Tuesday, July 6, 2021

പെൺകൊടി - കി. രാ (തമിഴ്)

പെൺകൊടി
കി.രാജനാരായണൻ

കല്യാണവീടാകെ പരിഭ്രമത്തിലായി.
"എന്താ ... എന്താ ...." എന്ന് എല്ലാവരും ചോദിക്കുന്നതല്ലാതെ ആരും കാര്യമെന്തെന്നു പറയുന്നില്ല.
അകത്തു ചെന്ന് എത്തിനോക്കാമെന്നുവെച്ചാൽ അങ്ങോട്ടു കടക്കാൻ കഴിയാത്ത വിധം ചുമരു വെച്ച പോലെ പെൺകൂട്ടം.

പലതരം പൂക്കളുടേതു കൂടിക്കലർന്ന വാസന. ആ സുഗന്ധം പൂക്കളിൽ നിന്നാണോ അതോ ആ ശരീരത്തിൽ നിന്നാണോ വരുന്നത് എന്നറിയാത്ത ഒരു മയക്കം. തിരിയുന്നിടത്തെല്ലാം കല്യാണവീടിനു ചേർന്ന കാഴ്ച്ചകളും മണങ്ങളും.

"മാറ് ... ഒന്നു തള്ളിനിൽക്കൂ... ദൂരെപ്പോവിൻ ... ഞാനൊന്നു പോട്ടെ ..." എന്നിങ്ങനെ ശബ്ദങ്ങളുയർന്നതല്ലാതെ ആരും മാറിയതുമില്ല തള്ളി നിന്നതുമില്ല.മറിച്ച് ആളുകളെ അതങ്ങോട്ടു വീണ്ടും വീണ്ടും വിളിച്ചു വരുത്തി.

"ഏയ് മണി, ഇവിടെ വാ" എന്നു ഞാൻ ശബ്ദമുയത്തി. അവൻ കപ്പലു തുളയ്ക്കുന്ന ടോർപിഡോ പോലെ രണ്ടു പെണ്ണുങ്ങളുടെ ഇടുപ്പുകൾക്കിടയിലൂടെ തലയിട്ടു നൂണു, അകത്തു പോകാൻ.

അടുത്തിരുന്നവർ എന്റെ കൈയ്യമർത്തി, "മിണ്ടാതിരിക്ക്. ചെറുക്കൻ പോയി നോക്കി വന്നിട്ടു വേണം നമുക്ക് കാര്യമെന്തെന്നറിയാൻ" എന്നു പറഞ്ഞു തീരും മുമ്പേ മണി തിരിച്ചെത്തി.

**

നാലുപുരയും മുഖപ്പുകെട്ടും ചേർന്നതാണ് കല്യാണവീട്.മുൻവശത്ത് അടുക്കളക്കെട്ടും തൊഴുത്തും. മുഖപ്പുകെട്ടിടത്തിലാണ് കല്യാണപ്പെണ്ണിരിക്കുന്നത്. പെണ്ണു ചമഞ്ഞൊരുങ്ങിയപ്പൊഴേക്കും മുഹൂർത്തമടുത്തു. വിവാഹവേദിയിൽ ചെറുക്കൻ വന്നിരിപ്പായി. നാലുപുരക്കുള്ളിൽ തന്നെയാണ് വിവാഹവേദി. ഞങ്ങൾ നാലുപുരക്കും അടുക്കളക്കുമിടയിലെ മുറ്റത്തിരിക്കുകയാണ്.

ഞങ്ങളവിടെ ജമുക്കാളത്തിലിരുന്ന് വെറ്റില മുറുക്കുകയാണെന്ന പേരിൽ വെറ്റില ഞെട്ടിയും വെറ്റില ഞരമ്പുകളും കിള്ളിയെറിഞ്ഞ് ജമുക്കാളഞ്ഞെ കുപ്പയാക്കിയും വെറ്റിലച്ചാറും ചണ്ടിയും തുപ്പിത്തുപ്പി തറ അശുദ്ധമാക്കിയും വായ കറയാക്കിയും രാഷ്ട്രീയം സംസാരിച്ചു കൊണ്ടിരുന്നു. സംസാരത്തിൽ 'ഗരീബി ഹഠാവോ' ശക്തമായി കടന്നുവന്നു. കല്യാണം ഞങ്ങൾക്ക് രണ്ടാം വിഷയമായി മാറി. ഒരു തരത്തിൽ അതാണു സത്യവും.

കല്യാണം നടന്നത് ഞങ്ങളുടെ ചിറ്റപ്പന്റെ വീട്ടിൽ. എന്നാൽ കല്യാണം ഞങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ടതല്ല. കല്യാണപ്പെണ്ണ് ഒരനാഥ. ചെറു പ്രായത്തിൽ അവൾ ചിറ്റപ്പന്റെ വീട്ടിൽ എരുമയെ മേയ്ക്കാൻ വന്നതാണ്. വീട്ടുജോലിയെല്ലാം ചെയ്യും. ഭക്ഷണം കഴിക്കുന്ന നേരത്തൊഴികെ മറ്റെല്ലായ്പോഴും എരുമച്ചാണകത്തിന്റേയും മൂത്രത്തിന്റേയും നാറ്റത്തിലാണ് അവൾ താമസം. ഊമയല്ലെങ്കിലും വായ തുറന്ന് അധികമൊന്നും അവൾ മിണ്ടാറില്ല. ചെയ്യാൻ പറഞ്ഞ പണി ഏതു നേരത്തായാലും അവൾ മടിയില്ലാതെ ചെയ്യും. രാത്രി പത്തു പതിനൊന്നു മണിയോടെ വീട്ടിലെയാളുകൾ മിക്കവാറും ഉറക്കത്തിലാവും. തൊഴുത്തിൽ മാടുകൾ ഉറങ്ങുന്നുണ്ടാവും. ഒടുവിൽ മുത്തശ്ശി തന്നെ പറയും, "പേരക്കാളേ, എടിയേ....ഇനി മതി, നീ ഉറങ്ങിക്കോ" മുത്തശ്ശിക്ക് ഉറക്കം വരുന്നതു വരെ കൈയും കാലും തടവിക്കൊണ്ടിരിക്കണം അവൾ.

മുത്തശ്ശിക്ക് ഉറക്കമേ വരില്ല. ഒരു ചെറിയ കോഴിയുറക്കമുറങ്ങും,അത്ര തന്നെ. മൂന്നു മണിക്ക് തൊഴുത്തിന്റെ മേൽക്കൂരയിലിരിക്കുന്ന പൂവൻ കോഴി ചിറകുകൾ പടപടയെന്നടിച്ച് ഒരു കൊക്കരക്കോ കൂവും. ഗ്രാമത്തിൽ ആദ്യം കൂവുന്ന പൂവങ്കോഴി അതാണ്. ഇക്കാര്യത്തിലുമുണ്ട് മുത്തശ്ശിക്കൊരു പെരുമ.

കോഴിയുടെ ആദ്യത്തെ കൂവൽ കേട്ടാലുടനെ പാട്ടിയുടെ ശബ്ദമുയരും. "പേരക്കാളേ, എടീ ... എണീയ്ക്ക്" ഈ ഒരു വാക്കിനായി കാത്തിരുന്നതു പോലെ ചാടി വീണ് എഴുന്നേൽക്കും അവൾ.

രാവിലെ എഴുന്നേറ്റാൽ ചിറ്റപ്പൻ ആദ്യം തന്നെ തന്റെ വാച്ചിന് ചാവി കൊടുക്കും.

പേരക്കാളിനോ മുത്തശ്ശിയുടെ ശബ്ദം തന്നെയാണ് ചാവി. ഉടനെ മുറ്റം തളിച്ചുകൊണ്ടു ജോലി തുടങ്ങും.

പേരക്കാൾ ആ വീട്ടിലേക്കു വന്ന ശേഷം അവളുടെ ശരീരത്തിലുണ്ടായ മാറ്റങ്ങൾ പോലെ ആ വീട്ടിലും പല മാറ്റങ്ങളുണ്ടായി, അവൾ കാരണം.

തൂക്കണാങ്കുരുവിക്കൂടുപോലെ കാണപ്പെട്ട അവളുടെ തലമുടി ചിറ്റപ്പൻ അങ്ങാടിയിൽനിന്ന് ആളെ വരുത്തി പറ്റെ വടിക്കാൻ പറഞ്ഞു. കുറച്ചു കാലം പേരക്കാൾ അങ്ങനെയിരുന്നു. അപ്പോൾ പേരക്കാളെ കാണുന്നവർ "നല്ല ആട്ടുകല്ലു പോലെയുണ്ട്" എന്നു പറഞ്ഞു ചിരിക്കും.

അവൾ വളർന്ന ശേഷം മൊട്ടയടിക്കാതെ ബോബ് ചെയ്തു കൊള്ളാൻ ചിറ്റപ്പൻ അനുവദിച്ചു. വീട്ടിലെ പയ്യന്മാർക്ക് ബാർബർ വന്നു ബോയ്കട്ട് വെട്ടുമ്പോൾ പേരക്കാൾക്കും അതുപോലെ ചെയ്യും - അവളോടു ചോദിക്കാതെ തന്നെ.

അവൾക്ക് ദാവണി കൊടുത്ത് ഇട്ടുകൊള്ളാൻ പറഞ്ഞപ്പോൾ ചിറ്റപ്പന്റെ വീട്ടിലെ തൊഴുത്തു മേൽക്കൂര ഓട് ആയി മാറിയിരുന്നു.

വളരുമ്പോഴും അവൾ ബോബു വെച്ചുകൊണ്ടിരുന്നു. ചിലർ അവളെ ഇന്ദിരാഗാന്ധി എന്നു വട്ടപ്പേരിട്ടു വിളിച്ചു. വലിയേച്ചി അതിനൊന്നും പറഞ്ഞില്ല. ഇന്ദിരാഗാന്ധി തന്നെപ്പോലൊരു പെണ്ണാണെന്നോ ഇന്ത്യ ഭരിക്കുന്ന റാണിയാണെന്നോ അവൾക്കറിയില്ല.

പാട്ടി തന്നെ ഒരു ദിവസം ചിറ്റപ്പനോടു വഴക്കിട്ടു. അതിൽ പിന്നെ ബാർബർ വന്ന് അവളുടെ മുടി വെട്ടിയിട്ടില്ല.

കൃഷിപ്പണിക്കു വരുന്ന പണിക്കാർ ഗ്രാമക്കിണറിൽ നിന്നു കുടം കുടമായി വെള്ളം ചുമക്കാൻ വിസമ്മതിച്ചു. അതിനാൽ കർഷകർ അറുനൂറും ആയിരവും ചെലവഴിച്ച് വീടുതോറും മോട്ടോർ പമ്പ് വച്ചു. ചിറ്റപ്പന്റെ വീട്ടിൽ ആ മാറ്റം സംഭവിച്ചതേയില്ല. കുടം വയ്ക്കുന്നതിന് പേരക്കാളുടെ കരുത്തുറ്റ ഇടുപ്പ് ഉണ്ടായിരുന്നു. വെള്ളം നിറഞ്ഞ വലിയ തൊട്ടി കിണറ്റിൽ നിന്നു വലിച്ചു കോരി കിതയ്ക്കുമ്പോൾ അവളുടെ പരുത്ത മാറിടവും കൈത്തണ്ടകളും നോക്കി ഗ്രാമത്തിലെ ചെറുപ്പക്കാർ നെടുവീർപ്പു വിടും.

പണിയേറെയുള്ള വിത ദിവസങ്ങളിൽ ചിറ്റപ്പന്റെ വീട്ടിൽ പണിക്കാരുടെ കുറവ് അനുഭവപ്പെട്ടതേയില്ല. ആ സമയത്തു വന്നു ചേർന്ന പണിക്കാരിലൊരാളാണ് കുമരയ്യ. ചന്തയിൽ മാടിനെ നോക്കുന്നതിൽ എത്ര സാമർത്ഥ്യമുണ്ടോ അത്രയും സാമർത്ഥ്യം ചിറ്റപ്പന് പണിക്കാരെ വകതിരിവോടെ കണ്ടുപിടിക്കുന്നതിലുമുണ്ട്. കുമരയ്യയും പേരക്കാളും തമ്മിലുള്ള അടുപ്പം കണ്ടുപിടിക്കുന്നതിൽ പ്രത്യേക നൈപുണ്യമുണ്ടായിരുന്നു മുത്തശ്ശിക്ക്. ആകയാൽ അവരിരുവരെയും തമ്മിൽ ചേർത്തൊരുമിപ്പിക്കാൻ തീരുമാനമായി.

'നൂറു കല്യാണം നടന്ന വീട് ഐശ്വര്യമുള്ളത്' എന്നതൊരു വിശ്വാസം. ആകയാൽ ഈ കല്യാണം തങ്ങളുടെ വീട്ടിൽ തങ്ങളുടെ ചെലവിൽ നടത്തും എന്നവർ തീരുമാനിച്ചു. അതോടെ പേരക്കാളും കുമരയ്യയും ആ വീടിനോട് എന്നും കടപ്പെട്ടവരായിരിക്കും.

ഗ്രാമമാകെ ആ വിവാഹത്തിൽ ആവേശം കൊണ്ടു എന്നു പറയാം.

**
മണി ഇപ്പോൾ ആ തിരക്കിൽ നിന്നു പുറത്തേക്കു വന്നുകൊണ്ടിരുന്നു. കാര്യമെന്തെന്നു ചോദിക്കും മുമ്പേ അവൻ ഓടിവന്നു പറഞ്ഞു. കല്യാണപ്പെണ്ണ് മയങ്ങി വീണത്രെ.

ഞങ്ങൾക്കെല്ലാവർക്കും ഒരേ ആകാംക്ഷ. കാരണമറിയുന്നില്ല. തിക്കിത്തിരക്കു കൊണ്ടോ കാറ്റോട്ടമില്ലാത്തതിനാലോ ആവില്ല.അതൊന്നും പേരക്കാളുടെ ശരീരത്തെ തളർത്തില്ല. അങ്ങനെ തളർത്താവുന്ന പലതും അവിടെയുണ്ട്. ഒന്നും മയക്കമുണ്ടാക്കിയതായി കേട്ടിട്ടില്ല!

മുത്തശ്ശി ചിരിച്ചുകൊണ്ടു പുറത്തുവന്നു. അവർ ഈ കാല്ല്യാണത്തിന് തനിയ്ക്കായി എടുത്ത പുതിയ പരുത്തിപ്പട്ടുസാരി ഉടുത്തിരുന്നു. ചിറ്റപ്പനോട് എന്തോ പറഞ്ഞ് ഉറക്കെച്ചിരിച്ചു. ചിറ്റപ്പനും ചിരിച്ച പോലെ ഇരുന്നു.

എന്താണെന്നു ചോദിച്ചറിയാൻ ഞാൻ എഴുന്നേറ്റു. അതിനകം പാട്ടി തന്നെ പുറത്തു വന്നു പറഞ്ഞു: "കഴുത! ഒരു ദിവസമെങ്കിലും തലയിൽ പൂ വെച്ചാലല്ലേ, ഇന്നു ചമയിക്കുമ്പോൾ പൂ മണം താങ്ങാനാവാതെ മയങ്ങി വീണു പോയി!"

മുത്തശ്ശി പറഞ്ഞതു കേട്ട എല്ലാവരുടെ മുഖത്തും അത്ഭുതം വിരിഞ്ഞു. പിന്നെയത് ചിരിയായ് വഴിഞ്ഞു.

ചിരി വരുന്നില്ല, എനിക്ക്.

No comments:

Post a Comment