വീണ്ടും പേരിടേണ്ട വസ്തുക്കൾ,
വീണ്ടും നിർവചിക്കേണ്ട ലോകം.
പി.രാമൻ
പെറ്റു വീണ ഒരു കുഞ്ഞ് ലോകത്തെ അറിയുന്നത് ഇന്ദ്രിയങ്ങളിലൂടെയാണ് - അതായത് കണ്ടും കേട്ടും രുചിച്ചും തൊട്ടും മണത്തുമാണ്. ഇന്ദ്രിയ വാതിൽ കടന്നാണ് ലോകം നമ്മളിലേക്കു പ്രവേശിക്കുന്നത്. വായനക്കാരുടെ ഇന്ദ്രിയബോധങ്ങളെ തൃപ്തിപ്പെടുത്തിക്കൊണ്ടാണ് കവികൾ സൃഷ്ടിക്കുന്ന ലോകവും അവരുടെ ഉള്ളിലേക്കു കടക്കുക. ഇന്ദ്രിയവേദ്യത കവിതക്കുണ്ടാവേണ്ട അടിസ്ഥാനഗുണങ്ങളിൽ ന്നൊണ് . കവിത ഇന്ന തരത്തിലാവണം എന്ന് ആർക്കും തീർപ്പു പറയുക അസാദ്ധ്യമാണ്. എന്നാൽ കവിത ഇന്ദ്രിയവേദ്യമാവണം എന്ന് നമുക്കു ധൈര്യത്തോടെ പറയാൻ കഴിയും. അനുഭവത്തിന്റെയും അനുഭൂതിയുടെയുമെല്ലാമടിയിൽ ഇന്ദ്രിയവേദ്യതയുണ്ട്. എന്നാൽ ഏതെങ്കിലും ഇന്ദ്രിയവാതിൽ പൂർണ്ണമായോ ഭാഗികമായോ അടയപ്പെട്ട ധാരാളം മനുഷ്യർ നമുക്കിടയിലുണ്ട്. അവർ ലോകത്തെ അനുഭവിക്കുന്നതിന്റേയും ആവിഷ്കരിക്കുന്നതിന്റേയും രീതി സവിശേഷതകളുള്ളതാവുകയും ചെയ്യും. അത്തരത്തിൽ സവിശേഷമായി ലോകത്തെ അറിയുകയും ആവിഷ്കരിക്കുകയും ചെയ്യുന്ന കവികൾ ലോക സാഹിത്യത്തിലുണ്ട്. മലയാളത്തിലും അടുത്ത കാലത്ത് അത്തരം ആവിഷ്കാരങ്ങൾക്കു ശ്രമിക്കുന്ന കവികൾ രംഗത്തുവന്നിട്ടുണ്ട്.
യൂറോപ്യൻ കവിതയിലെ പുതുനിരക്കവികളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നയാളാണ് ജമൈക്കൻ വംശജനായ ബ്രിട്ടീഷ് കവി റെയ്മണ്ട് ആൻട്രോബസ്.1986 -ൽ ജനിച്ച ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ കവിതാസമാഹാരമാണ് 'ദ പെഴ്സവറൻസ്'(2018 ). ഈ പുസ്തകത്തിന് 2019 ലെ ടെഡ് ഹ്യൂസ് പുരസ്കാരം കിട്ടുകയും ചെയ്തു. നിരന്തര പരിശ്രമം, സ്ഥിരോത്സാഹം എന്നെല്ലാമാണ് പെഴ്സവറൻസ് എന്ന വാക്കിന്റെ അർത്ഥം. ആ തലക്കെട്ടിനെ പൂർണ്ണമായും സാധൂകരിക്കുന്നവയാണ് അതിലെ കവിതകൾ. ഇംഗ്ലീഷുകാരിയായ അമ്മയുടെയും ജമൈക്കയിൽ നിന്ന് ബ്രിട്ടണിലേക്കു കുടിയേറിയ അച്ഛന്റേയും മകനായി ജനിച്ച റയ്മണ്ടിന് ആറാം വയസ്സിൽ കേൾവിശക്തി നഷ്ടപ്പെട്ടു. ആറുവയസ്സിനു മുമ്പ് അമ്മയുമച്ഛനും ചൊല്ലിക്കൊടുത്ത കവിതകളിൽ നിന്നു പ്രചോദിതനായാണ് അദ്ദേഹം എഴുതിത്തുടങ്ങുന്നത്. അങ്ങനെ വായിച്ചു കേട്ട ചില കവിതകൾ മുറിയുടെ ചുമരിൽ പതിപ്പിച്ചതിനെപ്പറ്റി അദ്ദേഹം ചില അഭിമുഖ സംഭാഷണങ്ങളിൽ പറഞ്ഞിട്ടുണ്ട്. വലുതായപ്പോൾ അദ്ദേഹം ബാധിര്യത്തെ ഹിയറിങ് എയ്ഡുകൾ കൊണ്ടും സ്വന്തം സർഗ്ഗാത്മകത കൊണ്ടും നേരിട്ടു. ആറു വയസ്സിനു മുമ്പു കേട്ടവ, ഹിയറിങ് എയ്ഡ് ഉപയോഗിച്ച് ഇപ്പോൾ കേൾക്കുന്നവ, ഒരിക്കലും കേൾക്കാനാവാത്ത ലോകം,കേൾവി എന്ന അനുഭവത്തിലൂടെയല്ലാതെ ഉള്ളിലെത്തുകയും ആവിഷ്കരിക്കപ്പെടുകയും ചെയ്യുന്ന ലോകം, ഇന്ദ്രിയങ്ങളെല്ലാം തികഞ്ഞ ലോകത്തിന് ആ തികവ് ഇല്ലാത്തവരോടുള്ള മനോഭാവം എന്നിവയെല്ലാം ഈ കവിയുടെ മുഖ്യപ്രമേയങ്ങളാണ്. മിയാമി എയർപോർട്ടിൽ വന്നിറങ്ങുന്ന ഭിന്ന ശേഷിക്കാരനായ ഒരു മനുഷ്യന്റെ അനുഭവത്തിലൂന്നുന്ന ഈ കവിത നോക്കൂ:
ചോദിച്ചതിനെന്താണു നിങ്ങൾ മറുപടി പറയാത്തത്?
ചെകിടനെപ്പോലെ തോന്നുന്നില്ലല്ലോ?
തെളിവു തരാമോ ?
നിങ്ങൾക്ക് ചിഹ്ന ഭാഷ അറിയാമോ?
ഐ.ഡി?
നിങ്ങളെപ്പോലാരെയും
ഞാൻ ഇംഗ്ലണ്ടിലായിരുന്നപ്പോൾ
കണ്ടിട്ടില്ലല്ലോ.
ആഫ്രിക്കയിൽ എന്തായിരുന്നു?
ഒരു ടീച്ചറെപ്പോലെ നിങ്ങൾ കാണപ്പെടാത്തതെന്താണ്?
ഈ ഫോട്ടോകൾ ആരുടേത്?
നിങ്ങളുടെ ഗേൾഫ്രണ്ടാണോ ഇത്?
അവൾ ഇംഗ്ലീഷുകാരിയെപ്പോലെയല്ലാത്തത് എന്താണ്?
നിങ്ങൾ തങ്ങുന്നിടത്തെ അഡ്രസ്?
നിങ്ങളുടെ കൂടെയുള്ള ബാഗിന്റെ നിറമെന്താണ്?
താമസിച്ചേടത്തെ അഡ്രസ്, ഒന്നുകൂടിപ്പറയൂ.
അവിടെ നിന്നാണോ നമ്മൾ മയക്കുമരുന്നു പിടിച്ചെടുക്കാൻ പോകുന്നത്?
എന്താണ് നിങ്ങൾ ഫോൺ പരിശോധിക്കുന്നത്?
നിങ്ങളുടെ വിരലടയാളം എടുക്കട്ടെ?
ഉള്ളങ്കൈകൾ വിയർക്കുന്നല്ലോ?
നിങ്ങളുടെ ബാഗ് ചുവപ്പാണെന്നു പറഞ്ഞതെന്താണ്?
അത് നിറം മാറിയതെങ്ങനെ?
നിങ്ങളുടെ കണ്ണിന്റെ നിറമെന്ത്?
നിങ്ങളുടെ ബാഗിൽ നിന്ന് എത്ര മയക്കുമരുന്ന് എനിക്കു കിട്ടും?
എന്താണ് നിങ്ങളുടെ ബാഗിൽ മയക്കുമരുന്നില്ലാത്തത്?
നിങ്ങളെന്നെ കുഴക്കുകയാണല്ലോ?
കൈയിലൊന്നുമില്ലെങ്കിൽ പിന്നെ
നിങ്ങളിങ്ങനെ പരുങ്ങുന്നതെന്താണ് ?
നിങ്ങളെപ്പോലുള്ളവരുടെ ബാഗുകളിൽ ഞാൻ കണ്ടതു പറഞ്ഞാൽ വിശ്വസിക്കുമോ?
നിങ്ങളെ സ്വതന്ത്രനാക്കാൻ പോവുകയാണെന്നു
വിചാരിക്കുന്നോ?
നിങ്ങളെന്താ കേൾക്കാത്തത്?
ഒരു മനുഷ്യന്റെ ശരീരാവസ്ഥ അയാളുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള മുൻധാരണയായി മാറുന്നതും അതിന്റെ പേരിൽ അയാൾ ചോദ്യം ചെയ്യപ്പെടുന്നതും ഈ കവിതയിൽ കാണാം. പ്രിയപ്പെട്ട കേൾവിലോകമേ എന്ന കവിതയിൽ കേൾക്കാത്ത ശബ്ദങ്ങളുടെ പേരിൽ താൻ എങ്ങനെയാണ് അന്യവൽക്കരിക്കപ്പെട്ടത് എന്നും നഷ്ടപ്പെട്ട അന്ധശബ്ദങ്ങളെത്തേടി ശൂന്യാകാശത്തു തെരയാൻ താൻ ഭൂമിവിട്ടു പോവുകയാണെന്നും കവി വ്യക്തമാക്കുന്നുണ്ട്. കേൾക്കാൻ കഴിയുന്ന ഒരു ദൈവത്തെ തെരഞ്ഞാണു താൻ ഭൂമി വിട്ടു പോകുന്നത്. നമ്മുടെ കാഴ്ച്ചകൾ എത്ര അപൂർണ്ണമാണെന്ന് ഓർമ്മിപ്പിക്കുന്നു റെയ്മണ്ട് ആൻട്രോബസിന്റെ കവിതാലോകം.
ഇന്ദ്രിയപരമായ അപൂർണ്ണതയെ എഴുത്തിലൂടെ അഭിമുഖീകരിച്ച ആദ്യത്തെ മലയാള കവി വള്ളത്തോളാണ്. മുപ്പതോടടുത്ത പ്രായത്തിലാണ് വള്ളത്തോളിന് ബാധിര്യം പിടിപെടുന്നത്. നേരിട്ട് ഈ വിഷയം മുന്നോട്ടുവയ്ക്കുന്നു ബധിരവിലാപം എന്ന കവിത. രോഗബാധയാലുണ്ടായ തന്റെ ദുഃഖം മാറ്റിത്തരണേ എന്ന് അംബികയോട് അപേക്ഷിക്കുകയാണ് വള്ളത്തോൾ. ഈ കവിതയിൽ മാത്രമല്ല, ഗണപതി, ശിഷ്യനും മകനും എന്നീ ഖണ്ഡകാവ്യങ്ങളിലും ഇതേ പ്രമേയം നേരിട്ടല്ലാതെ അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്. ഗണപതിയുടെ തല പോയി ആനത്തലവെച്ച കഥയാണ് ഗണപതിയിലെങ്കിൽ കൊമ്പറ്റ കഥയാണ് ശിഷ്യനും മകനും. പുരാണകഥ പറയുക എന്നതിലുപരി പരോക്ഷമായെങ്കിലും വികലാംഗത്വത്തെ പ്രശ്നവൽക്കരിക്കാൻ ശ്രമിക്കുക കൂടി ചെയ്യുന്നുണ്ട് ഈ ഖണ്ഡകാവ്യങ്ങൾ.
ഞാൻ വിദ്യാർത്ഥിയായിരുന്ന കാലത്ത് നേരിൽ പരിചയപ്പെട്ട ആദ്യ കവിയാണ് പുലാക്കാട്ടു രവീന്ദ്രൻ. തൃശൂർ ജില്ലയിലെ ദേശമംഗലത്തെ വീട്ടിൽ ചെന്നു കാണുന്ന കാലത്ത് അദ്ദേഹത്തെ അന്ധത ഏറെക്കുറെ ബാധിച്ചു കഴിഞ്ഞിരുന്നു. "കണ്ണു പോയാലും കണ്ണീരുണ്ടെനിക്ക്, അതേ ഭാഗ്യം" എന്ന് ഒരു കവിതയിൽ അദ്ദേഹം എഴുതിയിട്ടുണ്ട്. 'ഇപ്പൊഴും' എന്ന കവിതയിൽ കാഴ്ച്ച ശക്തി നഷ്ടപ്പെട്ടതിനു ശേഷവും തുടരുന്ന കാഴ്ച്ചയെ അദ്ദേഹം അടയാളപ്പെടുത്തുന്നുണ്ട്.
ഇപ്പൊഴും കാൺമേൻ നക്ഷത്രങ്ങൾ തൻ കണ്ണീരൊപ്പൽ
ഇപ്പൊഴും കാൺമേൻ മണൽപ്പരപ്പിൻ കൊടും ചിരി
ഗിരിഗഹ്വരങ്ങൾ തൻ മറയ്ക്കാനാകാനാണം
ചെറു പുൽക്കൂമ്പിൻ തല കുനിക്കാത്തൊരു നില്പും.
രോഗിയാം കടലിന്റെയാകാശ സ്വപ്നം
എന്നിങ്ങനെ, പുറം കാഴ്ച്ച മങ്ങിയപ്പോഴും തിരയടിക്കുന്ന അകം കാഴ്ച്ചകൾ കവി വിവരിക്കുന്നു. ദൃശ്യത്തിൽ അദൃശ്യത്തേയും അദൃശ്യത്തിൽ ദൃശ്യത്തേയും ഇപ്പോൾ കാണാൻ കഴിയുന്നു എന്ന് അടിവരയിട്ടാണ് ആ കവിത അവസാനിക്കുന്നത്. സാധ്യതകളെക്കുറിച്ചു മാത്രമല്ല, പരിമിതികളെക്കുറിച്ചും അപൂർണ്ണതകളെക്കുറിച്ചും കൂടിയുള്ളതാവണം എഴുത്ത് എന്നു ഞാൻ മനസ്സിലാക്കിയത് ആ കവിയിൽ നിന്നാണ്. എന്റെ ഇത്തിരിവട്ടങ്ങളെക്കുറിച്ച് എഴുതാൻ വേണ്ട ഭാഷ തേടുകയാണ് ഞാൻ വേണ്ടത് എന്നു തോന്നിയത് അദ്ദേഹത്തെ പരിചയപ്പെട്ടതിനു ശേഷമാണ്.
തന്റെ സഹജമായ ശാരീരിക അപൂർണ്ണതകളെ സ്വന്തം ദർശനത്തോടിണക്കിയ തമിഴ് കവിയാണ് മനുഷ്യപുത്രൻ. 1990 കളുടെ തുടക്കം തൊട്ട് എഴുത്തിൽ സജീവമായ കവിയാണ് ഇദ്ദേഹം. സ്വന്തം ശരീരാവസ്ഥയെ മുൻനിർത്തിയുള്ള കവിതകൾ തുടക്കം തൊട്ടേ അദ്ദേഹം എഴുതിയിട്ടുണ്ട്. 'കാലുകളുടെ ആൽബം' അക്കൂട്ടത്തിൽ പെട്ട ഒരു കവിതയാണ്. തലകൾക്കു മാത്രം മതിയോ ആൽബം എന്നു ചോദിച്ചു തുടങ്ങുന്ന കവിത, ആറു ചാൺ ഉടലിന്ന് കാലേ പ്രധാനം എന്നതിനാൽ കാലുകളുടെ ഒരാൽബം നിർമ്മിക്കാനൊരുങ്ങുകയാണ്. തുടർന്ന് കവിതയിൽ പലതരം കാലുകളുടെ ചിത്രങ്ങൾ നിരക്കുന്നു. ഭൂമി മുഴുവൻ ചുറ്റിസ്സഞ്ചരിച്ച ചീനസ്സഞ്ചാരിയുടെ കാലുകൾ തൊട്ട് തയ്യൽ യന്ത്രം ചവിട്ടുകയും സിഗററ്റുകുറ്റി ചവിട്ടിക്കെടുത്തുകയും കുഷ്ഠം പിടിച്ചളിയുകയും ചെയ്ത കാലുകൾ വരെ കാലുകളുടെ ആൽബത്തിൽ ചേർക്കപ്പെടുന്നു. ആ തുടർച്ചിത്രങ്ങൾക്കു ശേഷം "എങ്കിലും പെട്ടിക്കടിയിൽ ആരും കാണാതെ ഒളിപ്പിച്ചു വയ്ക്കും ഞാനെന്റെ പോളിയോക്കാലുകൾ മാത്രം" എന്നിങ്ങനെ, ആൽബത്തിൽ നിന്നു മാറ്റി നിർത്തുന്ന സ്വന്തം കാലുകളെക്കുറിച്ചു പറഞ്ഞാണ് ആഖ്യാതാവ് പിൻവാങ്ങുന്നത്. ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു വന്ന് പതുക്കെ അടുത്തിരുന്ന്, കാഴ്ച്ചശക്തി നഷ്ടപ്പെട്ടയാളുടെ സ്വകാര്യതകളിലേക്ക് ഉറ്റുനോക്കുന്ന ഒരു ജോഡിക്കണ്ണായി മനുഷ്യ മനസ്സിനെത്തന്നെക്കാണുന്ന അന്തരംഗം എന്ന കവിതയും പെട്ടെന്ന് ഓർമ്മ വരുന്നു.
മലയാള കവിതയുടെ ചരിത്രം എന്നത്, ഏറ്റവും സൂക്ഷ്മസംവേദനശേഷിയുള്ള പൊതുമണ്ഡലമായി കാവ്യകല വിസ്തൃതമായതിന്റെ ചരിത്രമാണ്. ഓരോ കാലത്തും പുതുതായി അതിലേക്കു വന്നു ലയിച്ച പ്രവാഹങ്ങൾ ചേർന്നു തിടം വെച്ചതാണാ പൊതുമണ്ഡലം. നിരന്തരസമരങ്ങളുടെയും സഹനങ്ങളുടെയും ഫലമാണത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെയാണ് അന്നോളം കേൾക്കാത്ത ശബ്ദങ്ങൾ മുഴങ്ങിക്കേട്ട് ആ പൊതുമണ്ഡലം ശക്തിപ്പെട്ടത്.അന്നോളം പാർശ്വവൽക്കരിക്കപ്പെട്ട സംഘശബ്ദങ്ങളും വ്യക്തിശബ്ദങ്ങളും അവിടെയുയർന്നു. അവർണ്ണവും അഹൈന്ദവുമായ അനുഭവലോകം ആ പൊതുമണ്ഡലത്തിന്റെ അവിഭാജ്യ ഭാഗമായി. പെണ്ണനുഭവങ്ങൾ, വൈവിധ്യമാർന്ന തൊഴിലനുഭവങ്ങൾ എന്നിവയും ഏറെ വൈകി ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലെങ്കിലും മൂന്നാംലിംഗ അനുഭവ ലോകവും ആ പൊതുമണ്ഡലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ കേരളത്തിലെ ഗോത്രവർഗ്ഗ ഭാഷകളിലെ കവിതകൾ ഏറെ ചർച്ച ചെയ്യപ്പെട്ടു വരുന്നു. ഭിന്നശേഷിയുള്ള മനുഷൃരുടെ എഴുത്ത് പക്ഷേ ഇപ്പൊഴും മലയാളത്തിൽ പരക്കേയുള്ള ചർച്ചകൾക്കിടം കൊടുക്കുമാറ് ശക്തിപ്പെട്ടു വരുന്നതേയുള്ളൂ. ആ കവിതകൾക്കുള്ള കേരളീയമായ പശ്ചാത്തലം എന്ന നിലയിലാണ് വള്ളത്തോളിന്റെയും പുലാക്കാട്ടു രവീന്ദ്രന്റേയും കവിതകളെക്കുറിച്ച് ഇവിടെ പരാമർശിച്ചത്. ആ കവിതകളുടെ വരവിനും വായനക്കും ഇണങ്ങിയ സമകാലസാഹിത്യാന്തരീക്ഷമാണ് മനുഷ്യപുത്രന്റേയും റെയ്മണ്ട് ആൻട്രോബസ്സിന്റേയും കവിതാലോകത്തിന്റെ സാന്നിദ്ധ്യത്തിലൂടെ നമുക്കു ബോധ്യപ്പെടുന്നത്.
അടുത്തിടെ മലയാളത്തിൽ വായിച്ച സി. പഴനിയപ്പന്റെ കവിതകളുടെ അനുഭവലോകം വ്യത്യസ്തമാകുന്നത് ഈ സാഹചര്യത്തിലാണ്. രൂപങ്ങൾ അരൂപങ്ങൾ നിർവചനങ്ങൾ എന്ന പേരിലാണ് ആ കവിതകൾ പുറത്തു വരുന്നത്. തന്റെ അനുഭവലോകത്തിലെ എല്ലാ വസ്തുക്കളെയും പുതുതായി നിർവചിക്കാനുള്ള ശ്രമമാണ് ഈ പുതിയ കവിയുടേത്. താൻ ഒരു കവിയാണെന്നോ എഴുതുന്നതു കവിതയാണെന്നോ ഉള്ള പരിഗണനയൊന്നും കൂടാതെ, നിവൃത്തിയില്ലാത്തതു കൊണ്ട് ഓരോ വസ്തുവിനേയും പുതുതായി നിർവചിക്കേണ്ടി വന്നിരിക്കുന്നു തനിക്ക് എന്ന ഭാവമാണ് ഇവിടെ കവിക്കുള്ളത്. ഓരോ വസ്തുവിനും പുതുതായി പേരിടുകയാണ് എന്നും പറയാം. കുരുടൻ, അന്ധൻ, ചെകിടൻ, ചെകിടു പൊട്ടൻ തുടങ്ങിയ വാക്കുകൾ യാതൊരു പുനശ്ചിന്തയുമില്ലാതെ വ്യാപകമായി മുമ്പുപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് ആ വാക്കുകളെല്ലാം പുറം നോട്ടങ്ങൾ മാത്രമാണെന്നും ഇന്ദ്രിയപരമായ പ്രയാസങ്ങൾ നേരിടുന്നവരുടെ യാഥാർത്ഥ്യത്തെ അവ ഉൾക്കൊള്ളുന്നില്ല എന്നുമുള്ള കാഴ്ച്ചപ്പാടിന് പ്രാധാന്യം കിട്ടിത്തുടങ്ങിയിട്ടുണ്ട്. ഓരോന്നിനും പുതുതായി പേരിടുന്നതിന്റെ , ഓരോന്നിനേയും പുതുതായി നിർവചിക്കുന്നതിന്റെ പ്രസക്തി ഇതു തന്നെയാണ്.
ഉദാഹരണത്തിന് പുസ്തകം എന്ന ആശയത്തിനും വസ്തുവിനും സി. പഴനിയപ്പൻ നൽകുന്ന ഈ രണ്ട് നിർവചനങ്ങൾ നോക്കൂ:
1. പുസ്തകം: വിരൽത്തുമ്പിലൂടരിച്ചു കയറുന്ന വെളിച്ചം.
2. പുസ്തകം: ഊതി വീർപ്പിച്ച ബലൂണിന് ഒരു കുത്തു കൊടുക്കാനുള്ള സൂചി.
നേത്രേന്ദ്രിയ പ്രയാസമുള്ള ഒരു മനുഷ്യന്റെ ഈ നിർവചനം കൂടി ചേർത്തുകൊണ്ടല്ലാതെ ഇനി നമുക്ക് പുസ്തകം എന്ന ആശയത്തെയോ വസ്തുവിനെയോ കുറിച്ചു പറയാനാവില്ല. ബ്രയിൽ ലിപി വിരലോടിച്ചു വായിക്കുമ്പോൾ ഉള്ളിൽ കയറുന്ന വെളിച്ചത്തെക്കുറിച്ചാണ് ആദ്യ നിർവചനം പറയുന്നത്. കണ്ണല്ല വിരൽത്തുമ്പാണ് ഇവിടെ മാധ്യമം. രണ്ടാമത്തെ നിർവചനമാകട്ടെ, പുസ്തകം നിർവഹിക്കുന്ന ധർമ്മത്തെക്കുറിച്ചാണ്. പൊള്ളയായ, ഊതിവീർപ്പിച്ച സങ്കല്‌പങ്ങളേയും ആശയങ്ങളേയും ഒറ്റക്കുത്തുകൊണ്ട് ചോർത്തിക്കളയാനുള്ള സൂചിയാണ് പുസ്തകം. ആശയങ്ങളെ വിരലിൽ തടയുന്ന അനുഭവങ്ങളാക്കി മാറ്റുന്ന ഈ കലാവിദ്യ ഇന്ദ്രിയ പ്രയാസമുള്ളവരുടെ എഴുത്ത് നമ്മുടെ സൗന്ദര്യ വീക്ഷണത്തിൽ വരുത്തുന്ന സുപ്രധാനമായ ഒരു കൂട്ടിച്ചേർപ്പാണ്.
സി. പഴനിയപ്പന്റെ കവിതാലോകത്തിലെ മറ്റു ചില നിർവചനങ്ങൾ നോക്കൂ:
വൈദ്യുതക്കാല്: നടപ്പാതയിലെ എന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ അപഹർത്താവ്.
തോട്: തൊട്ടോടുന്ന വെപ്രാളജലം
ഇറക്കം: ഭൂമിയുടെ കൈത്താങ്ങ്
കയറ്റം: മനുഷ്യന്റെ കൈത്താങ്ങ്
വീഴ്ച്ച: ഭൂമിയുടെ പിടിച്ചു വലി.
കാല്: എന്നെ നിലത്തു താങ്ങി നിർത്തുന്ന തൂണ്. നിലത്ത് എന്റെ പാട് അടയാളപ്പെടുത്തുന്ന കാല്പാട്. കാല്പാട് അവശേഷിപ്പിക്കുന്നത് എന്റെ നിലപാട്. കാല് എന്റെ നിലപാടെഴുതുന്ന പേന.
മഴ: ഓരോ തുള്ളിയുടെയും തുള്ളിത്വത്തിന്റെ വിളംബരയാത്ര.
കടൽ: തിരകളുടെ വിളി.കാതെത്താ ദൂരത്ത് ജീവന്റെ ഉപ്പുരസമുള്ള തിരകളുടെ വിളി.
കോഴി: വെട്ടാനോങ്ങി നിൽക്കുന്നവന്റെ മുന്നിൽ ഭയന്നു പോയ നിലവിളി. അതു കേട്ടു നിൽക്കുന്ന എന്റെയുള്ളിൽ ഇറച്ചിക്കുവേണ്ടിയുള്ള വിശപ്പ് ആമാശയത്തിൽ മാംസം ദഹിപ്പിക്കാനുള്ള തയ്യാറെടുപ്പ്.
റേഡിയോ: ശബ്ദത്തിന്റെ വീട്. സംസാരിക്കുന്ന കണ്ണാടി.
(രൂപങ്ങൾ അരൂപങ്ങൾ നിർവചനങ്ങൾ - സി. പഴനിയപ്പൻ)
ഇതാണ് സി. പഴനിയപ്പന്റെ കവിതാരീതിയുടെ സ്വഭാവം. ഈ രൂപവും ഈ വീക്ഷണവും നമുക്കു പുതുതാണ്. സൂക്ഷ്മസംവേദനശേഷിയുള്ള പൊതുമണ്ഡലമെന്ന നിലയിൽ കവിത കുറേക്കൂടി വിസ്തൃതമാകുന്നത് നാമനുഭവിക്കുന്നു ഈ കവിതകൾ വായിക്കുമ്പോൾ.
ബാഹ്യേന്ദ്രിയ നഷ്ടത്തെക്കുറിച്ചുള്ള പൗരാണികമായ ഒരു വീക്ഷണം അത് അന്തരിന്ദ്രിയത്തിന്റെ അധികശക്തിയുടെ ഒരു സൂചകമാണെന്നാണ്. ഇലിയഡും ഒഡീസിയുമെഴുതിയ ഹോമറുടെ അന്ധതയെക്കുറിച്ചുള്ള കഥക്കു പിന്നിൽ ഈ വീക്ഷണമുണ്ട്. കാഴ്ച്ചയില്ലാത്ത ചിത്രകാരൻ, കേൾവിശക്തിയില്ലാത്ത ഗായകൻ എന്നെല്ലാം വിശേഷിപ്പിക്കുമ്പോൾ ഈ വീക്ഷണത്തെ ആദിരൂപപരമാക്കാനുള്ള വെമ്പൽ ഉണ്ട്. ഹോമറെപ്പോലുള്ള പൗരാണികരുടെ മാത്രമല്ല, സമീപകാലീനരായ ബിനോദ് ബിഹാരി മുഖർജി എന്ന ചിത്രകാരന്റേയും ജോർജ് ലൂയി ബോർഹസ് എന്ന സാഹിത്യകാരന്റേയുമൊക്കെ ജീവിതചിത്രങ്ങൾ കൂടിക്കുഴഞ്ഞതാണ് ആ വീക്ഷണം. മുഖ്യധാരാ സാഹിത്യ സങ്കല്പങ്ങളുടെ അപൂർണ്ണതകളെ ചോദ്യം ചെയ്യുകയും പൂരിപ്പിക്കുകയും ചെയ്യുന്നതു പോലെത്തന്നെ ആദിരൂപപരതക്കുള്ള വെമ്പലിനെ പൊളിച്ചെഴുതുക കൂടി ചെയ്യുന്നുണ്ട് റെയ്മണ്ട് ആൻട്രോബസ് തൊട്ട് സി. പഴനിയപ്പൻ വരെയുള്ളവരുടെ കവിതാലോകങ്ങൾ.
No comments:
Post a Comment