണ ചെയ്യുകയും ചെയ്ത കാലമാണ് എൺപതുകൾ. എ.പി. ഇന്ദിരാദേവി, സാവിത്രി രാജീവൻ, വിജയലക്ഷ്മി എന്നിവരുടെ കവിതകൾ ഓർക്കാം.

വീട് തൊണ്ണൂറുകളിലെ കവികൾക്കും മുഖ്യ പ്രമേയമായിരുന്നു. വീട്ടിലേക്ക് തിരിച്ചെത്തിയവരുടെ തലമുറ എന്നു വിശേഷിപ്പിച്ചാലും തെറ്റില്ല. പക്ഷേ അത് എൺപതുകളിൽ പുറപ്പെട്ടു പോകും മുമ്പുള്ള വീടാവാതിരിക്കാനുള്ള ജാഗ്രത ഇവിടെക്കാണാം. സാമൂഹ്യ അധികാര സ്ഥാപനമായി വീടിനെ തിരിച്ചറിയുന്നു പി.എൻ. ഗോപീകൃഷ്ണന്റെ 'വീട്' എന്ന കവിത. പാറ്റകളെയും കുഞ്ഞുങ്ങളേയും പ്രസവിക്കുന്ന, ആയുധങ്ങൾ സൂക്ഷിച്ചു വച്ചിരിക്കുന്ന, കേരളത്തിൽ ഏറ്റവുമധികം ശാഖകളുള്ള സ്ഥാപനം. അങ്ങനെയൊരു വീടാകാതെ, പുതിയൊരു വീട് കെട്ടിയുണ്ടാക്കുകയാണ് കവി.

കൂട്ടുകുടുംബങ്ങളുടെ തകർച്ച ഏതാണ്ടു പൂർത്തിയാവുകയും കേരളത്തിൽ വീടു വിപ്ലവം നടക്കുകയും ചെയ്ത കാലം കൂടിയാണ് തൊണ്ണൂറുകൾ. ടി.പി. രാജീവന്റെ ഒരു കവിതയിൽ ഒരു കല്ല് ഭൂമിയിൽ വന്നു വീണ് തറയായിപ്പടർന്ന് ചുമരായുയർന്ന് വീടായി മാറുന്ന ദൃശ്യമുണ്ട്. വയൽക്കരയിൽ ഇപ്പോഴില്ലാത്ത വീടിനെപ്പറ്റി അദ്ദേഹം നിരന്തരമെഴുതി. വീടു പണിക്കാർ പാടുന്നു എന്നൊരു കവിത തന്നെ എസ്.ജോസഫ് എഴുതിയിട്ടുണ്ട്. ജാതി മത വർഗ്ഗ വർണ്ണ ലിംഗ ഭേദമില്ലാതെ എല്ലാവരുടെയും വീട് കവിതയിൽ ഒരേ വികാരോഷ്മളതയോടെ നിരന്നു.

അനിത തമ്പിയുടെ മുറ്റമടിക്കുമ്പോൾ എന്ന കവിതയിലെ മുറ്റം ഈ പുതിയ വീടിന്റെ മുറ്റവുമാകാം.ആ മുറ്റത്തെ പുല്ലിലാകാം പി.പി.രാമചന്ദ്രന്റെ കവിതയിലെ ഹരിതാഭരണം വീണു മറഞ്ഞു കിടക്കുന്നത്. .മോളെ പുല്ലേയെന്നു വാത്സല്യത്തോടെ വിളിക്കാൻ ഈ പുതുമുറ്റത്തു തന്നെ നിൽക്കണം.അൻവർ അലി ഫ്ലാറ്റുകളെക്കുറിച്ചെഴുതുമ്പോൾ വീടെന്ന വികാരം കൂടെയുണ്ട്.

താഴ്ന്ന സ്ഥായിയിലുള്ള ഗദ്യവും സംഭാഷണ ഗദ്യവും കാവ്യഭാഷയിൽ മേൽക്കൈ നേടിയതും ഇതിനോടു ചേർത്തു വായിക്കണം. പൊതുവായതിനെ വൈയക്തികമാക്കുന്ന രീതി ശ്രദ്ധിക്കപ്പെട്ടു. വൈയക്തികത അരാഷ്ട്രീയതയല്ല എന്ന ധാരണ പതുക്കെ അംഗീകരിക്കപ്പെട്ടു.

തൊണ്ണൂറുകളിലെ ഈ സൂക്ഷ്മഗൃഹങ്ങളെ നെടുകെപ്പിളർന്നുകൊണ്ടാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ കവിത ലോകപ്പരപ്പിലേക്കു തെറിച്ചത്. സ്ഥൂലതയെ, പരപ്പിനെ ആ തലമുറ ആഘോഷിച്ചു. ലതീഷ് മോഹൻ, വിഷ്ണുപ്രസാദ് തുടങ്ങി പലരുടെയും കവിതകളിൽ ഭാഷയിലും പ്രമേയത്തിലും ഇമേജറിയിലുമുള്ള പരപ്പിന്റെ ഈ ആഘോഷമുണ്ട്. മൂന്നാമിടങ്ങൾ താണ്ടി നാലാമിടങ്ങളിലേക്ക് കവിത കുതിച്ചു. വീട്ടിലിരിക്കുന്നതിന്റെ നിശ്ചലതയെ കുതിപ്പിന്റെ വേഗം പരിഹസിച്ചു, ചോദ്യം ചെയ്തു. വീടിനെ ദൂരെ നിന്നു വിട്ടു കാണുമ്പോഴത്തെ നിർമ്മമത തീണ്ടിയ ചിരി, കെ.എം. പ്രമോദിന്റേതുപോലെ, പല കവിതകളും സൂക്ഷിച്ചു. പരപ്പിന്റേയും കുതിപ്പിന്റേയും പശ്ചാത്തലത്തിൽ ഒച്ചിന്റെ വീടു തേടാനും വീട്ടകമൗനങ്ങളെ ധ്യാനാത്മകതയോടെ തിളക്കാനും എം.പി. പ്രതീഷിന്റെ കവിതയിലെന്നപോലെ, അവർ മറന്നില്ല. പ്രാചീനമായ ഗ്രാമീണതയിലേക്കും ദ്രാവിഡത്തനിമയിലേക്കും അമ്മു ദീപയെപ്പോലൊരു കവി പായുന്നത് തനതായൊരു വീടു തേടിത്തന്നെയാണ്. അതൊരു മണ്ണു വീട്. മേലേ മാനത്തെ മണ്ണുകൊണ്ടുള്ള ഒരു സൂര്യൻ അതിനെ പ്രകാശിപ്പിക്കുന്നു. ദൂരംകൊണ്ടും വേഗതകൊണ്ടുമാണ് ഈ തലമുറ വീടിനെ വായിച്ചത്.

വീടിനെ ഒരു സംസ്കാരസ്ഥലി എന്ന നിലയിൽ തിരിച്ചു പിടിക്കാനുള്ള ശ്രമമുണ്ട്, 2010 ഓടെ മുന്നോട്ടു വന്ന ഏറ്റവും പുതിയ തലമുറയിലെ കവികൾക്ക്. വീട് അവിടെയുണ്ടായിരിക്കേണ്ടത് ആ നിലക്ക് അവർക്കു പ്രധാനമാണ്. എന്നാൽ അവർ അതിൽ കെട്ടിയിടപ്പെട്ടവരല്ല. വീടിന്റെ അധികാരഘോഷണങ്ങളെ ഒരു മൂളിപ്പാട്ടും പാടി ഉദാസീനമായി കടന്നുപോകാൻ അവർക്കു കഴിയും. അതുകൊണ്ടുതന്നെ, നെടുകെപ്പിളർക്കേണ്ടതോ പരിഹസിക്കേണ്ടതോ ഇട്ടെറിഞ്ഞു പോകേണ്ടതോ അല്ല അവർക്കു വീട്.കാറ്റിന്റെ സ്വാഭാവികതയോടെ അവർ അകത്തും പുറത്തും പെരുമാറുന്നു. സി.പി.രമേഷിന്റെയും കാർത്തിക്. കെയുടെയും കവിതകളിലേതുപോലെ കുട്ടിത്തത്തോടെ അവർ ലോകത്തിലേക്കിറങ്ങുന്നു. ആദിൽ മഠത്തിലിന്റെ കവിതയിലെപ്പോലെ തന്നിലെ കുഞ്ഞിനെ വീട്ടിലും നാട്ടിലും നിന്നു കണ്ടെടുക്കുന്നു. രേഷ്മ സിയുടെ കവിതകളിലെപ്പോലെ തിരിച്ച് നാടോടിത്തത്തോടെ വീട്ടിലേക്കും പാഞ്ഞു വരുന്നു. വിരിച്ചിട്ട ഒരു സാംസ്കാരിക ഭൂപടത്തിന്റെ ഭാഗമാണ് അവർക്കു വീട്. ഡി. അനിൽ കുമാറിന്റെ കവിതയിലെ നെയ്തൽ തിണയും ആദിൽ മഠത്തിലിന്റെ ഏറനാടൻ പരിസരവും അശോകന്റെ കവിതയിലെ ആദിമഗോത്രസംസ്കൃതിയും പോലെ. മുഖ്യധാരാ സങ്കല്പങ്ങൾക്കു പുറത്ത് വീടിനെക്കുറിച്ചുള്ള ബദൽ സങ്കല്പനങ്ങൾ പച്ചവീടുകളായി മുന്നോട്ടുവക്കാനും ഇവർ ശ്രമിക്കുന്നു.

5

ഇടശ്ശേരിയുടെ പുരപ്പണി എന്ന കവിത കവിതാരചനാകർമ്മത്തെ വീടുനിർമ്മാണമായിക്കാണുന്നു. ഒരു പക്ഷേ ഒരിക്കലും പൂർണ്ണതയിലെത്താത്ത ഒരു പുരപ്പണി. ഹിമഗിരി പോലെ, മഹാംബുധി പോലെ മഹാനഭസ്സുപോലൊരില്ലമാണ് കവിയുടെ സ്വപ്നം. എന്നാൽ, വൈദ്യുത വിളക്കുകൾ തൂക്കി പൂമുഖം പ്രകാശിപ്പിക്കുമ്പോഴേക്കും അറപ്പുരയുടെ ഇരുണ്ട മൂലകളിൽ നിന്നും നരിച്ചീറിന്റെ ഗന്ധം വമിക്കാൻ തുടങ്ങും. പല നൂറ്റാണ്ടിന്റെയും പല സംസ്കാരങ്ങളുടെയും രുചിഭേദങ്ങളും പ്രയോഗരീതികളും കൂടിച്ചേർന്ന് കലർപ്പിന്റെ കലവറയായിത്തീർന്നിരിക്കുന്നു ഈ വീട്. വീടിനെയും കവിതയെയും സംബന്ധിച്ച സകല ശുദ്ധിവാദങ്ങളെയും തകർത്തു കൊണ്ട് കലർപ്പാണ് വീട്, കലർപ്പാണ് കവിത എന്നു ധീരമായി പ്രഖ്യാപിക്കുന്നു ഇടശ്ശേരി. കലർപ്പാണെങ്കിലും തന്റെ വീടും തന്റെ കവിതയും മറ്റൊന്നിന്റെ പകർപ്പല്ല എന്നദ്ദേഹം അഭിമാനിക്കുകയും ചെയ്യുന്നു.

നമ്മുടെ ഇടശ്ശേരി കവിതയെ വീടായി സങ്കല്പിക്കുന്നെങ്കിൽ  ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്ത അർമേനിയൻ കവി മൗഷേഖ് ഇഷ്ഖാൻ(1913 - 1990)മാതൃഭാഷയെത്തന്നെ  വീടായിക്കാണുന്നു, 'അർമേനിയൻ ഭാഷ എല്ലാ അർമേനിയക്കാരുടേയും വീട്' എന്ന കവിതയിൽ. പോളിഷ് കവി സെസ്ലാ മിലോഷ് എഡിറ്റു ചെയ്ത 'എ ബുക്ക് ഓഫ് ലൂമിനസ് തിങ്സ്' എന്ന സമാഹാരത്തിലാണ് ഞാനതു വായിച്ചത്.ഇരുപതാം നൂറ്റാണ്ടിൽ വംശീയ ഉന്മൂലനത്തിന് ആദ്യം ഇരയായ ജനതയാണ് അർമേനിയക്കാർ എന്ന് ഈ കവിത അവതരിപ്പിച്ചു കൊണ്ട് മിലോഷ് പറയുന്നുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ അവർ അഭയാർത്ഥികളായി ലോകമെങ്ങുമലഞ്ഞു. ഈ അലച്ചിലിന്റെ പശ്ചാത്തലത്തിലാണ് അർമേനിയൻ ഭാഷയെത്തന്നെ വീടില്ലാത്തവരുടെ വീടായിക്കാണുന്ന ഈ കവിത വായിക്കേണ്ടത് എന്ന് മിലോഷ് ഓർമ്മിപ്പിക്കുന്നു.

അലഞ്ഞു തിരിയുന്നോർക്കു
വീടാ,യഭയമായിതാ
അർമേനിയൻ ഭാഷ നില്പൂ
സ്നേഹമായഭിമാനമായ്.

വെളിമ്പുറത്തു കഴുത -
പ്പുലിയെ, ച്ചീറുന്ന കാറ്റിനെ
പൂട്ടിയിട്ടാർക്കുമോടിച്ചെ-
ന്നേറാമീ വീട്ടിനുൾവശം.

തച്ചന്മാരെത്ര നൂറ്റാണ്ടു
പാടുപെട്ടു പണിഞ്ഞതാ-
ണിത്ര പൊക്കത്തിലീ വീടിൻ
മോന്തായം തീർത്തു വെയ്ക്കുവാൻ

അലമാര നിറച്ചീടാൻ
അടുപ്പുകളെരിയ്ക്കുവാൻ
വിളക്കുകൾ കൊളുത്തീടാൻ
രാവും പകലുമൊക്കെയും
എത്ര കർഷകരദ്ധ്വാനി-
ച്ചുയർത്തിയൊരു വീടിത്,
എന്നും പഴയ, തെന്നെന്നും
പുതുക്കിപ്പണിയുന്നത്.

നൂറ്റാണ്ടു പലതായ് പാത -
വക്കിൽ നിൽക്കുകയാണിത്.
അലഞ്ഞെത്തിടുമർമേനി -
യക്കാർക്കായിത്തുറന്നത്.

ഭൂതഭാവികൾ തൻ കാട്ടിൽ
വഴി തെറ്റിയലഞ്ഞിടും
അർമേനിയക്കാർക്കു വേണ്ടി -
യെന്നും കാക്കുന്ന വീടിത്

സാഹചര്യം മറ്റൊന്നാണെങ്കിൽപോലും എല്ലാ മലയാളികളെയും സ്വാഗതം ചെയ്തു നിൽക്കുന്ന വീടാണ് നമ്മുടെ മലയാളം. വീടിന്റെ വിളി അത്രയേറെയാഴത്തിൽ മുഴങ്ങുന്നുണ്ട് മലയാളത്തിലെ മാറിമാറി വന്ന തലമുറകളുടെയൊക്കെയും കാവ്യാവിഷ്ക്കാരങ്ങളിൽ.