എന്നെക്കാൾ അഞ്ചു വയസ്സു മുതിർന്നവൻ യോഹന്നാൻ
പി.രാമൻ
1
പഴതാവാമെന്റെ കണ്ണീർ
പക്ഷേയവയെപ്പൊഴും
കിണറ്റുറവ തന്നെയാം
- ബാഷോ
40 കൊല്ലം പഴയ കണ്ണീര് ഇപ്പോൾ വായിക്കുമ്പോഴും ഇപ്പോൾ പൊടിയുന്ന കണ്ണീരായിരിക്കുന്നു, ആയുസ്സിന്റെ പുസ്തകത്തിൽ. കണ്ണീരും ചോരയും ഉമിനീരും ശുക്ലവുമുൾപ്പെടെ എല്ലാ സ്രവങ്ങളും എന്നും പുതുതായിരിക്കുന്ന കൃതിയാണ് എനിക്കു ക്ലാസിക് കൃതി. ആകയാൽ എന്നെ സംബന്ധിച്ചിടത്തോളം ഇത് മലയാളത്തിലെ ഒരു ക്ലാസിക് ആകുന്നു.
2
യുക്തിരഹിതമായ ഒരു പ്രാന്തൻ കണക്ക് പറയാം. നോവലിലെ യോഹന്നാനു പ്രായം 17. നോവലിന് 40 തികഞ്ഞെങ്കിൽ നായകന് 57 ആയി. നോവൽ വരുമ്പോൾ എനിക്കു 12 വയസ്സ്. എന്നേക്കാൾ ഏഴു വയസ്സ് മൂത്തവൻ യോഹന്നാൻ. നോവൽ വായിക്കുമ്പോൾ അതേ എനിക്ക് ഏതാണ്ട് 17 വയസ്സ്. യോഹന്നാന്റെ അതേ പ്രായം. സ്വയംഭോഗത്തിൽ സ്ഖലിച്ചു പോയീ പകൽ എന്നൊക്കെയെഴുതിയ പ്രായം. ഇപ്പോൾ എനിക്ക് 52 വയസ്സ്. യോഹന്നാന് ഇപ്പോൾ ഷഷ്ടിപൂർത്തിയടുക്കുന്നു.
3
ഈ അമ്പത്തേഴാം വയസ്സിൽ യോഹന്നാൻ ഇപ്പോൾ എന്തെടുക്കുകയാവും? കൃഷിയും പന്നിവളർത്തലുമൊക്കെയായി നാട്ടിൽ തന്നെ കൂടിക്കാണുമോ? അയാൾക്ക് അവിടം വിട്ടു മറ്റെങ്ങും പോകാനാകില്ല എന്നതിന്റെ സൂചനകൾ നോവലിലുണ്ട്. അവിടെത്തന്നെ പിടിച്ചു നിൽക്കാൻ വേണ്ട പശ്ചാത്തലവും സാമർത്ഥ്യവും യോഹന്നാന് ഇല്ലാതില്ല. പാപം, പാപമോചനം തുടങ്ങിയ പ്രശ്നങ്ങൾ അയാളെ അലട്ടുന്നുണ്ടെങ്കിലും അയാൾക്ക് പള്ളിയും പുരോഹിതനുമൊക്കെയായി മോശമല്ലാത്ത ബന്ധമുണ്ട്. ബൈബിൾ അയാൾക്ക് ഹൃദിസ്ഥമാണ് എന്നു തന്നെ വേണം സാഹചര്യവശാൽ ഊഹിക്കാൻ.അതിന്റെ ഒരു പ്രാമാണികത നാളെ അയാൾക്ക് കിട്ടാതേയുമിരിക്കില്ല. കാടിനോടു ചേർന്നുള്ള മലമൂട്ടിൽ കൃഷിയും പന്നിവളർത്തലുമൊക്കെയായി അയാളവിടെ കഴിഞ്ഞുകാണും. പെണ്ണുകെട്ടി മക്കളായിക്കാണും. തന്റെ ഏകാന്തതക്ക് പരിഹാരം കാണാനുള്ള ശ്രമം നടത്താൻ സാമർത്ഥ്യമില്ലാത്തയാളുമല്ല യോഹന്നാൻ. റാഹേലിന്റെയും സാറായുടെയുമൊക്കെ ജീവിതത്തിലേക്ക് അയാൾ അങ്ങോട്ടു കടന്നുകയറുകയായിരുന്നു. തന്റെ ഏകാകിതക്കു പരിഹാരം തേടി. റാഹേൽ മഠത്തിൽ പോയെങ്കിലും സാറാ കൊല്ലപ്പെട്ടെങ്കിലും പെണ്ണിന്റെ മാറിടത്തിൽ ഏകാകിതക്കു പരിഹാരമുണ്ട് എന്നയാൾ അറിഞ്ഞു കഴിഞ്ഞിരുന്നു. അല്ലെങ്കിൽ അയാൾ നാട് വിട്ട് അകലേക്ക് പോയിയും കാണും. സഹോദരി ആനി അയാളെ നഗരത്തിലേക്കു വിളിച്ചു കൊണ്ടേയിരിക്കുന്നു. ഒരു പക്ഷേ കേരളം തന്നെ വിട്ട്. നോവലെഴുതിയ എൺപതുകളുടെ തുടക്കം മലയാളിയുടെ ഗൾഫ് പ്രവാസത്തിന്റെ ഒഴുക്ക് ശക്തമായ കാലം കൂടിയാണ്.
അതെന്തായാലും, പരിഹാരങ്ങൾ കൊണ്ടു കുടഞ്ഞിട്ടും തീരാത്ത ഏകാകിതയുമായി അയാൾ ഇപ്പോഴും ഇവിടെത്തന്നെയുണ്ട്, നമുക്കിടയിൽ. ഈ സോഷ്യൽ മീഡിയാക്കാലത്ത് താൻ ഏകാകിയാണെന്ന് അയാൾ തിരിച്ചറിയുന്നുണ്ടാവില്ല എന്നേയുള്ളൂ. കാർണിവലിനു നടുവിൽ സ്വയം തിരിച്ചറിയാത്ത ഏകാകിതയിലാവണം ഇന്നയാൾ. അവനവനെ അറിയാൻ അടയാളങ്ങളൊന്നും ഇട്ടുപോകാത്ത ഒരു സൈബർ പോരാളി? സോഷ്യൽ മീഡിയാ ആക്റ്റിവിസ്റ്റ്? കവി? സ്വയം തിരിച്ചറിയുന്ന ഏകാകിതയേക്കാൾ ഹിംസാത്മകമാണ് തിരിച്ചറിയാത്ത അയാളുടെ ഏകാകിത ആകയാൽ, 57 കാരനായ യോഹന്നാന്റെ കാലം കൂടുതൽ ഹിംസാത്മകമായിരിക്കുന്നു. നമ്മുടെ സാഹിത്യത്തിലും ഹിംസാത്മകതയും അതിന്റെ ആസുരവേഗതയും പതിന്മടങ്ങു വർദ്ധിച്ചിരിക്കുന്നു.
4
നോവലിനും ആത്മകഥക്കും യാത്രാ വിവരണത്തിനും സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് സി.വി.ബാലകൃഷ്ണൻ. നോവൽ, കവിത തുടങ്ങിയ ഴാനറുകൾക്ക് ഒരു വിചാരമുണ്ട്, തങ്ങളാണു ശ്രേഷ്ഠർ, യാത്രാവിവരണവും ആത്മകഥയുമൊക്കെ കുറഞ്ഞവരാണ് എന്ന്. എന്നാൽ ഒരു വായനക്കാരനെന്ന നിലയിൽ എനിക്കു തോന്നുന്നത്, ഈ മൂന്നു ഴാനറുകളുമാവാൻ കവിതയും നോവലുമുൾപ്പെടെ മറ്റു ഴാനറുകൾ ഉള്ളാലേ ആഗ്രഹിക്കുന്നു എന്നാണ്. ആയുസ്സിന്റെ പുസ്തകം ആദ്യം വായിച്ചപ്പോൾ എനിക്കത് എന്റെ ആത്മകഥയായിരുന്നു. പാപത്തെയും ആനന്ദത്തെയും കുറിച്ചുള്ള മഥിക്കുന്ന ചിന്തകളിൽ ഞാനും യോഹന്നാനും ഒന്നായി. കൂട്ടായിരുന്നു ഞാൻ തേടിയത്. യോഹന്നാനുമതെ. എന്നല്ല, ആയുസ്സിന്റെ പുസ്തകത്തിലെ എല്ലാ കഥാപാത്രങ്ങളും കൂട്ട് തേടുന്നവരായിരുന്നു. വികാരിയച്ചനും കൊച്ചച്ചനുമുൾപ്പെടെ. ആണുങ്ങളും പെണ്ണുങ്ങളുമെല്ലാം. കൂട്ട് തേടുന്നവരുടെയും കൂട്ടു വിട്ടു പോകുന്നവരുടെയും പുസ്തകമാണ് ഈ നോവൽ.
5
കൃസ്തുവിനു മുമ്പും ശേഷവുമുള്ള മറ്റെല്ലാം ഈ നോവലിലുണ്ട്. കൃസ്തുവിനു മുമ്പുള്ള പാപവും കൃസ്തുവിനു ശേഷമുള്ള സഭയുമുണ്ട്. സത്യവേദപുസ്തകത്തിലെ കഥാപാത്രപ്പേരുകളെല്ലാമുണ്ട്. രക്ഷകൻ മാത്രമില്ല.കൃസ്തു ഇല്ലാത്ത ബൈബിൾ. രക്ഷകനില്ലാത്ത വേദപുസ്തകം.
മറ്റൊരു നിലയിൽ കൃസ്തു മാത്രമുള്ള ബൈബിൾ എന്നും പറയാം. ഈ നോവലിലെ കഥാപാത്രങ്ങളേവരും പേറുന്ന ഏകാകിതയുടെയും സഹനത്തിന്റെയും പാപബോധത്തിന്റെയും കുരിശാരോഹണത്തിന്റെയും പുനരുത്ഥാനത്തിന്റെയും ആകെത്തുകയല്ലേ കൃസ്തു?
6
ആനുകാലികത്തിൽ തുടരനായാണ് വന്നതെങ്കിലും ഈ നോവൽ ആഖ്യാനത്തിലെ ആനുകാലികപരതയെ ഉടച്ചുവാർത്തു. ഓരോ അദ്ധ്യായത്തിന്റെ ഒടുവിലും സംഭവിക്കുന്ന ഉയർച്ചതാഴ്ച്ചകൾക്കോ ആകാംക്ഷകൾക്കോ ഇതിന്റെ ഘടനയിൽ പ്രാധാന്യമില്ല.മറിച്ച് ഓരോ അനുഭവ ഖണ്ഡത്തിന്റെയും - ദൃശ്യഖണ്ഡം എന്നും പറയാം - തുടരൊഴുക്കായി ആഖ്യാനം മാറുന്നു. ഓരോ അനുഭവത്തിലും ഓരോ വാക്കിലും വായനക്കാരന് വേണമെങ്കിൽ തങ്ങിത്തങ്ങി നിൽക്കാവുന്ന പാകതയാർന്ന വേഗമുള്ള ആഖ്യാനം. മന്ദവേഗമുള്ള ആഖ്യാനം എന്നല്ല ഞാൻ പറയുക. പതിഞ്ഞ ഈ ആഖ്യാനവേഗമാണ് കവിത വായിച്ചു ശീലിച്ച എനിക്ക് ഈ ആഖ്യായികയിലേക്ക് പ്രവേശനമരുളിയത്. വാക്കിൽ വാക്കിൽ തങ്ങിത്തങ്ങിയുള്ള കവിത വായനാ രീതിക്ക് നന്നേ ഇണങ്ങുന്നതായിരുന്നു ഈ നോവലിന്റെ വായന. പാകതയാർന്ന ഇതിന്റെ വേഗത അതെഴുതപ്പെട്ട കാലത്തിന്റെ ജീവിതവേഗതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും തോന്നുന്നു. ദൃശ്യഖണ്ഡങ്ങളുടെ ഒഴുക്ക് എന്നു പറഞ്ഞല്ലോ. ഈ ഒഴുക്കിന്റെ വേഗത വായനക്കാരനായ എന്റെ അന്നത്തെ ജീവിതവേഗത തന്നെയായിരുന്നു. ദൃശ്യഖണ്ഡം എന്നത് ഒന്നുകൂടി സ്പഷ്ടമാക്കേണ്ടതുണ്ട്. ചലച്ചിത്രഭാഷയെ ഓർമ്മിപ്പിക്കുന്ന ദൃശ്യപ്രവാഹത്തിലൂടെയാണ് ഇതിവൃത്തം വികസിക്കുന്നത്. ഇത് മലയാള കഥാഖ്യാനത്തെ സംബന്ധിച്ചിടത്തോളം ഒരു മാറ്റമാണ്. സാഹിത്യത്തിന്റെ ആഖ്യാനരീതി സിനിമയുടെ ആഖ്യാനരീതിയെ സ്വാധീനിക്കുന്നതായിരുന്നു മലയാള സിനിമയിലെ അന്നത്തെ പൊതുസമ്പ്രദായം. ഇത് തിരിച്ചാവാൻ തുടങ്ങിയതിന്റെ ആദ്യമാതൃകയാണ് ആയുസ്സിന്റെ പുസ്തകം. ചലച്ചിത്രഭാഷയെക്കൂടി പ്രയോജനപ്പെടുത്തി ആഖ്യാനത്തെ ശക്തിപ്പെടുത്താൻ സി.വിക്ക് ഈ കൃതിയിൽ കഴിഞ്ഞു. ഈ വാചകങ്ങൾ നോക്കൂ: "തോമാ കിതപ്പോടെ നടന്നു. വരണ്ട് ഉദാസീനമായ മദ്ധ്യാഹ്നത്തിലൂടെ, മരങ്ങളുടെ കോട്ടുവാ ശബ്ദങ്ങളിലൂടെ, കല്ലുകളുടെ ഉച്ചമയക്കത്തിലൂടെ, അപ്പനുണ്ടോ എന്നറിഞ്ഞു കൂടാത്ത വെയിലിലൂടെ" ദൃശ്യസൂക്ഷ്മതക്കൊപ്പം സാഹിതീയ ഭാവനകൊണ്ട് ദൃശ്യത്തെ മുറിച്ചു കടന്ന് ദൃശ്യാനന്തരലോകത്ത് എത്തിക്കാൻ സീവിയുടെ ഭാഷക്ക് കഴിയുന്നു. ഇങ്ങനെ നോവലിന് എന്നല്ല, നമ്മുടെ സാഹിത്യത്തിനു തന്നെ പുതിയൊരു ദൃശ്യബോധം നൽകി ആഖ്യാനത്തിന്റെ പുതിയൊരൊഴുക്കു സൃഷ്ടിക്കാൻ കഴിഞ്ഞ നോവലാണിത്. ഈ പുത്തൻ ദൃശ്യബോധത്തിന്റെ കൂടി ഫലമാണ് തൊണ്ണൂറുകളിലെ മലയാള കവിത എന്നു ഞാൻ വിചാരിക്കുന്നു.
No comments:
Post a Comment