പ്രിയമുള്ളവരേ,
നമസ്കാരം. അജിതന്റെ മൈത്രി എന്ന ഈ ആദ്യനോവലിന്റെ പ്രകാശച്ചടങ്ങിൽ സംസാരിക്കാൻ എന്നെ വിളിച്ചതിൽ എനിക്ക് വലിയ സന്തോഷം മാത്രമല്ല അത്ഭുതവും തോന്നുന്നു. കാരണം തമിഴ് സാഹിത്യത്തെ മുൻ നിർത്തി വിപുലമായി സംസാരിക്കാനുള്ള പശ്ചാത്തലജ്ഞാനം എനിക്കില്ല എന്ന കാര്യം അജിതനും അറിയാവുന്നതു തന്നെ. കവിതകളും ചെറുകഥകളും വായിക്കാറുണ്ടെങ്കിലും വലിയ നോവലുകൾ വായിച്ചുള്ള പരിചയം പോലും എനിക്കില്ല. എന്നിട്ടും എന്നെ വിളിച്ചതിന് എനിക്കു തോന്നുന്ന ഒരു ന്യായമുണ്ട്. അത് കുഞ്ഞായിരുന്നപ്പോൾ അജിതനെ ഞാനാദ്യം കണ്ട രംഗത്തോടു ചേർത്തു വെക്കാവുന്നതാണ്. കുറ്റാലത്ത് തമിഴ് - മലയാളം കവികളുടെ കൂടിയിരിപ്പിൽ വെച്ചാണ് ഇരുപത്തിരണ്ടു കൊല്ലം മുമ്പ് അജിതനെ ഞാൻ ആദ്യം കാണുന്നത്. അന്നവന് ആറോ ഏഴോ വയസ്സു മാത്രം. രാത്രി ഭക്ഷണശാലയിൽ വെച്ച് അജിതനെ പെട്ടെന്നു കാണാതായി. എല്ലാവരും പരിഭ്രമത്തോടെ എങ്ങും തെരഞ്ഞ് ഒടുവിൽ കണ്ടെത്തുമ്പോൾ ഒരു ഉൾത്തെരുവിൽ കോവിലിനു പുറത്തു നിർത്തിയിട്ട ഗ്രാമത്തേര് നോക്കി അത്ഭുതത്തോടെ നിൽക്കുകയായിരുന്നു അജിതൻ. പിന്നീട് അജിതനെ എപ്പോൾ കാണുമ്പോഴും ആ തേരു കൂടി ചേർത്താണ് ഞാൻ കാണാറ് എന്ന് സ്യമന്തകത്തിൽ അടുത്തിടെ ഞാൻ എഴുതുകയുമുണ്ടായി. ഏഴാം വയസ്സിൽ അജിതനോടൊപ്പം ഞാൻ കണ്ട ആ അത്ഭുതത്തേരാണ് ഇപ്പോൾ മൈത്രി എന്ന നോവലായി ഉരുവം കൊണ്ടിരിക്കുന്നത് എന്നു ഞാൻ വിചാരിക്കുന്നു.
അത്ഭുത ഹിമാലയത്തിലേക്ക് എന്നെ കൊണ്ടുപോകുന്ന രഥമാണ് മൈത്രി. ഇതിന്റെ വായനാനുഭവം തമിഴർക്കുള്ള പോലെയാവുമോ മലയാളികൾക്ക് എന്ന കാര്യത്തിൽ എനിക്കു സംശയമുണ്ട്. ഒരു മലയാളിയുടെ വായനാനുഭവം അതിന്റെ പരിമിതികളോടെ അവതരിപ്പിക്കാനേ എനിക്കു കഴിയൂ. ഹിമാലയ യാത്രികരുടെ എണ്ണം കേരളത്തിൽ ഇന്ന് വളരെ കൂടിയിട്ടുണ്ട്. വിശ്വാസത്തിന്റെ പേരിലുള്ള ചാർധാം യാത്രകളേക്കാൾ ഇന്ന് പെരുകിയിട്ടുള്ളത് ടൂറിസം സംസ്കാരത്തിന്റെ ഭാഗമായുള്ള ഹിമാലയൻ യാത്രകളാണ്. ആളുകളെല്ലാം ഹിമാലയം കേറിയിറങ്ങുന്ന തിരക്കാണ് മലയാളത്തിൽ. കേറിയിറങ്ങുന്നവർ ഭൗതികമാലിന്യം ഹിമാലയത്തിലും ഭാഷാമാലിന്യം യാത്രാ വിവരണ സാഹിത്യരൂപത്തിൽ മലയാള ഭാഷയിലും കുറേക്കാലമായി നിക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. ഹിമാലയത്തിന്റെ ഔന്നത്യവും മഹത്വവും വളരെ വളരെ പരിമിതപ്പെടുത്തി തൊട്ടരികത്തുള്ള ഒരു കുന്ന് മാത്രമാക്കി മാറ്റാൻ ഈ യാത്രാ വിവരണ സാഹിത്യ പ്രളയത്തിനു കഴിഞ്ഞിരിക്കുന്നു. കൂടുതൽ കൂടുതൽ ആൾക്കാരെ അങ്ങോട്ടു കയറ്റി വിടുന്ന ടൂറിസം ഗൈഡ് ആയി മാറുന്നു ഓരോ കൃതിയും. ഈ പശ്ചാത്തലത്തിൽ, ഹിമാലയത്തിലേക്ക് ആരും പോകേണ്ടതില്ല, ഇവിടിരുന്നു നിങ്ങൾ കേൾക്കുന്ന / വായിക്കുന്ന ഈ കഥ തന്നെയാണ് ഹിമാലയം എന്ന് ബോദ്ധ്യപ്പെടുത്തി ഹിമാലയത്തിലേക്ക് ആളെ കയറ്റിവിടാതെ തടയുന്ന സാഹിത്യകൃതികൾക്ക് വലിയ പ്രസക്തി ഇന്നുണ്ട്. അജിതന്റെ നോവൽ ആ ധർമ്മം ഭംഗിയായി നിർവഹിച്ചിരിക്കുന്നു. തന്റെ ഫിക്ഷനിലൂടെ അജിതൻ സൃഷ്ടിക്കുന്ന ഹിമാലയത്തിൽ തന്നെ തങ്ങി നിൽക്കാനാണ് വായനക്കാർക്കു തോന്നുക. ഭാഷാഹിമാലയത്തിൽ നിന്നിറങ്ങി ഭൗതിക ഹിമാലയത്തെ ആക്രമിക്കാനുള്ള നമ്മുടെ ചോദനകളെ ഭംഗിയായി തടയുന്നു എന്നതാണ് മൈത്രിയുടെ പ്രധാന സവിശേഷത എന്നു ഞാൻ വിചാരിക്കുന്നു.
കലാകാരൻ ആവിഷ്ക്കരിക്കുന്ന ഹിമാലയം മതി, നേരിൽ കണ്ടാൽ അത് തകരും എന്ന് ഞാനാദ്യം മനസ്സിലാക്കിയത് കുട്ടിക്കാലത്ത് കലാമണ്ഡലം രാമൻകുട്ടി നായരെപ്പോലുള്ള കഥകളി നടന്മാർ അരങ്ങത്ത് കൈലാസോദ്ധാരണം ആടുന്നത് കണ്ടപ്പോഴാണ്. മണിക്കൂറുകളെടുത്താണ് ആ രംഗം ആടാറ്. ആട്ടം കണ്ടിരിക്കുമ്പോൾ ഹിമാലയശൃംഗങ്ങൾ നമ്മുടെ കൺമുന്നിൽ ഉയർന്നുയർന്നു വരികയായി.നേരിൽ കാണുന്നതേക്കാൾ മനോഹരം കലാകാരന്റെ ഭാവനയിലൂടെ കാണുന്നതാണ് എന്ന് ബോദ്ധ്യപ്പെടുത്താൻ കഥകളിയരങ്ങുകൾക്കു കഴിഞ്ഞു. മുതിർന്നപ്പോൾ തപോവനസ്വാമികളുടെ ഹിമഗിരിവിഹാരം വായിച്ചപ്പോഴും ഹിമാലയത്തിൽ പോകേണ്ടതില്ല എന്നു തന്നെയാണ് തോന്നിയത്, അതൊരു യാത്രാ വിവരണ കൃതിയാണെങ്കിൽ പോലും. ഹിമാലയ പ്രകൃതിയുടെ മനുഷ്യാതീതത നന്നായി വെളിപ്പെടുത്താൻ ഹിമഗിരിവിഹാരത്തിനു കഴിഞ്ഞു. അജിതന്റെ മൈത്രി വായിച്ചപ്പോൾ ഹിമഗിരിവിഹാരത്തിൽ നിന്നുള്ള പഴയൊരു ചെറുസൂചന എനിക്ക് പ്രയോജനപ്പെടുക കൂടി ചെയ്തു. തപോവനസ്വാമികൾ ആ കൃതിയിൽ ഏറ്റവും കൂടുതൽ തവണ ഉപയോഗിച്ചിട്ടുള്ള വാക്ക് ശ്രദ്ധാദേവി എന്നതാണ്. ഇന്നത്തെപ്പോലുള്ള യാത്രാ സൗകര്യങ്ങളൊന്നുമില്ലാത്ത 1920 കാലത്ത് ഹിമാലയത്തിലൂടെ യാത്ര ചെയ്യുമ്പോൾ ഓരോ അടിയും ശ്രദ്ധിച്ചു വച്ചേ മുന്നോട്ടു നീങ്ങാനാവൂ. ശ്രദ്ധയെ സ്വാമി ഒരു ദേവിയായിക്കണ്ടു. ആ ശ്രദ്ധാ ദേവിയുടെ തന്നെ കൂടുതൽ കൃത്യതയാർന്ന മനുഷ്യാവതാരമാണ് ഈ നോവലിലെ മൈത്രി എന്ന പെൺകുട്ടി എന്ന് എനിക്ക് വായനയിലുടനീളം തോന്നുകയുണ്ടായി. ജീവിതത്തിലെ ഓരോ നിമിഷത്തെയും സൂക്ഷ്മതയോടെ ശ്രദ്ധിക്കുമ്പോൾ ഉദിക്കുന്ന മൈത്രീഭാവത്തിലാണ് അജിതന്റെ ഊന്നൽ എന്നത് എന്നെ അത്ഭുതപ്പെടുത്തി. കാളിദാസന്റെ കുമാര സംഭവം വായിച്ചപ്പോഴും റോറിച്ചിന്റെ ഹിമാലയൻ ചിത്രങ്ങൾ കണ്ടപ്പോഴും ഹിമാലയം അകലെ ഉയരെ പൗരാണികതയോടെ തന്നെ നിലകൊണ്ടു. ഇതു തന്നെ ഹിമാലയം, ഇതു ഞാൻ കണ്ടിരിക്കുന്നു, ഇനി ഭൗതികമായി അവിടേക്കു പോകേണ്ടതില്ല എന്ന തോന്നലുണ്ടാക്കുന്നു വലിയ കലാസൃഷ്ടികൾ. ആർട്ടിനേക്കാൾ വലുതാണ് യഥാർത്ഥത്തിലുള്ളത് എന്നു തോന്നിപ്പിക്കുക മൈനർ ആർട്ടാണ്. അജിതന്റെ നോവൽ, ഇതാണെന്റെ ഹിമാലയം, ഇനി അവിടെ പോകേണ്ടതില്ല എന്ന് എന്നെ ഈ പുതിയ ടൂറിസം കാലത്ത് വീണ്ടും ബോധ്യപ്പെടുത്തി. ആ ഒറ്റക്കാരണം കൊണ്ടു തന്നെ മൈത്രി എന്നെ സംബന്ധിച്ചിടത്തോളം മേജർ ആർട്ട് ആകുന്നു
ഒരു കൃതിയിൽ ഇല്ലാത്തതെന്ത് എന്ന് അക്കമിട്ടു പറയുന്ന പ്രക്രിയയായി മാറിയിട്ടുണ്ട് വായന ഇന്ന് കേരളത്തിൽ. ഈ കൃതിയിൽ രാഷ്ട്രീയ പ്രബുദ്ധതയില്ല, ഇതിൽ സാമൂഹ്യ പ്രശ്നങ്ങളോടുള്ള പ്രതികരണമില്ല, ഇതിൽ സ്ത്രീവാദ ആശയങ്ങളോ ദളിത് വാദ ആശയങ്ങളോ പോസ്റ്റ് മോഡേൺ ആശയങ്ങളോ ഇല്ല എന്നിങ്ങനെ. മോശം കൃതി എന്നു വിലയിരുത്താൻ കാരണമായുള്ള കുറവുകളാണിവ മലയാളത്തിൽ. ഈയിടെയായി തമിഴിലും ഇതേ വായനാരീതി കടന്നുകൂടിയിട്ടുണ്ടോ എന്നെനിക്ക് സംശയം തോന്നാറുണ്ട്. ഇതിൽ ഉള്ളതെന്ത് എന്ന ശ്രദ്ധയോടെ വായിക്കുമ്പോൾ മൈത്രി എനിക്കു പ്രധാനമാകുന്നു , മികച്ച അനുഭവമാകുന്നു. യൗവനത്തെ സ്വാഭാവികതയോടെ എഴുതുന്നു എന്നതാണ് ഈ നോവലിന്റെ പ്രധാനപ്പെട്ട ഒരു സവിശേഷത. യൗവനത്തിന്റെ അക്ഷമ ക്ഷമാപൂർണ്ണമായി എഴുതപ്പെട്ടിരിക്കുന്നു ഈ നോവലിൽ. മൈത്രിയുടെ കഥാംശം മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കുമ്പോൾ ഒരു പക്ഷേ അസ്വാഭാവികമായിത്തോന്നിയേക്കും. ഹൃഷികേശിൽ നിന്നും സോനാപ്രയാഗിലേക്കുള്ള ബസ്സിൽ വെച്ച് ഹരൻ എന്ന തമിഴ് നാട്ടുകാരൻ ചെറുപ്പക്കാരൻ മൈത്രി എന്ന ഗഡ്വാളി പെൺകുട്ടിയെ പരിചയപ്പെടുന്നതും പെട്ടെന്ന് അടുപ്പത്തിലാവുന്നതും പെൺകുട്ടി ഹരനെ തന്റെ വീട്ടിലേക്കു ക്ഷണിച്ചു കൂട്ടിക്കൊണ്ടുപോകുന്നതുമാണ് കഥയുടെ അടിസ്ഥാന ചട്ടക്കൂട്. ബസ്സിൽ വെച്ച് യാദൃച്ഛികമായി പരിചയപ്പെട്ട ഒരു പെൺകുട്ടി ഇത്ര പെട്ടെന്ന് ഇങ്ങനെയൊരു യാത്രക്കു തയ്യാറാകും വിധം അടുക്കുന്നതിലെ അസ്വാഭാവികത കഥ മറ്റൊരാൾക്കു പറഞ്ഞുകൊടുക്കുമ്പോൾ തോന്നിയേക്കാം. എന്നാൽ നോവൽ വായിക്കുമ്പോൾ തീർത്തും സ്വാഭാവികമായ ഒരു വിളിയായാണ് അതനുഭവപ്പെടുക. ഹിമവൽ പ്രകൃതിയുടെ ആഴത്തിലേക്കുള്ള പ്രണയപൂർണ്ണമായ വിളി കേട്ടു പോകുന്ന ചെറുപ്പക്കാരന്റെ ബോധോദയത്തിന്റെ കഥയായി മൈത്രി മാറുന്നു. പ്രണയത്തിന്റെ പര്യായമാണ് മായ എന്ന തിരിച്ചറിവു നേടുന്ന യൗവനത്തെക്കുറിച്ചാണ് ഈ നോവൽ. ഹിമാലയ ഗിരിശൃംഗങ്ങൾ പ്രണയശിഖരങ്ങൾ കൂടിയാണല്ലോ, കുമാരസംഭവകാലം തൊട്ടേ.
നിലത്തെ / സ്ഥലത്തെ എഴുതലിന് മലയാളത്തിന്റെ സാഹിത്യ ആഖ്യാന പാരമ്പര്യത്തിൽ വലിയ പ്രാധാന്യമില്ല എന്നത് ഒരു വസ്തുതയാണ്. നിലത്തിൽ നിന്നു തുടങ്ങുന്ന ആഖ്യാനങ്ങൾ വളരെ പെട്ടെന്നു തന്നെ മനുഷ്യാഖ്യാനമായി മാറുന്ന രീതി മലയാള നോവലുകളിൽ പൊതുവേ കാണാം. ഇതിൽ നിന്നു വ്യത്യസ്തമായി നിലത്തെ വിശദാംശങ്ങളോടെ രേഖപ്പെടുത്തിയ രണ്ടെഴുത്തുകാരേ മലയാളത്തിലുള്ളൂ. സി.വി.രാമൻപിള്ളയും എസ്.കെ.പൊറ്റെക്കാടുമാണവർ. വൈക്കം മുഹമ്മദ് ബഷീറും തകഴിയും ഉറൂബും എം.ടി.യും ഉൾപ്പെടെ മറ്റെഴുത്തുകാരുടെ കൃതികളിലൊന്നും നിലപ്പരപ്പ് സ്വയം കഥാപാത്രസ്വരൂപമെടുക്കുന്നതായി കാണുന്നില്ല. മാർക്സിയൻ സാമൂഹ്യ- സൗന്ദര്യ ദർശനങ്ങൾക്ക് കേരളത്തിലുള്ള സ്വാധീനത്തിന്റെ ഒരു ഫലം കൂടിയാവാം സ്ഥലാഖ്യാനം പെട്ടെന്ന് മനുഷ്യാഖ്യാനമായി മാറുന്ന ഈ പ്രവണത. അജിതന്റെ മൈത്രി എന്നെ ഏറെ ആകർഷിച്ചതിന്റെ ഒരു കാരണം നിലപ്പരപ്പ് അതിന്റെ സാംസ്ക്കാരിക സൂക്ഷ്മതകളോടെ കഥാപാത്രസ്വരൂപമെടുത്തിരിക്കുന്നു ഇതിൽ എന്നതു തന്നെയാണ്. ഇക്കാര്യത്തിൽ മൈത്രിയുടെ ഒരു പൂർവമാതൃക ബിഭൂതിഭൂഷൺ ബന്ദ്യോപാദ്ധ്യായയുടെ ആരണ്യക്കാണ്. ആരണ്യക് ആയാലും മൈത്രി ആയാലും, മനുഷ്യ കേന്ദ്രിതമായ മലയാള ആഖ്യാന രീതികളിൽ നിന്നു വിട്ടു നിൽക്കുന്ന നോവലുകളാണ്. ആ വ്യത്യാസത്തെയാണ് കേരളീയനായ വായനക്കാരൻ എന്ന നിലയിൽ ഞാൻ നന്നായി ആസ്വദിച്ചത്.
നോവലിനെക്കുറിച്ച് പ്രധാനമെന്നു തോന്നുന്ന ഒരു കാര്യം കൂടി പറഞ്ഞു കൊണ്ട് ഞാനീ സംസാരം അവസാനിപ്പിക്കാം. ഹിമാലയം സാംസ്കാരികമായി എങ്ങനെ ഇന്ത്യയേയും ലോകത്തെത്തന്നെയും ഒരുമിപ്പിക്കുന്നു എന്ന് നിരവധി സൂചനകളിലൂടെ അജിതൻ മറ നീക്കിക്കാണിക്കുന്നുണ്ടിവിടെ. നാലാം അദ്ധ്യായത്തിന്റെ ഒടുവിൽ സൗന്ദര്യലഹരിയും ശങ്കരാചാര്യരും ആഖ്യാനത്തിലേക്ക് പെട്ടെന്നു കടന്നുവരുന്ന ഒരു സന്ദർഭമുണ്ട്. മൈത്രിയുടെ നിർദ്ദേശപ്രകാരം സോനപ്രയാഗിലെ നാഗേന്ദർ ദാദയുടെ കുതിരലായത്തിലേക്ക് ജീപ്പിറങ്ങി ഹരൻ വരുന്ന സന്ദർഭം. ജീപ്പിൽ നിന്നിറങ്ങിയ യാത്രികയായ ഗഡ് വാളി സ്ത്രീയോട് ജീപ്പ് ഡ്രൈവർ എന്തോ പറഞ്ഞപ്പോൾ അവൾ ചിരിച്ച് പുരികം വില്ലു പോലെ വളച്ച് എന്തോ മറുപടി പറഞ്ഞു. ഉടനെ ഹരന്, സൗന്ദര്യ ലഹരിയിലെ മന്മഥന്റെ വില്ലു പോലുള്ള പുരികങ്ങൾ ഓർമ്മയിലെത്തുന്നു. ആദി ശങ്കരൻ കേദാർനാഥിൽ വരുമ്പോൾ തന്റെ പ്രായം തന്നെയായിരുന്നിരിക്കണം എന്ന് ഹരൻ ചിന്തിക്കുന്നു. പുരികം വളച്ചു നിൽക്കുന്ന ഈ ഗഡ് വാളി പെണ്ണിന്റെ മുതുമുത്തശ്ശിമാരെ ആരെയെങ്കിലും അന്നദ്ദേഹം കണ്ടിട്ടുണ്ടാവാം. ആ കാഴ്ച്ചയിൽ നിന്നു പിറന്നതാവാം മന്മഥന്റെ വില്ലു പോലുള്ള പുരികങ്ങൾ എന്ന ഉപമ. കേരളീയനായ ആദി ശങ്കരനും തമിഴ് നാട്ടുകാരൻ പുതുമുറക്കാരൻ ഹരനും ഗഡ് വാളിപ്പെണ്ണിന്റെ പുരികക്കൊടിക്കീഴിൽ കണ്ടുമുട്ടുന്നു. രണ്ടു പേരും അവരുടേതായ സൗന്ദര്യ ലഹരികൾ സൃഷ്ടിക്കുന്നു. അഞ്ചാം അദ്ധ്യായത്തിൽ ഗഡ്വാളി ഗ്രാമത്തിൽ വെച്ചു കേട്ട മശക്ബിൻ എന്ന കുഴൽ വാദ്യത്തെക്കുറിച്ചു പരാമർശിക്കുന്ന ഭാഗത്ത് സ്കോട്ലാന്റിൽ നിന്നു വന്ന ആ വാദ്യം ഉത്തരാഖണ്ഡ് സംസ്കൃതിയുടെ ഭാഗമായി മാറിയത് എങ്ങനെ എന്നന്വേഷിക്കുന്നുണ്ട്. ബ്രിട്ടീഷ് പട്ടാളക്കാരിൽ നിന്നു ഗഡ്വാളികൾ ആ കുഴൽ വാദ്യം പഠിച്ചെടുക്കുകയും ഗഡ്വാളി നാട്ടുസംഗീതം അതിലേക്കു പടർത്തുകയും ചെയ്തു. മനുഷ്യന് ഈ മലയിൽ കഴിയാൻ ഈ സംഗീതം കൂടിയേ തീരൂ എന്ന് നോവലിസ്റ്റ്. ഹിമാലയത്തിലെ ദേവദാരു മരങ്ങളെപ്പറ്റി വിവരിക്കുന്ന സന്ദർഭത്തിൽ അദ്ധ്യായം 6-ൽ വളർന്നുയരുന്ന ദേവദാരു മരങ്ങളെക്കുറിച്ചെഴുതുമ്പോൾ കേരളത്തിലെ പൂരങ്ങളിൽ അടുക്കടുക്കായി നിവരുന്ന കുടകളെ ഓർക്കുന്നുണ്ട് ആഖ്യാതാവ്.ഉത്തരാഖണ്ഡ് മലനിരകളിലെ ഫൂൽ ഡേയി എന്ന വസന്തോത്സവം വിവരിക്കുന്നത് വായിക്കുമ്പോൾ ഓരോ വീട്ടുമുറ്റത്തും പൂക്കളമൊരുക്കുന്ന ഓണത്തെപ്പറ്റി മലയാളി വായനക്കാരൻ ഓർക്കാതിരിക്കില്ല. വനദേവതയുടെ പിറകേ പോയ ജിതു പകട്വാലിന്റെ കഥ വായിക്കുമ്പോൾ ഇടശ്ശേരിയുടെ പൂതപ്പാട്ടു മാത്രമല്ല, ഡബ്ലിയു.ബി.യേറ്റ്സിന്റെ അലയുന്ന ഈഞ്ജസ് ദേവന്റെ പാട്ടുവരെ ഓർക്കാം. ഇങ്ങനെ ഗഡ്വാളി തനിമയെ തൊട്ടു കാണിക്കുമ്പോൾ തന്നെ സംസ്ക്കാരങ്ങളുടെ സംഗമഭൂമിയായിക്കൂടി ഹിമാലയത്തെക്കാണാൻ അജിതനു കഴിഞ്ഞിട്ടുണ്ട് ഈ നോവലിൽ.
മൈത്രിയുടെ ഈ വായനാനുഭവം നേരിൽ പറയണമെന്നു കരുതി ഞാൻ യാത്രക്ക് ഒരുങ്ങിയിരിക്കേയാണ് തീർത്തും അപ്രതീക്ഷിതമായി എന്റെ അമ്മ മരിക്കുന്നത്. അമ്മക്ക് 85 വയസ്സായിരുന്നെങ്കിലും കാര്യമായ അസുഖമൊന്നുമുണ്ടായിരുന്നില്ല. മരണം പെട്ടെന്നായിരുന്നു. താരാശങ്കർ ബാനർജിയുടെ പിംഗളകേശിനി അമ്മയെ വന്നു വിളിച്ചു, പെട്ടെന്ന്. തുടർന്ന് എനിക്ക് ചെന്നൈയിലേക്കുള്ള ഈ യാത്ര മാറ്റി വെക്കേണ്ടി വന്നു. ഈ സാഹചര്യത്തിൽ മൈത്രിയുടെ വായനാനുഭവം ഞാൻ ചുരുക്കി പ്രസംഗ രൂപത്തിൽ തന്നെ ഇവിടെ എഴുതി അയക്കുന്നു. ഇതവിടെ വായിക്കും എന്ന പ്രതീക്ഷയോടെ. മരണത്തിന്റേതായാലും ജീവിതത്തിന്റേതായാലും വാതിലുകളെല്ലാം തുറക്കുന്നത് നാം നിനച്ചിരിക്കാതെ അപ്രതീക്ഷിതമായാണ്. സോനാ പ്രയാഗിലേക്കുള്ള ബസ്സിലാണ് അജിതന്റെ ഹരനെപ്പോലെ നാമോരോരുത്തരും.
നന്ദി.
No comments:
Post a Comment