Monday, September 4, 2023

ഒരു പാട്ട്

 ഒരു പാട്ട്



റാമ്പിലൂടെ നടന്നു പോരും നഗ്നസുന്ദരിമാർ

എന്റെ നേരെക്കൈകൾ വീശി മടങ്ങിടും കാലം.


ഏതു ദിശയിൽ ക്യാമറകൾ വെച്ചെടുത്താലും

ഏതു ദിശയിൽ നിന്നു ടീ.വി നോക്കി നിന്നാലും

സുന്ദരിമാർ വന്നതെന്റെ നേരെ,യെൻ തുമ്പി-

ലേറി ലോകം നോക്കിയവർ കൈകൾ വീശുന്നു.


ഒടുങ്ങാക്കറക്കമല്ലോ കാലമെന്നോതീ

വേനലായും വർഷമായും പ്രകൃതി പണ്ടേ.


പോയ കൊല്ലം പെയ്ത മഴയുമില്ലയിക്കൊല്ലം

ഇല്ല കാലത്തിന്നൊരന്ത്യമെന്നു പറയാനായ്

ഒന്നുമില്ലാരുമില്ലിന്നേ തീർന്നുപോയ് ഇന്ന്.

ഈ ടാപ്പിൽ വെള്ളമിപ്പോൾ തന്നെ തീരുന്നു

ടി വിയിൽ ദൃശ്യങ്ങളെല്ലാമെപ്പൊഴേ തീർന്നു.


സുന്ദരിമാർ മാത്രമിന്നും റാമ്പിലൂടെന്റെ

നേരേ വന്നു കൈകൾവീശിക്കൊണ്ടിരിക്കുന്നു.

ഇങ്ങു കേറിയെൻ വിളുമ്പിൽ നിന്നു ലോകത്തോ-

ടുമ്മകൾ നീളെപ്പറത്തിപ്പിൻനടക്കുന്നു.


മെല്ലെ മെല്ലെ നടന്നാലുമേതു കൈ വന്നെ -

ന്നുള്ളിലാത്താളം മുറുക്കിക്കൂട്ടിവക്കുന്നു

ചുഴലിപോലവർ ചുറ്റിക്കറങ്ങിടുമ്പോൾ

അതിന്നൊത്ത നടുവിൽ ഞാൻ ചുരുണ്ടിരിപ്പൂ.


പിന്മടങ്ങിപ്പോയ സുന്ദരി പിന്നെയും വന്ന്

കറങ്ങും ബെൽറ്റിൽ ബാലൻസു ചെയ്തു നിൽക്കുന്നു

കണ്ണു കൊണ്ടെറിഞ്ഞു കൊള്ളിക്കുന്നു കാലത്തിൻ

അന്തമില്ലാ ശൂലമോരോന്നെൻ തലമേലേ


അവസാനമില്ലാതെ നോക്കിയിരിക്കേ

നെല്ലുകുത്താൻ പോയ കുട്ടിക്കാലമാകുന്നു

മില്ലിൽ മോട്ടോർ ബെൽറ്റിലേറിക്കുണുങ്ങി വന്ന്

നെന്മണിസ്സുന്ദരിയൊന്നെൻ വക്കിൽ നിൽക്കുന്നു.

വസ്ത്രമഴിച്ചെറിഞ്ഞരിമണിയായ് മാറി

നൃത്തമാടി നൃത്തമാടിക്കറങ്ങിടുന്നു.


No comments:

Post a Comment