അക്കിത്തം വാസുദേവന്റെ ചിത്രങ്ങൾ ആദ്യം കണ്ടപ്പോൾ മനുഷ്യൻ പാർക്കുന്ന ഇടങ്ങളിലേക്ക് എത്തിപ്പെട്ട വന്യമൃഗങ്ങളാണ് എന്നെ ആകർഷിച്ചത്. മൃഗങ്ങൾക്ക് അവയുടെ വന്യമായ വാസസ്ഥാനങ്ങൾ നഷ്ടമായി അവ നഗരത്തിലേക്കിറങ്ങുന്നതായാണ് എനിക്കാദ്യം തോന്നിയത്. മനുഷ്യന്റെ അധിനിവേശം മൂലം ശോഷിച്ചു വരുന്ന കാട്ടിൽ വെള്ളവും തീറ്റയുമില്ലാതെ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്ന കാട്ടുമൃഗങ്ങളെക്കുറിച്ചുള്ള വാർത്തകൾ കേരളത്തിൽ പെരുകിവരുന്ന കാലത്താണ് അക്കിത്തം വാസുദേവന്റെ ചിത്രങ്ങൾ ഞാൻ ആദ്യം കണ്ടത്. കേരളത്തിലെ ഞങ്ങളുടെ ചെറുഗ്രാമത്തിൽ പോലും മുമ്പു കാണാത്ത തരത്തിൽ കാട്ടുപന്നിയും മയിലും കുരങ്ങുമെല്ലാം മനുഷ്യവഴികളിൽ കുറുക്കനെ വരാൻ തുടങ്ങിയ കാലവുമാണിത്.
സ്റ്റുഡിയോയിൽ നിന്ന് ആ ചിത്രങ്ങൾ കണ്ടു മടങ്ങിയ ശേഷം അവ എന്നെ പിന്തുടർന്നത് നഗരത്തെ പിന്തുടരുന്ന കാടായും നാഗരികതയെ പിന്തുടരുന്ന വന്യതയായുമാണ്. കേദാർനാഥ് സിങ്ങിന്റെ ഹിന്ദി കവിത ബാഘുമായി ആ ചിത്രങ്ങളെ ചേർത്തു വെച്ച് ഞാൻ വായിച്ചു.
എന്നാൽ ആ ചിത്രങ്ങളുടെ പ്രിന്റുകൾ ആവർത്തിച്ചാവർത്തിച്ചു കണ്ടപ്പോൾ ആദ്യമുണ്ടായ തോന്നലിന് ചില മാറ്റങ്ങൾ വന്നു. മൃഗങ്ങളിൽ നിന്ന് എന്റെ ശ്രദ്ധ മാറി മനുഷ്യരിലേക്കായി. ഏതെങ്കിലും ഒരു മൃഗത്തിന്റെയോ പക്ഷിയുടെയോ കൂടെയല്ലാതെ ഈ ചിത്രങ്ങളിൽ പൊതുവേ മനുഷ്യരെ കാണുന്നില്ല എന്നത് വളരെ പ്രധാനമായി തോന്നി, ഇപ്പോൾ. തല കീഴായി നിൽക്കുന്നതോ കസേരയിലിരുന്നെഴുതുന്നതോ കമിഴ്ന്നു ചുരുണ്ടു കിടക്കുന്നതോ രംഗവേദിയിൽ നിൽക്കുന്നതോ കിടക്കയിൽ മലർന്നുകിടക്കുന്നതോ ഇണചേരുന്നതോ മുറിക്കകത്തുള്ളതോ പുറത്തുള്ളതോ ആവട്ടെ മനുഷ്യരൂപങ്ങൾക്കെല്ലാമരികെ, മൃഗങ്ങളുണ്ട്. അവ വളർത്തുമൃഗങ്ങളോ വളർത്തുപക്ഷികളോ അല്ല. മനുഷ്യന്നരികിലിരിക്കുമൊരു കോഴിയേയോ കാക്കയേയോ കാണാൻ ഇവിടെ പ്രയാസമാണ്. ആനയുണ്ട് എന്നതു ശരി തന്നെ. എന്നാൽ അക്കിത്തം ചിത്രങ്ങളിലെ മൃഗരൂപങ്ങളിലെല്ലാമുള്ള ഇണക്കമില്ലാത്ത അപരിചിതഭാവം, വന്യഭാവം, ആനക്കുമുണ്ട്. വലിയ കൊറ്റി പോലുള്ള പക്ഷികളിലെല്ലാം ആ ഇണക്കമില്ലായ്മ കാണാം. ഇണങ്ങാത്ത ഒരു മനുഷ്യേതരജീവിയുടെ സാന്നിദ്ധ്യത്തിന്റെ വലയത്തിനകത്തു നിൽക്കുന്ന മനുഷ്യനുമുണ്ട് ഒരപരിചിതഭാവം. ആ അപരിചിതഭാവം മനുഷ്യന്റെ ആത്യന്തികമായ ഏകാന്തതയുടെ ആഴം വർദ്ധിപ്പിക്കുന്നു.
ഇങ്ങനെ ഒരു സ്പീഷീസ് എന്ന നിലയിൽ മനുഷ്യൻ അനുഭവിക്കുന്ന പ്രാചീനവും വന്യവുമായ ഏകാകിതയുടെ ചിത്രാഖ്യാനമായി അക്കിത്തം വാസുദേവന്റെ കല മാറുന്നത് ഗ്രിഡ് ഓഫ് ദ ഫയർ, ദിസ് സൈഡ് ഓഫ് ദ ഫോറസ്റ്റ് എന്നീ സീരീസുകൾ എന്നെ അനുഭവിപ്പിക്കുന്നു.
No comments:
Post a Comment