ആയിരത്താണ്ടു തൊട്ടിട്ടും ഇളയ മൊഴി
പി.രാമൻ
നമ്മുടെ അക്ഷരമാലയിൽ എത്ര അക്ഷരങ്ങളുണ്ട് എന്ന ചോദ്യത്തിന് തർക്ക സാദ്ധ്യതയില്ലാത്ത ഒരുത്തരം പറയുക ഇപ്പോഴും പ്രയാസമാണ്. അമ്പത്തൊന്നക്ഷരാളീ എന്ന് പഴമക്കാർ നീട്ടും. 48,49,53 - ഇങ്ങനെ പലരും പലതും പറയും. ഈ അവ്യവസ്ഥിതത്വം മലയാളത്തിന്റെ ഒരു കുറവല്ല. മറിച്ച് , മലയാളത്തിന്റെ ഇളപ്പത്തിന്റെ ഒരു ലക്ഷണവും സാംസ്കാരികമായ പിൻനാടകങ്ങളുടെ രംഗസൂചനയുമാണ്.പ്രായം കൊണ്ട് താരതമ്യേന ഇളപ്പമുള്ള ഭാഷയാണ് മലയാളം. ആയിരം കൊല്ലത്തിൽ താഴെ എന്നത് ഭാഷയെ സംബന്ധിച്ച് അത്ര മുതിർന്ന പ്രായമല്ല. അക്ഷരമാല ഇനിയും ഉറച്ചിട്ടില്ല. സംസ്കൃത സമ്പർക്കത്തിലൂടെ കൈവന്ന അതിഖര, മൃദു, ഘോഷ അക്ഷരങ്ങളുമായി നാം ഇപ്പോഴും വേണ്ടത്ര പൊരുത്തപ്പെട്ടിട്ടില്ല. അങ്ങനെ ഇളയ കുട്ടിയായി വളർന്നുകൊണ്ടിരിക്കുകയാണ് നമ്മുടെ മലയാളം. ഇളയ ആ മൊഴിയിലാണ് പറയുകയും എഴുതുകയും ചെയ്യുന്നത് എന്നത് എനിക്കു തരുന്ന ഉത്സാഹം ചെറുതല്ല.
മലയാളത്തിന്റെ വേറിട്ടുനില്പിലും വളർച്ചയിലും സംസ്കൃതത്തിന്റെ പങ്ക് കൗതുകകരമാണ്. ഭാഷാശാസ്ത്രപരമായി രണ്ടും രണ്ടു കുടുംബമാണ്. മലയാളവും സ്പാനിഷും തമ്മിൽ, അല്ലെങ്കിൽ മലയാളവും ചൈനീസും തമ്മിൽ ചേർന്നാലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ. ആലോചിക്കാൻ പോലും പറ്റുന്നില്ല, അല്ലേ? ഭാഷാശാസ്ത്രപരമായി അതുപോലെ തന്നെയാണ്, മലയാളവും സംസ്കൃതവും തമ്മിൽ കലരുന്നതും. എന്നാൽ ചരിത്രപരവും സാംസ്കാരികവുമായ അടുപ്പം കൊണ്ട് നമുക്ക് സംസ്കൃതക്കലർപ്പിൽ അസ്വാഭാവികത തോന്നുന്നില്ല എന്നേയുള്ളൂ. ലയിക്കാവുന്നേടത്തോളം സംസ്കൃതം ആറേഴു നൂറ്റാണ്ടു കൊണ്ട് മലയാളത്തിൽ കലർന്നു കഴിഞ്ഞു. ലയിക്കാത്ത, ദഹിക്കാത്ത സംസ്കൃതത്തെ ഛർദ്ദിച്ചു കളയുന്ന പണിയാണ് നമ്മുടെ ഭാഷ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് എന്നു തോന്നുന്നു. നിത്യോപയോഗത്തിലും സാഹിത്യം പോലുള്ള വിശേഷ വ്യവഹാരങ്ങളിൽ പോലും സംസ്കൃത പദങ്ങളുടെ ഉപയോഗം കുറഞ്ഞു വരുന്നു. കഴിഞ്ഞ നൂറു കൊല്ലത്തിനിടയിലാണ് ഈ മാറ്റം ശക്തമായത്. നമ്മുടെ പദകോശം ശുഷ്കിക്കലായി ഇതിനെ കാണുന്നവരുണ്ട്. എന്നാൽ സാംസ്കാരികവും ഭാഷാപരവുമായ അനിവാര്യതയാണ് ഈ ഒഴിവാക്കൽ എന്നാണ് എനിക്കു തോന്നുന്നത്. ഒഴിവാക്കലോടൊപ്പം സ്വീകരണങ്ങളും ധാരാളം നടന്നിട്ടുണ്ട്. വിവിധ കാലങ്ങളിൽ പോർച്ചുഗീസ്, ഡച്ച്, പേർഷ്യൻ, അറബി, ഇംഗ്ലീഷ് ഭാഷകളിൽ നിന്നെല്ലാം വാക്കുകൾ മലയാളത്തിലേക്കു വന്നു. ഇംഗ്ലീഷിൽ നിന്ന് ഇപ്പോഴും വരുന്നു. ഇളയമൊഴി എന്ന നിലയിൽ അന്യഭാഷാപദങ്ങൾ ലയിക്കാവുന്നേടത്തോളം ലയിപ്പിച്ചാണ് മലയാളം വികസിക്കുന്നത്. എന്നാൽ അത്തരം വിദേശവാക്കുകൾ മലയാളീകരിക്കുന്ന മെക്കാനിസം ഈയിടെ വേണ്ടത്ര വർക്കു ചെയ്യുന്നില്ല എന്നാണനുഭവം. പെൻ (Pen) പേനയാക്കി നാം മലയാളീകരിച്ചു. അത്രത്തോളമില്ലെങ്കിലും പെന്ന് എന്നു പറയുമ്പോൾ പോലും മലയാളമാക്കലുണ്ട്. ഈ മെക്കാനിസത്തിന്റെ ഇടപെടൽ അടുത്തകാലത്തായി കുറഞ്ഞു വരികയല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മലയാളി ഇല്ലാത്ത നാടില്ല ഇന്ന്. അവിടുന്നൊക്കെ വാക്കുകൾ എടുത്തുകൊണ്ടുവന്ന് മലയാളീകരിച്ച് പ്രയോഗിച്ചാൽ നമ്മുടെ ഭാഷ എത്രമാത്രം വിപുലപ്പെടും! Bus ബസ്സ് എന്നും School ഉസ്ക്കൂൾ എന്നും ഉച്ചരിച്ചതു പോലുള്ള പണിയേ വേണ്ടൂ അതിന്. ലയിക്കാവുന്നേടത്തോളം മലയാളത്തിൽ ലയിക്കട്ടെന്നേ. ദഹിക്കാത്തത് ഭാഷ സമയമെടുത്ത് സ്വയം ഛർദ്ദിച്ചു കളഞ്ഞോളും.
വിവിധ ജാതി മത സമൂഹങ്ങൾ ഇടകലർന്നുള്ള ആവാസരീതി കേരളം കഴിഞ്ഞ നൂറു കൊല്ലം കൊണ്ട് അഭിമാനകരമാം വിധം വളർത്തിയെടുത്തിരിക്കുന്നു. എന്തൊക്കെ പരിമിതികളുണ്ടെങ്കിലും ലോകത്തിന് കേരളം നൽകുന്ന മാതൃക ഇടകലർന്നുള്ള ജീവിതം തന്നെയാണ്. ഇടകലർന്നുള്ള ജീവിതത്തിന് ഉതകുന്ന തരത്തിൽ ഒരു മാനകഭാഷ വളർത്തിയെടുക്കുന്നതിൽ നാം കൂടുതൽ ശ്രദ്ധിച്ചു എന്നതാണ് മുൻനൂറ്റാണ്ടുകളിൽ നിന്നു വ്യത്യസ്തമായി കൊ.വ.1100-1200 നൂറ്റാണ്ടിനുള്ള മെച്ചം എന്നു പറയാം. ആ മാനകഭാഷയിൽ കയറിക്കൂടിയ ദഹിക്കാത്ത സംസ്കൃതത്തെ കളയുന്ന പണി ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ഉൾമൊഴികളുടെ അഴകും സാംസ്ക്കാരികതയും നിലനിർത്തിക്കൊണ്ടുതന്നെ ഒരു ഉൾമൊഴിയുടെയും മേധാവിത്വമില്ലാത്ത സാമാന്യമൊഴി വികസിപ്പിക്കുക എന്നത് ഇടകലർന്ന ജീവിതം എന്ന കേരളീയമാതൃകക്ക് ഒഴിവാക്കാനാത്തതാണ്.
അക്ഷരമാല പോലെ തന്നെ ഇപ്പോഴും തീർച്ചപ്പെടാത്തവയാണ് നമ്മുടെ അച്ചടി ലിപികൾ. ഒരു കാലത്ത് ചതുരവടിവിലായിരുന്ന മലയാള ലിപി ഇന്നു കാണുന്ന പോലെ ഉരുട്ടിയെടുത്തത് അച്ചടിഭംഗിക്കും സൗകര്യത്തിനുമായി സാക്ഷാൽ ബെഞ്ചമിൻ ബെയ്ലിയാണ്. കഴിഞ്ഞ നൂറാണ്ടിനിടയിൽ ഈ രംഗത്ത് പല പരിഷ്കാരങ്ങൾ വന്നു കഴിഞ്ഞു. പഴയ ലിപി, പുതിയ ലിപി, രണ്ടും കൂടിക്കലർന്ന ലിപി, എല്ലാം പ്രചരിച്ചു. അച്ചടി സൗകര്യമാണ് ഇത്തരം പരിഷ്ക്കാരങ്ങളുടെയെല്ലാം അടിസ്ഥാനം. ഇതിന്റെയെല്ലാം ഫലമായി സംഭവിച്ചത് വ്യവസ്ഥാരാഹിത്യവും. യുണികോഡ് ലിപികളുടെ വരവോടെ ഈ അവ്യവസ്ഥക്ക് പരിഹാരം തെളിയുന്ന സാഹചര്യം ഇപ്പോഴുണ്ടായിരിക്കുന്നു. ഒട്ടേറെ സാങ്കേതിക വിഗദ്ധരും ഭാഷാപണ്ഡിതരും ഈ രംഗത്തെ മാറ്റത്തിനു വേണ്ടി പ്രയത്നിച്ചുകൊണ്ടിരിക്കുന്നു.
അടിസ്ഥാനപരമായ ദ്രാവിഡപ്രകൃതം സൂക്ഷിച്ചു കൊണ്ടുള്ള കലർപ്പിലൂടെ കൂടുതൽ വിപുലപ്പെടുകയും വ്യവസ്ഥപ്പെടുകയും ചെയ്യും ഭാവിയിൽ മലയാളം. ചെല്ലുന്നിടത്തുനിന്നെല്ലാം വാക്കെടുത്തു കൊണ്ടുവന്ന് മലയാളീകരിച്ചു പ്രയോഗിച്ചേ മലയാളം തെളിഞ്ഞിട്ടുള്ളൂ, ഇനിയും തെളിയുകയുമുള്ളൂ.
No comments:
Post a Comment