Friday, September 15, 2023

മരണത്തിനു വാഴ്ത്ത് - അദൂണിസ് (സിറിയ)

മരണത്തിനു വാഴ്ത്ത്


അദൂണിസ് (സിറിയ)




മരണം പിന്നിൽ നിന്നാണു വരിക

നമുക്കു മുന്നിൽ വരുമ്പോഴും.

ജീവിതം മാത്രം നേർക്കുനേർ നിൽക്കുന്നു.


കണ്ണൊരു പാത

പാതയോ ഒരു കവല.


ജീവിതം കൊണ്ടൊരു കുഞ്ഞു കളിക്കുന്നു

വൃദ്ധനതിന്മേൽ ചായുന്നു.


നാവു തുരുമ്പിക്കുന്നൂ അമിതഭാഷണത്താൽ

കണ്ണു വരളുന്നു സ്വപ്നരാഹിത്യത്താൽ


ചുളിവുകൾ

മുഖത്തെ ചാലുകൾ

ഹൃദയത്തിലെ പടുകുഴികൾ


ഒരു ശരീരം - പാതി വാതിൽപ്പടിമേൽ

പാതി ചാഞ്ഞ്


അവന്റെ തലയൊരു പൂമ്പാറ്റ

ഒറ്റച്ചിറകുള്ളത്.


മരണം നിന്നെ എഴുതിക്കഴിഞ്ഞാൽ

ആകാശം നിന്നെ വായിക്കുന്നു.


ആകാശത്തിനു രണ്ടു മുലകൾ.

അവയിൽ നിന്നെല്ലാവരും നുകരുന്നു

ഓരോ നിമിഷവും ഓരോ സ്ഥലവും.


ജീവിതം നിരന്തരം വായിച്ചുകൊണ്ടിരിക്കുന്ന

പുസ്തകമാണു മനുഷ്യൻ

മരണം അതൊരു ഞൊടിയിൽ വായിക്കുന്നു

ഒരിക്കൽ മാത്രം.


ഈ നഗരത്തെക്കുറിച്ചെന്തു പറയാൻ?

നഗരത്തിൽ പ്രഭാതമെത്തുന്നു

സമയമെന്നു പേരുള്ള ഇരുട്ടിലൂടെ

ഒരു ഊന്നുവടി പോലെ.


വീട്ടുപൂന്തോപ്പിൽ വസന്തമെത്തി

തന്റെ തുണിപ്പെട്ടികൾ താഴെ വെച്ചു.

തന്റെ കൈകളിൽ നിന്നു പൊഴിയുന്ന മഴച്ചുവട്ടിൽ വെച്ച്

മരങ്ങൾക്കെടുത്തു കൊടുക്കാൻ തുടങ്ങി.

കവിക്കെന്താണ് എപ്പോഴുമബദ്ധം പറ്റാൻ?

വസന്തം അവന് ഇലകൾ കൊടുക്കുന്നു

അവനവയെ മഷിയണിയിക്കുന്നു.


നമ്മുടെ അസ്തിത്വം ഒരു ചെരിവ്

നാം ജീവിക്കുന്നതതിന്മേൽ കയറാനും


മണലേ, നിന്നെ ഞാൻ അഭിനന്ദിക്കുന്നു

ജലവും കാനൽജലവും

ഒരേ പാത്രത്തിൽ പകരാൻ

നിനക്കേ കഴിയൂ


No comments:

Post a Comment