മലയാള കവിത: വീടിന്റെ വിളി കേൾക്കുന്ന കാത്
പി.രാമൻ
1.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ കേരളത്തിൽ നിന്ന് തൊഴിൽ തേടി ആസാമിലേക്കു പോയവർ തീവണ്ടിയിൽ തിരിച്ചു വരുന്ന രംഗം വൈലോപ്പിള്ളി ആസാം പണിക്കാർ എന്ന കവിതയിൽ വിവരിക്കുന്നുണ്ട്. വണ്ടി വാളയാർ കടന്നപ്പോൾ അവരെ പ്രലോഭിപ്പിച്ച കാഴ്ച്ചകളിലൊന്ന് പുരയിടത്തിലെ പച്ചപ്പിനിടയിലൂടെ കാണുന്ന വീടാണ്. "പുഞ്ചിരി പൊഴിക്കും വീടുകൾ" എന്ന് കവി.വീട് എന്നും നമ്മളെ പിൻ വിളി വിളിക്കുന്നു. നഷ്ടപ്പെട്ടു പോയ നല്ല കാര്യങ്ങളിൽ മനസ്സ് ബദ്ധമായിരിക്കുന്നതിനെക്കുറിക്കാൻ മലയാളത്തിൽ പ്രചാരത്തിലുള്ള വാക്ക് ഗൃഹാതുരത്വം എന്നതാണ്. സന്ധ്യയാവുമ്പോൾ ഏതൊരാളുടെയുള്ളിലും വീടിന്റെ നേർക്കു വിചാരം നീളും. (വീടിന്റെ നേർക്കു വിചാരം നീളുക എന്നത് പുലാക്കാട്ടു രവീന്ദ്രന്റെ ഒരു കവിതയിലെ പ്രയോഗമാണ്) വീണ്ടും വീണ്ടും തിരിച്ചെത്താനുള്ള ഇടമാണ് വീട് എന്ന് പ്രശസ്ത നിരൂപകൻ കെ.സി. നാരായണൻ പറയാറുണ്ട്.
വീട് സാമൂഹ്യ സാംസ്കാരിക അവസ്ഥകളുടെ ചിഹ്നമാണ് ഏതുകാലത്തും. വീട് എന്ന വാക്ക് ഇന്ന് പൊതുവായി ഉപയോഗിക്കുന്നെങ്കിലും പഴയ കാലത്ത് ചില പ്രത്യേക ജാതിക്കാരുടെ പാർപ്പിടത്തിനേ ആ വാക്കു പറഞ്ഞിരുന്നുള്ളൂ.ജാതിയും സാമൂഹ്യശ്രേണിയിലെ സ്ഥാനവുമാണ് വീടിന്റെ രൂപഘടന നിർണ്ണയിച്ചിരുന്നത്. ജാതിഭേദവും സമൂഹ്യശ്രേണിയിലെ സ്ഥാനഭേദവുമനുസരിച്ച് പാർപ്പിടത്തിന് വീട്, എടം, ഭവനം, പിഷാരം, പുര, കുടി, ചാള, മന, മഠം, മാടം, വാരിയം, പുഷ്പകം, പാടി, ചേരി, മാരാത്ത്, ഇല്ലം, കോവിലകം, കൊട്ടാരം എന്നിങ്ങനെ ഒട്ടേറെ വാക്കുകളുണ്ടായിരുന്നു. അത്തരം വാക്കുകൾ ഇന്ന് മിക്കവാറും ഉപയോഗത്തിലില്ലാതായിക്കഴിഞ്ഞു. എല്ലാ മലയാളികളുടെയും പാർപ്പിടത്തെ കുറിക്കാൻ വീട് എന്ന വാക്കിന് ഇന്നു കഴിയുന്നുണ്ട്.ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ചങ്ങമ്പുഴയുടെ വാഴക്കുലയിലെ മലയപ്പുലയന്റേത് മാടമായിരുന്നു. സാമൂഹ്യ സാമ്പത്തികാവസ്ഥകളിലുണ്ടായ പുരോഗതി കേരളത്തിലെ വീടുകളുടെ ഘടനയിലും ക്രമേണ മാറ്റമുണ്ടാക്കി.
ഓടിട്ട കെട്ടിടങ്ങൾ സാമൂഹ്യ അധികാരത്തിന്റെ കൂടി അടയാളമായിരുന്നു പണ്ട്. "ചില പ്രത്യേക കെട്ടിടങ്ങൾക്കു മാത്രമേ മേൽക്കൂരകൾ ഓടുമേയാനുള്ള അനുവാദമുണ്ടായിരുന്നുള്ളൂ"(മൺസൂൺ ഇസ്ലാം - സെബാസ്റ്റ്യൻ ആർ. പ്രാംഗെ, പരിഭാഷ തോമസ് പി.ടി. കാർത്തികപുരം, 2021) പതിനഞ്ചാം നൂറ്റാണ്ടൊടുവിൽ സാമൂതിരി കൊച്ചിത്തുറ മുഖത്തിന്റെ പരമാധികാരം പിടിച്ചെടുത്തപ്പോൾ കൊച്ചി രാജാക്കന്മാർക്ക് കൊട്ടാരങ്ങൾ ഓടുമേയാനുള്ള അവകാശം എടുത്തുകളയുകയുണ്ടായെന്ന് അക്കാലത്ത് കൊച്ചിയിലുണ്ടായിരുന്ന പോർച്ചുഗീസ് സഞ്ചാരി ബാർബോസ രേഖപ്പെടുത്തിയിട്ടുണ്ട്. "കൊച്ചി മഹാരാജാവിന്റെ കോവിലകം ഓടു മേയാൻ സാമൂതിരി ഓരോരോ തടസ്സങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു - ഇതാണ് ഗതി, ഗതികേടും" (പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം - പി.ഭാസ്കരനുണ്ണി ) ക്ഷേത്രത്തിനോ പള്ളിക്കോ പ്രത്യേക അനുമതിയോടെ ഏതെങ്കിലും വലിയ കൈമളിനോ മാത്രമേ മലബാറിൽ കെട്ടിടം ഓടുമേയാൻ അനുവാദമുണ്ടായിരുന്നുള്ളൂവെന്ന് 16 -ാം നൂറ്റാണ്ടിലെ സഞ്ചാരി ടോം പിരസ് പറയുന്നു. സാമൂഹ്യാവസ്ഥയിൽ മാറ്റമുണ്ടായതോടെ ഇരുപതാം നൂറ്റാണ്ടിൽ ഓടു മേഞ്ഞ വീടുകളുടെ എണ്ണം വർദ്ധിച്ചു. പിന്നെ കോൺക്രീറ്റായി. കൂറ്റൻ മാളികകളായി. കൂട്ടുകുടുംബങ്ങൾ പിരിഞ്ഞ് ഒറ്റയൊറ്റ വീടുകളായി. പഴയ ഇല്ലം പൊളിച്ചു വിറ്റ് പുതിയ ഓട്ടോറിക്ഷ വാങ്ങുകയും പുതിയ വീടു വെക്കുകയും ചെയ്യുന്നുണ്ട് ആറ്റൂർ രവിവർമ്മയുടെ ഓട്ടോവിൻ പാട്ടിലെ കുഞ്ഞിക്കുട്ടൻ. ചെറുപ്പക്കാർ നാടുവിട്ടു പോയ വീട്ടിൽ ഒടുവിൽ വാർദ്ധക്യം തനിച്ചായി. ഉപജീവനത്തിനായി വിദേശങ്ങളിൽ പോയി മടങ്ങിവരുന്നവരെയും കാത്ത് വീടുകൾ നിലകൊണ്ടു. ഫ്ലാറ്റുകൾ കേരളത്തിലും വ്യാപകമായെങ്കിലും വീടെന്ന വികാരം ചൂഴ്ന്നവ തന്നെയാണ് ഇവിടെയവ.
പുരയിടത്തിനു നടുക്കാണ് പൊതുവേ കേരളത്തിലെ വീടുകൾ. ഇടശ്ശേരി കുറ്റിപ്പുറം പാലത്തിൽ എഴുതിയതു പോലെ "ഫലഭാരനമ്രതരുക്കൾ ചൂഴും നിലയങ്ങൾ വായ്ക്കു" ന്നവയാണ് ആ തോട്ടങ്ങൾ അഥവാ പുരയിടങ്ങൾ. ആ പുരയിട സംസ്കാരം ഇന്നും മലയാളി പുലർത്തുന്നുണ്ട് - ഇത്തിരി സ്ഥലമേ ഉള്ളൂവെങ്കിൽ പോലും. ജാതി തിരിച്ച് കോളനികളായി താമസിക്കുന്ന രീതി മറ്റു പല സംസ്ഥാനങ്ങളിലും ഉള്ള പോലെയല്ലെങ്കിലും കേരളത്തിലും ഉണ്ടായിരുന്നു. ഇപ്പോഴും പൂർണ്ണമായും ഇല്ലാതായിട്ടുമില്ല. 1972-ൽ നടപ്പാക്കിയ ലക്ഷം വീടു പദ്ധതിയിൽ കോളനികളിൽ പുനരധിവസിപ്പിക്കപ്പെട്ടവരിൽ കൂടുതൽ പേരും ജന്മിമാരുടെയും കുടിയാന്മാരുടെയും കൃഷിഭൂമികളിൽ പണിയെടുത്തുപോന്ന കർഷകത്തൊഴിലാളികളായിരുന്നു. ഭൂരഹിതരെ പുനരധിവസിപ്പിച്ചതിന്റെ മാത്രമല്ല, ഭൂപരിഷ്കരണനിയമത്തിലെ അപാകതകളുടെയും അനീതികളുടെയും കൂടി സാക്ഷ്യമായി ആ കോളനികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
വസ്തുതാപരമായ വലിയ അപൂർണ്ണത തീർച്ചയായും ഈ സംഗ്രഹണത്തിലുണ്ടാകാം. എന്നിരിക്കിലും കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലത്തിൽ എത്രമാത്രം പ്രാധാന്യമുണ്ട് വീടെന്ന പരികല്പനക്ക് എന്നു വ്യക്തമാക്കാനാണ് മുകളിൽ ശ്രമിച്ചത്. ഈ പശ്ചാത്തലത്തിൽ വീട് എന്ന പരികല്പന മുൻ നിർത്തി ചില കവിതാ വിചാരങ്ങൾക്കാണ് ഇവിടെ തുനിയുന്നത്. മുൻപറഞ്ഞ അപൂർണ്ണത ഇവിടെയുമുണ്ടാകാമെങ്കിലും.
2
കർഷകഗ്രാമത്തിലെ വീടുകളുടെ ഭൗതികചിത്രത്തിനൊപ്പം വീടകത്തിന്റെ കരുതലും വാത്സല്യവും കൂടി കവിതയിൽ പകർന്നുവെച്ചിട്ടുണ്ട് പതിനഞ്ചാം നൂറ്റാണ്ടിലെ കൃഷ്ണഗാഥയിൽ ചെറുശ്ശേരി. മഥുരയിൽ കംസൻ നടത്തുന്ന ചാപ പൂജക്ക് കൃഷ്ണനെ കൊണ്ടുപോകാനായി വന്ന അക്രൂരന്റെ കാഴ്ച്ചയിലൂടെ അമ്പാടിയിലെ വീടുകൾ ഇങ്ങനെ തെളിയുന്നു:
പിന്നെയെഴുന്നേറ്റു ധന്യമായുള്ളൊരു
നന്ദന്റെ മന്ദിരം തന്നെക്കണ്ടാൻ
കാലികറന്നുള്ളൊരൊച്ചയുണ്ടെങ്ങുമേ
ബാലന്മാർ കോലുന്ന ലീലകളും
ഒന്നിനോടൊന്നു കലർന്നു കളിക്കുന്ന
കന്നും കിടാങ്ങളുമുണ്ടെങ്ങുമേ
കാളകൾ തങ്ങളിൽ കുത്തിക്കുതിർന്നിട്ടു
ധൂളിയെഴുന്നുമുണ്ടോരോ ദിക്കിൽ
ധേനുക്കളെച്ചെന്നു ചാലക്കറപ്പാനായ്
ചേണുറ്റ പാൽക്കുഴ ചേർത്തു കയ്യിൽ
ചാലേ മുറുക്കിന കാഞ്ചിയുമാണ്ടുള്ള
നീലവിലോചനമാരുണ്ടെങ്ങും.
തൊട്ടു മുമ്പുള്ള ഉണ്ണുനീലീസന്ദേശാദി മണിപ്രവാള കൃതികളിൽ കാണുന്ന വിസ്തരിച്ചുള്ള ഗൃഹവർണ്ണനയുടെ രീതിയല്ല ഇവിടെ. അവിടെ വീട് ഒരു ഭൗതികവസ്തു മാത്രമെങ്കിൽ ഇവിടെ അതൊരു വികാരാനുഭവമായി മാറുന്നു. അക്രൂരനോടൊപ്പം കൃഷ്ണൻ പോയ ശേഷം ഗോപികമാർ അവന്റെ വീട്ടിൽ ചെന്ന് അവന്റെ കിടക്കയിൽ തലോടുകയും മുറ്റത്തേക്കു നോക്കി വിഷാദത്തോടെ നിൽക്കുകയും ചെയ്യുന്നു. കാളിയമർദ്ദന സന്ദർഭത്തിൽ സന്ധ്യയായിട്ടും മക്കൾ തിരിച്ചു വരുന്നതു കാണാതെ പരിഭ്രമിക്കുന്ന അച്ഛനമ്മമാരുടെ ഉൽക്കണ്ഠാകുലമായ ചിത്രമുണ്ട് :
എന്മകനെന്തു പോൽ വാരാഞ്ഞു തോഴീ, ചൊൽ
ഇന്നലെയിന്നേരം വന്നാനല്ലോ
കാലികൾ കാണാഞ്ഞു കാട്ടിൽ നടക്കുമ്പോൾ
കാൽ തന്നിൽ മുള്ളു തറച്ചില്ലല്ലീ
കായ്കളെക്കൊള്ളുവാൻ പാഴ്മരമേറീട്ടു
കാനനം തന്നിലേ വീണാനോ താൻ.
ഉൽക്കണ്ഠാകുലമായ ഈ വരികളിൽ തുടങ്ങുന്നു മലയാളത്തിലെ വീടെന്ന പിൻവിളി. എന്നാൽ 18ാം നൂറ്റാണ്ടിൽ കുഞ്ചൻ നമ്പ്യാരുടെ കവിതയിലെത്തുമ്പോൾ ആ പിൻവിളിക്ക് മറ്റൊരു മാനം കിട്ടുന്നു.ഭീരുത്വത്തിന് ഒളിച്ചിരിക്കാനും ശൂരത കാട്ടാനുമുള്ള ഇടമായി വീട് പലപ്പോഴും മാറുന്നു. പടയെന്നു കേട്ടാൽ "വെക്കം വീട്ടിലടുക്കള തന്നിൽ
പുക്കൊരു വമ്പൻ കതകുമടച്ചു
കഴല പനിച്ചു കിടക്കുന്ന" ആണുങ്ങൾ ധാരാളം. (സ്യമന്തകം) വീട്ടിലശേഷം മുടിയന്മാരാണ് അവർ (കിരാതം) പെണ്ണുങ്ങളുടെ കാഴ്ച്ചപ്പാടിൽ വീടിനെ കാണുന്ന പല സന്ദർഭങ്ങൾ തുള്ളൽ കൃതികളിലുണ്ട്. ഘോഷയാത്രയിൽ ഒരച്ചിയുടെ വർത്തമാനം ഇങ്ങനെ:
ഇതു കേട്ടാലും കൊച്ചനിയത്തീ,
അതിയായിട്ടൊരു വീടു പുലർത്താൻ
മതിയായിട്ടൊരു നായരെ നിർത്താൻ
അമ്മക്കാഗ്രഹമുണ്ടായപ്പോൾ
അമ്മാവിക്കതു സമ്മതമല്ലാ,
അമ്മാവന്റെ മനസ്സു മറിപ്പാൻ
അമ്മാപാപിക്കെത്ര വിശേഷം
വല്ലാതൊരു ഭോഷച്ചാർ നമ്മെ
ഇല്ലത്തേക്കും കൊണ്ടു തിരിച്ചാൻ
നെല്ലു കൊടുത്തു കറുപ്പും തിന്നൊരു
കല്ലു കണക്കേ കുത്തിയിരിക്കും.
കണ്ണു തുറക്കെന്നുള്ളതുമില്ലി -
പ്പൊണ്ണച്ചാർക്കൊരു ബോധവുമില്ല.
..................
ഒരു സുഖമെന്നതു ഞാനറിയുന്നി-
ല്ലൊരു കൂറ്റാരുമെനിക്കില്ലിപ്പോൾ.
നിസ്സാര കാര്യങ്ങൾക്കു കലമ്പുന്ന, ചട്ടിയും കലവുമെറിഞ്ഞുടയ്ക്കുന്ന ആണുങ്ങളെക്കൊണ്ട് പെണ്ണുങ്ങൾ പൊറുതിമുട്ടുന്ന ഇടമാണ് നമ്പ്യാർക്കവിതയിലെ വീട്. എന്നാൽ വിട്ടു പോകാൻ വയ്യാത്ത അടുപ്പം ആ കാവ്യലോകത്തിലെ മനുഷ്യർക്ക് വീടിനോടുണ്ടെന്ന് അവരുടെ സംഭാഷണത്തിലുടനീളം കാണുന്ന വീട്ടുപരാമർശങ്ങളുടെ വൈപുല്യം കാണിക്കുന്നു.
നല്ല വീട് എന്ന ദരിദ്രന്റെ സ്വപ്നം കൂടിയുണ്ട് കുചേലവൃത്തം വഞ്ചിപ്പാട്ടിൽ. നളചരിതം അട്ടക്കഥയിലെ കാട്ടാളന്റെ ചോർച്ചയില്ലാതെ കെട്ടി ചുമരും വെച്ച ആ വീട് ലാളിത്യം കൊണ്ട് നമ്മുടെ ഉള്ളു തൊടുന്നുണ്ട്. അയാളോട് ദമയന്തി പ്രവർത്തിച്ചത് നമ്മുടെ ഉള്ളു ചുടുന്നുമുണ്ട്. വനസുഖമനുഭവിച്ചു കൊണ്ടുള്ള വീട് എന്ന സാധ്യതയെക്കൂടിയാണ് കൊട്ടാരം വിട്ടിറങ്ങേണ്ടിവന്ന റാണി ചുട്ടെരിക്കുന്നത്.
മേലാളന്റെയും കീഴാളന്റെയും വീടുകളുടെ അന്തരം നാടൻപാട്ടുകളിൽ കാണാം. പൂമാതൈ പൊന്നമ്മയുടെ കഥ പറയുന്ന വടക്കൻപാട്ടിൽ പൂലുവപ്പെണ്ണായ പൂമാതയി പുഞ്ചക്കണ്ടത്തിലെ മാടത്തിലാണ് കഴിയുന്നത്.
പുഞ്ച നടക്കലെ മാടത്തില്
പൂലുവപ്പെണ്ണ് പൂമാതയിയോ
ആണും തൂണുല്ലാത്ത മാടത്തിന്ന്
വരിനെല്ലുരിയരി കഞ്ഞി വെച്ചു
കണ്ണിപ്പരലുമായൊറ്റിക്കൊഞ്ചൻ
കൂടിക്കറിവെച്ച് കഞ്ഞി വെച്ച്
അത്തായം ചോറ് കയിക്കുന്നോള്
മുണ്ടോലപ്പായില് മുറിയണ വെച്ച്
കാക്ക വിളക്കിൽ തിരിയുമിട്ട്
അവിടെ കിടന്നിട്ടോ പൂമാതൈയോ
പൂതത്താൻ പാട്ടുകൾ പാടുന്നുണ്ട്.
നാടുവാഴിക്കു വിധേയയാകാത്തതിന്റെ പേരിൽ ചെയ്യാത്ത കുറ്റം ചുമത്തി പൂമാതൈയെ മാടപ്പറമ്പത്തെ മാവിൽ ചങ്ങലക്കിട്ട് വിചാരണ ചെയ്യുമ്പോൾ പുഞ്ചക്കണ്ടത്തെയും തന്റെ മാടത്തെയും കൂടി പിടിച്ച് ആണയിട്ടാണ് നിരപരാധിത്വം വെളിപ്പെടുത്തുന്നത്. അതൊന്നും മേലാളർ കേട്ടില്ല. മാടത്തേയും പൂമാതൈയേയും അവർ ചുട്ടെരിച്ചു. ഇതിനെല്ലാം നേതൃത്വം നൽകിയ മേലാളന്റെ വീട് ഇതാ:
കടലുംകര നാടുവാണ നാടു വായിച്ച
നേരമൊട്ടന്തി മോന്തി രാച്ചെന്നേരെ
പൂമണിമാളിക പൊൻ മാളിക
ഏഴു തട്ടും വെഞ്ചാമര പൊന്മാളിക
മാളിക മുകളിലിരുന്നുകൊണ്ട്
ആവണിപ്പല വെച്ചും ദീപം വെച്ചും
ചങ്ങലവട്ടയിൽ തിരിയുമിട്ട്
അമൃതേത്താലത്തായം കൊള്ളുന്നോറ്
വീടുകൾക്കു തമ്മിലുള്ള ഈ അന്തരം ഇരുപതാം നൂറ്റാണ്ടിലുടനീളം തുടരുകയും ഇരുപത്തൊന്നാം നൂറ്റാണ്ടിലും നിലനിൽക്കുകയും ചെയ്യുന്നുണ്ട്. സമകാല കവികളിൽ ശ്രദ്ധേയനായ സുനിൽകുമാർ എം.എസ്സിന്റെ പേടിപ്പനി എന്ന സമാഹാരത്തിലെ(2009) നക്ഷത്രബംഗ്ലാവ് എന്ന കവിത നോക്കൂ:
മൂന്നു നിലകളിലായി
ശീതീകരിച്ചതുമല്ലാത്തതുമായ
മുറികളും
അവക്കെല്ലാം തന്നെ
കൊത്തു പണികളുള്ള വാതിലുകളും
അനേകം ചില്ലു ജാലകങ്ങളും
മുഖം കാണാവുന്ന
കണ്ണാടി പോലുള്ള തറയും
മുറ്റത്തൊരു നീന്തൽക്കുളവും
അതിനുചുറ്റും മനോഹരമായൊരുദ്യാനവും
പിന്നെയങ്ങിനെയങ്ങിനെ ....
ഇവയൊന്നുമെന്റെ വീടിനെക്കുറിച്ചല്ല
പറഞ്ഞതെങ്കിലും
മഴക്കാറില്ലാത്ത രാത്രികളിൽ
എന്റെ വീടിനകത്തു കിടന്നാൽ
ചന്ദ്രനക്ഷത്രങ്ങളെ ദർശിക്കാമെന്നതുകൊണ്ട്
ഞാനെന്റെ വീട്ടിന്ന്
നക്ഷത്രബംഗ്ലാവ്
എന്നു പേരിട്ടു.
മേൽക്കൂരയിൽ തുള വീണ തന്റെ വീടിനേയും നക്ഷത്രബംഗ്ലാവ് എന്നു വിളിക്കുകയാണ് ഇവിടെ ആഖ്യാതാവ്. ആ വിരുദ്ധോക്തിയുടെ മിന്നൽ വെളിച്ചത്തിൽ മേലാളനും കീഴാളനും തമ്മിലുള്ള അന്തരം വീടുകളുടെ രൂപത്തിൽ കവിതയിൽ ചിത്രിതമാവുന്നു.
3
വീടും പുരയിടവും അവിടത്തെ ജൈവ വൈവിധ്യവും വള്ളത്തോളിനു പ്രധാനമാണ്. വീടു വിട്ടിറങ്ങുന്ന മനുഷ്യരിലാണ് ആശാന്റെ കണ്ണു ചെല്ലുന്നത്. ആശാന്റെ നായികമാർ മാത്രമല്ല നായകന്മാരും വീടുവിട്ടിറങ്ങിയവർ തന്നെ. വീടു വിട്ട് എത്താവുന്നത്രയും ദൂരം അവരെത്തുന്നുമുണ്ട്. വീട്ടിലേക്കൊരു പിൻമടക്കം അവർക്കില്ല എന്നതും എടുത്തു പറയണം. വേണമെങ്കിൽ പരമ്പരാഗതമല്ലാത്ത പുതിയൊരു വീട് ഉണ്ടാക്കാം, ദുരവസ്ഥയിലേതുപോലെ, എന്നു മാത്രം. വീട്ടിൽ നിന്നു പിണങ്ങിയിറങ്ങിപ്പോയ കുട്ടിയുടെ വീടോർമ്മയും അലച്ചിലുമാണ് പി.കുഞ്ഞിരാമൻ നായർക്കവിതയിലുടനീളം. അവന്റെയുള്ളിൽ, "മൂടി മാറാലയിൽ, ചാടി കയങ്ങളിൽ വീടിനെത്തേടിയൊരോർമ്മകൾ കൂടിയും". എത്ര പ്രകാശവത്താക്കാൻ ശ്രമിച്ചാലും ശീതസമരങ്ങളാൽ പിന്നെയും കെട്ടാറുന്ന ഒരു വീടുണ്ട്, പ്രിയങ്ങളോടും അപ്രിയങ്ങളോടും കൂടി, വൈലോപ്പിളിക്കവിതയിൽ. അടുക്കളപ്പുക കൊടിയടയാളമായി നിൽക്കുന്ന ഒരു വീടായി കാണപ്പെടുന്നെങ്കിലും കുഴിച്ചുകുഴിച്ച് അനിഷ്ടസ്മ്യതികളുടെ അഴുക്കു പരതിച്ചെന്നു നരകത്തിലെത്തുന്ന അന്തേവാസികൾ തമ്മിലെ സംഗരങ്ങളുടെ മൂകശൈത്യം കൊള്ളി വാക്കുകളാൽ തിളങ്ങുന്ന വീടുമാണത്. "നാടായ നാടൊക്കെക്കണ്ടുവെന്നാകിലും
വീടാണു ലോകം വലിയ ലോകം" എന്നെഴുതുന്നു ഒളപ്പമണ്ണ കാഫലം എന്ന കവിതയിൽ. വിട്ടു പോകേണ്ട ഇടമായും തിരിച്ചെത്തേണ്ട ഇടമായും വീട് ഇരുപതാം നൂറ്റാണ്ടിലെ കവിതകളിൽ മാറി മാറി വരുന്നു. ഈ വിട്ടുപോക്കും തിരിച്ചുവരവും ചേർത്തിണക്കുന്ന കവിതയാണ് ഒ.എൻ.വി.യുടെ 'വീടുകൾ'. സുഗതകുമാരിയുടെ പിശാചവീഥി എന്നൊരു കവിതയുണ്ട്. മരിച്ചുപോയൊരു മനുഷ്യന്റെ വീടിനോടുള്ള ആബദ്ധത ശക്തമായി ആവിഷ്കരിക്കുന്ന കവിതയാണ്. ഗതി കിട്ടാതെ,വീടു വീടെന്നു ജപിച്ച് പിശാചവീഥിയിലൂടെ വീടിനെ വലം വയ്ക്കുന്ന മനുഷ്യാത്മാവു തന്നെ ആ കവിതയിൽ.
നമ്മുടെ ആധുനിക കവികൾക്ക് മിക്കപ്പോഴും വീടെന്നാൽ നാടിന്റെ ഒരു ചിഹ്നമായിത്തീരുന്നുണ്ട്. മനുഷ്യർ തമ്മിൽ തമ്മിലും പ്രകൃതിയും മനുഷ്യനും തമ്മിലുമുള്ള പാരസ്പര്യത്തിന്റെ പര്യായപദങ്ങളാണ് ഇവർക്ക് വീടും നാടും. ആ പാരസ്പര്യത്തിലേക്കുള്ള വഴിയാണ് ഡി.വിനയചന്ദ്രന്റെ 'വീട്ടിലേക്കുള്ള വഴി'. ബന്ധത്തിന്റെ ആഴമാണ് വീട് എന്നതിനാലാണ് അദ്ദേഹം "അമ്മയില്ലാത്തവർക്കേതു വീട്, ഇല്ല വീട്, എങ്ങെങ്ങുമേ വീട് " എന്നെഴുതുന്നത്. കക്കാടിന് വീട് തുരുത്ത മലയുടെ താഴ് വരയിലെ അവിടനല്ലൂർ എന്ന ദേശമാണ്. കടമ്മനിട്ടക്ക് കടമ്മനിട്ട ഗ്രാമമാണ്. അയ്യപ്പപ്പണിക്കർക്ക് കുട്ടനാടും ആറ്റൂർ രവിവർമ്മക്ക് ആറ്റൂരും ഡി.വിനയചന്ദ്രന് പടിഞ്ഞാറേ കല്ലടയുമാണ് വീട്.വീടിനോടുള്ള ഇഷ്ടവും ഇഷ്ടക്കേടും ഇവർക്ക് നാടിനോടുള്ള ഇഷ്ടവും ഇഷ്ടക്കേടുമാണ്. അതിൽ നിന്നു വ്യത്യസ്തമായി, മാറി മാറിത്താമസിച്ച ഓരോ വീടിനോടും ഒട്ടിനിന്ന കവിയാണ് സച്ചിദാനന്ദൻ. വീടുമാറ്റത്തെക്കുറിച്ച് പല കവിതകൾ അദ്ദേഹമെഴുതിയിട്ടുണ്ട്. നാടു മാറ്റം വീടുമാറ്റം പോലെയാണ് അദ്ദേഹം ഉൾക്കൊള്ളുന്നത്. പുല്ലൂറ്റു പോലെ ദൽഹിയും അദ്ദേഹത്തിനു വീടാണ്. വീടിന്റെ ചിഹ്നമാണ് അദ്ദേഹത്തിനു നാട്. ഇതെന്റെ വീടല്ല എന്നു തോന്നുമ്പോൾ സങ്കടത്തോടെ ഈ കവി ഒരു നാടുവിട്ടു പോരും.
4
ആധുനികാനന്തരം വന്ന 80 കളിലെ തലമുറയിൽ വീടിനെ ധിക്കരിച്ചു പോയവരുടെയും തെരുവിന്റെ അനാഥത്വത്തിലേക്ക് ഇറങ്ങിച്ചെന്നവരുടെയും ശബ്ദങ്ങൾ പ്രധാനമായി. ആ ശബ്ദങ്ങൾ ആഴത്തിൽ മുഴങ്ങുന്നത് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും എ.അയ്യപ്പന്റേയും കവിതകളിൽ തന്നെ. എങ്കിലും ആ തലമുറ പൊതുവേ അതു പങ്കിടുന്നുണ്ട്. വീടുവിട്ടിറങ്ങുന്നവരുടെ യാത്രാമൊഴികൾ കൊണ്ട് മുഖരിതമാണാ ദശകം. ഉദാഹരണത്തിന്, ജോസ് വെമ്മേലിയുടെ കുഴിയാന വരച്ച ഇന്ത്യ എന്ന സമാഹാരത്തിലെ പുറപ്പാട് എന്ന കവിതയിൽ ഇങ്ങനെയൊരു യാത്രാമൊഴി വായിക്കാം:
ദുഃഖങ്ങളെല്ലാമരിഞ്ഞു കൂട്ടി
ഉപ്പുപുരട്ടിയുണക്കി വെച്ചു
പിച്ച മാറാപ്പും ചുമലിലേറ്റി
ഒച്ച വക്കാതിന്നു ഞാനിറങ്ങി.
യാത്ര ചോദിക്കുവാനാരുമില്ല.
യാത്രികൻ ഞാനാർക്കുമാരുമല്ല
മൂക്കൊലിപ്പിക്കുവാൻ മൂപ്പു ചൊല്ലാൻ
കൂട്ടരില്ലാത്തതും ഭാഗ്യമായി
വേവുന്ന വേനലിൽ വീടു നോക്കി
വാതിൽ തുറന്നു പുറത്തിറങ്ങി
വീടാക്കടങ്ങൾ കണക്കുകൂട്ടി
വീടും പെടോയും കടന്നിറങ്ങി
മരങ്ങളില്ലാത്ത തെരുവുകളിലൂടെ ഞാനിപ്പോഴും അലഞ്ഞു നടക്കുന്നു എന്ന് മറ്റൊരു കവിതയിൽ ജോസ് വെമ്മേലി എഴുതുന്നുണ്ട്. ആണുങ്ങൾ വീടിനെ ധിക്കരിച്ചിറങ്ങുകയും പെണ്ണുങ്ങൾ വീടിനെ വിചാരണ ചെയ്യുകയും ചെയ്ത കാലമാണ് എൺപതുകൾ. എ.പി. ഇന്ദിരാദേവി, സാവിത്രി രാജീവൻ, വിജയലക്ഷ്മി എന്നിവരുടെ കവിതകൾ ഓർക്കാം.
വീട് തൊണ്ണൂറുകളിലെ കവികൾക്കും മുഖ്യ പ്രമേയമായിരുന്നു. വീട്ടിലേക്ക് തിരിച്ചെത്തിയവരുടെ തലമുറ എന്നു വിശേഷിപ്പിച്ചാലും തെറ്റില്ല. പക്ഷേ അത് എൺപതുകളിൽ പുറപ്പെട്ടു പോകും മുമ്പുള്ള വീടാവാതിരിക്കാനുള്ള ജാഗ്രത ഇവിടെക്കാണാം. സാമൂഹ്യ അധികാര സ്ഥാപനമായി വീടിനെ തിരിച്ചറിയുന്നു പി.എൻ. ഗോപീകൃഷ്ണന്റെ 'വീട്' എന്ന കവിത. പാറ്റകളെയും കുഞ്ഞുങ്ങളേയും പ്രസവിക്കുന്ന, ആയുധങ്ങൾ സൂക്ഷിച്ചു വച്ചിരിക്കുന്ന, കേരളത്തിൽ ഏറ്റവുമധികം ശാഖകളുള്ള സ്ഥാപനം. അങ്ങനെയൊരു വീടാകാതെ, പുതിയൊരു വീട് കെട്ടിയുണ്ടാക്കുകയാണ് കവി.
കൂട്ടുകുടുംബങ്ങളുടെ തകർച്ച ഏതാണ്ടു പൂർത്തിയാവുകയും കേരളത്തിൽ വീടു വിപ്ലവം നടക്കുകയും ചെയ്ത കാലം കൂടിയാണ് തൊണ്ണൂറുകൾ. ടി.പി. രാജീവന്റെ ഒരു കവിതയിൽ ഒരു കല്ല് ഭൂമിയിൽ വന്നു വീണ് തറയായിപ്പടർന്ന് ചുമരായുയർന്ന് വീടായി മാറുന്ന ദൃശ്യമുണ്ട്. വയൽക്കരയിൽ ഇപ്പോഴില്ലാത്ത വീടിനെപ്പറ്റി അദ്ദേഹം നിരന്തരമെഴുതി. വീടു പണിക്കാർ പാടുന്നു എന്നൊരു കവിത തന്നെ എസ്.ജോസഫ് എഴുതിയിട്ടുണ്ട്. ജാതി മത വർഗ്ഗ വർണ്ണ ലിംഗ ഭേദമില്ലാതെ എല്ലാവരുടെയും വീട് കവിതയിൽ ഒരേ വികാരോഷ്മളതയോടെ നിരന്നു.
അനിത തമ്പിയുടെ മുറ്റമടിക്കുമ്പോൾ എന്ന കവിതയിലെ മുറ്റം ഈ പുതിയ വീടിന്റെ മുറ്റവുമാകാം.ആ മുറ്റത്തെ പുല്ലിലാകാം പി.പി.രാമചന്ദ്രന്റെ കവിതയിലെ ഹരിതാഭരണം വീണു മറഞ്ഞു കിടക്കുന്നത്. .മോളെ പുല്ലേയെന്നു വാത്സല്യത്തോടെ വിളിക്കാൻ ഈ പുതുമുറ്റത്തു തന്നെ നിൽക്കണം.അൻവർ അലി ഫ്ലാറ്റുകളെക്കുറിച്ചെഴുതുമ്പോൾ വീടെന്ന വികാരം കൂടെയുണ്ട്.
താഴ്ന്ന സ്ഥായിയിലുള്ള ഗദ്യവും സംഭാഷണ ഗദ്യവും കാവ്യഭാഷയിൽ മേൽക്കൈ നേടിയതും ഇതിനോടു ചേർത്തു വായിക്കണം. പൊതുവായതിനെ വൈയക്തികമാക്കുന്ന രീതി ശ്രദ്ധിക്കപ്പെട്ടു. വൈയക്തികത അരാഷ്ട്രീയതയല്ല എന്ന ധാരണ പതുക്കെ അംഗീകരിക്കപ്പെട്ടു.
തൊണ്ണൂറുകളിലെ ഈ സൂക്ഷ്മഗൃഹങ്ങളെ നെടുകെപ്പിളർന്നുകൊണ്ടാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ കവിത ലോകപ്പരപ്പിലേക്കു തെറിച്ചത്. സ്ഥൂലതയെ, പരപ്പിനെ ആ തലമുറ ആഘോഷിച്ചു. ലതീഷ് മോഹൻ, വിഷ്ണുപ്രസാദ് തുടങ്ങി പലരുടെയും കവിതകളിൽ ഭാഷയിലും പ്രമേയത്തിലും ഇമേജറിയിലുമുള്ള പരപ്പിന്റെ ഈ ആഘോഷമുണ്ട്. മൂന്നാമിടങ്ങൾ താണ്ടി നാലാമിടങ്ങളിലേക്ക് കവിത കുതിച്ചു. വീട്ടിലിരിക്കുന്നതിന്റെ നിശ്ചലതയെ കുതിപ്പിന്റെ വേഗം പരിഹസിച്ചു, ചോദ്യം ചെയ്തു. വീടിനെ ദൂരെ നിന്നു വിട്ടു കാണുമ്പോഴത്തെ നിർമ്മമത തീണ്ടിയ ചിരി, കെ.എം. പ്രമോദിന്റേതുപോലെ, പല കവിതകളും സൂക്ഷിച്ചു. പരപ്പിന്റേയും കുതിപ്പിന്റേയും പശ്ചാത്തലത്തിൽ ഒച്ചിന്റെ വീടു തേടാനും വീട്ടകമൗനങ്ങളെ ധ്യാനാത്മകതയോടെ തിളക്കാനും എം.പി. പ്രതീഷിന്റെ കവിതയിലെന്നപോലെ, അവർ മറന്നില്ല. പ്രാചീനമായ ഗ്രാമീണതയിലേക്കും ദ്രാവിഡത്തനിമയിലേക്കും അമ്മു ദീപയെപ്പോലൊരു കവി പായുന്നത് തനതായൊരു വീടു തേടിത്തന്നെയാണ്. അതൊരു മണ്ണു വീട്. മേലേ മാനത്തെ മണ്ണുകൊണ്ടുള്ള ഒരു സൂര്യൻ അതിനെ പ്രകാശിപ്പിക്കുന്നു. ദൂരംകൊണ്ടും വേഗതകൊണ്ടുമാണ് ഈ തലമുറ വീടിനെ വായിച്ചത്.
വീടിനെ ഒരു സംസ്കാരസ്ഥലി എന്ന നിലയിൽ തിരിച്ചു പിടിക്കാനുള്ള ശ്രമമുണ്ട്, 2010 ഓടെ മുന്നോട്ടു വന്ന ഏറ്റവും പുതിയ തലമുറയിലെ കവികൾക്ക്. വീട് അവിടെയുണ്ടായിരിക്കേണ്ടത് ആ നിലക്ക് അവർക്കു പ്രധാനമാണ്. എന്നാൽ അവർ അതിൽ കെട്ടിയിടപ്പെട്ടവരല്ല. വീടിന്റെ അധികാരഘോഷണങ്ങളെ ഒരു മൂളിപ്പാട്ടും പാടി ഉദാസീനമായി കടന്നുപോകാൻ അവർക്കു കഴിയും. അതുകൊണ്ടുതന്നെ, നെടുകെപ്പിളർക്കേണ്ടതോ പരിഹസിക്കേണ്ടതോ ഇട്ടെറിഞ്ഞു പോകേണ്ടതോ അല്ല അവർക്കു വീട്.കാറ്റിന്റെ സ്വാഭാവികതയോടെ അവർ അകത്തും പുറത്തും പെരുമാറുന്നു. സി.പി.രമേഷിന്റെയും കാർത്തിക്. കെയുടെയും കവിതകളിലേതുപോലെ കുട്ടിത്തത്തോടെ അവർ ലോകത്തിലേക്കിറങ്ങുന്നു. ആദിൽ മഠത്തിലിന്റെ കവിതയിലെപ്പോലെ തന്നിലെ കുഞ്ഞിനെ വീട്ടിലും നാട്ടിലും നിന്നു കണ്ടെടുക്കുന്നു. രേഷ്മ സിയുടെ കവിതകളിലെപ്പോലെ തിരിച്ച് നാടോടിത്തത്തോടെ വീട്ടിലേക്കും പാഞ്ഞു വരുന്നു. വിരിച്ചിട്ട ഒരു സാംസ്കാരിക ഭൂപടത്തിന്റെ ഭാഗമാണ് അവർക്കു വീട്. ഡി. അനിൽ കുമാറിന്റെ കവിതയിലെ നെയ്തൽ തിണയും ആദിൽ മഠത്തിലിന്റെ ഏറനാടൻ പരിസരവും അശോകന്റെ കവിതയിലെ ആദിമഗോത്രസംസ്കൃതിയും പോലെ. മുഖ്യധാരാ സങ്കല്പങ്ങൾക്കു പുറത്ത് വീടിനെക്കുറിച്ചുള്ള ബദൽ സങ്കല്പനങ്ങൾ പച്ചവീടുകളായി മുന്നോട്ടുവക്കാനും ഇവർ ശ്രമിക്കുന്നു.
5
ഇടശ്ശേരിയുടെ പുരപ്പണി എന്ന കവിത കവിതാരചനാകർമ്മത്തെ വീടുനിർമ്മാണമായിക്കാണുന്നു. ഒരു പക്ഷേ ഒരിക്കലും പൂർണ്ണതയിലെത്താത്ത ഒരു പുരപ്പണി. ഹിമഗിരി പോലെ, മഹാംബുധി പോലെ മഹാനഭസ്സുപോലൊരില്ലമാണ് കവിയുടെ സ്വപ്നം. എന്നാൽ, വൈദ്യുത വിളക്കുകൾ തൂക്കി പൂമുഖം പ്രകാശിപ്പിക്കുമ്പോഴേക്കും അറപ്പുരയുടെ ഇരുണ്ട മൂലകളിൽ നിന്നും നരിച്ചീറിന്റെ ഗന്ധം വമിക്കാൻ തുടങ്ങും. പല നൂറ്റാണ്ടിന്റെയും പല സംസ്കാരങ്ങളുടെയും രുചിഭേദങ്ങളും പ്രയോഗരീതികളും കൂടിച്ചേർന്ന് കലർപ്പിന്റെ കലവറയായിത്തീർന്നിരിക്കുന്നു ഈ വീട്. വീടിനെയും കവിതയെയും സംബന്ധിച്ച സകല ശുദ്ധിവാദങ്ങളെയും തകർത്തു കൊണ്ട് കലർപ്പാണ് വീട്, കലർപ്പാണ് കവിത എന്നു ധീരമായി പ്രഖ്യാപിക്കുന്നു ഇടശ്ശേരി. കലർപ്പാണെങ്കിലും തന്റെ വീടും തന്റെ കവിതയും മറ്റൊന്നിന്റെ പകർപ്പല്ല എന്നദ്ദേഹം അഭിമാനിക്കുകയും ചെയ്യുന്നു.
നമ്മുടെ ഇടശ്ശേരി കവിതയെ വീടായി സങ്കല്പിക്കുന്നെങ്കിൽ ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്ത അർമേനിയൻ കവി മൗഷേഖ് ഇഷ്ഖാൻ(1913 - 1990)മാതൃഭാഷയെത്തന്നെ വീടായിക്കാണുന്നു, 'അർമേനിയൻ ഭാഷ എല്ലാ അർമേനിയക്കാരുടേയും വീട്' എന്ന കവിതയിൽ. പോളിഷ് കവി സെസ്ലാ മിലോഷ് എഡിറ്റു ചെയ്ത 'എ ബുക്ക് ഓഫ് ലൂമിനസ് തിങ്സ്' എന്ന സമാഹാരത്തിലാണ് ഞാനതു വായിച്ചത്.ഇരുപതാം നൂറ്റാണ്ടിൽ വംശീയ ഉന്മൂലനത്തിന് ആദ്യം ഇരയായ ജനതയാണ് അർമേനിയക്കാർ എന്ന് ഈ കവിത അവതരിപ്പിച്ചു കൊണ്ട് മിലോഷ് പറയുന്നുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ അവർ അഭയാർത്ഥികളായി ലോകമെങ്ങുമലഞ്ഞു. ഈ അലച്ചിലിന്റെ പശ്ചാത്തലത്തിലാണ് അർമേനിയൻ ഭാഷയെത്തന്നെ വീടില്ലാത്തവരുടെ വീടായിക്കാണുന്ന ഈ കവിത വായിക്കേണ്ടത് എന്ന് മിലോഷ് ഓർമ്മിപ്പിക്കുന്നു.
അലഞ്ഞു തിരിയുന്നോർക്കു
വീടാ,യഭയമായിതാ
അർമേനിയൻ ഭാഷ നില്പൂ
സ്നേഹമായഭിമാനമായ്.
വെളിമ്പുറത്തു കഴുത -
പ്പുലിയെ, ച്ചീറുന്ന കാറ്റിനെ
പൂട്ടിയിട്ടാർക്കുമോടിച്ചെ-
ന്നേറാമീ വീട്ടിനുൾവശം.
തച്ചന്മാരെത്ര നൂറ്റാണ്ടു
പാടുപെട്ടു പണിഞ്ഞതാ-
ണിത്ര പൊക്കത്തിലീ വീടിൻ
മോന്തായം തീർത്തു വെയ്ക്കുവാൻ
അലമാര നിറച്ചീടാൻ
അടുപ്പുകളെരിയ്ക്കുവാൻ
വിളക്കുകൾ കൊളുത്തീടാൻ
രാവും പകലുമൊക്കെയും
എത്ര കർഷകരദ്ധ്വാനി-
ച്ചുയർത്തിയൊരു വീടിത്,
എന്നും പഴയ, തെന്നെന്നും
പുതുക്കിപ്പണിയുന്നത്.
നൂറ്റാണ്ടു പലതായ് പാത -
വക്കിൽ നിൽക്കുകയാണിത്.
അലഞ്ഞെത്തിടുമർമേനി -
യക്കാർക്കായിത്തുറന്നത്.
ഭൂതഭാവികൾ തൻ കാട്ടിൽ
വഴി തെറ്റിയലഞ്ഞിടും
അർമേനിയക്കാർക്കു വേണ്ടി -
യെന്നും കാക്കുന്ന വീടിത്
സാഹചര്യം മറ്റൊന്നാണെങ്കിൽപോലും എല്ലാ മലയാളികളെയും സ്വാഗതം ചെയ്തു നിൽക്കുന്ന വീടാണ് നമ്മുടെ മലയാളം. വീടിന്റെ വിളി അത്രയേറെയാഴത്തിൽ മുഴങ്ങുന്നുണ്ട് മലയാളത്തിലെ മാറിമാറി വന്ന തലമുറകളുടെയൊക്കെയും കാവ്യാവിഷ്ക്കാരങ്ങളിൽ.
No comments:
Post a Comment