ആദിമഭാവനയിൽ നിന്ന് സമകാല കവിതയിലേക്ക്
പി.രാമൻ
പുതിയ നൂറ്റാണ്ടിന്റെ തുടക്ക വർഷങ്ങളിലെപ്പൊഴോ ആണ് ഞാൻ ലാറ്റിനമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിൽ നിന്നുള്ള കവി ഹുംബർട്ടോ അകാബലിന്റെ കവിത ആദ്യമായി വായിക്കുന്നത്.എനിക്കിപ്പോഴും ഓർമ്മയുണ്ട്, ഒന്നാംതരം കവിത വായനക്കാരനായ എന്റെ സുഹൃത്ത് ചേർത്തലക്കാരൻ രജീഷ് മനോഹരമായ കയ്യക്ഷരത്തിൽ പോസ്റ്റ് കാർഡിലെഴുതി എനിക്കയച്ചു തന്ന ആ കവിതകൾ. കത്തയപ്പ് എന്ന മലയാളി ശീലത്തിന്റെ അവസാനകാലമായിരുന്നു അത്. കേരളത്തിൽ ഇ- വായനയുടെ തുടക്കകാലവും. അകാബലിന്റെ കവിതകൾ രജീഷിനു കിട്ടിയത് ഇന്റർനെറ്റിൽ നിന്നുമാണ്.ഹുംബർട്ടോ അക്കാബൽ ഗ്വാട്ടിമാലയിലെ ഗോത്രവർഗ്ഗ ഭാഷയായ മയാ കീ ഷേയിലാണ് എഴുതിയിരുന്നത്. അവ സ്പാനിഷിലേക്കും പിന്നെ ഇംഗ്ലീഷിലേക്കും പരിഭാഷപ്പെട്ടതാണ് നാം വായിക്കുന്നത്. താഴെ നിൽക്കുന്ന പ്രതിമകളിലേക്ക് കാഷ്ടിച്ചു കൊണ്ടു പാറി നടക്കുന്ന പക്ഷികളെക്കുറിച്ചുള്ള ഒരു ചെറിയ കവിതയായിരുന്നു സൃഹൃത്ത് അന്നയച്ചു തന്നവയിൽ എന്നെ ഏറ്റവും ആകർഷിച്ചത്. അതിൽ പിന്നെ ഈ കവിയുടെ കവിതകൾ ഞാൻ തെരഞ്ഞുപിടിച്ചു വായിക്കാൻ തുടങ്ങി. കാൽനടക്കാരൻ എന്ന ഈ കവിത നോക്കൂ:
രാത്രി മുഴുവൻ ഞാനെന്റെ
നിഴൽ തേടി നടന്നു.
ഇരുട്ടിൽ
അതു പിടി തരാതിരുന്നു.
ഉടി വ്വ് വ്വ് വ്വ് .........
ഒരു കാട്ടുനായ.
ഞാൻ നടത്തം തുടർന്നു
ടു ടു ടുക്കു.............ർ.......
ഒരു മൂങ്ങ.
ഞാൻ നടത്തം തുടർന്നു
സോട്സ് സോട്സ് സോട്സ്
ഒരു വവ്വാൽ
പന്നിക്കുട്ടിയുടെ ചെവി
ചവച്ചു തിന്നുന്നു.
നേരം പുലരും വരെ.
എന്റെ നിഴൽ
ഏറെ നീണ്ടതായിരുന്നു.
പാതയെ അത്
ഒളിപ്പിച്ചു വെച്ചു.
മൃഗങ്ങളുടെയും പക്ഷികളുടെയും ശബ്ദങ്ങൾ അതേ രൂപത്തിൽ സ്വാഭാവികമായി കവിതയിൽ കടന്നുവരുന്നു. പ്രകൃതിയുടെ സഹജതയിൽ നിന്നുയരുന്ന ശബ്ദങ്ങൾ കൊണ്ടു കവിതയെഴുതണമെങ്കിൽ മയാ കീ ഷേ പോലെ ഒരു ആദിവാസി ഗോത്ര ഭാഷ തന്നെ വേണ്ടി വന്നേക്കും എന്ന് അന്നു തോന്നി. കേരളത്തിൽ അന്ന് ഗോത്രഭാഷാ കവിതകൾ എന്ന ആശയം രൂപമെടുത്തിട്ടു തന്നെയുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് 2016 ആയതോടെ അശോകൻ മറയൂരിന്റെ മുതുവാൻ ഭാഷാ കവിതകൾ പുതിയൊരു വഴി വെട്ടിത്തുറന്ന് നമുക്കു മുന്നിലെത്തി. ഇന്നിപ്പോൾ പതിനാറോളം ആദിവാസി ഗോത്രഭാഷകളിലായി അമ്പതിൽ പരം കവികൾ എഴുതി വരുന്നു. ഈ മാറ്റം അടയാളപ്പെടുന്ന ഒരു പ്രധാന പുസ്തകമാണ് അടുത്തിടെ പുറത്തുവന്ന 'ഗോത്രകവിത'. മുതുവാൻ, ഇരുള, റാവുള, മുഡുഗ, പണിയ,മാവിലൻ തുളു, മുള്ള ക്കുറുമ, മലവേട്ടുവൻ, കാട്ടുനായ്ക്കൻ, മലവേടർ, കുറുമ്പ, കാടർ, ചോലനായ്ക്ക തുടങ്ങിയ ഗോത്രഭാഷകളിൽ കൂടി നടക്കുന്ന എഴുത്തിനേയും ഉൾപ്പെടുത്തിക്കൊണ്ടു മാത്രമേ ഇന്നു നമുക്ക് നമ്മുടെ കവിതയെക്കുറിച്ചു പറയാനാവുകയുള്ളൂ എന്നത് കേരള കവിതയിലെ മുമ്പില്ലാത്ത സുപ്രധാനമായ ദിശാപരിണാമം തന്നെ. ഈ ഗോത്രഭാഷകൾ സ്വന്തമായ ലിപി ഇല്ലാത്തവയാണ്. അവ മലയാളത്തിന്റെ ഉപഭാഷകളല്ല, സ്വതന്ത്ര ഭാഷകൾ തന്നെയാണ്. കാരണം, ആദിവാസി ഗോത്രങ്ങളിൽ പെട്ടവർ ആശയവിനിമയത്തിനുപയോഗിക്കുന്ന ആ ഭാഷകളിലെ ആവിഷ്ക്കാരങ്ങൾ ഒരു സാധാരണ മലയാളിക്ക് പരിഭാഷയിലൂടെ മാത്രമേ മനസ്സിലാവുകയുള്ളൂ. മലയാളത്തിന്റെ ഉപഭാഷകളാണെങ്കിൽ ഒരിക്കലും വിനിമയത്തിന് പരിഭാഷയുടെ സഹായം വേണ്ടിവരുമായിരുന്നില്ല. ആകയാൽ ആ ഗോത്ര ഭാഷകൾക്ക് സ്വതന്ത്ര ഭാഷാ പദവി കൊടുത്തേ പറ്റൂ. ഇങ്ങനെ കൂട്ടത്തോടെ ഗോത്രഭാഷകളിൽ എഴുതുന്ന പ്രതിഭാസം ഇന്ത്യയുടെ മറ്റേതെങ്കിലും മേഖലയിൽ സംഭവിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. (വടക്കുകിഴക്കൻ ഇന്ത്യയിലെ ഗോത്ര സാഹിത്യം മറക്കുന്നില്ല) കേരളത്തിൽ വിപുലമായി സംഭവിച്ച ഈ ഗോത്രഭാഷാ എഴുത്തിന്റെ സാമൂഹികവും സാഹിതീയവുമായ മാനങ്ങൾ ഇനിയും വിലയിരുത്തപ്പെടാനിരിക്കുന്നതേയുള്ളൂ.
പറഞ്ഞു തുടങ്ങിയതതല്ല, പക്ഷിമൃഗാദികളുടെ ശബ്ദങ്ങൾ മുകളിൽ കൊടുത്ത മയാ കീ ഷേ കവിതയിൽ എത്ര സ്വാഭാവികമായി ഇഴ ചേർന്നിരിക്കുന്നു എന്നതാണ്. ആദിവാസി ഗോത്രവിഭാഗങ്ങൾക്ക് പ്രകൃതിയോടുള്ള അടുത്ത ബന്ധം കേരളത്തിലെ ഗോത്രഭാഷാകവിതകളിലും കാണാനാവുന്നു. ഉദാഹരണത്തിന്, റാവുള ഭാഷയിലെഴുതുന്ന സുകുമാരൻ ചാലിഗദ്ധയുടെ കവിതകളിൽ ജീവജാലങ്ങളുടെയും മനുഷ്യരുടെയും ശബ്ദഭേദങ്ങൾ ധാരാളമായി കേൾക്കാം. കൂവൽ ശബ്ദം സുകുമാരന്റെ പല കവിതകളിലും കേൾക്കാം. ഒരു കവിതയുടെ പേരുതന്നെ കൂവി എന്നാണ് (റാവുളഭാഷയിൽ പൂവെല്ലു). കാട്ടിൽ കൂവുന്ന പോലെ നഗരത്തിലും പന്ത്രണ്ടു നിലക്കെട്ടിടത്തിന്റെ താഴെ നിന്ന് കൂവുന്നതിനെക്കുറിച്ച് സുകുമാരൻ എഴുതുന്നു. ബെളുത്ത എന്ന കവിതയിൽ പുഴയുടെ ഇരുകരയിലും നിന്നുള്ള കൂവൽ ശബ്ദം കേൾക്കാം. ഒപ്പം കൂമന്റെ ചിറകടിയും കാട്ടുകോഴിയുടെ ക്ലോക്ലോ തിറയാട്ടച്ചൂടും. ഗ്വാട്ടിമാലൻ കവിയും വയനാട്ടിൽ നിന്നുള്ള കവിയും ഗോത്രഭാഷകളിലെഴുതുമ്പോൾ ഒരേപോലെ വന്നുചേരുന്ന ചില സവിശേഷതകളിലേക്കാണ് ഇവിടുത്തെ ഊന്നൽ.
ഓരോ പ്രദേശത്തെയും ആദിമഗോത്ര ജനവിഭാഗങ്ങൾ സംസാരിച്ചു വന്ന, ഇന്നും വിനിമയം ചെയ്യപ്പെടുന്ന ഭാഷകൾ ലോകമെമ്പാടുമുണ്ട്. സംസാരിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വൻകുറവു മൂലം അവയിൽ മിക്കതും ഇല്ലാതായിക്കൊണ്ടിരിക്കുകയുമാണ്. സ്വന്തമായി ലിപി ഇല്ലാത്തതും ഈ വിഭാഗത്തിൽ പെടുന്ന പല ഭാഷകളുടെയും അപ്രത്യക്ഷമാകലിന് ഒരു കാരണമാണ്. തനതു ഭാഷകൾ സംസാരിച്ചു വന്നവരുടെ പുതിയ തലമുറ പലപ്പോഴും പരമ്പരാഗത ഭാഷ വിട്ട് പ്രബല ഭാഷകളിലേക്ക് മാറുന്നതും ഇത്തരം ഭാഷകൾ ഇല്ലാതാവുന്നതിനു കാരണമാണ്. വലിയ പ്രചാരവും അധികാരബന്ധങ്ങളുമുള്ള ഭാഷകൾ പ്രചാരം കുറഞ്ഞ ഭാഷകളെ വിഴുങ്ങി ഇല്ലാതാക്കുന്നുമുണ്ട്. ഈ ആഗോള പശ്ചാത്തലത്തിൽ കൂടി വേണം ഗോത്രഭാഷകളിലെ എഴുത്തിനെ കാണാൻ.
ഗ്വാട്ടിമാലയിലെ മയാ കീ ഷേ പോലെ മറ്റു പല ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും ആദിവാസി ഭാഷകളിൽ ഇന്ന് എഴുത്ത് സജീവമാണ്. ചിലിയിലെ മാപുഷെ ജനതയുടെ ഭാഷയായ മാപുഡംഗനിൽ ( ഈ വാക്കിന് ഭൂമിയുടെ ഭാഷ എന്നർത്ഥം) എഴുതിയ കവിതകളുടെ ഒരു സമാഹാരം അടുത്തിടെ വായിക്കുകയുണ്ടായി. (ഭൂമിയുടെ കവിത - മാപുഷെ ത്രിഭാഷാ സമാഹാരം). ബർണാഡോ കോളിപാൻ, മാരിബെൽ മോറാ കൂറിയാവോ, പൗലോ ഹ്യൂറിമില്ല, റൊക്സാന മിരാന്റ റുപെയ്ലാഫ്, ജെയിം ലൂയിസ് ഹ്യൂനും വില്ല, മരിയ ഇസബെൽ ലാറ മില്ലാപാൻ, ഒമർ ഹ്യൂനിക്ക്യൂ ഹ്വെയ്ക്വിനാവോ എന്നീ ഏഴു കവികളുടെ കവിതകളടങ്ങുന്നതാണ് ഈ സമാഹാരം. 1980 കൾക്കൊടുവിലാണ് മാപുഷെ ഭാഷയിൽ എഴുത്തു സജീവമായത്. മാപു ഷെ കവിതകൾ വേരൂന്നിയിട്ടുള്ളത് ഗോത്രപ്പാട്ടുകളിൽ മാത്രമല്ല ചിലിയിലെയും ലാറ്റിൻ അമേരിക്കയിലെയും സമകാല കാവ്യ ബോധങ്ങളിൽ കൂടിയാണ് എന്ന് പുസ്തകത്തിന്റെ ആമുഖത്തിൽ ഡോ. സെർജിയോ ഹൊലാസ് വെലിസ് പറഞ്ഞിട്ടുണ്ട്. ചിലിയിലെ മാപുഷെ ഗോത്രജനതയുടെ ജീവിതദർശനങ്ങളും വംശഗാഥകളും മിത്തുകളും അനുഭവിച്ച സഹനങ്ങളും ഗോത്രഭാവനയുടെ ധാരാളിത്തവുമുള്ളവയാണ് ഈ കവിതകൾ. അതേസമയം പുതുകവിതാ ഭാവുകത്വത്തോടിണങ്ങിയവയുമാണ്. അശോകൻ മറയൂരും സുകുമാരൻ ചാലിഗദ്ധയും ധന്യ വേങ്ങച്ചേരിയും അജയൻ മടൂരും ശാന്തി പനക്കനും പി.ശിവലിംഗനും ആർ.കെ. അട്ടപ്പാടിയും ഉൾപ്പെട്ട കേരളീയ ഗോത്ര കവികളുടെ രചനകളിലും ഇതേ സവിശേഷതകൾ കാണാനാവും. എന്തുകൊണ്ടാണ് ഇവർ തനതായ പാട്ടുവഴികൾ ഒഴിവാക്കി മിക്കവാറും ഗദ്യത്തിൽ എഴുതുന്നത് എന്ന് പലരും ചോദിച്ചു കേട്ടിട്ടുണ്ട്. ഗോത്രഭാവനയേയും ജീവിതാനുഭവങ്ങളേയും പാരമ്പര്യത്തേയും സമകാലവും സമലോകവുമായി സംവദിക്കാൻ പറ്റിയ ഭാഷയിൽ ഉൾക്കൊണ്ടാണ് ലോകമെങ്ങുമുള്ള ഗോത്രഭാഷാകവികൾ എഴുതുന്നത് എന്നതാണ് അതിനു മറുപടി.
പ്രകൃതിയിൽ നിന്നും ജീവിതത്തിൽ നിന്നും സ്വാഭാവികമായി ഊറിയൊഴുകുന്ന വർണ്ണശബളമായ വിചിത്രഭാവനകൾ ചിലിയിലെയും വയനാട്ടിലെയും ഗോത്ര ഭാഷാ കവിതകളിൽ ഏതാണ്ടൊരു പോലെ കാണുന്നു എന്നതാണ് ഏറ്റവും കൗതുകകരം. റൊക്സാന മിരാന്റ റുപെയ് ലാഫ് (ജനനം 1982) എന്ന എഴുത്തുകാരിയുടെ 'പൂമ്പാറ്റകൾ പൂവിന്മേൽ സവാരി ചെയ്യുന്നു' എന്ന മാപുഡംഗൻ കവിത വായിക്കൂ:
പൂമ്പാറ്റകൾ ഒരു പൂവിന്മേൽ
സവാരി ചെയ്യുന്നു.
ചിറകിന്നടിയിൽ
ജലഗാനത്തിൽ നിന്നും വളർന്നു വന്നൊരു
പൂവിന്മേൽ
ചന്ദ്രന്റെ നടപ്പാതവക്കത്ത്
കാറ്റ് കത്തികൊണ്ടരിഞ്ഞിട്ട
കിനാവുകളുടുത്ത്.
സൂര്യനുമായുള്ള രഹസ്യബാന്ധവത്താൽ
പൂമ്പാറ്റകളുടെ മാറിടം
സുഗന്ധപൂരിതം
ഒരു ഊരുതെണ്ടിയുടെ
സ്വന്തം നക്ഷത്രങ്ങളെ ഉറ്റുനോക്കി
അവക്കു പ്രായമാവുന്നു.
അതിവേഗം പറക്കുമൊരു
കുട്ടിയുടെ
പിൻവശത്തിനു
കുറുക്കനെ പോകുന്ന മഴവില്ല്
അവ കുടിയ്ക്കുന്നു.
മരിക്കുമ്പോൾ
പൂമ്പാറ്റകൾ
നിന്റെയാത്മാവിലേക്കു കുടിയേറുന്നു.
ലാറ്റിനമേരിക്കൻ മാന്ത്രിക ഭാവനയുടെ വേരുകൾ ഇറങ്ങിയിരിക്കുന്നത് ആദിമഗോത്ര സംസ്കൃതിയിലേക്കാണ് എന്ന് ഈ കവിതയും നമ്മെ ബോധിപ്പിക്കുന്നു. അതേസമയം സമകാല ലാറ്റിനമേരിക്കൻ കവിതയുടെ പശ്ചാത്തലത്തിൽ നിന്നടർത്തിമാറ്റി ഈ കവിതകൾ വായിക്കാനും കഴിയില്ല. ചരിത്രവും സ്വപ്നവും, യാഥാർത്ഥ്യവും മായികതയും, ലാളിത്യവും സങ്കീർണ്ണതയും കുഴമറിയുന്നു ഇവിടെ. ഒമർ ഹ്യുവെൻക്യുവോ ഹ്വെയ്ക്വിനാവോ (ജനനം: 1971 ) എന്ന കവിയുടെ രണ്ട് കുഞ്ഞുകവിതകൾ കൂടി ശ്രദ്ധിക്കൂ:
ഒരു കിളിക്കണ്ണിൻ കൃഷ്ണമണിയിൽ
സൂര്യനുദിക്കുന്നെന്റെ ജനാലക്കൽ.
ഈ ഈരടിക്കവിതയുടെ പേര് സന്തോഷം എന്നാണ്. ആനന്ദത്തിന്റെ പുലരിയെ സംവേദനക്ഷമമായ മൂർത്ത ഭാഷയിൽ ആവിഷ്കരിക്കുകയാണീ കവിത. മറ്റൊരു കവിത, ക്ഷമ, ഇങ്ങനെ:
ഞാനാ കസേരയെ സ്നേഹിക്കുന്നു.
ഒരു നാൾ അതിലെന്റെ
സന്തോഷമിരിക്കും.
വരാനിരിക്കുന്ന ആനന്ദാനുഭവത്തിനായുള്ള ക്ഷമാപൂർണ്ണമായ ഇരിപ്പാണ് ഈ കസേര. വിചിത്രഭാവനകളുടെ ഈ ധാരാളിത്തം അശോകൻ മറയൂരിന്റെയും സുകുമാരൻ ചാലിഗദ്ധയുടെയും ശാന്തി പനക്കന്റേയുമൊക്കെ കവിതകളിലും നമുക്കു കാണാനാവും.
പൂവിനുള്ളിലെ തേനിൽ
സൂര്യൻ കിടന്നു
തിളയ്ക്കുകയാണ്.
ചുമരിൽ തൂങ്ങിക്കിടക്കുന്നു
കൊക്കുകൾ
വെന്തും കറുത്തും പോയ
ദിനങ്ങൾ
എന്ന് അശോകൻ മറയൂർ എഴുതുന്നിടത്ത് പ്രകൃത്യനുഭവത്തിന്റെ മായികതയിൽ നിന്നുയരുന്ന ഭാവനയോടൊപ്പം സമകാലീനതയും ഉണ്ട്. ഗോത്രഭാവനയും നവീനഭാവുകത്വവും ഇഴുകിച്ചേർന്നവയാണ് മാപുഷെ കവിതകളെപ്പോലെ കേരളീയ ഗോത്രകവിതകളും. കര കവിഞ്ഞ് മനുഷ്യരുടെ വീടുകളിലേക്ക് ഇരച്ചെത്തുന്ന പുഴയെക്കുറിച്ചുള്ളതാണ് ശാന്തി പനക്കന്റെ വേലിചാടിപ്പുഴ (പണിയ ഭാഷയിൽ ഒളിച്ചു പാഞ്ച പുയേ)എന്ന കവിത. എന്നാൽ കവിത തുടങ്ങുന്നത് ഇങ്ങനെയാണ്:
പുഴപ്പെണ്ണൊരു കള്ളം പറഞ്ഞു
നാളെയവളുടെ കല്യാണമെന്ന്
കൈത കുത്തിയ വേലിത്തുമ്പുലച്ച്
നാണം കൊണ്ടവൾ ചുവന്നിരുന്നു.
ഒരുക്കമേറെ ഞാൻ നോക്കി നിന്നു.
വാനമോരോ മേഘപ്പാളി നിരത്തി
പന്തലൊരുക്കുന്നു.
പാലം കൊണ്ടരഞ്ഞാണമിട്ട്
വന്നുചേരുന്നുണ്ട്
അരിമണിയും കൊണ്ട്
അരിമണിയുറുമ്പ്
പാതി ചിരിയിൽ ദുഃഖമൊളിപ്പിച്ച്
സൂര്യനവൾക്കൊരു മഴവില്ലുകൊടുത്തു
ഇങ്ങനെ ഒരുങ്ങി നിൽക്കുന്ന പുഴ രാത്രി വേലി ചാടി വരികയാണ്. എല്ലാം കഴിഞ്ഞ് ഉരുളൻ കല്ലിനടിയിൽ രണ്ടു മീൻ കുഞ്ഞുങ്ങളെ പെറ്റിട്ട ശേഷം അവൾ രാവിലെ തിരിച്ചിറങ്ങിപ്പോയി. പോകുന്ന പോക്കിൽ ഞങ്ങളുടെ കിടക്കപ്പായ കൂടി കൊണ്ടുപോയ് എന്നിടത്ത് കവിത അവസാനിക്കുന്നു. വിചിത്ര ഭാവനയിലൂടെ പ്രകൃതിയേയും ജീവിതത്തേയും കാണുന്ന ഈ രീതി ആദിമ ജനതകളുടെ ഗോത്രപ്പാട്ടുകളിൽ തന്നെയുള്ളതാണ്. വടക്കേ അമേരിക്കയിലെ പ്രാചീനമായ ഒരു റെഡ് ഇന്ത്യൻ പാട്ടിൽ അജ്ഞാതനായ കവി ഇങ്ങനെ പാടുന്നു :
സിപാപുവിൽ
മഴമനുഷ്യരുടെ വീട്ടിൽ
മഴമനുഷ്യത്തലവൻ പറയുന്നു:
"മഴച്ചെറുക്കന്മാരേ, മഴപ്പെമ്പിള്ളേരേ,
പുറത്തു പോകാനൊരുങ്ങിയിപ്പോൾ
നിൽക്കുന്നൂ നിങ്ങൾ
മഴ പെയ്യട്ടേ ലോകം മുഴുവൻ
തെക്കിനുമേൽ വടക്കിനുമേൽ
മേഘങ്ങൾക്കു താഴെ മനുഷ്യരി -
ലേക്കണയട്ടേ മഴകൾ
കയ്യിലെടുക്കൂ ചന്തമേറും
പൂവുകൾ, കുട്ടികളേ,
മാനത്തുന്നാപ്പൂവുകളെല്ലാം
താഴത്തെറിയുവിനെല്ലാരും
ആശംസകളായ് നൽകാൻ നല്ലുട -
യാടകളീപ്പൂക്കൾ
ലോകമെങ്ങും പൂക്കൾ"
ലോകമെമ്പാടുമുള്ള സമകാല ഗോത്ര ഭാഷാ കവിതകളെ വർണ്ണശബളമാക്കുന്ന ഭാവനാവൈചിത്ര്യത്തെ മുൻനിർത്തിയുള്ള ഒരു കുറിപ്പു മാത്രമാണ് ഇത്. ഇതുപോലെ സമാനതയുള്ള പലതും ഇനിയും അവയിലുണ്ട്. ആധുനിക മനുഷ്യന്റെ പ്രകൃതിയോടിണങ്ങാത്ത വികസന മാതൃകയെയും ചൂഷണമനോഭാവത്തേയും ലോകമെമ്പാടുമുള്ള ഗോത്രഭാഷാകവിതകൾ ചോദ്യം ചെയ്യുന്നു. ബദൽ ജീവിതസാദ്ധ്യത മുന്നോട്ടു വക്കുകയും ചെയ്യുന്നു. ആദിമഭാവനയുടെ ആവേശത്തോടെ, സമകാലീനമായ കണ്ണോടെ ലോകത്തേയും സ്വന്തം ജീവിതാവസ്ഥകളേയും അവ ആവിഷ്കരിക്കുന്നു. കേരളത്തിലെ ആദിവാസി ജീവിതത്തെക്കുറിച്ച് ആദിവാസികളല്ലാത്തവർ എഴുതുമ്പോൾ പ്രാധാന്യം കിട്ടിക്കണ്ടിട്ടുള്ള ചില പ്രത്യേക പ്രമേയങ്ങളുണ്ട്. അത്തരം പുറം നോട്ടങ്ങളെ റദ്ദാക്കുന്നു കേരളത്തിലെയും ഗോത്രഭാഷാ കവിതകൾ.
No comments:
Post a Comment