Thursday, July 29, 2021

പെണ്ണു തീണ്ടാത്ത പുരുഷാധുനികത

 പെണ്ണു തീണ്ടാത്ത പുരുഷാധുനികത

- മലയാളത്തിലും തമിഴിലും


പി.രാമൻ




ഒരു കവിത മുഴുവൻ ഒരേ വിഷയം

എന്തൊരു വീര സാഹസം പെണ്ണേ!

ഒന്നാം വരിയിൽ മനസ്സിൽ വന്നത്

കുഞ്ഞിന്റെ ചിരി.


രണ്ടാം വരിയിൽ 

വെള്ളം പിടിക്കുന്നിടത്തെ വഴക്കുകൾ

മൂന്നാം വരിയിൽ തണുത്തു വിറച്ചു മരിച്ച

ലക്ഷ്മിത്തള്ള

നാലാം വരിയിൽ ഗ്യാസു തീർന്ന ക്ഷീണത്തിൽ

സ്റ്റവിന്റെ പരാക്രമങ്ങൾ


അഞ്ചാം വരിയിൽ

ഓസിയിൽ ടീ വീ സിനിമ കാണാൻ

കതകിനു തട്ടുന്ന കുട്ടികൾ.

ആറാമതായ് ചിന്നമ്മയുടെ

മെനോപോസ് പ്രയാസക്കരച്ചിലുകൾ

ഏഴാം വരിയിൽ.......


ഇനിയും ചോറായില്ല.


ഇനിയൊരു വരി കൂടി വേണം.

കവിത അവസാനിപ്പിക്കാൻ ഒറ്റ വരി.

പറ പെണ്ണേ!


- സുഗന്ധി സുബ്രഹ്‌മണ്യൻ 



1990 കളിൽ കവി കെ.ജി.ശങ്കരപ്പിള്ള എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ചിരുന്ന സമകാലീന കവിതയുടെ ഏതോ ലക്കത്തിലാണ് ഞാൻ തമിഴ് കവി സുഗന്ധി സുബ്രഹ്‌മണ്യന്റെ ചില കവിതകൾ ആദ്യമായി വായിച്ചത് എന്നോർക്കുന്നു. പിന്നീട് ആറ്റൂർ രവിവർമ്മ തമിഴ് പുതു കവിതകളുടെ വിപുലമായ ഒരു പരിഭാഷാസമാഹരം പുതുനാനൂറ് എന്ന പേരിൽ പ്രസിദ്ധീകരിച്ചപ്പോൾ അതിൽ പ്രാധാന്യത്തോടെ സുഗന്ധിയുടെ കവിതകളും കൊടുത്തിരുന്നു. സുബ്രഹ്മണ്യഭാരതി തൊട്ടു തുടങ്ങുന്ന, ആകെ 59 കവികൾ ഉൾപ്പെട്ടിട്ടുള്ള ആ സമാഹരത്തിൽ മുപ്പത്തഞ്ചാമതായാണ് സുഗന്ധിയുടെ കവിതകൾ കൊടുത്തിട്ടുളളത്. ആ സമാഹാരത്തിൽ ചേർത്തിട്ടുള്ള പെൺകവികളിൽ കാലാനുക്രമം വെച്ചു നോക്കിയാൽ ആദ്യത്തെയാൾ ഇവരാണ്. തുടർന്ന് കനിമൊഴി, സൽമ എന്നിങ്ങനെ പലരുടേയും കവിതകൾ അതിലുണ്ട്. എന്തുകൊണ്ടാവാം ഈ സമാഹാരത്തിലെ ആദ്യ പെൺകവി മുപ്പത്തഞ്ചാമതായി മാത്രം ചേർക്കപ്പെട്ടത്? സുഗന്ധി സുബ്രഹ്‌മണ്യനു മുമ്പ് തമിഴിൽ ശ്രദ്ധിക്കപ്പെട്ട പെൺകവികൾ ആരും ഉണ്ടായിരുന്നില്ലേ?


1980 കളിലാണ് സുഗന്ധി സുബ്രഹ്മണ്യന്റെ കവിതകൾ തമിഴ് വായനക്കാരുടെ ശ്രദ്ധയാകർഷിക്കുന്നത്. സമയവേൽ,സുകുമാരൻ, ആത്മാനാം എന്നിവരുൾപ്പെട്ട ഒരു തലമുറയിലെ ഒറ്റപ്പെട്ട പെൺശബ്ദമായിരുന്നു അവരുടേത്. സാമൂഹികവും വൈയക്തികവുമായ തീവ്രവികാരങ്ങൾ ഉച്ചസ്ഥായിയിലല്ലാതെ, എന്നാൽ മൂർച്ചയുള്ള ബിംബങ്ങളിലൂടെ ആവിഷ്കരിച്ച ഒരു തലമുറയായിരുന്നു അത്. സുഗന്ധിയുടെ ആദ്യസമാഹാരമായ പുതൈയുണ്ട വാഴ്ക്കൈ (കുഴിച്ചിട്ട ജീവിതം) 1988- ലാണു പുറത്തു വരുന്നത്. പെൺജീവിതത്തിലെ ദൈനംദിനാനുഭവപരിസരമാണ് സുഗന്ധിയുടെ കവിതകളിൽ. മറ്റൊരുദാഹരണം കൂടി ചേർത്തു വായിക്കാം :


എന്റെ കുഞ്ഞിന്റെ

പൊക്കിൾക്കൊടി

മുറിച്ചതാര്?

മുത്തശ്ശിയോ? നഴ്സോ?

ഓർമ്മയില്ല.


എന്റെ വയറ്റിൽ

വിശേഷമുണ്ടെന്ന്

ആരോടാണ് ഞാൻ

ആദ്യം പറഞ്ഞത്?

ഓർക്കുന്നില്ല


പള്ളിക്കൂടത്തിൽ

അ ആ ഇ ഈ ചൊല്ലിപ്പഠിപ്പിച്ച

മാഷാര്?

മറന്നു പോയി.


സ്കൂൾ മുറ്റത്തു കളിക്കുന്നതിനിടെ

തിരണ്ട നേരത്ത്

എന്റെ കൈ പിടിച്ചു സന്തോഷം കൊണ്ട മുഖമേത്?

ഓർമ്മയില്ല.


പെട്ടെന്നു മരിച്ചു പോയ അപ്പൻ

എനിക്കായ് വിട്ടു പോയ വാക്കുകളേതെല്ലാം?

ഏതെല്ലാം?

ഓർമ്മയില്ല.


ആദ്യത്തെ പ്രസവത്തെക്കുറിച്ച്

ഭയപ്പെടുത്തിപ്പറഞ്ഞതാരാണ്?

മറന്നു പോയി.


ഭാഷയറിയാത്ത നാട്ടിൽ

പുതു ഭാഷയിൽ

ആദ്യമായെന്നോടു മറുപടി പറഞ്ഞ പെണ്ണ്?

നീളുന്നൂ ഓർമ്മയില്ലായ്മകൾ

ഏതോ തരത്തിൽ

എല്ലാത്തിലും പ്രധാനം

അവയായിരുന്നിട്ടും.


കവിതക്കു ശീർഷകം പോലുമാവശ്യമില്ലാത്ത വിധം നേരെഴുത്താണിത്.നൂറ്റാണ്ടുകളുടെ ഇടവേളക്കുശേഷം പെണ്ണിനുമാത്രം എഴുതാൻ കഴിയുന്ന കവിത സുഗന്ധി സുബ്രഹ്മണ്യന്റെ കവിതകളോടെ തമിഴിലുണ്ടായി.


സംഘകാലത്ത് ഔവൈയാറിനെപ്പോലുള്ള പെൺകവികൾ തമിഴിൽ ഉണ്ടായിരുന്നു. അതിനുശേഷം ഭക്തി പ്രസ്ഥാനകാലത്ത് ആണ്ടാൾ, കാരൈക്കൽ അമ്മ എന്നീ എഴുത്തുകാരികളെ നാം കാണുന്നു. ആണ്ടാൾ വൈഷ്ണവഭക്തി പ്രസ്ഥാനവുമായും കാരൈക്കൽ അമ്മ ശൈവഭക്തി പ്രസ്ഥാനവുമായും ബന്ധപ്പെട്ട കവികളാണ്. എന്നാൽ ഇവർക്കു ശേഷം നൂറ്റാണ്ടുകളോളം തമിഴ് കവിതയിൽ പെൺ ശബ്ദങ്ങൾ നാം കേൾക്കുന്നേയില്ല. സുബ്രഹ്മണ്യഭാരതിയുടെ കാലത്തും തുടർന്നു വന്ന മണിക്കൊടിക്കാലം എന്നറിയപ്പെടുന്ന, ആധുനികതയിലേക്കുള്ള പകർച്ചയുടെ കാലത്തും സ്ഥിതി അതു തന്നെയായിരുന്നു. 1960 കളോടെ തമിഴ് കവിതയിൽ ആധുനികത പ്രബലമായി. ഇക്കാലത്ത് ഇരാ. മീനാക്ഷി എന്ന ഒരു കവിയെ നാം കാണുന്നു. തമിഴ് ആധുനികതയുടെ കൊടിയടയാളമായിരുന്ന 'എഴുത്ത്' മാസികയിൽ (പത്രാധിപർ സി.സു. ചെല്ലപ്പ) ഇവരുടെ കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ സുന്ദരരാമസ്വാമി, ജ്ഞാനക്കൂത്തൻ, നകുലൻ, പ്രമിൾ, സി.മണി തുടങ്ങിയവരുടെ കവിതകളോളം ശ്രദ്ധിക്കപ്പെട്ടില്ല ഇവരുടേത്. 


നൂറ്റാണ്ടുകൾ തുടർന്ന ഈ അദൃശ്യതക്ക് ഒരറുതിയുണ്ടാവുന്നത് സുഗന്ധി സുബ്രഹ്മണ്യന്റെ കവിതകളുടെ വരവോടെയാണ്. ആ നിലക്ക് പുതൈയുണ്ട വാഴ്കൈ തമിഴ് കവിതാ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. തമിഴ് കവിതാ ചരിത്രത്തിൽ അന്നോളം വരാത്ത പെൺജീവിതം ആ കവിതാലോകത്ത് വിരിഞ്ഞു വരുന്നു. ഒരു ഭാഷ നൂറ്റാണ്ടുകളായി അമർത്തി വച്ചത് ഇവരിലൂടെ വെളിച്ചപ്പെട്ടു എന്നു വേണം പറയാൻ. ആ ആഘാതം കൊണ്ടാവാം എഴുത്തുകാരിക്ക് മനസ്സു തകർന്ന് ചിത്തരോഗാശുപത്രിയിൽ ജീവിതം കഴിക്കേണ്ടി വന്നു. ചികിത്സയിലിരിക്കെ 2009-ൽ അവർ മരിച്ചു. മരണശേഷം സമാഹരിച്ച സമ്പൂർണ്ണകൃതികളിലുൾപ്പെടുത്തിയിട്ടുള്ള ഡയറിക്കുറിപ്പുകളിലൊന്നിൽ അവരിങ്ങനെ എഴുതുന്നുണ്ട്. "ഔവൈയാറായി വേഗം ഞാൻ മാറും. അടുത്ത വർഷം കിഴവിയായിത്തീർന്നാൽ പിന്നെ ഔവൈയാർ തന്നെ"(സുഗന്ധി സുബ്രഹ്മണ്യൻ പടൈപ്പുകൾ) അത്രയും നൂറ്റാണ്ടുകളിലെ മൂകമാക്കപ്പെട്ട പെൺജീവിതം തന്നിലേല്പിച്ച താങ്ങാനാവാത്ത ഭാരം ഈ ഒറ്റ വാചകത്തിൽ നമുക്കു വായിക്കാം. ആധുനികാനന്തര തമിഴ് കവിതാലോകം രണ്ടു ബലികൾക്കു സാക്ഷിയായി. അതിലൊന്ന് സുഗന്ധിയുടേതാണ്. മറ്റൊന്ന് കവി ആത്മാനാമിന്റേതും. 1970 -കൾക്കൊടുവിൽ എഴുതിത്തുടങ്ങിയ തലമുറയിലെ പ്രധാന കവിയായിരുന്നു മുപ്പത്തിരണ്ടാം വയസ്സിൽ സ്വയം ജീവിതമവസാനിപ്പിച്ച ആത്മാനാം.


സുഗന്ധി തുടങ്ങിയേടത്തു നിന്നു മുന്നോട്ടു പോകാൻ 1990 കളോടെ ധാരാളം പുതിയ കവികൾ രംഗത്തെത്തി. അന്നുതൊട്ടിന്നോളമുള്ള തമിഴ് പെൺ കവിതയിലുടനീളം സുഗന്ധി സുബ്രഹ്‌മണ്യൻ എന്ന കവിയുടെ ദുരന്തത്തിന്റെയും ബലിയുടെയും കാണാനിഴൽ പതിഞ്ഞിരിക്കുന്നു. മറുവിത്തുകൾക്കു മുളയ്ക്കാൻ പ്രചോദനം കൊടുത്ത ആദ്യത്തെ വിത്തായിരുന്നു സുഗന്ധിയുടെ കവിത. തുടർന്ന് കനിമൊഴി കരുണാനിധി, സൽമ, ഉമാ മഹേശ്വരി, ലീന മണിമേഖല,പെരുന്തേവി,മാലതി മൈത്രി, ശക്തി ജ്യോതി, സുകിർതറാണി, കുട്ടിരേവതി എന്നിങ്ങനെ വലിയൊരു നിര എഴുത്തുകാരികൾ തമിഴ് കവിതയെ ചലനം കൊള്ളിച്ചു. അടുത്ത കാലത്ത് ഗീതാ സുകുമാരൻ, കവിൺമലർ, ചന്ദ്ര തങ്കരാജ്, ദീപു ഹരി, കല്പന ജയന്ത് തുടങ്ങി പുതിയൊരു നിരക്കവികളും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. 1990 കൾ തൊട്ട് തമിഴ് കവിതയിലുണ്ടായ മാറ്റങ്ങളിലൂടെയും പുതുക്കലുകളിലൂടെയുമെല്ലാം തമിഴ് പെൺ കവിത കടന്നുപോയിരിക്കുന്നു. ബിംബാത്മകതക്കു പ്രാധാന്യമുള്ള ഘട്ടം, ബിംബാത്മകത ഒഴിവാക്കുന്ന പ്ലെയിൻ പോയട്രിയുടെ ഘട്ടം, വിശദ സൂക്ഷ്മ ചിത്രണങ്ങൾക്കു പ്രാധാന്യമുളള ഘട്ടം, ഭാഷയും വീക്ഷണവും ലാഘവപൂർണ്ണമാകുന്ന ഘട്ടം എന്നിങ്ങനെ തമിഴ് കവിത പിന്നിട്ടു പോരുന്ന തലങ്ങളെല്ലാം ഈ കവികളും പങ്കുവയ്ക്കുന്നു. അതോടൊപ്പം സ്ത്രീപക്ഷ,ദളിത് രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾ അവർ ശക്തമായി മുന്നോട്ടു വക്കുകയും ചെയ്യുന്നു.


തമിഴ് കവിതയിലെ പെണ്ണെഴുത്തിന്റെ സവിശേഷതകൾ ശ്രദ്ധിച്ചപ്പോൾ ഞാൻ സമാന്തരമായി മലയാളകവിതയിലെ പെൺ വാഴ് വിനെക്കുറിച്ചും സ്വാഭാവികമായി ആലോചിച്ചു. ഇന്ന് മലയാളത്തിലും മികച്ച എഴുത്തുകാരികൾ ഒട്ടേറെ പേരുണ്ട്. തമിഴിലെപ്പോലെത്തന്നെ മലയാളത്തിലും 1980 കളോടെയാണ് സ്ത്രീകൾ കവിതാ രംഗത്ത് കൂട്ടമായി വന്ന് ശക്തമായ ചലനങ്ങളുണ്ടാക്കിയത്. എ.പി. ഇന്ദിരാദേവി, ലളിത ലെനിൻ, സാവിത്രി രാജീവൻ, വിജയലക്ഷ്മി, റോസ് മേരി, ഗീതാ ഹിരണ്യൻ, സുജാതാ ദേവി തുടങ്ങിയവർ അവരിൽ പ്രധാനികളാണ്. തൊണ്ണൂറുകളിലും തുടർന്ന് രണ്ടായിരത്തിനു ശേഷവും ആ കവിനിര കൂടുതൽ വിപുലമായി. ഫെമിനിസ്റ്റ്, ദലിത് സൗന്ദര്യ ശാസ്ത്രങ്ങളും രാഷ്ട്രീയ വീക്ഷണവും ഉയർത്തിപ്പിടിക്കുന്ന മികച്ച ഒട്ടേറെ കവികൾ ഇന്ന് മലയാളത്തിലുമുണ്ട്.


എന്നാൽ 1980 കൾക്കു മുമ്പ് അതായിരുന്നില്ല നില. 1960 മുതൽ 1980 വരെ തമിഴിലെപ്പോലെ മലയാളത്തിലും ആധുനികത ഉച്ചസ്ഥായിയിൽ നിന്ന കാലമാണ്. പരമ്പരാഗത കാവ്യ സങ്കല്‌പങ്ങളെ തകർത്തുകൊണ്ടാണ് ആധുനികത മലയാളത്തെ ആവേശിച്ചത്. പ്രമേയത്തിലും ഭാഷയിലും അത് പുതുമകൾ തേടി. സാമ്പ്രദായിക സദാചാര സങ്കല്‌പങ്ങളെ ചോദ്യം ചെയ്തു. പുതിയ രൂപഘടനകൾ കണ്ടെത്തി. പുതിയൊരാസ്വാദക സമൂഹത്തെ സൃഷ്ടിക്കാൻ ആധുനികർക്കു കഴിഞ്ഞു. എഴുപതുകളോടെ അത് രാഷ്ട്രീയവൽക്കരിക്കപ്പെട്ടു. കീഴാളർ, സ്ത്രീകൾ, ഒറ്റപ്പെട്ട മനുഷ്യർ, അധികാരത്തിൻ കീഴിൽ ഞെരിയുന്ന സാധാരണക്കാർ എന്നിവരോടെല്ലാം നമ്മുടെ ആധുനികത ഐക്യപ്പെടുകയും ചെയ്തു. എന്നിട്ടും ആധുനികതയുടെ ആ വലിയ ധാരയിൽ നാം പെൺ കവികളെ കാണുന്നേയില്ല. പെണ്ണിനുവേണ്ടി ശബ്ദമുയർത്തിയ പുരുഷന്മാരായിരുന്നു അവരെല്ലാം. വേദനയാണെന്നോപ്പോൾ എന്നു തുടക്കത്തിലേ എഴുതിയ സച്ചിദാനന്ദനും പുറപ്പെട്ടേടത്താണ് ഒരായിരം കാതമവൾ നടന്നിട്ടും എന്ന് അവളുടെ ജീവിതമടുത്തു കാണുന്ന ആറ്റൂരും ഊർമ്മിളയുടെ മൗനത്തിലേക്കിറങ്ങുന്ന കെ.ജി.എസ്സുമെല്ലാമടങ്ങുന്ന ആ ആധുനിക നിരയിൽ എന്തുകൊണ്ടായിരിക്കാം ഒരു പെൺ കവിക്ക് വാഴ്‌വ് ഇല്ലാതെ പോയത് എന്നത് പരിശോധിക്കേണ്ട കാര്യമാണ്. പെൺജീവിതം പുരുഷന്മാരിലൂടെ മാത്രം പ്രകാശനം ചെയ്ത ഭാവുകത്വമാണ് നമ്മുടെ ആധുനിക കവിതയുടേത്.


ആ ശൂന്യതയിൽ ഏകാന്ത നക്ഷത്രം പോലെ നാം സുഗതകുമാരിയെ കാണുന്നു. എന്നാൽ സുഗതകുമാരി ആധുനികതയുടെ പൊതുധാരയിൽ നിന്നു ഭാവുകത്വപരമായി പല നിലയ്ക്കും അകന്നു നിൽക്കുന്ന കവിയാണ് എന്നത് എടുത്തു പറയേണ്ടതുണ്ട്. ആധുനികപൂർവ കവിതാധാരകളുടെ തുടർച്ചയാണ് അവരിലുള്ളത്. ആ തുടർച്ച സുഗതകുമാരിയിലൂടെ മാത്രം ആധുനികതയെ മുറിച്ചു കടന്നുപോവുകയും ചെയ്തു. 1972-ൽ പുറത്തിറങ്ങിയ ധ്യാനം എന്ന സമാഹാരത്തിലൂടെ രംഗത്തെത്തിയ ഒ.വി.ഉഷയുടെ കവിതയേയും ആധുനിക താപ്രസ്ഥാനത്തിന്റെ ഭാഗമായി കരുതാനാവില്ല. ഒ.വി.ഉഷയുടെ കവിത അക്കാലത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടതുമില്ല.


എന്നാൽ തമിഴിൽ നിന്നു വ്യത്യസ്തമായി മലയാളത്തിൽ ആധുനികതക്കു മുമ്പ് ശ്രദ്ധേയരായ പല പെൺ കവി ശബ്ദങ്ങളും കേൾക്കുന്നുണ്ട്. ബാലാമണിയമ്മ, കൂത്താട്ടുകുളം മേരി ജോൺ, മുതുകുളം പാർവതിയമ്മ, സിസ്റ്റർ മേരി ബെനീഞ്ജ, ലളിതാംബിക അന്തർജനം എന്നിവർ അവരിൽ പ്രമുഖരാണ്. സിസ്റ്റർ മേരി ബെനീഞ്ജയുടെ കവിതാരാമം 1929-ൽ പുറത്തിറങ്ങി എന്നോർക്കുക. മുകളിൽ പരാമർശിച്ച കവികൾക്കെല്ലാം തനതു ശൈലികളും ഉണ്ടായിരുന്നു. മേരി ജോൺ കൂത്താട്ടുകുളത്തിന്റെ ഒരു കവിതയിൽ കണ്ണിലൂറി, എന്നാൽ തുളുമ്പി വീഴാതെ നിൽക്കുന്ന രണ്ടു കണ്ണീർത്തുള്ളികളിലൂടെ ജീവിത ദുഃഖത്തേയും അതിജീവനത്തേയും അടയാളപ്പെടുത്തുന്നതു നോക്കൂ:


വീഴാൻ മടിച്ചിതാ തങ്ങിനിന്നീടുന്നു

വെൺമുത്തുപോൽ രണ്ടു കണ്ണീർക്കണികകൾ

എൻ കണ്ണിണയി, ലെൻ തപ്തചിത്തം പ്രതി -

ബിംബിക്കുമിക്കൊച്ചു വാതായനങ്ങളിൽ


എന്നേ തകർന്നൊരെൻ ജീവിത സ്വപ്നങ്ങൾ

നിന്നു തിളങ്ങുന്ന കണ്ണീർക്കണങ്ങളേ,

നിൽക്കണേ താഴോട്ടു വീഴാതെ നിങ്ങളി-

ശ്ശുഷ്കമാം ജീവന്നു താങ്ങും തണലുമായ്.


സങ്കല്പമേഖലമേലലതല്ലുമെൻ

സന്തപ്തചിന്താതരംഗമണികളേ,

എന്നൊടൊത്തിങ്ങനെ നിൽക്കണേ നിങ്ങളും

മണ്ണിലേയീ ഞാനടർന്നു വീഴും വരെ 

(കണ്ണീർക്കണികകൾ - 1954)


മേരി ജോൺ കൂത്താട്ടുകുളത്തിന്റെ മറ്റൊരു കവിത കൂടി പെട്ടെന്ന് ഓർമ്മ വരുന്നു. അമ്മയെ കാണാനായി വീട്ടിലേക്കു വരികയാണ് ആഖ്യാതാവ്. ഉമ്മറത്തു കേറിയിട്ടും ആരെയും കാണുന്നില്ല. പെട്ടെന്ന് തൊടിയിൽ നിന്ന് അമ്മയുടെ ശബ്ദം കേൾക്കുന്നു. പിറകേ അമ്മ ഉമ്മറത്തേക്കു കയറുന്നു.


അമ്പരന്നു ഞാൻ ചുറ്റും കണ്ണയക്കയായ്, കൈയിൽ

തൂങ്ങുമെൻ പെട്ടി താഴെ വെക്കുവാൻ മറന്നേ പോയ്.

താഴെ വെക്കുക മോളേ പെട്ടി, ഞാനിതാ വരാം,

ഏവമൊരശരീരിവാക്യമെൻ കാതിലെത്തി.

ഞെട്ടി ഞാൻ തിരിഞ്ഞൊന്നു നോക്കവേ കാണായ് വിള -

ഞ്ഞെത്രയും തുടുത്തതാം മധുരക്കിഴങ്ങുമായ്

തൊടിയിൽ നിന്നും വേഗമെത്തുമമ്മയെ, മക്കൾ -

ക്കിരയും കൊത്തിപ്പറന്നെത്തിടും കിളിയെപ്പോൽ.

ഇന്നുമീ മണ്ണിലുണ്ടു മധുരക്കിഴങ്ങെന്നാ-

ലമ്മയെക്കാണാനെത്ര ജന്മം ഞാൻ ജനിക്കണം.


ആധുനിക പൂർവ കവിതയിലെ ആ പെണ്ണിടങ്ങൾ ആധുനികതയുടെ കാലത്ത് ചുരുങ്ങിവന്നത് മലയാള കവിതാ ചരിത്രത്തിലെ കൗതുകകരമായ പ്രതിഭാസമാണ്. വിശാല മാനവിക വീക്ഷണവും നീതിബോധവും രാഷ്ട്രീയ പരതയും ഉയർത്തിപ്പിടിച്ചിട്ടും ആധുനികതയിൽ പെൺമൊഴികൾ പുലരാഞ്ഞത് എന്തുകൊണ്ടായിരിക്കാം? ഇക്കാര്യത്തിൽ ആധുനികതക്കു മുമ്പുള്ള കാലത്തെ അപേക്ഷിച്ച് കൂടുതൽ ഇടുക്കമുളളതായിരുന്നുവോ ആധുനികതാ കാലം?


അക്കാലത്തെ ആനുകാലികങ്ങളിൽ പെൺകവികളുടെ സാന്നിദ്ധ്യം ഇല്ലാതിരുന്നിട്ടില്ല. ഉദാഹരണത്തിന്, ആധുനികതയുടെ ഉദയഘട്ടത്തിൽ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച 'ഉറുമ്പുകടി' എന്ന കവിത നോക്കൂ:


ഞെട്ടി ഞാനുണർന്നെങ്ങും നോക്കവേയെറുമ്പിന്റെ

കൂട്ടമെൻ മെയ്യാകെയുമോടുന്നൂ,കടിക്കുന്നു.

പിടഞ്ഞങ്ങെഴുന്നേറ്റു കുടഞ്ഞൂ വിരിപ്പെല്ലാം

കിടന്നു മയങ്ങി ഞാൻ, പിന്നെയും കടിക്കുന്നു

തട്ടലും കുടയലും കഴിഞ്ഞൂ പലവട്ടം

വിട്ടൊഴിയുന്നതില്ലീച്ചെറു ജീവികൾ,ശല്യം!

വയ്യിനി, തളിച്ചൂ ഞാൻ ഡി.ഡി.ടി,അവക്കേതും

വയ്യാതായനങ്ങുവാൻ - സ്വൈരമായുറങ്ങാലോ.

മുറുക്കെക്കണ്ണും ചിമ്മിക്കിടന്നിതേറെ നേരം

ഉറക്കം വരുന്നില്ല, ലേശവും വരുന്നില്ല.

പുറത്തെയെറുമ്പെല്ലാം നശിച്ചിതെന്നാലയ്യോ

കടിച്ചു പൊളിക്കുന്നിതകത്തെയെറുമ്പുകൾ


പുതുകാല ജീവിതത്തിന്റെ ഹിംസാത്മകത മനസ്സിലുണ്ടാക്കുന്ന അസ്വസ്ഥതയാണ് എം.കെ. ദേവി എന്ന കവി 1952 ഒക്ടോബർ 5 ലക്കം മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ വന്ന ഈ കവിതയിൽ ആവിഷ്കരിച്ചത്. അയ്യപ്പപ്പണിക്കരും കക്കാടും മാധവൻ അയ്യപ്പത്തും പ്രതിനിധീകരിക്കുന്ന ആദ്യകാല ആധുനിക കവിതാധാരയിലേക്ക് സ്വാഭാവികമായും എത്തിച്ചേരാൻ പോന്നതാണ് ഇത്തരം എഴുത്തുകൾ. പക്ഷേ ആ തുടർച്ച നിലനിർത്താൻ കഴിഞ്ഞില്ല. ഈ എഴുത്തുകാരിയുടെ ഈയൊരു കവിതയല്ലാതെ മറ്റൊന്നും കണ്ടിട്ടുമില്ല. 


1960 കളിലും 70 കളിലും എഴുതി വന്ന കവിയാണ് സാവിത്രി മഹേശ്വരൻ. 1966-ൽ അവരുടെ 'ആകുമോ?' എന്ന കവിത മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ വരികയുണ്ടായി. ഭാഷയുടെയും ബിംബങ്ങളുടെയും സ്വാഭാവികതയും ജൈവികതയും കൊണ്ട് ശ്രദ്ധേയമാണ് ഇപ്പോൾ വായിക്കുമ്പോഴും ആ കവിത.


നനയുമിലകളിൽ തെളിഞ്ഞും മേഘച്ചാർത്തി -

ലൊളിഞ്ഞും സുഖസ്മൃതിയുണർത്തുമിളവെയിൽ,

കാറ്റു തട്ടുമ്പോൾ ഞെട്ടിക്കുളിരാർന്നിറുകുന്ന

കാട്ടുതിപ്പലി കെട്ടിപ്പിണഞ്ഞ മതിലോരം,

അതിയാമാലസ്യത്തിൽ കതിരാണ്ടു പോകുമ്പോ -

ളരിവാളിനെപ്പേടിച്ചുണരും പുഞ്ചപ്പാടം,

നീലനാഗംപോൽ ചുരുണ്ടുറങ്ങും മലനിര, 

മീതെ നിർഭയം നീന്തിയിഴയും മഴമേഘം,

ഈ നിസർഗ്ഗോന്മേഷങ്ങൾ മുകരാം മിഴിക്കെന്നാൽ

ഈരടിയുണർത്തും നിൻ മുഖമാവുമോ കാണ്മാൻ?


വായനക്കാരനെ/രിയെക്കുറിച്ചുള്ള എഴുത്തുകാരിയുടെ സങ്കല്പമാണീ കവിത. അനുഭവങ്ങളെ വായനക്കാരിലെത്തിക്കാൻ തനിക്കു കഴിയുമോ എന്ന വെമ്പൽ ഇവിടെത്തന്നെ കവിക്കുണ്ട്. ഈ കാവ്യഭാഷയിൽ നിന്നു വിട്ട് പിൽക്കാലത്ത് ആധുനിക ഭാവുകത്വത്തോടു ചേർന്നു നിൽക്കുന്ന കാവ്യഭാഷയിലേക്ക് ഇവരുടെ കവിത മാറുന്നതു കാണാം.1976-ൽ കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച കലി എന്ന കവിതയിൽ കാളിയുടെ ഒരു ചിത്രമുണ്ട്. ആധുനികതയുടെ ഭാവുകത്വവും ഭാഷയുമായി പെൺമ ഐക്യപ്പെടുന്നു ആ ചിത്രത്തിൽ. എഴുപതുകളിലെ രാഷ്ട്രീയവൽക്കരിക്കപ്പെട്ട ആധുനികതയെ പെൺമ അഭിമുഖീകരിക്കുന്നുണ്ട് ഈ കവിതയിൽ, കലിയേയും കാളിയേയും മുഖാമുഖം നിർത്തിക്കൊണ്ട്.


ഇവിടെക്കാണുന്ന ഓരോ ദുഃഖവും

കാലം തേടുന്ന സ്വയം സാക്ഷാൽക്കാരങ്ങളത്രെ.

സക്തിയുടെ പ്രാകൃതജിഹ്വകൾ കൊണ്ട്

അവയെന്നെ നക്കിത്തുടക്കുമ്പോൾ

സ്വയം പീഡനത്തിന്റെ നിർവൃതിയിൽ

കൺപോളകൾ കൂടുന്നു.

മുറിവുകളിൽ കാളിയുടെ കുങ്കുമം പൊടിയുന്നു.


സുഖത്തിന്റെ പൊള്ളയായ പൊട്ടിച്ചിരി

ഭിത്തികൾക്കപ്പുറം മുഴങ്ങുമ്പോൾ

ഞാനസഹ്യതയോടെ മുഖം തിരിക്കുന്നു.

അതിന്റെ മുഖം എനിക്കു നഷ്ടപ്പെട്ടിരിക്കുന്നു.

എങ്കിലുമതിന്റെ കണ്ണുകളിലെ ചിമർപ്പും

കണ്ണുകളിലെ വന്ധ്യമായ ഹാസവും

എനിക്കൂഹിക്കാൻ കഴിയും.


എന്നാൽ ആ തുടർച്ച നിലനിർത്താൻ കഴിയാതെ ഈ എഴുത്തുകാരി ഏറെക്കുറെ ആദൃശ്യയാവുകയാണുണ്ടായത്. ഇങ്ങനെ അന്നെഴുതി വന്നവരിൽ ഭാവുകത്വപരമായി ആധുനികതയോടൊപ്പം തുടരാൻ കഴിഞ്ഞ പെൺകവികൾ ആരെങ്കിലുമുണ്ടെന്നു തോന്നുന്നില്ല. ഭാഷയിലും ഭാവുകത്വത്തിലും പൊടുന്നനെയുണ്ടായ മാറ്റത്തിന്റെ അപരിചിതത്വമാവാം ഒരു പക്ഷേ അതിനു കാരണം. സഹജതയും ജൈവികതയും സ്വാഭാവികതയും പെണ്ണെഴുത്തിന്റെ സവിശേഷതയാണ്, ഏതു കാലത്തായാലും ഭാഷയിലായാലും. ആ പ്രകൃതത്തിന് ഇണങ്ങാത്ത കൃത്രിമ പരീക്ഷണങ്ങളിൽ മുഴുകിയിരുന്നു നമ്മുടെ ആധുനികത.ആധുനികതയുടെ ഉച്ചസ്ഥായിയിലുള്ള പൊതുഭാവുകത്വം പെണ്ണനുഭവങ്ങൾ ആഴത്തിലും സൂക്ഷ്മമായും ആവിഷ്കരിക്കാൻ പോന്നതല്ല എന്ന തോന്നലുമാകാം ആ ധാരയിൽ പെൺ ശബ്ദങ്ങൾ ഉയരാതിരിക്കാൻ കാരണം. എന്തായാലും ആധുനികതക്കു മുമ്പ് മലയാളകവിതയിലുണ്ടായിരുന്നത്ര പോലും പെൺ ശബ്ദങ്ങൾ ആധുനികതയുടെ കാലത്ത് ഉണ്ടായില്ല എന്നത് ഒരു വാസ്തവമാണ്.ആധുനികതക്കു മുമ്പുണ്ടായിരുന്ന പെൺകവിതാധാരയെ ആധുനികത മുറിക്കുകയും ചെയ്തു. (സുഗതകുമാരി മാത്രമാണ് അതിനെ അതിജീവിച്ചത്) ആധുനികാനന്തരം പെണ്ണിടങ്ങൾ കൂടുതൽ തെളിഞ്ഞു വന്നു. മലയാള കവിതയിലെ പെണ്ണെഴുത്തിന്റെ  ശ്രദ്ധേയമായ ആദ്യസമാഹാരമായ പെൺവഴികൾ 1994 ലാണ് പുറത്തിറങ്ങുന്നത്. കെ.ജി ശങ്കരപ്പിള്ള എഡിറ്റു ചെയ്ത ഈ പുസ്തകത്തിൽ ബാലാമണിയമ്മ, സുഗതകുമാരി, ഒ.വി.ഉഷ എന്നിവർ കഴിഞ്ഞാൽ പിന്നെ വരുന്നത് ആധുനികാനന്തര ഘട്ടത്തിലെ സാവിത്രി രാജീവനാണ്. അതിനിടയിലെ ദൂരത്തെക്കുറിച്ചാണ് നമ്മൾ പറയുന്നത്.


സമാന്തരമായി മലയാള കഥയിലും അക്കാലത്ത് സ്ത്രീ ശബ്ദങ്ങൾ കുറവു തന്നെയാണ്. എന്നാൽ മാധവിക്കുട്ടി ഇവിടെ വ്യത്യസ്തയാകുന്നു. ആധുനിക ഭാവുകത്വത്തെ പെണ്ണനുഭവങ്ങളോടിണക്കാൻ കഴിഞ്ഞ കഥാകൃത്താണ് മാധവിക്കുട്ടി. പക്ഷിയുടെ മണം പോലുള്ള കഥകൾ തന്നെ ഉദാഹരണം. എന്നാൽ കവിതയിൽ അവർക്കു മലയാളം മതിയാകാതെ വന്നു. കവിതക്ക് അവർ ഇംഗ്ലീഷ് സ്വീകരിച്ചു. രണ്ടു ഭാഷകളിലെഴുതുന്നതിലെ സങ്കീർണ്ണത 'ആൻ ഇൻട്രൊഡക്ഷൻ' എന്ന കവിതയിൽ അവർ ഇങ്ങനെ എഴുതുന്നു:


ഞാൻ മൂന്നു ഭാഷകളിൽ സംസാരിക്കുന്നു

രണ്ടിലെഴുതുന്നു

ഒന്നിൽ സ്വപ്നം കാണുന്നു.


ആധുനിക ഭാവുകത്വത്തെ പെണ്ണനുഭവങ്ങളോടു സ്വാഭാവികമായി ഇണക്കാൻ കവിതയിൽ അവർക്ക് ആധുനികതയുടെ മലയാളം പോരാതെ വന്നിരിക്കണം. മലയാള ആധുനികത കവിതയിൽ നിന്ന് അവരെ പുറന്തള്ളി എന്നും പറയാവുന്നതാണ്. ആധുനികതയുടെ തിരയടങ്ങിയ ശേഷം തന്റെ എഴുത്തു ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ അവർ മലയാളത്തിൽ കവിതകളെഴുതി എന്നതും ശ്രദ്ധിക്കേണ്ടതാണ്.


മലയാള കവിതയിലെ പെൺമൊഴിത്തുടർച്ചയെ ആധുനികത നിഷേധാത്മകമായി ബാധിച്ചത് നമ്മുടെ വിഖ്യാതരായ ആധുനിക കവികളാരും ശ്രദ്ധിച്ചിട്ടില്ല എന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം. സച്ചിദാനന്ദൻ, അയ്യപ്പപ്പണിക്കർ, എൻ.എൻ.കക്കാട് തുടങ്ങിയവർ കവിതയെക്കുറിച്ചും ആധുനിക ഭാവുകത്വത്തെക്കുറിച്ചും ഒട്ടേറെ പഠനങ്ങൾ നടത്തിയവരാണ്. തങ്ങളുടെ കൂട്ടത്തിൽ ഒരു പെണ്ണില്ല എന്നത് അവർ ശ്രദ്ധിച്ചതായി സൂചനകളൊന്നും ആ ലേഖനങ്ങളിലില്ല. മലയാളത്തിലെ പെണ്ണെഴുത്തിനെ സമഗ്രമായി വിശകലനം ചെയ്യുന്ന പി. ഗീതയുടെ എഴുത്തമ്മമാർ എന്ന പഠനഗ്രന്ഥത്തിലും ആധുനികത പെണ്ണെഴുത്തിന്റെ തുടർച്ചയെ മുറിച്ചത് നിരീക്ഷിക്കപ്പെട്ടിട്ടില്ല. ആധുനികതയുടെ വൻതിരയടങ്ങി 1980-നു ശേഷമാണ് തമിഴിലും മലയാളത്തിലും കവിതയിൽ സ്ത്രീകളുടെ ആവിഷ്കാരങ്ങൾ വിപുലമായത് എന്നത് ഒരു വസ്തുതയാണ്.




No comments:

Post a Comment