Friday, September 1, 2023

രാമചരിതം 8

രാമചരിതം 8



"ചൊന്നാലും ചൊല്ലേണ്ടുവ,തിന്നൊരു ശൂരനായ രാഘവനി -

ന്നെന്തെല്ലാമെന്നൊടു ചെയ്യാം? പോരിലെതിർപ്പതുമെങ്ങനവൻ?

ശത്രുവിനെന്തും നിന്നൊടു ചെയ്യാം, ഉണ്ടു നിനക്കതി സാമർത്ഥ്യം

ശത്രുക്കളിൽ നിന്നോടിയൊളിച്ചൊരുമാതിരി പോറ്റാൻ ജിവനെ


ജീവനുണ്ടേൽ കണ്ടോളാം ഞാൻ നല്ലവ ലോകത്തുള്ളവ,

ദുഃഖമുണ്ടാം വൈരികളെപ്പിന്തുടരാത്തവർക്കു യുദ്ധത്തിൽ

ഭയമെന്തെന്നു നിനക്കറിയാ, പടയിൽ പിടിച്ചണച്ചു നിന്നെ -

ക്കയറാൽ വരിഞ്ഞു ചങ്ങലയും കനത്തിൽ കെട്ടിവെച്ചാലും.


നിൽക്കട്ടേ നമ്മുടെ ചാർച്ച, വമ്പനായ രാഘവനെയിനി -

ക്കൈക്കൊണ്ടാലും നൽ തുണയായ് പെരുതുണ്ടു നിങ്ങളിൽ വേണ്ടുകയും

നിനക്കു ചേരും നിൻപേ,രച്ഛന്നനുജൻ നീയെന്നതു നന്നായ്

ചേരുമെനി" ക്കെന്നതു കേട്ടു വിഭീഷണനും ചൊല്ലീയുടനെ.


"നിന്നൊടു കൂടേയെപ്പൊഴുമൊന്നിച്ചുള്ളോൻ ഞാൻ, കൊടും പടയിൽ

തടയാൻ പോരാ നീയവനെ, ത്തനിയേ രാമനോടിടയാൻ

ക്രൂരതയേറ്റം മുന്തിയ കുംഭനികുംഭന്മാർക്കുമാവില്ല

വമ്പട പൊരുതിപ്പോരും കമ്പന,നകമ്പനനും കഴിയില്ല.


ഇല്ലാതേയാമാരും രാക്ഷസർ രാമനോടെതിർപ്പവർ, പോർ

വല്ലാതാകും നല്ലതികായന്, വമ്പനാം മഹോദരനും.

എല്ലാരോടും ജയിച്ചു നിൽക്കും ലങ്കാധിപനും നീണാൾ വാഴുക -

യില്ലാ തേന്മൊഴിയാളാം സീതയെയിനിക്കൊടായ്കിൽ മന്നവനേ.


സ്വാമീ, രാമനു മൈഥിലിയെക്കൊടു, വൈരവും വിടു" കെന്നെല്ലാം

വീണ്ടും വീണ്ടും വീണുവണങ്ങി വിഭീഷണൻ പറഞ്ഞപ്പോൾ

മുന്നേ നീയെന്നനുജൻ, പക്ഷേയിന്നിതു മൂലമെതിർത്തെന്നാൽ

നല്ലതിനല്ലാ തീരേയെന്നു കറുത്തു പറഞ്ഞൂ രാവണൻ


"ചൊന്നല്ലോ നീ നല്ലതെല്ലാം വ്യസനസമേതമൊക്കേയും

നിന്നോടൊത്തോരില്ല നമുക്കീ ഭൂമിയിലുറ്റവരായാരും

എന്നാലിപ്പോൾ നിൻ ജീവൻ പോം മുന്നേ ചെന്നു നിന്നധിപൻ

രാജാ രാമനെ സന്ധിക്കായ്കിൽ നമ്മൾ തമ്മിൽ വഴക്കുണ്ടാം"


"വരുമെന്നേക്കും നമ്മൾ തമ്മിൽ വഴക്ക്, മറുത്തു ഞാനേറെ-

പ്പറയും, നിന്നുടെ നിനവിൽ തെറ്റുകൾ കൂടുന്നിപ്പോളെന്നറിവേൻ.

അരുതീ നാശമൊഴിക്കുവതെന്നാൽ, ആപത്തണയും മുന്നേ തന്നേ

വേഗം പോകുന്നൂ ഞാ" നെന്നു വിഭീഷണനോതീ പിന്നെയും.


പിന്നെയും കൈകൂപ്പിത്തൊഴുതാവുന്നതു പോലെ പറഞ്ഞു വെറുപ്പായ്

ഇല്ലാതായ്‌ രസമെന്നുമറിഞ്ഞു നാലു രാക്ഷസരൊത്തുടനേ

ധനവും വീടും ഭാര്യമാരും തനിയേ പിരിഞ്ഞു, കനിവുണ്ടാം

രാമനു തന്നോടെന്നു വിചാരിച്ചാകാശത്തിലുയർന്നിതവൻ


അവനെക്കണ്ടൂ വാനരന്മാർ, വാനരരോടു പറഞ്ഞവനും

"ഭുവനങ്ങൾക്കു നായകനാം പുരാണനാഥനെത്തൊഴുവാൻ

ഇവിടേക്കിപ്പോൾ വന്നൂ ഞങ്ങ,ളങ്ങു ചെന്നുണർത്തിടുവിൻ"

ചെന്നറിയിച്ചു വണങ്ങീ വാനരർ രാക്ഷസരെത്തിയ വൃത്താന്തം.


"വന്നു വണങ്ങേ നാമവനോടു വഴക്കടിക്കുവതാണോ ധർമ്മം?

പിണങ്ങിടാതേ കൈക്കൊള്ളണമോ തള്ളണമോ പിഴ ചെയ്തവനായ് ?

ആലോചിക്കാൻ വരുവിൻ നിങ്ങൾ" രാമൻ കപിവീരന്മാരോ -

ടാരാഞ്ഞപ്പോളതു കേട്ടോരോന്നാലോചിച്ചവരുര ചെയ്തു.


No comments:

Post a Comment