Thursday, August 3, 2023

ഇശൈ

അനാഥത്വത്തിന്റെ ഉറക്കരീതി

ഇശൈ



ബസ് സ്റ്റാന്റുകളിൽ

പൂട്ടിയ കടകൾക്കു മുന്നിൽ

ക്ഷേത്രകവാടങ്ങളിൽ


ഇങ്ങനെ

എവിടെയെങ്കിലും

കിടന്നുറങ്ങാൻ ശ്രമിക്കുന്നു

അനാഥർ


എല്ലാരുമുണ്ടെങ്കിലും

ആരോരുമില്ലാത്ത അനാഥർ

സുരക്ഷിതമായ മേൽക്കൂരകൾക്കു കീഴിൽ

ഉറങ്ങാൻ ശ്രമിക്കുന്നു.


അനാഥർക്ക്

ഉറങ്ങുന്നതിന് ഒരു രീതിയുണ്ട്.


ഒരു കൈ തലക്കും

മറുകൈ തുടയിടുക്കിലും

തിരുകിവയ്ക്കൽ


അങ്ങനെ ചെയ്യുമ്പോൾ

സ്വല്പം സുഖം കിട്ടുന്നു.


ആ സുഖം ഉള്ളിടത്തോളം

അത്രക്കൊന്നും അനാഥരല്ല അവർ

No comments:

Post a Comment