രാമചരിതം 7
അക്കഥ പറയാം നിന്നോടൊരു വര തരുണി ദേവ-
ലോകത്തു നിന്നും വന്നൂ പുഞ്ജികസ്ഥലയെന്നുള്ളോൾ
മാറിടത്തിൽ ഞാൻ ചേർത്തേനൂക്കിനാലവളെയന്നാൾ
പറഞ്ഞവളറിഞ്ഞൂ ബ്രഹ്മാവുടനെന്നെ ശപിച്ചു വിട്ടു.
വിട്ടോരു ശാപം കേൾക്കൂ: "നീയിന്നുമുതലായെന്നും
വട്ടമൊത്തുള്ള മുലയുള്ള പെണ്ണുങ്ങൾക്കുള്ളിൽ
ഇഷ്ടമില്ലാത്ത നേരത്തിപ്പടി പുണർന്നീടിൽ
പൊട്ടി നിൻ ശിരസ്സൊക്കേയും പൊടിയുമെന്നരുളിച്ചെയ്തു.
ബ്രഹ്മശാപം തടുക്കാൻ പറ്റില്ല,യാറും ചൂടി
തെരുവിൽ നടന്നിരക്കും ദേവദേവന്നു പോലും
അരുതൊട്ടുമതിനെന്നാലേ" യെന്നു ലങ്കേശൻ ചൊൽകേ
അരികൾക്കു കാലൻ വിഭീഷണനും തൊഴുതുരച്ചു :
"കാലനായ് കബന്ധന്നും ഖരന്നും വിരാധന്നും മാ-
യാവിയാം മാരീചന്നും ബാലിയാം കപിവരന്നും
ക്രൂരതയേറ്റമുള്ള താടകക്കുമീ രാമൻ
ബാലനായിരുന്ന നാളേ കാലനെന്നറിക രാജൻ!
അറിയുവാൻ വിഷമമിപ്പോളവനുടെ വലിപ്പം നമ്മാൽ
കുറവറ്റ വരുണനല്ല, ഗജരാജമുഖനുമല്ല
അറുമുഖനല്ല പണ്ടേ തീ ചൂടും ശിവനുമല്ല
പരിശുദ്ധൻ വായുവല്ല, വജ്രധരനിന്ദ്രനല്ല.
അല്ലൽ ലോകത്തിനേകുമസുരരെയറുക്കാൻ മുന്നം
നല്ല വരാഹമായോൻ, നരസിംഹവടിവെടുത്തോൻ
ചൊല്ലെഴും വാമനനായ്, മഴുവേന്തും മുനിയുമായി
ഇല്ലാതെയാക്കാൻ രക്ഷോവംശം, രാമനായിപ്പോൾ
ദശരഥതനയനായ്, ദേവന്മാർക്കമൃതായ് ശാന്തി -
യകമേ ചേരും മുനിമാർ തേടുന്ന വേദപ്പൊരുളായ്
പൂമ്പീലിമുടിയാളണിമുലമേൽ ഭൂഷണമായും
അസുരർക്കു കൊടും നഞ്ഞായുമവനവതരിച്ചിതയ്യാ
അയ്യാ, കേട്ടരുളൂ നിയി, ന്നോരോരുത്തർ പറഞ്ഞ -
തെല്ലാം പൊയ്യായ് തീരുംമാറവനോടു തോൽക്കും പോരിൽ
ചെയ്യൊല്ലാ നമുക്കു തിന്മ, കോപമെന്നോടു കൈവി -
ട്ടയ്യാ, മൈഥിലിയെയമ്പോടരചനു കൊടുത്തിടൂ നീ
രാജാധിരാജൻ രാമൻ കപിരാജൻ സുഗ്രീവനും
പോരിന്നു പോരും പടയുമൊത്തുവന്നെതിർക്കും മുമ്പേ
തിരിയണേയെൻ വാക്കാലേ തിരുമനസ്സ,യോദ്ധ്യാരാജ -
ന്നിരുളണിമുടിയാളായ സീതയെക്കൊടുക്കുകിപ്പോൾ
ക്രൂരരോടാരുമൊന്നും പറയുകയില്ല, നല്ല -
തടുത്തു ചെന്നറിയിച്ചെന്നാലാദരിക്കുകയുമില്ല.
എടുത്തെടുത്തോരോരുത്തർ മുഖസ്തുതി പറയുമപ്പോൾ,
കൊടുക്കണേ രാമന്നിന്നു കുയിൽമൊഴിയാളെയയ്യാ
കുയിൽമൊഴിയാളെ മീളാൻ രാക്ഷസകുലമറുക്കാൻ
വില്ലേന്തും രാമനിന്നു സത്യമായ് കൊടുക്കുകെന്ന്
കീർത്തിമാൻ വിഭീഷണൻ വീണ്ടും പറഞ്ഞതിനെ -
ച്ചെറുത്തും കൊണ്ടപ്പോൾ ബാലനിന്ദ്രജിത്തൊന്നു ചൊന്നു
No comments:
Post a Comment